കോഴ കൊടുത്തതിന് തെളിവുണ്ട്. വാങ്ങിയതിനേ തെളിവില്ലാതുള്ളൂ. അപ്പോള്‍ കൊടുത്തയാളെ ശിക്ഷിക്കാം.
മാണിസാറിന് അനല്‍പ്പമായ ദുഃഖവും കുറ്റബോധവുമുണ്ട്. ബാര്‍ പൂട്ടാനും പൂട്ടാതിരിക്കാനും കോഴവാങ്ങിയെന്ന് ആക്ഷേപം ഉണ്ടായതിലല്ല ദുഃഖം. അതൊന്നും പ്രശ്‌നമല്ല. ജീവന്‍ വെടിഞ്ഞും മാണിസാറിനെ സഹായിക്കാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള മുഖ്യമന്ത്രിയെ തെറ്റിദ്ധരിച്ചുപോയല്ലോ എന്നോര്‍ത്ത് കരച്ചില്‍ അടങ്ങുന്നില്ല. തമ്പുരാനേ… എന്തെല്ലാമായിരുന്നു വിശ്വസിച്ചിരുന്നത്! താന്‍ പാലായിലെ മാണിക്യവും സര്‍വകക്ഷി സര്‍വസമ്മത ജനനേതാവും എതിരില്ലാതെ മുഖ്യമന്ത്രിയുമാകുന്നതില്‍ അസൂയമൂത്ത ഉമ്മന്‍ചാണ്ടി ആസൂത്രണംചെയ്ത കുതന്ത്രമാണ് ബാര്‍കോഴ ആരോപണം എന്നല്ലേ തെറ്റിദ്ധരിച്ചിരുന്നത്? അയ്യോ, പാവം. ആ നന്മനിറഞ്ഞവനെ തെറ്റിദ്ധരിച്ചതിന് കര്‍ത്താവ് മാപ്പുതരുമോ ആവോ…
ലീഡര്‍ കെ. കരുണാകരന്‍ കഴിഞ്ഞാല്‍ തന്നോളം തന്ത്രകുതന്ത്രശാലി ഭൂമിമലയാളത്തിലില്ല എന്നാണ് വിശ്വസിച്ചിരുന്നത്. അല്ലെങ്കില്‍, അങ്ങനെയാണ് വിശ്വസിപ്പിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി കെ.എസ്.യു. കളിക്കുമ്പോള്‍ താന്‍ കേരള കോണ്‍ഗ്രസ്സിന്റെ മേല്‍ത്തട്ടിലേക്ക് കയറ്റംതുടങ്ങിയതാണ്. ഇന്ന് ആളെണ്ണത്തിന്റെ ബലത്തില്‍ പലരും മുഖ്യമന്ത്രിയായെന്നുവരും. അത് കാര്യമാക്കേണ്ട. മന്ത്രിമുഖ്യനും യു.ഡി.എഫ്. കളിയിലെ കേമനും താന്‍തന്നെയെന്ന് കരുതിയിരിക്കുമ്പോഴല്ലേ എങ്ങുനിന്നോ ഒരു ബാറുകാരന്‍വന്ന് തന്നെ ഗളച്ഛേദംചെയ്യാന്‍ ഒരുമ്പെട്ടത്.
ഉമ്മന്‍ചാണ്ടിയും കൂട്ടരും ഉണ്ടാക്കിയ വേലയാണതെന്ന് സകല കേരള കോണ്‍ഗ്രസ്സുകാരും പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും?എന്തൊരു വീര്യമായിരുന്നു ബാര്‍കേസ് അന്വേഷണത്തിന്. നൂറാംക്ലാസ് റമ്മിനേക്കാള്‍ വീര്യം. അതോര്‍ത്ത് ഇപ്പോള്‍ ചിരിപൊട്ടുന്നു. ചോദ്യംചെയ്യല്‍, ഒളിക്യാമറ, വീട് സര്‍ച്ച്, ബാങ്ക് അക്കൗണ്ട് പരിശോധന, ബംഗ്‌ളാവിന്റെ അളവുപിടിക്കല്‍, മൊബൈല്‍ േകാള്‍ പരിശോധന, നുണപരിശോധന… എല്ലാം കണ്ടും കേട്ടും വിരണ്ടുപോയി എന്നത് സത്യം. ഈ എണ്‍പതാം വയസ്സില്‍ അഴിക്കുള്ളിലാകുന്നതുപോലും ദുഃസ്വപ്നംകണ്ടു.
ചാണ്ടിസാര്‍ എല്ലാം പഴുതടച്ച് കുറ്റമറ്റതാക്കുകയായിരുന്നില്ലേ. കോഴ ചോദിച്ചതിന് തെളിവില്ല, കോഴയാണ് തന്നത് എന്നതിന് തെളിവില്ല, എന്തെങ്കിലും ഗുണം തന്നെക്കൊണ്ട് കോഴതന്നയാള്‍ക്ക് ലഭിച്ചതായി തെളിവില്ല, പരാതിക്കാരന്‍ തന്നെ കണ്ടതായി തെളിവില്ല, വീട്ടിലെ പരിശോധനയില്‍ പണം തട്ടിന്‍പുറത്തൊന്നും കണ്ടില്ല. ബാങ്കില്‍ നിക്ഷേപിച്ചതായി കണ്ടിട്ടില്ല. നുണപരിശോധനയില്‍ സത്യമാണ് പറഞ്ഞത് എന്നും തെളിഞ്ഞില്ല. എല്ലാം രക്ഷകന്റെ മറിമായങ്ങള്‍. മാണിയെ രക്ഷിക്കാന്‍വേണ്ടിചെയ്ത സത്കര്‍മങ്ങള്‍. ഇനി മാണിയെ ശത്രുക്കള്‍ക്ക് തൊടാന്‍പറ്റില്ല. ആര്‍ക്കെങ്കിലും തൊടാന്‍ പറ്റുമെങ്കില്‍ അത് രക്ഷകനുമാത്രം. രക്ഷകന്‍ നീണാള്‍ വാഴട്ടെ. മുന്തിരിത്തോട്ടത്തിലെ അത്തിവൃക്ഷത്തെക്കുറിച്ച് സുവിശേഷത്തില്‍ പറഞ്ഞത് എത്ര ശരി.
പ്രതീക്ഷിച്ച മൂന്നുവര്‍ഷവും ഫലങ്ങളൊന്നും നല്‍കാതായപ്പോള്‍ വെട്ടിക്കളയാന്‍ ആലോചിച്ചതാണ്. തൊട്ടുമുമ്പ് ചുവടുകിളച്ച്, വളമിട്ടുനോക്കാന്‍ ഒരു വര്‍ഷംകൂടി നല്‍കപ്പെട്ട വൃക്ഷം. ഇപ്പോഴിതാ അളവറ്റ ഫലം ലഭിച്ചിരിക്കുന്നു. അന്ന് പറഞ്ഞത് എത്ര സത്യം, ‘ഫലത്തില്‍നിന്നാണ് വൃക്ഷത്തെ അറിയുക’. അറിഞ്ഞു കര്‍ത്താവേ, അറിഞ്ഞു.ഇനി അരുവിക്കരയില്‍ ധൈര്യമായി ചൂണ്ടയിടാം. അരുവിക്കര കടക്കുവോളം നാരായണ വിളിക്കാം.
വോട്ടുപിടിക്കാന്‍ വേണമെങ്കില്‍ മാണിസാറും വരും. പ്രായമൊന്നും നോക്കേണ്ട. വേണമെങ്കില്‍ ഒരു പദയാത്ര നയിക്കാനും തയ്യാര്‍. എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിന്റെ തീരുമാനമൊക്കെ വോട്ടെടുപ്പ് കഴിഞ്ഞ് മതി. വോട്ടെടുപ്പിനുമുമ്പ് വേണമെന്നൊന്നും കോടതി പറയില്ല. അതുംകൂടി കഴിഞ്ഞിട്ടുവേണം പരാതിക്കാരനായ ബാറുകാരനെതിരെ കേസുണ്ടാക്കാന്‍. കോഴ കൊടുത്തതിന് തെളിവുണ്ട്. കൊടുത്തയാള്‍ കൊടുത്തെന്ന് പറഞ്ഞല്ലോ. വാങ്ങിയതിനേ തെളിവില്ലാതുള്ളൂ. അപ്പോള്‍ കൊടുത്തയാളെ ശിക്ഷിക്കാം, വാങ്ങിയെന്ന് പറയുന്ന ആളെ അപകീര്‍ത്തിപ്പെടുത്തിയതിനുള്ള ശിക്ഷയും കൊടുക്കാം. എല്ലാം നല്ല നിയമോപദേശത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാണെങ്കില്‍ പഞ്ഞമില്ലതാനും.
*********
യു.ഡി.എഫ്. ഭരണത്തിന് അതിന്റെ രക്ഷാകര്‍തൃസമിതി പ്രസിഡന്റ് എ.കെ. ആന്റണി എ പ്ലസ് കൊടുത്തതായി റിപ്പോര്‍ട്ടുണ്ട്. അരുവിക്കരയില്‍ച്ചെന്നാണ് എ.കെ. ഈ കൃത്യം നിര്‍വഹിച്ചത്. ഇത് വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് രക്ഷിതാവുതന്നെ പരിശോധിക്കുന്നതുപോലെയേ ആവൂ. തീര്‍ച്ചയായും രക്ഷിതാവിന് അതിന് അധികാരമുണ്ട്, പരിശോധനയ്ക്കും മാര്‍ക്കിടലിനും. നാട്ടുകാര്‍ എത്ര മാര്‍ക്കിടുമെന്നത് വേറെക്കാര്യം.
കേരളത്തില്‍ സര്‍വത്ര അഴിമതിയാണെന്ന് താന്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ട് അദ്ദേഹം കൃത്യമായി പിറ്റേന്നുതന്നെ നിഷേധിച്ചത് മാധ്യമ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കുമല്ലോ. സര്‍വത്ര അഴിമതിയെന്ന് പറഞ്ഞാല്‍ മന്ത്രിമാര്‍ അഴിമതിക്കാരാണെന്നോ ഭരണക്കാര്‍ അഴിമതിയില്‍ പുളയ്ക്കുകയാണെന്നോ അര്‍ഥമില്ല. ജനങ്ങള്‍ സര്‍വത്ര അഴിമതിയില്‍ എന്നാണ് അതിന് അര്‍ഥം. ജനങ്ങളാണ് പാവപ്പെട്ട മന്ത്രിമാരെയും നേതാക്കളെയും അഴിമതിക്കാരും കൈക്കൂലിക്കാരുമൊക്കെയാക്കി മാറ്റുന്നത്. അഴിമതിയില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനുള്ള ചികിത്സ, വ്യായാമം, ഭക്ഷണക്രമം, ദിനചര്യ എന്നിവ അരുവിക്കരയ്ക്ക് തിരുവനന്തപുരം വരവില്‍ അദ്ദേഹം വിശദീകരിക്കുന്നതായിരിക്കും.
*********
അഴിമതി, വഞ്ചന, തട്ടിപ്പ് തുടങ്ങിയ മാരണങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍വേണ്ടി അവതരിച്ച കെജ്രിവാളിന് ഡല്‍ഹിയില്‍ ഭരണം നടത്താന്‍ സമയമനുവദിക്കാത്തത് മഹാകഷ്ടമാണ്. കേന്ദ്രസര്‍ക്കാറിന്റെ പാരവെപ്പുകളെ നേരിടാന്‍തന്നെ രാവും പകലും ഉറങ്ങാതെ കാവലിരിക്കണം. ജനം തിരഞ്ഞെടുത്ത സര്‍ക്കാറിനേക്കാള്‍ അധികാരം കേന്ദ്രം പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ക്കാണ് ഡല്‍ഹിയില്‍. മറ്റെങ്ങും സംസ്ഥാന ഭരണമെന്നാല്‍ പകുതി പോലീസിന്റെ ഭരണമാണ്. ഡല്‍ഹിയിലത് പോലീസില്ലാത്ത ഭരണമാണ്. ഇതിനാരെങ്കിലും ഭരണം എന്ന് പറയുമോ?
ഇതിനിടയിലാണ് മാര്‍ക്ക് തിരുത്തിയ മന്ത്രിമാരെയും ഗാര്‍ഹികപീഡനം നടത്തിയ നേതാക്കളെയുംകൊണ്ടുള്ള പൊല്ലാപ്പ്. പോലീസ് കൈയിലുണ്ടായാല്‍പ്പോലും ഇത്തരക്കാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ല സംസ്ഥാന ഭരണങ്ങള്‍ക്ക്. കേന്ദ്ര നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ്, നാളെ റോഡരികില്‍ മൂത്രമൊഴിച്ചതിന് ഡല്‍ഹി മന്ത്രിമാരെ അറസ്റ്റുചെയ്‌തെന്നും വരാം. ഈ പ്രശ്‌നം പരിഹരിക്കുക എളുപ്പമാണ്. ഡല്‍ഹിക്ക് വേറെ മന്ത്രിസഭ വേണ്ട. കേന്ദ്രമന്ത്രിസഭ തന്നെ ഡല്‍ഹിയും ഭരിക്കും. തൃപ്തിപോരെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ ഒരു ഡല്‍ഹിഭരണവകുപ്പുകൂടി ഉണ്ടാവട്ടെ. എന്താ പോരേ?
*********
തമിഴ്‌നാട് ഇടതുപക്ഷത്തിന്റെ ധൈര്യം സമ്മതിക്കണം. ജയലളിത മത്സരിക്കുന്ന ചെന്നൈ ആര്‍.കെ.നഗറില്‍ മത്സരിക്കാന്‍ അവര്‍ ധൈര്യംകാട്ടിയിരിക്കുന്നു. ആണായിപ്പിറന്ന ദ്രാവിഡ വില്ലനോ നായകനോ നയിക്കുന്ന ഒരു പാര്‍ട്ടിയും ധൈര്യപ്പെടാത്ത സാഹസത്തിനാണ് അവര്‍ ഒരുമ്പെട്ടിരിക്കുന്നത്. സി.പി.എം. ബുദ്ധിപൂര്‍വം ആ പണി സി.പി.ഐ.യെ ഏല്‍പ്പിച്ചതാണോ അതല്ല, സി.പി.ഐ. സ്വയം ചാവേറായി രംഗത്തുവന്നതോ എന്ന് വ്യക്തമല്ല. എന്തായാലും ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് നിയമസഭയിലും ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഒരേ സമയം കേറാനുള്ള ജയലളിതയുടെ മോഹം സാധിപ്പിച്ചുകൊടുക്കേണ്ടതുതന്നെയാണ്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ ജയം ഏകകണ്ഠമായിപ്പോകും… അത് പാടില്ല. സി.പി.ഐ.യോടാണ് ജയിച്ചത് എന്ന നാണക്കേടെങ്കിലും കിടക്കട്ടെ.
nprindran@gmail.com