മന്ത്രിസഭയെ വിലയിരുത്തി പാസ് മാര്‍ക്ക് കിട്ടിയിട്ട് കേരളത്തില്‍ ഇന്നുവരെ ഒരു മന്ത്രിസഭയും ജയിച്ചിട്ടില്ല. ഈ മന്ത്രിസഭയ്ക്ക് അബ്ദുറബ്ബിന്റെ എസ്.എസ്.എല്‍.സി. മോഡല്‍ വാല്വേഷന്‍ കൊണ്ടുപോലും പാസ് മാര്‍ക്ക് കിട്ടില്ല.
ഉപതിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷിയൊന്നും പണ്ടേ യു.ഡി.എഫിന് ഉണ്ടാകാറില്ല. ഈ ഭരണകാലയളവില്‍ മൂന്നെണ്ണം ജയിച്ചു. മൂന്നെണ്ണം ജയിച്ചപ്പം സന്തോഷംകൊണ്ട് നില്‍ക്കാനും ഇരിക്കാനും വയ്യ. ആഹ്‌ളാദത്തിന്റെ ആറാട്ട്. ദിവസം പിന്നിടുമ്പോള്‍ കുറച്ചൊക്കെ സമനില കൈവരിക്കുന്നതായി സൂചനയുണ്ട്. അരുവിക്കരയല്ല കേരളം എന്ന് ഓര്‍മിപ്പിച്ചു കെ.പി.സി.സി. പ്രസിഡന്റ്. അത്രയും ആശ്വാസം.
വിജയം തലയില്‍ കേറിയാല്‍ ചിലരെ പിടിച്ചാല്‍ കിട്ടില്ല. അരുവിക്കര ജയത്തിന് പല അര്‍ഥങ്ങളുമുണ്ടാവാം. ഇനി ഇല്ലാത്തത് ചിലതെല്ലാം ഉണ്ടെന്ന് വ്യാഖ്യാനിച്ചെടുത്താലും വിരോധമില്ല. അതിനും ഉണ്ടല്ലോ പരിധി. എന്നാലും യു.ഡി.എഫ്. അഞ്ചുകൊല്ലത്തേക്ക് കൂടി ഭരിക്കണമെന്നാണ് ഇതിന്റെ അര്‍ഥമെന്നൊക്കെ തോന്നിത്തുടങ്ങിയാല്‍ കളി മാറി. ഉമ്മന്‍ചാണ്ടി നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകളയും എന്നൊന്നും ആരും ഭയപ്പെടുന്നില്ല. പക്ഷേ, ഒരു സിറ്റിങ് സീറ്റില്‍ കിട്ടിയ വോട്ട് നന്നായി കുറഞ്ഞ്, ഇച്ചിരി ലീഡ് കൂടി ജയിച്ചപ്പം ആനന്ദം തലയില്‍ കേറി തലകുത്തി മറിയില്ല സാധാരണ മനുഷ്യര്‍. അജയ്യനായി എന്ന് തെറ്റിദ്ധരിച്ച് നെഞ്ചുവിരിക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ലല്ലോ.
മുമ്പൊരു കൂട്ടര്‍ക്ക് അങ്ങനെയൊരു അബദ്ധം പറ്റിയത് മറക്കാറായിട്ടില്ല. 1991ലെ കേസുകെട്ട് പുറത്തിട്. ലോകോത്തര ബുദ്ധിജീവികളായ ഇടതുപക്ഷക്കാരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി ഇ.കെ. നായനാര്‍. പാര്‍ട്ടി സെക്രട്ടറി നമ്മുടെ സ്വന്തം വി.എസ്. അധികാരത്തോട് നിസ്സംഗത, ആദര്‍ശം, തത്ത്വദീക്ഷ, സത്യസന്ധത തുടങ്ങിയ സംഗതികളില്‍ രണ്ടാള്‍ക്കും ഫസ്റ്റ് ക്ലാസ്. ഭരണം നാലുകൊല്ലം പൊടിപൊടിച്ച് മുന്നേറുമ്പോഴാണ് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഉണ്ടായത്. ആദ്യത്തെയും അവസാനത്തെയും ജില്ലാകൗണ്‍സില്‍. പതിന്നാലില്‍ പതിമ്മൂന്ന് ജില്ലയും ഇടതുപക്ഷം തൂത്തുവാരി. നിയമസഭാ ഉപതിരഞ്ഞെടുപ്പ് പോലെ ഒന്നോ ഒന്നരയോ ലക്ഷംപേര്‍ വോട്ടുചെയ്യുന്ന ഏര്‍പ്പാടല്ല അത്. മുഴുവന്‍ കേരളവും വോട്ട് ചെയ്തിട്ടാണ് ഇടതുപക്ഷത്തെ അന്ന് എതിര്‍പക്ഷത്തിന് യാതൊരു ഒഴികഴിവും പറയാന്‍ കഴിയാത്ത വിധം ജയിപ്പിച്ചത്.
റിസള്‍ട്ട് വന്നപ്പം ഇടതുനേതൃത്വത്തിന്റെ തലയില്‍ ബള്‍ബ് മിന്നി. ഇതന്നെ തഞ്ചം. നിയമസഭ പിരിച്ചുവിട്ട് ഉടനെ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഭരണത്തുടര്‍ച്ച ഉറപ്പ്. നാലാം വയസ്സിലെ ഒരു പ്രത്യേക ഇനം നട്ടപ്രാന്ത് !
ആ തിരഞ്ഞെടുപ്പില്‍ എന്തുസംഭവിച്ചു എന്നത് ചരിത്രം. യു.ഡി.എഫ്. ജയിച്ചത് ഇടയ്ക്ക് രാജീവ്ഗാന്ധി വധിക്കപ്പെട്ടതിന്റെ സഹതാപതരംഗം കൊണ്ടാണ് എന്ന് ന്യായീകരിച്ചിട്ട് കാര്യമില്ല. കപ്പിനും ലിപ്പിനും ഇടയില്‍ എന്താണ് അത് തട്ടിക്കളയുക എന്നാര്‍ക്കറിയാം? ആത്മവിശ്വാസം ഏറിപ്പോയാലും അപകടമാണ്. ജയിക്കുമെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ പ്രസംഗിച്ച് പ്രസംഗിച്ച് അവസാനം നമ്മള്‍ ചിലപ്പോള്‍ നമ്മളെത്തന്നെ വിശ്വസിക്കുന്ന ഘട്ടമെത്തിക്കളയും. പിന്നെ ബുദ്ധിയൊന്നും ശരിക്ക് വര്‍ക്ക് ചെയ്തുകൊള്ളണമെന്നില്ല.
അന്ന് സി.പി.എമ്മില്‍ സംഭവിക്കാന്‍ പാടില്ലാത്ത മറ്റൊന്നുകൂടി സംഭവിച്ചു. നിലവിലുള്ള മുഖ്യമന്ത്രി മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി വി.എസ്. അച്യുതാനന്ദനും നിയമസഭയിലേക്ക് മത്സരിച്ചു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒന്നിച്ച് നിയമസഭയിലേക്ക് മത്സരിക്കുന്നത് പോലെത്തന്നെ എന്ന് വേണമെങ്കില്‍ താരതമ്യപ്പെടുത്താം. കോണ്‍ഗ്രസ്സില്‍ അതിന് പുതുമയൊന്നുമില്ല. ആര്‍ക്കും എവിടെയും മത്സരിക്കാം. സി.പി.എമ്മിലാകട്ടെ ഇതിനൊക്കെ ചില വ്യവസ്ഥകളും മര്യാദകളുമൊക്ക ഉണ്ട്. അവിടെ പാര്‍ട്ടിസെക്രട്ടറി നിയമസഭയിലേക്ക് മത്സരിക്കാറില്ല. അങ്ങനെ മാര്‍ക്‌സ് എഴുതിവെച്ചിട്ടൊന്നുമില്ല. പക്ഷേ, പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിക്കും മേലേ നില്‍ക്കുന്ന ഒരു സംവിധാനത്തില്‍ സെക്രട്ടറി എന്തിന് മുഖ്യമന്ത്രിയാകാന്‍ മത്സരിക്കണം? അല്ലല്ല, മുഖ്യമന്ത്രിയാകാനൊന്നുമല്ല വി.എസ്. നിയമസഭയിലേക്ക് മത്സരിച്ചത്. അപരാധം പറയരുതാരും. പാര്‍ട്ടി തോറ്റതുകൊണ്ട് വേറെ പ്രശ്‌നമൊന്നും ഉണ്ടായില്ല.
ആത്മവിശ്വാസം പരിധിവിടുന്നതിന് വേറെയും ഉണ്ട് ഉദാഹരണം കേരളത്തില്‍ തന്നെ. വോട്ടെടുപ്പ് വരെ ജയിക്കുമെന്ന് വിചാരിക്കാന്‍ ആര്‍ക്കും ഉണ്ട് സ്വാതന്ത്ര്യം. വോട്ടിങ് കഴിഞ്ഞാലെങ്കിലും ബോധം വരണമല്ലോ. തോല്‍ക്കാനും ഒരു ശതമാനം സാധ്യതയുണ്ട് എന്ന തോന്നല്‍ പോലുമില്ലാത കേരളത്തില്‍ ഒരു പാര്‍ട്ടി അസല്‍ മണ്ടത്തരം ഒന്ന് കാണിച്ചു. പാര്‍ട്ടിയെ വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിച്ച ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മുഖപ്രസംഗം എഴുതി മുഖപത്രം ജനങ്ങളില്‍ എത്തിയത് പാര്‍ട്ടി തോറ്റ് തുന്നംപാടിക്കിടക്കുമ്പോഴാണ്. അഞ്ചുകൊല്ലം ഭരിച്ച് ജനത്തിന് വമ്പിച്ച നേട്ടം ഉണ്ടാക്കിക്കൊടുത്തതുകൊണ്ട് തങ്ങള്‍ക്ക് ഭരണത്തുടര്‍ച്ച സാധ്യമാകും എന്ന വിശ്വാസം തലയില്‍ക്കേറിയതാണ് അന്ന് പറ്റിയ അബദ്ധം. പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ഉറപ്പെങ്കില്‍ പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ പത്രാധിപസമിതിക്ക് ഉറപ്പില്ലാതിരിക്കാന്‍ പാടില്ലല്ലോ. പാര്‍ട്ടിക്ക് തെറ്റ് പറ്റില്ല. ഭരണത്തുടര്‍ച്ചാവ്യാമോഹം സമനില തെറ്റിച്ചുകളയും. 2001ലാണ് സംഭവം എന്ന് മാത്രം ഓര്‍ത്താല്‍ മതി. ഏത് പാര്‍ട്ടി എന്നൊന്നും കുട്ടികള്‍ ചോദിക്കേണ്ട.
ഉമ്മന്‍ചാണ്ടി എന്തായാലും അതില്‍നിന്നൊക്കെ പാഠം പഠിച്ചിട്ടുണ്ടാകണം. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ത്തന്നെ അടുത്തവട്ടം മുഖ്യമന്ത്രിയാകാം എന്നുറപ്പുള്ള ഒരാളും കോണ്‍ഗ്രസ്സിലില്ലാത്തതുകൊണ്ട് ആരും കാലാവധിക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുക എന്ന സാഹസത്തിന് ഒരുമ്പെടുകയില്ല എന്നുറപ്പ്. വോട്ടെടുപ്പിന് മുമ്പ് ഒരു സാഹസത്തിന് അദ്ദേഹം ഒരുമ്പെട്ടെന്നത് സത്യമാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് അരുവിക്കരയില്‍ പ്രചാരണം തുടങ്ങും മുമ്പ് പറഞ്ഞത് സാഹസമല്ലെങ്കില്‍ മറ്റെന്താണ് ? മന്ത്രിസഭയെ വിലയിരുത്തി പാസ് മാര്‍ക്ക് കിട്ടിയിട്ട് കേരളത്തില്‍ ഇന്നുവരെ ഒരു മന്ത്രിസഭയും ജയിച്ചിട്ടില്ല. ഈ മന്ത്രിസഭയ്ക്ക് അബ്ദുറബ്ബിന്റെ എസ്.എസ്.എല്‍.സി. മോഡല്‍ വാല്വേഷന്‍ കൊണ്ടുപോലും പാസ് മാര്‍ക്ക് കിട്ടില്ല. പോളിങ് ബൂത്തിലെത്തുമ്പോള്‍ ജനം മന്ത്രിസഭയുടെ കാര്യമൊന്നും ഓര്‍ക്കില്ലെന്ന ധൈര്യത്തിലാവണം ഈ വീമ്പ് പറച്ചില്‍. അങ്ങനെത്തന്നെ സംഭവിച്ചു. 140 മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കുമ്പോള്‍ അതാവില്ല സ്ഥിതി… ജനം പലതും ഓര്‍ക്കും.
*********
നമുക്കറിയുന്നതിലേറെ അതിബുദ്ധിയും കുടിലബുദ്ധിയുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ കൈവശമുണ്ട് എന്നുവേണം കരുതാന്‍. ബി.ജെ.പി. സൂപ്പര്‍ സീനിയര്‍ നേതാവ് ഒ. രാജഗോപാലനെ അരുവിക്കരയില്‍ നിര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുടെ അതിബുദ്ധിയായിരുന്നുവത്രെ. ആരുപറഞ്ഞെന്നോ? വേറെയാര്… പിണറായി വിജയന്‍!
ഒ. രാജഗോപാല്‍ നിന്നാല്‍, യു.ഡി.എഫ്. വോട്ടല്ല എല്‍.ഡി.എഫ്. വോട്ടാണ് ചോരുക എന്നറിയാന്‍ ചില്ലറ ബുദ്ധി പോരാ. പണ്ടൊക്കെ മറിച്ചാണ് സംഭവിക്കാറ്. ഇടതുപക്ഷത്ത് ഹിന്ദുത്വവോട്ടര്‍മാരില്ല, ഉണ്ടാകാനും പാടില്ല. യു.ഡി.എഫില്‍ കാണും ആ ടൈപ്പ് കുറേ. നല്ല ബി.ജെ.പി. നേതാവ് മത്സരിച്ചാല്‍ അവര്‍ അങ്ങോട്ട് തിരിയും. അത്രയേയുള്ളൂ യു.ഡി.എഫുകാരന്റെ രാഷ്ട്രീയബോധം. ഏത് എല്‍.ഡി.എഫ്. വോട്ടറാണ് രാജഗോപാലന്റെ മഹത്ത്വം കണ്ട് അങ്ങോട്ട് തിരിയുക? അത്തരക്കാര്‍ എല്‍.ഡി.എഫ്. ആവുന്നതെങ്ങനെ?
ഭരണവിരുദ്ധവോട്ട് ഭിന്നിച്ചുപോകുമെന്ന വാദത്തില്‍ ചില്ലറ കഴമ്പില്ലാതില്ല. പക്ഷേ, ഭരണവിരുദ്ധവികാരം അത്ര രൂക്ഷമായിരുന്നെങ്കില്‍ ആരെങ്കിലും പോയി മൂന്നാംകക്ഷിക്ക് വോട്ട് ചെയ്യുമോ? നിയമസഭയില്‍ ഒരു സീറ്റ് പോലുമില്ലാത്ത കക്ഷിയുടെ ഏകാംഗമാണോ ഭരണത്തെ നേരിടാന്‍ പോകുന്നത് ഈ പത്തുമാസം? യു.ഡി.എഫിന്റെ പൊള്ളഭരണത്തെ നേരിടാനുള്ള ശേഷി എല്‍.ഡി.എഫിന് ഇല്ലെന്നറിഞ്ഞാണ് ജനം ബി.ജെ.പി.ക്ക് വോട്ട് ചെയ്യുന്നതെന്നോ..? ആകപ്പാടെ ഒന്നും പിടികിട്ടുന്നില്ലല്ലോ സഖാക്കളേ…
nprindran@gmail.com