ഈ ലാലു ഏതാണ്‌ ?

ഇന്ദ്രൻ

അറിയാത്തത്‌ കൊണ്ടാണ്‌ ചോദിക്കുന്നത്‌ കേട്ടോ, ഈ റെയില്‍വെ മന്ത്രി ലാലുപ്രസാദ്‌ യാദവ്‌ ആരാണ്‌ ? കുറച്ച്‌ കാലം മുമ്പുവരെ ബിഹാര്‍ സംസ്ഥാനത്തെ പ്രാകൃതയുഗത്തിലേക്ക്‌ നയിച്ചിരുന്ന അഴിമതിക്കാരനും കുറ്റവാളിയും കോമാളിയുമെല്ലാമായ ലാലു തന്നെയോ ഇത്‌ ?

മനുഷ്യന്മാര്‍ക്ക്‌ ഇങ്ങനെ ഒരായുസ്സിനിടയ്ക്ക്‌ രണ്ടാളാകാന്‍ പറ്റുമെന്ന്‌ ഇതുവരെ പറഞ്ഞുകേട്ടിരുന്നില്ല. ഇത്രത്തോളം വരില്ലെങ്കിലും പണ്ടൊരു സംഭവമുണ്ടായിട്ടുണ്ട്‌. കവര്‍ച്ചക്കാരനായി നടന്നിരുന്ന ഒരാള്‍ പിന്നീട്‌ വാല്‍മീകി എന്ന്‌ പേര്‌ മാറ്റുകയും ഋഷിയാവുകയും പിന്നെ രാമായണം രചിക്കുകയും ചെയ്തത്രെ.അതില്‍ പിന്നീട്‌ ഇതുതന്നെ പുതിയ ഇതിഹാസം.

രണ്ടായിരാമാണ്ടിന്‌ മുമ്പുള്ള പത്ത്‌ വര്‍ഷം ഭരിച്ചവര്‍ കഷ്ടപ്പെട്ട്‌ റെയില്‍വേവരുമാനം താഴേക്ക്‌ കൊണ്ടുവരികയായിരുന്നു. അടുത്ത പതിനഞ്ചുവര്‍ഷത്തിനകം ഇത്‌ മിക്കവാറും പാപ്പരായി പൂട്ടേണ്ടിവരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധസമിതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നതാണ്‌. ഇപ്പോഴിതാ കേള്‍്ക്കുന്നു ലാലുപ്രസാദ്‌ യാദവ്‌ മന്തിയായ ശേഷം റെയില്‍വേയ്ക്ക്‌ വെച്ചടിവെച്ചടി കയറ്റമാണത്രെ. ലാഭം വന്ന്‌ നിറഞ്ഞിട്ട്‌ റെയില്‍വേബോര്‍ഡിന്‌ ഇരിക്കപ്പെറുതി ഇല്ലാതായിരിക്കുന്നു. ഈ നിലയ്ക്ക്‌ പോയാല്‍ ലാലുവിനെ പ്രധാനമന്ത്രിസ്ഥാനം ഏല്‍പ്പിച്ചേക്കുമോ എന്ന്‌ പോലും ജനത്തിന്‌ നല്ല ഭയമുണ്ട്‌.

നാട്ടില്‍ നിന്ന്‌ മാത്രമല്ല, പത്ത്‌ ചിദംബരത്തിന്റെ വിഷമുള്ള മാനേജ്മെന്റ്‌ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്ന ഹാര്‍വേഡ്‌ ബിസിനസ്‌ സ്കൂളില്‍ നിന്ന്‌ വരെ വിദ്യാര്‍ത്ഥികള്‍ ലാലുവിന്റെ വീരഗാഥകള്‍ കേട്ട്‌ വിസ്മയം പൂണ്ട്‌ വിമാനം കേറിവരുന്നു , ഈ പഹയന്‍ എങ്ങനെ ഇതെല്ലാം ഒപ്പിച്ചെടുക്കുന്നു എന്ന്‌ പഠിക്കാന്‍. ലാലു മന്ത്രിയായിരുന്നിട്ടും എങ്ങനെ റെയില്‍വേ പൊളിയാതെ മുന്നോട്ട്‌ പോകുന്നു എന്നറിയാനാണ്‌ വിദഗ്ദ്ധന്മാര്‍ വരുന്നതെന്ന്‌ ചിലരെല്ലാം പ്രചരിപ്പിക്കുന്നുണ്ട്‌. അസൂയക്ക്‌ മരുന്നില്ലെന്ന്‌ തെളിഞ്ഞുകഴിഞ്ഞതാണല്ലോ.

ലാലുവും ഭാര്യയും പതിനഞ്ചുവര്‍ഷം ഭരിച്ചിട്ട്‌ ബിഹാറിനെ ഇന്ത്യയിലെ ഏറ്റവും അവികസിതവും അരാജകവും പ്രാകൃതവും ആയ സംസ്ഥാനമാക്കി പരിവര്‍ത്തനപ്പെടുത്തി എന്നായിരുന്നു ആക്ഷേപം. ലോകത്ത്‌ ഭരണകൂടം കൊഴിഞ്ഞുപോയ ഒരു സ്ഥലമുണ്ടെങ്കില്‍ അത്‌ ബിഹാര്‍ ആണെന്നും പറയാറുണ്ടായിരുന്നു. വലിയൊരു വിഭാഗം ഉദ്യോഗസ്ഥന്മാര്‍ക്ക്‌ പതിറ്റാണ്ടുകളായി ശമ്പളം കൊടുക്കാത്തത്‌ കൊണ്ട്‌ കൊള്ളസംഘത്തില്‍ ചേര്‍ന്നോ ചേരാതെതന്നെയോ ജനങ്ങളെ കൊള്ളയടിച്ചാണ്‌ അവര്‍ ഉപജീവനം കഴിച്ചിരുന്നതത്രെ. ഇന്ത്യയെ എത്ര വര്‍ഷം കൊണ്ടാണ്‌ ജപ്പാന്‍ പോലെ ആക്കാനാവുക എന്ന്‌ മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയ്ക്ക്‌ സംസാരമുണ്ടായപ്പോള്‍, ജപ്പാന്‍ തന്നെയേല്‍പ്പിച്ചു തന്നാല്‍ ഒരുവര്‍ഷംകൊണ്ട്‌ അതിനെ ബിഹാര്‍ ആക്കിക്കാണിക്കാമെന്ന്‌ ലാലു ഉറപ്പുനല്‍കിയതായി കഥയുണ്ട്‌.

ഇക്കഥയെല്ലാം എഴുതിയ ഡല്‍ഹിയിലെ പത്രക്കാര്‍ ആരും എങ്ങനെയാണ്‌ ലാലു റെയില്‍വേയെ മോചിപ്പിച്ചതെന്ന്‌ എഴുതുന്നില്ല. ലാലു കയറുകട്ടിലില്‍ ചാരിക്കിടന്ന്‌ മുറുക്കിത്തുപ്പുകയും എഴുന്നേല്‍ക്കുമ്പോഴൊക്കെ പശുവിനെ കറക്കുകയും ചെയ്യുന്നതിനിടയില്‍ ഉദ്യോഗസ്ഥരാണോ ഈ അത്ഭുതം സൃഷ്ടിച്ചത്‌ എന്നും പറയുന്നില്ല. റെയില്‍വേകാര്യങ്ങളുമായി ലാലുവിന്‌ ആകെയുള്ള ബന്ധം പട്നയില്‍ സമ്മേളനങ്ങള്‍ക്ക്‌ അനുയായികളേയും കൂട്ടി ടിക്കേറ്റ്ടുക്കാതെ വണ്ടികയറാറുള്ളത്‌ മാത്രമാണ്‌. മന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത്‌ രാജകൊട്ടാരസൗകര്യങ്ങളോടെയൊരു ട്രെയിന്‍ ഉണ്ടാക്കിച്ച്‌ അതില്‍ കയറി പട്നയിലേക്ക്‌ വിടാന്‍ ആജ്ഞാപിക്കുകയാണ്‌. കാലിത്തീറ്റ വാങ്ങുന്നതില്‍ നടത്തിയ അഴിമതിയുടെ കഥയനുസരിച്ചാണെങ്കില്‍ മിക്കവാറും ഗുഡ്സ്‌ വാഗണുകളും അതിനകത്തുള്ള സാധനങ്ങളും ലാലു അടിച്ച്‌ മാറ്റേണ്ടതാണ്‌. ഇതുവരെ അതൊന്നും സംഭവിച്ചതായി കേട്ടില്ല. തീവണ്ടികളില്‍ കോളകള്‍ വില്‍ക്കുന്നത്‌ നിരോധിക്കാന്‍ പോകുന്നു, ചായ കൊടുക്കാന്‍ മണ്‍കപ്പുകള്‍ ഏര്‍പ്പെടുത്താന്‍ പോകുന്നു തുടങ്ങിയ പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ ഉറപ്പിച്ചതാണ്‌ റെയില്‍വെയ്ക്ക്‌ ആയുസ്‌ ഇനിയധികം ഇല്ലെന്ന്‌. കോളയുടെയും മണ്‍കപ്പിന്റെയും കഥയൊന്നും പിന്നെ കേട്ടില്ല. നാണയമിട്ട്‌ ഞെക്കിയാല്‍ കോളയുടെ കുപ്പി വരുന്ന നാലായിരം വെന്‍ഡിങ്ങ്‌ മെഷിന്‍ റെയില്‍വേസ്റ്റേഷനുകളില്‍ സ്ഥാപിക്കാന്‍ പോകുന്നു എന്നാണ്‌ ഒടുവില്‍കേട്ടത്‌.

റെയില്‍വേ എന്നത്‌ ചില്ലറ സോപ്പ്‌ ഫാക്റ്ററിയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്‌.പതിനഞ്ച്‌ ലക്ഷം ജീവനക്കാരെ മേയ്ക്കാന്‍ ബിഹാറില്‍ കാലിമേച്ചതിന്റെ അനുഭവം മാത്രം പോരാ. റെയില്‍വേയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ സ്വാതന്ത്ര്യം കൊടുത്തതാണ്‌ ലാലുവിന്റെ വിജയം എന്ന്‌ പറയുന്നവരുണ്ട്‌. ശരിയാവാം. കീഴില്‍ നല്ല ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായതുകൊണ്ട്‌ മാത്രം കാര്യമില്ല. അവരെ വിശ്വസിച്ച്‌ കാര്യമേല്‍പ്പിക്കാനും വേണമല്ലോ ബുദ്ധി. എനിക്കെന്ത്‌ അറിയില്ല എന്നറിയുന്നതാണ്‌ ഏറ്റവും വലിയ അറിവ്‌ എന്നാരോ പറഞ്ഞിട്ടുണ്ട ്‌. പഴയ പൊതുമേഖലാസോഷ്യലിസം കൊണ്ട്‌ ഒരു കാര്യവുമില്ലെന്നു മുന്‍സോഷ്യലിസ്റ്റ്‌ ആയ ലാലുവിന്‌ ബോധ്യപ്പെട്ട ലക്ഷണമുണ്ട്‌. ക്രിക്കറ്റ്‌ അസോസിയേഷനില്‍ വരെ കൈവെച്ചിരുന്നുവെങ്കിലും റെയില്‍വേതൊഴിലാളിയൂണിയന്‍ നേതാവായിരുന്നില്ലെന്നത്‌ വലിയപ്രയോജനം ചെയ്തിരിക്കാം. ചരക്കുവാഗണില്‍ പകുതി സ്ഥലം രേഖാപരമായി കാലിയാക്കിയിടുകയും ആ സ്ഥലത്ത്‌ അനധികൃതമായി ചരക്കുകയറ്റുകയും ചെയ്യുന്ന വിദ്യയുണ്ടെന്ന്‌ മനസ്സിലായത്‌ ബിഹാര്‍ എക്സ്പീരിയന്‍സ്‌ കൊണ്ടുതന്നെയാവണം. ആ കള്ളത്തരം പൊളിച്ചതോടെയാണ്‌ റെയില്‍വേ കര കയറിയതെന്നും പറയുന്നുണ്ട്‌.

മറ്റൊരുവന്റെ പോക്കറ്റിലെ പണം അവനറിയാതെ എങ്ങനെ അടിച്ചെടുക്കാം എന്നതാണല്ലോ ഇപ്പോഴത്തെ മുന്തിയ മാനേജ്മെന്റ്‌ പഠനസിലബസ്‌. നാട്ടുകാരെ സേവിക്കണമെങ്കില്‍ ആദ്യം നാട്ടുകാരില്‍ നിന്നുതന്നെ അതിനുള്ള പണം അടിച്ചെടുക്കണമെന്ന്‌ ഹാര്‍വാഡിലൊന്നും പോകാതെ ലാലുവും പഠിച്ചിട്ടുണ്ട്‌. സുപര്‍ഫാസ്റ്റും റിസര്‍വേഷന്‍തരികിടകളുമെല്ലാം അതില്‍ പെട്ടതാണ്‌. അഞ്ചുവര്‍ഷമായി യാത്രക്കൂലി കൂട്ടിയിട്ടില്ല ലാലു. പക്ഷെ, യാത്രാക്കൂലിയിനത്തിലെ വരുമാനം കൂടിക്കൂടി വരുന്നു. ലാലുച്ചേട്ടനാണല്ലോ മന്ത്രി ,നമുക്ക്‌ ടിക്കേറ്റ്ടുത്ത്‌ വണ്ടിയില്‍ കേറിയേക്കാം എന്ന്‌ ബിഹാറുകാര്‍ തീരുമാനിച്ചതാവില്ല കാരണം. ലാലുവിന്റെ തലേലെഴുത്ത്‌ നന്നായതും പെട്രോള്‍ ,ഡീസല്‍വില കൂടിയതും ഒരേ കാലത്തായത്‌ കൊണ്ട്‌ ജനത്തിന്‌ ബസ്സൊഴിവാക്കി തീവണ്ടിയില്‍ കയറേണ്ടിയും വന്നു. ഓടുന്ന വേഗം ഒരു കിമീ പോലും കൂട്ടാതെ മുന്നൂറു തീവണ്ടി സുപ്പര്‍ഫാസ്റ്റാക്കിയ വകയില്‍ സാധാരണക്കാരന്റെ കൈയിലെ എത്ര കോടിയാണ്‌ റെയില്‍വെയുടെ ഖജാനാവിലെത്തിയത്‌? ഒരുയാത്രക്കാരനില്‍ നിന്ന്‌ ഒരു ദിവസം പത്ത്‌ രൂപ. എല്ലാ യാത്രക്കാരുടേയും ടിക്കറ്റ്ചാര്‍ജ്‌ നന്നായി കൂട്ടിയാല്‍ നന്നായി ശാപവും വിമര്‍ശനവും കേള്‍ക്കാമെന്നല്ലാതെ വരുമാനം ഇത്ര കൂടില്ല.

പഴയ സോഷ്യലിസത്തിന്റെ നൂറു അവാന്തരവിഭാഗങ്ങളില്‍ ഒന്നിന്റെ നേതാവാണല്ലോ ലാലു. ലാലുവിന്റെ ഈ കീര്‍ത്തിയും പുക്കാറുമൊന്നും സഹിക്കാന്‍ കഴിയാതെ ഒരാള്‍ ബിഹാറില്‍ ഇരിപ്പുണ്ട്‌. പേര്‌ നിതീഷ്കുമാര്‍. വേറെ ഒരു സോഷ്യലിസ്റ്റ്‌ വിഭാഗത്തിന്റെ ഹോള്‍സെയില്‍ ഡീലറാണ്‌. ലാലു പതിനഞ്ച്‌ കൊല്ലം കൊണ്ടുണ്ടാക്കിയ ബിഹാര്‍കൊടുങ്കാട്‌ വെട്ടിത്തെളിച്ചുകൊണ്ടിരിക്കുകയാണ്‌ താനെന്നാണ്‌ അദ്ദേഹം അവകാശപ്പെടുന്നത്‌. ലാലുവിന്‌ മുമ്പ്‌ അദ്ദേഹമായിരുന്നു റെയില്‍വേമന്ത്രി. .അദ്ദേഹം പറയുന്ന മറ്റൊരു സംഗതി ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല. താന്‍ തയ്യാറാക്കാക്കിയ പദ്ധതി നടപ്പാക്കുക മാത്രമാണ്‌ ലാലു ചെയ്തതെന്നും തനിക്കാണ്‌ റെയില്‍വേ മുന്നേറ്റത്തിന്റെ ക്രഡിറ്റ്‌ കിട്ടേണ്ടതെന്നും നിതീഷ്‌ പറയുന്നുണ്ട്‌. അഞ്ചുകൊല്ലം കൊണ്ട്‌ ബിഹാറിനെ അദ്ദേഹം എന്താക്കുന്നുവെന്ന്‌ കണ്ടിട്ട്‌ വേണം അത്‌ വിശ്വസിക്കാന്‍.
****************************

മുമ്പെല്ലാം കൃഷി നടന്നുപോന്നത്‌ കര്‍ഷകരുടെ ക്ഷേമത്തിന്‌ വേണ്ടിക്കൂടിയായിരുന്നു. കൃഷിയും കര്‍ഷകക്ഷേമവും ഒന്നിച്ചുപോയിരുന്ന കാലമായിരുന്നു അത്‌. കാലം മാറി. ഇപ്പോള്‍ കൃഷി വേറെ, കര്‍ഷകക്ഷേമം വേറെ. കൃഷി ചെയ്താല്‍ കര്‍ഷകക്ഷേമം ഉണ്ടാകണമെന്നില്ല.അതിന്‌ വഴി വേറെ നോക്കണം .ഉറങ്ങാന്‍ കള്ള്‌ വേറെ കുടിക്കണം എന്ന്‌ പറഞ്ഞത്‌ പോലെ.

ഇത്‌ മനസ്സിലാക്കിയാവണം കേരളസര്‍ക്കാര്‍ കൃഷിവകുപ്പിന്റെ പേര്‌ കൃഷി കര്‍ഷകക്ഷേമവകുപ്പ്‌ എന്ന്‌ മാറ്റിയത്‌. നാളെ ഇതിനെകുറിച്ച്‌ തര്‍ക്കമൊന്നും ഉണ്ടാവരുത്‌ .കര്‍ഷകക്ഷേമം സാമൂഹ്യക്ഷേമവകുപ്പിന്റെ തലവേദനയാണ്‌, ഞങ്ങള്‍ കൃഷിചെയ്യിക്കാറേ ഉള്ളൂ ക്ഷേമത്തിന്റെ കാര്യം നോക്കാറില്ല, അപ്പം തിന്നുകയേ ഉള്ളൂ കുഴിയെണ്ണില്ല എന്ന്‌ ഭാവിയില്‍ ഏതെങ്കിലും സാമൂഹ്യക്ഷേമമന്ത്രിക്ക്‌ തോന്നാനുള്ള സാധ്യതയും കാണണമല്ലോ. അത്‌ കൊണ്ടാണ്‌ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കിയത്‌.

കേരശ്രീ, കേരളശ്രീ, കിസാന്‍ശ്രീ എന്നിങ്ങനെ ശ്രീത്വമുള്ള പേരുകള്‍ കൂടി പദ്ധതികള്‍ക്ക്‌ കിട്ടിയതോടെ കിസാന്മാരുടെ മുഖത്ത്‌ ശ്രീത്വം വന്നുകഴിഞ്ഞു. ബേബിയുടെ വക സാംസ്കാരികഉയിര്‍പ്പ്‌ കൂടി ആയാല്‍ പിന്നെയാരും ആത്മഹത്യ ചെയ്യാനിടയില്ല. ശ്രീ മതി , ശ്രീകളുടെ എണ്ണം ഇനിയും കൂട്ടേണ്ട. ഭാവിയിലേതെങ്കിലും കൃഷിമന്ത്രിക്ക്‌ കൃഷിവകുപ്പ്‌ എന്ന പേരേ മാറ്റി ശ്രീവകുപ്പ്‌ എന്നാക്കണമെന്ന്‌ തോന്നലുണ്ടായേക്കും. അതുവേണ്ട. ********************************

വേറെ കൂറ്റങ്ങള്‍ പോലെയല്ല കോടതിയലക്ഷ്യക്കുറ്റം. മോഷ്ടാവ്‌ മോഷണം നടത്തണം എന്ന്‌ ഉറപ്പിച്ച്‌ തന്നെയാണ്‌ അതിന്‌ ഇറങ്ങിത്തിരിക്കുന്നത്‌. അത്‌ കൊണ്ട്‌ ഇയാള്‍ കുറ്റം ചെയ്തോ എന്ന്‌ ചോദിച്ചാല്‍ ചെയ്തു എന്നോ ഇല്ല എന്നോ ഉറപ്പിച്ചുപറയാനാവും. കോടതിയലക്ഷ്യം വ്യത്യസ്തമാണ്‌. ഇന്നൊരു കോടതിയലക്ഷ്യം ചെയ്തിട്ടുതന്നെ കാര്യം എന്ന്‌ തീരുമാനിച്ചിട്ടാരും അതിന്‌ ഇറങ്ങിപ്പുറപ്പെടുകയില്ല. മൈക്കിന്‌ മുന്നില്‍ നിന്ന്‌ പ്രസംഗറോക്കറ്റിന്‌ തിരികൊളുത്തിയാല്‍ പിന്നെ അതെവിടെ ചെന്ന്‌ നില്‍ക്കും എന്ന്‌ ദൈവം തമ്പുരാന്‌ മാത്രമേ പറയാനാവൂ. ചിലപ്പോള്‍ അലക്ഷ്യമാവും, ചിലപ്പോള്‍ അലക്ഷ്യത്തിന്‌ അരികിലൂടെ പോയി കഷ്ടിച്ച്‌ രക്ഷപ്പെടും.കുറ്റം ചെയ്തോ എന്ന്‌ ചോദിച്ചാല്‍ കൃത്യമായി മറുപടി പറയാനാവില്ല. അതുകൊണ്ടാണ്‌ കുറ്റമാണെങ്കില്‍ മാപ്പ്‌ നല്‍കി വെറുതെവിടണം , അല്ലെങ്കിലും വെറുതെവിടണം എന്ന്‌ മന്ത്രി പാലോളി കോടതിയില്‍ അപേക്ഷിച്ചത്‌. കുറ്റം ചെയ്തു എന്ന്‌ സമ്മതിച്ചിട്ട്‌ മതി മാപ്പ്‌ പറയലെന്നാണ്‌ കോടതി പറയുന്നത്‌. വിമര്‍ശിക്കുന്നതവിടെ നില്‍ക്കട്ടെ, മനസ്സറിഞ്ഞൊന്നു മാപ്പ്‌ പറയാനും ഈ രാജ്യത്ത്‌ സ്വാതന്ത്ര്യമില്ലേ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top