മൂന്നാറിൽ മതി മുല്ലപ്പൂ

ഇന്ദ്രൻ

ടുണീഷ്യക്കാര്‍ സമരത്തെ ‘ആത്മാഭിമാന വിപ്ലവം’ എന്നാണ് വിളിച്ചിരുന്നതത്രെ. അതാണ് സംഭവം, ആത്മാഭിമാനം. മൂന്നാറിലും വിരിഞ്ഞത് മുല്ലപ്പൂവല്ല, ആത്മാഭിമാനമാണ്. മുല്ലപ്പൂവും മൂന്നാറുകാരുടെ വിശേഷണമല്ല, അക്ഷരം പഠിച്ച മലയാളി കേരളീയരുടെ സൃഷ്ടിയാണ്.

മൂന്നാറിലെ ‘വിപ്ലവ’ത്തെ ചില പുരുഷന്മാര്‍ മുല്ലപ്പൂവിപ്ലവം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മൂന്നാര്‍ സ്ത്രീകള്‍ അത് കേട്ടിരിക്കില്ല. കേള്‍ക്കാതിരിക്കട്ടെ. അവിടെ മുല്ലപ്പൂ ചൂടി നടക്കുകയല്ലേ മങ്കമാര്‍!  എസ്‌റ്റേറ്റില്‍ നേരം പുലരും മുതല്‍ സൂര്യനസ്തമിക്കും വരെ മഴയും വെയിലും തടുക്കാന്‍ തലയില്‍ തുണിയിട്ട് പണിക്ക് പോകുന്നവരല്ലേ മുല്ലപ്പൂ ചൂടുന്നത് ! ചുമ്മാ കളിയാക്കാതെ…

ഓര്‍ക്കാപ്പുറത്ത്, ഇടിത്തീപോലെ വന്നുവീഴുന്ന സംഭവങ്ങള്‍ക്ക് തീയും പുകയും മുഴക്കവും ഉള്ള വേറെ വല്ല പേരും ഇട്ടുകൂടേ ഈ ബുദ്ധിജീവികള്‍ക്ക്? ചോദ്യം ബുദ്ധിജീവികള്‍ക്ക് പിടിക്കില്ല. ടുണീഷ്യയിലെ വിപ്ലവത്തിന്റെ പേര് അതായിരുന്നില്ലേ എന്നവര്‍ ചോദിച്ചേക്കും. ഓര്‍ക്കാപ്പുറത്തല്ലേ അത് പൊട്ടിവീണ് രാജ്യത്തെ വിറപ്പിച്ച്, പ്രസിഡന്റ് സൈനുല്‍ ആബിദീ ബിന്‍ അലിയെ വിദേശത്തേക്ക് പലായനം ചെയ്യിച്ചത് ?  അതേയതേ… പക്ഷേ, ടുണീഷ്യക്കാരുടെ സ്ഥിതി ഏതാണ്ട് മൂന്നാറുകാരുടെ സ്ഥിതി തന്നെയായിരുന്നു. മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ടതൊന്നും അവര്‍ അറിഞ്ഞിരുന്നില്ല. അത് വിദേശപത്രക്കാരുടെ സൃഷ്ടിയായിരുന്നു. ടുണീഷ്യക്കാര്‍ സമരത്തെ ‘ആത്മാഭിമാന വിപ്ലവം’ എന്നാണ് വിളിച്ചിരുന്നതത്രെ. അതാണ് സംഭവം, ആത്മാഭിമാനം. മൂന്നാറിലും വിരിഞ്ഞത് മുല്ലപ്പൂവല്ല, ആത്മാഭിമാനമാണ്. മുല്ലപ്പൂവും മൂന്നാറുകാരുടെ വിശേഷണമല്ല, അക്ഷരം പഠിച്ച മലയാളി കേരളീയരുടെ സൃഷ്ടിയാണ്.

അതവിടെ നില്‍ക്കട്ടെ. രാഷ്ട്രീയക്കാര്‍ക്ക് ഒരു ഗുണമുണ്ട്. നാളെ എന്താണ് നടക്കുക എന്നറിയില്ലെങ്കിലും ഇന്ന് നടക്കുന്നതിന്റെ ആദ്യഫ്‌ളാഷ് കാണുമ്പോള്‍ത്തന്നെ എന്താണ് നടക്കാന്‍ പോകുന്നത് എന്നവര്‍ക്ക് പിടികിട്ടും. ഉടനെ ചാനലില്‍ക്കേറി അതിനെക്കുറിച്ച് അരമണിക്കൂര്‍ പ്രഭാഷണം നടത്താനും കഴിയും. മൂന്നാറില്‍ ആദ്യവെടി പൊട്ടിയപ്പോള്‍ അവരില്‍ ബഹുഭൂരിപക്ഷത്തിനും സംഗതി പിടികിട്ടിയില്ല. പക്ഷേ, കിട്ടിയ ആദ്യ സ്‌റ്റേറ്റ് ബസ്സിനോ ടാക്‌സി പിടിച്ചെങ്കിലുമോ മല കയറിച്ചെല്ലണമെന്ന് അവര്‍ക്ക് ബോധ്യമായി. ഇല്ലെങ്കില്‍ കളി തോല്‍ക്കും ഉറപ്പ്. പാഞ്ഞ് ചെന്ന് കൂടെയിരുന്ന് നാല് മുദ്രാവാക്യം ഉറക്കെ വിളിച്ചുകൊടുത്താല്‍ ഏത് പെണ്ണുങ്ങളാണ് ഏറ്റുവിളിക്കാതിരിക്കുക? അവര്‍ക്കുണ്ടോ അതിലൊക്കെ നമ്മളോളം എക്‌സ്പീരിയന്‍സ്?  അവരുടെ തൊണ്ടയ്ക്കുണ്ടോ നമ്മുടെ തൊണ്ടയോളം വോള്യം? പക്ഷേ, ആ ഭീകരികള്‍ കഷ്ടപ്പെട്ട് പാഞ്ഞുചെന്ന് നേതാക്കളെ ആണ്‍പെണ്‍ ഭേദമില്ലാതെ ഓടിച്ചുവിട്ടു. അത്രയും കരുതിയിരുന്നില്ല. പാര്‍ട്ടിയിലെ മറ്റ് വനിതകളെ പരമാവധി അങ്കത്തട്ടിലേക്ക് പറഞ്ഞുവിട്ടത് തീര്‍ത്തും നിഷ്ഫലമായി എന്ന് പറഞ്ഞുകൂടാ. കുറച്ചെല്ലാം ഫലിച്ചു. എന്തായാലും ഏഴെട്ടുദിവസം കൊണ്ട് എല്ലാവരും ഒരു വിധം ഒതുങ്ങി, അല്ലെങ്കില്‍ ഒതുക്കി. നേതാക്കളും ക്യാമറക്കാരും എല്ലാം മൂന്നാറില്‍നിന്ന് വണ്ടിവിട്ടുകഴിഞ്ഞു. ഇനി, പെണ്ണുങ്ങളായി, അവരുടെ പാടായി.

1 ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് ചില്ലറ വേവലാതി ഇല്ലാതില്ല. മൂന്നാര്‍ സ്ത്രീകളുടെ വഴി പിന്തുടര്‍ന്ന് നാളെ യൂണിയനുകളില്‍ മുല്ലപ്പൂവിന്റെ നാറ്റം പടര്‍ന്നാലോ? നമ്മുടെ പണി പോയില്ലേ?  തെറ്റുപറ്റിയെങ്കില്‍ പരിശോധിക്കും വീഴ്ചകള്‍ തിരുത്തും പുനര്‍വിചിന്തനം നടത്തും കാശിക്ക് പോകും തപസ്സിരിക്കും എന്നും മറ്റും അവര്‍ പ്രസ്താവനകള്‍ നടത്തുന്നതിന്റെ അടിസ്ഥാനം ഇതാണ്. ഏറിയും കുറഞ്ഞും മൂന്നാര്‍ കേരളത്തിലെങ്ങുമുണ്ട്. ട്രേഡ് യൂണിയന്‍ മുതലാളിത്തം എന്നിതിന് പണ്ടേ പേര് വിളിച്ചവരുണ്ട്. ഇതിനെതിരെ നാളെ കേരളത്തിലെ തൊഴിലാളിവര്‍ഗം ഒന്നടങ്കം രംഗത്തിറങ്ങിയാല്‍ നമ്മുടെ കഞ്ഞികുടി, ബി.പി.എല്‍. റേഷന്‍, ടാക്‌സി കാറില്‍ സഞ്ചാരം, എ.സി. റൂമില്‍ താമസം എന്നിവ മുട്ടിപ്പോവില്ലേ? അതിന് എന്താണ് മറുമരുന്ന്?

ആശങ്കയിലൊന്നും അടിസ്ഥാനമില്ല. മുല്ലപ്പൂ നടന്നത് മൂന്നാര്‍ സ്ത്രീ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാക്ഷരത, രാഷ്ട്രീയബോധം, ഉദ്ബുദ്ധത തുടങ്ങിയ അസുഖങ്ങള്‍ ഒന്നും നമ്മുടെ അത്ര ഇല്ലാതിരുന്നതുകൊണ്ടാണ്. അവര്‍ക്ക് നേരം പോക്കാന്‍ ഫെയ്‌സ് ബുക്കും കാണില്ല. എത്രപേര്‍ക്ക് സീരിയലിന്റെ അസുഖമുണ്ട് എന്നറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ നമ്മുടെ നാലയലത്ത് വരില്ല. ടുണീഷ്യയേക്കാള്‍ പിന്നില്‍ നില്‍ക്കുന്നതുകൊണ്ടുള്ള ഗുണങ്ങളാണ് ഇതെല്ലാം. സാമൂഹ്യമാധ്യമമില്ലാത്തിടത്ത് മറ്റേ മാധ്യമം ഉണ്ടാവേണ്ടതാണ്. അതുണ്ടായാലും ഭാഷ തമിഴായതുകൊണ്ട് നമ്മുടെയത്ര പുരോഗമിച്ചുകാണില്ല.

ധൈര്യം പകരുന്ന വേറെയും വസ്തുതകളുണ്ട്. വനിതകള്‍ക്ക് ഈ വിധം പട്ടണം ൈകയടക്കാന്‍ കഴിയുന്നത്ര അംഗബലം നല്‍കുന്ന യൂണിയനോ തൊഴില്‍ശാലയോ കേരളത്തില്‍ മറ്റെങ്ങും ഇല്ലെന്നത് ചില്ലറ സമാധാനമൊന്നുമല്ല. സ്ത്രീകള്‍ അധികം ജോലിചെയ്യുന്ന തുണിക്കട, അംഗീകാരമില്ലാത്ത സ്വകാര്യവിദ്യാലയങ്ങള്‍, സ്വകാര്യആസ്പത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ  അടുത്തൊന്നും പോയി യൂണിയന്‍ പ്രവര്‍ത്തനം നടത്തരുതെന്ന് തീരുമാനിച്ചത് ഇതെല്ലാം മുന്‍കൂട്ടിക്കണ്ടല്ലേ ? എന്നിട്ടും ചില്ലറ സമരം ചിലേടത്തെല്ലാം നടത്തിനോക്കിയതാണ് പെണ്ണുങ്ങള്‍. ഭാവിയില്‍ ഇങ്ങനെയൊരു ഐഡിയ അവരുടെ

തലയില്‍ കിളിര്‍ക്കാതിരിക്കാന്‍ വേണ്ട അനുഭവം അവിടങ്ങളില്‍ ഉണ്ടായതുകൊണ്ട് പേടിക്കാനില്ല. എല്ലാറ്റിനുമപ്പുറം വേറൊന്നുകൂടി ഓര്‍ക്കണം. മൂന്നാര്‍ ചായത്തോട്ടം പോലെയല്ല കേരളത്തിലെ മറ്റ് തൊഴിലിടങ്ങള്‍. അവയ്‌ക്കൊന്നും മൂന്നാര്‍ പോലുള്ള ‘ന്യൂസ് വാല്യു’ ഇല്ല. ആരുപോകും അവിടെ ലൈവ് കവറേജും രാവും പകലും ചര്‍ച്ചയുമൊക്കെ നടത്താന്‍ ! മനുഷ്യര്‍ക്ക് വേറെ പണിയില്ലേ? അവര്‍ കൂട്ട ആത്മഹത്യയോ മറ്റോ നടത്തട്ടെ, അപ്പോള്‍ നോക്കാം.  അതുകൊണ്ട് നേതാക്കളേ നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോവുക.

ഇനി ചില സ്ഥാപനങ്ങളിലെ യൂണിയന്‍ കൈവെടിഞ്ഞാല്‍ത്തന്നെ എന്തിന് ഭയപ്പെടണം. നേതാക്കള്‍ക്ക് മിനിമം ഒന്ന് ഒന്നര ഡസന്‍ വീതം യൂണിയനുകളുടെ ഭാരവാഹിത്വമില്ലേ? പോകുന്നവര്‍ പോകട്ടെ. നേതാക്കളേ, നിങ്ങള്‍ സമാധാനമായി ഉറങ്ങുക. നിങ്ങളില്ലാതെ ഞങ്ങള്‍ക്ക് കഴിഞ്ഞുകൂടാന്‍ കഴിയില്ല. ഇന്‍ക്വിലാബ് സിന്ദാബാദ്.

****

ജനഹിതം അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും വിവാദം ഉണ്ടാക്കുന്ന നടപടിയൊന്നും സര്‍ക്കാര്‍ എടുക്കാന്‍ പാടില്ല എന്നുമൊക്കെ സംസ്ഥാനം ഭരിക്കുന്നവരും ഭരിക്കുന്നവരെ ഭരിക്കുന്നവരുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ആകെയൊരു കണ്‍ഫ്യൂഷന്‍.

ജനഹിതം അനുസരിക്കലാണോ ഉദ്യോഗസ്ഥരുടെ പണി? ആരാണ് ജനം? ജനഹിതത്തിന് രണ്ട് പക്ഷമുണ്ടെങ്കില്‍ എന്തുചെയ്യും? ഏതു പക്ഷത്തെ ഹിതത്തിനാണ് ബലം കൂടുതലെന്ന് കണ്ടെത്താന്‍ എന്തുണ്ട് ഉപകരണം? ജനഹിതം നിയമവിരുദ്ധമായ കാര്യത്തിനൊപ്പമാണെങ്കില്‍ എന്തുചെയ്യും? ജനഹിതവും ജനതാത്പര്യവും ഒന്നാണോ?

വിവാദം ഉണ്ടാകാത്ത തീരുമാനങ്ങള്‍ മാത്രം എടുക്കലാണോ സര്‍ക്കാറിന്റെ ചുമതല? വിവാദം എന്ന് പറയുന്നത് അത്ര അപകടം പിടിച്ച ഗുലുമാലാണോ? വിവാദംകൊണ്ട് ആര്‍ക്ക് എന്താണ് ദോഷം? പത്രത്തിലെ കുറേ സ്ഥലവും ചാനലുകളുടെയും അത് കാണുന്ന ആളുകളുടെയും സമയവും പോകും എന്നല്ലാതെ വേറെ എന്താണ് നഷ്ടം? വിവാദം വേണ്ട എന്ന് പറയുന്ന നേതാക്കള്‍ ഇനി വിവാദം ഉണ്ടാക്കുന്ന യാതൊന്നും പറയില്ലേ ?

അയ്യോ… മാധ്യമങ്ങളെ കഷ്ടത്തിലാക്കുമോ?..

അപകടം ഉണ്ടായാല്‍ സഹായത്തിന് കൊണ്ടുവരേണ്ട യന്ത്രം ഇല്ലാത്തതുകൊണ്ട് ബഹുനില കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ലത്രെ. യന്ത്രം വാങ്ങേണ്ട സര്‍ക്കാര്‍ യന്ത്രം വാങ്ങാതിരിക്കുക, അതിന്റെ പേരില്‍ അതേസര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുക. ബഹുകേമം. ഇവിടെ താമസിക്കുന്നവര്‍ ഓരോ പവര്‍ലിഫ്റ്റ് യന്ത്രം വാങ്ങി സ്ഥാപിക്കേണ്ടതാണ് എന്ന് കണ്ടീഷന്‍ വെച്ച് അനുമതി നല്‍കണമെന്ന് തീരുമാനിച്ചില്ലല്ലോ. ഭാഗ്യംതന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top