കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861- 1914)

എൻ.പി.രാജേന്ദ്രൻ

മലയാളത്തിൽ ചെറുകഥ ആരംഭിക്കുന്ന അതേ കാലത്തുതന്നെ മാധ്യമങ്ങളിൽ കോളംരചനയും ആരംഭിച്ചിരുന്നുവോ? ഇല്ല എന്ന മറുപടിയേ പ്രതീക്ഷിക്കുന്നുള്ളൂ. എങ്കിൽ എങ്ങനെയാണ് മലയാളത്തിലെ ആദ്യ ചെറുകഥാകൃത്ത് എന്ന് പരിഗണിക്കപ്പെടുന്ന കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെ ഒരു കോളമിസ്റ്റായി കണക്കാക്കുക?

കോളമിസ്റ്റിനെ നിർവചിക്കുന്നതിന് പാശ്ചാത്യ മാധ്യമപണ്ഡിതർ നിർണയിച്ച എല്ലാ മാനദണ്ഡങ്ങളും കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർക്ക് ബാധകമാക്കാൻ കഴിയില്ലെങ്കിലും അദ്ദേഹം കേരളസഞ്ചാരിയിൽ പേരുവെക്കാതെ എഴുതിയ ഉപന്യാസങ്ങൾക്ക് ‘പേഴ്‌സണൽ കോളം’ എന്ന പരിധിയിൽ വരുന്നതിനുള്ള സർവ യോഗ്യതകളുമുണ്ടായിരുന്നു. കേരളസഞ്ചാരി എന്ന പേരിലാണ് കുഞ്ഞിരാമൻ നായനാർ തന്റെ ഹാസ്യലേഖനങ്ങൾ എഴുതിയിരുന്നത്. പംക്തിക്ക് ഒരു സ്ഥിരം പേരുണ്ടായിരുന്നില്ല എന്നത് മാറ്റിനിർത്തിയാൽ കേസരി കേരളസഞ്ചാരിയിൽ സ്ഥിരമായി എഴുതിയ ഹാസ്യക്കുറിപ്പുകൾ യഥാർത്ഥത്തിൽ മലയാളത്തിലെ ആദ്യത്തെ കോളമായി കണക്കാക്കേണ്ടതാണ്.

1879 മുതൽ ലേഖനങ്ങളെഴുതിപ്പോന്നു കേസരി നായനാർ. വടക്കൻ മലബാറുകാരനായ നായനാരുടെ ആദ്യലേഖനം പ്രസിദ്ധപ്പെടുത്തുന്നത് തിരുവനന്തപുരത്തുനിന്നുള്ള കേരളചന്ദ്രികയിലാണെന്നതുതന്നെ കൗതുകകരമാണ്. ബ്യൂറോക്രസിയുടെ അധർമങ്ങളെക്കുറിച്ച് അന്വേഷിച്ച് എഴുതിയിരുന്ന പല ലേഖനങ്ങളിലും മലയാളത്തിലെ ആദ്യത്തെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനെയും കാണാം. ആദ്യത്തെ ചെറുകഥാകൃത്തും ആദ്യത്തെ കോളമിസ്റ്റും മാത്രമല്ല കേസരി എന്നർത്ഥം. അദ്ദേഹത്തിന്റെ പല ചെറുകഥകളിലും പ്രകടമാണ് ഈ കുറ്റാന്വേഷണസ്വഭാവം. വടക്കൻ കേസരി എന്നാണ് നായനാരെ തെക്കുള്ളവർ വിശേഷിപ്പിച്ചിരുന്നത്. തെക്കുള്ളത് കേസരി ബാലകൃഷ്ണപിള്ളയാണ്. ഇവർ യഥാർത്ഥത്തിൽ സമകാലികരല്ല. കേസരി നായനാർ മരിക്കുന്നത് 1914 ലാണ്, ബാലകൃഷ്ണപിള്ള വളരെ കഴിഞ്ഞ് 1960ലും. മലയാളംകണ്ട ഏറ്റവും വലിയ കോളമിസ്റ്റായ സഞ്ജയന്റെ പ്രചോദനം യഥാർത്ഥത്തിൽ കേസരി വേങ്ങയിൽ നായനാർ ആണെന്ന് കരുതുന്നതിൽ തെറ്റില്ല. ഫലിതവും പരിഹാസവും ഗദ്യത്തിൽ ആദ്യം പ്രയോഗിച്ചുതുടങ്ങിയത് അദ്ദേഹമായിരുന്നല്ലോ. കേസരിയുടെ ഗദ്യശൈലി മൂർക്കോത്ത് കുമാരനും മാതൃകയാക്കിയിട്ടുണ്ട്. മൂർക്കോത്ത് കുമാരൻ അദ്ദേഹത്തിന്റെ ചെറിയ ജീവചരിത്രം രചിച്ചിട്ടുമുണ്ട്.

കേരളചന്ദ്രിക, കേരളപത്രിക, മലയാളമനോരമ, കോഴിക്കോടൻ മനോരമ, ജനരഞ്ജിനി, സരസ്വതി, മിതവാദി, വിദ്യാവിനോദിനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കാൽ നൂറ്റാണ്ട് എഴുതിയിട്ടുണ്ട് കേസരി നായനാർ. അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ചെറിയ ശതമാനം മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. പല പ്രസിദ്ധീകരണങ്ങളിൽ പല പേരുകളിൽ എഴുതിയത് മുഴുവൻ കണ്ടെത്തുക പ്രയാസം. കേസരി, വജ്രസൂചി, വജ്രബാഹു, വജ്രസാതു, ദേശാഭിമാനി, സ്വദേശമിത്രൻ, വിദൂഷികൻ, വികടദൂഷകൻ തുടങ്ങിയ പേരുകളിലാണ് അധികം എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കേരളസഞ്ചാരി എന്ന പ്രസിദ്ധീകരണത്തിന്റെ പേരിൽത്തന്നെ ഒളിച്ചിരിപ്പുണ്ട് കേസരി. 1911-ൽ തൃശ്ശൂരിൽനിന്ന് കേസരി എന്ന കൃതി പ്രസിദ്ധപ്പെടുത്തി. കേസരിയുടെ 25 ലേഖനങ്ങളാണ് അതിലുള്ളത്. കഥ, ഭാഷാസാഹിത്യം, ആചാരം, കൃഷി, നാട്ടറിവ് തുടങ്ങിയ മേഖലകളായി വിഭജിക്കാവുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.

നായനാരുടെ വാസനാവികൃതി എന്ന കൃതിയിലൂടെയാണ് മലയാള ചെറുകഥാപ്രസ്ഥാനത്തിന് തുടക്കമായതെന്ന് കരുതപ്പെടുന്നു. തന്റെ പേരുവെക്കാതെ വിദ്യാവിനോദിനി മാസികയിൽ 1891-ലാണ് ഈ കഥ പ്രസിദ്ധപ്പെടുത്തിയത്.

1861-ൽ പയ്യന്നൂരിനടുത്ത് കുറ്റൂരിൽ വെരിഞ്ചല്ലൂർ ഗ്രാമത്തിൽ ജനിച്ച നായനാർ പൊതുരംഗത്തും പല സേവനങ്ങൾ ചെയ്തിട്ടുണ്ട്. 1912-ൽ മദിരാശി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1914-ൽ നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹം ഹൃദ്രോഗം കാരണം മരിച്ചത്.

കേരളസഞ്ചാരി 1888 ഡിസംബർ 12 ലക്കത്തിൽ എഴുതിയ ഉപന്യാസമാണിത്. മാധ്യമചരിത്ര ഗവേഷകനായ ജി.പ്രിയദർശനന്റെ ശേഖരത്തിൽനിന്നാണ് ഈ ലക്കം ലഭിച്ചത്. ഇംഗ്‌ളീഷിൽ എസ്സെ എന്ന് വിളിക്കുന്ന ഗദ്യകൃതികൾ മലയാളത്തിൽ ആദ്യം എഴുതുന്നത് കേസരി നായനാരാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നർമപ്രധാനമായ ഇത്തരം ഉപന്യാസങ്ങൾ തുടർച്ചയായി എഴുതിയിട്ടുണ്ട് കേസരി നായനാർ.

‘അന്തസ്സാരൻ, ബഹിസ്സാരൻ, നിസ്സാരൻ, സർവസാരൻ’

അന്തസ്സാരൊബഹിസ്സാരൊ
നിസ്സാരസ്സർവ്വസാരക:
അന്തസ്സാരസ്മിന്ത്രിണീകൊ
ബഹിസ്സാരസ്തുതെജനം
നിസ്സാരകദളീമണ്ഡൊ
ശ്രീഖണ്ഡസ്സർവസാരക:
വൃക്ഷാഇവമനുഷ്യാശ്ച
വർത്തന്തെപരമെശ്വരി
എന്ന് ശിവജ്ഞാനദീപികയിലൊ മറ്റൊ ഒരിടത്ത് പ്രസ്താവിച്ചിട്ടുണ്ട് -അന്തസ്സാരൻ, ബഹിസ്സാരൻ, നിസ്സാരൻ, സർവസാരൻ എന്നിങ്ങനെ നാല് വിധമായിട്ടാണ് മനുഷ്യർ. അങ്ങിനതന്നെ അവരുടെ സ്വഭാവവും നാല് വിധമായിട്ടാണ്. പുളിമരത്തിന്റെ മാതിരി അന്തസ്സാരന്ന് ഉള്ളിലാണ് കാതൽ. ബഹിസ്സാരന്ന് മുളയുടെ മാതിരി ഉള്ളിൽ യാതൊന്നുമില്ല. വാഴയുടെ മാതിരിയാണ് നിസ്സാരന്റെ നില. അകത്തും പുറത്തും കാതലില്ല. സർവസാരൻ യാഥാർത്ഥപ്രകാരം മുഴുവൻ കാതലാണ്. ചന്ദനമരത്തോടാണ് തന്നെ ഉപമിച്ചിരിക്കുന്നത്. ഇതുപൊലെ തന്നെ കൈക്കൂലി മേടിക്കുന്ന ഉദ്യോഗസ്ഥന്മാരും ചതുർവിധമായിട്ടാണ്. അവർ ഓരോരുത്തരുടെ സ്വഭാവം അവരവരുടെ പേരിന്നനുസരിച്ചിരിക്കുന്നതാണ്.
‘അന്തസ്സാരന്റെ’ കള്ളി അത്ര വേഗത്തിലൊന്നും പുറത്തുവരില്ല. സാമോപായം കൊണ്ട് തലത്തിൽ കാര്യം പറ്റിക്കും. നമ്പ്ര് വളരെ സൂക്ഷ്മത്തോടെ വിചാരണ ചെയ്യും. കക്ഷിക്ക് തന്നെ നേരിട്ട് കാണ്മാൻ പോകുന്നതിനൊന്നും വിരോധമില്ല. വളരെ ലോഗ്യമായി സംസാരിക്കും. കേസിന് ബലം പോര, തെളിവ് വേണ്ടതുപോലെ ഹാജരാക്കിട്ടില്ല, എന്നൊക്കെ ഭീഷണി പറഞ്ഞ് അവസാനം വേണ്ടപോലെയാക്കാം. വല്ലഭമുള്ളവന് പുല്ലും ആയുധമാണല്ലോ. ഉണ്ടവന് മാത്രമെ ഊക്കുള്ളു എന്നും മറ്റും പഴപറഞ്ഞ് കണക്കെ വാങ്ങും-നേരായ ഒരു വിധിയും കൊടുക്കും- അത് അപ്പീലിൽ സ്ഥിരംതന്നെ എന്ന് പറയേണ്ടതില്ലല്ലൊ. ശാസ്ത്രത്തിന്നും തെളിവിന്നും അനുസരിച്ച് വിധിയാകുമ്പൊൾ ഒരു സമയം കൈക്കൂലി പ്രസ്താവം ഉണ്ടായാൽ തന്നെ മേലധികാരികൾ സംശയിക്കില്ല. പക്ഷെ ഈ കാലങ്ങളിൽ അന്തസ്സാരന്മാർ വളരെ ദുർല്ലഭമാണ്.

‘ബഹിസ്സാരന്റെ നില’ ഇങ്ങിനെയൊന്നുമല്ല. തന്റെ പുറപ്പാട് കുറെ അവസ്ഥയിലാണ്. വലിയ തഞ്ചക്കാരന്റെ നിലയൊക്കെ നടിക്കും. ദല്ലാളിമാരെ വെക്കാതെ വല്ലതും വേണ്ടതും നേരിട്ടാവുന്നതാണ് നല്ലത്. മറ്റ് പുറത്തറിഞ്ഞുപോകുമെന്നൊക്കെയാണ് വിചാരം-നേരിട്ട് കൊണ്ടുകൊടുപ്പാനൊന്നും പ്രയാസവുമില്ല- മൂപ്പരെ കാണാൻ പോയാൽ മേശപ്പുറത്തുനിന്ന് വല്ല പുസ്തകവും എടുത്തുനോക്കി അതിന്റെ വിലയെന്താണ്, എവിടെ കിട്ടും എന്നൊക്കെ ചോദിച്ച് ഒന്നോ രണ്ടോ നോട്ട് തരംപോലെ ആ പുസ്തകത്തിൽ വെച്ചാൽമതി-പക്ഷെ നോട്ട് എനി വാങ്ങുമോ എന്ന് ചിലർ സംശയിക്കാനും മതി- ഒക്കെ വാങ്ങും. ഈ കഴിഞ്ഞതിന്റെ പുല കഴിയുന്നതുവരെ വാങ്ങില്ലായിരിക്കാം-നോട്ട് കൊടുപ്പാൻ സാധിക്കില്ലെങ്കിൽ കുട്ടികൾക്ക് വിലപിടിച്ച വല്ല ആഭരണവും കൊടുത്താൽ മതി. ഭാര്യയുടെ സേവക്ക് തരമുണ്ടെങ്കിൽ അതാണ് അധികം നല്ലത്-സംഖ്യ ചുരുങ്ങികിട്ടുമെന്നുമാത്രമല്ല കാര്യത്തിന്നും കുറെ എറെ ഗുണമുണ്ട്-കൈക്കൂലി കൊടുക്കാനായിട്ടുള്ള തഞ്ചവും അതിന്ന് വേണ്ടുന്ന സൂത്രവും കൌവ്വായിക്കാര ജന്മികളെ പോലെ മറ്റൊരാൾക്കും ഇല്ലെന്നുലോകപ്രസിദ്ധമാണ്. എന്തിനുപറയുന്നു ആകപ്പാടെ ബഹിസ്സാരന്റെ പേര് ക്ഷണത്തിൽ ചീത്തയാവും. ഈ വക കാര്യത്തിൽ ഭാര്യയെ വിശ്വസിച്ചാൽ അവൾക്ക് തോന്നിയപൊല കിട്ടിയത് വാങ്ങും. അപ്പഴ് കേവലം ന്യായവിരോധമായി വിധിക്കേണ്ടിവരും-പിന്നെ പേര് ചീത്തയാവുന്നതൊ ആശ്ചര്യം?

‘നിസ്സാരൻ’ നേരിട്ട് യാതൊന്നും വാങ്ങില്ല. അത്രക്ക് സാമർത്ഥ്യം പോര. തനിക്ക് ദല്ലാളിയെ കൂടാതെ നിവർത്തിപ്പാൻ പ്രയാസമാണ്. ദല്ലാളി ഒരു സമയം വല്ല വക്കീലോ ഗുമസ്തനോ ശിവായിയോ ആരെങ്കിലുമായിരിക്കും. ചിലപ്പോൾ കുട്ടികളെ പഠിപ്പിക്കുന്ന എഴുത്തശ്ശനായിരിക്കാം. ഒരുസമയം തന്റെ സംബന്ധക്കാരൻ തന്നെ ആവാനും മതി. വടക്ക് ചില ദിക്കിൽ പതിവായിട്ട് അധികവും ജന്മികളാണ്. കീഴുദ്യോഗസ്ഥന്മാരിൽ വല്ലവരുമാണെങ്കിൽ ക്ഷണത്തിലറിയാം- മൂപ്പര് സാധാരണയായി അവരോട് പ്രത്യക്ഷത്തിൽ വലിയ ദ്വേഷം ഭാവിക്കും-അവരെ ചീത്ത പറയും-പലതും കാട്ടും. കക്ഷിയോട് നേരിട്ട് വാങ്ങാൻ ഭയമുള്ളതുകൊണ്ട് ദല്ലാളിക്ക് കനക്കെ പറ്റിക്കാൻ നല്ലതരമാണ്. ഭാര്യക്ക് വല്ലതും എത്തിച്ചുകൊടുപ്പാൻ കഴിയുമെങ്കിൽ അതിനേറും ഗുണം. അതൊക്കെ കക്ഷിയുടെ സാമർത്ഥ്യം പോലെ എളുപ്പത്തിൽ സാധിക്കാവുന്നതാണ്-ദല്ലാളിമാർ സാധാരണയായി മഹാസമർത്ഥന്മാരാണ്-അധികവും വടക്കൻ ദിക്കിലാണ് ഉള്ളത്-ഇങ്ങിനെ ‘അമ്പൂട്ടിപ്പണി’എടുത്തിട്ടുതന്നെ പ്രമാണികളായി നടക്കുന്നവർ വളരെയുണ്ട്-ഈ കള്ളന്മാർക്ക് അതാത് ദിക്കിലെ വലിയ പണക്കാരെയും വ്യവഹാരികളെയും നല്ല പരിചയമുണ്ടാകും-ഒരു കാര്യത്തിൽ ഇത്ര കിട്ടണമെന്നു മൂപ്പർ ആവശ്യപ്പെട്ടാൽ ദല്ലാളി ആ വിവരം കക്ഷിയെ അറിയിക്കും-കക്ഷിക്ക് ഒരു സമയം അവനെ സംശയമുണ്ടെങ്കിൽ തഞ്ചംനോക്കി അവൻ മൂപ്പരുടെ സമീപം പോയി പുറമെ ആരുംകാണാതെ വല്ലേടവും നിൽക്കും. ആ വിവരം മൂപ്പരെ അറിയിച്ചാൽ കൈകൊണ്ടോ മുഖം കൊണ്ടോ വല്ല അടയാളവും കാട്ടി ഒരു സമയം ഒന്നുമെല്ലെ ചിരിക്കാനും മതിചിലപ്പഴ് കക്ഷിയുടെ മുമ്പാകെ തന്നെ ദല്ലാളി കിട്ടിയ സംഖ്യ കൊണ്ടുകൊടുക്കും. എങ്ങിനെ ആയാലും ദല്ലാളി അത്രമാത്രം വല്ലതും പറ്റിക്കാതിരിക്കില്ല. അത് മൂപ്പർ അറിഞ്ഞുവശായാൽ വലിയ ശണ്ഠയായി. അപ്പഴ് ഓരോ അപവാദം പറഞ്ഞുതുടങ്ങും. ദല്ലാളിമാർ പലരും ആകുമ്പോൾ ബഹുജനങ്ങൾ തോല്പ്പിക്കും.

‘സർവസാരൻ’ സമർത്ഥനാണെന്ന് പറയേണ്ടതില്ലല്ലോ. താൻ വലിയ കേമനാണ് തനിക്ക് മുമ്പെ പ്രസ്താവിച്ച മൂന്നുകൂട്ടരെയും വലിയ പുച്ഛമാണ്. അവർക്ക് ഇങ്ങോട്ടും അങ്ങനെ തന്നെ. താൻ നല്ല തഞ്ചക്കാരനാണെന്ന് ഒരിക്കൽ പറഞ്ഞാൽ പോര-രണ്ടുഭാഗക്കാരോടും വാങ്ങും. ആരാണ് അധികം കൊടുക്കുന്നത് അവനു ഗുണമായിട്ട് വിധിക്കും- മറ്റവനോട് അപ്പീലിൽ നിശ്ചയമായിട്ടും ഗുണം വരും, അതിന്നുംവേണ്ടുന്ന വഴികളൊക്കെ വെച്ചിട്ടുണ്ടെന്ന് പറഞ്ഞു തല്ക്കാലം സമാധാനപ്പെടുത്തും. അപ്പീലിൽ ഗുണം വന്നാലൊ ഭാഗ്യംതന്നെ. ഇല്ലെങ്കിൽ അപ്പീൽ ജഡ്ജി ബുദ്ധിശൂന്യനാണ്, വലിയ കുടിയനാണ്, ആലോചനയില്ല, കാര്യം നോക്കില്ല, എന്താ നിവർത്തി എന്നും പറ്റും പറഞ്ഞ് കിട്ടിയത് ലാഭം എന്നു വിചാരിച്ച് സ്വസ്ഥരായിരിക്കും-അല്പകാലമായി ഈത്തരം സരസന്മാർ വളരെ കുറവായിട്ടാണ് കാണുന്നത്, ദുർലഭമില്ലെന്നില്ല.

*അന്തസ്സാരൻ, ബഹിസ്സാരൻ, നിസ്സാരൻ, സർവസാരൻ

*പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള അക്ഷരങ്ങളിലെ ചില രീതികൾ മാറ്റിയിട്ടുണ്ട്. ംരം എന്നതിന് പകരം ഈ ഉപയോഗിക്കുന്നു. അന്നില്ലാത്ത ദീർഘവും ചന്ദ്രക്കലയും ചേർത്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Go Top