പുതിയ പ്രമാണിമാര്‍

ഇന്ദ്രൻ

പണ്ട് നാട്ടുപ്രമാണിയുടെ മുന്നിലൂടെ മുണ്ടുമടക്കിക്കുത്തി നടന്നാല്‍ ഉടന്‍ കിട്ടുമായിരുന്നു അടി. മുണ്ട് മടക്കിക്കുത്തുന്നതു നിരോധിച്ചിട്ടുണ്ടോ എന്നുചോദിച്ചാല്‍ അടി ഒന്നുകൂടി കിട്ടുകയേ ഉള്ളൂ. പുതിയ ഇനം പ്രമാണിമാര്‍ ഇപ്പോഴുമുണ്ട് നാട്ടില്‍. അതുകൊണ്ട് അടിക്ക് ഒരു പഞ്ഞവുമില്ല.

നിയമനിര്‍മാതാക്കളായ ജനപ്രതിനിധികളെ പ്രമാണിമാരെന്നൊക്കെ വിളിക്കുന്നത് അടി ഇരന്നുവാങ്ങലാകും. അതിനൊന്നും വയ്യ. ജനാധിപത്യത്തില്‍ ജനപ്രതിനിധികള്‍ പ്രമാണിമാര്‍ തന്നെയാണ്, സംശയമില്ല. പക്ഷേ, ജനങ്ങളേക്കാള്‍ വലിയ പ്രമാണിമാരാണോ ജനപ്രതിനിധികള്‍ ? മുണ്ട് മടക്കിക്കുത്തിനടക്കുന്ന നാടന്മാരോട് വേണമോ പരാക്രമം? പാര്‍ലമെന്റ് പാസാക്കിയ നിയമം നിയമസഭയ്ക്കും ബാധകമാണെന്ന് വിവരാവകാശ കമ്മീഷന്‍ പറഞ്ഞാല്‍ അത് നിയമസഭാ അലക്ഷ്യമാകുമോ…. ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെ പരിഹസിക്കുന്ന ഹാസ്യപരിപാടി ചാനലില്‍ അവതരിപ്പിക്കുന്നത് സഭയുടെ അവകാശലംഘനമാകുമോ ? എന്തോ?

ഉപജീവനാര്‍ഥം ചില്ലറ എഴുത്തും വിമര്‍ശനവുമൊക്കെ നടത്തുന്നവര്‍ മാത്രമല്ല, പ്രമാണിത്തം നോക്കാതെ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരും ഈയിടെയായി പേടിച്ചരണ്ടിരിക്കയാണ്. പ്രമാണിമാര്‍ക്ക് അനിഷ്ടമുള്ള വല്ലതും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയാലോ. നോക്കണേ, നിയമസഭയിലൊരംഗം പ്രസംഗിച്ചതിന്റെ വീഡിയോ ആരോ ചോദിച്ചപ്പോള്‍ അതുകൊടുക്കണമെന്നേ വിവരാവകാശകമ്മീഷന്‍ പറഞ്ഞിട്ടുള്ളൂ. നിയമത്തെക്കുറിച്ച് തര്‍ക്കമുണ്ടെങ്കില്‍ കോടതിയില്‍ പോയാല്‍ മതി. ചിലയിനം പ്രമാണിമാര്‍ കോടതിയെയും വകവെക്കില്ല. കോടതിയുടെയും മേലെയാണ് പ്രമാണിയുടെ ഇരിപ്പ്. പ്രസംഗത്തിന്റെ രേഖ ചോദിച്ചതുതന്നെ ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അതും പോരാഞ്ഞ് രേഖ പോരാ, വീഡിയോ തന്നെ വേണമെന്നുനിര്‍ബന്ധിക്കുകയും ചെയ്യുക. എന്തൊരക്രമം.. ആരവിടെ….അയയ്ക്കിന്‍ നോട്ടീസ്, പിടിക്കിന്‍, കെട്ടിന്‍… പാലാട്ട് മോഹന്‍ദാസല്ല പാലാട്ട് കോമനായാലും വെറുതെവിടില്ല. കോടതിയിലെ കേസാണെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിന് വകുപ്പുണ്ട്, നിയമസഭയിലതില്ല. വിവരാവകാശത്തിന്റെ ആശാന്റെ നിലയിതാണെങ്കില്‍ വിവരമില്ലാത്തവരുടെയൊക്കെ നിലയെന്തായിരിക്കും ?

വേറെ എന്തു സംഗതിയാണെങ്കിലും, ശരിയും തെറ്റും വക്കീലിനോട് ചോദിച്ചാല്‍ പറഞ്ഞുതരും. നിയമഗ്രന്ഥം വായിച്ചാലും സംഗതി പിടികിട്ടും. നിയമസഭാ അലക്ഷ്യത്തിന്റെ സ്ഥിതിയതല്ല. ജനപ്രതിനിധിസഭയുടെ അവകാശമിതാണെന്ന് വ്യക്തമാക്കുന്ന നിയമമൊന്നും ഇന്ത്യയിലിതുവരെ പാസാക്കിയിട്ടില്ലെന്നാണ് നിയമജ്ഞന്മാര്‍ പറയുന്നത്. അപ്പോള്‍പ്പിന്നെ വെറും അജ്ഞന്മാരായ നമ്മള്‍ നിസ്സഹായരാണ്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യാഞ്ഞിട്ടല്ല. ജനപ്രതിനിധികള്‍ക്കും ജനസഭയ്ക്കും അങ്ങനെ പ്രത്യേകാവകാശമൊക്കെ ആവശ്യമുണ്ടോ എന്നാരെല്ലാമോ ശങ്കിച്ചപ്പോഴാണ് ഒരൊത്തുതീര്‍പ്പുണ്ടാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റിനുള്ള പ്രത്യേകാവകാശം, പുതിയ നിയമമുണ്ടാക്കുംവരെ ഇന്ത്യയിലെ ജനപ്രതിനിധിസഭകള്‍ക്കും ഉള്ളതായി കണക്കാക്കാം എന്ന് വ്യവസ്ഥചെയ്തു. അങ്ങനെയാണ് നമ്മുടെ പ്രതിനിധികള്‍ സായ്പ്പന്മാര്‍ക്ക് തുല്യരായത്. വര്‍ഷം അറുപത്തിമൂന്നുപിന്നിട്ടിട്ടും നിയമമുണ്ടായിട്ടില്ല. ജനപ്രതിനിധിസഭയുടെ പ്രത്യേകാവകാശമെന്ത് എന്ന് ക്രോഡീകരിച്ചിട്ടില്ല. അതാണ് സൗകര്യം. നിയമമുണ്ടാക്കിയാല്‍ നിയമമനുസരിച്ചേ പ്രവര്‍ത്തിക്കാനാവൂ. മുണ്ടുമടക്കിക്കുത്തിയവനെ വിളിച്ച് കരണത്തടിക്കാനാവില്ല. ഇപ്പോള്‍ പരമാനന്ദം. സഭയുടെ അവകാശം ലംഘിച്ചുവെന്ന് സഭയ്ക്കു തോന്നിയാല്‍മതി, വാദവും വിചാരണയും വിസ്താരവുമൊന്നും വേണമെന്നില്ല. ആരെയും ശിക്ഷിക്കാം. അങ്ങനെയാണ് ജയലളിതാമാഡം ഹിന്ദു പത്രാധിപരെ ജയിലിടാന്‍ കല്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും വേണമെങ്കില്‍ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കാം. പിന്നെയല്ലേ ഒരു പാലാട്ട്.

സാമ്രാജ്യത്വത്തിന്റെയും ബൂര്‍ഷ്വാ ജനാധിപത്യ തട്ടിപ്പിന്റെയും ആഗോള ആസ്ഥാനമായ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രമാണിത്ത വ്യവസ്ഥകളോട് നാടന്‍ വിപ്ലവകാരികള്‍ക്കുള്ള ഭക്തി കണ്ടാല്‍ ബൂര്‍ഷ്വകള്‍ക്കും നാണം തോന്നും. ചാനലില്‍ ആരോ എന്തോ കാണിച്ചെന്നു പറഞ്ഞ് പ്രിവിലജസ് കമ്മിറ്റിക്ക് നോട്ടീസ് കൊടുത്തത് വിപ്ലവകാരികളാണ്. പാര്‍ലമെന്റ് പന്നിക്കൂടാണ് എന്നു പറഞ്ഞ ആചാര്യന്റെ അനുയായികള്‍തന്നെ. സാമ്രാജ്യത്വത്തെയും കീമ്രാജ്യത്വത്തെയുമെല്ലാം ചെറുക്കേണ്ടതുതന്നെ. പക്ഷേ, അവന്റെ പ്രമാണിത്തപൊങ്ങച്ചം നമുക്കുമാകാം. ഇംഗ്ലീഷ് പാര്‍ലമെന്റുണ്ടാക്കിയ കീഴ്‌വഴക്കം മാര്‍ക്‌സിന്റെ സൂക്തം പോലെ അലംഘനീയം.
അമേരിക്കന്‍ കോണ്‍ഗ്രസ്സിനു പോലുമില്ലാത്ത പ്രത്യേകാവകാശവും പ്രമാണിത്തവും എങ്ങനെയാണ് ഇംഗ്ലീഷ് പാര്‍ലമെന്റിനുണ്ടായതെന്ന് സഖാക്കള്‍ അന്വേഷിച്ചുകാണില്ല. പ്രഭുസഭയും പൊതുസഭയും ചേര്‍ന്നുള്ള ഇംഗ്ലീഷ് പാര്‍ലമെന്റ്, ഹൈക്കോര്‍ട്ട് ഓഫ് പാര്‍ലമെന്റ് കൂടിയാണ്. സുപ്രീംകോടതിക്കും മേലെ അപ്പീലധികാരമുള്ള സഭ. കോടതിയുടെ സ്ഥാനമുണ്ട്. അതുകൊണ്ടാണ് കോടതിയലക്ഷ്യനിയമങ്ങള്‍ ആ സഭയ്ക്കും ബാധകമായത്ഇതൊക്കെ എത്രയോ നിയമജ്ഞന്മാര്‍ എഴുതിവെച്ചിട്ടുള്ള കാര്യങ്ങളാണ്. നമ്മുടെ പാര്‍ലമെന്റിന് ജുഡീഷ്യല്‍ അധികാരമൊന്നുമില്ല. പക്ഷേ, പ്രത്യേകാവകാശം വേണമെന്നാണ് ചില പ്രമാണിമാരുടെ വാശി. ലണ്ടനില്‍ സായ്പ് ആനപ്പുറത്തിരുന്നതിന്റെ തഴമ്പ് തിരുവനന്തോരത്ത് ഭരണത്തിലിരിക്കുന്നവരുടെ പിറകിലും ഉണ്ടാകണമെന്നാണ് നിര്‍ബന്ധിക്കുന്നത്.

നിയമനിര്‍മാണസഭയുടെ അന്തസ്സ് കെടുത്തുന്നതാണ് സഭാ അലക്ഷ്യം എന്ന വകുപ്പില്‍ പെടുന്നത്. സഭയുടെ അന്തസ്സ് കെടുത്തുന്ന പണിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത് സഭാംഗങ്ങള്‍തന്നെയാണ്. ചാനലുകളിലെ ലൈവ് കണ്ടാല്‍ അറിയാം അന്തസ്സിന്റെ തോത്. വോട്ട് ചെയ്യാന്‍ അംഗങ്ങള്‍ കോടി വാങ്ങിയെന്നു പറഞ്ഞത് അംഗങ്ങള്‍തന്നെ. ബില്‍ പാസ്സാക്കുന്നത് തടയാന്‍ സഭയില്‍ ഗുണ്ടായിസം കാണിക്കുന്നത് സഭാംഗങ്ങള്‍തന്നെ. കുപ്പി പൊട്ടിച്ച് സ്വന്തം ദേഹത്ത് കുത്തി ആത്മഹത്യാശ്രമം നടത്തിയത് അംഗം തന്നെ. ഇതിനെതിരെയൊന്നും പ്രിവിലജ് നോട്ടീസുമില്ല, കമ്മിറ്റിയുമില്ല. ജനപ്രതിനിധികള്‍ ജനങ്ങളുടെ അന്തസ്സ് കെടുത്തരുതെന്ന് ഒരു നിയമത്തിലും പറയുന്നില്ല. രാഷ്ട്രപതിയെ പരിഹസിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തില്‍പ്പെടും. തോമസ് ഐസക്കിനെ പരിഹസിച്ചാല്‍ കളിമാറും.

സഭ കാര്യക്ഷമമായും സ്വതന്ത്രമായും നടത്താനും തീരുമാനങ്ങള്‍ നടപ്പാക്കാനുമുള്ള അവകാശമേ ജനപ്രതിനിധിസഭയ്ക്ക് നല്‍കേണ്ടൂ എന്നാണ് ജനാധിപത്യത്തെക്കുറിച്ച് വിവരമുള്ള പലരും പറയുന്നത്. ജനങ്ങള്‍ക്കില്ലാത്ത പ്രത്യേകപദവി തങ്ങള്‍ക്കുണ്ടെന്ന് തോന്നുന്നത് ഒരുതരം വി.ഐ.പി. കോംപ്ലക്‌സ് ആണത്രെ.

****

യൂത്ത് കോണ്‍ഗ്രസ്സിന് ജീവന്‍വെച്ചതിന്റെ ലക്ഷണങ്ങള്‍ അവിടവിടെ കാണാനുണ്ട്. നിയമസഭാതിരഞ്ഞെടുപ്പ് അടുക്കുന്തോറും ജീവന്‍ ഇനിയും നന്നേ കൂടും. അരങ്ങ് കൊഴുക്കും. ബകനും യയാതിയും മാത്രമല്ല, നാരദനും രാവണനും ശൂര്‍പ്പണഖയുമെല്ലാം വണ്‍ ബൈ വണ്‍ രംഗപ്രവേശം ചെയ്യും.

മുന്‍കാലത്തും ഇത് പ്രശ്‌നമായിരുന്നു. ജനങ്ങളെ സേവിക്കാന്‍ അവസരം കിട്ടാതെ യുവാക്കള്‍ പാഞ്ഞുനടപ്പായിരുന്നു കോണ്‍ഗ്രസ്സില്‍. കുറെ ആളുകള്‍ നാല്പതും അമ്പതും വര്‍ഷമായി അനവരതം ജനങ്ങളെ സേവിക്കുക, മറ്റാര്‍ക്കും അതിനുള്ള അവസരം നല്‍കാതിരിക്കുക എന്തൊരു ക്രൂരതയാണിത്. കാര്‍ണോരെത്ര കാലമായി കഷ്ടപ്പെടുന്നു, അല്പം വിശ്രമിക്ക്, ഇനി ഞങ്ങള്‍ ഒരു കൈ സേവിക്കാം എന്നു പറഞ്ഞാലും സമ്മതിക്കില്ല. വയസ്സുകാലത്തും ചാടിയെഴുന്നേറ്റ് നിയമസഭയിലും പാര്‍ലമെന്റിലും പോയി ബുദ്ധിമുട്ടും. എന്തൊരു ത്യാഗമനഃസ്ഥിതി, സേവനതത്പരത. ജനങ്ങളെ സേവിക്കാതിരുന്നാല്‍ അവര്‍ക്ക് നേരാംവണ്ണം ഉറക്കം കിട്ടില്ല. ഉറങ്ങാന്‍ കിടന്നാല്‍ പട്ടിണിക്കാരുടെ നിലവിളി ചെവിയില്‍ വന്നലയ്ക്കുമായിരിക്കും. പിന്നെന്തുചെയ്യും സേവിച്ചല്ലേ പറ്റൂ.

പാവം ചെറുപ്പക്കാര്‍, അവരും ഓരോ സ്ഥാനങ്ങളിലെത്തിക്കോട്ടെ എന്ന് വിചാരിച്ചാരും പണ്ടും സീറ്റ് കൊടുക്കാറില്ല. ഇന്ദിര സിന്‍ഡിക്കേറ്റ് പിളര്‍പ്പിനുശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് തലനരയ്ക്കാത്തവരും എം.എല്‍.എ.മാരും എം.പി.മാരുമായത്. കാരണവന്മാര്‍ ഏറെയും സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസ്സിലേക്ക് പോയ ഒഴിവിലാണ് ഇന്ന് കാണുന്ന മുന്‍യുവാക്കള്‍ക്കെല്ലാം ആദ്യം ചാന്‍സ് കിട്ടിയത്.അടിയന്തരാവസ്ഥയ്ക്കു ശേഷമുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുള്‍പ്പെടുന്ന രണ്ടാം തലമുറ കയറിവന്നത്.

എന്തുചെയ്യാം മിസ്റ്റര്‍ ലിജു, മിനിമം ഒരു പിളര്‍പ്പെങ്കിലും ഇല്ലെങ്കില്‍ ജനസേവനത്തിനുള്ള യുവാക്കളുടെ വ്യഗ്രതയ്ക്കു ശമനമുണ്ടാക്കുക പ്രയാസമാവും. പിന്നെയൊരു വഴിയേ ഉള്ളൂ, പഴയ നമ്പൂതിരിക്കഥയിലെ ജ്യോത്സ്യന്‍ പറഞ്ഞതുപോലെ ചെറിയ കൈക്രിയ വേണ്ടിവരും. അങ്ങനെ വല്ലതും നോക്ക്….

Leave a Reply

Your email address will not be published. Required fields are marked *

Go Top