കേരളത്തില്‍ മുഖ്യമന്ത്രിസ്ഥാനം വഹിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് ക്ഷാമമുണ്ടെന്നാരും പറയരുത്. പ്രതിഭാസമ്പമാണ് സംസ്ഥാനം. മുഖ്യമന്ത്രിയാകാന്‍ സര്‍വ യോഗ്യതകളുമുള്ള പ്രതിഭാധനന്മാര്‍ ഇഷ്ടംപോലെയുണ്ട്. മറ്റുപാര്‍ട്ടികളുടെ കാര്യത്തില്‍ വലിയ ഉറപ്പില്ലെന്ന് തോന്നിയാലും കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ സംശയംവേണ്ട. ഇത്തവണ ഒന്നിനൊന്നുപോരുന്ന മൂന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെയാണ് ഒന്നിച്ച് അണിനിരത്താന്‍ പോകുന്നത്. കണ്ടോളിന്‍.
അഹമിഹമികയാ വേണം ജനസേവകര്‍ മുന്നോട്ടുവരാന്‍ എന്നുപ്രത്യേകം പറയേണ്ടതില്ലല്ലോ. ഞാന്‍ ഞാന്‍ മുന്നില്‍ എന്നല്ല ഞാന്‍ ഞാന്‍ മുമ്പന്‍ എന്നും കോണ്‍ഗ്രസ്സില്‍ ഇതിനര്‍ത്ഥമുണ്ട്. ഇത്തവണ ഒരു വ്യത്യാസമുണ്ട്. സാധാരണ ഒരു മുമ്പന്‍ മുന്നില്‍ വരുന്നത് മറ്റെ മുമ്പനെ ഇടങ്കാലിട്ട്് വീഴ്ത്തിയാണ്. ഇത്തവണ ആ ഐറ്റം ഉണ്ടായിരിക്കുന്നതല്ല. കടുത്ത സഹിഷ്ണുതയോടെയാണ് മൂന്നു നേതാക്കള്‍ ഞാന്‍ ഞാന്‍ മുഖ്യമന്ത്രി എന്ന് ബോര്‍ഡ് കഴുത്തില്‍ തൂക്കി മത്സരരംഗത്തേക്ക് വരുന്നത്. അഭൂതപൂര്‍വമായ കാഴ്ച തന്നെ.
നിയമസഭാതിരഞ്ഞെടുപ്പിനുമുമ്പ് ഭാവി മുഖ്യമന്ത്രിയെ പൊക്കിക്കാട്ടുന്ന ഒരു ദുഷിച്ച സമ്പ്രദായം ചില പാര്‍ട്ടികളില്‍ ഉള്ളതായി കേട്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ല. ജനത്തിനു ലേശം ബുദ്ധിയൊക്കെയുള്ളതുകൊണ്ട് അവര്‍ മനസ്സിലാക്കുന്നുണ്ടാകാം. അതുവേറെ കാര്യം. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലേ വിനയകുമാരന്മാര്‍ വോട്ടര്‍മാരോടു പെരുമാറൂ. ആരു മുഖ്യമന്ത്രിയാകും എന്ന മട്ടില്‍ പെരുമാറിയാല്‍ മതിയല്ലോ. കോണ്‍ഗ്രസ്സുകാരെ ആരും വിദ്യ പഠിപ്പിക്കേണ്ട. കരുണാകരന്‍ മുഖ്യമന്ത്രിയാകാന്‍ മത്സരിക്കുമ്പോള്‍ ആന്റണി ആകാശത്തേക്കോ ഡല്‍ഹിയിലേക്കോ നോക്കിക്കളയും. പിന്നീട് ആന്റണി മത്സരിച്ചപ്പോള്‍ കരുണാകരനും ചെയ്തു അതുതന്നെ. ഉമ്മന്‍ചാണ്ടി മത്സരിച്ചപ്പോള്‍ ആന്റണിയും ചെയ്തു അതന്നെ.
സി.പി.എമ്മിനുപിന്നെ അത്തരം പോഴത്തരങ്ങളൊന്നുമില്ല. ബൂര്‍ഷ്വാപാര്‍ലമെന്ററി കുന്ത്രാണ്ടത്തില്‍ പണ്ടേ വിശ്വാസമില്ലെങ്കിലും തിരഞ്ഞെടുപ്പുവരുമ്പോള്‍ മത്സരിക്കും, അത്രയേ ഉള്ളൂ. മുഖ്യമന്ത്രിയായിക്കളയാമെന്നൊന്നും സ്വപ്‌നം കണ്ടിട്ടില്ല ഇ.എം.എസ്സും നായനാരും ഒന്നും. വോട്ടെണ്ണിക്കഴിയുമ്പോഴേ, അയ്യോ നമുക്കു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ടേ എന്നോര്‍ക്കാറുള്ളൂ. പില്‍ക്കാലത്താണ് ബൂര്‍ഷ്വരോഗങ്ങള്‍ വന്നുതുടങ്ങിയത്. കേരം തിങ്ങും കേരളനാടെന്നും മറ്റും മുദ്രാവാക്യംവിളിച്ച് ചിലരുടെ തലയില്‍ ദുര്‍മോഹം കയറ്റിവിട്ടത് ആരാണെന്നൊന്നും പാര്‍ട്ടി കമ്മീഷന്‍ അന്വേഷിച്ചില്ലെങ്കിലും രോഗത്തിന് ഒറ്റമൂലി പ്രയോഗിക്കാന്‍ ഒട്ടും താമസമുണ്ടായില്ല. സ്ഥാനമോഹം കൊണ്ടുനടക്കുന്നവര്‍ക്ക് ആ സ്ഥാനം ജീവിതത്തിലൊരിക്കലും കിട്ടില്ലെന്ന് ഉറപ്പുവരുത്തി. ഇപ്പോള്‍ മോഹമൊന്നും ആര്‍ക്കും ഇല്ല കേട്ടോ. എല്‍.ഡി.എഫിലും യൂ.ഡി.എഫിലും ആദര്‍ശശാലികളുടെ പെരുപ്പം കാരണം സ്ഥാനമോഹികള്‍ക്കൊന്നും വഴി നടക്കാന്‍ വയ്യാതായിട്ടുണ്ട്.
നിയമസഭാ സമ്മേളനത്തിനിടെ ഭരണകക്ഷി എം.എല്‍.എ മാര്‍ ആരെങ്കിലും ടോയ്‌ലെറ്റില്‍ പോയാല്‍ മന്ത്രിസഭ താഴെപ്പോകും എന്നു ഭയന്നേടത്തുനിന്നു തുടങ്ങി അഞ്ചുവര്‍ഷം തികച്ചും ഭരിച്ച ആളെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടേ? വേണം, നിര്‍ബന്ധം. എങ്കില്‍ പിന്നെയെന്തിനു മറ്റേ രണ്ടു മൂര്‍ത്തികളും കൂടി മത്സരിക്കുന്നത് എന്നുചോദിക്കരുത്. മാജിക്കുകണ്ട് അന്തംവിട്ടവന്‍ പറയുന്നതുപോലെ-അതൊരു ട്രിക്കാന്‍ണ്ട്രാ! മുമ്പൊക്കെ ഒരാളെ മാത്രം മുന്നില്‍ നിര്‍ത്തിയിരുന്നത് ജനങ്ങള്‍ക്ക് കണ്‍ഫ്യൂഷന്‍ ഇല്ലാതിരിക്കാനാണ്. ഈ ആള്‍ തന്നെ ആകും മുഖ്യമന്ത്രി എന്നുറപ്പുനല്‍കാനാണ്. അതുവഴി പരമാവധി വോട്ടുകിട്ടാനാണ്. കാലം മാറിയില്ലേ. ആരാകും മുഖ്യമന്ത്രി എന്നുറപ്പിച്ച് പറഞ്ഞാല്‍ വോട്ടുകൂടുകയല്ല, കുറയുകയാണ് ചെയ്യുക എന്നൊരു സംശയം. സംശയം മാത്രമാണേ…. നമ്മുടെ ആള്‍ ആകും എന്ന് ക്രിസ്ത്യാനികള്‍ക്കുതോന്നണം,നായ•ാര്‍ക്കും തോന്നണം. ഈഴവര്‍ക്കും അങ്ങിനെ തോന്നുന്നതില്‍ നമുക്ക് വിരോധമില്ല.
അബദ്ധത്തിലങ്ങാനും ജയിച്ചുപോയാല്‍, ആരെ മുഖ്യമന്ത്രിയാക്കണം എന്ന വേവലാതി നമുക്കില്ല. അതെല്ലാം നമ്മുടെ സെയിന്റ് ആന്റണി നോക്കിക്കൊള്ളും. ഇവിടെ മുഖ്യപ്രചാരകന്‍, ഡല്‍ഹിയിലെത്തിയാല്‍ വേഷംമാറി ഹൈക്കമാന്‍ഡ് ആവും. നിസ്സാരം. ഇനി ആരു മുഖ്യമന്ത്രിയായാലും മറ്റു മുഖ്യമന്ത്രിയോഗ്യരൊന്നും പ്രതീക്ഷ വെടിയില്ല. കോടതിയിലും വിജിലന്‍സിലും ലോകായുക്തിലും എല്ലാമായി എത്ര കേസ്സുണ്ടെന്നാണ് വിചാരം? എപ്പോഴാണ് സീസറുടെ ഭാര്യയോ ആ ടൈപ്പ് മറ്റാരെങ്കിലുമോ ഉണര്‍ന്നെഴുനേറ്റു വരിക എന്നറിയില്ല. ആരുടെ നറുക്കാണ് പിന്നെ പൊങ്ങുക എന്നും പറയാനൊക്കില്ല. മോഹങ്ങളവസാന നിമിഷംവരെ. കരിയുകയേ ഇല്ല.
****
കണ്‍ഫ്യൂഷന്‍ ഉണ്ടാക്കലാണ് യു.ഡി.എഫ് മാര്‍ക്കറ്റിങ്ങ് മികവെങ്കില്‍ എല്‍.ഡി.എഫില്‍ മാര്‍ക്കറ്റിങ്ങ് മാനേജര്‍മാരാണ് കണ്‍ഫ്യൂഷനില്‍ പെട്ടുഴലുന്നത്. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ജനത്തോട് പറഞ്ഞിട്ടുണ്ട് പാര്‍ട്ടി കേരളയാത്രയിലൂടെ. പ്രാദേശിക മാന്യന്മാരെ വിളിച്ച് ലോഗ്യം പുതുക്കിയിട്ടുണ്ട് ഭാവി മുഖ്യമന്ത്രി. ഇതെല്ലാം കഴിഞ്ഞ് അല്പം സമാധാനമായിരിക്കുമ്പോള്‍ അതാ കാര്‍ന്നോര്‍ ഉഷാറായി കൈയും വീശി വരുന്നു. എന്തെല്ലാം പുതിയ കണ്‍ഫ്യൂഷനുകകളാണ് പറയാതെ പറഞ്ഞുണ്ടാക്കുന്നത്. മത്സരിക്കാന്‍ മോഹമുണ്ടോ ഇല്ലയോ? മത്സരിക്കാതെ പ്രചാരണം നടത്താന്‍ പറ്റുമോ? അഥവാ മത്സരിച്ചാല്‍ നിയമസഭയില്‍ നാവടക്കി മിണ്ടാതിരിക്കാമെന്ന് മുന്‍കൂട്ടി ഉറപ്പുനല്‍കാമോ? മുഖ്യമന്ത്രിവേഷം കെട്ടി അലമ്പുണ്ടാക്കുമോ? ഒന്നിനുമില്ല മറുപടി, മിണ്ടാട്ടമേ ഇല്ല.
‘സഖാക്കളേ എനിക്ക് പ്രായമായി, ഇനി മത്സരിക്കാനൊന്നും ഞാനില്ല. പ്രചാരണത്തിന് ഞാന്‍ മുന്നിലുണ്ട്’ എന്നുകേള്‍ക്കാന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി. അതുമാത്രം വി.എസ് പറയില്ല. വി.എസ് ഇനിയും മുഖ്യമന്ത്രിയായി അത്ഭുതം കാട്ടുമെന്ന അത്യാഗ്രഹമൊന്നും ആരാധകര്‍ക്കുമില്ല. പക്ഷേ, പ്രചരണരംഗത്ത് ഹരംപകരാന്‍ ഈ നൈന്റി പ്ലസ് യൂവാവ് വേണം താനും. പിന്നെ എന്താണ് ലൈന്‍? സഖാവിനേ അറിയൂ. ടോട്ടല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതിന്റെ രസമൊന്നുവേറെ തന്നെ. പരമാവധി രസിക്കട്ടെ. ഇപ്പോഴല്ലാതെ, 2021 വരെ കാത്തിരിക്കാനൊക്കുമോ?
****
ഇപ്പോഴത്തെ കേരള കോണ്‍ഗ്രസ് സംഭവങ്ങള്‍, നിര്‍വചനപ്രകാരമുള്ള പിളര്‍പ്പിന്റെ പരിധിയില്‍ വരുമോ എന്നതു പ്രസക്തമല്ല. കേരളാ കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി ഉണ്ടാകുമോ എന്നതുമാത്രമായണ് പ്രസക്തം. ഉണ്ടാകും എന്നുറപ്പ്. അപ്പോള്‍ കേരളത്തില്‍ എത്ര കേരള കോണ്‍ഗ്രസ്സുകള്‍ മൊത്തം ഉണ്ടാവുമെന്നറിമോ? ഇല്ല, വിക്കിപീഡിയ നോക്കണം.
നോക്കി. ആ പീഡിക പ്രകാരം ഇപ്പോള്‍ ഏഴു കേരള കോണ്‍ഗ്രസ്സുകള്‍ ഉണ്ട്. ഇനിയുള്ളത് എട്ടാമത്തെ കേരള കോണ്‍ഗ്രസ്സാണ്. ഏതെല്ലാമാണെന്നോ? പറയാം.
1.കേരള കോണ്‍ഗ്രസ്(മാണി), 2. കേരള കോണ്‍ഗ്രസ് ജെ.(അനൂപ് ജോക്കബ്ബിന്റെ പാര്‍്ട്ടി. ഒപ്പം സദാ ജോണി നെല്ലൂരിനെയും കാണും) 3. ആര്‍.ബാലകൃഷ്ണപ്പിള്ളയുടെയും പുത്രന്റെയും പാര്‍ട്ടി 4.പി.സി.ജോര്‍ജിന്റെ പാര്‍ട്ടി (പേര് പ്രസക്തമല്ല) 5. സ്്കറിയ തോമസ്, വി.സുരേന്ദ്രന്‍പിള്ള എന്നീ സാറാരുടെ പാര്‍ട്ടി. 6.ബ്രാക്കറ്റില്‍ പി.സി.തോമസ് ഉള്ള പാര്‍ട്ടി. 7. കേരള കോണ്‍ഗ്രസ് നാഷനാലിസ്റ്റ് പാര്‍ട്ടി. നയിക്കുന്നത് നോബ്ള്‍ മാത്യു. (കേട്ടിട്ടില്ല, ഇപ്പോള്‍ കണ്ടു). ഇത്രയും പോരേ?
ഇതെത്രാമത്തെ പിളര്‍പ്പാണ് എന്നതുസംബന്ധിച്ച ആധികാരിക വിവരങ്ങള്‍ ലഭ്യമല്ല. 1993ല്‍ പിളര്‍ന്നപ്പോള്‍ ടി.എം.ജേക്കബ്ബ് പറഞ്ഞത് അത് എട്ടാമത്തെ പിളര്‍പ്പാണ് എന്നായിരുന്നത്രെ. പുള്ളിക്കാരന്‍ വല്യ കണക്കപ്പിള്ളയായിരുന്നു. അവിടെനിന്ന് ഇങ്ങോട്ടുള്ള കണക്ക് ആരെടുത്തിരിക്കുന്നു? ശരിയായ പിളര്‍പ്പുണ്ട്, ശരിയല്ലാത്ത പിളര്‍പ്പുണ്ട്. പിളര്‍പ്പ് ക്യാന്‍സലാക്കുന്ന ലയനമുണ്ട്. സാങ്കേതികമായ പിളര്‍പ്പുണ്ട്. അല്ലാത്തതുണ്ട്. അല്ലെങ്കില്‍ത്തന്നെ ഇതെല്ലാം കൃത്യമാക്കിയിട്ട് എന്തോന്നു പ്രയോജനം? പോകാന്‍പറ.
കെ.എം.മാണി പറഞ്ഞുണ്ടാക്കിയ ഒരു തിയറിയുണ്ട്. മാണി ഒരിക്കലേ പറഞ്ഞിട്ടുള്ളൂ. പാണന്മാരാണ് പിന്നെയത് പാടി നടന്നത്. കേരള കോണ്‍ഗ്രസ് വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമത്രെ. പ്രാസം കൊള്ളാം. പക്ഷേ, മാണിയുടെ പല കാര്യത്തിലുമെന്നതുപോലെ ഇതിനും തെളിവില്ല. 1965 ല്‍ പാര്‍ട്ടി രൂപവല്‍ക്കരണത്തിന്റെ ആവേശത്തില്‍ 53 സീറ്റില്‍ മത്സരിച്ച് ജയിച്ചത് 23 സീറ്റിലാണ്. റെക്കോഡ് വിജയം. അന്നുനിയമസഭ ഉണ്ടായില്ല എന്നതുവേറെ വിഷയം. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അഞ്ചായി സീറ്റ്. പോകട്ടെ, അത് സപ്തകക്ഷി മുന്നണി തൂത്തുവാരിയ തിരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസ്സിനുപോലും ഒമ്പതുസീറ്റേ കിട്ടിയിരുന്നുള്ളൂ. അതിനും ശേഷമാണ് പിളര്‍പ്പുകളുടെ പരമ്പര തുടങ്ങിയത്. പിന്നെയൊരിക്കലും വളര്‍ന്നിട്ടില്ല. പിളര്‍ന്നവര്‍ എല്ലാവരും ഒത്തുകൂടി ആഞ്ഞുപിടിച്ചിട്ടും 2011 ല്‍ കിട്ടിയത് ഒമ്പതുമാത്രം. വളരുമായിരിക്കും. ഇനി അങ്ങോട്ടു നല്ല ലക്ഷണമല്ലേ!