സി.പി.എമ്മിന്റെ കുരിശുകള്‍

ഇന്ദ്രൻ

മഹാന്മാരുടെ ശത്രുക്കള്‍ അവരുടെ അനുയായികളാണ് എന്ന് പറയാറുണ്ട്. ഏത് മഹാന്റെ അനുയായിവൃന്ദമാണ് മഹാന് നല്ല പേരുണ്ടാക്കാതിരുന്നിട്ടുള്ളത്? ഗുരു മഹാനായിരുന്നല്ലോ ഇവരെന്തേ ഇത്തരക്കാരായത് എന്ന്, ഗുരുവിനെ നിന്ദിച്ചവരെക്കൊണ്ടുപോലും പറയിപ്പിക്കും അനുയായികള്‍. മഹത്തുക്കളുടെ അനുയായികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ കടുത്തമത്സരം നടക്കുന്നുണ്ട്. ആര് മുമ്പിലെത്തുമെന്ന് പറയാറായില്ല.

യേശുക്രിസ്തുവിനെ കുരിശിലേറ്റുന്നത് അടുത്ത അനുയായി യൂദാസ് ഒറ്റുകൊടുത്തിട്ടാണ്. മുപ്പത് വെള്ളിക്കാശായിരുന്നു പ്രതിഫലം. പുള്ളിക്കാരന്‍ ആ കാശുകൊണ്ട് റിയല്‍ എസ്റ്റേറ്റ് വാങ്ങി ഒടുവില്‍ അവിടെ വീണ് ശരീരം പിളര്‍ന്ന് മരിച്ചെന്ന് ഗ്രന്ഥത്തിലുണ്ട്. ഇത്രത്തോളം മികച്ച അനുയായികള്‍ നമ്മുടെ നാട്ടിലെ ഗുരുക്കന്മാര്‍ക്ക് അവര്‍ ജീവിച്ചിരുന്ന കാലത്തുണ്ടായിട്ടില്ല. ഇതറിയാതെയാണ് നമ്മുടെ മാര്‍ക്‌സ് പ്രവാചകന്റെ അനുയായികള്‍ ശ്രീനാരായണഗുരുവിനെ പ്രതീകാത്മക കുരിശില്‍ ഏറ്റിയത്. സ്വര്‍ഗത്തിലേക്ക് പോയിക്കഴിഞ്ഞ ആളെ കുരിശിലേറ്റാന്‍ ഒരു പിലാത്തോസിനും പറ്റില്ല. അവര്‍ക്ക് പ്രവാചകനെ, ഗുരുവിനെ തള്ളിപ്പറയാം. ആജീവനാന്തകാലം തള്ളിപ്പറയാം. ഇന്ന് കോഴി രണ്ടുവട്ടം കൂവുന്നതിന് മുമ്പേ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്നാണ് യേശു ശിഷ്യനോട് പറഞ്ഞത്. നമ്മുടെ രീതി വ്യത്യസ്തമാണ്. ഭൂമിയില്‍ സൂര്യനുദിക്കുന്ന കാലത്തോളം പ്രവാചകരെ അനുയായികള്‍ അവരുടെ ചെയ്തികളിലൂടെ ആയിരം വട്ടം തള്ളിപ്പറയും.

മണ്‍മറഞ്ഞാല്‍ ഗുരുക്കന്മാരുടെ തത്ത്വങ്ങള്‍ അവര്‍ക്ക് മോഡിഫൈ ചെയ്യാന്‍ കഴിയില്ല. അത് അനുയായികള്‍ ചെയ്തുകൊള്ളും. ശ്രീനാരായണ ഗുരുവിന്റെ ചില അനുയായികള്‍ വളരെ പ്രമാണികളായതുകൊണ്ട് ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ ഗുരുവിനെ ഭേദഗതി ചെയ്തു. ‘മുമ്പേ തന്നെ വാക്കില്‍നിന്നു വിട്ടിരുന്ന യോഗത്തെ ഇപ്പോള്‍ മനസ്സില്‍ നിന്നും വിടുന്നു’ എന്ന് ഗുരുവിനെക്കൊണ്ട് എഴുതിക്കാന്‍ മാത്രം കേമന്മാരായിരുന്നു അവര്‍. ”ഗുരുവിന് യോഗത്തെ വേണ്ടെങ്കില്‍ യോഗത്തിന് ഗുരുവിനെയും വേണ്ട” എന്ന് അനുയായികളില്‍ പ്രബലന്‍ മറുപടിയും പറഞ്ഞു. അവര്‍ ഗുരുവിനെ സൈഡാക്കി. ”യോഗത്തിനു ജാത്യഭിമാനം വര്‍ധിച്ചിരിക്കുന്നു” എന്ന് കുറ്റപ്പെടുത്തിയാണ് ഗുരു യോഗസംസര്‍ഗം വെടിഞ്ഞത്. ഇന്ന് ജാതി പറഞ്ഞേ തീരൂ എന്നതാണ് ചില ഗുരുശിഷ്യപ്രമാണിമാരുടെ നിലപാട്. ആരും അവരെ കുരിശിലേറ്റില്ല. ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ ഈഴവര്‍ തെണ്ടിപ്പോയേനെ എന്ന് പറഞ്ഞ നേതാക്കളുമുണ്ട്. അവരും കുരിശേറില്ല.

ശ്രീനാരായണഗുരുവിന്റെ ഫ്‌ളക്‌സ് ചിത്രത്തെ കുരിശ്ശിലേറ്റിയ അനൗചിത്യം വലിയ കുറ്റകൃത്യമായി. ഗ്രാമത്തിലെ കൊച്ചുഘോഷയാത്രയിലെ ഫ്‌ളോട്ട് ആഗോളസംഭവമായി. എന്തുതൊട്ടാലും കുരിശാവുക എന്ന മഹാശാപത്തിലൂടെ കടന്നുപോകുന്ന കാലമായതുകൊണ്ട് സി.പി.എമ്മിനെ രക്ഷിക്കാന്‍ തത്കാലം ദൈവം തമ്പുരാനുമാകില്ല. ബാലസംഘം വില്ലേജ് കമ്മിറ്റിയുടെ നടപടിക്ക് പൊളിറ്റ് ബ്യൂറോ മാപ്പു പറയുന്ന കാലമാണിത്.

നാടോടുമ്പോള്‍ നടുവേ ഓടുന്നത് കുറ്റമല്ല. പക്ഷേ, സി.പി.എമ്മിനെ അങ്ങനെ ഓടാന്‍ സമ്മതിക്കില്ലാരും. രാവുംപകലും നടുവേ ഓടുന്നവരും ഓട്ടം നിര്‍ത്തി കല്ലെറിയും. അര നൂറ്റാണ്ടുമുമ്പ് ശ്രീകൃഷ്ണജയന്തിയുമില്ല, ഉണ്ണിക്കണ്ണന്മാര്‍ ട്രാഫിക് ബ്ലോക്കുണ്ടാക്കുന്ന പരിപാടിയുമില്ല. അന്ന് പുച്ഛിച്ചും പരിഹസിച്ചും നടന്നത് നാട് മുന്നോട്ടുപോകുകയാണ് എന്ന തെറ്റിദ്ധാരണയിലാണ്. വിപ്ലവവും കമ്യൂണിസവും വരാന്‍ പോകുമ്പോള്‍ എന്ത് അമ്പാടിയും വെണ്ണയും കണ്ണനും രാധയും ഗോപികമാരുമൊക്കെ? നാട് റിവേഴ്‌സ് ഗിയറിലാണ് സഞ്ചരിക്കുന്നത് എന്ന് വൈകിയേ മനസ്സിലായുള്ളൂ. അതിന് ഒന്നേ ഉള്ളൂ പരിഹാരം. നമ്മളും ഓടുക പിറകോട്ട്. ജാതി വേണ്ടിടത്ത് ജാതി, അമ്പലക്കമ്മിറ്റി വേണ്ടിടത്ത് അമ്പലക്കമ്മിറ്റി, ഓണാഘോഷം വേണ്ടിടത്ത് ഓണാഘോഷം…

ഇതിനിടയിലെ ധര്‍മസങ്കടങ്ങള്‍ പരിഹരിക്കാന്‍ ഒരു താത്ത്വികാചാര്യനും ഇല്ല. പുത്തന്‍ താത്ത്വികക്കാര്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മഹാബലി ശരിയും ശ്രീകൃഷ്ണന്‍ തെറ്റും ആണെന്ന് ആരാണ് തീരുമാനിച്ചത്? അധ്വാനിക്കുന്നവന്റെയും ഭാരംചുമക്കുന്നവന്റെയും ആശ്രയമല്ല ശ്രീകൃഷ്ണനെന്ന് ആരാണ് കണ്ടുപിടിച്ചത്? പാര്‍ട്ടിയുടെ നിയമസഭാംഗം ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് പാര്‍ട്ടിവിരുദ്ധവും പാര്‍ട്ടി പ്രവര്‍ത്തകന്‍ അമ്പലക്കമ്മിറ്റി സെക്രട്ടറിയാകുന്നത് പാര്‍ട്ടി തീരുമാനവും ആകുന്നത് എങ്ങനെ? ഇത്തരം ഡസന്‍കണക്കിന് വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചുതരാന്‍ പറ്റാതെ കഷ്ടപ്പെടുന്നതിനിടയിലാണ് പിള്ളേര് ഗുരുവിനെ കുരിശിലേറ്റിയത്. അത് പാര്‍ട്ടിക്ക് കുരിശാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ ഒരു സംവിധാനവുമില്ലല്ലോ.

കുരിശുസംഭവം തെറ്റായെന്ന് പാര്‍ട്ടി ഏറ്റുപറഞ്ഞതുകൊണ്ട് നടേശഗുരു ഫര്‍ദര്‍ ആക്ഷന്‍ വേണ്ടെന്നുവെച്ചു. ഗുരുകൃപ തന്നെ. ഇല്ലെങ്കില്‍ പാര്‍ട്ടിയെ മരക്കുരിശും ചുമലിലേറ്റിച്ച്, മുള്‍ക്കിരീടം ചൂടിച്ച് വഴിനീളെ പീഡിപ്പിച്ചുകൊണ്ടുപോയി ഏറ്റിക്കളയുമായിരുന്നു കുരിശില്‍. ആശ്വസിക്കേണ്ട. അടുത്ത കുരിശ് വൈകാതെ ഉണ്ടാകും. ചരിത്രം ആവര്‍ത്തിക്കും എന്നാണ് മഹത്തുക്കള്‍ പറഞ്ഞത്. മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കും എന്നാണ് ജാതകത്തിലുള്ളത്.

****

പച്ചപ്പതാകയുടെ തണലിലാണ് തനിക്ക് സര്‍ക്കാര്‍ കാറും വീടും ലഭിച്ചതെന്ന് ഒരു പ്രൊ വൈസ് ചാന്‍സലര്‍ പ്രസംഗിച്ചത് ചര്‍ച്ചയായിട്ടുണ്ട്. ഗവര്‍ണര്‍ സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്ത.

ഇതിലിത്ര ക്ഷോഭിക്കാനെന്തിരിക്കുന്നു? ഗവര്‍ണര്‍ ഏത് മത്സരപ്പരീക്ഷ ജയിച്ചാണ് സ്ഥാനത്തെത്തിയത്? അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള വൈസ് ചാന്‍സലറുടെ കാര്യമോ? പിന്നെ എന്താണ് പ്രശ്‌നം?

ആരുടെ ഔദാര്യത്തില്‍ കിട്ടിയ സ്ഥാനമാണെങ്കിലും സ്ഥാനത്തിരിക്കുമ്പോള്‍ അത് നാട്ടില്‍ പാടിനടന്ന് ചളിയാക്കരുത്. താന്‍ ഇതിന് പൂര്‍ണമായി യോഗ്യനാണ് എന്ന് നടിച്ചുകൊള്ളണം. സ്ഥാനംകിട്ടാന്‍ ആരുടെ വീട്ടില്‍ എത്ര തവണ പോയി, ഏതെല്ലാം പാര്‍ട്ടികള്‍ പേര് നിര്‍ദേശിച്ചു, സംഭാവന വല്ലതും കൊടുക്കേണ്ടി വന്നുവോ എന്നൊക്കെ, വിരമിച്ച് പ്രായം കുറേ ആയാല്‍ ആത്മകഥയിലോ മറ്റോ എഴുതാമെന്നല്ലാതെ സ്ഥാനം വഹിക്കുമ്പോള്‍ അക്കാര്യമൊന്നും മിണ്ടിപ്പോകരുത്. ഫുള്‍ ഗമയില്‍ തലയുയര്‍ത്തി നിന്നുകൊള്ളണം. സ്ഥാനം കിട്ടുന്ന ആദ്യനാളുകളില്‍ ചിലരൊക്കെ മുറുമുറുക്കും.

ഒട്ടും മൈന്‍ഡ് ചെയ്യരുത്. നമ്മുടെ ഗവര്‍ണറുടെ കാര്യംതന്നെ എടുക്കുക. അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. താഴേക്ക് ഇറങ്ങി ഗവര്‍ണറായത് ശരിയല്ലെന്ന് പലരും പറയുന്നുണ്ടായിരുന്നു. എന്തായാലും കാവിക്കൊടിയുടെ തണലില്‍ നിന്നിട്ടാണ് തനിക്ക് ഗവര്‍ണര്‍സ്ഥാനം കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ, ഭാഗ്യം. ഇത്തരം സ്ഥാനങ്ങളില്‍ ആളുകളെ തിരഞ്ഞെടുക്കുന്നത് പബ്ലിക് സര്‍വീസ് കമ്മിഷനല്ല, ഭരണാധികാരികള്‍ തന്നെയാണ്. പക്ഷേ, അതിനുമുണ്ടല്ലോ ചില മാനവും മര്യാദയുമൊക്കെ. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കുന്ന ലാഘവത്തില്‍ വൈസ് ചാന്‍സലര്‍ പദവികളില്‍ ആളെ വെക്കുന്നത് ശരിയോ?

മിക്ക തസ്തികകളിലും അയോഗ്യരെ നിയമിക്കുമ്പോള്‍ ഈ തലമുറയെ മാത്രമേ ദ്രോഹിക്കാന്‍ പറ്റൂ. വരുംതലമുറകളെയും ദ്രോഹിക്കണമെങ്കില്‍ വൈസ് ചാന്‍സലറുടേതുപോലുള്ള തസ്തികകളില്‍ നോട്ടമിടണം. വൈസ് ചാന്‍സലര്‍മാരെയും മറ്റും കണ്ടെത്താന്‍ വിദഗ്ധസമിതി ഉണ്ടെന്നാണ് വെപ്പ്. പക്ഷേ, വകുപ്പ് ഭരിക്കുന്ന കക്ഷികള്‍ അവിദഗ്ധരുടെ കമ്മിറ്റിയെ വെച്ചാണ് ആളെ കണ്ടെത്തുന്നത്. ‘ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികള്‍’ എന്നതായിരുന്നുവത്രെ വിവാദപ്രസംഗം നടന്ന സെമിനാറിലെ വിഷയം. എന്താണ് വെല്ലുവിളി എന്ന് പ്രസംഗം കേട്ടവര്‍ക്കെല്ലാം ശരിക്കും മനസ്സിലായിക്കാണണം.

ദേശീയ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ചരിത്ര/ പണ്ഡിത സഭകളിലും ഇടതുപക്ഷക്കാര്‍ കേറിപ്പറ്റിയിരിക്കുകയാണെന്ന് കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകാലത്ത് ആക്ഷേപിച്ച് കേട്ടിട്ടുണ്ട്. ഇടതുപക്ഷക്കാര്‍ നുഴഞ്ഞുകേറിയതല്ല. വിവരമുള്ളവരെ കണ്ടെത്തിയപ്പോള്‍ അവരുടെ പക്ഷം നോക്കിയില്ല പണ്ഡിറ്റ് നെഹ്രു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള പല പ്രധാനമന്ത്രിമാരും. കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കാലത്താണ് ഡോ. സുകുമാര്‍ അഴീക്കോടിനെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനാക്കിയത്. സാരമില്ല, ഇനി അതൊന്നും സംഭവിക്കില്ല. കേന്ദ്രസര്‍ക്കാറിന്റെ അഭിമാന സ്ഥാപനമായ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി പുതിയ സര്‍ക്കാര്‍ നിയമിച്ചത് മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരന്‍ ആയിരുന്നു എന്ന യോഗ്യത മാത്രമുള്ള ആളെ ആണത്രെ. അതും ഒരു കൊടിയുടെ ശീതളച്ഛായയില്‍ സേവനമനുഷ്ഠിച്ചതിനുള്ള പ്രതിഫലമാവാം.
കേന്ദ്രത്തില്‍ തേങ്ങയുടയ്ക്കുമ്പോള്‍ നമ്മള്‍ ചിരട്ടയെങ്കിലും ഉടയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Go Top