അഞ്ചുവര്‍ഷക്കാലം യു.ഡി.എഫ്. ഭരണത്തെ സകലവിധത്തിലും സമ്പന്നവും അര്‍ഥവത്തുമാക്കിയ ഒരു മഹാത്മാവാണ് കെ. ബാബു. ത്യാഗിയാണ്, മദ്യം നാക്കുകൊണ്ടുപോലും തൊടില്ല. ഇത്തരം ത്യാഗിവര്യന്മാരെയാണ് കോണ്‍ഗ്രസ് എപ്പോഴും എക്‌സൈസ് വകുപ്പ് ഏല്പിക്കാറുള്ളത്. ഗാന്ധിയന്‍പാര്‍ട്ടിയായതുകൊണ്ട് മദ്യവകുപ്പ് മറ്റ് അധാര്‍മികപാര്‍ട്ടികളെ ഏല്പിക്കാറേയില്ല. ഇടയ്‌ക്കൊരു ശ്രീനാരായണീയനെ ഏല്പിച്ചിരുന്നു. ഗാന്ധിയും ഗുരുവും തമ്മില്‍ ഇക്കാര്യത്തില്‍ ഭേദമില്ല. വിദ്യാഭ്യാസംപോലുള്ള വൃത്തികെട്ട വകുപ്പാകട്ടെ ആറുപതിറ്റാണ്ടെങ്കിലുമായി കോണ്‍ഗ്രസ്സുകാര്‍ തൊട്ടിട്ടില്ല.
2011ല്‍ ഉമ്മന്‍ചാണ്ടി തിരഞ്ഞുപിടിച്ച് കെ. ബാബുവിനെ എക്‌സൈസ് വകുപ്പ് ഏല്‍പ്പിച്ചത് എന്തിനെന്ന് വി.എം. സുധീരനുപോലും പിടികിട്ടിക്കാണില്ല. ഘട്ടംഘട്ടമായി സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള ആദ്യത്തെ കാല്‍വെപ്പ് കുറച്ച് നീട്ടിത്തന്നെ വെക്കാന്‍പറ്റിയ ഒരു വിശ്വസ്തനെയാണ് മുഖ്യന്‍ അന്വേഷിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ പിന്നീട് കണ്ടല്ലോ. സമ്പൂര്‍ണമൊന്നുമായില്ലെങ്കിലും സംഭവം ഒരരിക്കാക്കിയല്ലോ. രണ്ടുമൂന്നുവര്‍ഷം സകലരും ചര്‍ച്ചചെയ്തത് മദ്യത്തെക്കുറിച്ചാണ്. വേറെ ഏത് മന്ത്രിസഭയ്ക്കുണ്ട് അങ്ങനെയൊരു നേട്ടം? മന്ത്രിസഭ മാറിയിട്ടും അവസാനിച്ചിട്ടില്ല ബാബുവിന്റെ അപദാനങ്ങള്‍ വാഴ്ത്തിയുള്ള കഥകള്‍, കഥാപ്രസംഗങ്ങള്‍, മിമിക്രികള്‍, എഫ്.ഐ.ആറുകള്‍, ത്വരിതതുരുതുരാന്വേഷണങ്ങള്‍, ചോദ്യംചെയ്യലുകള്‍, ചാനല്‍ ചര്‍ച്ചകള്‍, കോമഡികള്‍… ഇല്ലന്നേ, അഞ്ചുകൊല്ലം കഴിഞ്ഞാലും തീരില്ല. ചരിത്രത്തില്‍ സ്ഥാനംപിടിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെ വേണം പിടിക്കാന്‍.
എക്‌സൈസ്മന്ത്രിയുടെ ഏറ്റവും വലിയ പൊല്ലാപ്പ് വര്‍ഷംതോറും മദ്യനയം പടച്ചുണ്ടാക്കുകയെന്നതാണ്. എന്തിനാണ് മദ്യനയം മാറ്റുന്നതെന്നോ? പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക മദ്യനയമാറ്റത്തിലൂടെയാണ്. ആഴ്ചതോറും ഡല്‍ഹിക്കുപോകാന്‍ വിമാനക്കൂലിയിനത്തില്‍ പാര്‍ട്ടി എത്രരൂപ ചെലവാക്കുന്നു എന്നതിനെക്കുറിച്ച് വല്ല ധാരണയുമുണ്ടോ ജനത്തിന്? വിവരാവകാശപ്രകാരം ചോദിച്ചാലൊന്നും അതുകിട്ടില്ല. രണ്ട് രാഷ്ട്രീയപ്രതിസന്ധിമതി പാര്‍ട്ടിയുടെ ബജറ്റ് തീരാന്‍. പിന്നെ ബാബുമന്ത്രിവേണം, മദ്യനയം വലിച്ചുനീട്ടുകയോ ഞെക്കിക്കുറുക്കുകയോ ചെയ്ത് കാശുണ്ടാക്കിക്കൊടുക്കാന്‍. തീര്‍ന്നില്ല. ബ്രഹ്മാണ്ഡന്‍ ‘എ’ ഗ്രൂപ്പിനെ കൊണ്ടുനടക്കുന്ന ചുമതലയുമുണ്ട് ബാബുജിക്ക്. ജയിലില്‍ കിടക്കുന്ന കൊലക്കേസ്, തട്ടിപ്പുകേസ് പ്രതിയാണ്, ഏത് ശീലാവതിയാണ് മുഖ്യമന്ത്രിക്കുനേരേ വിരല്‍ചൂണ്ടി മൊഴികൊടുക്കുകയെന്ന് പറയാനൊക്കില്ലല്ലോ. മഹാനായ മുഖ്യമന്ത്രിയുടെയും അതുവഴി മലയാളികളായ എല്ലാവരുടെയും മാനംരക്ഷിക്കാനുള്ള പണം ഉണ്ടാക്കാതെപറ്റുമോ? ഇങ്ങനെ എത്രയെത്ര പ്രതിസന്ധികള്‍… പ്രതിസന്ധികളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും ഉപോത്പന്നങ്ങളായി എത്രയെത്ര ബാങ്ക് ലോക്കറുകള്‍, ബെന്‍സ് കാറുകള്‍, പവനുകള്‍, റിയല്‍ എസ്റ്റേറ്റുകള്‍…
മദ്യത്തിന്റെ ജന്മശത്രുവാണ് ആദര്‍ശസുധീരന്‍. സുധീരന്റെ വലംകൈയും ഉമ്മന്‍ചാണ്ടിയുടെ ഇടംകൈയും ആയിരുന്നല്ലോ ബാബുജി. ബാബുവിനെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല സുധീരന്. പിന്നെ എന്താണ്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ടിക്കറ്റ് കൊടുക്കേണ്ട എന്നുപറഞ്ഞ് വാശിപിടിച്ചൊന്നുമില്ല കേട്ടോ. ഇത്രയും സഹായിയും സത്യവാനും സല്‍പ്പേരുള്ളവനുമായ ബാബു പോയി മത്സരിച്ചുതോല്‍ക്കേണ്ട എന്ന നല്ലബുദ്ധികൊണ്ടുമാത്രം പറഞ്ഞതാണ്. കേട്ടില്ല.
അഞ്ചുവര്‍ഷം മന്ത്രിയായിരുന്ന ആളെ ഇടതുകാര്‍ വേട്ടയാടുമ്പോള്‍ പി.സി.സി. പ്രസിഡന്റ് സിംഹമായി ഗര്‍ജിക്കേണ്ടേ എന്നാണ് ചോദ്യം. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന നിലപാടുകാരനാണ് സുധീരന്‍. മൗനവ്രതമായതുകൊണ്ട് മിണ്ടിയില്ല എന്നേയുള്ളൂ. ബാക്കി വഴിയേ മനസ്സിലായിക്കൊള്ളും ജനത്തിന്. സുധീരന്‍ മിണ്ടിയാലും ഇല്ലെങ്കിലും ബാബുവിന്റെ പേരുദോഷമൊന്നും കുറയാന്‍പോകുന്നില്ല. മാണി നിരപരാധിയാണെന്ന് സുധീരന്‍ പറഞ്ഞതുകൊണ്ടൊന്നും മാണിയുടെ പേരുദോഷം കുറഞ്ഞിട്ടില്ല. ബാബുവിന്റെ കേസുകളെപ്പറ്റി എന്തുപറയാനാണ്… ബാബു നിരപരാധിയാണെന്നോ? അല്ലെന്നോ? പറയേണ്ടത് നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നാണ്. അതിന്റെ കോപ്പിറൈറ്റ് പക്ഷേ, ഉമ്മന്‍ചാണ്ടിയുടെ കൈവശമല്ലേ, ഒന്നും മിണ്ടാന്‍വയ്യ…
****
പൂക്കളം, നിലവിളക്ക് തുടങ്ങിയ പുരാതനസംഗതികള്‍ ഈ നൂറ്റാണ്ടില്‍ ചാനല്‍ചര്‍ച്ചയാകുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ അന്തവും കുന്തവും കിട്ടില്ല. ചാനല്‍ചര്‍ച്ചയാകുന്നത് പിന്നെയും സഹിക്കാം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അത് സൈദ്ധാന്തികചര്‍ച്ചയാകുമ്പോഴോ? സഹിക്കില്ല.
മന്ത്രി ജി. സുധാകരന് ചിലപ്പോള്‍ മതേതരത്വം തലയില്‍ക്കേറും. കമ്യൂണിസത്തിലെ മതേതരത്വവും ഭരണഘടനയില്‍ മതനിരപേക്ഷതയും കൂടിച്ചേരുമ്പോള്‍ ഡോസ് കുറച്ചേറും. അങ്ങനെയൊരു ഘട്ടത്തിലാണ് സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് നിലവിളക്കും പ്രാര്‍ഥനയുമൊന്നും വേണ്ടെന്ന് അദ്ദേഹം അടിച്ചുവിട്ടത്.
ഏതോ ഒരിടത്ത് സുധാകരന്റെ പ്രസംഗം നടക്കുന്ന പറമ്പിനുപുറത്ത് റോഡരികില്‍ നിലവിളക്കുകൊളുത്തിവെച്ച് ഒരു പഞ്ചായത്തംഗം ചാനല്‍ക്യാമറയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ വിജയിച്ചു. നിലവിളക്കുകൊളുത്താന്‍ മന്ത്രി അനുവദിക്കാത്തതുകൊണ്ട് പുറത്ത് കൊളുത്തി എന്നതായിരുന്നു ന്യായം. തടികുറയ്ക്കാന്‍ നൂറ്റൊന്നു മാര്‍ഗങ്ങള്‍, പ്രമേഹം മാറ്റാന്‍ ഡസന്‍ ഒറ്റമൂലികള്‍ തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന ചില കൊച്ചുപുസ്തകങ്ങള്‍പോലെ ചാനല്‍ശ്രദ്ധയാകര്‍ഷിക്കാനുള്ള നൂറ് ഞുണുക്കുവിദ്യകള്‍ എന്നപേരില്‍ പുസ്തകം ഇറങ്ങിക്കാണണം. എന്തായാലും സുധാകരന്‍ ഉടന്‍ പാര്‍ട്ടിലൈന്‍ പുറത്തെടുത്തു. ആരുപറഞ്ഞു നിലവിളക്ക് കൊളുത്തില്ല എന്ന്. ദിവസം നാല് എന്നക്രമത്തിലാണ് താന്‍ നിലവിളക്ക് കൊളുത്തിക്കൊണ്ടിരിക്കുന്നത്.
ഈ റെയ്റ്റില്‍ പോയാല്‍ മന്ത്രിസ്ഥാനമൊഴിയുമ്പോഴേക്ക് ഏഴായിരം നിലവിളക്ക് കൊളുത്തി ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിക്കും. സുധാകരനോടാണോ കളി.
ഇ.പി. ജയരാജന്‍ വേറെയാണ് ഇനം. നിലവിളക്ക്, പ്രാര്‍ഥന വിഷയങ്ങളില്‍ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം വേണമെന്ന് ഭരണഘടനയിലൊന്നുമില്ല. പ്രാര്‍ഥനയും നിലവിളക്കും പാടില്ല എന്ന് സി.പി.എം. ഭരണഘടനയിലും പറയുന്നില്ല. നിലവിളക്ക് കൊളുത്തുന്നത് നല്ലൊരു ഐശ്വര്യമാണെന്നാണ് ജയരാജന്‍ സഖാവ് പറയുന്നത്. ഐശ്വര്യത്തിന് പുതിയ വല്ല ഭൗതികവാദ നിര്‍വചനവും കണ്ടെത്തണം. അല്ലെങ്കില്‍ ആസ്തികന്മാര്‍ ഐശ്വര്യത്തെ ഈശ്വരനുമായി ബന്ധപ്പെടുത്തിക്കളയും. സാരമില്ല, അതും ജയരാജന് വഴങ്ങും. സര്‍ക്കാര്‍യോഗമായാലും യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഉന്മേഷഭരിതരും സന്തോഷവാന്മാരുമാക്കാന്‍ പ്രാര്‍ഥനയ്ക്ക് കഴിയും എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.
ഉന്മേഷസന്തോഷങ്ങളുടെ കുറവ് വല്ലയിടത്തുമുണ്ടെങ്കില്‍ ഉടന്‍ നേരത്തേ പറഞ്ഞത് ഒരു ഡോസ് ആകാവുന്നതാണ്. സി.പി.എം. പരിപാടികള്‍ക്കും ഇതായിക്കൂടേ എന്നുചോദിച്ച് തോല്പിക്കാന്‍ നോക്കേണ്ട. അവിടെ അത് ഇപ്പോള്‍ത്തന്നെയുണ്ട്. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, വിപ്ലവഗാനാലാപം, ഇന്‍ക്വിലാബ് വിളി എന്നിവകൊണ്ട് ഉന്മേഷസന്തോഷങ്ങള്‍ മൂര്‍ധന്യത്തിലെത്തും. സംഗതിയൊക്കെ ഒന്നന്നെ എന്നു സാരം.
****
ഭരണപരിഷ്‌കാരം ഉടന്‍വരും, എല്ലാം ശരിയാകും എന്നാരും കൊതിക്കേണ്ട. പരിഷ്‌കാരക്കമ്മിഷന്‍ ഉണ്ടാക്കുന്നതിന്റെ നടപടികള്‍ പരിഷ്‌കരിക്കുന്ന പണിതീരട്ടെ. എന്നിട്ടുകടക്കാം മറ്റേതിലേക്ക്. ആദ്യത്തെ പ്രശ്‌നം കമ്മിഷന്‍ ആസ്ഥാനം എവിടെവേണം എന്നുള്ളതാണ്. തലസ്ഥാനത്തുതന്നെ ആയിക്കോട്ടെ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് മുഖ്യമന്ത്രിയോട് നന്ദിപറയണം. അധ്യക്ഷന്റെ ആരോഗ്യനില പരിഗണിച്ച് സ്ഥാപനം മലമ്പുഴയില്‍ കിടക്കട്ടെയെന്ന് തീരുമാനിക്കാഞ്ഞത് ഭാഗ്യം. അവിടെയാകുമ്പോള്‍ എം.എല്‍.എ. പണിയും പരിഷ്‌കാരപ്പണിയും ഒന്നിച്ചുചെയ്യാമല്ലോ എന്ന് വിചാരിക്കാവുന്നതാണ്.
നിയമസഭയുള്ളപ്പോള്‍മാത്രം തലസ്ഥാനത്തുവന്നാല്‍ മതിയെന്നുവെക്കുന്നത് അച്യുതാനന്ദന്റെ ആരോഗ്യത്തിനുമാത്രമല്ല, മന്ത്രിസഭയുടെ ആരോഗ്യത്തിനും ഗുണംചെയ്യുമായിരുന്നു.
തലസ്ഥാനത്തായിരുന്നാലും പോരാ, ഭരണം നടക്കുന്ന സെക്രട്ടേറിയറ്റില്‍ത്തന്നെ വേണം ഭരണപരിഷ്‌കാരവുമെന്ന് നിര്‍ബന്ധിക്കുകയാണത്രേ അച്യുതാനന്ദന്‍.
ഒരേ പാര്‍ട്ടിക്കാരായ മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും ഒരേ കെട്ടിടത്തിലിരുന്ന് ഒരുഭാഗത്ത് ഭരണവും മറുഭാഗത്ത് ഭരണപരിഷ്‌കാരവും നടത്തുന്നത് അങ്ങേയറ്റം അപകടകരമാണ്. ഭരണഘടനാവിരുദ്ധമാണോ എന്നുനോക്കാന്‍ പറ്റിയില്ല; ഉപദേഷ്ടാവ്, കെ.എം. മാണിക്കുവേണ്ടി വാദിക്കുന്ന തിരക്കിലായതിനാല്‍. മുഖ്യമന്ത്രിയുടെ മനഃസമാധാനം നിലനിര്‍ത്തുക ജനങ്ങളുടെകൂടി താത്പര്യമാണല്ലോ. എന്തായാലും ഒരു കാട്ടില്‍ രണ്ടുസിംഹത്തെ അഴിച്ചുവിടുന്നത് ഭരണത്തിനും നന്നാവില്ല, പരിഷ്‌കാരത്തിനും നന്നാവില്ല എന്നുറപ്പ്.