ബാലന്‍ വെറുമൊരു ബാലന്‍…

ഇന്ദ്രൻ

 അട്ടപ്പാടിയില്‍ നാലു കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരിച്ചെന്ന് പ്രതിപക്ഷാംഗം പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ കക്ഷിരാഷ്ട്രീയം കാണുക എന്നതാണ് നമ്മുടെ പരമ്പരാഗതരീതി. രാഷ്ട്രീയം എന്നുപറഞ്ഞാല്‍ പാര്‍ട്ടിക്കാരുടെ പന്തുതട്ടിക്കളി തന്നെ. അതായത് ഞാന്‍ യോഗ്യന്‍, എന്റെ പാര്‍ട്ടിക്കാര്‍ അതിയോഗ്യര്‍… തെറ്റുപറ്റാത്ത മഹാത്മാക്കള്‍. എതിര്‍മുന്നണിക്കാര്‍ അയോഗ്യര്‍. അട്ടപ്പാടിയില്‍ ശിശുമരണം മുമ്പുനടന്നത് യു.ഡി.എഫ്. നയഫലം. ഇനി നടന്നാല്‍ അതും യു.ഡി.എഫ്. നയഫലം. എ.കെ. ബാലന്‍ വകുപ്പിന്റെ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത നിമിഷം എന്തുകൊണ്ട് സര്‍വ ആദിവാസിക്കുഞ്ഞുങ്ങളും ചാനല്‍ പരസ്യങ്ങളില്‍ കാണുന്ന തരം ഹൈബ്രീഡ് തടിയന്‍ കുഞ്ഞുങ്ങളാവാഞ്ഞത് എന്നാവണം ചോദ്യകര്‍ത്താവായ പ്രതിപക്ഷാംഗം ചോദിക്കാതെ ചോദിച്ചത്.
രാഷ്ട്രീയക്കുനുഷ്ടുള്ള ചോദ്യം ചോദിച്ചാല്‍ രാഷ്ട്രീയംവിട്ട് കാര്യംപറയാന്‍ വേറെ ആളെ നോക്കണം, എ.കെ. ബാലനെ അതിനുപറ്റില്ല.

പോഷകാഹാരക്കുറവ് ഇടതുപക്ഷം അധികാരത്തില്‍ വന്നശേഷം തീര്‍ത്തും അപ്രത്യക്ഷമായി, സ്വിച്ചിട്ടതുപോലെത്തന്നെ എന്നാണ് മന്ത്രി പറയാതെ പറഞ്ഞത്. പോഷകാഹാരക്കുറവോ?  ലവലേശമില്ല. ‘നാലെണ്ണം’ മരണപ്പെട്ടിട്ടുണ്ടെന്നത് സത്യം. രണ്ടെണ്ണം അതുമൂലം, രണ്ടെണ്ണം ഇതുമൂലം. ഒരെണ്ണത്തിനും പോഷകാഹാരക്കുറവില്ല. ഭീമന്‍ തടിയന്മാരായിരുന്നു. അമിതാഹാരമാണ് മരണകാരണമെന്നു ധരിച്ചാലും തെറ്റില്ല. ഗര്‍ഭം, പ്രസവം, അബോര്‍ഷന്‍ എന്നിവയാണ് മരണകാരണങ്ങള്‍. ഗര്‍ഭം ഉള്‍പ്പെടെ ഒന്നിനും ബാലന്‍ ഉത്തരവാദിയല്ല, യു.ഡി.എഫ്. ആണ് ഉത്തരവാദി എന്നേ ബാലന് അറിയൂ. 2017 ജൂണിന് ശേഷമുള്ള കാര്യം അപ്പോള്‍ പറയാം.

പ്രസവം, ഗര്‍ഭം, അബോര്‍ഷന്‍ എന്നിവ വിഷയമാകുമ്പോള്‍ നമ്മുടെ നിലവാരം ഉയര്‍ന്നുവരും. ഉള്ളിലുള്ള ബാലാസ്‌ക്യതകള്‍ പുറത്തുചാടും. ഒരു കണ്ണിറുക്കും ആംഗ്യങ്ങളി ലും വാക്കുകളിലും അര്‍ഥങ്ങളും ദ്വയാര്‍ഥങ്ങളും പെരുകും… ആകപ്പാടെ എ സര്‍ട്ടിഫിക്കറ്റാകും… അതില്‍ പ്രായവ്യത്യാസമില്ല. ആര്‍ക്കും ബാലനാകാം. നിയമസഭയോ പാര്‍ലമെന്റോ എന്നു നോക്കരുത്. എ.കെ. ബാലന് നല്ല കൈയടി, മേശയ്ക്കടി, പൊട്ടിച്ചിരി തുടങ്ങിയ അഭിനന്ദനങ്ങള്‍ കിട്ടിയതായി പത്രങ്ങളില്‍ കാണുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ സാംസ്‌കാരികന്മാര്‍ക്ക് അതൊന്നും അത്ര പിടിച്ചിട്ടില്ല. സാംസ്‌കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മാധ്യമമാണ് സമൂഹ വിരുദ്ധമാധ്യമം. അവിടെ കൈയടി പതിവില്ല. ൈകയടിക്ക് കണക്കില്ല, ലൈക്കിന് കണക്കുണ്ട്.

ബാലന് അട്ടപ്പാടിയെപ്പറ്റി നല്ല വിവരമാണ്. പണ്ട് ഒറ്റപ്പാലത്ത് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വന്ന കാലം മുതലേ അറിയാം. ഏതാണ്ട് കൃത്യമായി ഇരുമുന്നണിയും കാലം ഓഹരി വെച്ചെടുത്താണ് ആദിവാസി വികസനം നടപ്പാക്കിയത്. ഏതച്ഛന്‍ വന്നാലും അമ്മയ്ക്ക് ചവിട്ടും കുത്തും എന്നു പറഞ്ഞതാണ് അവസ്ഥ. സൊമാലിയയോളം പുരോഗമിച്ചിട്ടില്ലെങ്കിലും ആദിവാസികളുടെ സ്ഥിതി പണ്ടത്തേക്കാള്‍ മോശമാക്കിയിട്ടുണ്ട്. അതിനെത്ര പാടുപെട്ടു എന്നറിയുമോ. ബാലനെ കുറ്റപ്പെടുത്തരുത്. വ്യത്യസ്തനാം ബാലനല്ല ഒരു മന്ത്രിയും ഒരു മന്ത്രിസഭയും. ആദിവാസികള്‍ക്കുവേണ്ടി ചെലവഴിച്ച പദ്ധതിത്തുക ജനങ്ങള്‍ക്കു കൃത്യമായി വിഭജിച്ചുകൊടുത്തിരുന്നെങ്കില്‍ ആദിവാസിക്ഷേമത്തിന് വകുപ്പുംവേണ്ട മന്ത്രിയുംവേണ്ട എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടുമായിരുന്നു.

സാംസ്‌കാരിക വകുപ്പു മന്ത്രിയായാല്‍ ആള്‍ യോഗ്യനാവണം, അതുമിതും പറയരുത്,  സംസ്‌കൃതം പറയണം എന്നും മറ്റുമുള്ള സദാചാരപ്പോലീസ് ആജ്ഞകള്‍ അസഹ്യങ്ങളും അരോചകങ്ങളുമാണ്. ഞാന്‍ ഭയങ്കര സാംസ്‌കാരിക നായകനാണ്, സംസ്‌കാരത്തിന്റെ വകുപ്പ് ഇങ്ങോട്ടുതന്നേക്കൂ എന്നു പറഞ്ഞതുകൊണ്ടല്ല ആര്‍ക്കും വേണ്ടാത്ത സാംസ്‌കാരികവകുപ്പ് ബാലനു വെച്ചുനീട്ടിയത്. തരുന്നതു വാങ്ങുകയേ മന്ത്രിമാര്‍ക്കു നിവൃത്തിയുള്ളൂ. സാംസ്‌കാരികരംഗത്തുള്ളവര്‍ സാംസ്‌കാരികമായി ഉയര്‍ന്നുനില്‍ക്കുന്നവരാണ് എന്നിതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അഞ്ചുകൊല്ലം അവിടെ മന്ത്രിയായിരുന്ന കെ.സി. ജോസഫിനോടു ചോദിക്കാതെതന്നെ ബാലന് അതു മനസ്സിലായിട്ടുണ്ട്. സംസ്‌കാരമൊക്കെ ഇത്രമതി.

****
ഇ.പി. ജയരാജനെ ബലിയാടാക്കാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇനി എല്ലാ അപവാദങ്ങളും അദ്ദേഹത്തിന്റെ കഴുത്തില്‍ വെച്ചുകെട്ടിക്കളയാം. രാജി വെച്ചെന്നു വിചാരിച്ച് വെറുതെ വിട്ടുകൂടാ. വീണുകിടക്കുന്നയാളെ ചവിട്ടാന്‍ നല്ല രസമാണ്.

ക്ഷേത്രം നന്നാക്കാന്‍  അമ്പതുലക്ഷത്തിന്റെ തേക്കുതടി സൗജന്യമായിത്തരണം എന്നു നാട്ടിലെ അമ്പലക്കമ്മിറ്റി ആവശ്യപ്പെട്ടാല്‍ ഉടനെ കടലാസ് കീറി ബാസ്‌കറ്റിലിട്ടിട്ട് പോയി പണിനോക്ക് മാഷേ എന്നു ജയരാജന്‍ പറയണമായിരുന്നു എന്നാവും ആദര്‍ശവാദികള്‍ പറയുന്നത്.  അമ്പതുകോടിയുടെ തേക്കു ചോദിച്ചാലും നാവനക്കരുത്. കാട്ടിലെ മരമല്ലേ, നിങ്ങള്‍ക്കെന്തിനാ വിയര്‍ക്കുന്നത്? ദൈവികത്തിന് കൊടുത്താല്‍ ഗുണം ആനുപാതികമായി മന്ത്രിക്കും എം.എല്‍.എ.ക്കുമെല്ലാം കിട്ടുമല്ലോ.
കിട്ടുന്ന നിവേദനം മുന്‍പിന്‍ നോക്കാതെ യഥാസ്ഥാനത്തേക്ക് അയക്കുക എന്നതാണ് എം.എല്‍.എ.യുടെ മിനിമം ചുമതല. ജയരാജനെയല്ല യുക്തിവാദിസംഘം സംസ്ഥാനപ്രസിഡന്റിനെ എം.എല്‍.എ. ആക്കിയാലും അതേ ചെയ്യൂ. നിവേദനവുമായി വന്ന അമ്പലക്കമ്മിറ്റിക്കാരോടു ജയരാജന്‍ ഇങ്ങനെ പറഞ്ഞു എന്നു സങ്കല്പിക്കുക അമ്പലത്തിനും പള്ളിക്കുമൊന്നും വെറുതെ കൊടുക്കലല്ല സര്‍ക്കാറിന്റെ ചുമതല. ഇതൊരു മതേതര സര്‍ക്കാറാണ് കേട്ടപാതി കേള്‍ക്കാത്തപാതി ജയരാജന്റെ എല്ലൂരി കോല്‍ക്കളി നടന്നേനെ ഇതിനകം. ഹിന്ദുവിരുദ്ധനായ മന്ത്രിയെ പാകിസ്താനിലേക്ക് നാടുകടത്താന്‍ ആഹ്വാനം വന്നേനെ. എന്തൊക്കെപ്പറഞ്ഞാലും ജയരാജന്‍ വിചാരിച്ചതുപോലെയല്ല കേട്ടോ… ആളൊരു മര്യാദക്കാരന്‍ തന്നെയാണേ എന്നു പലരും പറയുന്നതും കേട്ടു.

മാധ്യമഗൂഢാലോചനയാണ് സംഭവമെന്ന് ജയരാജന്‍ പറയുകയുണ്ടായി.
ഗൂഢമായി ആലോചിക്കുന്നതുകൊണ്ടാവും ധൃതികാരണം പറയുന്നതിനൊന്നും ഒരു വ്യവസ്ഥയുമില്ലാതെപോകുന്നുത്. ഉദാഹരണം, തേക്കിന്റെ വില. ആദ്യദിവസത്തെ ചാനല്‍ ഫ്‌ളാഷുകളില്‍ പതിനഞ്ചുകോടി വരെ കണ്ടു വില. ക്രമേണ കുറഞ്ഞു, ഭാഗ്യം. ഇപ്പോള്‍ പറയുന്നത് അറുപതുലക്ഷം രൂപ എന്നാണ്. കിട്ടാത്ത തേക്ക് പുളിക്കുംഇനിയും കുറഞ്ഞേക്കും. അറ്റകൈയ്ക്ക് പാര്‍ട്ടിഫണ്ടില്‍ നിന്നെടുത്തുകൊടുത്താലും തെറ്റാവില്ല. പാര്‍ട്ടി ശ്രീകൃഷ്ണജയന്തിക്ക് വേഷം കെട്ടുന്നതിനേക്കാള്‍ നന്നാവും.
****
തലശ്ശേരിയിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ്. മുഖ്യമന്ത്രിയെ സമീപിക്കണമെന്ന് സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതായാണ് പത്രറിപ്പോര്‍ട്ട്. എന്തെങ്കിലും ഗൂഢാലോചനയാണോ എന്നറിയില്ല.

പറഞ്ഞതിന്റെ ഗുട്ടന്‍സ് എന്തായാലും തലശ്ശേരിക്കാര്‍ക്ക് പിടികിട്ടിയിട്ടില്ല. മുഖ്യമന്ത്രിയാണോ കൊലപാതകങ്ങള്‍ നടത്തുന്നത്, അദ്ദേഹത്തോട് പറഞ്ഞ് അതൊന്നു അവസാനിപ്പിച്ചുകിട്ടാന്‍?  അതല്ല, കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ട സംഗതിയാണ് എന്ന് ആര്‍.എസ്.എസ്സുകാര്‍ ചെന്നു പറഞ്ഞാലേ മുഖ്യമന്ത്രിക്കു ബോധ്യമാകൂ എന്നുണ്ടോ എന്തോ…
കൊല നടത്തുന്നവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും എന്താണ് പറയാനുള്ളത് എന്നും ജനത്തിനു മനസ്സിലായിട്ടില്ല. രണ്ടു ജില്ലാക്കമ്മിറ്റികള്‍ വെവ്വേറെ യോഗം ചേര്‍ന്ന് സംഭവം നിര്‍ത്താന്‍ തീരുമാനിച്ചാല്‍ അതങ്ങു നില്‍ക്കും. കൊലയുടെ കാരണം അന്വേഷിക്കാന്‍ പുറപ്പെട്ടാല്‍ ഒന്നും എങ്ങും എത്തുകയില്ല. കോഴിയോ അതല്ല മുട്ടയോ ആദ്യം ഉണ്ടായത് എന്ന ചര്‍ച്ച പോലിരിക്കും തലശ്ശേരിയില്‍ ആര്‍.എസ്.എസ്. ആണോ സി.പി.എം. ആണോ കൊല തുടങ്ങിയത് എന്നു ചര്‍ച്ച ചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top