രണ്ടാം ഭൂദാനവിപ്ലവം

ഇന്ദ്രൻ

പാവങ്ങള്‍ക്ക്‌ ഭൂമി ദാനം ചെയ്യാന്‍ ഭൂവുടമകളെ പ്രേരിപ്പിക്കുന്നതിന്‌ പണ്ടൊരു ഗാന്ധിശിഷ്യന്‍ വടിയും കുത്തി നാടുനീളെ നടക്കുകയുണ്ടായി. അത്‌ പണ്ട്‌. ഇക്കാലത്താരാണ്‌ പാവങ്ങള്‍ക്ക്‌ ഭൂമി നല്‍കാനൊക്കെ നടക്കാന്‍ പോകുന്നത്‌. അല്ലെങ്കില്‍ ഭൂമി കിട്ടിയിട്ട്‌ പാവങ്ങള്‍ എന്തുചെയ്യാനാണ്‌ ! കാലംമാറിയില്ലേ ? ഇനി പറ്റുമെങ്കില്‍ സമ്പന്നര്‍ക്ക്‌ വേണം ഭൂമി ദാനം ചെയ്യാന്‍. കുറച്ചുകാലമായി രാജ്യം അത്തരം പുതിയൊരു ഭൂദാനപ്രസ്ഥാനത്തിന്റെ സ്‌പിരിറ്റില്‍ മുങ്ങി നില്‍ക്കുകയാണ്‌‌. രണ്ടാം ഭൂദാനപ്രസ്ഥാനം എന്നല്ല രണ്ടാം ഭൂദാനവിപ്ലവം എന്നുതന്നെ ഇതിനെ വിളിക്കാം. എന്തായാലും വിനോബാജി വടികുത്തിനടന്നപ്പോള്‍ കിട്ടിയതിനേക്കാള്‍ ഭൂമി ഈ സംഭവത്തിലൂടെ നാട്ടിലെ കോടീശ്വരന്മാര്‍ക്ക്‌ കിട്ടിക്കഴിഞ്ഞു. ധവള-ഹരിത വിപ്ലവങ്ങളെക്കാള്‍ വലിയ ഈ സംഭവത്തിന്റെ ഔദ്യോഗികനാമം സെസ്‌ വിപ്ലവം എന്നാണ്‌.
വിപ്ലവങ്ങളെ വിലകുറച്ച്‌ കാണിക്കുന്ന പ്രവണത പൊതുവെ ഉള്ളതാണല്ലോ. ഭൂമി കൈയിലാക്കുന്നതിനുള്ള റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പല്ലേ ഇതെന്ന്‌ ചില പ്രൊഫഷണല്‍ വിപ്ലവവായാടികള്‍ ചോദിക്കുകയുണ്ടായി. അതിനേക്കാള്‍ വലിയൊരു ചോദ്യം മറുഭാഗത്തുനിന്നുമുയരുന്നുണ്ട്‌. ഇതിനെ ഭൂദാനപ്രസ്ഥാനം മാത്രമായി ചിത്രീകരിക്കുന്നത്‌ ശരിയോ ? ആനയെ അണ്ണാനെന്നു വിളിക്കാന്‍ പാടുണ്ടോ ? സര്‍ദാര്‍ പട്ടേല്‍ പാടുപെട്ട്‌ ഇല്ലാതാക്കിയ നാട്ടുരാജ്യങ്ങളുടെ പുനര്‍ജന്മമാണിതെന്നാണ്‌ ചിലര്‍ പറയുന്നത്‌. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി പോലും പുതിയ സെസ്‌ നാട്ടുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിസ്സാരമാണത്രെ. നിയമസഭയുണ്ടാക്കിയ നിയമങ്ങളൊന്നും ബാധകമല്ലാത്ത ആലപ്പുഴയിലെ സി.ഐ.ടി.യു. സ്‌പെഷല്‍ ഇക്കണോമിക്‌ സോണും ഇതിന്റെ നാലയലത്ത്‌ വരില്ല. പ്രത്യേക കറന്‍സിയടിക്കാനൊന്നും അധികാരമില്ലെന്നത്‌ ശരിയാണ്‌. പക്ഷേ, മറ്റെല്ലാ അര്‍ഥത്തിലും സെസ്‌ പരമാധികാര രാഷ്ട്രമാണ്‌.
ഈ നാട്ടുരാജാക്കന്മാര്‍ക്ക്‌ സര്‍ക്കാര്‍ ധാരാളം പണം വലിച്ചെറിഞ്ഞുകൊടുക്കുന്നുണ്ട്‌. പട്ടിണി കിടക്കുന്നവന്‌ സൗജന്യറേഷന്‍ കൊടുക്കുന്നതും മറ്റും കാലത്തിന്‌ നിരക്കാത്ത പ്രാകൃത സമ്പ്രദായങ്ങളാണെന്ന്‌ ലോകം അംഗീകരിച്ചുകഴിഞ്ഞല്ലോ. എന്തെങ്കിലും പരമ്പരാഗതവ്യവസായം തകരാതിരിക്കാനോ പാവപ്പെട്ടവര്‍ക്ക്‌ എന്തെങ്കിലും ആനുകൂല്യം നല്‌കാനോ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ സബ്‌സിഡിയായി ഓട്ടമുക്കാല്‍പോലും കൊടുത്തുകൂടാ. സബ്‌സിഡി എന്ന വാക്കുതന്നെ നാലാള്‍ കേള്‍ക്കേ ഉച്ചരിക്കാന്‍തന്നെ പാടില്ല. വ്യവസായവളര്‍ച്ചയ്‌ക്ക്‌ പ്രോത്സാഹനം എന്നുംമറ്റുമുള്ള നല്ല പരിഷ്‌കാരമുള്ള പുതിയ പ്രയോഗങ്ങളുണ്ടല്ലോ പിന്നെന്തിന്‌ അത്തരം അശ്ലീലപദങ്ങള്‍ ഉപയോഗിക്കുന്നു. ആ വകുപ്പില്‍ എത്ര പണം വേണമെങ്കിലും മുതലുടമകള്‍ക്ക്‌ കൊടുക്കാം. എകൈ്‌സസ്‌ തീരുവ, കസ്റ്റംസ്‌ തീരുവ, വില്‌പനനികുതി, വിറ്റുവരവ്‌ നികുതി തുടങ്ങിയ നൂറുകൂട്ടം നികുതികള്‍ നാട്ടിലെ സാധാരണ കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും പറഞ്ഞിട്ടുള്ളതാണ്‌. സെസ്സിലെ നാട്ടുരാജാക്കന്മാര്‍ ഇതൊന്നും കൊടുക്കേണ്ട.
പ്രത്യേകാനുകൂല്യങ്ങളുടെ പട്ടിക എഴുതാന്‍ തുടങ്ങിയാല്‍ കടലാസ്‌ രണ്ടെണ്ണം വേറെ വേണ്ടിവരും. സെസ്‌ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ആകെ ചെലവായ സംഖ്യയെത്രയെന്ന്‌ സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയതായി അറിവില്ല. ഒന്നേമുക്കാല്‍ ലക്ഷം കോടിയോളം രൂപ സെസ്സിലെ നാട്ടുരാജാക്കന്മാര്‍ക്ക്‌ അഞ്ചുകൊല്ലത്തിനകം നികുതിയിളവുവക പ്രിവിപഴ്‌സും മാലിഖാനുമായി നല്‌കിക്കഴിഞ്ഞെന്നാണ്‌ ചില വിപ്ലവവായാടി സാമ്പത്തികവിദഗ്‌ധന്മാര്‍ പറയുന്നത്‌. പട്ടിണിരേഖയ്‌ക്ക്‌ താഴെ വെറുംവയറോടെ കിടന്നുറങ്ങുന്ന 32 കോടി ജനത്തിന്‌ എന്നും രാത്രി അന്നംനല്‍കാന്‍ ഈ തുക മതിയാകും എന്നവര്‍ കണക്കുകൂട്ടുന്നുമുണ്ട്‌. ഇന്ത്യയെ മുഴുവന്‍ തീറ്റാനുള്ള ഭക്ഷണമുണ്ടാക്കുകയും ജനതയില്‍ ഭൂരിപക്ഷത്തിന്‌ തൊഴിലേകുകയും ചെയ്യുന്ന കൃഷിമേഖലയ്‌ക്ക്‌ വളം സബ്‌സിഡിയായോ വൈദ്യുതിചാര്‍ജ്‌ ഇളവായോ വായ്‌പാ സബ്‌സിഡിയായോ നാലണ നല്‍കുന്നത്‌ മോശം സാമ്പത്തികനയമാണ്‌. അത്‌ കൃഷിക്കാരുടെ സ്വഭാവം ചീത്തയാക്കും. കഴിയുന്നേടത്തോളം ആ തുക കൂടി വ്യവസായികള്‍ക്ക്‌ പ്രോത്സാഹനങ്ങളായി നല്‌കുക. പുതിയപുതിയ ആനുകൂല്യങ്ങള്‍ കിട്ടുന്നതിനനുസരിച്ച്‌ അവരുടെ സ്വഭാവം പൊന്നാകും. അതാണ്‌ കൃഷിയും വ്യവസായവും തമ്മിലുള്ള വ്യത്യാസം.
പ്രത്യേകവ്യവസായമേഖലയെന്ന സ്വതന്ത്ര ഏകാധിപത്യ റിപ്പബ്ലിക്കില്‍ ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളൊന്നും ബാധകമല്ല. വ്യവസായവിപ്ലവ കാലത്തെ അടിമപ്പണിയോട്‌ ഏതാണ്ടടുത്തുനില്‍ക്കുന്നതാണ്‌ ഇവിടത്തെ തൊഴിലവസ്ഥ. ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനമെന്നത്‌ രാജ്യദ്രോഹത്തിന്‌ തുല്യമായ കുറ്റമാണ്‌. ദിവസത്തില്‍ ഇരുപത്തിനാലുമണിക്കൂര്‍ അധ്വാനിക്കാനും തൊഴിലാളികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടാകും. ഇത്ര ജോലിക്ക്‌ ഇത്ര കൂലിയെന്ന വാശിയും സ്വാര്‍ഥതയുമൊന്നും പാടില്ല. ഇവിടെ രാഷ്ട്രീയം പറയരുത്‌ എന്ന്‌ പഴയകാല ചായക്കടകളില്‍ എഴുതിവെക്കാറുള്ളതുപോലെ ലീവ്‌, ജോലിസമയം, ബോണസ്‌, പി.എഫ്‌, ഗ്രാറ്റ്വിറ്റി തുടങ്ങിയ കുറെ വാക്കുകള്‍ സെസ്‌ അതിര്‍ത്തിക്കകത്ത്‌ പാടെ നിരോധിച്ചിരിക്കുകയാണ്‌. ആ വാക്കുകള്‍ ഉച്ചരിച്ചാല്‍ പിടിയിലാകും. പക്ഷേ, അവയെക്കുറിച്ച്‌ മോഹിക്കാനും രാവും പകലും തലപുകയ്‌ക്കാനും പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കും. അതും എത്രകാലം ഉണ്ടാകും എന്നറിയില്ല. ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചാല്‍ ഉടനെ ചുവന്ന ബള്‍ബ്‌ തലയ്‌ക്കു മുകളില്‍ തെളിയുന്ന സംവിധാനം ഭാവിയില്‍ വന്നേക്കാം. കമ്പ്യൂട്ടര്‍ യുഗത്തില്‍ എന്താണ്‌ സാധ്യമല്ലാത്തത്‌. അതുവരെ തൊഴിലാളിക്ക്‌ എന്തിനെക്കുറിച്ചും പുലരുവോളം ചിന്തിക്കാവുന്നതാണ്‌. മുതലാളിമാര്‍ക്ക്‌ ഒരു ചുക്കും ചെയ്യാനാവില്ല.
ഭൂദാനത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്‌. ചില വിവരങ്ങള്‍കൂടി നാട്ടില്‍പാട്ടായിട്ടുണ്ട്‌. കൃഷിയേക്കാള്‍ കൂടുതല്‍ കൃഷിഭൂമി വേണ്ടത്‌ വ്യവസായത്തിനാണെന്ന ഒരു പുതിയ തിയറി കേന്ദ്രത്തിലെ മന്‍മോഹന്‍-ചിദംബരം അച്ചുതണ്ട്‌ രൂപപ്പെടുത്തിയിട്ടുണ്ടത്രെ. തിന്നാനുള്ളതും വ്യവസായശാലകളില്‍ ഉല്‌പാദിപ്പിക്കാമെന്നിരിക്കെ എന്തിന്‌ വെറുതെ കൃഷി ചെയ്യാന്‍ മെനക്കെടുന്നു. അതുകൊണ്ട്‌ ലക്ഷക്കണക്കിന്‌ ഏക്കര്‍ കൃഷിഭൂമി ഇതിനകം ഭൂരഹിത കര്‍ഷകരായ ടാറ്റ- അംബാനിമാര്‍ക്ക്‌ വിവിധ സംസ്ഥാനസര്‍ക്കാറുകള്‍ നല്‌കിക്കഴിഞ്ഞു. ഒരു സെസ്സിന്‌ പതിനായിരം എന്ന അനുപാതത്തില്‍ ഓരോ ഇടത്തുനിന്നും കൃഷിക്കാരെ കുടിയിറക്കി അഗതികളാക്കുന്നുമുണ്ട്‌. റിലയന്‍സ്‌ വൈകാതെ നാട്ടിലെ ഏറ്റവും വലിയ വ്യവസായി മാത്രമല്ല ജന്മിയും ആണെന്ന പ്രഖ്യാപനം പാര്‍ലമെന്റില്‍ നടക്കാനിടയുണ്ട്‌. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വെക്കുന്ന ആളെന്ന്‌ ഗിന്നസ്‌ ബുക്കില്‍ രേഖപ്പെടുത്തിക്കിട്ടാനാവാം അവരുടെ ശ്രമം.
ഇങ്ങനെയെല്ലാമുള്ള സെസ്സിനെ കേരളത്തിലേക്ക്‌ കൊണ്ടുവരണമോ വേണ്ടയോ എന്നത്‌ സംബന്ധിച്ചാണ്‌ ഇടതുമുന്നണി ഘടകകക്ഷികള്‍ തമ്മില്‍ കടുത്ത ആശയസമരം നടക്കുന്നത്‌. സെസ്സില്ലെങ്കിലും ഉണ്ടെങ്കിലും വ്യവസായിക്ക്‌ വേണ്ടത്‌ കാര്യങ്ങളില്‍ പെട്ടന്ന്‌ തീരുമാനമുണ്ടാകുകയാണ്‌. സെസ്സിനുള്ള അപേക്ഷ കേന്ദ്രത്തിനയയ്‌ക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഇവിടത്തെ ഭരണകൂടം വര്‍ഷം ഒന്നാണെടുത്തത്‌. വ്യവസായികള്‍ ഇതിനകം വേറെ സംസ്ഥാനത്ത്‌ പോയി സെസ്സിന്റെ ഉദ്‌ഘാടനം നടത്തിക്കഴിഞ്ഞിരിക്കും.
തോളത്തുള്ളത്‌ വീഴുകയും ചെയ്യരുത്‌, അട്ടത്ത്‌ വെച്ചത്‌ എടുക്കുകയും വേണം എന്ന സിദ്ധാന്തമനുസരിച്ച്‌ ഇടതുമുന്നണി വൈരുദ്ധ്യാത്മകനയമാണ്‌ ഇക്കാര്യത്തില്‍ നടപ്പാക്കുക. സെസ്‌ തരാം പക്ഷേ തൊഴില്‍നിയമം പാലിക്കണം. തൊഴിലാളിയൂണിയനും അതിന്റെ മറ്റ്‌ ഏര്‍പ്പാടുകളുമെല്ലാം ഉണ്ടാകും. സെസ്‌ കാര്യത്തില്‍ കേന്ദ്രനയം അംഗീകരിക്കാന്‍ പറ്റില്ല, എന്നാല്‍ വ്യവസായികള്‍ കേരളം വിട്ടുപോകുന്ന സ്ഥിതി ഉണ്ടാകാനും പാടില്ല. വ്യവസായികള്‍ക്ക്‌ കാര്യം മനസ്സിലായിട്ടുണ്ട്‌. അവര്‍ ഇവിടെത്തന്നെ ഉണ്ടാകും. മൂന്നാറിലും തേക്കടിയിലും കറങ്ങിയടിച്ച്‌ ജീവിക്കും. എങ്ങും പോകത്തില്ല, അവരുടെ വ്യവസായം മാത്രമേ പോകൂ. നമ്മളൊന്നുകൊണ്ടും വേവലാതിപ്പെടേണ്ട.
*****
മന്ത്രി സി.ദിവാകരന്‍ റോഡ്‌തടയല്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തതില്‍ ബി.ജെ.പി-വി.എച്ച്‌.പി സംഘടനകളില്‍പ്പെട്ടവര്‍ കടുത്ത ധാര്‍മികരോഷം പ്രകടിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല. നിയമമോ ഭാരതഭരണഘടനാ വ്യവസ്ഥകളോ ലംഘിച്ചോ ഇക്കാലത്തിനിടയില്‍ ഒരു വിരലനക്കിയിട്ടില്ലാത്ത പ്രസ്ഥാനക്കാര്‍ക്ക്‌ ദിവാകരന്റെ ഭരണഘടനാ അനൗചിത്യം സഹിക്കാവുന്നതിലുമപ്പുറമാണ്‌. അവര്‍ രോഷംകൊള്ളും. പള്ളികത്തിക്കാനോ പള്ളിക്ക്‌ കല്ലെറിയാനോ ഒരു മന്ത്രിയേയും സംഘപരിവാറില്‍ പ്പെട്ട പാര്‍ട്ടികളൊന്നും നിയോഗിക്കാറില്ല. അതിനെല്ലാം സ്‌പെഷലൈസേഷന്‍ ഉള്ള ആളുകള്‍ ഉള്ളപ്പോള്‍ എന്തിന്‌ മന്ത്രിമാര്‍ പോകണം. ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചടുക്കുമ്പോള്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്‌ നിഷ്‌ക്രിയനായി ഇരുന്നല്ലേ ഉള്ളു, അദ്ദേഹം പള്ളിയുടെ കല്ലെടുക്കാന്‍ മണ്‍വെട്ടിയുമായി ചെന്നില്ലല്ലോ. പള്ളിപൊളിച്ചവരെ പിന്നീട്‌ മന്ത്രിയും പ്രധാനമന്ത്രിയുമെല്ലാമാക്കുന്നത്‌ ഭരണഘടനാവിധേയമാണ്‌. മന്ത്രിയായിക്കഴിഞ്ഞാല്‍പ്പിന്നെ പള്ളി പൊളിക്കാനും റോഡുതടയാനും പോകരുതെന്നേ ഉള്ളു.
മന്ത്രി ദിവാകരന്‍ അബദ്ധം ചെയ്‌തെന്നും പറഞ്ഞെന്നും കരുതുന്നവര്‍ കാണും. പക്ഷേ, കേരളീയര്‍ക്ക്‌ മുഴുവന്‍ ആവേശം പകരുന്ന ഒരു കാര്യം അദ്ദേഹം സമരവേദിയില്‍ പറഞ്ഞപ്പോള്‍ ചെവിടടക്കുന്ന കൈയടിയായിരുന്നു. ഒരു സംസ്ഥാനാന്തരപാതയില്‍ ഗതാഗതം മുടക്കിയുള്ള സമരപരിപാടി നിര്‍ബാധം നടക്കുന്നു, ജനത്തിനെ വട്ടംകറക്കുന്നു, അതിന്‌ ഒരു മന്ത്രി തന്നെ കാര്‍മികത്വം വഹിക്കുന്നു. മന്ത്രിയുടെ ചോദ്യത്തിലെല്ലാം അടങ്ങിയിരുന്നു. കേരളത്തിലല്ലാതെ വേറെ എവിടെയെങ്കിലും ഇതുനടക്കുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
****
ശിവരാജ്‌ പാട്ടീല്‍ ലോക്‌സഭയിലേക്ക്‌ പോകുകയേ വേണ്ട എന്ന്‌ ജനം സംശയരഹിതമായി വിധിയെഴുതിയതാണ്‌. ലോക്‌സഭയിലേക്ക്‌ മത്സരിച്ചു തോറ്റയാളെ രാജ്യസഭയിലേക്ക്‌ പറഞ്ഞയയ്‌ക്കുന്നതുപോലും ജനത്തെ അവഹേളിക്കലും ജനാധിപത്യവിരുദ്ധവും ആണെന്ന്‌ ധരിച്ചുപോന്ന കാലമുണ്ടായിരുന്നു. കാലം മാറി. നേതാക്കളെ തോല്‍പ്പിക്കുന്ന ജനത്തെ അവഹേളിക്കുക തന്നെയാണ്‌ വേണ്ടതെന്ന്‌ ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. പ്രധാനമന്ത്രി പോലും ജനങ്ങള്‍ തിരഞ്ഞെടുത്തല്ല പാര്‍ലമെന്റില്‍ വന്നതെന്നിരിക്കേ, മത്സരിച്ചുതോറ്റ ആളെ ചുരുങ്ങിയത്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയെങ്കിലുമാക്കുകയാണ്‌ മര്യാദ.
ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്യുന്നതില്‍ വന്‍പരാജയമായിരുന്നു ശിവരാജ്‌ പാട്ടീല്‍ എന്ന്‌ പ്രതിപക്ഷത്തുള്ളവര്‍ക്ക്‌ തോന്നിയത്‌ ബോംബുകള്‍ കുറെ പൊട്ടിയപ്പോഴാണ്‌. അങ്ങനെ ആരെല്ലാം വന്‍പരാജയമായി സ്ഥാനങ്ങളില്‍ തുടരുന്നു. അതൊന്നും രാജിവെക്കുന്നതിനുള്ള കാരണമാവുന്നില്ല. ഓരോ പരാജയവും വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌. സ്‌ഫോടനം നടന്ന ദിവസം ആഭ്യന്തരമന്ത്രി മൂന്നുവട്ടം ഷര്‍ട്ട്‌ മാറിയെന്നതാണ്‌ വേറൊരു കുറ്റം. ആളുകള്‍ വേഷം ധരിക്കുന്നതുതന്നെ കാണുന്ന ജനത്തിന്‌ വേണ്ടിയാണെന്ന്‌ പറയാറുണ്ട്‌. മൂന്നുവട്ടം വേഷംമാറിയിട്ടുണ്ടെങ്കില്‍ ആള്‍ അത്രയും ജനാധിപത്യവാദിയാണെന്നുതന്നെ അര്‍ഥം.

Leave a Reply

Your email address will not be published. Required fields are marked *

Go Top