തൃണമൂല്‍ പാര്‍ട്ടികളേ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് വിലങ്ങുകള്‍ മാത്രം എന്ന് ആഹ്വാനം ചെയ്യാവുന്നതാണ്്. ഏതിനം തൃണമൂലിനും തഴച്ചുവളരാവുന്ന ഫലഭൂയിഷ്ടമായ മണ്ണാണ് കേരളത്തിന്റേത്. നെല്ലും തെങ്ങും വളര്‍ന്നില്ലെങ്കിലും തൃണമൂല്‍ പാര്‍ട്ടികള്‍ തഴച്ചുവളരും.
മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. പണ്ട് ഇത്തരം പാര്‍ട്ടികള്‍ക്ക് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ എന്നാണ് വിളിക്കാറുള്ളത്. ഇക്കാലത്ത് ഇത്തരം പ്രയോഗങ്ങളൊന്നും പാടില്ല. ഒട്ടും ആക്ഷേപകരമല്ലാത്ത പ്രയോഗങ്ങള്‍ പോലും അതില്‍ ആക്ഷേപകരമായി എന്തോ ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ ഉടനെ മാറ്റും. മന്ദബുദ്ധി എന്നുപോലും ഇക്കാലത്ത് വിളിക്കാന്‍ പാടില്ല. മന്ദബുദ്ധിജീവി എന്നേ വിളിക്കാവൂ. തൃണം ഈര്‍ക്കിലിനേക്കാള്‍ ചെറുതാണ്, തൃണമൂലം അതിലും ചെറുതാണ്. എന്നാലെന്താ…സംഗതി സംസ്‌കൃതമല്ലേ?
ഏതാണ് തൃണം ഏതാണ് ആല്‍മരം എന്ന് രാഷ്ട്രീയത്തില്‍ നിര്‍വചിക്കുക എളുപ്പമല്ല. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു സീറ്റുപോലും ജയിക്കാന്‍ കഴിയില്ല എന്നത് തൃണമൂലസ്ഥാനം നല്‍കാന്‍ മതിയായ യോഗ്യതയാണോ? ആണെന്ന് തോന്നുന്നില്ല. ഒരിടത്തും ജയിക്കാത്ത ബി.ജെ.പി.യെ ആരെങ്കിലും ആ പദംനല്‍കി ബഹുമാനിക്കാറുണ്ടോ? അല്ലെങ്കിലും, എല്ലാവരും ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരിടത്തെങ്കിലും ജയിക്കുന്ന എത്ര പാര്‍ട്ടി കാണും കേരളത്തില്‍? ഇല്ലാത്ത മസിലൊക്കെ പെരുപ്പിച്ചുകാട്ടി ബലം പിടിക്കുന്ന ദേശീയന്മാര്‍ക്കുപോലും ഒരു സീറ്റിലും ജയിക്കാന്‍ കഴിയാതെ പോവില്ലേ? എന്തായാലും ഇത് നാളെ ആരെങ്കിലും പ്രവചിക്കുകയോ നിര്‍വചിക്കുകയോ ചെയ്യട്ടെ. നമുക്ക് വേറെ പണിയുണ്ട്. നിയമസഭയില്‍ ഒന്നോ രണ്ടോ സീറ്റ് മാത്രം കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുള്ള, അരഡസനില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാത്ത പാര്‍ട്ടികളെ തത്ക്കാലം നമുക്ക് തൃണമൂല്‍ പാര്‍ട്ടിയെന്നുവിളിക്കാം.
തൃണമൂലപാര്‍ട്ടികളെ മുന്നണികള്‍ക്ക് അവഗണിക്കുകയോ അടിച്ചോ ചവിട്ടിയോ പുറത്താക്കുകയോ ചെയ്യാം. ഒരു പ്രത്യാഘാതവുമുണ്ടാകില്ല. പക്ഷേ, എല്ലാ പാര്‍ട്ടികളും അങ്ങനെയല്ല. ചില പാര്‍ട്ടികള്‍ തൃണസമാനമാണ്, പക്ഷേ, അതിന്റെ നേതാവ് ആല്‍സമാനം വളര്‍ന്നുപന്തലിച്ചു നില്‍ക്കുകയാവും. എങ്ങനെ അവഗണിക്കും? അവഗണിച്ചാല്‍ മാധ്യമങ്ങളില്‍ കോളിളക്കം ഉണ്ടാകും. ചാനലില്‍ മോന്തിയാകുവോളം ചര്‍ച്ചയും ഉണ്ടാകും. ജനം വിചാരിക്കും, ഇത് തൃണമുല്‍പാര്‍ട്ടിയല്ല ആല്‍മരപാര്‍ട്ടിയാണ് എന്ന്. അത് മുന്നണിക്ക് ക്ഷീണമുണ്ടാക്കും.
സത്യം പറയണമല്ലോ, നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ കൂട്ടത്തില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത തൃണമൂല്‍പാര്‍ട്ടികളെക്കൂടി പെടുത്തി അവര്‍ക്ക് അന്തസ്സുണ്ടാക്കിക്കൊടുത്തത് ബഹു ആചാര്യന്‍ ഇ.എം.എസ് ആണ്. ദുഷ്ടകോണ്‍ഗ്രസ്സിനെ ഒരരുക്കാക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുചേരും എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സഖാവ് 1967ല്‍ അക്കാലത്തെ രണ്ട് ആദരണീയ തൃണമൂല്‍പാര്‍ട്ടികളെ ഇടതുപക്ഷമുന്നണിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടികള്‍രണ്ടും തൃണമൂല്‍തുല്യം ആയിരുന്നെങ്കിലും രണ്ടിന്റേയും നേതാക്കള്‍ ആല്‍മരതുല്യര്‍ ആയിരുന്നു. രണ്ടിനും മന്ത്രിസ്ഥാനവും കൊടുത്തു. പാര്‍ട്ടി രണ്ടും ക്രമേണ പരലോകം പൂകിയെങ്കിലും പൂകുംവരെ പൂര്‍ണവിധേയരായി മുന്നണിയില്‍ നിലകൊള്ളുകയുണ്ടായി.
ഇപ്പോഴത്തെ മുന്നണി യശ്മാന്‍ന്മാര്‍ക്ക് അങ്ങനെയൊരു ദയാദാക്ഷിണ്യവുമില്ല. തോല്‍ക്കുന്ന ഒന്നോ രണ്ടോ സീറ്റ് എവിടെയെങ്കിലും പൊരിവെയിലത്ത് ഇട്ടുകൊടുക്കുമെന്നല്ലാതെ വേറെ ഒരു പരിഗണനയുമില്ല. സോഷ്യലിസമാണ് മുന്നണികളില്‍. വോട്ടെണ്ണം നോക്കിയേ സീറ്റുള്ളൂ. നേതാവ് ആലാണോ കാഞ്ഞിരമാണോ പാലയാണോ എന്നൊന്നും നോക്കില്ല. കെ.ആര്‍.ഗൗരിയമ്മയോളം പ്രായമുളള രാഷ്ട്രീയവന്‍മരം വേറെ ഏതുണ്ട് ഇന്ത്യാമഹാരാജ്യത്ത്? പി.സി.ജോര്‍ജിനെപ്പോലെ ഇത്രയും വിശ്വസിക്കാവുന്ന ഇനം വേറെ ഏതുണ്ട് മരത്തടികളുടെ കൂട്ടത്തില്‍? പീഞ്ഞപ്പെട്ടിക്കും പറ്റും പീച്ചാത്തിപ്പിടിക്കും പറ്റും. പക്ഷേ, സീറ്റുകൊടുത്തില്ല.
പാനയില്‍ പറഞ്ഞതുപോലെയാണ് പാര്‍ട്ടികളുടെയും അവസ്ഥ എന്നവര്‍ പലപ്പോഴും മറന്നുപോകുന്നുണ്ട്. മാളികമുകളിലാണെന്നു തോന്നും എ.കെ.ജി. സെന്ററില്‍ പങ്കയുടെ കാറ്റേറ്റ് കിടക്കുമ്പോള്‍. എപ്പോഴാണ് മാറാപ്പുകേറ്റുന്നതെന്ന് പറയാനൊക്കില്ല. ആരായിരുന്നു എം.വി.രാഘവന്‍, ആരായിരുന്നു കെ.ആര്‍.ഗൗരിയമ്മ…ഒരു സീറ്റുണ്ടോ എന്നുചോദിച്ച് നാളെ ആര്‍ക്കെല്ലാം എവിടെയെല്ലാം കേറിയിറങ്ങേണ്ടിവരും എന്നാര്‍ക്കും പറയാനാവില്ല സഖാക്കളേ…ആവില്ല.
ആകപ്പാടെ ഒരു സമാധാനമേ ഉള്ളൂ. അഗതിമന്ദിരങ്ങള്‍ ഏറെയുണ്ട്. ഏതിടത്തും അന്തിയുറങ്ങാം. പഴയ പത്രാസും വിചാരിച്ച് ബലംപിടിച്ചിരുന്നാല്‍ സംഗതി നടക്കില്ല. പി.സി.തോമസ്സിന് എന്‍.ഡി.എ പറ്റുമെങ്കില്‍ പി.സി.ജോര്‍ജിനാണോ പറ്റാത്തത്? സി.കെ.ജാനുവിന് പറ്റുമെങ്കില്‍ കെ.ആര്‍.ഗൗരിക്കാണോ പറ്റാത്തത്? ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് ഇടതുപക്ഷം പറ്റുമെങ്കില്‍ ഏത് ചെകുത്താനാണ് പറ്റാത്തത്? ഇടത്താണോ വലത്താണോ എന്നൊന്നും നേരത്തെയും നോക്കാറില്ല. ഇനി വര്‍ഗീയഫാസിസ്റ്റാണോ ആനമുട്ടയാണോ എന്നും നോക്കേണ്ട. വരുന്നേടത്തുകാണാം.
****
കേരളാ കോണ്‍ഗ്രസ്സിന്റെ വളര്‍ച്ച ആരിലാണ് അസൂയ വളര്‍ത്താത്തത്! എത്രതവണ പിളര്‍ന്നാലും, കര്‍ഷകര്‍ വഴിയാധാരമായാലും പാര്‍ട്ടി വഴിയാധാരമാകില്ല. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത്് അഭയമൊരുക്കാന്‍ മുന്നണികള്‍ അഹമിഹമികയാ മുന്നോട്ടുവരുന്നു.
നേരത്തെ കുത്തകയായിരുന്നു വിപണിയില്‍. എന്തുസംഭവിച്ചാലും യു.ഡി.എഫില്‍ നില്‍ക്കണം. എല്‍.ഡി.എഫിന്റെ അടുത്തെങ്ങാനും പോയാല്‍ അകത്തുനിന്നിങ്ങോട്ട് കല്ലെറിയാന്‍ തുടങ്ങും. കായല്‍ രാജാക്കന്മാരുടെ പാര്‍ട്ടി, മതമേലധ്യക്ഷന്മാര്‍ നയിക്കുന്ന പാര്‍ട്ടി, റബ്ബര്‍പാര്‍ട്ടി തുടങ്ങിയ ആക്ഷേപവചനങ്ങള്‍ ചെരിയുമായിരുന്നു. സംഗതി മാറിവരുന്നുണ്ട്. വിപണിയില്‍ ആവശ്യക്കാര്‍ കൂടിവരുന്നതാവാം കാരണം. ഇടതുകമ്പനിക്കും വലതുകമ്പനിക്കും പുറമെ എന്‍.ഡി.എ. കമ്പനിയും റബ്ബറുവാങ്ങാന്‍ തുടങ്ങി. ഏതുവിലയ്ക്കും എടുക്കുമത്രെ.
എന്തായാലും കേരളാ കോണ്‍ഗ്രസ്സുകള്‍ മൂന്നു മുന്നണിയിലും ഒന്നിലേറെയുണ്ട്. കെ.എം.മാണിയും പി.ജെ.ജോസഫുമുള്ള കേ.കോ.യും ടി.എം.ജേക്കബ്പുത്രനും യു.ഡി.എഫ് റിട്ടേണ്‍ഡ് ജോണിനെല്ലൂരും നയിക്കുന്ന കേ.കോ.യും യു.ഡി.എഫില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഉറച്ചുനില്‍ക്കും. എല്‍.ഡി.എഫില്‍ ഉള്ള കേ.കോ.കളുടെ എണ്ണം കൂടിയിട്ടുണ്ട്. ആര്‍.ബാലകൃഷ്ണപിള്ളയും പുത്രനും ഇടതായി. പി.സി.ജോര്‍ജ് പൂഞ്ഞാര്‍ സീറ്റ് കൊടുക്കാത്തതുകൊണ്ട് അടുക്കള വഴി പുറത്തേക്കുചാടി. ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേ.കോ.ആണ് പുതിയ അഡിഷനാലിറ്റി. സീറ്റ് നാലെണ്ണം കൊടുത്തിട്ടുണ്ട്. സ്‌കറിയാ തോമസ് വക ഒരു കേ.കോ.യും ക്യാമ്പിലുണ്ട്. സീറ്റുപോയ സുരേന്ദ്രന്‍പിള്ള ജനതാദളമായി. ഇടതുപക്ഷം മടുത്ത് പി.സി.തോമസ് എന്‍.ഡി.എ.യില്‍ സുരക്ഷിതമായി തിരിച്ചെത്തി. എന്‍.ഡി.എ.ക്കു അസൂയയും കുനുഷ്ഠുമൊന്നും ഒട്ടുമില്ല. ഏത് പാര്‍ട്ടി ഏത് പാതിരായ്ക്ക് വന്നാലും രണ്ടുകൈയും നീട്ടി സ്വീകരിക്കും. മുസ്ലിംലീഗിന്റെ ഒരു ചെറു കഷണംകൂടി കിട്ടിയിരുന്നെങ്കില്‍ കുശാലാകുമായിരുന്നു.
****
പോലീസിനും മേലെയാണ് കരിമരുന്നു മേഖലയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന്റെ പൊരുള്‍ പെട്ടന്ന് ജനത്തിന് പിടികിട്ടിയിരുന്നില്ല. ഇപ്പോള്‍ കിട്ടി. വെടിക്കെട്ട് മത്സരത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചിട്ടും സംഗതി നടന്നു. നൂറ്റിച്ചില്വാനം മനുഷ്യര്‍ വെന്തുമരിച്ചു. ആര്‍ അനുമതി കൊടുത്തു, എങ്ങനെ ഇതുസംഭവിച്ചു എന്നൊന്നും ജനം അറിയേണ്ട. ജുഡീഷ്യല്‍ അന്വേഷണമുണ്ട്. കമ്മീഷനില്‍ മൊഴി കൊടുക്കാന്‍ ആരും വന്നില്ലെന്നുവരാം. മുഖ്യമന്ത്രിയും സരിതയൊന്നും ഇല്ലാത്തതുകൊണ്ട് വാര്‍ത്തയും ചാനല്‍ചര്‍ച്ചയുമൊന്നും ഉണ്ടാവില്ല. നിയമസഭയില്‍ ആരും ചോദിക്കുകയുമില്ല. എന്നാലും ഒരു കൊല്ലം കഴിയുമ്പോഴേക്കു റിപ്പോര്‍ട്ടുവരും. താല്പര്യമുള്ളവര്‍ക്ക് വിവരാവകാശനിയമപ്രകാരം കത്തുകൊടുത്താല്‍ കിട്ടുമായിരിക്കും. അതിനുമുമ്പ് വിവരാവകാശനിയമത്തിന്റെ കഥ കഴിയുമോ എന്നറിയില്ല.
ഇതിനൊന്നും കാത്തുനില്‍ക്കാതെ കലക്ടര്‍ സത്യം വിളിച്ചുപറഞ്ഞത് മഹാപരാധംതന്നെ. പൊലീസിനെ കലക്ടര്‍ കുറ്റപ്പെടുത്തി എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം കരിമരുന്നുലോബിയെ കുറ്റപ്പെടുത്തി എന്നാണ്. പോലീസിന് പടക്കക്കച്ചവടമോ വെടിക്കമ്പമോ ഇല്ല. അവരുടെ കൈയിലുള്ളത് വേറെ വെടിയാണ്. അവര്‍ കണ്ണടച്ചത് കരിമരുന്നുകാരെ ഭയന്നാവും, അല്ലെങ്കില്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രാഷ്ട്രീയക്കാരെ ഭയന്നാവും. നാട്ടിലെ ക്ഷേത്രങ്ങളിലൊക്കെ വെടിക്കെട്ടില്ലാതായാല്‍ എങ്ങനെ വെടിക്കെട്ടുകാര്‍ ജീവിക്കും എന്നാണ് വെടിക്കെട്ടുകാര്‍ ചോദിക്കുക. യഥാര്‍ത്ഥത്തില്‍ വെടിക്കെട്ടുകാരും ജീവിക്കുകയല്ല, മരിച്ചുതീരുകയാണ്. വെടിഭ്രാന്തന്മാര്‍ അതൊന്നും അറിയേണ്ടതില്ലല്ലോ.
മഹാരാഷ്ട്രത്തിലെ ശനിക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതാണ് കൊല്ലത്ത് പടക്കം പൊട്ടിത്തെറിക്കാന്‍ കാരണമെന്ന് ഒരു ശങ്കരചാര്യര്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇത്ര ശക്തിയുള്ള വിവരം ആരറിഞ്ഞു!. എന്തിനുവെറുതെ പോലീസിനെയും കലക്ടറെയും വെടിക്കെട്ടുകാരെയുമെല്ലാം കുറ്റപ്പെടുത്തുന്നു? ഇക്കാര്യത്തില്‍ ചര്‍ച്ചയും വിവാദവുമൊന്നും ആവശ്യമില്ല. മൂവായിരം വര്‍ഷം പഴക്കമുള്ള മനസ്സും ബുദ്ധിയുമായി ജീവിക്കാന്‍ കഴിയുക ചെറിയ കാര്യമല്ല. മൂവായിരമൊന്നുമില്ലെങ്കിലും ഒരു ആയിരം വര്‍ഷത്തിന്റെ പഴക്കമുള്ളവര്‍ ഇവിടെയും ധാരാളം കാണും. അവരോടു ചോദിച്ച് കാര്യങ്ങള്‍ ചെയ്താല്‍മതി. ഏവര്‍ക്കും സ്വര്‍ഗം പൂകാം.