ഒരു ട്രാജിക് കുടുംബകഥ

ഇന്ദ്രൻ

 





മൂന്ന് ശത്രുക്കളില്‍ ബലമേറെയുള്ള ഒന്നിനെ ന്യൂട്രലാക്കിയാല്‍ മറ്റേ രണ്ടിന്റെയും  വിഷം കുറയ്ക്കാം എന്ന ഉപദേശം കിട്ടിയാവണം ഗണേശ്കുമാര്‍ അച്ഛന്റെ  കാലില്‍ വീണത്. ഏത് പ്രായത്തിലും മനുഷ്യന്‍ ദുഃ ഖിതനായാല്‍  അച്ഛനെയും അമ്മയെയും വിളിച്ച് കരഞ്ഞുപോകും. കുറ്റപ്പെടുത്താനാവില്ല


ആരെയും തല്ലാന്‍ പാടില്ലെന്നുതന്നെയാണ് നിയമവും ധര്‍മവുമൊക്കെ പറയുന്നത്. കൊലയാളിയെ സ്റ്റേഷനില്‍ തല്ലിയാല്‍ ഡി.ജി.പി.യായാലും കേസില്‍ പ്രതിയാകും. അതൊക്കെ വേറെ കാര്യം. മന്ത്രിയെ തല്ലാം. വീട്ടില്‍ കേറിച്ചെന്ന് തല്ലാം. തല്ലിയിട്ട് ഇറങ്ങിപ്പോയി വിമാനം പിടിച്ച് നാടുവിടാം. കേരളത്തില്‍ ഇങ്ങനെയും സംഭവിച്ചു എന്നാണ് പറയുന്നത്. ഇതേതെങ്കിലും നൂറാം ക്ലാസ് പത്രത്തില്‍വന്ന വാര്‍ത്തയല്ല. മന്ത്രിതുല്യമായ ചീഫ്‌വിപ്പ് എന്ന വിചിത്രനാമപദവിയിലിരിക്കുന്ന ആള്‍ പരസ്യമായി പറഞ്ഞ കാര്യമാണ്. നാട്ടുകാര്‍ അതിനെ അവിശ്വസിക്കണമെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നയാള്‍ പറയണം, ഇല്ല അങ്ങനെ സംഭവിച്ചിട്ടില്ല എന്ന്. തല്ലുകിട്ടിയെന്ന് പറയുന്ന ആള്‍ നിഷേധിച്ചാല്‍ പോരേ എന്ന് ചോദിച്ചേക്കാം. പോര. സാധാരണ നാട്ടിന്‍പുറത്താണെങ്കില്‍ അതുമതി. പോലീസ് കേസെടുക്കില്ല. ഇവിടെയും മന്ത്രിപ്പണിക്ക് പ്രത്യേകതയുണ്ട്. തല്ല് കിട്ടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം വിഷയം സ്ത്രീ വിഷയമാണ്.

ഒരേസമയം, രണ്ട് സ്ത്രീകളാല്‍ ദുരിതമനുഭവിക്കേണ്ടിവന്ന ആദ്യമന്ത്രി എന്ന പ്രത്യേകതയും കീഴൂട്ട് രാമന്‍പിള്ള ബാലകൃഷ്ണപ്പിള്ള മകന്‍ ഗണേശ്കുമാരന്‍ (വയസ്സ്- 49, തൊഴില്‍- അസ്വസ്ഥം മന്ത്രിപ്പണി ) എന്ന ഈ ആള്‍ക്കുണ്ട്. മുഖ്യവിപ്പ് ജോര്‍ജ് പറഞ്ഞത് സ്വപത്‌നി ശാരീരികപീഡനം ഏല്പിച്ചതിന്റെ ഫലമായി പരിക്കേറ്റതുകൊണ്ടാണ് മന്ത്രി രണ്ടാഴ്ച പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടിലിരുന്നത് എന്നാണ്. (ഇതുപോലൊരു മന്ത്രിതുല്യനെ കിട്ടാന്‍ കേരളമന്ത്രിമാര്‍ ചില്ലറ സല്‍കര്‍മമൊന്നുമല്ല ചെയ്തിട്ടുണ്ടാവുക) കാമുകിയുടെ ഭര്‍ത്താവ് വന്ന് തല്ലിയെന്നുപറഞ്ഞാല്‍ അതിലും കുറ്റക്കാരന്‍ മന്ത്രിതന്നെ. ഭാര്യ പരിക്കേല്പിച്ചു എന്ന് പറഞ്ഞാല്‍ അതിലും കുറ്റക്കാരന്‍ മന്ത്രി തന്നെ. എന്തൊരു കഷ്ടമാണ്! രണ്ടുപീഡനമേല്‍ക്കേണ്ടിവന്ന സാധാരണക്കാരന് കിട്ടുന്ന സഹതാപംപോലും മന്ത്രിക്കില്ലെന്നോ! മര്‍ദനത്തിനും പീഡനത്തിനും ഇരയായ മന്ത്രി രാജിവെക്കണം എന്നാണ് നേതാക്കളെല്ലാം പറയുന്നത്. മന്ത്രി കൈക്കൂലി വാങ്ങിയാല്‍ ഇല്ലാത്ത ധാര്‍മികരോഷമാണ് മന്ത്രി അടിവാങ്ങിയാല്‍.

ഇത്രയൊക്കെയായിട്ടും എന്താണ് ഗണേശന്റെ മന്ത്രിപ്പണി തെറിച്ചുപോകാത്തത് എന്ന് സംശയിക്കാം. കനത്ത നിര്‍ഭാഗ്യങ്ങള്‍ ഉള്ളതുപോലെ കനത്ത ഭാഗ്യങ്ങളും ഉള്ള ആളാണ് ഗണേശ്കുമാര്‍. ചിലയിനം മിത്രങ്ങള്‍ ഉണ്ടെങ്കില്‍ ശത്രുക്കള്‍ വേറെ വേണ്ട എന്ന് പറയാറുണ്ടല്ലോ. അത് ശത്രുക്കളുടെ കാര്യത്തിലും ബാധകമാണ്. ചില ശത്രുക്കള്‍ പത്ത് മിത്രങ്ങള്‍ക്ക് തുല്യമാണ്. സ്വന്തം വീട്ടില്‍തന്നെ രണ്ട് ശത്രുക്കള്‍ ഉണ്ടാവുക എന്ന അപൂര്‍വത അദ്ദേഹത്തിനുണ്ടല്ലോ. ഒന്ന് സ്വന്തം പിതാവാണ്. മകനെ പൊക്കിക്കൊണ്ടുവന്നു എന്നാണ് ഒരുപാട് നേതാക്കള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റം. മകനെ പൊക്കിക്കൊണ്ടുവന്നു എന്ന കുറ്റവും പൊക്കിക്കൊണ്ടുവന്ന മകനെ താഴേക്കിട്ട് കൊല്ലാന്‍ നോക്കി എന്ന കുറ്റവും ചെയ്ത അച്ഛനാണ് ഗണേശന്റെ അച്ഛന്‍. പുത്രവധത്തേക്കാള്‍ എത്രയോ ഭേദമാണ് പുത്രസ്‌നേഹം എന്ന് ആരും സമ്മതിക്കും. പെരുന്തച്ചന്മാര്‍ക്ക് ഇതുമനസ്സിലാകില്ല.

മിത്രബലത്തേക്കാള്‍ ചിലപ്പോള്‍ പ്രയോജനപ്പെടും ശത്രുബലം എന്നാണ് പറഞ്ഞുവന്നത്. ഗണേശന്‍ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചാല്‍ പിന്നെയെന്താണ് സംഭവിക്കുക ? മന്ത്രിസഭയുടെ അംഗബലം ഒന്ന് കുറയുകയും തത്ഫലമായി സംസ്ഥാന ഖജനാവിന് ദശലക്ഷങ്ങളുടെ ലാഭമുണ്ടാവുകയും ചെയ്യും എന്ന നല്ല കാര്യമാണോ സംഭവിക്കാന്‍ പോകുന്നത് ? അല്ലേയല്ല. രാജി നല്‍കിയാല്‍ ഒരാഴ്ചയ്ക്കകം തുടങ്ങും കേരള കോണ്‍ഗ്രസ്-ബി എന്ന വമ്പിച്ച ജനപിന്തുണയുള്ള മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ്, ദേശീയ പാര്‍ട്ടിക്ക് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാത്തത് ജനങ്ങളോട് കാട്ടുന്ന അനീതി, കേരളത്തിന് കനത്ത നഷ്ടം എന്നിത്യാദി വിലാപങ്ങള്‍. മന്ത്രിയാകാന്‍ പാര്‍ട്ടിക്ക് വേറെ എം.എല്‍.എ. ഉണ്ടോ എന്ന് ചോദിക്കുന്നവര്‍ വിവരദോഷികളാണ്. മന്ത്രിയാകാന്‍ എം.എല്‍.എ.സ്ഥാനം വേണ്ട. ആര്‍ക്കും കേറിച്ചെന്ന് മന്ത്രിയാകാം. മുഖ്യമന്ത്രി, ഗവര്‍ണറോട് പറഞ്ഞാല്‍ ഉടന്‍ സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിക്കും. മകന്റെ പിന്‍ഗാമി അച്ഛനാണ് എന്ന് അച്ഛന്‍ മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ സത്യപ്രതിജ്ഞയ്ക്ക് സമയം നിശ്ചയിക്കും. മുന്നണി മര്യാദയനുസരിച്ച് വേറെന്നും ചെയ്യാന്‍പറ്റില്ല. ഇതിനെക്കുറിച്ചോര്‍ത്ത് ഞെട്ടിയിട്ടാണ് ഗണേശ്കുമാറിനെ പിന്തുണയ്ക്കാന്‍ നാനാഭാഗത്തുനിന്നും ഘടകകക്ഷിനേതാക്കള്‍തൊട്ട് പ്രതിപക്ഷാംഗങ്ങള്‍വരെയും ഹരിതം, പരിസ്ഥിതി, ബുദ്ധിജീവി കൂട്ടക്കാര്‍ വേറെയും പാഞ്ഞുവന്നത്.

എം.എല്‍.എ. ആകാതെ ആറുമാസം മന്ത്രിയായിരിക്കാം. പലരും അങ്ങനെ മന്ത്രിയായിട്ടുണ്ട്. ആറുമാസത്തിനിടയില്‍ എം.എല്‍.എ.ആയാല്‍ മതി. ഇല്ലെങ്കിലോ ? ഒന്നും സംഭവിക്കില്ല. രാജി കൊടുത്ത് വീട്ടില്‍ പോകണമെന്നുമാത്രം. ആറുമാസം മന്ത്രിയായിരുന്ന് എടുത്ത തീരുമാനങ്ങള്‍ റദ്ദായിപ്പോകുകയോ ശമ്പളം തിരിച്ചുപിടിക്കുകയോ ഒന്നും ചെയ്യില്ല. ഇങ്ങനെ രാജിവെച്ചുപോയ ആള്‍ക്ക് ഇതുപോലെ വീണ്ടും ആറുമാസം മന്ത്രിയാകാന്‍ പറ്റുമോ? ഓരോ മാസം മാറിനിന്ന് പിന്നെയും പിന്നെയും മന്ത്രിയാകാമോ? ഓ… അറിയില്ല. അത്രത്തോളം ചിന്തിച്ചുകാണില്ല. എന്നുവെച്ച് അങ്ങനെ ചിന്തിച്ചുകൂടെന്നില്ലല്ലോ. ഇങ്ങനെയൊക്കെയല്ലേ നമ്മള്‍ നല്ല കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കേണ്ടത്. അങ്ങനെ സംഭവിച്ചാലോ എന്ന് ഭയപ്പെടുന്നവരും ഗണേശന്റെ പിന്നില്‍ നിന്നു.

മൂന്ന് ശത്രുക്കളില്‍ ബലമേറെയുള്ള ഒന്നിനെ ന്യൂട്രലാക്കിയാല്‍ മറ്റേ രണ്ടിന്റെയും വിഷം കുറയ്ക്കാം എന്ന ഉപദേശം കിട്ടിയാവണം ഗണേശ്കുമാര്‍ അച്ഛന്റെ കാലില്‍ വീണത്. ഏത് പ്രായത്തിലും മനുഷ്യന്‍ ദുഃഖിതനായാല്‍ അച്ഛനെയും അമ്മയെയും വിളിച്ച് കരഞ്ഞുപോകും. കുറ്റപ്പെടുത്താനാവില്ല. കാലില്‍ വീണ് കരഞ്ഞതോടെ ഗണേശന്‍ വഴങ്ങി എന്നാണ് അച്ഛന്‍പക്ഷം ആശ്വസിക്കുന്നത്. മകന്‍ അച്ഛന് വഴങ്ങുന്നുണ്ടോ എന്നതാണല്ലോ ആ പാര്‍ട്ടിയിലെ മുഖ്യപ്രശ്‌നം. ഗണേശ്കുമാര്‍ എന്ന നടനാണോ അതല്ല മകന്‍ തന്നെയാണോ കാലില്‍ വീണ് കരഞ്ഞത് എന്നൊന്നും നമുക്കറിഞ്ഞുകൂടാ. എന്തായാലും ഇതുവരെ ഗണേശ് കുമാര്‍ നല്ലമന്ത്രിയാകാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി നല്ല മകന്‍ ആകാന്‍ ശ്രമിക്കുമ്പോള്‍ ശത്രുക്കളുടെ എണ്ണം കുറഞ്ഞേക്കും. അതിന്റെ പലയിരട്ടി മിത്രങ്ങളുടെ എണ്ണവും…
കേരളാ കോണ്‍ഗ്രസ്സിന്റെ ഉത്ഭവത്തില്‍ത്തന്നെ ഉള്ളതാണ് സ്ത്രീ സാന്നിധ്യം. ആഭ്യന്തരമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന് ആരോ പറഞ്ഞുപരത്തുകയോ വാര്‍ത്ത എഴുതുകയോ ചെയ്തു. എത്ര നിസ്സാരസംഭവം. അന്നും ഇന്നും ഭരണഘടന ഒന്നുതന്നെ. മന്ത്രിയുടെ കാറില്‍ സ്ത്രീ കയറരുതെന്ന് ഒരു നിയമത്തിലുമില്ല. പക്ഷേ, സദാചാര പോലീസ് ഇടപെട്ടു. മന്ത്രി രാജിവെക്കേണ്ടിവന്നു. ആഭ്യന്തരമന്ത്രി പി.ടി.ചാക്കോ ചെയ്ത കുറ്റമെന്തെന്ന് അന്നും ഇന്നും ആര്‍ക്കും മനസ്സിലായിട്ടില്ല. പരാതിയില്ല, കേസില്ല, യാതൊന്നുമില്ല. തന്നെ ഉപദ്രവിച്ചെന്ന് ഒരു സ്ത്രീ പരാതിയെഴുതിക്കൊടുത്തിട്ടും കഥാപാത്രത്തിന് കേന്ദ്രമന്ത്രിയേക്കാള്‍ വലിയ പദവിയിലിരിക്കാന്‍ ഇന്ന് കഴിയുന്നു. ഹാ… എന്തൊരു പുരോഗതി.

അരനൂറ്റാണ്ടുമുമ്പുണ്ടായ പി.ടി. ചാക്കോയുടെ രാജിയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ ജനനത്തിന് കാരണമായതെന്നത് സൈഡ്‌സ്റ്റോറി മാത്രം. കേരളാ കോണ്‍ഗ്രസ്സിന്റെ തെറിച്ചുപോയ ഒരു ചീന്തുമാത്രമാണ് ബാലകൃഷ്ണപ്പിള്ളയുടെയും മകന്‍ ഗണേശിന്റെയും പാര്‍ട്ടി. കാമിനിമാര്‍ ഇടയ്ക്കിടെയേ പ്രത്യക്ഷപ്പെടാറുള്ളൂ. കലഹങ്ങളെല്ലാം അവരുടെ സൃഷ്ടിയാണെന്നൊന്നും ആരും ധരിക്കേണ്ട. കനകത്തോളം വരില്ല കാമിനിമാര്‍.

കനകം കലഹമേ ഉണ്ടാക്കാറുള്ളൂ എന്നും ധരിക്കേണ്ട. കനകംമൂലം ഐക്യവുമുണ്ടാകാം. അച്ഛന്‍-മകന്‍ മഞ്ഞുരുക്കത്തിലേക്ക് നയിച്ചത് മകന്റെ കീഴടങ്ങലാണെന്ന് അഭിമാനിയായ അച്ഛന് പുറത്തുപറയാന്‍ കൊള്ളാം. സത്യമതാവണമെന്നില്ല. മകന്റെ വിവാഹമോചനം ചിലപ്പോള്‍ കുടുംബത്തിലെ കനകം കനത്തതോതില്‍ ശോഷിപ്പിച്ചേക്കുമെന്ന് അണിയറക്കഥകള്‍ പരക്കുന്നുണ്ട്. അത് തടഞ്ഞല്ലേ പറ്റൂ. കലഹത്തിന് തത്കാലമെങ്കിലും വിരാമമിട്ടേ അത് തടയാന്‍ പറ്റൂ. അപ്പോള്‍പിന്നെ മനസ്സുമുരുകും മഞ്ഞുമുരുകും, ഹിമാലയംതന്നെയുരുകും.

Leave a Reply

Your email address will not be published. Required fields are marked *

Go Top