കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ കിട്ടുന്ന കേസൊന്നുമല്ല ബാര്‍കോഴക്കേസ്. പക്ഷേ, മാണിസ്സാറിന് കേസന്വേഷണം തന്നെ കടുത്ത ശിക്ഷയായിരുന്നു. കേരളചരിത്രത്തില്‍ നടന്നിട്ടുണ്ടോ ഇതുപോലൊരു ക്രൂരത. കോടി വാങ്ങിച്ചു എന്നുതന്നെ കരുതുക. എന്നാല്‍, വേണ്ടേ അന്വേഷണത്തിനൊരു മര്യാദയൊക്കെ ? കോഴയല്ല, സംഭാവന ആണ് എന്ന് ഒരു റിപ്പോര്‍ട്ട് എഴുതാന്‍ അഞ്ചുമിനിറ്റ് പോരേ? പിന്നെ എന്തിനാണ് കടിച്ചുവലിക്കുന്നത്? അന്വേഷണറിപ്പോര്‍ട്ട് വന്നാല്‍ കടിച്ചുകീറാനാണ് കഴുകന്മാരുടെ നീക്കം. കൊലക്കയറും മടിയില്‍ത്തിരുകി ക്യൂ നില്‍ക്കുകയാണ് അവര്‍. ശത്രുക്കള്‍ക്ക് പഞ്ഞമില്ല. മാണിസ്സാര്‍ കേരളത്തിന്റെ രക്ഷകന്‍ എന്ന് മുഖസ്തുതി പറഞ്ഞ സകലരും ഉണ്ട് ക്യൂവില്‍.
കേരളാകോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നത് കുറ്റപത്രം വരട്ടെ, എന്നിട്ടാലോചിക്കാം എന്നാണ്. കുറ്റം ഉറപ്പായിട്ടില്ലെങ്കിലും കുറ്റപത്രം ഉറപ്പായോ? സംശയത്തിന്റെ ആനുകൂല്യമെങ്ങാനും കിട്ടിയാലായി എന്ന മട്ടിലാണ് യു.ഡി.എഫുകാരുടെ ചര്‍ച്ച. ബിജു രമേശനും കൂട്ടാളികളും കാറില്‍ ചെന്നു, മാണിയെ കണ്ടു, പ്ലാസ്റ്റിക് കവര്‍ കൊടുത്തു, പക്ഷേ… കവറില്‍ പണമായിരുന്നു എന്നതിന് തെളിവില്ല, ഒരു പക്ഷേ, ചെറിയൊരു കുപ്പി ചുവന്ന വീഞ്ഞ് ആയിരിക്കാനും ഇടയുണ്ട് എന്നോ മറ്റൊ എഴുതിക്കിട്ടിയാലും രക്ഷപ്പെടാമല്ലോ. മുങ്ങിച്ചാകുന്നവന് കച്ചിത്തുരമ്പെന്ന പോലെ എന്തിലാണ് പിടികിട്ടുക എന്നറിയില്ല. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഇനിയുമെത്രയുണ്ടാവോ…
വിജിലന്‍സ് അന്വേഷണം തീര്‍ന്നെന്നും റിപ്പോര്‍ട്ട് എഴുതുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഏത് നിമിഷത്തിലും സാധനം തൊടുത്തുവിടപ്പെട്ടേക്കാം. നേരിട്ട് കോടതിയിലേക്ക് വിട്ടാല്‍ അതിന്റെ പ്രഹരശേഷി മാരകമായേക്കാന്‍ ഇടയുണ്ട്. കേസന്വേഷകര്‍ അണുവിട സത്യം വിടാത്ത മഹാത്മാക്കള്‍ ആയതുകൊണ്ടല്ല. ഭരണത്തിലെ ആര് എന്ത് ആഗ്രഹിക്കുന്നു എന്ന് ദൈവംതമ്പുരാന് പോലും മനസ്സിലാകാത്ത സ്ഥിതിക്ക് പാവം വിജിലന്‍സുകാര്‍ക്ക് എന്തുചെയ്യാനാകും? മാണിസ്സാറിനെ സമ്പൂര്‍ണമായി രക്ഷപ്പെടുത്തി ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കണം എന്ന കാര്യത്തില്‍ ആഭ്യന്തരനും മുഖ്യനും നിയമവകുപ്പിനും പോലീസ് മേധാവികള്‍ക്കുമെല്ലാം ഏകാഭിപ്രായമാണോ? ആണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. മുഖ്യമന്ത്രി എങ്ങോട്ടാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രിക്കേ അറിയൂ, ഇടതുകണ്ണുകൊണ്ട് വലത്തോട്ടും വലതുകണ്ണ് കൊണ്ട് ഇടത്തോട്ടും നോക്കും.
മാണിസ്സാര്‍ തരിമ്പ് പോലും കറ പുരളാതെ, അഭിനവ മഹാത്മാഗാന്ധിയായി, ശുഭ്ര പ്രതിച്ഛായയോടെ കേസില്‍നിന്ന് പുറത്തുവരണമെന്ന് യു.ഡി.എഫില്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടാവും മാണിസ്സാര്‍ മാത്രം. വേറെ ആര്‍ക്കുമില്ല അങ്ങനെയൊരു സ്വാര്‍ഥചിന്ത. നിയമം പോയി മാണിസ്സാറിന്റെ കൊങ്ങയ്ക്ക് പിടിക്കണമെന്നും ഒടുവില്‍ ‘ചാണ്ടിയേ ഒന്ന് തടിയൂരിത്താടേ…’ എന്ന് അലമുറയിടണമെന്നും രക്ഷകനായി ഉമ്മന്‍ ചാണ്ടി ദ ഗ്രേറ്റ് അവതരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നുണ്ടാവാം. എന്തുചെയ്യാം, അതൊന്നും ഇനി സാധിക്കുകയില്ല. ഡസന്‍ കൈകള്‍ ഡസന്‍ ചരടുകള്‍ വലിച്ച് വിജിലന്‍സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏതെങ്കിലും ഒന്നിന് വഴങ്ങുന്നതിലും ഭേദം ഒന്നിനും വഴങ്ങാതിരിക്കുകയാണ് എന്നവര്‍ക്ക് തോന്നാം. ചാട്ടവാറുമായി ജുഡീഷ്യറി നില്‍ക്കുന്നു. കോടതി കഴുത്തിന് പിടിച്ചാല്‍ ഈ കണ്ട രാഷ്ട്രീയക്കാരാരും രക്ഷിക്കാന്‍ വരില്ല. അന്വേഷണം വല്ലാതെ അട്ടിമറിച്ചാല്‍ കോടതി മുഖ്യമന്ത്രിയെത്തന്നെ പിടികൂടിക്കൂടെന്നില്ല. മാണിയോ പോയി, ഇനി ഞാനുമെന്തിന് തൂങ്ങണം?
ഇനി ആശ്രയിക്കാവുന്നത് സര്‍ക്കാറിന്റെ നിയമോപദേശകരിലാണ്. അവരാണ് വിജിലന്‍സ് റിപ്പോര്‍ട്ടിന് മാര്‍ക്കിടുക. വേണമെങ്കില്‍ ഡിസ്റ്റിങ്ഷന്‍ കൊടുക്കാം, വേണ്ടെങ്കില്‍ പൂജ്യം മാര്‍ക്കും കൊടുക്കാം. കീഴ്‌ക്കോടതി പ്രതിയെ തൂക്കിക്കൊല്ലാനും മേല്‍ക്കോടതി പ്രതിയോട് വീട്ടില്‍പ്പോയി വിശ്രമിക്കാനും വിധിക്കുന്നത് പോലെയേ ഉള്ളൂ ഇതും. നല്ല പഴുതുകണ്ടെത്തി നിയമവിദഗ്ധര്‍ക്ക് മാണിസ്സാറിനെ കുറ്റവിമുക്തനാക്കാനാവും. എളുപ്പം നീക്കാവുന്ന കരുവല്ല ഇത്. മാണിയെ വീഴ്ത്തിയാല്‍ മന്ത്രിസഭ വീഴുമോ? മാണിയെ വീഴ്ത്തിയാല്‍ കേരളാ കോണ്‍ഗ്രസ്സുകാര്‍ വേറൊരു ധനകാര്യമന്ത്രിയെ നിയോഗിക്കാന്‍ കൂട്ടാക്കുമോ? മാണിസ്സാറിനെ രക്ഷിച്ചാലും പുള്ളിക്കാരന്‍ പഴയ പ്രതികാരാര്‍ഥം മറുകണ്ടം ചാടിക്കളയുമോ? ശിക്ഷിക്കപ്പെട്ട പിള്ളസാറിനില്ലാത്ത കളങ്കമൊന്നും രക്ഷപ്പെട്ടുവരുന്ന മാണിസ്സാറിനുണ്ടാവില്ലല്ലോ. മാണിസ്സാര്‍ രാജിവെക്കേണ്ടിവന്നാല്‍ അതിന്റെ പേരില്‍ കേ.കോ പിളര്‍ന്ന് ബ്രാക്കറ്റില്‍ എന്തെങ്കിലും അക്ഷരമുള്ള പാര്‍ട്ടി ഉദയംകൊള്ളുമോ? അങ്ങനെ ജനിക്കുന്ന ജീവി മറുകണ്ടം ചാടി ഇടതുപക്ഷമായേക്കുമോ?
ഒന്നും ഉറപ്പിക്കാനാവില്ല. രാഷ്ട്രീയ കുബുദ്ധിജീവികള്‍, തന്ത്രഅജ്ഞന്മാര്‍, ആസ്ഥാനജ്യോത്സ്യന്മാര്‍, രേഖാശാസ്ത്രികള്‍ തുടങ്ങിയരുടെ സബ്കമ്മിറ്റികള്‍ അടിയന്തര കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. പണ്ടാരം, ഇതിനിടെ അരുവിക്കര വെള്ളത്തിലാവില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. അതുകഴിഞ്ഞുമതി ഇതെങ്കില്‍ ഒന്ന് ശ്വാസം വിടാനായേക്കും. ഇല്ലെങ്കില്‍ ശ്വാസം പോകാനും മതി. സകല ദൈവങ്ങള്‍ക്കും അടിയന്തര ദയാഹര്‍ജി വിട്ടിട്ടുണ്ട്. ഒരു കൊല്ലം കൂടി ആയുസ്സ് ഒപ്പിച്ചുതന്നാല്‍, ദക്ഷിണ എത്രയാണെന്ന് വെച്ചാല്‍, പ്ലാസ്റ്റിക് കവറിലാണെങ്കില്‍ കവറില്‍, സമര്‍പ്പിച്ചേക്കാം… രക്ഷിക്കണേ…
****
ഒരു പ്രബല ഇടതുപക്ഷ പാര്‍ട്ടി കണ്ണടച്ചുതുറക്കുംമുമ്പ് ഇടതുപക്ഷം വിട്ട് യു.ഡി.എഫില്‍ ചേരുമെന്ന് മുസ്ലിംലീഗ് സെക്രട്ടറി കെ.പി.എ. മജീദിന് വിവരം കിട്ടിയത്രെ. കേട്ടവര്‍ കേട്ടവര്‍ ആശയക്കുഴപ്പത്തിന്റെ പടുകുഴിയില്‍ വീണു.
പ്രബലപാര്‍ട്ടി എന്ന പ്രയോഗത്തിന് കൃത്യമായ നിര്‍വചനം ലഭ്യമല്ല. സി.പി.എം. പ്രബല പാര്‍ട്ടിതന്നെ. സംശയമില്ല. പിന്നെയാരുണ്ട് പ്രബലന്‍? കണ്ണാടി നോക്കുന്ന ഏത് വിരൂപറാണിക്കും രാജനും ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍ താന്‍ ആളൊരു സംഭവംതന്നെ എന്ന് തോന്നിപ്പോകാവുന്നതാണ്. പക്ഷേ, സി.പി.ഐ.ക്ക് ഒരു ദുര്‍ബലനിമിഷത്തില്‍പ്പോലും തങ്ങളുടേത് ഒരു പ്രബലപാര്‍ട്ടിയാണ് എന്ന് തോന്നിയിട്ടില്ല. രണ്ടക്ക സംഖ്യ നിയമസഭയിലുള്ള വേറൊരു ഇടതുപാര്‍ട്ടി കേരളത്തിലില്ല, സത്യം. പിന്നെയാരാണാവോ ആ കക്ഷി? ഇനി സി.പി.എം. തന്നെയായിരിക്കുമോ യു.ഡി.എഫിലേക്ക് പോകാന്‍ ഒരുമ്പെടുന്നത് ? രാഷ്ട്രീയത്തില്‍ സംഭവിക്കാത്തതായി യാതൊന്നുമില്ലെന്നത് ശരിതന്നെ. എന്നാലും…
ഒടുവില്‍ യു.ഡി.എഫിലേക്ക് വന്ന രണ്ട് എല്‍.ഡി.എഫ്. കക്ഷികളുടെ കാര്യം തന്നെ ശ്ശി കഷ്ടാണ്. വന്നേടത്തേക്ക് തന്നെ തിരിച്ചുപോകുന്ന കാര്യം ആലോചിക്കുകയാണ് അവരെന്നും നാട്ടില്‍ സംസാരമുണ്ട്. നേരത്തേ വന്നവര്‍ക്ക് ഉറങ്ങാന്‍തന്നെ അവിടെ പായയില്ല. പിന്നെയും അങ്ങോട്ട് ചെല്ലാന്‍ കെട്ടുമുറുക്കുന്നത് ഏത് ഗതികെട്ടവനാണാവോ ? എന്തായാലും യു.ഡി.എഫ്. വാതില്‍ തത്കാലം അടച്ചുപിടിക്കുന്നതാണ് നല്ലത്. ആരെങ്കിലും പുറത്തുപോയി വേക്കന്‍സി വരും വരെ ക്ഷമിക്കാന്‍ പറ മജീദേ പുതിയ കക്ഷിയോട്….
****
‘ധീരാവീരാ’വി.എം. സുധീരന് ധൈര്യം പോരാഞ്ഞിട്ടാണ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകാന്‍ കൂട്ടാക്കാത്തതെന്ന് ഒരു വ്യാഖ്യാനം മദ്യലോബിക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായിരിക്കാന്‍ ഒരു ആദര്‍ശവാദി ധൈര്യപ്പെടുന്നുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ധൈര്യമൊന്നും വേണ്ട സോളാര്‍ കമ്മീഷനില്‍ ഹാജരായി തെളിവ് നല്‍കാന്‍.
ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയൊന്നുമില്ല കമ്മീഷന്‍. ഹാജരായി മൗനം വിദ്വാന് ഭൂഷണം സിദ്ധാന്തത്തില്‍ ഉറച്ചുനിന്നാല്‍ ശിക്ഷിക്കുകയുമില്ല. ഇനി, കള്ളം പറഞ്ഞാല്‍ കമ്മീഷന്‍ ശിക്ഷിക്കുമോ? ഇതുവരെ ഹാജരായവര്‍ പറഞ്ഞത് സത്യമാണ് എന്ന് ആര്‍ക്കുണ്ട് ഉറപ്പ്. പറഞ്ഞത് സത്യമോ എന്നറിയാല്‍ നുണ പരിശോധന നടത്തുമെന്ന പേടിയും ഇല്ല.
പിന്നെ എന്താണ് പ്രശ്‌നം എന്ന് ചോദിച്ചാല്‍, ചില ഗുരുതരാവസ്ഥകള്‍ സംജാതമായേക്കാം. ഉത്തരം പറയാനും വയ്യ, മിണ്ടാതിരിക്കാനും വയ്യാത്ത അവസ്ഥകള്‍. സത്യം പറഞ്ഞാല്‍ അമ്മയ്ക്ക് തല്ല് കിട്ടും പറഞ്ഞില്ലെങ്കില്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും എന്ന് പറഞ്ഞതുപോലെ… അതേ ഉള്ളൂ.. വേറെ പ്രശ്‌നമൊന്നുമില്ല.