യു.ഡി.എഫ്. ഫാനില്‍ തട്ടിത്തെറിച്ച്…

ഇന്ദ്രൻ

അഴിമതിക്കെതിരെ പോരാടുക എന്ന് പറഞ്ഞാല്‍ പിന്നെ എന്താണ് അര്‍ഥം? യു.ഡി.എഫ്. ഭരണത്തിന്റെ ചീഫ് ചാട്ടവാര്‍ ആയിരുന്ന നാല് വര്‍ഷക്കാലവും പി.സി. ജോര്‍ജ് യു.ഡി.എഫ്. വൈതാളികരുടെ അഴിമതികളെക്കുറിച്ച് ആഗോള സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ബഹാമാസ് ദ്വീപില്‍, പാരഡൈസ് ദ്വീപില്‍, സാന്‍ സാല്‍വദോറില്‍, ക്രുക്കഡ് ഐലന്‍ഡില്‍ എല്ലാം ഉള്ള ബാങ്കുകളില്‍ ആര്‍ക്കെല്ലാം ഉണ്ട് ബാങ്ക് നിക്ഷേപം, ശ്രീലങ്ക, മാലെദ്വീപ്, ബാലി ദ്വീപ് തുടങ്ങിയ ദ്വീപുകളില്‍ ആര്‍ക്കെല്ലാം ഉണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍… ആഫ്രിക്കയില്‍ ആര്‍ക്കെല്ലാം ഉണ്ട് റബ്ബര്‍ എസ്‌റ്റേറ്റ്, യു.എസ്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ എത്ര അച്ചായന്മാരുണ്ട്… യു.പി.എ. സര്‍ക്കാര്‍ പത്തുവര്‍ഷം അന്വേഷിച്ച് കിട്ടാത്തതരം വിവരങ്ങള്‍ പി.സി. ജോര്‍ജ് ശേഖരിച്ചുവെച്ചതാണ്. ഏതെല്ലാം ബജറ്റിലെ ഏതെല്ലാം ഐറ്റംസ് ആര്‍ക്കെല്ലാം വിറ്റ് പണം ബാങ്കിലിട്ടിട്ടുണ്ടെന്നും പി.സി. ജോര്‍ജിന് അറിയാമായിരുന്നു. ജോര്‍ജിന് ഇതെല്ലാം അറിയാമെന്ന് കെ.എം. മാണിക്കും ജോസ് കെ. മാണിക്കും അറിയാം. അവര്‍ക്കറിയാം എന്ന് പി.സി. ജോര്‍ജിനും അറിയാം.

പി.സി. ജോര്‍ജ് അറിയാതെപോയ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. മാണിക്കും മോനും മുമ്പ് ഇതെല്ലാം നാല് പേരറിയുമോ എന്ന് പേടിയുണ്ടായിരുന്നു. ഇപ്പോഴില്ല. ആകെ മുങ്ങിയാല്‍ ശീതമില്ല. ഇടതിന്റെയും വലതിന്റെയുമെല്ലാം ഇഷ്ടപുത്രനായി മുഖ്യമന്ത്രിയാകാമെന്ന് മോഹിച്ചിരുന്ന കാലത്തേ ആ പേടിയൊക്കെ ഉണ്ടായിരുന്നുള്ളൂ. ആ ഘട്ടം കഴിഞ്ഞു. ഒരു പ്രത്യേകഘട്ടം കഴിഞ്ഞാല്‍ ആര്‍ക്കും ഉണ്ടാകുന്ന അവസ്ഥയാണത്. ബാര്‍കോഴക്കേസ് വരുംമുമ്പ് മാണിയെയും മകനെയും ജോര്‍ജ് മണിമണിയായി പേടിപ്പിച്ച് നിര്‍ത്തിയിരുന്നു. ഏതെങ്കിലും ഒരു കോഴയുടെ തുമ്പെടുത്ത് കാട്ടിയാല്‍ മാണി വഴങ്ങുമായിരുന്നു. ബാര്‍കോഴക്കേസോടെ അത് തീര്‍ന്നു.

പാര്‍ട്ടിയില്‍നിന്നൊന്ന് പുറത്താക്കിത്തരണം എന്ന ലഘുവായ ആവശ്യമേ ജോര്‍ജിന് ഉണ്ടായിരുന്നുള്ളൂ. പുറത്താക്കാതിരിക്കാനാണ് സാധാരണ എല്ലാവരും ബ്ലാക്ക് മെയിലിങ്ങൊക്കെ നടത്താറുള്ളത്. എം.എല്‍.എ. സ്ഥാനം രക്ഷിക്കുക എന്ന നിസ്വാര്‍ഥമായ ലക്ഷ്യമേ ജോര്‍ജിന് ഉണ്ടായിരുന്നുള്ളൂ. പിന്നെ യു.ഡി.എഫില്‍ എങ്ങനെ തുടരാം എന്ന് ജോര്‍ജിനെ ആരും പഠിപ്പിക്കേണ്ട. നാലുവര്‍ഷം വിപ്പ് പണിയെടുത്തതല്ലേ. സഭയിലെ ആളെണ്ണം കൂട്ടാനും കുറയ്ക്കാനുമുള്ള വിദ്യകള്‍ ജോര്‍ജിനറിയാം. മുന്നണിക്കകത്തുള്ള ശത്രുക്കളെ വകവരുത്താന്‍ മുന്നണിയില്‍ത്തന്നെ നില്‍ക്കണം. യു.ഡി.എഫ്. ശത്രുക്കളെ സംഹരിക്കാന്‍ എല്‍.ഡി.എഫില്‍ പോയിട്ട് കാര്യമില്ല. എന്തായാലും യു.ഡി.എഫില്‍ നില്‍ക്കാന്‍ ജോര്‍ജിനെ അനുവദിച്ചില്ലെങ്കില്‍ മാണിയും മോനും അനുഭവിച്ചത് നാളെ കുഞ്ഞൂഞ്ഞും മോനും അനുഭവിക്കേണ്ടിവരും.

ഒരു സാമ്പിള്‍ വെടിക്കെട്ടായാണ് രണ്ട് പേജ് സരിതാ സന്ദേശം പുറത്തിറക്കിയത്. സരിതയുടേതെന്ന് സരിത ഒഴിച്ചെല്ലാവരും പറയുന്ന സന്ദേശം. ഈ സംഭവത്തിനാണ് എന്തോ സാധനം ഫാനില്‍ തട്ടിയാല്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്നത്. നല്ല കാര്യങ്ങള്‍ പറയാന്‍ ആംഗലം വേണം. മലയാളത്തില്‍ പറഞ്ഞാല്‍ ആളുകള്‍ ‘ഛേ, ഛീ’ എന്നെല്ലാം അപ്രിയം പ്രകടിപ്പിക്കും. പാശ്ചാത്യലോകത്ത് ഫാന്‍ പണ്ടേ കണ്ടുപിടിച്ചതുകൊണ്ട് അന്നേ ഉണ്ട് ശൈലി. ഇവിടെ ശൈലീവല്ലഭന്മാര്‍ ധാരാളം ഉണ്ടെങ്കിലും ഭാവന പോരാ. ഇത്രയും ഫലപ്രദമായി ആരും ഇക്കാലംവരെ യു.ഡി.എഫ്. കൊട്ടാരത്തിലെ ഫാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.

മുന്നണിയിലെ മിക്കവാറുമെല്ലാ കക്ഷികളും സംഭവത്തിന്റെ സുഗന്ധം അനുഭവിക്കുന്നുണ്ട്. സര്‍ക്കാര്‍ പകുതിവിലയ്ക്ക് സൗരോര്‍ജ സംവിധാനം വീടുകളില്‍ ഏര്‍പ്പെടുത്താന്‍ പദ്ധതി നടപ്പാക്കിയപ്പോഴൊന്നും ആ വഴിക്ക് പോയിട്ടില്ലാത്ത കോണ്‍ഗ്രസ്സുകാര്‍ക്ക് സരിതയെ കണ്ടപ്പോഴേ ആ ഊര്‍ജത്തിന്റെ അതിപ്രസരം പിടികിട്ടിയുള്ളൂ. സ്വന്തം ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ പിന്നെ അവര്‍ കിണഞ്ഞുശ്രമിച്ചെന്ന് വേണം മനസ്സിലാക്കാന്‍.

ആറുമാസം നീണ്ട സ്മാര്‍ത്തവിചാരത്തില്‍ അറുപത്തഞ്ച് പുരുഷരത്‌നങ്ങളുടെ പേര് വെളിവാക്കിയ കുറിയേടത്ത് താത്രിയുടെ ന്യൂജെന്‍ അവതാരമാണ് പുതിയ കഥാനായിക എന്നൊരു നിരീക്ഷണം പ്രചാരത്തിലുണ്ട്. ഒടുവിലത്തെ ഒരു പേര് എത്തിയപ്പോഴേ താത്രി, അതുകൂടി പറയണോ എന്ന് എടുത്തുചോദിച്ചുള്ളൂ. വേണ്ട എന്ന് സര്‍വരും ഏകകണ്ഠമായി തീരുമാനിച്ചു. പക്ഷേ, താത്രിക്ക് ലവലേശം കനിവ് കിട്ടിയില്ല. ആ പേര് ഇതാ ഈ കത്തില്‍ എഴുതിയിട്ടുണ്ട്… ഇപ്പം പറയും എന്ന് ഭയപ്പെടുത്തിയിരുന്നെങ്കില്‍ ശിഷ്ടകാലം കൊട്ടാരത്തില്‍ രാജ്ഞിയെപ്പോലെ വാഴാമായിരുന്നു. 65 പേരിന് പകരം അഞ്ച് പേര് മാത്രം പറഞ്ഞ് ബാക്കിയുള്ളവരെ വിറപ്പിച്ച് നിര്‍ത്തിയാലും മതിയായിരുന്നു കോടീശ്വരിയാകാന്‍. ഹാ… നിര്‍ഭാഗ്യവതി… അന്ന് ചാനലും പത്രവും ഇല്ലാതെപോയി.

പണ്ടത്തെ പോലെയല്ല. ഇപ്പോള്‍ പുനര്‍വായന എന്നൊരു സംഗതിയുമുണ്ട്. ലൈംഗിക അരാജകത്വവും പുരുഷമൃഗീയതയും വേട്ടയാടിയ കാലത്തെ കലാപകാരിയായിരുന്നു കുറിയേടത്ത് താത്രിക്കുട്ടിയെന്ന് പഴങ്കഥ പലവട്ടം വായിച്ചപ്പോള്‍ മനസ്സിലായി. പുതിയ കാലത്തെ അരഡസന്‍ അനീതികള്‍ക്കെതിരായ പോരാട്ടമായിരുന്നു സോളാര്‍ കേസ് മുഖ്യകഥാപാത്രത്തിന്റേത് എന്ന് പത്രം തിരിച്ചുപിടിച്ചുവായിച്ചാല്‍ നാളെ കണ്ടെത്തിക്കൂടെന്നില്ല. പണ്ട് കുറ്റാരോപിതന് നിരപരാധിത്വം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കിയെടുക്കേണ്ടി വന്നിരുന്നത്രെ. ആരും രക്ഷപ്പെടാറില്ല. ഇന്ന് തിളച്ച എണ്ണ വേണ്ട. വെണ്ണയില്‍ കൈ മുക്കിയാല്‍ മതി. എല്ലാവര്‍ക്കും രക്ഷപ്പെടാം.

*****

മുസ്ലിംലീഗ് പണക്കാരുടെ പാര്‍ട്ടിയാണ് എന്ന് തെളിഞ്ഞതായി രാജ്യസഭാ സ്ഥാനാര്‍ഥിനിര്‍ണയ വാര്‍ത്ത വന്നതുമുതലേ പലരും പറഞ്ഞുനടക്കുന്നുണ്ട്. അതിനെന്തോ പുതിയ തെളിവ് ആവശ്യമായിരുന്നു എന്ന മട്ടില്‍. പാവങ്ങളുടെ പാര്‍ട്ടി എന്നൊരു ചീത്തപ്പേര് പണ്ടേ ഇല്ല ഈ പാര്‍ട്ടിക്ക്.

മികച്ച രാജ്യസഭാംഗമായിരുന്ന ആളെ മാറ്റിനിര്‍ത്തി മുസ്ലിംലീഗ് പുതുപ്പണക്കാരെ സ്ഥാനാര്‍ഥിയാക്കിയ ചരിത്രമുണ്ട് പാര്‍ട്ടിക്ക്. പാസ് മാര്‍ക്ക് ഉള്ളവരെയേ ജയിപ്പിക്കാവൂ എന്നതൊക്കെ പഴഞ്ചന്‍ തത്ത്വങ്ങളാണ്. കോളേജില്‍ നിശ്ചിതശതമാനം പേമെന്റ് സീറ്റ് അനുവദിക്കുന്നത് അതുവഴി കോളേജ് ലാഭകരമാക്കി ബാക്കി സീറ്റ് പാവങ്ങള്‍ക്ക് കൊടുക്കാനല്ലേ ? അപ്പോള്‍, സീറ്റ് ധനാഢ്യര്‍ക്ക് നല്‍കി ആ പണംകൊണ്ട് പാര്‍ട്ടിക്ക് പാവങ്ങളെ സേവിച്ചുകൂടേ? പാവങ്ങളെ സേവിക്കാനും സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ എന്തുചെയ്യും.

പാര്‍ലമെന്റില്‍ പോവുക എന്നതാണ് പ്രധാനം. അല്ലാതെ അവിടെ എന്തുപറഞ്ഞു എന്നതല്ല. ഒന്നും പറയില്ല എന്ന് ഉറപ്പുള്ളവര്‍ക്കും ഉണ്ട് പാര്‍ട്ടിയില്‍ സംവരണം. ശബ്ദമില്ലാത്തവന്റെ ശബ്ദം എന്ന് കേട്ടിട്ടില്ലേ, ഇതാണത്. മുമ്പൊരു പാര്‍ലമെന്റംഗത്തിന്റെ ‘കാല്‍നൂറ്റാണ്ടുകാലത്തെ പ്രസംഗങ്ങളുടെ സമാഹാരം’ എന്ന് തലക്കെട്ട് അടിച്ച് ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തിയിരുന്നുവത്രെ ചില കുടിലബുദ്ധിക്കാര്‍. പുസ്തകത്തിന്റെ പേജുകള്‍ മുഴുവന്‍ കാലി ആയിരുന്നു. കാരണം, അംഗം ഒരു പ്രസംഗം പോലും ചെയ്തിട്ടില്ലായിരുന്നുവത്രെ. (കോപിക്കേണ്ട, മുസ്ലിംലീഗ് അംഗമല്ല കഥാപാത്രം…)

*****

ഇടതുമുന്നണി വിപുലീകരിക്കാനുള്ള നടപടിക്രമങ്ങള്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി സംസ്ഥാനഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ.

വലിയ ബുദ്ധിമുട്ടുള്ള സംഗതിയാണ് അത്. കോടിയേരി ബാലകൃഷ്ണനും കൂട്ടാളികള്‍ക്കും അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അത് സാധിക്കുമോ ആവോ. പത്തുവര്‍ഷമായി ആലോചന നടത്തിയിട്ടുപോലും ചില കക്ഷികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് വല്ല ജ്യോത്സ്യന്മാര്‍ക്കും വിട്ടുകൊടുക്കേണ്ടിവന്നേക്കും, തീര്‍ച്ച.

ഐ.എന്‍.എല്‍. വര്‍ഗീയകക്ഷിയാണോ എന്ന് കണ്ടെത്താനുള്ള ഉപകരണം ലോകത്തൊരു ലാബോറട്ടറിയിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി പി.സി. ജോര്‍ജ്, പി.സി. തോമസ്, ആര്‍. ബാലകൃഷ്ണപ്പിള്ള തുടങ്ങിയ കേ.കോ.കള്‍ മുന്നണിയില്‍ വന്നാല്‍, പിന്നീട് മുന്നണി ഏകോപനസമിതി യോഗത്തിലെ ക്രമസമാധാനപ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ആലോചിക്കേണ്ടതുണ്ട്. ഫോര്‍വേഡ് ബ്ലോക്ക്, ജെ.എസ്.എസ്., സി.എം.പി. തുടങ്ങിയ കക്ഷികള്‍ക്ക് ഉടന്‍ പ്രതികരണം കൊടുക്കേണ്ടതുണ്ട്. ഇവയുടെയൊന്നും വോട്ടുബലം പരിഗണിക്കേണ്ടതില്ല. വംശനാശം നേരിടുന്ന ജീവികളാണ്. സംരക്ഷിക്കണം. ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം എന്ന് പറഞ്ഞതുപോലെ ജയിക്കാന്‍ പാര്‍ട്ടികള്‍ വേറെ വേണം. ആര്‍.എസ്.പി., ജനതാ പരിവാര്‍ കക്ഷികളെയെങ്കിലും കിട്ടണം. സീറ്റൊന്നും തന്നില്ലെങ്കിലും സാരമില്ല, ഒന്ന് ഇടതുമുന്നണിയില്‍ കേറിക്കിട്ടിയാല്‍ മതിയെന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണ് യു.ഡി.എഫിലിപ്പോള്‍. ഇനി വൈകിക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Go Top