അതിജീവന അടവുനയം

ഇന്ദ്രൻ

ത ന്ത്രം ദീര്‍ഘകാലത്തേക്കുള്ളതും അടവ് തത്കാലത്തേക്കുള്ളതുമാണ്. വിപ്ലവംനടത്തി അധികാരം പിടിക്കുന്നതിനുള്ളതായിരുന്നു പണ്ടത്തെ അടവുനയതന്ത്രം. ഇപ്പോളതിന്റെ ആവശ്യമില്ല. മുദ്രാവാക്യങ്ങളിലൊഴികെ എല്ലായിടത്തുനിന്നും വിപ്ലവം ഡിലീറ്റ് ചെയ്തുകഴിഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ അടവും തന്ത്രവും ഉണ്ടാക്കേണ്ടത് തിരഞ്ഞെടുപ്പു ജയിക്കാനാണ്, വിപ്ലവം നടത്താനല്ല.

സഖാക്കള്‍ക്ക് മിക്കപ്പോഴും രണ്ടും കൂടിക്കലര്‍ന്ന് കണ്‍ഫ്യൂഷനാകാറുണ്ട്. തിരഞ്ഞെടുപ്പുകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ വിപ്ലവം തലയില്‍ക്കേറും. പ്രത്യയശാസ്ത്രം, റിവിഷനിസം, ജനകീയ ജനാധിപത്യവിപ്ലവം, സോഷ്യല്‍ ഡെമോക്രസി തുടങ്ങിയ കുറ്റകരമായ ചിന്തകള്‍ ചര്‍ച്ചകളെ വഴിതെറ്റിച്ചുകളയും. നാലു സീറ്റ് കൂടുതല്‍ കിട്ടാനുള്ള വല്ല അടവും പ്രയോഗിക്കുമ്പോള്‍ ഉടനെ ഓരോരുത്തര്‍ പഴയ പ്രമേയം പകര്‍ത്തിയ സൈക്ലോസ്‌റ്റൈല്‍ ചെയ്ത, പിന്നിത്തുടങ്ങിയ കടലാസും വായിച്ച് പാഞ്ഞുവരും. 1978ലെ ജലന്ധര്‍ കോണ്‍ഗ്രസ്സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞത് അങ്ങനെയല്ല, ’85ല്‍ കൊല്‍ക്കത്തയില്‍ പാസാക്കിയത് ഇങ്ങനെയാണ്, ’92ലെ മദ്രാസ് തീരുമാനത്തോടെ പഴയതെല്ലാം റദ്ദായിരിക്കുന്നു എന്നും മറ്റുമുള്ള വാദങ്ങളാണ് പിന്നെയുയരുക. അതോടെ തിരഞ്ഞെടുപ്പില്‍ നാലു സീറ്റുകിട്ടുന്ന കാര്യം കട്ടപ്പൊകയാകും.

പ.ബംഗാളിലെ സഖാക്കള്‍ ഈയിടെയായി പഴയരേഖയും പ്രമേയവുമൊന്നും വായിക്കാറില്ല. കഴിഞ്ഞ തവണ മമത വന്ന് തൂത്തുവാരി. സാരമില്ല. മുപ്പത്തിനാലു കൊല്ലം ഭരിച്ചുസുഖിച്ചതല്ലേ. അഞ്ചുവര്‍ഷം കാറും പത്രാസുമില്ലെങ്കില്‍ത്തന്നെ ആരോഗ്യമൊന്ന് നന്നാവേണ്ടതാണ്. പക്ഷേ, അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്ക് സ്ഥിതി അതിഗുരുതരമായി. അധികാരമില്ലാതെ ഇനിയും അഞ്ചുവര്‍ഷം കഴിഞ്ഞുകൂടേണ്ടി വന്നാല്‍ എടുക്കാനും വെക്കാനുമുണ്ടാകില്ല പാര്‍ട്ടി. അതിജീവനമാണ് പ്രധാനം.  അതുകൊണ്ട് അടവും തന്ത്രവും നയവുമെല്ലാം പ.ബംഗാള്‍ പാര്‍ട്ടി സ്വയംപാസാക്കി.

അല്ലെങ്കിലും അതതിടത്തെ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കേണ്ട സംഗതിയല്ലേ അടവ്?  ഊടുവഴിയിലൂടെ പോകുമ്പോള്‍ ഭ്രാന്തനും ഭ്രാന്തന്‍ നായും മൂര്‍ഖന്‍ പാമ്പും ഒരേസമയം, വന്നാല്‍ എന്തുചെയ്യും? അപ്പോള്‍ അവിടെവെച്ചുതന്നെ തീരുമാനമെടുക്കണം. ഈ അവസ്ഥയാണ് പ.ബംഗാള്‍ സഖാക്കള്‍ നേരിട്ടത്.

ശത്രുവിന്റെ ശത്രു മിത്രം എന്നത് ആഗോളസര്‍വകാലതത്ത്വമാണ്. അതിന് പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ അംഗീകാരമൊന്നും ആവശ്യമില്ല. വോട്ടുകണക്കുകൂടി നോക്കിയപ്പോള്‍ മമതയെ തോല്പിച്ച് അധികാരം പിടിക്കുന്നതായി സ്വപ്നവും കണ്ടു സഖാക്കള്‍. ഇതൊന്നും കേന്ദ്രകമ്മിറ്റിക്കാര്‍ക്ക് മനസ്സിലാവില്ല. അതിലുള്ള മിക്കവര്‍ക്കും പത്തുതൊണ്ണൂറുപേരില്‍ അമ്പതോളം പേര്‍ക്ക്‌സ്വന്തം സംസ്ഥാനത്ത് മത്സരിച്ച് ജയിക്കുക, മന്ത്രിസഭയുണ്ടാക്കുക എന്നിത്യാദി സംഗതികളെക്കുറിച്ചൊന്നും ഈ ജീവിതകാലത്തൊരിക്കലും ആലോചിക്കേണ്ടി വരില്ലല്ലോ. ഇത്രയൊക്കെ ചിന്തിച്ചിട്ടും പ്രതീക്ഷിച്ചിട്ടും പ.ബംഗാളില്‍ തോറ്റ് മൂന്നാംസ്ഥാനത്തായിയെന്നത് ശരി തന്നെ. പക്ഷേ, കോണ്‍ഗ്രസ് കൂടി ഇല്ലായിരുന്നെങ്കില്‍ എത്ര ദയനീയമാകുമായിരുന്നു നില എന്ന് കേന്ദ്രക്കമ്മിറ്റിക്കാര്‍ ആലോചിച്ചിരുന്നോ എന്തോ.
***
ആരും ആത്മഹത്യാശ്രമം നടത്തേണ്ട. ആത്മഹത്യയ്ക്ക് ആരെയും പ്രേരിപ്പിക്കുകയും ചെയ്യേണ്ട. രണ്ടും ഇപ്പോഴും കുറ്റകരമാണ്. ആത്മഹത്യചെയ്യുന്നത് പണ്ടേ കുറ്റകരമായിരുന്നില്ല. ശ്രമത്തില്‍ പരാജയപ്പെടുന്നതാണ് കുറ്റം. ഈ നിയമവൈകൃതം തിരിച്ചറിഞ്ഞാണ് കേന്ദ്രം നിയമംമാറ്റാന്‍ തീരുമാനിച്ചതും പത്രങ്ങളിലും ടെലിവിഷനിലും പലവട്ടം തലക്കെട്ടുവന്നതും  ആത്മഹത്യാശ്രമം കുറ്റകരമല്ലാതാക്കി എന്ന്. ആത്മഹത്യചെയ്യുന്ന കാര്യത്തില്‍പ്പോലും മാധ്യമങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല. സംഗതി ഇപ്പോഴും കുറ്റകരം തന്നെയാണ്. മന്ത്രിയോ മന്ത്രിസഭയോ തീരുമാനിച്ചാല്‍ നിയമം മാറില്ല. അത് നിയമനിര്‍മാണമായി നിയമസഭയിലോ പാര്‍ലമെന്റിലോ വരണം. കേന്ദ്രത്തിന് വേണമെങ്കില്‍ ഇന്ത്യ മുഴുവന്‍ സംഗതി ഇല്ലാതാക്കാം. പക്ഷേ, സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിക്കുക എന്ന പണിയിനിയും തീര്‍ന്നിട്ടില്ല. അതിനിടെ കേന്ദ്രം ഇത് വളഞ്ഞവഴിയിലൂടെ കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി. ആരെങ്കിലും ആത്മഹത്യ ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് മാനസികപ്രശ്‌നത്താലാണ് എന്ന് വ്യാഖ്യാനിക്കാനും കുറ്റകരമല്ലാതാക്കാനുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തത്. അതെങ്ങനെ എന്നായി പലരും. മനഃപ്രയാസം കാരണം ആത്മഹത്യചെയ്യാന്‍ ശ്രമിച്ചാല്‍ മനോരോഗിയാണ് എന്ന മുദ്ര കൂടി പേറേണ്ടിവരുന്നത് ന്യായമോ എന്നായി ചോദ്യം.

ഒന്നൊന്നര വര്‍ഷംമുമ്പാണ് ഇതിനെക്കുറിച്ച് ഒടുവില്‍ക്കേട്ടത്. ആത്മഹത്യാശ്രമം കുറ്റമല്ലാതാക്കാനുള്ള കരട് ബില്‍ നീതിന്യായവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട് എന്ന് കഴിഞ്ഞവര്‍ഷം ഫിബ്രവരിയില്‍ കേന്ദ്രമന്ത്രി പ്രസ്താവിച്ചിരുന്നു. പിന്നീടൊരു വിവരവും ഇല്ല. എന്തായാലും ശങ്കരന്‍ ഇപ്പോഴും തെങ്ങേല്‍ത്തന്നെയാണ്. സൂക്ഷിക്കണം.
***

പറഞ്ഞത് പി.സി. ജോര്‍ജ് ആണെന്നതുകൊണ്ടുമാത്രം അതപ്പടിയങ്ങ് തള്ളരുതല്ലോ. ഈ ഗവര്‍ണര്‍മാരുടെ കാര്യം മഹാകഷ്ടമാണ്. മന്ത്രിസഭ എഴുതിക്കൊടുക്കുന്നത് നിയമസഭയില്‍ സ്വന്തം ഉരുപ്പടിയെന്നപോലെ വിസ്തരിച്ചുവായിക്കണം. യു.ഡി.എഫ്. ഭരണം കൊണ്ട് കേരളം സ്വര്‍ഗതുല്യമായിരിക്കുന്നു എന്ന് ഏതാനും മാസം മുമ്പ് വായിച്ച് കൈയടി വാങ്ങിയ ഗവര്‍ണര്‍ തന്നെയാണ് ഇതാ ഇപ്പോള്‍ യു.ഡി.എഫ്. ഭരണം പോലൊരു മഹാനരകം വേറെ ഉണ്ടായിരുന്നില്ലെന്നും വായിക്കേണ്ടത്. രണ്ടും മൂന്നും മണിക്കൂര്‍ നീളും കേട്ടോ പ്രസംഗം. ഈ ഏര്‍പ്പാടങ്ങ് നിര്‍ത്തിയേക്കരുതോ എന്നാണ് ജോര്‍ജ് ചോദിച്ചത്. സൗകര്യങ്ങള്‍ ധാരാളമുള്ളതുകൊണ്ട് കുറച്ച് നാണക്കേടൊക്കെ ആരാ സഹിക്കാത്തത്.
സഹിക്കാന്‍ പറ്റാത്ത എന്തെല്ലാം കാര്യങ്ങള്‍ ആളുകള്‍ അധികാരത്തില്‍ കയറുമ്പോള്‍ ചെയ്തുകൂട്ടുന്നു. അഞ്ചുകൊല്ലം പ്രതിപക്ഷത്തിരുന്നപ്പോള്‍ വിമര്‍ശിച്ച സംഗതികളെല്ലാം ഭരണത്തിലെത്തുമ്പോള്‍ അതേയാള്‍ ലവലേശം മടിയും നാണക്കേടും ഇല്ലാതെ പറയുന്നു, ചെയ്യുന്നു.
നമ്മുടെ പൂജനീയ പ്രധാനമന്ത്രിയുടെ കാര്യം തന്നെയെടുക്കൂ. യു.പി.എ.ഭരണകാലത്ത് ഏതോ മേഖലയില്‍ കേന്ദ്രം വിദേശ മൂലധനനിക്ഷേപം അനുവദിച്ചു. ഉടന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കമന്റ് പാസാക്കി. ”കോണ്‍ഗ്രസ് രാജ്യത്തെ വിദേശികള്‍ക്ക് കൊടുക്കുകയാണ്. മുഴുവന്‍ പാര്‍ട്ടികളും അതിന് എതിരാണെങ്കിലും സി.ബി.ഐ.യെ പേടിച്ച് ആരും എതിര്‍ത്ത് വോട്ടുചെയ്തില്ല. പിന്‍വാതിലിലൂടെ കോണ്‍ഗ്രസ് ജയം നേടിയിരിക്കുന്നു.”
2012 ഡിസംബറിലാണ് സംഭവം. ചാനലിലെ പ്രസ്താവനയോ പത്രത്തില്‍ വന്ന പ്രസംഗമോ പോലെയല്ല ട്വിറ്ററും ഫേസ്ബുക്കും. പഴയ പത്രത്തിലെ പ്രസംഗം കണ്ടെത്തുക മഹാപ്രയാസമാണ്, ചാനലിലെക്കാര്യം പറയാനുമില്ല. ഇന്റര്‍നെറ്റില്‍ ആര്‍ക്കും പോയി തിരഞ്ഞ് പ്രസ്താവന കണ്ടെത്താം. ട്വിറ്ററിലെ നരേന്ദ്രമോദിയുടെ കമന്റിന് ചുവടെ അനേകം പേര്‍ അനുകൂല അഭിപ്രായങ്ങള്‍ അന്ന് പോസ്റ്റുചെയ്തത് ഇന്നും വായിക്കാം. ‘അങ്ങയുടെ മുന്നണിയോ പാര്‍ട്ടിയോ അധികാരത്തില്‍ വന്നാല്‍ ഈ തെറ്റുകള്‍ തിരുത്തണേ’ എന്നാണ് അവരില്‍ ഏറെപ്പേരും എഴുതിയത്. താന്‍തന്നെ രണ്ടുവര്‍ഷത്തിനകം ഇന്ത്യന്‍ പ്രധാനമന്ത്രിയാകും എന്ന് മോദിജി ഓര്‍ത്തുകാണില്ല.

എന്തായാലും അഭിപ്രായം ഇരുമ്പുലക്കയാണ് എന്ന തത്ത്വക്കാരനല്ല അദ്ദേഹം. മിക്ക മേഖലകളിലുമുള്ള വിദേശനിക്ഷേപം നൂറു ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നു. അന്ന് വിദേശനിക്ഷേപം അനുവദിച്ച അതേ കോണ്‍ഗ്രസ്സിലെ യുവതുര്‍ക്കികള്‍ ഇപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ് സര്‍ക്കാറിനെ വിമര്‍ശിക്കുന്നുണ്ട്. ഞങ്ങളും അനുവദിച്ചിരുന്നു, പക്ഷേ, ഇത്രയൊന്നും അനുവദിച്ചിരുന്നില്ല എന്നേ അവര്‍ക്ക് വാദമുള്ളൂ. അതെ, എന്‍.ഡി.എ. സര്‍ക്കാര്‍ ആദ്യമേ പറഞ്ഞതല്ലേ, യു.പി.എ. തുടങ്ങിവെച്ച എല്ലാ നല്ല കാര്യങ്ങളും തങ്ങള്‍ പൂര്‍ണതയിലെത്തിക്കുമെന്ന്. എത്തിച്ചില്ലേ? നല്ലത് വേറെയൊന്നും കാണാത്തത് അവരുടെ കുറ്റമാണോ!.

Leave a Reply

Your email address will not be published. Required fields are marked *

Go Top