വിവരാവകാശത്തിന് ഇങ്ങനെയൊരു ദൂഷ്യമുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിവരമാണ് അവകാശമായിത്തോന്നുക. ഇതേകൂട്ടര്‍ ഭരണത്തിലെത്തിയാല്‍ ലൈന്‍ മാറും. മിക്കപ്പോഴും വിവരം കുത്തകയാക്കാനുള്ള അവകാശവും ചിലപ്പോഴെല്ലാം വിവരക്കേടും പരമപ്രധാനമായി വരും. ആളുകളുടെ കുറ്റമൊന്നുമല്ല. അധികാരത്തിന്റെ കുറ്റമാണ്. മദ്യപന്‍ വഴിപോക്കര്‍ക്കുമേലെ കുതിരകേറുന്നത് മദ്യപന്റെ കുറ്റമല്ല, അകത്തുചെന്ന മദ്യത്തിന്റെ കുറ്റമാണ്. മദ്യത്തേക്കാള്‍ പല മടങ്ങ് അപകടകാരിയായി തലയ്ക്കുപിടിക്കുന്ന സാധനമത്രെ അധികാരം.
ഇതുകണ്ടില്ലേ, മുന്‍മന്ത്രിസഭയുടെ അവസാനത്തെ മാസം കടുംവെട്ടായിരുന്നത്രെ. മന്ത്രിസഭായോഗം രാവും പകലും നടത്തിയാണത്രെ വെട്ടുകിളികള്‍ പുലരുംമുമ്പ് പണിതീര്‍ത്തത്. എഴുന്നൂറോ എണ്ണൂറോ മറ്റോ ഫയലുകളില്‍ തീരുമാനമെടുത്തിരുന്നത്രെ.
ഭൂമി പതിച്ചുകൊടുക്കലാണല്ലോ വലിയ സത്കര്‍മം. റവന്യൂവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് സാധാരണഗതിയില്‍ ഇതിന്റെ ഫയല്‍മാന്‍. പക്ഷേ, അന്നത്തെ ഫയല്‍മാനായ അടൂര്‍ പ്രകാശ് കാണാതെയാണത്രെ ഫയലുകള്‍ സ്വമേധയാ പാഞ്ഞുവന്ന് മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരുന്നത്.
ഇതിന്റെയും ഇത്തരം മറ്റെല്ലാ സംഗതികളുടെയും തീരുമാനങ്ങളടങ്ങിയ മന്ത്രിസഭായോഗവിവരം ചോദിച്ചത് പ്രമുഖ വിവരാവകാശിയായ അഡ്വ. ഡി.ബി. ബിനു ആണ്. സംഗതി പരിഗണിക്കുമ്പോഴേക്ക് ഉമ്മന്‍ചാണ്ടി പോയി പിണറായി വിജയന്‍ വന്നിരുന്നു. ഇതുതന്നെ നല്ല ചാന്‍സ്. ഫയലുകള്‍ പുറത്തുവന്നാല്‍ യു.ഡി.എഫ്. മന്ത്രിസഭയെ തൊലിയുരിച്ചുകാട്ടാം, നല്ല മസാലചേര്‍ത്ത് ഫ്രൈ ആക്കാനും പറ്റും എന്നുചിന്തിക്കാമായിരുന്നു ഇടതുപക്ഷത്തിന്. പക്ഷേ, പിണറായി വിജയന്‍ അതൊന്നും ചെയ്തില്ല. ആള്‍ മഹാസാധുവാണെന്ന് അദ്ദേഹം പറയാതെതന്നെ നമുക്കറിയുന്നതാണല്ലോ. ഫയലുകള്‍ കൊടുത്തില്ല. സ്വമേധയാ കൊടുത്തില്ലെന്നുമാത്രമല്ല, കൊടുക്കണമെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ പറഞ്ഞിട്ടും കൊടുത്തില്ല. ഇനി കമ്മിഷണറുടെ കഥകഴിക്കാന്‍ ഹൈക്കോടതിയില്‍ കേസ് ഫയലാക്കാന്‍ പോകുന്നുണ്ടത്രെ. കമ്മിഷണറെ പടച്ചോന്‍ കാക്കട്ടെ.
യു.ഡി.എഫ്. സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ കേസുകളുടെ വിവരങ്ങള്‍ നല്‍കുന്നത് വിവരാവകാശത്തില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഉന്നതന്മാര്‍ക്കെതിരെ പരാതിനല്‍കുന്നവര്‍ പീഡിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയായിരുന്നു ഉദ്ദേശ്യം. ഇതുതന്നെ ചാന്‍സ് എന്ന് ബുദ്ധിമാന്മാര്‍ ഉടന്‍ കണ്ടെത്തി. ഉത്തരവിറങ്ങിയപ്പോഴേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എം.പി.മാരെയും എം.എല്‍.എ.മാരെയും ഐ.എ.എസ്.ഐ.പി.എസ്. ഉദ്യോഗസ്ഥരെയും മാത്രമല്ല മുന്‍മുഖ്യമന്ത്രി, മുന്‍മന്ത്രിമാര്‍ എന്നിവരെയും ആര്‍.ടി.ഐ. കോടാലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
അന്ന് ഇടതുപക്ഷ നിയമോപദേഷ്ടാക്കള്‍ക്കൊന്നും സര്‍ക്കാറിന്റെ സദുദ്ദേശ്യം മനസ്സിലായില്ല. അന്ന് വിവരാവകാശത്തിന്റെ അപ്പോസ്തലന്മാരും പോരാളികളുമായി സി.പി.എം. നേതാക്കള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നത്തെ മുഖ്യമന്ത്രി അന്ന് ഫെയ്‌സ്ബുക്കില്‍ വാളോങ്ങി. നല്ല സത്യസന്ധന്മാരും സുതാര്യന്മാരുമായ പവന്‍മാര്‍ക്ക് യു.ഡി.എഫ്. മന്ത്രിമാര്‍ക്കുവേണ്ടി മാത്രമായിരുന്നില്ല ആ ഒഴിവാക്കല്‍. വരാന്‍പോകുന്ന മന്ത്രിസഭയിലെ മഹാന്മാര്‍ക്കുവേണ്ടിക്കൂടിയായിരുന്നു. എന്തുചെയ്യാന്‍ അതുമനസ്സിലാക്കാനുള്ള സന്മനസ്സ് ഇടതുകാര്‍ക്കുണ്ടായില്ല. ബഹളംകൂട്ടി ആ ഉത്തരവ് പിന്‍വലിപ്പിച്ചു.
ഇടതുപക്ഷം അധികാരമേറ്റശേഷം മുഖ്യമന്ത്രിയും മറ്റുനേതാക്കളുമെല്ലാം പൂര്‍വാധികം സാധുക്കളായിട്ടുണ്ട്. വിവരാവകാശക്കാര്‍ ചോദിച്ച ഉടനെ പഴയ മന്ത്രിസഭാതീരുമാനം മുഴുവന്‍ ഒരു ധവളപത്രമോ കരിമ്പത്രമോ മറ്റോ ആയി പ്രസിദ്ധീകരിക്കുന്നതിന് ഒരു തടസ്സവുമുണ്ടായിരുന്നില്ല. എന്നിട്ടും അവരതുചെയ്തില്ല. യു.ഡി.എഫ്. മന്ത്രിസഭയെ രക്ഷിക്കുമ്പോള്‍ നാം നമ്മുടെ മന്ത്രിസഭയെയും രക്ഷിക്കുകയാണ്. ഭാവി മന്ത്രിസഭകള്‍ക്കും പൊതുജന താത്പര്യാര്‍ഥമെടുക്കുന്ന തീരുമാനങ്ങള്‍ പൊതുജനത്തില്‍നിന്ന് മറച്ചുവെക്കേണ്ടതുണ്ട്. ജനത്തോടുള്ള ഭരണക്കാരുടെ സ്‌നേഹത്തിന്റെ ആഴമറിഞ്ഞ് ജനം ബോധംകെട്ടുവീഴരുതല്ലോ. അതിനാണ് തീരുമാനങ്ങള്‍ രഹസ്യമാക്കിവെക്കുന്നത്; തെറ്റിദ്ധരിക്കരുതാരും.
മന്ത്രിസഭാതീരുമാനങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലെന്ന തീരുമാനമെടുത്തത് നിയമവകുപ്പിന്റെ ശുപാര്‍ശയനുസരിച്ചാണെന്ന് ചില മാധ്യമങ്ങളില്‍ കാണുന്നുണ്ട്. പണ്ട് നമ്മുടെ നമ്പ്യാര്‍ തിരുവിതാംകൂര്‍ കൊട്ടാരവളപ്പില്‍ വയറിളകിനടന്ന പശുവിനെക്കണ്ട്, ‘അല്ലാ, പയ്യേ നിനക്കും പക്കത്താണോ ഊണ്’ എന്നുചോദിച്ചതായി കഥയുണ്ട്. പക്കത്തെ ഊണുകഴിച്ച് വയറുവശക്കേടായ നമ്പ്യാരുടെ അവസ്ഥയിലാണ്, നിയമോപദേഷ്ടാവിന്റെ ചുരുങ്ങിയ നാളത്തെ സേവനംകൊണ്ട് മുഖ്യമന്ത്രിക്കുണ്ടായിട്ടുള്ള ഖ്യാതി. അപ്പോള്‍ സ്വാഭാവികമായി ആരും ചോദിച്ചുപോകും ”നിയമവകുപ്പേ നിന്റെയും നിയമോപദേശി എം.കെ. ദാമോദരനോ?”
മന്ത്രിസഭാതീരുമാനം ചോദിക്കുന്നവരോടെല്ലാം പറയാമെന്ന് ഉത്തരവിറക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും ഇന്ത്യ മുഴുവനുമുള്ള മന്ത്രിസഭകള്‍ മാത്രമല്ല, നരേന്ദ്രമോദിയുടെ കേന്ദ്രമന്ത്രിസഭവരെ കുളത്തിലാവുമെന്നും നിയമവകുപ്പ് മുന്നറിയിപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ട്. ആവോ… ഇപ്പോള്‍ത്തന്നെ ചില മന്ത്രിസഭകളുടെ യോഗതീരുമാനങ്ങള്‍ അതതുസര്‍ക്കാറുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതായി അറിവുണ്ട്. വെറുതേ ഗൂഗിളില്‍ തപ്പിയാല്‍ മതി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സൈറ്റിലെ പേജില്‍ 23 മന്ത്രിസഭായോഗങ്ങളുടെ തീരുമാനങ്ങള്‍ വണ്‍, ടു, ത്രി എന്നിങ്ങനെ ചുവടെച്ചുവടെ ഇട്ടിട്ടുണ്ട്. ആവോ, അവര്‍ക്ക് കൊള്ളാവുന്ന നിയമോപദേഷ്ടാക്കളില്ലാത്തതാവുമോ പ്രശ്‌നം എന്നറിയില്ല.
കോണ്‍ഗ്രസ്സുകാരും ബി.ജെ.പി.ക്കാരുംകൂടി ആത്മാര്‍ഥമായി ആലോചിക്കേണ്ടതാണ് വിഷയം. എം.എല്‍.എ.മാരുടെയുംമറ്റും ശമ്പളവും ആനുകൂല്യങ്ങളും തീരുമാനിക്കുന്ന കാര്യത്തിലുള്ള യോജിപ്പ് ഇക്കാര്യത്തിലും പ്രകടിപ്പിക്കുന്നത് സ്വയരക്ഷയ്ക്ക് നല്ലതാണ്. വിവരാവകാശനിയമത്തിന്റെ മൂക്കുചെത്തി ഉപ്പിലിടണം. ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷമാണ്; മറിച്ചുമാണ് എന്നോര്‍ത്താല്‍ നന്ന്.
****
ഇപ്പോള്‍ മുഖ്യമന്ത്രിയെ ഉപദേശിക്കുന്നതിന് ആര്‍ക്കും സര്‍ക്കാര്‍ കാശൊന്നും കൊടുക്കുന്നില്ലെന്നും അതുകൊണ്ട് പ്രതിപക്ഷക്കാരും മാധ്യമക്കാരുമൊന്നും ചുമ്മാ മുറവിളികൂട്ടേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞല്ലോ. സോളാര്‍ തട്ടിപ്പുകൊണ്ട് സര്‍ക്കാറിന് കാശൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മുന്‍ മുഖ്യന്‍ പറഞ്ഞതിനെ ഇതുമായി കൂട്ടിക്കെട്ടുന്നുണ്ട് ചിലകൂട്ടര്‍. അതു വേ ഇതു റെ.
ലോട്ടറിത്തട്ടിപ്പുനടത്തിയതായി സര്‍ക്കാര്‍ പറയുന്ന സാന്റിയാഗോ മാര്‍ട്ടിനെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് മുഖ്യമന്ത്രിക്ക് ഉപദേഷ്ടാവ് രാവിലെ സൗജന്യ നിയമോപദേശം നല്‍കുന്നതായിരിക്കും. സര്‍ക്കാറിനെ എങ്ങനെ പൂട്ടിക്കെട്ടാമെന്ന് ഉച്ചയ്ക്ക് സാന്റിയാഗോ മാര്‍ട്ടിന് പണംവാങ്ങിയുള്ള ഉപദേശം നല്‍കും. പാറമടക്കാരെ നേരിടാന്‍ എന്തുനിയമുണ്ടാക്കണമെന്ന് രാവിലെ മുഖ്യമന്ത്രിക്ക് സൗജന്യ ഉപദേശം. ആ നിയമത്തെ എങ്ങനെ കീറി തോട്ടിലെറിയാമെന്ന് വൈകുന്നേരം പാറമടക്കാര്‍ക്ക് വെരി എക്‌സ്‌പെന്‍സീവ് ഉപദേശം… തീര്‍ന്നില്ല. രണ്ടാഴ്ചയ്ക്കകം ഇത്തരം അരഡസന്‍ ഉപദേശം കൊടുത്തും വാങ്ങിയും കഴിഞ്ഞു. അഞ്ചുവര്‍ഷം ഈ സേവനം തുടരുന്നതായിരിക്കും.
സേവനം ആവശ്യമുള്ളവര്‍ സമീപിക്കുക. ക്യൂ പാലിക്കുക.