പൂര്‍വാധികം വെടക്കായി

ഇന്ദ്രൻ



ചാനലുകാര്‍ മേലില്‍ ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കും.
ബാര്‍ ഉടമകള്‍ പ്രസ്താവിക്കാന്‍ വരുമ്പോള്‍ അവരെക്കൊണ്ട് ഊതിച്ച്
കഴിച്ച മദ്യത്തിന്റെ അളവ് രേഖപ്പെടുത്തണം. അത് സ്‌ക്രീനില്‍ സ്‌ക്രോളിങ് ആയി
കാണിക്കണം. ശേഷം മതി പ്രസ്താവന റെക്കോഡാക്കുന്നത്. പൊതുജനത്തെ
തെറ്റിദ്ധരിപ്പിക്കരുതല്ലോ

വെടക്കാക്കി തനിക്കാക്കുക എന്നത് വടക്കന്‍ കേരളത്തിലെ ഒരു നാടന്‍ ഭാഷാപ്രയോഗമാണ്. വെടക്കാക്കുക എന്നാല്‍, മോശമാക്കുക എന്നര്‍ഥം. ഒരു സാധനം മോശമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയാല്‍ അതിന് ആവശ്യക്കാരില്ലാതാകും. അപ്പോള്‍ അത് തനിക്കെടുക്കാമല്ലോ. നല്ല ബുദ്ധി. ആ വസ്തുവിനോടുള്ള ഇഷ്ടംകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്, ഇഷ്ടക്കേട് കൊണ്ടല്ല എന്ന് കെ.എം. മാണിയും കേരള കോണ്‍ഗ്രസ്സുകാരും മനസ്സിലാക്കേണ്ടതുണ്ട്. ബാര്‍ തുറക്കാന്‍ കോഴ വാങ്ങി എന്ന ആരോപണം കേട്ട് അവര്‍ ഒട്ടും പരിഭവിക്കരുത്. മാണിസാര്‍ ഇടതുപക്ഷത്തിന്റെ കരാളഹസ്തങ്ങളില്‍ ചെന്നുപെടാതിരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു കടുംകൈ ചെയ്യേണ്ടിവന്നതാണ്.
എ ഗ്രൂപ്പുകാര്‍ക്കാണ് അദ്ദേഹത്തോട് ഈയിടെയായി കൂടതല്‍ സ്‌നേഹം. മാണിസാറിനെ കൊത്തിക്കൊണ്ടുപോയി കഥകഴിക്കാനുള്ള ഇടതുപക്ഷ ഗൂഢാലോചന ഏതാണ്ട് അന്ത്യഘട്ടത്തിലെത്തി എന്ന് റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് അതുതടയാനുള്ള ഓപ്പറേഷന്‍ രൂപപ്പെട്ടത് എന്നുകേള്‍ക്കുന്നു. യു.ഡി.എഫിന്റെ ഭരണം തീരാന്‍ ഒന്നര വര്‍ഷമേയുള്ളൂ. ഇപ്പോഴെങ്കിലും കൊത്തിയെടുത്തില്ലെങ്കില്‍ പിന്നെ ചാന്‍സ് ഇല്ല. ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പം കൂടിയാലും തിരഞ്ഞെടുപ്പുവരെയേ ജീവിതാഭിലാഷ പൂര്‍ത്തീകരണത്തിന് കാലാവധി ഉണ്ടാകൂ. തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഒരു ഫ്യൂഡല്‍ ബൂര്‍ഷ്വാ കക്ഷിക്ക് നല്‍കുന്നതിന് സിദ്ധാന്തപരമായ തടസ്സമുണ്ട്. ഇപ്പോള്‍ അതിന് തടസ്സമില്ലെന്നല്ല. എന്തിനും ഉണ്ടല്ലോ ചില്ലറ വിട്ടുവീഴ്ചയൊക്കെ. തിരഞ്ഞെടുപ്പ് ജയിച്ചെങ്കില്‍ ചെങ്കൊടിയേന്തിയ വിപ്ലവകാരികളില്‍ ഒരാളേ മുഖ്യമന്ത്രിയാവൂ. മാണിസാര്‍ മുഖ്യമന്ത്രിയുമല്ല, മന്ത്രിയുമല്ലാതെ ഇടതുപക്ഷ ബെഞ്ചില്‍ കുത്തിയിരിക്കുന്നത് കാണാനുള്ള ചങ്കുറപ്പില്ലാത്തതുകൊണ്ടാണ് മാണിസാറിനെ വെടക്കാക്കേണ്ടിവന്നത്. ക്ഷമിക്കണം.ഇതല്ലാതെ വേറെ ന്യായമൊന്നും വിവാദത്തില്‍ കാണാന്‍ അരിയാഹാരം കഴിക്കുന്നതും മദ്യം കുടിക്കുന്നതും ആയ കേരളീയര്‍ക്ക് സാധിക്കുന്നില്ല. സര്‍ക്കാറിന്റെ എക്‌സൈസ് ചക്കരക്കുടം മാണിസാറിന്റെയോ കേരള കോണ്‍ഗ്രസ്സിലാരുടെയെങ്കിലുമോ കൈയിലല്ല. അതും അതുമായി ബന്ധപ്പെട്ടതുമായ സര്‍വവകുപ്പുകളും കോണ്‍ഗ്രസ്സുകാരുടെ വിശുദ്ധഹസ്തങ്ങളിലാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന, സദാസമയം ‘മദ്യമേ വിഷമേ… വിഷമദ്യമേ… മര്‍ത്യനെ മൃഗമാക്കും വിഷമദ്യമേ’ എന്നുതുടങ്ങുന്ന പദ്യം ആലപിക്കുന്നവരുടെ പാര്‍ട്ടിയായതുകൊണ്ട് മദ്യവകുപ്പില്‍നിന്ന് പിടിവിടുന്ന പ്രശ്‌നമില്ല. വിദ്യാഭ്യാസ വകുപ്പ് കിട്ടിയില്ലെങ്കിലും സാരമില്ല, എക്‌സൈസ് മതി. വര്‍ഷാവസാനം ലൈസന്‍സ് പുതുക്കാതെ 418 ബാറുകാരെ സര്‍ക്കാര്‍ മുള്ളിന്മേല്‍ നിര്‍ത്തിയതുമുതല്‍ ബാര്‍ അസോസിയേഷന്‍കാര്‍ (വക്കീലന്മാര്‍ കോടതിയലക്ഷ്യക്കേസുമായി വരരുത്. പത്രങ്ങള്‍ അങ്ങനെയാണ് അവരെ വിളിക്കുന്നത്) കോഴ കൊടുത്തത് കെ.എം. മാണിക്ക് മാത്രമോ? പൂട്ടിയതും പൂട്ടാന്‍ പോകുന്നതുമായ സകല ബാറുകാരില്‍നിന്നും വാങ്ങിയ ബാക്കി കാശ് എവിടെ ബിജു രമേശാ… മലപ്പുറം പാര്‍ട്ടിക്കാര്‍ ഒരു രൂപപോലും എടുത്തുകാണില്ല. ഈ പണത്തില്‍ പങ്കുപറ്റില്ല. ഹറാമാണ്. അതുംകൂടി കോണ്‍ഗ്രസ്സിന് എടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, പാവപ്പെട്ട എക്‌സൈസ് മന്ത്രിക്കുപോലും പൈസ കൊടുത്തില്ലേ?
പിണറായിസഖാവ് മാണിസാറിനോട് തെല്ല് ഔദാര്യം കാട്ടിയത് പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അല്ലെങ്കിലും സി.പി.എമ്മുകാര്‍ മാന്യന്മാരാണ്. മുഖ്യമന്ത്രി രാജിവെക്കണം, ഈ മന്ത്രി രാജിവെക്കണം, മറ്റേ മന്ത്രി രാജിവെക്കണം എന്ന് എല്ലായ്‌പ്പോഴും അലറാറുണ്ടെങ്കിലും നിര്‍ണായകഘട്ടം വന്നാല്‍ അവര്‍ പിന്നില്‍നിന്ന് കുത്താറില്ല. മുഖ്യമന്ത്രിക്കെതിരെ കാര്യമായൊരു കോടതിനിരീക്ഷണം വന്നപ്പോള്‍ രക്ഷയ്‌ക്കെത്തിയത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണെന്നൊരു സല്‍പ്പേര് നിലവിലുണ്ട്. ഇത്തവണ കേട്ടതുപാതി കേള്‍ക്കാത്തപാതി പിണറായി വിജയന്‍ പാഞ്ഞുചെന്ന് മാണിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നിയമഗ്രന്ഥങ്ങള്‍ പഠിച്ചും ഭരണഘടനാ വിദഗ്ധന്മാരുമായി ചര്‍ച്ചനടത്തിയും ഇടം വലം മുകള്‍ വശങ്ങള്‍ നോക്കിയുമാണ് ഒടുവില്‍ അതാവശ്യപ്പെട്ടത്. രാജിക്കുശേഷം എന്ത് അന്വേഷണമാണ് വേണ്ടത് എന്ന കാര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കിടയില്‍ വമ്പിച്ച അഭിപ്രായ ഐക്യമായിരുന്നു. വിജിലന്‍സ് വേണമെന്ന് എഴുതിക്കൊടുത്തും സി.ബി.ഐ. വേണമെന്ന് പ്രസംഗിച്ചും വി.എസ്., ജുഡീഷ്യല്‍ അന്വേഷണമെന്ന് സി.പി.ഐ., കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘമെന്ന് പിണറായിയും അനുചരരും. തീരുമാനം പിറകെ വരും മാണി ആദ്യം രാജിവെച്ചു പുറത്തിറങ്ങി നില്‍ക്കട്ടെ എന്നായിരുന്നു വി.എസ്., പന്ന്യന്‍ കല്പന.
വിജിലന്‍സ് മൊഴിയോടെ ഒന്നാംഘട്ട ബ്ലാക്‌മെയിലിങ് കഴിഞ്ഞു. മാണിയെ വെടക്കാക്കാന്‍ പുറപ്പെട്ട് മുന്നണി പൂര്‍വാധികം വെടക്കായത് നേട്ടംതന്നെ. പെട്ടെന്ന് ബാര്‍ തുറന്നുകൊടുക്കാനൊന്നും പറ്റിയില്ലെങ്കിലും കോടതിയില്‍ വലിയ അലമ്പുണ്ടാക്കാതിരിക്കാന്‍ മാണിസാര്‍ വിചാരിച്ചാല്‍ പറ്റിയേക്കും.
ചാനലുകാര്‍ മേലില്‍ ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കും. ബാര്‍ ഉടമകള്‍ പ്രസ്താവിക്കാന്‍ വരുമ്പോള്‍ അവരെക്കൊണ്ട് ഊതിച്ച് കഴിച്ച മദ്യത്തിന്റെ അളവ് രേഖപ്പെടുത്തണം. അത് സ്‌ക്രീനില്‍ സ്‌ക്രോളിങ് ആയി കാണിക്കണം. ശേഷം മതി പ്രസ്താവന റെക്കോഡാക്കുന്നത്. പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കരുതല്ലോ.

****

യു.ഡി.എഫിനെ പൂര്‍വാധികം വഷളാക്കാനുള്ള മദ്യലോബിയുടെ ശ്രമങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് ജനപക്ഷയാത്ര നടത്തുന്നതിനിടില്‍ വി.എം. സുധീരന് വിവരം കിട്ടിയതായി മനസ്സിലാകുന്നു. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കേരളത്തിലെ മദ്യപ്രശ്‌നത്തില്‍ അന്താരാഷ്ട്രക്കാര്‍ക്ക് താത്പര്യമുണ്ടാകാന്‍ പ്രത്യക്ഷത്തില്‍ കാരണമൊന്നും കാണുന്നില്ല. ആഗോള വന്‍ശക്തികളാണോ ആഗോളീകരണ വക്താക്കളാണോ മുതലാളിത്ത ഭീകരന്മാരോ എന്നൊന്നും വ്യക്തമല്ല. ക്രമേണ വെളിപ്പെടുത്തുമായിരിക്കും.
വിദേശമദ്യത്തിന്റെ കച്ചവടം കുറയുന്നതില്‍ വിദേശകമ്പനികള്‍ക്ക് ആശങ്കയുണ്ടെന്ന് തോന്നാന്‍ മാത്രം മദ്യവിവരക്കേട് ഇവിടത്തെ മദ്യവിരുദ്ധന്മാര്‍ക്കുപോലും ഉണ്ടാവില്ല. വി.എം. സുധീരന് അതൊട്ടും ഉണ്ടാവില്ല. വിദേശകമ്പനികളല്ല കോഴിക്കോട്ടും പാലക്കാട്ടും ചേര്‍ത്തലയിലും ഗോവയിലും മറ്റും ഉള്ള ഡിസ്റ്റിലറികളാണ് നാടന്‍ വിദേശമദ്യത്തിന്റെ നിര്‍മാതാക്കള്‍. അതില്‍ അന്താരാഷ്ട്രക്കാര്‍ക്ക് താത്പര്യം കാണില്ല. വിദേശത്തുനിന്നുള്ള ഇറക്കുമതി ഇല്ലെന്നല്ല. അതുപക്ഷേ, ഫൈവ് സ്റ്റാറിലും മറ്റും കിട്ടുന്ന ഇനമാണ്. അതിനാകട്ടെ മറ്റു ബാറുകളെല്ലാം പൂട്ടുമ്പോള്‍ കച്ചവടം കൂടുകയേ ഉള്ളൂ. സമ്പൂര്‍ണ മദ്യനിരോധമായിരിക്കും അന്താരാഷ്ട്രക്കാര്‍ക്ക് താത്പര്യം.
ആകപ്പാടെ ഒരു സാധ്യതയേ കാണുന്നുള്ളൂ. പണ്ട് കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സി.ഐ.എ.ക്കാര്‍ ഇറങ്ങിയത് കമ്യൂണിസം ലോകമെങ്ങും പടര്‍ന്നേക്കുമോ എന്ന് ഭയന്നാണ്. ഇപ്പോള്‍ ഒരുപക്ഷേ, ഈ മദ്യനയം വിജയിച്ചാല്‍ വി.എം. സുധീരന്‍ മുഖ്യമന്ത്രിയായേക്കുമോ എന്ന വേവലാതി ഉണ്ടാകാം. അന്താരാഷ്ട്രക്കാരുടെ കാര്യം ഒന്നും പറയാനാവില്ല. ബ്രാന്‍ഡി, സ്‌കോച്ച് വിസ്‌കി സാധനങ്ങള്‍ കഴിക്കുന്ന കൂട്ടരായതുകൊണ്ട് എന്തക്രമവും ചെയ്‌തേക്കും.

****
സകലരും മദ്യത്തിന്റെയും ബാറിന്റെയും കാര്യം പറയുന്നതിനിടയില്‍ സഖാവ് പിണറായി ജ്ഞാനപ്പാന ചൊല്ലിയത് സ്വാഗതാര്‍ഹമാണ്. അതില്‍ ഹിന്ദുപ്രീണന അജന്‍ഡയൊന്നും ആരും കാണരുതേ.
പക്ഷേ, ഉദ്ധരണിയില്‍ തെല്ല് പിശകുണ്ടോ എന്നൊരു സംശയം. ‘എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും’ എന്ന് ജ്ഞാനപ്പാനയില്‍ പറയുന്നതുപോലെ സി.പി.എമ്മിന് മോഹമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആയുസ്സ് എണ്ണിയെണ്ണിക്കുറയുന്ന ആള്‍ക്കാണ് മോഹം കൂടേണ്ടത്. സി.പി.എമ്മിന്റെ ആയുസ്സ് എണ്ണിയെണ്ണിക്കുറയുന്നുണ്ടെന്നാരും പറയുകയില്ലല്ലോ. പിണറായി അങ്ങനെ ചിന്തിക്കുന്ന പ്രശ്‌നംപോലുമില്ല. മനുഷ്യര്‍ക്കേ ആയുസ്സ് എണ്ണിയെണ്ണിക്കുറയൂ. പാര്‍ട്ടിക്ക് പ്രപഞ്ചാവസാനം വരെ കൊടുത്തിട്ടുണ്ടല്ലോ ആയുസ്സ്. ഇനി ആയുസ്സ് കുറയുകയും മോഹം പെരുകുകയും ചെയ്യുന്ന മനുഷ്യര്‍ ആരെങ്കിലും ഉണ്ടോ? വി.എസ്., കെ.എം. മാണി?

Leave a Reply

Your email address will not be published. Required fields are marked *

Go Top