അദ്വാനി പണ്ട് അടിയന്തരാവസ്ഥയെ കുറിച്ചു പറഞ്ഞത് അടിയന്തരാവസ്ഥ ഇല്ലാതെ ഇപ്പോള്‍ നാട്ടുനടപ്പായിട്ടുണ്ട്. കുനിയാന്‍ പറഞ്ഞാല്‍ ഇഴയും!
ഇക്കാര്യത്തില്‍ സംഘപരിവാറില്‍ രണ്ടഭിപ്രായമില്ല അദ്വാനിജി ‘അത്തും പിത്തും’ പറയുകയാണ്. പ്രായമായാലുണ്ടാകുന്ന പ്രശ്‌നമാണത്. പ്രായമായ ആള്‍ നമുക്കിഷ്ടപ്പെടാത്ത വല്ലതും പറഞ്ഞാല്‍ ഉടനെയത് അത്തും പിത്തും പറച്ചിലായി കണക്കാക്കുക നമ്മുടെ പരമ്പരാഗതരീതിയുമാണ്. പിന്നെയും വല്ലതും പറഞ്ഞാല്‍ രാമനാമം ജപിച്ച് മിണ്ടാതെ എവിടെയെങ്കിലും കിടന്നുകൂടേ എന്ന് ശാസിക്കും. അദ്വാനിക്ക് പ്രായമായതിന്റെ പ്രശ്‌നം മാത്രമല്ല ഉള്ളത്. മോദിയോടു വിരോധവുമുണ്ട്. പ്രധാനമന്ത്രിസ്ഥാനം അദ്വാനിയില്‍നിന്നു തട്ടിയെടുത്തില്ലേ ഈ മോദി. അടല്‍ജിയുടെ ഭരണം പാതിയെത്തിയപ്പോഴെങ്കിലും വേണമെങ്കില്‍ അദ്വാനിജിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. ശ്രമിച്ചില്ല. ആളൊരു മഹാവീര്‍ ത്യാഗിയാണെന്നതൊന്നും മോദി പരിഗണിച്ചില്ലല്ലോ. മോദി പ്രധാനമന്ത്രിയാകുന്നതു തടയാന്‍ അദ്വാനി ശ്രമംനടത്തിയെന്ന് പരിവാര്‍ ചിന്തന്‍ ബൈഠക്കുകളില്‍ പിറുപിറുക്കാറുണ്ടു പലരും. ചുരുക്കത്തില്‍, കേസിനാധാരം പൂര്‍വവിരോധംതന്നെയെന്ന് സ്പഷ്ടം.
എന്തായാലും നരേന്ദ്രമോദിജിയുടെ ദീര്‍ഘവീക്ഷണം പ്രശംസനീയംതന്നെ. പ്രായം എഴുപത്തഞ്ചിനു മേല്‍പ്പോട്ടുള്ള ആരും കേന്ദ്രമന്ത്രിസഭയിലും നേതൃത്വത്തിലും വേണ്ടെന്നു വ്യവസ്ഥയിട്ടതു ചുമ്മാതല്ല. അവര്‍ക്കിരിക്കാന്‍ വേറെ പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ഗദര്‍ശക് മണ്ഡല്‍ എന്നോമറ്റോ പറയും. വൃദ്ധസദനത്തില്‍ നല്ല ആഡംബര സെറ്റപ്പാണ്. തിന്നാനും കുടിക്കാനും രാമനാമം ജപിക്കാനും ഗീതാപാരായണം നടത്താനും എല്ലാ സൗകര്യങ്ങളുമുണ്ട്. ഇന്നലെമുതല്‍ യോഗയുമുണ്ട്. അതിനു വയ്യാത്തവരെ ഐ.സി.യു.വിലേക്കു മാറ്റും. കിടക്കുന്നയാള്‍ ഒന്നും അറിയേണ്ടതില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ജി ഒന്നുനോക്കുമ്പോള്‍ ഭാഗ്യവാനാണ്. അടല്‍ജിക്ക് അദ്വാനിജിയെക്കാള്‍ വളരെക്കൂടുതല്‍ പ്രായമൊന്നുമില്ല. ഇന്നും ആള്‍ നല്ല സ്‌റ്റെഡിയായിരുന്നെങ്കില്‍ ആഴ്ചയില്‍ ഓരോ ചാനല്‍ ഇന്റര്‍വ്യൂവെങ്കിലും തരാകുമായിരുന്നു. വേറെയാരെയും കിട്ടിയില്ലെങ്കില്‍ ചാനലുകാര്‍ അദ്വാനി, അടല്‍ജി ഇനം ആളുകളുടെ അടുത്തേക്കല്ലേ വണ്ടിവിടുന്നത്. ചാനല്‍ വികടന്മാര്‍ വല്ലതും ചോദിക്കും. വായില്‍വരുന്ന വല്ലതുമൊക്കെ പറഞ്ഞുംപോകും. അതുപിന്നെ വിവാദമായി അലമ്പാകും. അദ്വാനിജിയും അടല്‍ജിയും ചേര്‍ന്നായിരുന്നു ഈ പരിപാടിയെങ്കില്‍ മോദിജിക്കതു വലിയ പ്രശ്‌നമാകുമായിരുന്നു. ദൈവംതുണച്ച് അങ്ങനെയൊന്നും സംഭവിച്ചില്ല.
പ്രായമാകുമ്പോഴുള്ള ഒരു പ്രശ്‌നം പറഞ്ഞുകേട്ടതാണ്, അനുഭവമില്ല വിദൂരഭൂതകാലം കൂടുതല്‍ തെളിഞ്ഞുവരികയും സമീപഭൂതം മങ്ങിപ്പോകുകയും ചെയ്യും എന്നതാണ്. അതുകൊണ്ടാണോ അദ്വാനിക്ക് ഇന്ത്യാവിഭജനവും അടിയന്തരാവസ്ഥയുമൊക്കെ ഓര്‍മയില്‍ തെളിഞ്ഞുവരികയും ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപാനന്തരം പാര്‍ട്ടിയില്‍ നരേന്ദ്രമോദിയെ സംരക്ഷിച്ചുനിര്‍ത്തിയതുമൊക്കെ മറന്നുപോകുകയും ചെയ്യുന്നത്? ചില ചെറിയ ഡോസ് വിഷം കുത്തിവെയ്ക്കുന്നത് ശരീരത്തില്‍ അതിനെതിരെയുള്ള എതിര്‍ശക്തി വളര്‍ത്തുമെന്നതുപോലെയാണ് അടിയന്തരാവസ്ഥയുടെ കാര്യം. ചെയ്തവര്‍ക്കുതന്നെ അത് വേണ്ടിയിരുന്നില്ലെന്നു ബോധ്യപ്പെട്ടു. 40 കൊല്ലം അതാവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആരും ആലോചിച്ചുപോലുമില്ല. അത്രയും ഗുണകരമായിരുന്നു ആ വിഷം. മറ്റേത് പലമടങ്ങ് പെരുകുന്ന വിഷമാണ്. കാല്‍നൂറ്റാണ്ട് തികയുംമുമ്പ് അതിന്റെ തിക്തഫലം കുര്‍ത്തയും താടിയുമൊക്കെയായി ഡല്‍ഹി 7 റെയ്‌സ് കോഴ്‌സ് റോഡില്‍ നടപ്പുണ്ട്. അതാലോചിച്ചുനോക്കുമ്പോള്‍ തമ്മില്‍ ഭേദം അടിയന്തരാവസ്ഥയായിരുന്നുവെന്നു കരുതുന്നവരും കാണും.
%അദ്വാനിയുടെ വിമര്‍ശത്തോടെ രണ്ടപകടങ്ങള്‍ സംഭവിച്ചു. ഒന്ന്, സംഘപരിവാരത്തിന്റെ കീഴ്ത്തട്ടില്‍ അദ്വാനി കൊടിയ വഞ്ചകനും ഒറ്റുകാരനുമായി. കീഴ്ത്തട്ടിലുള്ളവരുടെ സോഷ്യല്‍ മീഡിയ കല്ലേറില്‍ അദ്വാനിക്ക് മാനഹാനിമാത്രമല്ല, ജീവഹാനിതന്നെ സംഭവിച്ചുകൂടെന്നില്ല. മേല്‍ത്തട്ടിലും വലിയ വ്യത്യാസമില്ല, ഏറിന് അല്പം മിനുസംകാണുമെന്നുമാത്രം. അല്ലെങ്കിലും നരേന്ദ്രമോദിക്കെതിരെ ആരെങ്കിലും രണ്ടക്ഷരം എഴുതിയാലോ പറഞ്ഞാലോ ഉടന്‍ സമനിലതെറ്റുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. അതു സാരമില്ല, രണ്ടാമത്തേതാണ് വലിയ പ്രശ്‌നം. അദ്വാനി ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ക്കു പ്രിയപ്പെട്ടവനായിരിക്കുന്നു. ദൈവമേ, എന്റെ ശത്രുക്കളെ ഞാന്‍ നേരിട്ടോളാം, പുതിയ മിത്രങ്ങളെ അങ്ങ് നോക്കിക്കോളണമേയെന്ന് അദ്വാനി ദൈവത്തോടു പ്രാര്‍ഥിക്കേണ്ട അവസ്ഥയാണിപ്പോള്‍. അദ്വാനി മഹാന്‍, സത്യസന്ധന്‍, ധീരന്‍ തുടങ്ങിയ അഭിനന്ദനങ്ങളുമായി അവര്‍ മാധ്യമങ്ങളില്‍ ആഹ്ലാദനൃത്തംചവിട്ടുന്നുണ്ട്. വീര്യം കുറവുള്ള ചെകുത്താന്‍ പ്രിയങ്കരനാവും എന്നതൊരു പ്രകൃതിനിയമമാണല്ലോ. അദ്വാനി രഥയാത്രയും അയോധ്യയില്‍ ജെ.സി.ബി. െ്രെഡവര്‍പണിയുമായി നടക്കുമ്പോള്‍ അടല്‍ജി എത്രഭേദം എന്നായിരുന്നു മതേതരക്കാരുടെ നിലപാട്. മോദി വന്നപ്പോള്‍ അദ്വാനിയായി പ്രിയങ്കരന്‍. നാളെ മോദിക്കും പ്രിയങ്കരനാവാന്‍ ചാന്‍സുണ്ട്. ആഴ്ചതോറും വര്‍ഗീയവിഷം ലിറ്റര്‍കണക്കിനു ചാമ്പുന്ന ഏതെങ്കിലും ശിവസേനാ, ബജ്‌റംഗ്ദള്‍ തീവ്രവാദി പ്രധാനമന്ത്രിയായാല്‍ നരേന്ദ്രമോദി എത്ര ഡീസന്റായിരുന്നുവെന്ന് പറഞ്ഞുകളയും ഈ വ്യാജമതേതരന്മാര്‍…
%ഇക്കാലത്ത്, അഭിമുഖത്തില്‍ പറഞ്ഞതു നിഷേധിക്കാനൊന്നും പറ്റില്ലെന്നതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് അദ്വാനിജി. ”നിയമപരവും ഭരണഘടനാപരവുമായ മുന്‍കരുതലുകളുണ്ടെങ്കിലും, ജനാധിപത്യം തകര്‍ക്കാന്‍കഴിയുന്ന ശക്തികള്‍ ഇന്ന് കൂടുതല്‍ ശക്തരാണ്” എന്നുപറഞ്ഞത് കോണ്‍ഗ്രസിനെയുദ്ദേശിച്ചാണെന്നു വ്യാഖ്യാനിച്ചുഫലിപ്പിക്കാന്‍ ആയിരംനാവുള്ള അനന്തനെ വക്കീലായി വിളിക്കേണ്ടിവരും. കോണ്‍ഗ്രസ് ഇന്ന് കൂടുതല്‍ ശക്തരാണെന്നുപറഞ്ഞത് അമേരിക്കന്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചാണെന്ന് പിന്നെ വേറെ വ്യാഖ്യാനിക്കുകയായിരിക്കും ഭേദം. 1975ലെക്കാള്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കൂടുതല്‍ ശക്തമാണെന്ന് ‘ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന’ കോണ്‍ഗ്രസ്സുകാര്‍പോലും പറയില്ലല്ലോ. അദ്വാനിയുടെ വ്യാഖ്യാനം കേട്ടപ്പോഴാണ് അദ്വാനി മോദിയെത്തന്നെയാണുദ്ദേശിച്ചതെന്നുറപ്പായത്.
ഏകച്ഛത്രാധിപതിയായി രാജ്യംഭരിച്ച് തോന്നുന്നതെല്ലാംചെയ്യിക്കാന്‍ അടിയന്തരാവസ്ഥ വേണം എന്ന പഴഞ്ചന്‍ അന്ധവിശ്വാസത്തില്‍ ജീവിക്കുകയാണ് ഇപ്പോഴും അദ്വാനി. കാലവും ടെക്‌നോളജിയുമെല്ലാം എത്ര പുരോഗമിച്ചിരിക്കുന്നു. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പും അറസ്റ്റും ഒന്നും വേണ്ട. എല്ലാം ക്ലീനായി കൈപ്പിടിയിലൊതുക്കാം. അദ്വാനി പണ്ട് അടിയന്തരാവസ്ഥയെക്കുറിച്ചു പറഞ്ഞത് അടിയന്തരാവസ്ഥയില്ലാതെ ഇപ്പോള്‍ നാട്ടുനടപ്പായിട്ടുണ്ട്. കുനിയാന്‍ പറഞ്ഞാല്‍ ഇഴയും! ആദ്യഘട്ടമായി മോദിജി ഇത് പാര്‍ട്ടിയില്‍ നടപ്പാക്കിക്കഴിഞ്ഞു. ഇനി പുറത്തും അത് നടപ്പാക്കാം. അതിനുള്ള ടെക്‌നിക്കുകള്‍ ഇന്ന് എളുപ്പം ലഭ്യമാണ്. പേടിയുണ്ടാക്കിയാല്‍ത്തന്നെ പകുതി പണി കഴിഞ്ഞു. പേടികൊണ്ട് ഇപ്പോള്‍ ബ്യൂറോക്രസിയും ഭരണകൂടസംവിധാനങ്ങളും കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്നുണ്ട്. ട്രേഡ് യൂണിയനും ബുദ്ധിജീവിസംവിധാനങ്ങളും കുനിഞ്ഞുതുടങ്ങിയിട്ടുണ്ട്. വൈകാതെ ഇഴയും. കോടതിയുടെ കൊമ്പുപിടിക്കാനുള്ള പണി ഭരണമേറ്റ ഉടനെതന്നെ തുടങ്ങിയിട്ടുണ്ട്. ക്രമേണയേ ഇതിന്റെ ഫലം കാണൂ. മാധ്യമങ്ങള്‍ക്കെല്ലാം പണി വെച്ചിട്ടുണ്ട്. വൈകാതെ കാണാം…
അദ്വാനി ശിഷ്ടകാലം രാമനാമം ജപിക്കട്ടെ. ചെറിയമട്ടില്‍ യോഗയും ചെയ്യട്ടെ.
nprindran@gmail.com