വേണം, സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍

ഇന്ദ്രൻ

ചില സംസ്ഥാനങ്ങളില്‍ ഈ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട് സിംഗിള്‍ വിന്‍ഡോ കൗണ്ടര്‍. ബാങ്കുകളിലല്ല, ഭരണത്തില്‍. ഏര്‍പ്പെടുത്തണമെങ്കില്‍ മുഖ്യമന്ത്രി അതിനുമാത്രം കരുത്തന്‍ അല്ലെങ്കില്‍ കരുത്ത ആയിരിക്കണം. തമിഴ്‌നാട്ടില്‍ അതാണത്രേ സമ്പ്രദായം. അവിടെ ഒറ്റയാളെ കണ്ടാല്‍ സംഗതിനടക്കും. ഒരു പ്രതിഷ്ഠയേ ഉള്ളൂ. കണ്ടുതൊഴുത് വെറ്റിലവെച്ചാല്‍ കാര്യംനടക്കും. ഇല്ലെങ്കില്‍ ഇല്ലെന്ന് അപ്പം വിവരംകിട്ടുമത്രെ. എ.ടി.എമ്മില്‍നിന്ന് കാശെടുത്താലെന്നപോലെ വിവരം എസ്.എം.എസ്സായിവരും. വിഘ്‌നങ്ങളൊന്നുംപിന്നെയുണ്ടാവില്ല. ഇവിടെ ഉപപ്രതിഷ്ഠകള്‍ക്കാണ് ബലം കൂടുതല്‍. വിഘ്‌നമേയുണ്ടാകൂ. എത്രയെണ്ണമാണ് കൈനീട്ടി പിറകെവരിക എന്നതിന് ഒരുകണക്കുമില്ല.

ബാര്‍ ലൈസന്‍സ് ഫീസ് റയ്ക്കണമെന്ന മര്‍മപ്രധാനമായ പൊതുജനാവശ്യത്തിന്റെ കാര്യംതന്നെയെടുക്കുക. ഇതുമായിച്ചെന്നാല്‍ കാര്യം നടത്തിക്കിട്ടാനുള്ള പാട് ചില്ലറയാണോ? ഇത്തരം ഭൗതികപ്രശ്‌നങ്ങളില്‍ ഒരുതീരുമാനവും മുഖ്യമന്ത്രി എടുക്കില്ല. ആത്മീയപ്രശ്‌നങ്ങളിലാണു താത്പര്യം. ഭൗതികവാദികള്‍ക്ക് ഫലംകിട്ടാന്‍ പാലായ്ക്കു പോകാം. അതാവും മിക്കപ്പോഴും മുഖ്യമന്ത്രിയുടെ ഉപദേശം. അല്ലെങ്കില്‍ മലപ്പുറത്ത്. ഇതുരണ്ടുമാണല്ലോ കേരളത്തിന്റെ ഉപതലസ്ഥാനങ്ങള്‍. ധനമന്ത്രിയെ തിരുവനന്തപുരത്തുചെന്ന് കാണണോ അതല്ലാ പാലായിലെത്തണോ എന്നത് കാര്യത്തിന്റെ ഗൗരവമനുസരിച്ചിരിക്കും. വെറുംകൈയോടെ പോകണോ കൈയില്‍ കനപ്പടിവല്ലതും കരുതണോയെന്ന് അവിടെച്ചെന്നേ അറിയാനൊക്കൂ. വല്ലതും കരുതണമെന്ന് അറിയിപ്പുകിട്ടിയാല്‍ അതിന് നിവേദകര്‍ പരക്കംപായണം. നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ക്കുപുറമെ ഇവിടങ്ങളില്‍ തുകയ്ക്കു പരിധിയില്ലാതെ സ്‌പെഷ്യല്‍ എ.ടി.എമ്മുകളേര്‍പ്പെടുത്തുന്നത് ജനോപകാരപ്രദനടപടിയായിരിക്കും. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഒന്നും രണ്ടും പോക്കുകൊണ്ടൊന്നും കാര്യംനടക്കില്ല. ധനമന്ത്രിക്ക് ഫയല്‍ പഠിക്കണം. എസ്.എസ്.എല്‍.സി. പരീക്ഷപോലുള്ള തമാശക്കളിയല്ലല്ലോ ഈ പഠിപ്പ്. പത്തുകോടിയുടെ ഒരു പൂജ്യം വിട്ടുപോയാല്‍ എന്താകഥ! പഠിക്കാന്‍ സമയമെടുക്കും. സമയം എത്ര കുറയ്ക്കണോ അതിനാനുപാതികമായി ചെലവുകൂടും.മന്ത്രിസഭയെന്നുപറയുന്നത് വലിയ സഭയല്ല്യോ. ഒരു മന്ത്രി വിചാരിച്ചാല്‍ ഒന്നുംനടക്കില്ല. ചിലപ്പോള്‍ വിശദാംശങ്ങള്‍ സംസാരിക്കാന്‍ മന്ത്രിയുടെ മകനെ കാണേണ്ടിവരും. മന്ത്രിയുടെ ഭാര്യയെ കാണേണ്ടിവരുന്നവിധത്തില്‍ സ്ത്രീശാക്തീകരണമുണ്ടായിട്ടില്ല എന്നുവേണം കരുതാന്‍. ചിലപ്പോള്‍ മന്ത്രിയുടെ പാര്‍ട്ടിസെക്രട്ടറിയെ കാണേണ്ടിവരും. മന്ത്രിപ്പണിയും പാര്‍ട്ടിപ്പണിയുമെല്ലാം ഒരാളാണു ചെയ്യുന്നതെങ്കില്‍ സൗകര്യമായി. മന്ത്രിസഭയില്‍ സിംഗിള്‍ വിന്‍ഡോ സംവിധാനമില്ലെങ്കിലും ചില പാര്‍ട്ടികളിലത് കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ട്. അത്തരം വകുപ്പുകളില്‍ ഒരാളെ കണ്ടാല്‍മതി. പക്ഷേ, ഒരുസംഗതിയും ഒറ്റവകുപ്പില്‍ തീരില്ല. ബാറൊക്കെ എളുപ്പപ്പണിയാണ്. കാശേ കരുതേണ്ടൂ. ഒരു വ്യവസായം തുടങ്ങുന്നതിന് കാണേണ്ടിവരിക എത്ര യജമാനന്മാരെയാണെന്നറിയുന്നവര്‍ സെക്രട്ടേറിയറ്റിലില്ല. ജ്യോത്സ്യന്മാര്‍ക്ക് ഗണിച്ചുപറയാന്‍ പറ്റിയേക്കും. ഒരാളെക്കാണുമ്പോഴേ അടുത്തതാരെയാണു കാണേണ്ടതെന്നു മനസ്സിലാകൂ. വ്യവസായവകുപ്പ്, പരിസ്ഥിതിവകുപ്പ്, വൈദ്യുതിവകുപ്പ്, ആരോഗ്യവകുപ്പ്, പഞ്ചായത്തുവകുപ്പ്, റവന്യൂവകുപ്പ്, ഭക്ഷ്യവകുപ്പ്, ജലവകുപ്പ്, തൊഴില്‍വകുപ്പ്… അങ്ങനെയങ്ങനെപോകും. 20 പേരെയും കാണേണ്ടിവന്നുകൂടെന്നില്ല.ഈ കഷ്ടപ്പാടുകളൊഴിവാക്കി ഭരണം കാര്യക്ഷമമാക്കുന്നതിനാണ് സിംഗിള്‍ വിന്‍ഡോ സംവിധാനം വേണമെന്നു പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനോടനുബന്ധിച്ചാവുന്നതാണു സൗകര്യം. അതിനടുത്തൊന്നും മറ്റേ സാധനം ആ സി.സി.ടി.വി. ക്യാമറ കണ്ടുപോകരുത്. സംവിധാനം മുഖ്യമന്ത്രിയുടെ അറിവോടെയാണു പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രിയൊഴികെ മാലോകരെല്ലാമറിഞ്ഞിരിക്കണം. ഇത്തരം നിസ്സാരകാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയേണ്ടകാര്യമില്ല. കെ.പി.സി.സി. പ്രസിഡന്റിന് ആദര്‍ശം, സത്യസന്ധത, അഴിമതിവിരുദ്ധം തുടങ്ങിയ നടപടിദോഷങ്ങളുള്ളതുകൊണ്ട് അദ്ദേഹവും അറിയരുത്. എത്രവകുപ്പുകള്‍ക്കാണു വിഹിതമെത്തിക്കേണ്ടത്, ഓരോരുത്തരുടെയും വിഹിതമെത്ര തുടങ്ങിയ വിവരങ്ങള്‍ മുന്നണിയുടെ ഒരു ഉപസമിതി തീരുമാനിച്ചാല്‍മതി. ബാറായാലും സ്‌കൂളായാലും തീരുമാനം മുഖ്യമന്ത്രിതന്നെയെടുക്കണം. അങ്ങോട്ടുപോ, ഇങ്ങോട്ടുപോ എന്നൊന്നും പറയരുത്. ചില്ലിക്കാശിന്റെ ഇടപാട് മുഖ്യമന്ത്രിയുമായി ഉണ്ടാവാന്‍പാടില്ല. നമ്മളെല്ലാം അഴിമതിക്കെതിരല്ലേ. ആവശ്യക്കാരന്‍ മുഖ്യമന്ത്രിയുടെ തീരുമാനവുമായി ഇറങ്ങുമ്പോള്‍വേണം സംഭാവനപിരിക്കാന്‍. സംഭാവന അഴിമതിയല്ല. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ പാര്‍ട്ടികളും പാര്‍ട്ടിപ്രവര്‍ത്തകരും പാര്‍ട്ടിനേതാക്കളും അതിന്റെ സംവിധാനങ്ങളുമെല്ലാം നിലനില്‍ക്കണമല്ലോ. തീരുമാനം കാര്യക്ഷമമായി നടപ്പാക്കാനുള്ള സംവിധാനമാണല്ലോ ഒറ്റയിടത്ത് എല്ലാം ലഭ്യമാക്കുകയെന്നത്.

പാര്‍ട്ടിഫണ്ടിലേക്കുള്ളത് അഡീഷനാലിറ്റിയായി പിരിക്കുന്നത് ദൈവം പൊറുക്കില്ല. അത് വകുപ്പുമന്ത്രിയുടെ വിഹിതത്തില്‍നിന്നുതന്നെയെടുക്കണം. തനിക്കൊന്നും വേണ്ട എന്നുപറയുന്ന ഏതാനുംചില മരത്തലയന്മാര്‍ മന്ത്രിസഭയിലുണ്ടെന്നു കേള്‍വിയുണ്ട്. സത്യമാണോയെന്നറിയില്ല. ഉണ്ടെങ്കില്‍ അവരുടെ വിഹിതം അവരോടു ചോദിക്കാതെ പാര്‍ട്ടിഫണ്ടിലേക്കു കൈമാറേണ്ടതാണ്.

കളവില്‍ ചതി പാടില്ല എന്നുപറയുന്നതുപോലെ വിഹിതം നിര്‍ണയിക്കുന്നതിലൊന്നും നാം മര്യാദകേടു കാണിക്കരുത്. മന്ത്രിയുടെ ആവശ്യമോ സില്‍ബന്ദികളുടെ അത്യാര്‍ത്തിയോ നോക്കി അതു തീരുമാനിക്കാന്‍ പാടില്ല. നമ്മള്‍ ആദര്‍ശംവിട്ട് ഒന്നും ചെയ്യരുത്. പാര്‍ട്ടിയുടെ നിയമസഭയിലെ ബലത്തിനാനുപാതികമായിവേണം വിഹിതം നിശ്ചയിക്കാന്‍. വിഹിതം തോന്നുംപോലെ കൂട്ടാനൊന്നും പാടില്ല. ഉപസമിതി കൂടി അംഗീകരിച്ചേ അതു പാടുള്ളൂ. വിഹിതത്തില്‍ അവിഹിതം പാടില്ലെന്നര്‍ഥം.

ഇതെന്തോ പുതിയ സംവിധാനമാണെന്നു ധരിക്കരുത്. നാട്ടിലെ ഒരുപാട് സര്‍ക്കാര്‍ ഓഫീസുകളില്‍ ഈ രീതി ഒരു പരാതിക്കുമിടനല്‍കാതെ പതിറ്റാണ്ടുകളായി കാര്യക്ഷമമായി നടന്നുവരുന്നുണ്ട്. പലേടത്തും കാര്യം നടക്കുന്നതിനുമുമ്പ് ഒന്നും നല്‍കേണ്ട. കഴിഞ്ഞുപോകുമ്പോള്‍ സന്തോഷിച്ച് നല്‍കിയാല്‍ മതി. വൈകുന്നേരമാകുമ്പോള്‍ പിരിഞ്ഞുകിട്ടിയ തുക ഏതാണ്ട് സോഷ്യലിസ്റ്റ് തത്ത്വമനുസരിച്ച് ഓരോരുത്തര്‍ക്കും വീതിച്ചുനല്‍കും. കൈക്കൂലിവാങ്ങിയെന്ന മനസ്സാക്ഷിക്കുത്ത് ആര്‍ക്കുമുണ്ടാകില്ല. ഇടയ്ക്ക് വിജിലന്‍സുകാര്‍ കേറിവന്ന് കളര്‍പ്പൊടിയിട്ട നോട്ടുകൊടുത്ത് നമ്മളെ സുയിപ്പാക്കുമെന്ന പേടിയും വേണ്ട. ഇതിന്റെയൊരു വികസിതരൂപമാണ് മന്ത്രിസഭാതലത്തില്‍ നടപ്പാക്കേണ്ടത്. ആര്‍ക്കും അസംതൃപ്തിയില്ലാതെ സംഗതി നടക്കുന്നുവെന്നുറപ്പുവരുത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിനാവശ്യമാണ്. അസംതൃപ്തിയുണ്ടാകുമ്പോഴാണ് ബിജു രമേശ് തുടങ്ങിയ പ്രതിഭാസങ്ങളുണ്ടാകുന്നത്. ബാര്‍ ഉടമകള്‍ അഴിമതിവിരുദ്ധന്മാരാകുന്ന അവസ്ഥയുണ്ടായാല്‍ ലോകാവസാനത്തിന് വലിയ താമസമുണ്ടാകില്ല. പോംവഴി കണ്ടെത്തുന്നില്ലെങ്കില്‍ പശ്ചാത്തപിക്കാന്‍ പിന്നെ ആരും ബാക്കിയുണ്ടാവില്ല, ഓര്‍ത്തോ.

ചരിത്രത്തില്‍ സ്ഥാനംപിടിച്ച പ്രതിഭാശാലികളായ വിദ്യാഭ്യാസമന്ത്രിമാരുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേര്‍ക്കാനായി. എസ്.എസ്.എല്‍.സി. പരീക്ഷപോലെ ഇത്ര ജനശ്രദ്ധയാകര്‍ഷിച്ച മറ്റൊരു സംഭവമുണ്ടായിട്ടില്ല സമീപകാലത്തൊന്നും. ഇങ്ങനെയോരോന്നുണ്ടാകുന്നില്ലെങ്കില്‍ ആളുകള്‍, പ്രത്യേകിച്ച് മാധ്യമക്കാര്‍ ബാര്‍, സോളാര്‍ എന്നുംമറ്റും പിറുപിറുത്തുനടക്കും.

മുന്‍കാലങ്ങളിലൊക്കെ പരീക്ഷതോറ്റ വിദ്യാര്‍ഥികളാണ് റോഡിലിറങ്ങാന്‍ ലജ്ജിച്ചിരുന്നത്. പരീക്ഷജയിച്ചവര്‍ നാണക്കേടുകൊണ്ട് റോഡിലിറങ്ങാത്ത അവസ്ഥ ആദ്യമാണ്. മുമ്പെല്ലാം പരീക്ഷജയിക്കാനാണ് ആളുകള്‍ അമ്പലത്തിലുംമറ്റും പോയി പ്രാര്‍ഥിച്ചിരുന്നത്. ഇപ്പോള്‍ വല്ലകാരണവശാലും ഒന്നു തോറ്റുകിട്ടണമെന്നുള്ളവരാണ് പ്രാര്‍ഥിക്കേണ്ടത്. പരീക്ഷയെഴുതാത്തവരും പാസാകുന്നു.
പുസ്തകംനോക്കി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ ലാലുപ്രസാദ് യാദവിന് കഴിഞ്ഞിട്ടുള്ളൂ. നമുക്കിനി പരീക്ഷയെഴുതാതെതന്നെ നൂറ്റൊന്നു ശതമാനത്തെ പാസാക്കുന്നതിനെക്കുറിച്ചാലോചിക്കണം. എന്നാലേ ഈമാതിരി പഴികളൊഴിവാക്കാനാകൂ.

ഇതുകൊണ്ട് എന്തെല്ലാം ഗുണഫലങ്ങളുണ്ടെന്ന് വിമര്‍ശകര്‍ക്കു മനസ്സിലായിട്ടില്ല. ഫലം വരാതെ വന്ന ദിവസംതന്നെ പത്രങ്ങളെഴുതുന്നുണ്ട് അരലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനസാധ്യതയില്ലെന്ന്. പരിഹരിക്കേണ്ട പ്രശ്‌നംതന്നെ. ഉടനെ തുടങ്ങണം ആയിരമോ രണ്ടായിരമോ പ്ലസ്ടു ബാച്ചുകള്‍. എന്തായിരിക്കും വരവെന്നു കൂട്ടിനോക്ക്. അത്രയും അധ്യാപകനിയമനം ഉടനെ. ആകപ്പാടെ സാമ്പത്തികവികസനത്തിന്റെ ടെയ്ക്ക് ഓഫ് ആവും ഓരോ എസ്.എസ്.എല്‍.സി. ഫലവും. രാഷ്ട്രീയത്തില്‍ പ്രതിഭാശാലികള്‍ക്കു ക്ഷാമമുണ്ടെന്ന് ആരേ പറഞ്ഞത്?

nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top