ഇനി തെരുവില്‍ കാണാം

ഇന്ദ്രൻ

പണ്ടൊക്കെ നിയമസഭയില്‍ പൊരിഞ്ഞ പോരാട്ടത്തിനുശേഷം പറയാറുള്ളത് ഇനി നമുക്ക് കുരുക്ഷേത്രത്തില്‍ കാണാം എന്നായിരുന്നു. ജനങ്ങളിലേക്ക് പോകുന്നു, അവര്‍ തീരുമാനിക്കട്ടെ എന്നാണ് അര്‍ഥം. അതൊക്കെ മാന്യന്മാരുടെ കാലം. ഇനിയെന്ത് കുരുക്ഷേത്രം ! വാടാ….കാണിച്ചുതരാം എന്നുപറഞ്ഞാണ് ഇറങ്ങുന്നത്. ജനാധിപത്യം ജനഹിതമല്ല, തിണ്ണബലപരിശോധനയാണ്.

സോളാര്‍ അഴിമതിപ്രശ്‌നം തിങ്കളാഴ്ച മുതല്‍ ആരും ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ല. ഇനി ഉപരോധം, കേന്ദ്രസേന, ലാത്തിച്ചാര്‍ജ്, ഗ്രനേഡ്, തീവെപ്പ്, വെടിവെപ്പ്, രക്തസാക്ഷി, ഹര്‍ത്താല്‍… എന്നിവയെക്കുറിച്ചേ ചര്‍ച്ചയുള്ളൂ. എല്ലാറ്റിന്റെയും ലൈവ് ടെലിക്കാസ്റ്റും പാതിരാവരെ ചര്‍ച്ചയും ഉണ്ടാകും. ആരും നിരാശപ്പെടേണ്ട. അരി, പച്ചക്കറി തുടങ്ങിയവയും മറ്റേ അവശ്യവസ്തുവും വീട്ടില്‍ വാങ്ങിവെക്കുന്നത് നന്ന്.

ഒരാവശ്യം ഉന്നയിച്ച് ഒരു ദിവസം ഹര്‍ത്താല്‍ നടത്താം. ഹര്‍ത്താല്‍ മോശം സംഗതിയാണെങ്കിലും ജനം സഹിക്കും. ഒരു ദിവസമല്ലേ, സാരമില്ല. അനിശ്ചിതകാല ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലോ ? കളി മാറി. ജനം സഹിക്കില്ല. അതുകൊണ്ടാണ് ആരുമത് ചെയ്യാത്തത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു ദിവസം സെക്രട്ടേറിയറ്റ് ഉപരോധിക്കാം. ജനങ്ങളുടെയും സര്‍ക്കാറിന്റെയും ശ്രദ്ധയാകര്‍ഷിക്കാനാണ് പ്രക്ഷോഭങ്ങള്‍. ബലം പ്രയോഗിച്ച് മൂക്കുകൊണ്ട് ക്ഷ വരപ്പിക്കാനല്ല. മുഖ്യമന്ത്രി രാജിവെക്കുംവരെ സംസ്ഥാനഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ കളിമാറി.

സെക്രട്ടേറിയറ്റിന്റെ ജനവിരുദ്ധതയെക്കുറിച്ച് പരാതി ഇല്ലാത്തവരില്ല. അത് ഇടിച്ചുപൊളിച്ച് ചൊറിയണം നടണം എന്ന് ആര്‍. സുഗതന്‍ പറഞ്ഞത് ഇന്നും പ്രസക്തം തന്നെ. പക്ഷേ, ജനത്തിന്റെ ജീവിതപ്രശ്‌നങ്ങള്‍ തീരുമാനിക്കപ്പെടുന്നത് സെക്രട്ടേറിയറ്റില്‍ ആണ്. അധികാരവികേന്ദ്രീകരണം എന്നൊക്കെ പറഞ്ഞ് താഴെ ജില്ലാ-ബ്ലോക്ക് പഞ്ചായത്തൊക്കെ ഉണ്ടാക്കിയത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനും കുറേ പദവികളും തസ്തികകളും ഉണ്ടാക്കാനുമാണ്. ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത് സെക്രട്ടേറിയറ്റിലാണ്. ഇന്ത്യന്‍ കോഫിഹൗസിലെ സപ്ലൈ തൊഴിലാളിയുടെ ശമ്പളം തീരുമാനിക്കുന്നത് സെക്രട്ടേറിയറ്റിലെ ഏതോ സെക്രട്ടറിയാണ്. മസാലദോശയുടെയും വടയുടെയും വില തീരുമാനിക്കാനുള്ള അധികാരം സെക്രട്ടേറിയറ്റിലെ ക്ലാര്‍ക്കിനാണ് എന്ന് ഉത്തരവ് ഇറങ്ങിക്കൂടായ്കയില്ല. അങ്ങനത്തെ ഒരു സെക്രട്ടേറിയറ്റാണ് തിങ്കളാഴ്ചമുതല്‍ സ്തംഭിപ്പിക്കാന്‍ പോകുന്നത്.

എന്തിനാണ് ഇത് ? മുഖ്യമന്ത്രിയെ രാജിവെപ്പിക്കാന്‍. കുറേദിവസം കരിങ്കൊടി കാട്ടിനോക്കി. കാളപ്പോരില്‍ കാളയെ ചുവപ്പുകാട്ടിയാണ് വിറളിപിടിപ്പിക്കുക എന്നുകേട്ടിട്ടുണ്ട്. വിറളി പിടിച്ചാല്‍ ആഞ്ഞുകുത്തും. പരക്കെ കരിങ്കൊടി കാട്ടിയിട്ടും മുഖ്യമന്ത്രിക്ക് വിറളി പിടിക്കുന്ന ലക്ഷണം കാണാത്തതുകൊണ്ടാണ് സമരത്തിന്റെ ട്യൂണ്‍ മാറ്റിയത്. രാപകല്‍ സത്യാഗ്രഹവും നടന്നു. പ്രസംഗം, മുദ്രാവാക്യം, പാതിരാപ്പാട്ട്, രാപകല്‍ പാക്കറ്റ് ഭക്ഷണം എന്നിവ. പാര്‍ട്ടിയുടെ കാശ് കുറെ പോയെന്നല്ലാതെ ഗുണമൊന്നും ഉണ്ടായില്ല. അതെല്ലാം തീര്‍ന്നു. ഇനി രണ്ടാലൊന്നാണ്.

ചോരയൊഴുക്കാതെ രണ്ടുകൂട്ടര്‍ക്കും മടങ്ങാന്‍ പറ്റില്ല.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ കോണ്‍ഗ്രസ്സുകാരും പള്ളിക്കാരും പട്ടക്കാരുമെല്ലാം ചേര്‍ന്ന് നടത്തിയ വിമോചനസമരത്തിന്റെ കമ്യൂണിസ്റ്റ് പതിപ്പാണിത് എന്ന മട്ടിലൊരു ഉപമാപ്രയോഗം മന്ത്രി കെ.സി. ജോസഫ് ഈയിടെ നടത്തിയിരുന്നു. പറഞ്ഞത് കമ്യൂണിസ്റ്റുകാര്‍ക്കും പിടിച്ചില്ല, കോണ്‍ഗ്രസ്സുകാര്‍ക്കും പിടിച്ചില്ല. കെ.സി. ജോസഫ് അങ്ങനെയൊരു സിദ്ധി ഈയിടെയായി നേടിയിട്ടുണ്ട്. പത്രക്കാരുടെ വകുപ്പുമന്ത്രി കൂടിയായതുകൊണ്ട് ചാനല്‍ചര്‍ച്ചയ്ക്കും മുഖപ്രസംഗത്തിനുമുള്ള വിഷയം ഉണ്ടാക്കിക്കൊടുക്കേണ്ടതും മന്ത്രിയുടെ ചുമതലയാണല്ലോ. മന്ത്രിയുടെ പുതിയ ഉപമ കേട്ട്, ”ഓഹോ അപ്പോള്‍ വിമോചനസമരം മഹാമോശമായിരുന്നു അല്ലേ ?” എന്നാണ് കമ്യൂണിസ്റ്റുകാര്‍ ചോദിച്ചത്. വിമോചനസമരത്തോളം മഹത്തരമോ ഈ ഊച്ചാളി സമരം എന്ന് കോണ്‍ഗ്രസ്സുകാരും. രണ്ടും ഞാന്‍ പറഞ്ഞിട്ടില്ല എന്ന് കെ.സി. ജോസഫും.

വിമോചനസമരം ഒരു സര്‍ക്കാറിനെ താഴെയിറക്കാനാണ് നടത്തിയതെങ്കില്‍ ഇതൊരു മുഖ്യമന്ത്രിയെ താഴെയിറക്കാനാണ് എന്ന വലിയ വ്യത്യാസമുണ്ടെന്ന ഇടതുപക്ഷ ന്യായീകരണം കണ്‍ഫ്യൂഷനാണ് ഉണ്ടാക്കിയത്. മന്ത്രിസഭയെ താഴെയിറക്കുന്നത് ജനാധിപത്യവിരുദ്ധം, മുഖ്യമന്ത്രിയെ താഴെയിറക്കുന്നത് ജനാധിപത്യപരം എന്നൊരു തത്ത്വമുണ്ടോ എന്തോ… ആര്‍ക്കറിയാം. ജനാധിപത്യത്തിന്റെ ഒരു സൗകര്യം നമ്മുടെ സൗകര്യത്തിന് അനുസരിച്ച് തത്ത്വങ്ങളുണ്ടാക്കാന്‍ കഴിയും എന്നതാണ്.

സാധാരണയായി സമരക്കാര്‍ക്ക്  തലയ്ക്ക് സമനില തെറ്റിയ ശേഷമേ പോലീസിന് സമനില തെറ്റാറുള്ളൂ. ഇത്തവണ അതും മാറിയിട്ടുണ്ട്. ഭരണപക്ഷം ഒരു കാര്യത്തിലും പ്രതിപക്ഷത്തിന്റെ  പിന്നിലായിക്കൂടല്ലോ. ഓടുന്ന പ്രാന്തിന് ഒരുമുഴം മുമ്പേയാണ് സര്‍ക്കാറിന്റെ പ്രാന്ത്.  തലസ്ഥാനത്തെ യുദ്ധഭൂമിയാക്കി മാറ്റി. പട്ടാളഭരണം പ്രഖ്യാപിച്ച മട്ടിലാണ്  പോക്ക്.  അടിയന്തരാവസ്ഥയുടെ പ്രേതം കൂടിയോ ഭരണനേതൃത്വത്തിന്? സോളാര്‍ വൈദ്യുതിയിലേ  പുതുമയുള്ളൂ. സോളാര്‍ തട്ടിപ്പില്‍  പുതുമയൊന്നുമില്ല. സാധാരണ പോലൊരു തട്ടിപ്പ്. അതിന് വേണ്ടി ചോരയൊഴുക്കേണ്ട കാര്യമൊന്നുമില്ല. കോടതികളുടെ പരിധിയില്‍ വരുന്ന പ്രശ്‌നം  തീര്‍ക്കാന്‍ തെരുവുയുദ്ധം ആവശ്യമില്ലെന്ന ബോധമെങ്കിലും ജനനേതാക്കള്‍ക്കില്ലെങ്കില്‍ ജനമെന്തു ചെയ്യും?

* * *

വെറുതെ പഴങ്കഥ പറയുന്നതെന്തിനെന്ന് പുത്തന്‍ വിപ്ലവകാരികള്‍ പരിഹസിച്ചേക്കും. എങ്കിലും എ.കെ.ജി. – സി.കെ.ജി. എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം മന്ത്രം ജപിക്കുന്നവര്‍ അറിയേണ്ട ചില പഴങ്കഥകളുണ്ട്. ചില പഴയ പത്രപ്രവര്‍ത്തകരും സഹപ്രവര്‍ത്തകരായിരുന്നവരും എഴുതിയതാണ്.

പഴങ്കഥ നമ്പര്‍ വണ്‍:
കെ.പി.സി.സി. പ്രസിഡന്റ് സി.കെ.ജി. മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ എതിര്‍ഗ്രൂപ്പുകാരനായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷപത്രം കടുത്ത അഴിമതി ആരോപണമുന്നയിച്ചു. ആരോപണത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് ഡല്‍ഹിക്ക് പോയ സി.കെ.ജി. കൂടെ കൂട്ടിയത് പ്രതിപക്ഷപത്രത്തിന്റെ പത്രാധിപരെയാണ്. ”കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം. സത്യമറിയേണ്ട ബാധ്യത കെ.പി.സി.സി. പ്രസിഡന്റിനുണ്ട്. അതുകൊണ്ട് അന്വേഷണം വേണം” പ്രസിഡന്റ് പത്രക്കാരോട് പറഞ്ഞു.

പഴങ്കഥ നമ്പര്‍ രണ്ട് : മന്ത്രിയായിരുന്നപ്പോള്‍ പി.ടി. ചാക്കോ സ്വയം ഓടിച്ചിരുന്ന കാറൊരു വണ്ടിയില്‍ തട്ടി നാട്ടുകാര്‍ ഇടപെട്ടു. അപ്പോള്‍ കാറിലൊരു സ്ത്രീ ഉണ്ടായിരുന്നു എന്നത് വിവാദമായി. മന്ത്രിയുടെ രാജിക്കുവേണ്ടി മുറവിളി ഉയര്‍ന്നു. ആരും സെക്രട്ടേറിയേറ്റൊന്നും ഉപരോധിച്ചില്ല. പക്ഷേ, കോണ്‍ഗ്രസ്സിന്റെ തന്നെ എം.എല്‍.എ. പ്രഹ്ലാദന്‍ ഗോപാലന്‍ ആണ് മന്ത്രിയുടെ രാജി ആവശ്യ പ്പെട്ട് സത്യാഗ്രഹം തുടങ്ങിയത്. ചാക്കോ എതിര്‍ഗ്രൂപ്പിലായിരുന്നുവെങ്കിലും സി.കെ.ജി. സ്വന്തം അനുയായിയായ ഗോപാലനെ സത്യാഗ്രഹത്തില്‍നിന്ന് പിന്തിരിപ്പിച്ചു. ഗ്രൂപ്പിസം വേറെ വ്യക്തിഹത്യ വേറെ.

പഴങ്കഥ മൂന്ന്: എ.കെ.ജി. ഇടുക്കി ജില്ലയിലെ അമരാവതിയില്‍ കുടിയിറക്കിനെതിരെ അനിശ്ചിതകാല ഉപവാസം ആരംഭിച്ചപ്പോള്‍ അവിടെ പാഞ്ഞുചെന്നവരില്‍ ഒരാള്‍ എതിര്‍കക്ഷിയുടെ നേതാവായ സി.കെ.ജി. ആയിരുന്നു. എ.കെ.ജി.യുടെ കൈ പിടിച്ച് സി.കെ.ജി. പറഞ്ഞത്രെ – ”നീ മരിക്കാനൊന്നും തുനിയേണ്ട. നിന്നെക്കൊണ്ട് കേരളത്തിന് ആവശ്യമുണ്ട് ”…..

ആര്‍ക്ക് കേള്‍ക്കണം ഈ മാതിരി ഒടഞ്ഞ പഴങ്കഥ…

* * *

സോളാര്‍ വിവാദത്തിന്റെ വലിയ ഗുണഭോക്താവ് സി.പി.എം. ആണല്ലോ. പ്രകാശ് കാരാട്ട് കാലം കുറേയായി ശ്രമിച്ചിട്ടും തീരാത്ത വി.എസ്.-പിണറായി പോര് സരിത നായര്‍ തീര്‍ത്തും ഇല്ലാതാക്കി. പോരാത്തതിന് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം ഉച്ചകോടിയിലെത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മില്‍, നേതാക്കള്‍ തമ്മില്‍, ഘടകകക്ഷികള്‍ തമ്മില്‍ പൊരിഞ്ഞ പോരിന് തിരി കൊളുത്തി സരിത. മന്ത്രിസഭ വീഴും എന്ന നിലപോലും ഉണ്ടായി.

കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും സെക്രട്ടേറിയറ്റ് ഉപരോധം ആപത്കാലത്ത് കിട്ടുന്ന അനുഗ്രഹമാണ്. ഇനി പേടിക്കേണ്ട, തമ്മില്‍ത്തല്ല് ഉപരോധത്തോടെ നില്‍ക്കും. എത്ര അക്രമാസക്തമാവുമോ ഉപരോധം അത്രയും സന്തോഷം…..

Leave a Reply

Your email address will not be published. Required fields are marked *

Go Top