സുധീര പൂഴിക്കടകന്‍

ഇന്ദ്രൻ

അവസാനത്തെ അടവ് ആദ്യം പ്രയോഗിക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടാണ് പ്രയോഗം വൈകിയത്. ഹൈക്കമാന്‍ഡ് സമക്ഷത്തില്‍ എത്തിയ ശേഷമാണ് പ്രസിഡന്റ് കാര്യം പറഞ്ഞത്. ലിസ്റ്റിതാ, നോക്കിക്കോളൂ. പക്ഷേ, താന്‍ ഒന്നാം നമ്പരായി ചേര്‍ത്തിരിക്കുന്ന ചില പേരുകാര്‍ അത്ര ഒന്നാം നമ്പരുകാരൊന്നുമല്ല. ചിലരുടെ സ്വഭാവഗുണം തീരെ പോര. സ്ഥാനാര്‍ത്ഥികളാക്കിയാല്‍ സല്‍പ്പേര് അപ്പടി പോകും. തോല്‍ക്കും എന്നു ചുരുക്കം. പേടിക്കാനൊന്നുമില്ല. കാരണം ലിസ്റ്റില്‍ ചുവടെ ഇഷ്ടംപോലെ യോഗ്യ•ാരുടെ പേരുകളുണ്ട്. കോണ്‍.ഗ്രൂപ്പ്, പു-സ്ത്രീ, ജാതി, യുവ-വൃദ്ധ തുടങ്ങിയ ഏതിനം നോക്കിയാലും പേരുകള്‍ റെഡി.

പലയിനം അടവുകള്‍ കണ്ട് ശീലിച്ച ഉമ്മന്‍ചാണ്ടി ഇങ്ങനെയൊരു പൂഴിക്കടകന്‍ പ്രതീക്ഷിച്ചതല്ല. കെ.ബാബുവിനെപ്പോലൊരു നിരപരാധിയും നിഷ്‌കളങ്കനും കേരളത്തില്‍ വേറെയില്ല. മദ്യം, ഏതിനം ആയിക്കോട്ടെ കൈകൊണ്ടുതൊടില്ല. മദ്യംതൊട്ടാലും കോഴപ്പണം തൊടില്ല. ബാബുവിനെ തിരഞ്ഞുപിടിച്ച് എക്‌സൈസ് മന്ത്രിയാക്കിയതുതന്നെ ഈ ഗുണവിശേഷങ്ങളുള്ളതുകൊണ്ടാണ്. സമ്പൂര്‍ണ മദ്യനിരോധം സാധിച്ചില്ലെങ്കിലും അതിന്റെ അടുത്തുവരെയെത്തിച്ചില്ലേ ബാബു? മദ്യലോബിയുടെ കഞ്ഞികുടി മുട്ടിച്ചതിലുളള വിരോധംതീര്‍ക്കുന്നതിനല്ലേ അവര്‍ ബാബുവിന്റെ കൊങ്ങയ്ക്ക് പിടിക്കാന്‍ മുതിര്‍ന്നത്? വെറും ഗാന്ധിയനല്ല, മഹാത്മാഗാന്ധിയന്‍ തന്നെ ആയ ബാബുജിയോട് സുധീരഗാന്ധി ഒടുവില്‍ ഇങ്ങനെയൊരു ചെയ്ത്ത് ചെയ്യുമെന്ന് ഓര്‍ത്തേയില്ല. മനസ്സിലായി, ലക്ഷ്യം ബാബുവല്ലല്ലോ.

പൂഴിക്കടകനടിയില്‍ പൂഴി കണ്ണില്‍ വീണ മറ്റു രണ്ടുപേര്‍ ഉമ്മന്‍ചാണ്ടിയുടെ ഇടത്തും വലത്തും നിലയുറപ്പിച്ച് അഞ്ചുവര്‍ഷം വാള്‍ ആഞ്ഞുവീശിയ കെ.സി.ജോസഫും ബെന്നി ബഹന്നാനുമാണ്. മൂന്നുപേരും പഴയ കെ.എസ്.യു. ആണ്. ഇപ്പോഴും കെ.എസ്.യു.തന്നെ. കെ.സി.ജോസഫ് കോട്ടയംകാരനാണ്. വേറെ കുറ്റമൊന്നുമില്ല. കോട്ടയം ഡി.സി.സി.പ്രസിഡന്റായിരുന്നപ്പോഴും മത്സരം ഇരിക്കൂറിലായിരുന്നു. ജോസഫിനെ കുറ്റംപറഞ്ഞുകൂടാ. ശരിക്കുപറഞ്ഞാല്‍ കോട്ടയം ജില്ലയില്‍ പെടുത്തേണ്ട ഒരു സ്ഥലംതന്നെയാണ് ഇരിക്കൂറൂം. മാഹി ഇപ്പോഴും പോണ്ടിച്ചേരിയില്‍ പെടുന്നതുപോലെ ഇരിക്കൂര്‍ കോട്ടയത്ത് പെടുത്തേണ്ടതായിരുന്നു. സുധീരന്റെ പ്രശ്‌നം ഇതൊന്നുമല്ല. കെ.സി.ജോസഫിനെ 1982 മുതല്‍ ഇരിക്കൂറുകാര്‍ ജയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു പ്രാവശ്യം തോല്‍പ്പിച്ചിരുന്നെങ്കില്‍ ചേട്ടന്‍ വേറെയെങ്ങോട്ടെങ്കിലും പോയേനെ. സ്വമേധയാ പോകുന്നില്ലെങ്കില്‍ ഓടിച്ചുവിടുകതന്നെ. പിന്നെ, ബെന്നി ബഹന്നാന്‍. പാര്‍ട്ടിയുടെ സല്‍പ്പേരിന് അദ്ദേഹംചെയ്ത സേവനം സുധീരന് അറിയാഞ്ഞിട്ടല്ല. അഞ്ചുലക്ഷം കോഴ കൊടുത്തു എന്നു സരിത പറഞ്ഞതേ പത്രങ്ങളില്‍ വന്നിട്ടുള്ളൂ. കോഴ എന്നൊരു സാധനം രാഷ്ട്രീയക്കാര്‍ വാങ്ങാറില്ല. വാങ്ങുന്നത് സംഭാവന മാത്രം. കൊടുത്തതേ സരിത പറഞ്ഞുള്ളൂ. പിന്നെ എത്ര അങ്ങോട്ടുവാങ്ങി? എത്ര പേരുടെ വായടപ്പിക്കാന്‍ എത്ര കെട്ട് ഗാന്ധിനോട്ടുകള്‍ തിരുകിക്കേറ്റേണ്ടിവന്നു എന്നതിന് വല്ല കണക്കും കെ.പി.സി.സി. ഓഫീസിലുണ്ടോ? മന്ത്രിസഭ നിലനിന്നതുതന്നെ ബാബൂ, ബെന്നി എന്നിവരുടെ മാതൃകാപരമായ സേവനപ്രവര്‍ത്തനങ്ങള്‍ മൂലമാണ് എന്ന് ഭാവിയില്‍ ചരിത്രമെഴുത്തുകാര്‍ രേഖപ്പെടുത്താതിരിക്കില്ല.

സുധീരന് ഒരു ഗുണമുണ്ട്. വില്ലുകുലയ്ക്കുന്നത് വി.എസ്.അച്യൂതാനന്ദനെയോ പിണറായിയെയോ ലക്ഷ്യം വെച്ചാവുമെങ്കിലും അതുചെന്നുപതിക്കുക ഉമ്മന്‍ ചാണ്ടിയുടെ മുതുകത്ത് ആയിരിക്കും. ലക്ഷ്യമില്ലായ്മയല്ല പ്രശ്‌നം. അതൊരു ടെക്‌നിക്ക് ആണ്. ടി.എന്‍. പ്രതാപന്‍  ഇനി മത്സരിക്കില്ല എന്ന് പറഞ്ഞപ്പോള്‍, പ്രതാപനെക്കണ്ട് പഠിക്കട്ടെ വി.എസ്. അച്യുതാനന്ദന്‍ എന്നാണ് വി.എം.സുധീരന്‍ പ്രതികരിച്ചത്. വി.എസ് ഇനി അധികമൊന്നും പഠിക്കില്ല എന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ, 1970 മുതല്‍ പത്തു വട്ടം പുതുപ്പള്ളിയില്‍ മത്സരിക്കുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ വളരെയൊന്നും മുന്നിലല്ലല്ലോ വി.എസ് ഇക്കാര്യത്തില്‍. വി.എസ്സിനാണെങ്കില്‍ ഒരേയിടത്ത് പത്തുവട്ടം ജയിച്ചു എന്ന അയോഗ്യതയുമില്ല. അങ്ങനെ പറഞ്ഞുവരുമ്പോള്‍ കെ.സി.ജോസഫിനും ബെന്നി ബഹന്നാനും കെ.ബാബുവിനും അടൂര്‍ പ്രകാശിനും നേരെ എയ്ത അമ്പുകളെല്ലാം ഓരോന്നും പലതായി ആഞ്ഞുതറയ്ക്കുക മുഖ്യമന്ത്രിയിലാണ് എന്ന് സുധീരഗാന്ധിക്ക് അറിയാം. ഇതു ഉമ്മന്‍ ചാണ്ടിക്കും അറിയാം. ഇവരൊക്കെ കുറ്റക്കാരെങ്കില്‍ ഞാനിതാ അവരേക്കാള്‍ വലിയ കുറ്റവാളിയാണ് എന്നെഴുതിയ ബാനര്‍ നെറ്റിയിയില്‍ കെട്ടിയാണ് അദ്ദേഹം ഹൈക്കമാന്‍ഡിനുമുന്നിലെ പ്രതിക്കൂട്ടില്‍ നിലയുറപ്പിച്ചിരുന്നത്.

സോളാര്‍, ബാര്‍ വിഷയങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റായിരിക്കാന്‍ നിര്‍ഭാഗ്യമുണ്ടായ ആദര്‍ശധീരനാണ് സുധീരന്‍. അതിന്റെ മനഃസാക്ഷിക്കുത്ത് ഇങ്ങനെയെങ്കിലും തീര്‍ക്കാനാവുമോ എന്നുനോക്കുകയാണ്. ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കാന്‍ ദിവസം കുറച്ചെടുത്തു. ഡോ.മന്‍മോഹന്‍സിങ്ങിന്റെ രണ്ട് ടേം കഴിഞ്ഞശേഷം ഒരു കോടി രണ്ടുകോടി കോഴയുടെ ചീള് കേസ്സുകളൊന്നും ഹൈക്കമാന്‍ഡ് കൈകാര്യം ചെയ്യാറില്ല. ഇനിയും ഒരു വട്ടം കൂടി ഭരിച്ചാലും ആ നിലവാരത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കില്ല. ശ്രമിച്ചുനോക്കട്ടെ.
****

സി.പി.എമ്മിന് ഒരിക്കലും സ്വതന്ത്രന്മാരെ മറക്കാനാവില്ല. വന്നവഴി മറക്കരുത് എന്നുണ്ടല്ലോ. നെഹ്‌റു ഭരണകൂടം, ദേശീയ ബൂര്‍ഷ്വാസി, കുത്തക മുതലാളിത്തം, യു.എസ് സാമ്രാജ്യത്വം തുടങ്ങിയ സകല പിശാചുക്കളും എതിര്‍ത്തിട്ടും കേരളത്തില്‍ 1957 ല്‍ അധികാരത്തില്‍വന്നത് അഞ്ചുസ്വതന്ത്രന്മാരുടെ ബലത്തിലായിരുന്നു. പാര്‍ട്ടിയുടെ പിന്തുണ കൊണ്ടുമാത്രം ജയിച്ചവരായിരുന്നില്ല ഈ സ്വതന്ത്രന്മാര്‍. പി.എസ്.പി.യും മുസ്ലിംലീഗുമൊക്കെ പിന്തുണച്ചതിന്റെ ബലത്തില്‍ ജയിച്ചവരുണ്ട്.  ചെങ്ങളത്ത് രാമകൃഷ്ണപിള്ളയും ഡോ.എ.ആര്‍.മേനോനും ജോസഫ് മുണ്ടശ്ശേരിയും* കോരുമാസ്റ്ററും വി.ആര്‍.കൃഷ്ണയ്യരും പിന്താങ്ങിയിരുന്നില്ലെങ്കില്‍, ചരിത്രസംഭവമായ ആദ്യ ഇ.എം.എസ്്  മന്ത്രിസഭയുണ്ടാകുമായിരുന്നില്ല. കേരളത്തില്‍ തൊഴിലാളി വര്‍ഗസര്‍വാധിപത്യജനാധിപത്യം ഉണ്ടായിക്കൊള്ളട്ടെ എന്ന നല്ല ബുദ്ധി തോന്നിയതുകൊണ്ടൊന്നുമല്ല അവര്‍ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിന്താങ്ങിക്കൊള്ളാമെന്ന് ഗവര്‍ണരോട് പറഞ്ഞത്. അഞ്ചില്‍ മൂന്നുപേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയതുകൊണ്ടുകൂടിയാണ്. പക്ഷേ, മന്ത്രിസ്ഥാനത്തിന് വിലപേശുന്ന ടൈപ്പുകാരായിരുന്നില്ല കൃഷ്ണയ്യരും മുണ്ടശ്ശേരിയും ഡോ.മേനോനുമൊന്നും.

അതുകൊണ്ടൊക്കെയാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിവര്‍ഗത്തെ മറക്കരുതെന്നു പറഞ്ഞത്. അന്ന് അന്നത്തെ ടൈപ്പ് സ്വതന്ത്രര്‍, ഇന്ന് ഇന്നത്തെ ടൈപ്പ് സ്വതന്ത്രര്‍. പാര്‍ട്ടിയില്‍ യോഗ്യതയുള്ളവര്‍ തീരെ ഇല്ലാഞ്ഞിട്ടാണോ സ്വതന്ത്രരെ തേടിപ്പോകുന്നത്? ഒരിക്കലുമല്ല. വേറെ പാര്‍ട്ടികളുടെയും പാര്‍ട്ടികളിലൊന്നും പെടാത്ത മാന്യ•ാരുടെയും വോട്ട്് കിട്ടാനാണ് സ്വതന്ത്രരെ മത്സരിപ്പിക്കാറുള്ളത്. ഇന്നു പല സ്വതന്ത്രരെയും മത്സരിപ്പിക്കുന്നത് വോട്ടുകിട്ടാനല്ല വേറെ ചിലതുകിട്ടാനാണെന്ന കഥ നാട്ടില്‍ പാട്ടാകുന്നുണ്ട്. സത്യം അറിഞ്ഞുകൂടാ. മറ്റു പല പുതിയ സദാചാരങ്ങള്‍ക്കുമെന്ന പോലെ ഇതിനും ഇടതുവലതുവ്യത്യാസമൊന്നും ഇല്ലത്രെ.

പാര്‍ട്ടിക്കാരല്ലാത്ത, വ്യത്യസ്ത മേഖലകളിലെ യോഗ്യന്മാരും വേണം നിയമസഭയില്‍ എന്നൊരു തത്ത്വമുണ്ടല്ലോ. അതനുസരിച്ച് സിനിമ, മാധ്യമം, വ്യവസായം, ചെണ്ടകൊട്ട്, കടലിലെ തിരയെണ്ണല്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരെ പാര്‍ട്ടികള്‍ തെരയുന്നുണ്ടായിരുന്നു. ഇത്തവണ എന്തോ എന്നറിയില്ല സ്വതന്ത്രര്‍ക്ക് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ജയിക്കും എന്നുറപ്പുള്ള സീറ്റുകളേക്കാള്‍ തോല്‍ക്കുന്ന സീറ്റുകളില്‍ നോട്ടമിടുന്ന സ്വതന്ത്രന്മാര്‍ ഇപ്പോള്‍ ധാരാളമുണ്ടത്രെ. അതുകൊണ്ടുതന്നെ ഇടതുപാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വതന്ത്ര•ാര്‍ വരിക മലപ്പുറത്തായിരിക്കാം. യു.ഡി.എഫിന് അങ്ങനെ വകഭേദമൊന്നുമില്ല, എവിടെയുമാകാം.

ജീപ്പ്, കാര്‍, ടെലഫോണ്‍ കണക്ഷന്‍ തുടങ്ങിയവ വര്‍ഷങ്ങള്‍ തപസ്സിരുന്നാല്‍ മാത്രം കിട്ടിയിരുന്ന പഴയ സോഷ്യലിസ്റ്റ് കാലത്ത് സ്ഥാനാര്‍ത്ഥിത്വം കൊണ്ടുള്ള ലാഭം ഇതൊക്കെയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാ വ്യവസ്ഥയില്‍ ഇപ്പറഞ്ഞ സാധനങ്ങള്‍ അനുവദിച്ചുകിട്ടും. തോറ്റാലും, കെട്ടിവെച്ച തുക പോയാലുമൊന്നും തന്ന ഫോണോ ജീപ്പോ പിടിച്ചെടുക്കില്ല. ഇന്ന് കാലം മാറി. പുതിയ ടെക്‌നിക്കുകള്‍ പ്രചാരത്തില്‍വന്നുകഴിഞ്ഞു. ചുമ്മാ പ്രസംഗിച്ച് തൊണ്ട പൊട്ടിച്ചിട്ട്് കാര്യമൊന്നുമില്ല. കാശ് പിരിക്കാനുള്ള കഴിവുവേണം. അമ്പതുലക്ഷം കോഴ കൊടുത്ത് ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിത്വം വിലയ്ക്കുവാങ്ങിയാല്‍ വേറെ അമ്പതുലക്ഷമെങ്കിലും പിരിവുവഴി ലാഭമുണ്ടാക്കാനാവണം. ഇതില്‍ കുറഞ്ഞ സംഖ്യക്ക് മുന്നണിയില്‍ നിന്നുകിട്ടിയ സീറ്റ് വേറെ പാര്‍ട്ടിക്ക് വില്‍ക്കുന്ന കഥയും കേള്‍ക്കുന്നുണ്ട്. പേയ്‌മെന്റ് സീറ്റ്് എന്നും മറ്റും ഇതിനെ ചില രാജ്യദ്രോഹികള്‍ വിശേഷിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ ഓരോരോ സാധ്യതകള്‍ എന്ന് കരുതിയാല്‍പ്പോരേ?

****

അപൂര്‍വ ജനുസ്സുകളില്‍ പെട്ടതും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും കാണപ്പെടാത്തതുമായ ഒട്ടനവധി രാഷ്ട്രീയ പാര്‍ട്ടികളെ വറ്റും വെള്ളവും കൊടുത്തു പോറ്റി വംശനാശം തടയുക എന്ന സല്‍കൃത്യം എത്രയോ പതിറ്റാണ്ടുകളായി നിര്‍വഹിച്ചുപോന്നിട്ടുണ്ട് നമ്മുടെ മുഖ്യപാര്‍ട്ടികള്‍. 1967 ല്‍ ഒരു ഏകാംഗപാര്‍ട്ടിക്കും ഒരു ദ്വയാംഗപാര്‍ട്ടിക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടാണ് ഇതിനു തുടക്കം കുറിച്ചത്. ഉള്ളത് പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ.യോഗ്യതയുടെ കാര്യത്തില്‍ മത്തായി മാഞ്ഞൂരാനും ബി.വില്ലിങ്ങ്ടണുമൊന്നും ഇടതു-വലതു-സോഷ്യലിസ്റ്റ്-മുസ്ലിംലീഗ് മന്ത്രിമാരേക്കാള്‍ ഒട്ടും മോശമായിരുന്നില്ല.

സ്വതന്ത്ര•ാര്‍ക്ക് പ്രാമുഖ്യം കൂടിയതുകൊണ്ടാണോ എന്നറിയില്ല, ഇത്തവണ ചെറുകിട പാര്‍ട്ടികള്‍ക്കെല്ലാം സീസണ്‍ മോശമാണ്. ഇടതുമുന്നണിയുടെ ഗേറ്റില്‍ തൊഴുകയ്യോടെ നില്‍ക്കുന്ന ഒരു ഡസന്‍ പാര്‍ട്ടികളില്‍ നാലഞ്ചെണ്ണത്തിനുപോലും ഒരു സീറ്റ് കിട്ടിയില്ല. സ്വാതന്ത്ര്യസമര കാലത്തെ മഹാപുലിയായിരുന്ന സുഭാഷ് ചന്ദ്രബോസ്സിന്റെ ഫോര്‍വേഡ് ബ്ലോക്കിനില്ല സീറ്റ്. കേരളാ കോണ്‍ഗ്രസ്സിലെ നാടന്‍ പുലിയായിരുന്ന പി.സി.ജോര്‍ജിനുമില്ല. ഇരുമുന്നണികളും ഒത്തുകളിക്കുന്നത് ഒറ്റയാന്‍ പുലികളെ ഉ•ൂലനം ചെയ്യാനാണോ എന്നുപോലും സംശയിക്കേണ്ടതുണ്ട്.

കൂട്ടത്തില്‍ അതി സങ്കടകരം ഗൗരിയമ്മയുടെ കാര്യമാണ്. സി.പി.എമ്മില്‍ നിന്നും യൂ.ഡി.എഫില്‍നിന്നുമുള്ള തിക്താനുഭവങ്ങളില്‍ ദുഃഖിതയായ ഗൗരിയമ്മ എന്‍.ഡി.എ.യില്‍ ഒരു കൈ നോക്കാന്‍ ഒരുമ്പെടുമോ എന്ന സംശയവും പരന്നിട്ടുണ്ട്. പഴയ പുലിയാണെന്നതുസത്യം. ഗതി കെട്ടാല്‍ എന്തുചെയ്യും, ബി.ജെ.പി.യില്‍ ചേര്‍ന്നാലും അത്ഭുതമില്ല.

* ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഈ ഭാഗത്ത് തെറ്റ് പറ്റിയിട്ടുണ്ട്. ജോസഫ് മുണ്ടശ്ശേരി സ്വതന്ത്രനായല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് നിയമസഭയിലെത്തിയത്. അഞ്ച് സ്വതന്ത്രന്മാര്‍ ഇ.എം.എസ് മന്ത്രിസഭയെ പിന്താങ്ങി എന്നത് ശരിയാണ്. അഞ്ചാമന്‍ കുഴല്‍മന്ദത്ത് ജയിച്ച ജോണ്‍ കുടുവാക്കോട്ട് ആണ് എന്ന നിയമസഭാരേഖകളില്‍ കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Go Top