ഈ ചാനലുകാര്‍ ഭയങ്കരപുള്ളികളാണെന്ന് അറിയാത്തവരില്ല. വാര്‍ത്തയുണ്ടാക്കാന്‍വേണ്ടി അക്കൂട്ടര്‍ വിമാനം തട്ടിയെടുത്തതായും സ്‌ഫോടനം നടത്തിയതായും ഒക്കെ കേട്ടിട്ടുണ്ട്. സിനിമയിലും നോവലിലുമൊക്കെയാണെന്നയുള്ളൂ. യഥാര്‍ഥലോകത്തില്‍ അതൊക്കെ വലിയ പൊല്ലാപ്പാണ്. ചില്ലറ വേലത്തരങ്ങളൊക്കെ ചെയ്‌തെന്നിരിക്കും. ഏറ്റം വന്നാലിത്ര വരാമോ എന്നു ചോദിച്ചതുപോലെ, മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ആളെ വാടകയ്‌ക്കെടുക്കുമോ ഏതെങ്കിലും ചാനലുകാരന്‍? വാര്‍ത്തയ്ക്കു പിറകെ പോകാന്‍ ഓട്ടോറിക്ഷ വാടകയ്‌ക്കെടുക്കാന്‍ കാശില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കൂലിക്ക് ആളെ വാടകയ്‌ക്കെടുക്കുന്നത്!
സംഭവിക്കാറുള്ളത് നേരേ തിരിച്ചാണ്. വാര്‍ത്തയില്‍ കേറിപ്പറ്റാനുള്ള സാധ്യതയുണ്ടെങ്കില്‍ എന്തു ചെയ്യാനും മടിക്കാത്തവര്‍ മിക്ക പാര്‍ട്ടികളിലും ഇഷ്ടംപോലെയുണ്ട്. യൂത്ത് കോണ്‍ഗ്രസ്സിന്റെ കാര്യം പ്രത്യേകം പറയേണ്ട. ബസ്സിന് കല്ലെറിയുന്നതുപോലും ചാനലുകാരെ വിവരമറിയിച്ചാണ്. പ്രകടനം അക്രമാസക്തമാകുന്നത് ചാനല്‍വണ്ടികള്‍ സ്ഥലത്തെത്തി എന്നുറപ്പായ ശേഷമാണ്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നതാണോ പിന്നെ ചാനലുകാരെയും ഫോട്ടോഗ്രാഫര്‍മാരെയും അറിയിക്കാതെ സ്വകാര്യമായി ചെയ്യുന്ന കാര്യം?
യൂത്ത് കോണ്‍ഗ്രസ്സുകാരെപ്പറ്റി മുഖ്യമന്ത്രിക്ക് നല്ല മതിപ്പായിരുന്നു. അവര്‍ സ്വന്തംനിലയ്ക്ക് കരിങ്കൊടി കാട്ടുന്നവരല്ല. കാട്ടുന്നുണ്ടെങ്കില്‍ത്തന്നെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമോ? ഇല്ലേയില്ല. അപ്പോഴാരാവും കരിങ്കൊടി കാട്ടിയിട്ടുണ്ടാവുക? യൂത്തന്മാരേക്കാള്‍ നിലവാരം കുറഞ്ഞ കൂട്ടരുള്ളത് ചാനലുകാരാണ്. അവര്‍തന്നെയും സ്വയം ചെയ്യില്ല. ഗുണ്ടകളെ വാടകയ്‌ക്കെടുത്താവും ചെയ്യിക്കുക. അതാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. അതിനെത്തുടര്‍ന്നാണ് ചിലര്‍ക്ക് നിയമസഭയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതും എടോ പോടോ വിളിച്ചതും.
പിന്നീട് എല്ലാം ശാന്തമായി. കാരണം, യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറഞ്ഞല്ലോ കരിങ്കൊടി കാട്ടിയത് അവരാണെന്ന്. കോണ്‍ഗ്രസ്സുകാരെ മുഖ്യമന്ത്രിക്ക് നല്ല വിശ്വാസമാണ്. ചില ചാനല്‍വിരുതന്മാര്‍ ഇങ്ങനെ പലതും മുമ്പ് ചെയ്തിട്ടുണ്ടല്ലോ. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക്പുതിയ തോന്നലുകള്‍ ഉണ്ടായത്. അങ്ങനെ തോന്നിയത് തെറ്റിയെന്ന് പിന്നെ തോന്നി. പക്ഷേ, തെറ്റിയെന്ന് സമ്മതിക്കില്ല. തോന്നലുകള്‍ക്ക് തെറ്റുംശരിയും ഇല്ല. തോന്നലാണെല്ലാം വെറും തോന്നലാണെന്നും തോന്നി എന്നു പറഞ്ഞാല്‍ മതിയല്ലോ.
ഇപ്പോഴും തീരാത്ത ഒരു സംശയമുണ്ട്. കരിങ്കൊടി എന്നു പറയുന്നത് എന്താണ് സാധനം? അതെടുത്തു കാട്ടിയാല്‍ തീവണ്ടി നില്‍ക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. കാറില്‍ പോകുന്ന ആര്‍ക്കെങ്കിലും നേരേ കരിങ്കൊടി വീശിയാല്‍ കാറിലുള്ള ആള്‍ക്ക് ശക്തിക്ഷയമോ രോഗബാധയോ മറ്റോ ഉണ്ടാകുമോ? കരിങ്കൊടിയില്‍ രോഗാണുക്കള്‍ ഉണ്ടായേക്കുമോ? മഞ്ഞ, ഡെങ്കു, ലസ്സ, അറീന പനി വൈറസ്സുകള്‍? കരിങ്കൊടി വീശുന്നവന്റെ ആവേശവും അതു തടയാന്‍ ഒരുങ്ങുന്ന പോലീസിന്റെ വീര്യവും അത് ചിത്രത്തിലാക്കാന്‍ ചാടിവീഴുന്ന മാധ്യമക്കാരുടെ വ്യഗ്രതയും കണ്ടാല്‍ തോന്നുക എന്തോ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കാ’ണ് സംഗതി എന്നാണ്. ഒന്നുമില്ല. വെറും തോന്നല്‍ മാത്രം.
രോഷം, ദുഃഖം, പ്രതിഷേധം, തടസ്സം തുടങ്ങിയ ശോഭനമല്ലാത്ത സംഗതികള്‍ പ്രകടിപ്പിക്കാന്‍ കറുപ്പാണല്ലോ കാണിക്കുക. ഇതിലൊരു വര്‍ണവിവേചന, വര്‍ണവൈര നിലപാടുണ്ട് എന്ന് ഈയിടെയായി കണ്ടുപിടിച്ചിട്ടുണ്ട്. കറുപ്പ് മോശം നിറവും വെള്ള നല്ല നിറവുമാണോ? വക്കീലന്മാര്‍ കറുത്ത കോട്ടിടുന്നത് അവര്‍ മോശക്കാരായതുകൊണ്ടാണോ…അല്ലേയല്ല. എല്ലാം ഓരോ തോന്നലുകള്‍ മാത്രം. കരിദിനം, കരിങ്കൊടി തുടങ്ങിയ പ്രതീകങ്ങള്‍ക്കുപകരം ഇനി വരട്ടെ ധവളദിനം, ധവളക്കൊടി കാട്ടി പ്രതിഷേധം, ധവളബാഡ്ജ് ധരിച്ച് അനുശോചനം എന്നിത്യാദി പുതിയ സംഗതികള്‍. കാലത്തിനൊത്ത് മാറട്ടെ.
****
ഹര്‍ത്താല്‍ മാരണത്തെ കേരളത്തില്‍നിന്ന് തുടച്ചുനീക്കാന്‍ പ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നൊരു തെറ്റിദ്ധാരണ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കു പോലുമുണ്ട്. സ്വാശ്രയകോളേജ് ഫീസ് വര്‍ധന എന്ന അനീതി ചെറുക്കാന്‍വേണ്ടി സമരം ചെയ്ത പാവപ്പെട്ട യൂത്തുകാരെ ലാത്തിയടി, ഗ്രനേഡ് ഏറ് തുടങ്ങിയ വലിയ അന്യായം കൊണ്ട് പോലീസ് നേരിട്ടതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു കൊടിയ ഹര്‍ത്താലാക്രമണം. അതിലെന്ത് തെറ്റ്?
പറഞ്ഞതു പാലിക്കണം, നിന്നേടത്തു നില്‍ക്കണം തുടങ്ങിയ പിന്തിരിപ്പന്‍ നിലപാടുകളുള്ള വി.ഡി. സതീശനെപ്പോലെ ചിലര്‍ക്ക് ഇതിനോട് യോജിപ്പില്ല. ഹര്‍ത്താല്‍ ആഹ്വാനത്തെ സതീശന്‍ വിമര്‍ശിച്ചത് പാര്‍ട്ടിവിരുദ്ധമാണ്. ഹര്‍ത്താല്‍ പാടില്ല എന്നു പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. ശരിയാണ്. പക്ഷേ, യു.ഡി.എഫ്. ഭരിക്കുമ്പോള്‍ പാടില്ല എന്നേ അതിനര്‍ഥമുള്ളൂ.
സി.പി.എമ്മുകാരോ ബി.ജെ.പി.ക്കാരോ ഒന്നും ചെയ്യാത്തത്ര അക്രമം ഇത്തവണ യൂത്തുകാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ ചെയ്തു എന്നു ചിലരെല്ലാം പറയുന്നുണ്ട്. അതും ഒരു തോന്നലാണ്. ജന്മനാ ഗാന്ധിയന്മാരും ഹര്‍ത്താല്‍ വിരോധികളും ആയതുകൊണ്ട് യൂത്തുകാര്‍ നികൃഷ്ടപ്രവൃത്തികളൊന്നും ചെയ്യില്ല. എന്നുവെച്ച് ഹര്‍ത്താലിന് ജനം കട തുറക്കാനും ബസ്സോടിക്കാനും തുടങ്ങിയാല്‍ എന്തുചെയ്യും ? യഥാര്‍ഥസ്വഭാവം പുറത്തുകാട്ടാതെ ഹര്‍ത്താല്‍ വിജയിക്കുമോ? ഇനിയും നാലേ മുക്കാല്‍ കൊല്ലം ബാക്കി കിടന്നില്ലേ. ഇനിയെത്ര ഹര്‍ത്താല്‍ നടത്താനുണ്ടെന്നോ…
ബന്ദ് നിരോധിച്ച കോടതി എന്താണ് ഒന്നും ചെയ്യാത്തതെന്ന് പൊതുജനം ചോദിക്കുന്നുണ്ട്. ജനത്തിനുണ്ടായ അവര്‍ണനീയമായ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവരുടെ മേല്‍ 250 കോടി രൂപ പിഴ വിധിച്ചുകൂടേ എന്നും അവര്‍ ചോദിക്കുന്നതു കേട്ടു. ഒരാളുടെ മാനനഷ്ടത്തിന് നൂറുകോടി രൂപ പിഴ വിധിച്ചിട്ടുണ്ട് നമ്മുടെ കോടതി. പക്ഷേ, ഇവിടെ ഒരു തടസ്സമുണ്ട്. ബന്ദേ കോടതി നിരോധിച്ചിട്ടുള്ളൂ. ബന്ദ് തന്നെയാണ് ഹര്‍ത്താല്‍ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. തെളിവില്ലാതെ എന്തുചെയ്യും? മാത്രവുമല്ല, കോടതിക്ക് വേറെ സംശയവുമുണ്ട്. ചീഫ് ജസ്റ്റിസ് പറയുന്നത് ഹൈക്കോടതി വളപ്പിനകത്ത് നടക്കുന്നില്ല. ആദ്യം അതൊന്ന് ഉറപ്പാക്കട്ടെ. എന്നിട്ടു കടക്കാം പുറത്തേക്ക്.
****
അദ്ഭുതം! കെ. ബാബു അഴിമതിക്കാരനല്ല എന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അതിവേഗം കണ്ടെത്തി! ഏകകണ്ഠമായിരുന്നു അതെന്ന് കെ.പി.സി.സി. പ്രസിഡന്റ് പറയുന്നു. കാക്കത്തൊള്ളായിരം ഗ്രൂപ്പും താത്പര്യങ്ങളുമെല്ലാമുള്ള കോണ്‍ഗ്രസ് എന്തെങ്കിലും കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്തിയാല്‍ അന്ന് കാക്ക മലര്‍ന്നു പറക്കാറുണ്ട്. കെ. ബാബുവിന്റെ കാര്യം വന്നപ്പോള്‍ അങ്ങനെ പറന്നു. എല്ലാ ഭിന്നതകളും വെണ്ണ പോലെ ഉരുകിപ്പോയി.
ഗവണ്മെന്റ് റെയ്ഡും കേസുമായി നടക്കാന്‍ തുടങ്ങിയിട്ട് കുറേ ദിവസമായല്ലോ. സകലമാന കോണ്‍ഗ്രസ് യു.ഡി.എഫ്. നേതാക്കളും വന്‍മതില്‍ പോലെ ബാബുവിനു ചുറ്റുമായി സംരക്ഷണം തീര്‍ത്തപ്പോഴും സുധീരനെ അവിടെയൊന്നും കാണാനില്ലായിരുന്നു. എന്താണ് അദ്ദേഹം ഒന്നും മിണ്ടാത്തത് എന്നു സംശയിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ മനസ്സിലായി. സുധീരന്‍ കേസ് പഠിക്കുകയായിരുന്നു. വിജിലന്‍സ് ശേഖരിച്ച തെളിവുകള്‍ ഓരോന്നായി ഇഴകീറി പരിശോധിക്കുകയായിരുന്നു. വിജിലന്‍സ് ചോദ്യംചെയ്ത ദൃക്‌സാക്ഷികളെയും പരാതിക്കാരെയും സുധീരനും ചോദ്യംചെയ്യുകയായിരുന്നു. എക്‌സൈസ് വകുപ്പിലെ ഫയലുകളും നോക്കി.
ഇത്തരം സന്ദര്‍ഭങ്ങളില്‍ കെ.പി.സി.സി. ഒരു അന്വേഷണക്കമ്മീഷനെ നിയോഗിക്കുകയാണ് പതിവ്. അതൊന്നും ഇക്കാര്യത്തില്‍ ഉണ്ടായില്ല. സുധീരന്റെ ഏകാംഗ അന്വേഷണമായിരുന്നു. ഒടുവില്‍ മനസ്സിലായി വിജിലന്‍സിന്റെ കൈവശം തെളിവൊന്നുമില്ല, കെ. ബാബു ശുദ്ധനാണ്, പരിശുദ്ധനാണ്, വിശുദ്ധനാണ്. സംശല്യ.
സുധീരന്‍ പേരുദോഷമുണ്ടാക്കിയതുകൊണ്ടാണ് താന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതെന്ന പരിഭവം ബാബുവിന് ബാക്കിയുണ്ട്. ഇത്രയും ആയ സ്ഥിതിക്ക് അതിനുമൊരു പരിഹാരം ഉണ്ടാക്കണം. പണ്ടാണെങ്കില്‍ കേന്ദ്രത്തില്‍വല്ല പണിയും വാങ്ങിക്കൊടുക്കാമായിരുന്നു. സാരമില്ല, ഉള്ളതല്ലേ കൊടുക്കാന്‍ പറ്റൂ. കെ.പി.സി.സി.യുടെ നൂറ്റൊന്നാമത് ജന.െസക്രട്ടറിയാക്കിയാല്‍ മുഷിയുമോ എന്തോ..