സ്വാശ്രയകോളേജുകളിലെ ഫീസ് കുറയ്ക്കാന്‍ വേണ്ടിയായിരുന്നു യു.ഡി.എഫിന്റെ സമരം. പഴയ കെ.എസ്.യു. കാലം മുതലുള്ള എല്ലാ സമരങ്ങളുംപോലെ ഇതും ഐതിഹാസികസമരം തന്നെ. സമരം യു.ഡി.എഫ്. വകയായിരുന്നുവെങ്കിലും ഫലത്തില്‍ എല്ലാം കോണ്‍ഗ്രസ് വകയാണ് ഈയിടെയായി. സമരം ഉശിരനായിരുന്നു എന്നു പറയാതെ വയ്യ. ഭേദപ്പെട്ട നിലയില്‍ നല്ലൊരു വിഭാഗം ഖദര്‍ധാരികള്‍ക്ക് ലാത്തിയടി വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞു. ഇക്കാലത്തും ഇതിനൊക്കെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വരുന്നുണ്ട് എന്നതുതന്നെ വലിയ കാര്യം. ലാത്തിയടി വേണ്ടത്ര കിട്ടാത്തയിടങ്ങളില്‍ കുപ്പിയിലാക്കിക്കൊണ്ടുവന്ന ചുവപ്പുമഷി ഉപയോഗപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചാനലുകളില്‍ ഒരു വര്‍ണപ്പൊലിമയ്ക്ക് ചെയ്തതാവും. തെറ്റുപറഞ്ഞുകൂടാ.
എന്തായാലും സമരം വിജയമായിരുന്നു എന്നാണ് പാര്‍ട്ടിയും മുന്നണിയും വിലയിരുത്തിയിരിക്കുന്നത്. ഫീസ് കുറഞ്ഞില്ലെങ്കിലെന്ത്? സമരം വിജയിച്ചില്ലേ, അതുമതി. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ സന്നദ്ധമാണെന്ന് ചില മാനേജ്‌മെന്റുകള്‍ പ്രസ്താവിച്ചതുതന്നെ സമരത്തിന്റെ ശക്തി കാരണമാണല്ലോ. സംശയമില്ല. മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാറിനെ വലിയ ഭയമൊന്നുമില്ല. അതുപോലെയാണോ യു.ഡി.എഫ്.? ഭയപ്പെടാതെ പറ്റില്ല. സമരം തക്കസമയത്തു നിര്‍ത്തിയതു ഭാഗ്യം. എല്ലാംകൊണ്ടും സമരം വിജയകരമായിരുന്നു. അല്ലെങ്കിലും ഏത് സമരമാണ് തോറ്റിട്ടുള്ളത്; തോറ്റചരിത്രം കേട്ടിട്ടേയില്ലല്ലോ.
ഫീസ് കുറയ്ക്കാമെന്ന വാഗ്ദാനം വിലവെക്കാതിരുന്നത് സര്‍ക്കാറാണ്. മാനേജ്‌മെന്റുകള്‍ വളരെ ഉദാരമനസ്‌കരാണല്ലോ. ഫീസ് കുറയ്ക്കാം, തലവരി കൂട്ടാം എന്നൊരു ധാരണയില്‍ സംഗതി അവസാനിപ്പിക്കാമായിരുന്നു. അതുണ്ടായില്ല. ഇപ്പോള്‍ തലവരി തലവരിയായും വര്‍ധിച്ച ഫീസ് ഫീസായും നിലനിര്‍ത്താനായി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കാര്യം ശരിയായില്ലെങ്കിലും സമരക്കാരുടെയും മാനേജ്‌മെന്റുകളുടെയും സര്‍ക്കാറിന്റെയുമെല്ലാം കാര്യം ശരിയായല്ലോ, അതുതന്നെ ധാരാളം. കഴിഞ്ഞവര്‍ഷത്തെ യു.ഡി.എഫ്. ഓഹരിവെപ്പിനെക്കാള്‍ ഇത്തവണത്തെ ഡീലാണ് വിദ്യാര്‍ഥികള്‍ക്ക് ഗുണമായതെന്നും അതുകൊണ്ടുതന്നെ യു.ഡി.എഫ്. സമരത്തിന് അര്‍ഥമില്ലെന്നും പറയുന്നവര്‍ കാണും. പറഞ്ഞുകൊള്ളട്ടെ. അതുകൊണ്ടൊന്നും സമരം വേണ്ടെന്നുവെക്കാനാവില്ല.
തിരഞ്ഞെടുപ്പിനുശേഷം തീരേ അവശനിലയിലായിരുന്നല്ലോ മുന്നണി. പക്ഷാഘാതമായിരുന്നു. വായ ഒഴികെയുള്ള അവയവങ്ങളൊന്നും കാര്യമായി അനങ്ങിയിരുന്നില്ല മൂന്നുമാസത്തോളം. കാലുകള്‍ അല്പം അനങ്ങിയപ്പോള്‍ ആദ്യം അതുപയോഗിച്ചത് മാണി ഗ്രൂപ്പുകാരാണ്. അവരങ്ങു കാലുമാറി. കോണ്‍ഗ്രസ്സുകാര്‍ പരസ്പരം ചവിട്ടുക എന്ന പരമ്പരാഗതവിനോദത്തില്‍ ഏര്‍പ്പെട്ട് നേരംപോക്കി. സര്‍ക്കാറിന്റെ കൃപകൊണ്ട് അവശിഷ്ട യു.ഡി.എഫിന്റെ ഏതാണ്ടെല്ലാ അവയവങ്ങള്‍ക്കും ഇപ്പോള്‍ ജീവന്‍വെച്ചിട്ടുണ്ട്. ഫീസ് പ്രശ്‌നം ഉത്തേജനൗഷധമായിരുന്നു. ഫീസ് കുറയ്ക്കാത്ത കോളേജുകളില്‍പ്പോയിയെന്താണ് സമരം ചെയ്യാത്തത് എന്നു മുഖ്യമന്ത്രി ചോദിച്ചതുകേട്ട് അങ്ങോട്ടുപോകാനുള്ള മണ്ടത്തരമൊന്നും യു.ഡി.എഫിനുണ്ടാകില്ല. സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരെ സമരം ചെയ്തിട്ടുവേണം ഇപ്പോഴുള്ള അരജീവനും ഇല്ലാതാക്കാന്‍. വിജയന്റെ വിദ്യ കൈയിലിരിക്കട്ടെ.
നാലഞ്ച് എം.എല്‍.എ.മാരെക്കൊണ്ട് നാലഞ്ചുദിവസം ഉപവസിപ്പിക്കാനായത് ചില്ലറക്കാര്യമല്ല. ഇക്കാലത്ത് ഇതിനൊക്കെ ആരെക്കിട്ടാനാണ്. എം.എല്‍.എ. ആകാന്‍ ലക്ഷങ്ങള്‍ ചെലവിട്ടതാണ്. അതിന്റെ വിയര്‍പ്പ് ഏതാണ്ട് അടങ്ങിവരുന്നേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പട്ടിണിസമരം നടത്തണമെന്നു പറയുന്നത്. ഇക്കാലത്ത് എല്ലായിടത്തും സി.സി.ടി.വി. ക്യാമറയെല്ലാമുള്ളതുകൊണ്ട് പണ്ടത്തെപ്പോലെയല്ല. ഉപവാസമെന്നാല്‍ ഉപവാസം തന്നെയാണ്. എന്നിട്ടും ഇത്ര പേരെയൊക്കെ കിട്ടിയത് അദ്ഭുതംതന്നെ. മുതിര്‍ന്ന കോണ്‍ഗ്രസ്സുകാര്‍, ജനതാദള്‍(യു), ആര്‍.എസ്.പി. തുടങ്ങിയ കൂട്ടര്‍ക്കെല്ലാം ആമാശയപരമായ പ്രശ്‌നങ്ങളാല്‍ ഉപവസിക്കാന്‍ കഴിയില്ല. മുസ്‌ലിംലീഗുകാര്‍ക്ക് ആമാശയപ്രശ്‌നത്തെക്കാള്‍ വലിയ ആശയപരമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് അവര്‍ക്കും ഉപവസിക്കാന്‍ പറ്റില്ല. എന്തായാലും ചുരുങ്ങിയ ദിവസത്തെ സമരത്തിനിടയില്‍ ഒരു ജില്ലാ ഹര്‍ത്താല്‍ കൂടി തരമാക്കിയതുകൊണ്ട് ഒരു ജില്ലയിലെങ്കിലും ജനശാപവും കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു ആഭ്യന്തരപോരാട്ടത്തിന് വകയും കിട്ടി.
കൃത്യസമയത്ത് മുന്നണിവിട്ടുപോരാന്‍ തന്നില്‍ ബുദ്ധിയുദിപ്പിച്ചതിന് കര്‍ത്താവിനോട് നന്ദിപറഞ്ഞ് സൈഡിലങ്ങനെ നില്‍പ്പാണ് മാണിസാര്‍. യു.ഡി.എഫ്. വിട്ടുപോന്നിരുന്നില്ലെങ്കില്‍ വെറുതേപോയി തല്ലുകൊള്ളേണ്ടി വരുമായിരുന്നു. സന്തതസഹചാരികളായ മാനേജ്‌മെന്റുകളുടെ അപ്രിയം വേറെയും. ഇപ്പോള്‍ ഇടതിനെയും വലതിനെയും ബി.ജെ.പി.യെയും കൊതിപ്പിച്ച് അങ്ങനെ നില്‍ക്കാം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനമാവുമ്പോഴേക്ക് യു.ഡി.എഫ്. ഗേറ്റില്‍ ചെന്നുമുട്ടിയാല്‍ മതിയല്ലോ. അവരുടെ എന്‍ട്രി ഗേറ്റ് തുറപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. എക്‌സിറ്റ് ഗേറ്റ് മാത്രമേ അടച്ചിടാറുള്ളൂ. അതില്‍ കാര്യവുമില്ല. പോകേണ്ടവര്‍ മതിലുചാടിയും പോകും.
നല്ല കാലത്താണ് ഫീസ് പ്രശ്‌നം ഉണ്ടായത് എന്ന ആശ്വാസം ബി.ജെ.പി.ക്കാര്‍ക്കുമുണ്ട്. കോഴിക്കോട്ടെ മാമാങ്കത്തില്‍ പിടിപ്പതു പണിയായിരുന്നു. എന്തായാലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ അതും സമാപിച്ചു, ഫീസ് പ്രശ്‌നവും സമാപിച്ചു. ബാക്കി സര്‍ക്കാറും കോടതിയും നോക്കിക്കോളും. പണ്ടത്തെ കാലമല്ല ഇത്. അന്നൊക്കെ സ്വകാര്യകോളേജ് എന്നുപറഞ്ഞാല്‍ ഒക്കെ പള്ളിക്കാരും പട്ടക്കാരുമായിരുന്നു. ഇന്നത് പള്ളിക്കാരും പട്ടക്കാരും മാത്രമല്ല പാര്‍ട്ടിക്കാരുമാണ്. എല്ലാവരും സ്വന്തക്കാര്‍ തന്നെ. സ്വാശ്രയ ഫീസ് അടുത്തവര്‍ഷം കുത്തനെ ഉയരുമെന്ന് മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പോര് ഇനി അടുത്തവര്‍ഷം പൂര്‍വാധികം ആഘോഷപൂര്‍വം നടത്തുന്നതായിരിക്കും. അതുവരെ വിട.
****
മന്ത്രി ഇ.പി. ജയരാജന്റെ പത്രക്കാരോടുള്ള മറുപടിയാണ് ശരിയായ വിപ്ലവമറുപടി. ബന്ധുനിയമനം സംബന്ധിച്ച ചോദ്യം മറുപടി അര്‍ഹിക്കുന്നതല്ല എന്നായിരുന്നു ആ ചരിത്രപ്രധാന മറുപടി. അങ്ങനെത്തന്നെ വേണം. എന്തും ആരോടും ചോദിക്കാമെന്നുവെച്ച് ജയരാജന്‍സഖാവിന്റെ അടുത്ത് അതുംകൊണ്ടുവരേണ്ട. മന്ത്രിയുടെ കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിച്ചത് എല്ലാംകൊണ്ടും യോഗ്യനായ ഒരാളെയാണ്. പാര്‍ട്ടിയുടെ കുടുംബത്തിലെ അംഗമാണെന്നത് കുറ്റമല്ല. അതൊരു അഡീഷണല്‍ ക്വാളിഫിക്കേഷന്‍ മാത്രം. ബന്ധുബലം ശക്തമായതിന്റെ പേരിലാണ് പത്രക്കാരും പ്രതിപക്ഷക്കാരും വാളെടുക്കുന്നത്. ബന്ധുവിനെ നിയമിക്കരുതെന്ന് ഏതു ഭരണഘടനയിലാണുള്ളത്?
മറുപടി അര്‍ഹിക്കാത്ത ചോദ്യമാണെങ്കിലും മന്ത്രി ഒരു കാര്യം സന്ദര്‍ഭവശാല്‍ പറഞ്ഞു. തന്റെ ബന്ധുക്കള്‍ ഇങ്ങനെ പല പദവികളിലും കാണും എന്നതാണ് അത്. ഏറെ പ്രതിഭാശാലികളുള്ള കുടുംബമാണല്ലോ. അതുകൊണ്ട് ആ പ്രസ്താവന ന്യായംതന്നെ. എന്നാലും പിറ്റേന്നു ലിസ്റ്റ് ബി.ജെ.പി.ക്കാര്‍ പുറത്തിറക്കിയപ്പോഴാണ് ഇത്രയും പ്രതിഭാസമ്പന്നമാണ് ആ കുടുംബം എന്നു മനസ്സിലായത്. മന്ത്രികുടുംബം പോലെ പ്രതിഭകള്‍ നിറഞ്ഞ അനേക കുടുംബങ്ങള്‍ പാര്‍ട്ടിയില്‍ വേറെയും ഉണ്ടെന്നും മനസ്സിലായി. ജയരാജന്‍ മന്ത്രിയായിട്ട് നാലു മാസമല്ലേ ആയിട്ടുള്ളൂ. ഇനിയെത്ര കാലം ബാക്കി കിടക്കുന്നു… വ്യവസായവത്കരണം എന്താണ് എന്നു കാണിച്ചുതരാം. വിവാദമായ നിയമനം റദ്ദാക്കിയതു വിവാദം കാരണമല്ല. നിയമനം ലഭിച്ചയാള്‍ക്ക് അതേറ്റെടുക്കാന്‍ തിടുക്കമില്ലാത്തതുകൊണ്ട് തത്കാലം വേണ്ടെന്നുവെച്ചു. അത്രമാത്രം. വേറെ അര്‍ഥമൊന്നും വായിക്കേണ്ട.
****
ശമ്പളവും ക്ഷാമബത്തയും യാത്രാബത്തയും ഇന്‍ക്രിമെന്റും പ്രൊമോഷനുമുള്ള ജോലികളില്‍ മന്ത്രിബന്ധുക്കളെ നിയമിക്കുന്നതേ വിവാദമാകൂ. അതങ്ങു വേണ്ടെന്നു വെക്കുന്നതാവും ബുദ്ധി. ഇതല്ലാത്ത എത്രയെത്ര ചെയര്‍മാന്‍ പദവികളും മെമ്പര്‍ പദവികളും കിടക്കുന്നു. അവയിലൊന്നും ആരെ നിയമിച്ചാലും ആരും ചോദിക്കാന്‍ പോകുന്നില്ല. ആരെ വേണമെങ്കിലും പാര്‍ട്ടിക്ക് നിയമിക്കാം. പല ചെയര്‍മാന്മാരുടെയും ശമ്പളം ഓഫീസിലെ അറ്റന്ററുടെ ശമ്പളത്തിനും താഴെയാണ്. എന്നാല്‍, ലക്ഷങ്ങള്‍ ശമ്പളമുള്ള ഇത്തരം പദവികളുമുണ്ട്. ഇതിലെല്ലാം മന്ത്രിബന്ധുവിനെയും നിയമിക്കാം, പാര്‍ട്ടി ബന്ധുവിനെയും നിയമിക്കാം. എം.എല്‍.എ., എം.പി. പദവികളുടെ സ്ഥിതിയും അതുതന്നെ. മക്കളെ എം.എല്‍.എ.യോ എം.പി.യോ മന്ത്രിയോ ആക്കിയാല്‍ ആരും ചോദിക്കില്ല. ചില പാര്‍ട്ടികളില്‍ പ്രധാനമന്ത്രിയാക്കുന്നതുപോലും മക്കളെയല്ലേ!
ഇപ്പോള്‍ ഏതു മുന്നണി വന്നാലും പാര്‍ട്ടിക്കാരെ കുത്തിനിറയ്ക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങള്‍ തലസ്ഥാനത്തുണ്ട്. സ്ഥാപനം നടത്തുന്നത് ചുക്ക് വ്യാപാരമാണോ ചുണ്ണാമ്പുവ്യാപാരമാണോ എന്നറിയാത്തവരാവും ചെയര്‍മാനാവുക. നല്ല ബത്ത കിട്ടുന്ന ഇത്തരം പോസ്റ്റുകളുടെ പത്തു ശതമാനമെങ്കിലും മന്ത്രിബന്ധുക്കള്‍ക്ക് നീക്കിവെക്കാന്‍ ധാരണയും കീഴ്‌വഴക്കവും ഉണ്ടാക്കിയാല്‍പ്പിന്നെ ഈ വൃത്തികെട്ട പത്രക്കാര്‍ മറുപടി അര്‍ഹിക്കാത്ത ചോദ്യങ്ങളുമായി പാഞ്ഞുവരില്ല.