വീണ്ടും അന്തിമപോരാട്ടം

ഇന്ദ്രൻ

പൊളിറ്റ് ബ്യൂറോയെ വെല്ലുവിളിക്കുന്നതും വിഭാഗീയ ലക്ഷ്യങ്ങളുമായി നടക്കുന്നതുമൊക്കെ ചില്ലറ കാര്യമാണെന്ന് വെക്കുക. യു.ഡി.എഫ്. പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലൊക്കെ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ നടത്താറുണ്ടത്രെ ഈ സീനിയര്‍ നേതാവ്. യു.ഡി.എഫുകാര്‍ പോലും ചെയ്യാത്ത പണിയല്ലേ അത് ?

പണ്ട് കേട്ട ഒരു നാടന്‍ തമാശയുണ്ട്. ലാസ്റ്റ് ബസ് പോയോ, പേടിക്കേണ്ട അതിനിയും വരും എന്ന്. വി.എസ്സിനെതിരായ സി.പി.എം. നേതൃത്വത്തിന്റെ പോരാട്ടം ഏതാണ്ട് അതിനോട് അടുത്തുനില്‍ക്കുന്നു. വീണ്ടുമിതാ അന്തിമപോരാട്ടം. പിണറായി വിജയന്‍ എട്ടൊമ്പതുവര്‍ഷം അന്തിമപോരാട്ടം നടത്തിയതാണ്. പോകുന്ന പോക്കില്‍ അത് വളരെയേറെ മൂര്‍ച്ഛിച്ച് പാര്‍ട്ടി സംസ്ഥാനസമ്മേളനംതന്നെ അന്തിമപോരാട്ടമായി മാറി. ചിരിക്കാതെ ശത്രുസംഹാരം നടത്തുന്ന പിണറായി പോയി ചിരിച്ചുകൊണ്ട് കൊല്ലുന്ന കോടിയേരി ബാലകൃഷ്ണന്‍ വന്നപ്പോള്‍ പോരാട്ടം തീര്‍ന്നു എന്നാണ് ജനം വിചാരിച്ചത്. എവിടെ തീരാന്‍ ! പിണറായിയായിരുന്നു ഭേദം എന്ന് വി.എസ്. ഇനി പറഞ്ഞുകൂടെന്നില്ല.

പാര്‍ട്ടി ഹെഡ്ഡാപ്പീസ് താന്‍ പിടിച്ചു എന്ന മട്ടിലായിരുന്നല്ലോ വി.എസ്സിന്റെ വിശാഖപട്ടണത്ത് നിന്നുള്ള വെളുക്കെ ചിരിച്ചുകൊണ്ടുള്ള തിരിച്ചുവരവ്. യെച്ചൂരി വി.എസ്സിന്റെ സ്വന്തം ആളാണ്, അല്ലെങ്കില്‍ അങ്ങനെയാണ് എന്നാണ് വി.എസ്സിന്റെ വിചാരം. ചില്ലറ സഹായങ്ങളൊക്കെ പരസ്?പരം ചെയ്തിട്ടുണ്ടെന്നത് ശരി. യെച്ചൂരി െ്രെപമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേന്ദ്രകമ്മിറ്റിയിലുള്ള ആളല്ലേ വി.എസ്. ഇത്തിരി ബഹുമാനം കാണുമല്ലോ. നല്ല നിലയില്‍ തീരാന്‍ ഒരു സാധ്യതയും ഇനി ബാക്കിയില്ലാത്ത കേസ് ആണ് വി.എസ്സിന്റേതെന്ന് യെച്ചൂരിക്ക് ബോധ്യപ്പെട്ടിരിക്കാം. ചൈനായുദ്ധകാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് സഖാക്കള്‍ രക്തം നല്‍കണം എന്ന് ആഹ്വാനിച്ചതിന് കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തിയതുമുതല്‍ എത്ര പരസ്യരഹസ്യ ശാസനകള്‍, വിമര്‍ശനങ്ങള്‍, തള്ളിപ്പറയലുകള്‍, സസ്‌പെന്‍ഷന്‍, തരംതാഴ്ത്തലുകള്‍ ഇനി ക്യാപ്പിറ്റല്‍ പണിഷ്‌മെന്റേ ബാക്കിയുള്ളൂ. തൊണ്ണൂറ് പിന്നിട്ട ഒരാളെ എങ്ങനെ അതിന് വിധേയനാക്കും എന്ന കൈയ്യറപ്പ് കൊണ്ടാണ് ഈ അന്തിമപോരാട്ടം ഇങ്ങനെ കൂടെക്കൂടെ നടത്തേണ്ടി വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ പാര്‍ട്ടിവിരുദ്ധനെക്കൊണ്ട് വല്ല പ്രയോജനവും പാര്‍ട്ടിക്കുണ്ടാവുമെങ്കില്‍ അത് കളയേണ്ടല്ലോ എന്ന ബുദ്ധിയും ഇതിന് കാരണമായി ഉണ്ടാവാം. ദൈവം ഇല്ലെന്ന് പറയുന്ന സി.പി.എമ്മിനെ ദൈവം എങ്ങനെ സഹായിക്കാനാണ്. ഇനിയും എത്രകാലം തീരാത്ത അന്തിമ പോരാട്ടം നടത്തേണ്ടിവരുമോ എന്തോ…

ആലപ്പുഴയില്‍ സംസ്ഥാനസമ്മേളനം നടക്കുന്നതിന്റെ തലേന്നേ തുടങ്ങിയിരുന്നു വെടിക്കെട്ട്. തീരുന്നതുവരെ അത് തുടര്‍ന്നു. സമ്മേളനത്തിനിടയില്‍ത്തന്നെ വി.എസ്സിന്റെ മഹാസേവനങ്ങളെ ‘ബഹുമാനിക്കുന്ന’ ദീര്‍ഘപ്രമേയം പാസ്സാക്കി മാധ്യമങ്ങള്‍ക്ക് കൊടുത്തു. പാര്‍ട്ടി ലോകസമാധാനത്തെക്കുറിച്ചോ ദേശീയ പ്രശ്‌നങ്ങളെക്കുറിച്ചോ പ്രമേയം പാസ്സാക്കിയാല്‍ ദുഷ്ട ബൂര്‍ഷ്വാ പത്രങ്ങള്‍ അകത്തെവിടെയെങ്കിലും നാല് വരി കൊടുത്ത് കൊല്ലും. പ്രമേയം വി.എസ്സിനെക്കുറിച്ചാണെങ്കില്‍ വള്ളിപുള്ളി വെട്ടാതെ ഫുള്‍ടെക്സ്റ്റ് എഡിറ്റോറിയല്‍പേജില്‍ വെച്ചുതാങ്ങും. വായിക്കാന്‍ നല്ല രസമാണെന്നത് സത്യം. കേന്ദ്ര കമ്മിറ്റിയംഗമായ നേതാവ് പാര്‍ട്ടി വിരുദ്ധനാണ് എന്ന് പാര്‍ട്ടി സംസ്ഥാനക്കമ്മിറ്റി പ്രമേയം പാസ്സാക്കി. പഴയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ ഒന്നുകില്‍ സംസ്ഥാന കമ്മിറ്റിയുടെ, അല്ലെങ്കില്‍ കേന്ദ്രകമ്മിറ്റി അംഗത്തിന്റെ, കഥ അതോടെ തീരും. ഇവിടെ കഥ തുടരുകയാണ്.

ഇത്തവണത്തെ അന്ത്യപോരാട്ട പോര്‍വിളിയില്‍ കോടിയേരി ബാലകൃഷ്ണന്‍ പിണറായി വിജയനെ ബീറ്റ് ചെയ്തതായാണ് സംസാരം. വെച്ചുപൊറുപ്പിക്കില്ല എന്ന് പറഞ്ഞാല്‍പ്പിന്നെ അതിനപ്പുറം വേറൊന്ന് പറയാനില്ല. ‘വി.എസ്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു’ എന്ന് പാര്‍ട്ടി മുഖപത്രത്തില്‍ ഒന്നാംപേജില്‍ വെണ്ടക്കയല്ല, ചക്ക വലിപ്പത്തില്‍ ആറുകോളം മെയിന്‍ ന്യൂസ് വീശിയത് ഒരു കേന്ദ്രകമ്മിറ്റിയംഗത്തെക്കുറിച്ചാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചരിത്രം എഴുതുന്നവര്‍ നോട്ട് ചെയ്യുക ഇതുപോലൊരു വിമര്‍ശം വേറെ ഒരു പാര്‍ട്ടിയും അവരുടെ കേന്ദ്രനേതാവിനെക്കുറിച്ച് പറയില്ല, പറഞ്ഞാല്‍ അത് പാര്‍ട്ടിപ്പത്രത്തില്‍ ചക്കവണ്ണത്തില്‍ തലക്കെട്ടാക്കുകയുമില്ല.
സംസ്ഥാനകമ്മിറ്റി പ്രമേയത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്നെ കക്ഷിയെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിച്ചുകൂടാത്തതാണ്. വാളെടുത്തവനൊക്കെ വെളിച്ചപ്പാടാകുന്ന കോണ്‍ഗ്രസ് പോലും വെച്ചുപൊറുപ്പിക്കില്ല. പൊളിറ്റ് ബ്യൂറോയെ വെല്ലുവിളിക്കുന്നതും വിഭാഗീയ ലക്ഷ്യങ്ങളുമായി നടക്കുന്നതുമൊക്കെ ചില്ലറ കാര്യമാണെന്ന് വെക്കുക. യു.ഡി.എഫ്. പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലൊക്കെ അതില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകള്‍ നടത്താറുണ്ടത്രെ ഈ സീനിയര്‍ നേതാവ്. യു.ഡി.എഫുകാര്‍ പോലും ചെയ്യാത്ത പണിയല്ലേ അത് ? പോരാത്തതിന് ഈ കക്ഷി പാര്‍ട്ടിയില്‍ ഒരു സമാന്തര നേതൃത്വമായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടത്രെ. ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് തന്നെ കൊടുത്തേ തീരൂ. ഭൂമിയോളം ക്ഷമയുള്ള നേതൃത്വമാണ് ഈ പാര്‍ട്ടിയുടേതെന്ന് ഇപ്പോഴെങ്കിലും ജനം മനസ്സിലാക്കുന്നത് നന്ന്. മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. ഇതിന്റെ നൂറിലൊരംശം കുറ്റം ചെയ്തവരെ പാര്‍ട്ടി പടിയടച്ച് പിണ്ഡം വെച്ചിട്ടുണ്ട്. 51 വെട്ടുവെട്ടി കൊന്നിട്ടുമുണ്ട്. ആ പാപത്തിനെല്ലാമുള്ള ശിക്ഷയാണ് പാര്‍ട്ടി അനുഭവിക്കുന്നത് എന്ന് ചില ദുഷ്ടന്മാര്‍ രഹസ്യം പറയുന്നുണ്ട്. ഇതുകൊണ്ടൊന്നും വി.എസ്. വഴങ്ങാനും പോകുന്നില്ല. മരുമക്കളേ, അനന്തരവന്മാരേ, നിങ്ങള്‍ എത്ര തല്ലിയാലും ഈ അമ്മാവന്‍ നന്നാവില്ല. നിങ്ങളുടെ കൈ തളരുകയേയുള്ളൂ…

*****

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക ഇപ്പോള്‍ വളരെ പ്രയാസമുള്ള പണിയാണ് എന്ന് കണ്ടല്ലോ. നേര്‍വിപരീതമാണ് മുമ്പ് പുറത്താക്കപ്പെട്ടവരുടെ തിരിച്ചുവരവ്. ബര്‍ലിനില്‍നിന്ന് വിമാനം കേറി കണ്ണൂരില്‍ വന്നിറങ്ങുംപോലെ അനായാസം പാര്‍ട്ടിയില്‍ വന്ന് ലാന്‍ഡ് ചെയ്യാം. ആദ്യത്തേതിന് തെളിവ് വി.എസ്. അച്യുതാനന്ദനാണെങ്കില്‍ രണ്ടാമത്തേതിന് തെളിവ് അദ്ദേഹത്തിന്റെ ഉത്തമ സഹയാത്രികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍തന്നെ.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടാന്‍ ബര്‍ലിന് വളരെയൊന്നും പ്രയാസപ്പെടേണ്ടി വന്നില്ലെന്നത് വേറെ കാര്യം. നാലാള്‍ കൂടെയില്ലാത്ത ആളെ പാര്‍ട്ടിക്ക് മുന്‍പിന്‍ നോക്കാതെ പുറത്താക്കാമല്ലോ. കാലം കുറച്ചായി പുറത്തുനില്‍ക്കുന്നു. പരമാവധി ആളുകളെ പാര്‍ട്ടിക്ക് പുറത്തുപോകാന്‍ സഹായിക്കുക എന്നതാണല്ലോ പുറത്താക്കപ്പെട്ടവരുടെ പ്രധാന പണി. വി.എസ്. അച്യുതാനന്ദനെ വല്ലവിധേനെ ഒന്ന് പുറത്തുകടത്താന്‍ കുറെക്കാലമായി കഠിനശ്രമം നടത്തുകയായിരുന്നു. നടക്കുന്നില്ല. ഒന്നുകില്‍ പുറത്താക്കപ്പെടണം, അല്ലെങ്കില്‍ പുറത്തുചാടണം. എത്ര ശ്രമിച്ചിട്ടും രണ്ടും നടക്കുന്നില്ല. വി.എസ്സിന് ഇങ്ങനെ നടന്നാല്‍ മതി. നമുക്ക് അത് പറ്റില്ല. വി.എസ്. പുറത്തുകടക്കുന്നില്ലെങ്കില്‍ നമുക്ക് ചെയ്യാവുന്നത് ഒരുകാര്യം മാത്രം. അകത്തുകേറുക ! അല്ല പിന്നെ…
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്തിനാണ് പാര്‍ട്ടിയില്‍നിന്ന് പോയത് എന്ന് നാട്ടുകാര്‍ക്ക് അറിയാം. അത് ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം കുറച്ചൊന്നുമല്ല എഴുതിക്കൂട്ടിയത്. ആദ്യം സകലതും ‘പൊളിച്ചെ’ഴുതി. പിന്നെ ‘ഒളിക്യാമറകള്‍ പറയാത്തത് എന്ത്’ എന്ന് നോക്കി. അതിനുശേഷം ‘ഏകാധിപതികള്‍ അര്‍ഹിക്കുന്നത്’ എന്തെല്ലാം എന്ന് വിശദീകരിച്ചു. ‘പാര്‍ട്ടി ജന്മി’മാരുടെ തനിനിറം പുറത്തുകൊണ്ടുവരികയായിരുന്നു എഴുത്തിന്റെ ഉദ്ദേശ്യം. ഇനി പാര്‍ട്ടിയെപ്പറ്റി ഒന്നും പറയാന്‍ ബാക്കിയില്ല. ഘോഷയാത്രയില്‍ മുന്നില്‍ നടക്കുന്ന രാജാവിന് ഉടുതുണിയില്ല എന്ന് കണ്ടെത്തിയത് വിവരിക്കലാണ് തന്റെ പ്രധാനദൗത്യം എന്ന് നായര്‍ വിശദീകരിക്കുന്നുണ്ട്. എന്ത് ചെയ്യാം… അച്ചടിച്ച സാധനങ്ങള്‍ ഒരു ശല്യമായി പിറകെ വന്നുകളയും. എഴുതിയതെല്ലാം കത്തിച്ചുകളയാനൊന്നും വയ്യല്ലോ. ഇനി ഒരു പക്ഷേ, ഇതുവരെ എഴുതിയതെല്ലാം അബദ്ധമായിരുന്നു, അതെല്ലാം വി.എസ്. അച്യുതാനന്ദന്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് എഴുതിപ്പിച്ചതാണ് എന്ന് എഴുതി ജനങ്ങളെ ബോധ്യപ്പെടുത്തുമായിരിക്കും. നമുക്ക് അതിനായി കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top