അടവുനയ തന്ത്രകുതന്ത്രം

ഇന്ദ്രൻ

ഈ പ്രക്രിയ അനന്തമായി തുടരും. ഇതിനിടെ, കഴിഞ്ഞ ചര്‍ച്ചക്കാലത്ത്
ജനിച്ചിട്ടുപോലുമില്ലാത്ത ഏതെങ്കിലും പാര്‍ട്ടി ഏതെങ്കിലും സംസ്ഥാനത്ത്
അധികാരം പിടിക്കും. അതിനിപ്പം നമ്മളെന്താക്ക്വാനാണ്‍ !

അധികാരത്തിലേറാന്‍ ഏത് ചെകുത്താനുമായും കൂട്ടുപിടിക്കുക എന്നതാണ് പാര്‍ട്ടികളുടെ ദേശീയനയം. ഏത് ചെകുത്താനെ കൂട്ടണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടികള്‍ കേന്ദ്രകമ്മിറ്റി വിളിച്ചുചേര്‍ക്കാറില്ല. കൂട്ടുകൂടി സീറ്റ് ഓഹരിവെച്ചുകൊള്ളുക എന്നതാണ് സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍. അടവ്, നയം, തന്ത്രം, കുതന്ത്രം എന്നീ ഗണത്തില്‍ പെടുത്താവുന്ന എന്തും ചെയ്യാം. അതിന് കേന്ദ്രനേതൃത്വം, ഹൈക്കമാന്‍ഡ് തുടങ്ങിയ പേരുകളിലറിയപ്പെടുന്ന യജമാനന്മാരുടെ അനുമതിയൊന്നും വേണ്ട. പാര്‍ട്ടി നിലനില്‍ക്കുന്നതുതന്നെ അധികാരത്തിനുവേണ്ടിയാണ്. ആരും അധികാരം എന്തിനുവേണ്ടി എന്ന് ചോദിക്കാറില്ല. അധികാരം അധികാരത്തിനുവേണ്ടിയല്ല. ആ സംഗതി കൈയില്‍ക്കിട്ടിയാല്‍ നൂറുകാര്യങ്ങള്‍ ചെയ്യാനുണ്ട്. നൂറില്‍ അമ്പതുകാര്യങ്ങള്‍ പുറത്തുപറയാന്‍ കൊള്ളുന്നവയും ശേഷിച്ചവ സ്വകാര്യമായി ചെയ്യേണ്ടവയുമാണ്.
ഏത് ചെകുത്താനുമായും കൂട്ടുപിടിക്കാം എന്നുള്ളതിന് ഏറ്റവും ഒടുവിലത്തെ തെളിവ് രാജ്യത്തിന്റെ ഏറ്റവും ടോപ്പില്‍ കിടക്കുന്ന ജമ്മുകശ്മീര്‍ സംസ്ഥാനത്ത് ആര്‍ഷഭാരത ആദര്‍ശപാര്‍ട്ടി പങ്കാളിത്തംവഹിക്കുന്ന സര്‍ക്കാറാണ്. പി.ഡി.പി. എക്കാലത്തും ബി.ജെ.പി.യെ ചെകുത്താന്‍ എന്നേ വിളിക്കാറൂള്ളൂ. ബി.ജെ.പി. മറ്റേതിനെയും. ഒന്ന് ഹിന്ദുത്വ ഫാസിസ്റ്റ് വര്‍ഗീയപാര്‍ട്ടി. മറ്റേത് രാജ്യദ്രോഹഭീകരവാദിപാക് അനുകൂലദേശവിരുദ്ധ പാര്‍ട്ടി. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഭൂരിപക്ഷം ആര്‍ക്കുമില്ലെന്ന്. അത് വലിയ പ്രശ്‌നംതന്നെ. ഏത് പ്രശ്‌നമാണ് ലോകത്ത് പറഞ്ഞാല്‍ തീരാത്തതായുള്ളത്? ബി.ജെ.പി.യും പി.ഡി.പി.യും മാരത്തോണ്‍ ചര്‍ച്ചനടത്തി പ്രശ്‌നം തീര്‍ത്ത് മന്ത്രിസഭയുണ്ടാക്കി. ഇപ്പോള്‍ അവര്‍ തമ്മിലുള്ള പ്രശ്‌നം അധികകാലം നീണ്ടുനില്‍ക്കില്ല. മന്ത്രിസഭ വീഴുംവരെയേ ഉണ്ടാകൂ. അധികം വൈകില്ല.

കശ്മീരില്‍ കണ്ടതാണ് അതിന്റെ പൊതുസ്വഭാവം എന്നത് ശരി. പക്ഷേ, എല്ലാവരും അങ്ങനെയല്ല. അത്യപൂര്‍വം ചില പാര്‍ട്ടികള്‍ക്ക് ഡല്‍ഹി കേന്ദ്ര ഓഫീസിലെ എ.സി. മുറിയിലിരുന്ന് ആലോചിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമല്ല അടവും തന്ത്രവുമൊക്കെ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിനെ എടുക്കുക. മൂന്നുവര്‍ഷം കൂടുമ്പോള്‍ അവര്‍ രാജ്യത്തെവിടെയെങ്കിലും ലക്ഷങ്ങള്‍ ചെലവാക്കി പന്തലുകെട്ടി, കോണ്‍ഗ്രസ്, പ്ലീനം, പ്രീഹം തുടങ്ങിയ വിചിത്രനാമങ്ങളുള്ള സമ്മേളനങ്ങള്‍ നടത്തി, അമ്പതും നൂറും പേജുള്ള രേഖകള്‍ വായിച്ച്, രാവും പകലും ചര്‍ച്ച നടത്തും. എന്നിട്ട് കഴിഞ്ഞ പ്രാവശ്യം ചര്‍ച്ചചെയ്ത് എടുത്ത തീരുമാനം പിശകിപ്പോയെന്ന് തീരുമാനിക്കും. വീണ്ടും അടുത്ത പ്രാവശ്യം ചര്‍ച്ചചെയ്യാന്‍ തീരുമാനമെടുക്കും. അത് തെറ്റിപ്പോയി, അന്നേ തീരുമാനിക്കേണ്ടതായിരുന്നു എന്ന് അടുത്ത കോണ്‍ഗ്രസ് വിലയിരുത്തും. ഈ പ്രക്രിയ അനന്തമായി തുടരും. ഇതിനിടെ, കഴിഞ്ഞ ചര്‍ച്ചക്കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത ഏതെങ്കിലും പാര്‍ട്ടി ഏതെങ്കിലും സംസ്ഥാനത്ത് അധികാരം പിടിക്കും. അതിനിപ്പം നമ്മളെന്താക്ക്വാനാണ്‍

ഇക്കുറി വിശാഖപട്ടണത്ത് ചര്‍ച്ച പൂര്‍വാധികം ഭംഗിയായി നടക്കുകയുണ്ടായി. പ്രപഞ്ചത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷംനടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ച് ചര്‍ച്ചചെയ്തു. ചൈനയിലും ബൊളീവിയയിലും വെനസ്വേലയിലും യുെ്രെകനിലും ഉണ്ടായ സംഭവങ്ങള്‍ വിവരിച്ച് ഡസന്‍ പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ, രാജ്യത്തെ സകലപ്രശ്‌നങ്ങള്‍ക്കും കാരണക്കാരായ കോണ്‍ഗ്രസ്ബി.ജെ.പി. സര്‍ക്കാറുകളെ, പിന്തിരിപ്പന്മാരെ, ആഗോളീകരണക്കാരെ, മുതലാളിത്തത്തെ, സാമ്രാജ്യത്വത്തെ… സകല കാളികൂളികളെയും രൂക്ഷമായി അപലപിച്ചിട്ടുമുണ്ട്. ആകപ്പാടെ എല്ലാം പതിവിന്‍പടിതന്നെ. ലോകം അതിന്റെവഴിക്ക് പോകുന്നു, നമ്മുടെ പാര്‍ട്ടി അമ്പതുകൊല്ലംമുമ്പ് തുടങ്ങിയേടത്തുനിന്ന് ആറടി പിന്നിലേക്ക് പോയിരിക്കുന്നു.

ദേശീയരാഷ്ട്രീയത്തില്‍ ഒരു കരപിടിക്കാന്‍വേണ്ടി പാര്‍ട്ടി കാല്‍നൂറ്റാണ്ടായി നടത്തുന്ന യത്‌നങ്ങള്‍ ഏറ്റുപറയുന്നുണ്ട് വിശാഖപട്ടണത്തെ കോണ്‍ഗ്രസ്സില്‍; 61 ഖണ്ഡികയുള്ള രേഖയില്‍. ഇതിനെ അടവുനയ രേഖ എന്നാണ് വിളിക്കുക. വായിച്ചാല്‍ ശത്രുക്കള്‍ക്കുപോലും സങ്കടം തോന്നും. ആദ്യം കുറേക്കാലം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഹോരാത്രം പ്രയത്‌നിച്ചു. പാര്‍ട്ടി ശക്തിപ്പെട്ടില്ല. പിന്നെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ വിയര്‍പ്പൊഴുക്കി. ഐക്യം ശക്തിപ്പെട്ടില്ല. പിന്നെ മൂന്നാം ബദലുണ്ടാക്കാന്‍ തത്രപ്പെട്ടു. മൂന്നാം ബദല്‍ ഉണ്ടായില്ല. രണ്ടുപതിറ്റാണ്ട് മുമ്പാണ് മൂന്നാം ബദലുണ്ടാക്കാനുള്ള പാച്ചില്‍ തുടങ്ങിയത്. 15 വര്‍ഷമാണ് അതിന് മെനക്കെട്ടത്. ഇരുപതാം കോണ്‍ഗ്രസ്സില്‍ അടിമുടി ചര്‍ച്ചചെയ്തപ്പോള്‍ രണ്ട് കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്, മൂന്നാം ബദലൊന്നും നടക്കുന്ന സംഗതിയല്ല. രണ്ട്, അതിന് മെനക്കെട്ട് നടന്നുനടന്ന് പാര്‍ട്ടി ശോഷിച്ചുപോയി. ഇനി പഴയ പണിതന്നെ മതി എന്ന് തീരുമാനിച്ചുഇടതുജനാധിപത്യ മുന്നണി പടുത്തുയര്‍ത്തല്‍. ദേശീയ തലത്തിലും നമ്മള്‍ പഴയ പണിതന്നെ തുടര്‍ന്നു. കോണ്‍ഗ്രസ്സിനെ താഴ്ത്താന്‍ നോക്കുമ്പോള്‍ ബി.ജെ.പി. ഉയരും. അപ്പോള്‍ ബി.ജെ.പി.യെ താഴ്ത്താന്‍ നോക്കും അപ്പോള്‍ കോണ്‍ഗ്രസ് ഉയരും. ബി.ജെ.പി. താഴും കോണ്‍ഗ്രസ് പൊങ്ങും മറിച്ച്, തിരിച്ച്… അങ്ങനെ കാലമെത്ര പോയി. എവിടെയെത്തി ലോകം, എവിടെ നില്‍ക്കുന്നു നമ്മള്‍? ഈശ്വരോ രക്ഷത്…

ഇനി ഇടതുപക്ഷ ഐക്യംതന്നെ രക്ഷ. മുമ്പെല്ലാം ലോകകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് കോണ്‍ഗ്രസ് മേള കാണാന്‍ ക്ഷണിക്കാറുള്ളത്. കുറേക്കാലം വന്നു അവര്‍. വലിയ പ്രയോജനമുണ്ടായില്ല. വിമാനച്ചാര്‍ജ് കൊടുക്കാന്‍ വകയില്ലാത്ത കൂട്ടരാണ് പലരും. എന്തിന് കഷ്ടപ്പെടുത്തണം? ഇത്തവണ ദേശീയ ഇടതുപക്ഷത്തെയാണ് വിളിച്ചത്. ഭാഗ്യത്തിന് എല്ലാം സി.പി.എമ്മിന്റെ താഴെയേ നില്‍ക്കൂ. സി.പി.എമ്മിന്റെ വോട്ടുതന്നെ രാജ്യത്തെ മൊത്തം വോട്ടിന്റെ മൂന്നുശതമാനമേ വരൂ. മൂന്ന് സംസ്ഥാനത്താണ് അതില്‍ നാലില്‍ മൂന്നും. സി.പി.ഐ.യുടെ വോട്ട് ഒരുശതമാനം തികയില്ല. പിന്നെ ആര്‍.എസ്.പി.അതിന്റെ പാതിയേ ഇടതുമുന്നണിയിലുള്ളൂ. ബാക്കി പാതി വലതുമുന്നണിയിലാണ്. പിന്നെ ഫോര്‍വേഡ് ബ്ലോക്ക്. ഊക്കന്‍ പാര്‍ട്ടിയാണ്. വോട്ടെത്രയുണ്ട് എന്ന് ഭൂതക്കണ്ണാടിവെച്ച് നോക്കണം. ഇവരെല്ലാം ചേര്‍ന്നാണ് കാല്‍നൂറ്റാണ്ടുകൊണ്ട് രാജ്യം പിടിച്ച് സോഷ്യലിസം നടപ്പാക്കാന്‍ പോകുന്നത്. ലാസ്റ്റ് ബസ്സിന്റെ കാര്യം പറഞ്ഞതുപോലെ വരും വരാതിരിക്കില്ല.
******

രാഷ്ട്രീയത്തില്‍ ഏത് സത്യം പറയാം, ഏത് സത്യം പറയാന്‍ പാടില്ല എന്ന് സീനിയര്‍ നേതാവായ പി.പി. തങ്കച്ചന് അറിയില്ലെന്ന് കരുതാന്‍ നിവൃത്തിയില്ല. മന്ത്രിയൊന്നുമായില്ലെങ്കിലും ഐ.ജ. മുന്നണി കണ്‍വീനറല്ലേ ചേട്ടന്‍. സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് രൂപവത്കരിച്ചതുതന്നെ പാര്‍ട്ടികളെ നിരീക്ഷിക്കാനാണ് എന്ന് തങ്കച്ചന്‍ പറഞ്ഞതായി മാധ്യമറിപ്പോര്‍ട്ടുണ്ട്. സത്യമാവില്ല, വളച്ചൊടിച്ചതാവും. സ്‌പെഷല്‍ ബ്രാഞ്ച് രൂപവത്കരിച്ചകാലം മുതല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ നിരീക്ഷിക്കുന്നുണ്ട് എന്നാവും ചേട്ടന്‍ പറഞ്ഞത്. അതാണ് സത്യം.
യു.ഡി.എഫ്. സര്‍ക്കാറിനെ താഴെയിറക്കാന്‍ പലരും ശ്രമിക്കുന്നുണ്ട് എന്നറിയാന്‍ സ്‌പെഷല്‍ ബ്രാഞ്ചൊന്നും ആവശ്യമില്ലല്ലോ. പോലീസ് അറിയുംമുമ്പ് അത് നാട്ടില്‍ പാട്ടാവും അല്ലെങ്കില്‍ നാട്ടില്‍ പാട്ടായാലേ അത് പോലീസ് അറിയൂ എന്നും പറയാം. മന്ത്രിസഭയുടെ അല്ലെങ്കില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് ചുമതലയുണ്ട്. നാട്ടില്‍ നടക്കാനിടയുള്ള എന്തും ക്രമസമാധാനപാലനത്തിന് ഭീഷണിയാവുമെങ്കില്‍ പോലീസിന് ശ്രദ്ധിക്കാതെ പറ്റില്ലല്ലോ.
മതി ഇത്രയും മതി. ആരെങ്കിലും കൂറുമാറാന്‍ ആലോചിക്കുന്നുണ്ടോ, ആരെയെങ്കിലും വിളിച്ച് രഹസ്യചര്‍ച്ച നടത്തുന്നുണ്ടോ എന്നെല്ലാം അന്വേഷിക്കാന്‍ ഇതുതന്നെ മതിയായ കാരണമാണ്. ഫോണ്‍ ചോര്‍ത്താന്‍ പ്രത്യേക അനുമതി വേണം എന്നാണ് ചട്ടം. അതിനര്‍ഥം അനുമതിയില്ലാതെ ആരുടെയും ഫോണ്‍ ചോര്‍ത്തില്ല എന്നല്ല. ജനപ്രതിനിധികളുടെ പിറകെ നടക്കാന്‍ പോലീസ് ആളെ അയയ്ക്കരുത് എന്നുപറയാം. പക്ഷേ, പിറകെ ആള്‍ പോകാതെതന്നെ ആര്, എവിടെ പോകുന്നു, ആരോട് ബന്ധപ്പെടുന്നു എന്നറിയാന്‍ സംവിധാനം ഇപ്പോഴുണ്ട്. രാജാവിനേക്കാള്‍ രാജഭക്തിയുള്ളവരെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുത്തണം. പിന്നെ അവര്‍ക്ക് ഉത്തരവുകള്‍ കൊടുക്കേണ്ട. എല്ലാം അറിഞ്ഞ് ചെയ്തുകൊള്ളും.

എന്തായാലും എന്ത് സത്യം പറയണം എന്ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അറിയാം. എം.എല്‍.എ.മാരെ നിരീക്ഷിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പണ്ട് ശ്രമിച്ചിട്ടില്ല, ഇപ്പോള്‍ ശ്രമിക്കുന്നില്ല, ഭാവിയില്‍ ശ്രമിക്കുകയുമില്ല. ഓക്കെ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top