പാവം കന്നുകാലി

ഇന്ദ്രൻ

ശശി തരൂരിനെതിരായ കോണ്‍ഗ്രസ്സുകാരുടെ മുറവിളിയുടെ അര്‍ഥം മനസ്സിലാക്കാന്‍ ജനത്തിന് പ്രയാസമുണ്ട്. ജനത്തെ കന്നുകാലിയെന്ന് വിളിച്ചെന്നു പറഞ്ഞാണ് നെഞ്ചിലിടിച്ചുള്ള നിലവിളി. ശരി അങ്ങനെ വിളിച്ചെന്ന് തന്നെ വിചാരിക്കുക. എങ്കിലെന്ത്? ജനം സന്തോഷിക്കുകയാണ് വേണ്ടത്. അറുപതിലേറെ വര്‍ഷമായി പൊതുജനത്തെ കഴുത എന്നായിരുന്നു വിളിച്ചിരുന്നത്. നേതാക്കള്‍ മാത്രമല്ല ജനങ്ങളും കരുതിയത് അങ്ങനെ. അതിലാരും ഇക്കാലംവരെ പ്രതിഷേധിച്ചുകണ്ടിട്ടില്ല. ഇപ്പോള്‍ ശശി തരൂര്‍ വന്നപ്പോള്‍ കന്നുകാലിയായി സ്ഥാനക്കയറ്റം കിട്ടിയല്ലോ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്.

ലോകത്തൊരിടത്തും കഴുതയെ കന്നുകാലിവര്‍ഗത്തില്‍ പെടുത്തിയിട്ടില്ല. കഴുതയെക്കാള്‍ പ്രയോജനമുള്ളതും മനുഷ്യന്‍ അകമഴിഞ്ഞു സ്നേഹിക്കുന്നതുമായ മൃഗങ്ങളെയാണ് കന്നുകാലികളെന്ന് വിളിക്കുന്നത്. അനുസരണയുള്ള മൃഗങ്ങളായി പിറകെവരുന്ന നിഷ്‌കളങ്ക മനുഷ്യരെ കുഞ്ഞാടുകള്‍ എന്നു വിളിക്കുന്നതില്‍ ഒരുകുഴപ്പവും ആരും കണ്ടിട്ടില്ല. ആടും കാലി തന്നെ. എന്നിട്ടും പാവം കന്നുകാലിയെ വെറുക്കപ്പെട്ട മൃഗമായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍. മൃഗീയം തന്നെ.

പ്രതിപക്ഷത്തുള്ളവര്‍ക്കല്ല കോണ്‍ഗ്രസ്സുകാര്‍ക്കാണ് കൂടുതല്‍ വേവലാതി. പൊതുജനത്തോടുള്ള സ്നേഹമാണ് കാരണമെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. ജനത്തെ കഴുതയാക്കുക എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കേണ്ടത്. പൊതുജനത്തെ കന്നുകാലിയെന്ന് വിളിച്ചതിലല്ല, ഹൈക്കമാന്‍ഡിലെ ദിവ്യരെ വിശുദ്ധപശുക്കള്‍ എന്നു വിളിച്ചതാണ് കുറെ കുഞ്ഞാടുകള്‍ക്ക് അസഹ്യമായി തോന്നിയത്. അതുപക്ഷേ തുറന്നുപറയാന്‍ നിവൃത്തിയില്ല. അതുകൊണ്ട് പൊതുജനത്തിന്റെ പേരിലാക്കി വിലാപം.

കോണ്‍ഗ്രസ്സിലെ രണ്ടാംനിര നേതാക്കള്‍ക്ക് തരൂരിനോട് അമര്‍ഷം തോന്നിയതില്‍ കുറ്റം പറഞ്ഞുകൂടാ. കാലങ്ങളായി ഹൈക്കമാന്‍ഡിലെ വിശുദ്ധപശുക്കള്‍ക്കുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നവര്‍ക്കൊന്നും കൊടുക്കാത്ത ടിക്കറ്റാണ് ശശി തരൂര്‍ എന്ന സായ്പിന് പാര്‍ട്ടി കൊടുത്തത്. വര്‍ഷങ്ങളായി നമ്പര്‍ 10 ജന്‍പഥിലെ അടുക്കളക്കാര്യം നോക്കുന്ന പലര്‍ക്കും നിഷേധിക്കപ്പെട്ട ആനുകൂല്യം. ടിയാന്‍ മുമ്പ് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ചുതോറ്റതാണ് ലോക്‌സഭയിലേക്ക് മത്സരിക്കാനുള്ള യോഗ്യതയെന്ന ന്യായീകരണം കോണ്‍ഗ്രസ്സുകാര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. പഞ്ചായത്തിലേക്കും നിയമസഭയിലേക്കുമെല്ലാം മത്സരിച്ചുതോറ്റ കോണ്‍ഗ്രസ്സുകാരെ എത്ര വേണമെങ്കിലും കിട്ടുമായിരുന്നു. എന്നിട്ടാണ് എങ്ങാണ്ടോ മത്സരിച്ച് കെട്ടിവെച്ചതുപോയത് വലിയ യോഗ്യതയായി കൊണ്ടുനടക്കുന്നത്. എന്താ, യു.എന്നില്‍ നിന്നുവരുന്ന വിശുദ്ധപശുക്കള്‍ക്ക് കൊമ്പുണ്ടോ?

തിരുവനന്തോരത്ത് ഗതി പിടിക്കില്ലെന്നാണ് സമാധാനിച്ചിരുന്നത്. കോണ്‍ഗ്രസ്സുകാര്‍ വിചാരിച്ചാല്‍പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന നിലവന്നാല്‍ പിന്നെയെന്ത് ചെയ്യും. പോട്ടെ, അങ്ങനെ ജയിച്ച ഡസന്‍ ആളുകള്‍ തേരാപാരാ നടക്കുമ്പോഴാണ് തരൂരിനെ മന്ത്രിയാക്കിയത്. അതും തങ്കപ്പെട്ട അസ്സല്‍ നായന്മാര്‍ വേറെ നില്‍ക്കുമ്പോള്‍….. എന്തൊരു അതിക്രമം. ഹൈക്കമാന്‍ഡ് യശ്മാനന്മാര്‍ക്ക് അവരുടെ അവിവേകത്തിന് നല്ല പ്രതിഫലം കിട്ടിയല്ലോ. വിശുദ്ധപശുക്കളെന്ന് പരിഹസിച്ചു തരൂര്‍. വിശുദ്ധരാണെങ്കിലും അല്ലെങ്കിലും പശുക്കളും കന്നുകാലികള്‍തന്നെ. പശുവിനെ ഗോമാതാ എന്നൊക്കെ വിളിക്കാറുണ്ടെങ്കിലും കോണ്‍ഗ്രസ് മാതായെ പശുവെന്ന് വിളിച്ചുകൂടാത്തതായിരുന്നു. തരൂര്‍ വലിയ എഴുത്തുകാരനൊക്കെ ആയിരിക്കാം. സേക്രഡ് കൗവും കേറ്റ്ല്‍ക്ലാസ്സുമെല്ലാം വലിയ തമാശയും ആയിരിക്കാം. പക്ഷേ, കോണ്‍ഗ്രസ്സില്‍ ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തന്നെ തമാശ നിരോധിച്ചതാണ് എന്നറിയാതെ ഒരാള്‍ക്ക് കോണ്‍ഗ്രസ്സുകാരനാവാന്‍ കഴിയില്ല. വിശുദ്ധപശുക്കള്‍ക്ക് കന്നുകാലികളെക്കുറിച്ച് തമാശ പറയാമെങ്കിലും വിശുദ്ധപശുക്കളെക്കുറിച്ച് മറ്റാരും തമാശപറയാന്‍ പാടില്ല. തുല്യതയെക്കുറിച്ചൊന്നും തെറ്റിദ്ധാരണകള്‍ പാടില്ല. എല്ലാ കന്നുകാലികളും തുല്യരാണ്, ചില കന്നുകാലികള്‍ കൂടുതല്‍ തുല്യരാണ്. അവരെയാണ് വിശുദ്ധപശുക്കള്‍ എന്ന് വിളിക്കാറുള്ളത്.

വരള്‍ച്ചയും വിലക്കയറ്റവും നേരിടാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ്സുകാര്‍ ചെലവുചുരുക്കുന്നതെന്ന് കേട്ടു. ചെലവുചുരുക്കുന്നതിന്റെ പേരിലാണല്ലോ ഈ പുക്കാറെല്ലാം. ചെലവുചുരുക്കിയാല്‍ മഴ പെയ്യുമെന്നോ വില കുറയുമെന്നോ പ്രണബ് മുഖര്‍ജി ബജറ്റില്‍ എഴുതി വെച്ചതായി കേട്ടിട്ടില്ല. കോണ്‍ഗ്രസ്സിന്റെ തീരുമാനപ്രകാരം എം.പി.മാര്‍ ശമ്പളത്തില്‍ ഇരുപതുശതമാനമാണ് കുറവുവരുത്തുന്നത്. എം.പി.മാരുടെയെല്ലാം ശമ്പളം മുഴുവന്‍ കൂട്ടിയാലും രാഹുല്‍ ഗാന്ധിക്ക് ഒരുമാസം ഹെലിക്കോപ്റ്ററില്‍ സഞ്ചരിക്കാനുള്ള വാടക തികയില്ല. ഒരു മണിക്കൂര്‍ ഹെലിക്കോപ്റ്റര്‍ വാടക ഒന്നരലക്ഷം രൂപയാണ്. തീവണ്ടിയില്‍ സഞ്ചരിച്ച് 450 രൂപ ചെലവുചുരുക്കിയ ശേഷമാണ് രാഹുല്‍ തമിഴ്‌നാട്ടില്‍ അനേക മണിക്കൂറുകള്‍ ഹെലിക്കോപ്റ്ററില്‍ കറങ്ങിയത്. തീവണ്ടിയില്‍ സഞ്ചരിച്ചത് വാര്‍ത്തയാകാനും ഹെലിക്കോപ്റ്ററില്‍ സഞ്ചരിച്ചത് വാര്‍ത്തയാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.

തരൂര്‍ ഇപ്പോഴും വാഷിങ്ടണിലും ലണ്ടനിലും ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റിലാണ് കറങ്ങുന്നത്. ഭൂമിയിലേക്ക് ഇപ്പോഴും ഇറങ്ങിവന്നിട്ടില്ല. അതുകൊണ്ടാണ് ഇവിടത്തെ രീതികള്‍ മനസ്സിലാകാത്തത്. ന്യൂയോര്‍ക്ക് വേറെ; ന്യൂഡല്‍ഹി വേറെ. ഈ തവണ വിശുദ്ധപശുക്കളുടെ കാലില്‍ വീണെങ്കിലും മന്ത്രിസ്ഥാനം രക്ഷിച്ചെടുക്കണം. അതിനുശേഷം ഉമ്മന്‍ചാണ്ടിയുടെ അടുത്തോ വയലാര്‍ രവിയുടെ അടുത്തോ ഒരു മാസത്തെ ക്രാഷ് കോഴ്‌സിന് ചേരണം. എങ്കില്‍ എങ്ങനെ പുതിയ ഖദര്‍ഷര്‍ട്ട് കീറിയും അംബാസഡറില്‍ സഞ്ചരിച്ചും മഹാത്മാ ഗാന്ധിയാകാം എന്ന് പഠിച്ചെടുക്കാനാകും. ഒരുദിവസം തിരുവനന്തപുരത്ത് ട്രെയിനില്‍ വന്നിറങ്ങി സൈക്കിളില്‍ അര കിലോമീറ്റര്‍ സഞ്ചരിച്ച് ചാനല്‍വാര്‍ത്തയില്‍ നായകനായാല്‍ ചെലവ് ചുരുക്കലിന്റെ പ്രശ്‌നം പിന്നെ ഉദിക്കില്ല, എത്ര വേണമെങ്കിലും ചെലവഴിക്കാം. ദേശീയ നേതാവാകുകയും ചെയ്യാം.

എന്തെല്ലാം മുന്‍കരുതലെടുത്താലും ചിലപ്പോള്‍ കുഴിയില്‍ വീഴാം. അരനൂറ്റാണ്ട് അനുഭവമുള്ളവരും വീഴും. മുംബൈ ഭീകരാക്രമണത്തില്‍ പൊരുതി മരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌നന്റെ വീട്ടില്‍ പോയതിനെത്തുടര്‍ന്നുണ്ടായ വിവാദം ആരും മറക്കാനിടയില്ല. ഭരിക്കുന്നവരോടു മുഴുവനുമുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ സന്ദീപിന്റെ അച്ഛന്‍ പറഞ്ഞത് ഒരു പട്ടിയും വീട്ടിലോട്ട് വരേണ്ട എന്നായിരുന്നു. അതിനെ കുറിച്ചാണ് പത്രക്കാര്‍ മുഖ്യമന്ത്രി വി.എസ്സിനോട് ചോദിച്ചതും. ”സന്ദീപിന്റെ വീടായതുകൊണ്ടാണല്ലോ പോകുന്നത്. അല്ലെങ്കില്‍ ഒരു പട്ടിയും പോകില്ലല്ലോ” എന്നത് നല്ലമറുപടിയോ എന്നത് മറ്റൊരു പ്രശ്‌നം. പക്ഷേ, ചോദ്യത്തിനാണ് മറുപടി. ചോദ്യമില്ലാതെ മറുപടി മാത്രമെടുത്താല്‍ സംഗതി ക്രൂരം. ചോദ്യവും കൂടിച്ചേര്‍ത്താല്‍ ക്ഷന്തവ്യം. 83-ാം വയസ്സിലാണ് വി.എസ്. ഈ കുഴിയില്‍ വീണത്. ഒരുവിധം പിടിച്ചുകയറി.

കേരളത്തിലേക്ക് കന്നുകാലിക്ലാസ്സിലാണോ ഇനി പോവുക എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ട്വിറ്ററില്‍ ശശി അതേ, വിശുദ്ധപശുക്കളെ മാനിച്ച് കന്നുകാലിക്ലാസ്സില്‍ യാത്ര ചെയ്യും എന്ന് എഴുതിയത്. പൂര്‍ണമായി ന്യായീകരിക്കാന്‍ കഴിയാത്തവര്‍ക്കുപോലും ക്ഷമിക്കാവുന്ന തെറ്റുമാത്രം. രാഷ്ട്രീയത്തില്‍ പക്ഷേ, ഒരാളെ വെട്ടിവീഴ്ത്താന്‍ കിട്ടുന്ന ആദ്യത്തെ ചാന്‍സ് ഉപയോഗിച്ചില്ലെങ്കില്‍ പിന്നീട് അവസരം കിട്ടിയെന്ന് വരില്ല. ആ ആള്‍ വളര്‍ന്ന് നമ്മെ ഇങ്ങോട്ട് വെട്ടുന്ന സ്ഥിതിയും ഉണ്ടായേക്കും. അതുകൊണ്ട് അവസരം പാഴാക്കേണ്ട. വെട്ട് നടക്കട്ടെ.

ഒരു പ്രസിദ്ധീകരണം ക്രമസമാധാനപാലനത്തിനുള്ള ഒന്നാംറാങ്ക് കേരളത്തിന് നല്‍കിയതിലുള്ള അത്യാഹ്ലാദത്തിലാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന്‍. അതിന്റെ അങ്കലാപ്പിലാണ് പ്രതിപക്ഷം. എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തങ്കച്ചനും സ്ഥിതിവിവരക്കണക്ക് വാരിവിതറുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകൊണ്ട് തെളിയിക്കാനാവാത്തതായ യാതൊന്നും ഭൂമിയിലില്ല.

ക്രമസമാധാനമെന്നത് ആഭ്യന്തരമന്ത്രി സെക്രട്ടേറിയറ്റിലിരുന്ന് ഫോണ്‍വിളിച്ചും ഫയലിലൊപ്പുവെച്ചും ഉണ്ടാക്കുന്ന എന്തോ ആണെന്ന ധാരണയാണ് രണ്ടുപക്ഷത്തിനുമുള്ളത്. ഒരുപക്ഷം തോറ്റ് മറ്റേപക്ഷം വരുമ്പോള്‍ സ്വിച്ചിട്ടതുപോലെ ക്രമസമാധാനനിലവാരം തകരുകയോ ഉയരുകയോ ചെയ്യുമെന്നവര്‍ കരുതുന്നു. ക്രമസമാധാനനില പോലെ കുറഞ്ഞ നിരക്ഷരതയും ഉയര്‍ന്ന ആയുസ്സും ഉയര്‍ന്ന സ്ത്രീവിദ്യാഭ്യാസവുമടക്കം കേരളത്തിന് പല രംഗത്തും അവാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും കിണഞ്ഞുശ്രമിച്ചിട്ടും തകര്‍ക്കാന്‍ പറ്റാത്ത ക്രമസമാധാനം പോലെയാണ് ഈ നേട്ടങ്ങളെല്ലാം

ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്ക്, ഏറ്റവും കൂടിയ മദ്യപാനനിരക്ക്, ഏറ്റവും ഉയര്‍ന്ന ട്രാഫിക് അപകടനിരക്ക്, ഏറ്റവും ഉയര്‍ന്ന പരിസരമലിനീകരണം, ഏറ്റവും കൂടിയ പകര്‍ച്ചവ്യാധി നിരക്ക് തുടങ്ങിയവയ്ക്കും പ്രസിദ്ധീകരണങ്ങള്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും. എങ്കില്‍ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉള്ളവര്‍ക്ക് ഒപ്പം പോയി ഏറ്റുവാങ്ങാന്‍ പറ്റിയേനെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top