ചില ‘മ്യൂസിയം’ ഇനങ്ങള്‍

ഇന്ദ്രൻ

എ.കെ.ആന്റണിയുടെ വിദഗ്ദ്ധാഭിപ്രായം സി.പി.എമ്മിനെ മ്യൂസിയത്തിലേക്ക് മാറ്റണം എന്നാണ്. അതിനുള്ള പാര്‍ട്ടിയുടെ യോഗ്യത സംബന്ധിച്ച് സംശയമൊന്നുമില്ല. ഏറ്റവും കാലഹരണപ്പെട്ട നയങ്ങള്‍ കൊണ്ടുനടക്കുന്നൂ എന്നതുതന്നെ. കമ്യൂണിസംതന്നെ കാലഹരണപ്പെട്ട സ്ഥിതിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ച് അങ്ങനെ പറയാന്‍ വലിയ ബുദ്ധിയോ ആലോചനയോ വേണ്ട.

ഇപ്പറഞ്ഞ മ്യൂസിയത്തില്‍ ഒരു പാര്‍ട്ടിയെ പ്രദര്‍ശിപ്പിക്കാനുള്ള ഒഴിവേ കാണൂ. സ്ഥലപരിമിതി ഉള്ളതായി അദ്ദേഹത്തിന് വിവരം ലഭിച്ചിരിക്കും അതുകൊണ്ടാവും ആ സ്ഥാനം സി.പി.എമ്മിനുനല്‍കാന്‍ അദ്ദേഹം സ്‌നേഹപൂര്‍വം ശുപാര്‍ശ ചെയ്തത്. ചേര്‍ത്തലയില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ട് പരിചയമുള്ള പാര്‍ട്ടി എന്ന നിലയില്‍ അദ്ദേഹത്തിന് സി.പി.എമ്മിനോടുള്ള അനുരാഗം നമുക്കറിയാവുന്നതാണല്ലോ. കമ്യൂണിസ്റ്റുകാര്‍ ആദ്യമായി ഭരണത്തില്‍വന്നപ്പോള്‍ത്തന്നെ,  ചെറുപ്രായമായമാണെങ്കിലും വാളെടുത്തിട്ടുണ്ട് ആന്റണി. അന്നവര്‍ ഭരിച്ചില്ലായിരുന്നുവെങ്കില്‍ ആന്റണി രാഷ്ട്രീയത്തിലേക്കുതന്നെ കടക്കുമായിരുന്നില്ല. ആ നന്ദി കാണിക്കാതിരിക്കുന്നതെങ്ങനെ?  പിന്നെ ഇക്കാലംവരെ മുഖ്യശത്രുപദവിയില്‍ നിന്ന് സി.പി.എം ആന്റണിയെയോ ആന്റണി സി.പി.എമ്മിനെയോ മാറ്റിയിട്ടില്ല. ചുരുങ്ങിയ കാലത്തേക്കാണെങ്കിലും കൂടെക്കിടക്കാനുള്ള യോഗം കൂടി ഉണ്ടായി. അതുകൊണ്ട് രാപ്പനി ശരിക്കറിയാനും പറ്റി. ഇതൊക്കെയാണെങ്കിലും സി.പി.എമ്മിനെ മാത്രം മ്യൂസിയത്തില്‍ ഏകാന്തത്തടവില്‍ ഇടാനുള്ള ആന്റണിയുടെ നീക്കം ക്രൂരവും പൈശാചികവും പക്ഷപാതപരമാണെന്ന് പറയാതെ പറ്റില്ല.

സി.പി.എം. എന്ന പാര്‍ട്ടിതന്നെ ഒരു വലിയ മ്യൂസിയം ആണ്. വേറെ മ്യൂസിയത്തിന്റെ ആവശ്യമൊന്നുമില്ല. പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മ്യൂസിയത്തില്‍പ്പോലും ഇടംകിട്ടാത്ത സ്റ്റാലിന്റെ കളര്‍ഫോട്ടോ ഇപ്പോഴും ഇവിടെ ചുമരില്‍ തൂങ്ങിക്കിടക്കുന്നതുകാണും. അരിവാളും ചുറ്റികയും കണ്ടിട്ടില്ലാത്ത, നെല്‍വയല്‍തന്നെ കണ്ടിട്ടില്ലാത്ത പുതിയ തലമുറയ്ക്ക് വളരെ  വിജ്ഞാനപ്രദമാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചിഹ്നം. പക്ഷേ, ആന്റണി പൂര്‍വവിരോധംകാരണമാണ് സി.പി.എമ്മില്‍ എല്ലാം കാലഹരണപ്പെട്ടതാണെന്ന് പ്രചരിപ്പിക്കുന്നത്. കട്ടന്‍ കാപ്പി, ബിഡി, ബെഞ്ചിലെ ഉറക്കം, ടൗണ്‍ബസ്സിലെ ആര്‍ഭാടയാത്ര തുടങ്ങിയ കാലഹരണപ്പെട്ട സമ്പ്രദായങ്ങള്‍ എന്നോ അവസാനിപ്പിച്ചിട്ടുണ്ട്. എങ്കിലും പണ്ട് ഇങ്ങനെയായിരുന്നു എന്നുകാണിക്കാന്‍വേണ്ടി ഇപ്പോഴും ചിലര്‍ അത് പിന്തുടന്നുണ്ട്. ചൈനീസ് പാത നമ്മുടെ പാത എന്ന പഴയ നക്‌സല്‍ ലൈന്‍ നമ്മള്‍ അന്ന് സ്വീകരിച്ചിരുന്നില്ലെങ്കിലും ഇന്നു സ്വീകാര്യമാണ്. കമ്യൂണിസ്റ്റ് പാതയിലൂടെ മുതലാളിത്തം നടപ്പാക്കുന്ന വിദ്യയാണ് അവിടെ പ്രദര്‍ശിപ്പിച്ചുവരുന്നത്. അവസരംതന്നാല്‍ ഇവിടെയുംകാട്ടിത്തരാം. ബഹുസുഖമായിരിക്കും. ദാസ് കേപ്പിറ്റല്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങിയ മാര്‍ക്‌സേംഗല്‍സ് പുസ്തകങ്ങള്‍, എന്തുചെയ്യണം, ഭരണകൂടവും വിപ്ലവവും തുടങ്ങിയ ലെനിന്‍ പുസ്തകങ്ങള്‍, ഇനി ഇതൊന്നും പോരെങ്കില്‍ മോസെദോങ്ങ്് പുസ്തകങ്ങളും പുസ്തകപ്പീടികയിലൊന്നും കണ്ടില്ലെങ്കില്‍ പാര്‍ട്ടിഓഫീസില്‍ വന്നുകണ്ടുതൊഴാം. ആരും വായിക്കാത്തതുകൊണ്ട് പൊടിപിടിച്ചിരിക്കുമെന്നുമാത്രം. വിദേശമൂലധനവിരോധം, കുത്തകമുതലാളിത്തം,  ദേശസാല്കരണം, പൊതുമേഖല, തൊഴിലാളിവര്‍ഗസര്‍വാധിപത്യം തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം വിക്കിപ്പീടികയിലും കിട്ടിയില്ലെങ്കില്‍ ഇവിടെ ചോദിച്ചാല്‍ മണിമണിയായി പറഞ്ഞുതരും. ഇത്ര പരിഷ്‌കാരം പോരേ ആന്റണിസാറേ?

സ്ഥലപരിമിതി ഉണ്ടെങ്കിലും മ്യൂസിയത്തില്‍ ഇടാവുന്ന, സി.പി.എമ്മിനേക്കാള്‍ യോഗ്യതയുള്ള പാര്‍ട്ടികള്‍ കണ്ടമാനമുണ്ട്. കാലഹരണപ്പെട്ട മറ്റുപാര്‍ട്ടികള്‍ക്കുവേണ്ടി മ്യൂസിയത്തില്‍ ഒരു പ്രത്യേക സെക്ഷന്‍ തുടങ്ങുന്നത് നന്നായിരിക്കും. പണ്ഡിറ്റ് നെഹ്‌റു പോയി അരനൂറ്റാണ്ടുകഴിഞ്ഞിട്ടും, പിന്‍ഗാമികള്‍ ഗാന്ധികുടുംബം എന്ന വ്യാജപ്പേരില്‍ പാര്‍ട്ടിയെ പോക്കറ്റിലിട്ടുനടക്കുന്നത്് കാണുന്നുണ്ട്. വേറെയേത് ജനാധിപത്യരാജ്യത്തുണ്ട് ഇത്രയും കാലോചിതമായ ഒരു സമ്പ്രദായം? പാര്‍ലമെന്റിലുണ്ടായിരുന്ന 444 സീറ്റ്  കഠിനപ്രയത്്‌നം കൊണ്ട് 44 ആക്കാന്‍ കഴിഞ്ഞ പാര്‍ട്ടി ലോകത്ത് വേറെ ഏതുണ്ട്? കോഴ കൈകൊണ്ടുതൊടാത്ത ഒരു പ്രധാനമന്ത്രിയുടെ കീഴിലായിരുന്നതുകൊണ്ട് അഞ്ചക്കസംഖ്യയില്‍ കുറഞ്ഞ കോടികളുടെയൊന്നും അഴിമതി നടത്താത്ത ഭരണം വേറെ ഏതുണ്ട്? എന്നിട്ടും പാര്‍ട്ടിയുടെ നേതാവ് അഴിമതിയുടെ ഒരു കണിക പോലും വെച്ചുപൊറുപ്പിക്കില്ല എന്ന് പ്രസംഗിച്ചുനടക്കുന്ന കാഴ്ച വേറെ എവിടെക്കാണും?  മ്യൂസിയത്തില്‍ക്കേറാന്‍ സര്‍വയോഗ്യതകളുമുള്ള രണ്ടുഡസന്‍ പാര്‍ട്ടികള്‍ ഈ കൊച്ചുകേരളത്തില്‍തന്നെ കാണണം. ഒരു സെക്ഷനൊന്നും പോര, നല്ലൊരു മൂസിയം ഓഫ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് തന്നെ സ്ഥാപിക്കേണ്ടിവരും.

ആദരണീയ  ഭാരതീയ ജനതാപാര്‍ട്ടിയെ സാധാരണ മ്യൂസിയത്തില്‍ കയറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. അങ്ങനെ പറയുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജെയിലിലിട്ടെന്നുവരും. വേദകാലത്താണ് ജീവിക്കുന്നതെങ്കിലും വരുംനൂറ്റാണ്ടിന്റെ പാര്‍ട്ടിയാണ്. പ്രതിമകള്‍, ബിംബങ്ങള്‍, നാണയങ്ങള്‍, പുഷ്പകവിമാനം, പറക്കുന്ന തേര്, കടിക്കുന്ന തേള്്, വിശുദ്ധപശു, മുളകൊണ്ടുള്ള ദണ്ഡ്, കാക്കി ട്രൗസര്‍ തുടങ്ങിയ അത്യാധുനിക വസ്തുക്കള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുകയാവും നല്ലത്.

****
സി.പി.ഐ-സി.പി.എം. പാര്‍ട്ടികള്‍ക്ക് കെ.എം.മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിരോധം എന്താണെന്നാണ് വിചാരിച്ചിരിക്കുന്നത്്?  മുതലാളിത്തത്തോടുള്ള വിരോധം? ഫ്യൂഡല്‍ പാരമ്പര്യം? കോണ്‍ഗ്രസ് വിധേയത്വം?  അധികാരമോഹം? ബാര്‍കോഴ?

യാതൊന്നുമല്ല. ആസിയാന്‍ കരാര്‍ മാത്രം. കേന്ദ്രസര്‍ക്കാര്‍ ആസിയാന്‍ കരാര്‍ ഒപ്പിട്ടത് തെറ്റായി എന്ന് കേരള കോണ്‍ഗ്രസ് പറയുകയാണെങ്കില്‍ വിരോധം മാറും എന്നാണ് കേരളയാത്ര നടത്തി ബുദ്ധി തെളിഞ്ഞുകൊണ്ടിരിക്കുന്ന സി.പി.ഐ. സിക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. ആസിയാന്‍ കരാര്‍ ഒപ്പിട്ടതുകാണ്ടാണ് റബ്ബറിനുവില കുറഞ്ഞത്. അക്കാര്യത്തില്‍ കെ.എം.മാണിയേക്കാള്‍ നെഞ്ചെരിപ്പ് കൂടുതലുണ്ട് കാനം രാജേന്ദ്രന്. റബ്ബര്‍വില കൂടിയില്ലെങ്കിലും വിരോധമില്ല, ആസിയന്‍ കരാര്‍ തെറ്റായിപ്പോയി എന്നു പറഞ്ഞാല്‍ മാത്രം മതി. ബാര്‍കോഴ വാങ്ങിയാലും ശരി, അടിസ്ഥാനപ്രശ്‌നം ആസിയനാണ്.

റബ്ബര്‍ വില കൂടുമെങ്കില്‍ ആസിയന്‍ കരാറൊപ്പിട്ടതല്ല, കേരള കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ചതുതന്നെ തെറ്റായിപ്പോയി എന്നുപറയാനും തയ്യാറാണ് കെ.എം.മാണി. റബ്ബര്‍വകയില്‍ അഞ്ഞൂറുകോടി തരാം എന്നു കേന്ദ്രം പറഞ്ഞപ്പംതന്നെ മനമിളകി നില്‍ക്കുകയാണ് ഇവിടെ. നമുക്കങ്ങനെ ഹിന്ദുത്വ വിരോധമൊന്നുമില്ല കേട്ടോ. റവറിന് വില കിട്ടുമെന്നു ഉറപ്പാണോ, എങ്കി നമ്മള് എന്‍.ഡി.എ.യിലും ചേരും. അതിനിടെയൊരു ആസിയാനും കൊണ്ടുവന്നിരിക്കുന്നു…. ഒന്നുപോ കാനമേ….

****
കേരളം കണ്ടതില്‍ വെച്ചേറ്റവും മികച്ച സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടിയുടെ ഈ സര്‍ക്കാറാണെന്ന് എ.കെ.ആന്‍ണി അഭിനന്ദിച്ചിരിക്കുന്നു. ഇ.എം.എസ്സിന്റേതല്ല, അച്യുതമേനോന്റേതല്ല, കെ.കരുണാകരന്റേതുമല്ല എന്നെല്ലാം ആന്റണി പറഞ്ഞാല്‍ മനസ്സിലാക്കാം. മുറിഞ്ഞുമുറിഞ്ഞാണെങ്കിലും മൂന്നവട്ടമായി അഞ്ചുവര്‍ഷത്തിലേറെ സല്‍ഭരണം കാഴ്ച വെച്ചിട്ടുണ്ട് ആന്റണി.
ആ ഭരണത്തേക്കാള്‍ കേമമായിരിക്കുന്നു ഉമ്മന്‍ ചാണ്ടിയുടെ അഞ്ചുവര്‍ഷമെന്ന്!

അതൊരു നിന്ദാസ്തുതിയാണെന്ന് ശത്രുക്കള്‍ പറഞ്ഞെന്നിരിക്കും. ആന്റണിക്ക് അതൊന്നും ശീലമില്ല. ഉള്ളതുഉള്ളതുപോലെ പറയും. അതീവ വിനയവാനാണ്. ഇനി ഇതുകേട്ട് ആരെങ്കിലും, ഈ ഉമ്മന്‍ചാണ്ടി ഭരണത്തേക്കാള്‍ ഭേദം ആന്റണി സ്വയം ഇട്ടെറിഞ്ഞുപോയ ഭരണമായിരുന്നു എന്ന് ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നുവെങ്കില്‍ അതില്‍ ആന്റണി കുറ്റക്കാരനല്ല.

****

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബജറ്റില്‍ നൂറുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എന്തായാലും ഇതോടെ പണി തീരുമെന്നുപ്രതീക്ഷിക്കാം. ഹാവൂ എന്തൊരാശ്വാസം, ഇനി ആ പ്രശ്‌നമുണ്ടാവില്ല. 2010 ലാണ് ബജറ്റില്‍ അണയുടെ പണി തുടങ്ങിയത്. ആ ബജറ്റില്‍ പത്ത് കോടി നീക്കിവെച്ചിരുന്നു. 2012 ല്‍ അമ്പതുകോടി നീക്കിവെച്ചു. ഈ വര്‍ഷം നൂറും. ഇടയ്ക്കുള്ള വര്‍ഷങ്ങളിലെ കണക്ക് കാണാനില്ല. എന്തായാലും അമ്പതോ നൂറോ കോടി നീക്കിയിരിക്കാനാണ് സാധ്യത. ആകപ്പാടെ പത്തഞ്ഞൂറായിക്കാണണം.

അതുനോക്കിയപ്പോഴാണ് മറ്റൊരു കണക്ക് കണ്ടത്. വിഴിഞ്ഞം പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം 600 കോടി രൂപ നീക്കിയിരുന്നു. പദ്ധതിയുടെ പ്ലാന്‍ വരക്കാനുള്ള കടലാസുവാങ്ങാന്‍ കാശില്ലെങ്കിലെന്ത്, ബജറ്റില്‍ നീക്കിവെ്ക്കാന്‍ പണത്തിന് ഒരു പഞ്ഞവുമില്ല. എന്താല്ലേ?

Leave a Reply

Your email address will not be published. Required fields are marked *

Go Top