സ്പീക്കറായി ഒരു ദിവസംപോലും സഭ നിയന്ത്രിച്ചിട്ടില്ലാത്ത ആളെയാണ് ആദ്യദിവസംതന്നെ പ്രതിപക്ഷം ശരിപ്പെടുത്തിയത്. നാളെ ചരിത്രം വായിക്കുന്നവര്‍ ധരിക്കുക ഈ ശക്തനെപ്പോലൊരു ഭീകരന്‍ സ്‌പീക്കര്‍ വേറെയില്ല എന്നാണ്
നിയമസഭയെക്കുറിച്ച് പറയുമ്പോള്‍ വാക്കുകളുടെ അര്‍ഥം ശബ്ദതാരാവലി നോക്കി തീരുമാനിക്കരുത്. സ്‌പീക്കര്‍ എന്ന വാക്കുതന്നെ ഉദാഹരണം. ഏറ്റവും കുറച്ച് സ്പീക്ക്ചെയ്യുന്ന പദവിക്കാണ് സ്‌പീക്കര്‍ എന്ന പേരിട്ടിരിക്കുന്നത്. ആരാണ് ഈ പരിഹാസപ്പേര് ഇട്ടത് എന്നറിയില്ല. വാക്കിന്റെ അര്‍ഥം വേറെ, യഥാര്‍ഥം വേറെ. ഇതുപോലെത്തന്നെയാണോ ശക്തന്‍ എന്ന പേരെന്ന് വ്യക്തമല്ല. ശക്തന്‍ അശക്തനാണ് എന്ന് ചിലകൂട്ടര്‍ ഇപ്പോഴേ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. സമയദോഷം എന്നല്ലാതെന്ത്. നിഷ്പക്ഷന്‍ എന്നതാണ് മൂന്നാമത്തെ അര്‍ഥരഹിത പദം.
ശക്തന്റെ കാര്യം കഷ്ടമാണ്. ശക്തിതെളിയിക്കുകയും വേണം നിഷ്പക്ഷനാവുകയും വേണമത്രെ. പാര്‍ട്ടിക്കാര്‍മാത്രം വോട്ടുചെയ്ത് ജയിപ്പിച്ച ആളോടാണ് നിഷ്പക്ഷനാവാന്‍ പറയുന്നത്. അഭിനയത്തിനും ഉണ്ടല്ലോ ഒരു പരിധി. സഭയ്ക്കകത്തെ തൂണിനുപോലും നിഷ്പക്ഷനാവാന്‍ പറ്റില്ല.സാധാരണസമയത്തൊന്നും നിഷ്പക്ഷതയ്ക്ക് ഒരു തടസ്സവും ഉണ്ടാവുകയില്ല. പ്രസംഗിക്കാന്‍ അംഗങ്ങള്‍ക്ക് സമയം അനുവദിക്കുന്നതിലും ബഹളംവെക്കുമ്പോള്‍ ഇരിക്കാന്‍ പറയുന്നതിലും നിഷ്പക്ഷനാവാന്‍ എന്ത് പ്രയാസം. സര്‍ക്കാറിന്റെ തലപോകുന്ന കേസ് വല്ലതും വന്നാല്‍ സ്വഭാവം മാറും. മുമ്പൊരു നിയമസഭാ സ്പീക്കറെ ആളുകള്‍ ‘ഓള്‍വേയ്‌സ് കാസ്റ്റിങ് ജോസ്’ എന്ന് വിളിച്ചിരുന്നു.
ആള്‍ യോഗ്യനല്ല എന്നാരും പറയില്ല. ഒന്നാംകിട നിഷ്പക്ഷന്‍തന്നെ. പക്ഷേ, എന്തുചെയ്യാം, പാര്‍ട്ടിയുടെ മന്ത്രിസഭയ്ക്ക് സഭയില്‍ ഭൂരിപക്ഷമില്ല. ഇരുപക്ഷത്തും 70 പേര്‍. നോമിനേറ്റഡ് മെമ്പറുടെ ബലത്തില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രി. സ്പീക്കറെ തിരഞ്ഞെടുത്തതോടെ സഭ സമാസമം.
ഓരോ തവണ വോട്ടിനിടുമ്പോഴും ഡ്രോ. മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസപ്രമേയം തള്ളിയത് സ്പീക്കറുടെ കാസ്റ്റിങ് വോട്ടില്‍. ഗവര്‍ണര്‍ക്കുള്ള നന്ദിപ്രമേയം അംഗീകരിപ്പിക്കാന്‍ ഏഴുതവണ സ്‌പീക്കര്‍ കാസ്റ്റിങ് വോട്ട് ചെയ്തപ്പോഴാണ് നേരത്തേ പറഞ്ഞ ‘ഓള്‍വേയ്‌സ് കാസ്റ്റിങ്’ ബഹുമതി എ.സി. ജോസ് എന്ന നിഷ്പക്ഷ സ്പീക്കര്‍ക്ക് ലഭിച്ചത്. ഏഴ് കാസ്റ്റിങ് വോട്ട് ചെയ്ത സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചിരുന്നു. നിഷ്പക്ഷനായി മൂന്ന് കാസ്റ്റിങ് വോട്ടെങ്കിലും പ്രതിപക്ഷത്തിന് ചെയ്തിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് പരാതി ഉണ്ടാകുമായിരുന്നില്ല. പക്ഷേ, മൂന്നെണ്ണം ചെയ്യാനൊന്നും സാവകാശം കിട്ടില്ല. ഒന്ന് ചെയ്താല്‍ത്തന്നെ മന്ത്രിസഭ വീഴും നിയമസഭ പിരിച്ചുവിടും.ഏതാണ്ട് എ.സി. ജോസിന്റെ അവസ്ഥതന്നെയാണ് അതിശക്തനായ നമ്മുടെ സ്പീക്കറുടേതും. വന്ന നാള്‍മുതല്‍ പ്രതിപക്ഷത്തിന്റെ തോക്ക് അങ്ങോട്ട് തിരിച്ചുവെച്ചിരിക്കയാണ്.
ആലോചിച്ചുനോക്കുമ്പോള്‍ ജോസിന്റെ സ്ഥിതിയാണ് ഭേദം. ജോസ് ചെയ്ത പണി ഇന്ത്യയിലെ മറ്റൊരു സ്പീക്കറും ചെയ്തിട്ടില്ലാത്തതാണ്. അതിന്റെ പേരില്‍ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുകയൊക്കെ ചെയ്‌തെങ്കിലും സ്പീക്കറുടെ ചേംബര്‍ അടിച്ചുപൊളിക്കുകയോ മൈക്ക് തകര്‍ക്കുകയോ ചേംബര്‍ നാനാവിധമാക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഇങ്ങനെ യാതൊന്നും ചെയ്തിട്ടില്ലാത്ത, സ്പീക്കറായി ഒരു ദിവസംപോലും സഭ നിയന്ത്രിച്ചിട്ടില്ലാത്ത ആളെയാണ് ആദ്യദിവസംതന്നെ പ്രതിപക്ഷം ശരിപ്പെടുത്തിയത്.
നാളെ ചരിത്രം വായിക്കുന്നവര്‍ ധരിക്കുക ഈ ശക്തനെപ്പോലൊരു ഭീകരന്‍ സ്‌പീക്കര്‍ വേറെയില്ല എന്നാണ്. ഒരു കാരണവുമില്ലാതെ ഒരു സ്പീക്കറുടെ ചേംബര്‍ ആരെങ്കിലും അടിച്ചുപൊളിക്കുമോ? എല്ലാം സഹിക്കാം. ഇതെല്ലാം കഴിഞ്ഞിട്ടും സ്‌പീക്കര്‍ നിഷ്പക്ഷനാവണം എന്നുപറയുന്നത് ക്രൂരതയാണേ…
****
12 ബജറ്റ് അവതരിപ്പിച്ചതും 50 കൊല്ലം നിയമസഭയിലിരുന്നതുമൊക്കെ ഗിന്നസ് ബുക്കില്‍ ചേര്‍ക്കാനുള്ള വഹകളായി കെ.എം. മാണി ആര്‍ജിച്ച യശസ്സുകള്‍. 13ാമത്തെ ബജറ്റ് 13ാം തീയതി അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴേ പല അന്ധവിശ്വാസികളും പറഞ്ഞതാണ് നമ്പറ് ശരിയല്ലാ എന്ന്. വലിയ പുരോഗമനവാദിയായി അഭിനയിക്കാറുള്ളതുകൊണ്ട് വഴങ്ങിയില്ല. ചില രാജ്യങ്ങളില്‍ 13ാം നമ്പര്‍ ഹോട്ടല്‍ മുറി ഉണ്ടാകില്ലത്രെ.
12 കഴിഞ്ഞാല്‍ 14 ആണ് റൂം നമ്പര്‍. ഇവിടെ 13ാമത്തെ ബജറ്റ് വേണ്ടെന്നുവെക്കാന്‍ പറ്റില്ലെന്നത് ശരി. പക്ഷേ, തന്ത്രശാലികളില്‍ തന്ത്രശാലിയായ മാണിക്ക് 13ാം തീയതി, ബി.പി. കൂടുതലായി എന്നുപറഞ്ഞ് ആസ്പത്രിയില്പ്പോയി വൈകുന്നേരംവരെ കിടന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഒന്നര മണിക്കൂര്‍ ബജറ്റ് വായിപ്പിച്ച് വെള്ളംകുടിപ്പിക്കാമായിരുന്നു. പ്രതിപക്ഷം മറ്റേത് പോയ അണ്ണാനെപ്പോലെ മരവിച്ചിരിക്കുമായിരുന്നു.
സ്റ്റേറ്റിന് പലവകയില്‍ അനേകകോടികളുടെ നഷ്ടം ഒഴിവാക്കാന്‍ പറ്റുമായിരുന്നു. ഒരു ഹര്‍ത്താലിന്റെ ഇന്ധനലാഭം, അപകടമരണം ഒഴിവാകല്‍, അന്തരീക്ഷ മലിനീകരണമില്ലായ്മ എന്നിവ കൊണ്ടെല്ലാമുള്ള ലാഭം മാറ്റിനിര്‍ത്തിയാലും ആകെ മൊത്തം നഷ്ടംതന്നെയാണ് ബജറ്റ്കച്ചോടം.
എന്തായാലും പഴയ ഗിന്നസ് ബുക്ക് കീര്‍ത്തികളെ വെല്ലുന്ന പുതിയ കീര്‍ത്തികളാണ് ലഭിച്ചത് എന്ന് ധനമന്ത്രിക്ക് ആശ്വസിക്കാം. ബജറ്റ് അവതരിപ്പിക്കാന്‍വേണ്ടി നിയമസഭയിലേക്ക് ഒളിച്ചുകയറിയ ആദ്യത്തെ ധനമന്ത്രിയാണ് അദ്ദേഹം. സ്‌പീക്കര്‍ ആംഗ്യം കാണിച്ച് അവതരിപ്പിച്ച ആദ്യ ബജറ്റും ഇതുതന്നെ. ബജറ്റ് അവതരിപ്പിച്ചതിന് ഡസന്‍ പേര്‍ ഉമ്മവെച്ച് നാശമാക്കിയ ആദ്യബജറ്റും ഇതുതന്നെ. ബജറ്റ് ഇറങ്ങിയതിന്റെ സന്തോഷത്തില്‍ ലഡ്ഡു പൊട്ടിയ സംഭവവും പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യം. അതും കിടക്കട്ടെ ഗിന്നസ് ബുക്കില്‍. മാധ്യമക്കാര്‍ പിണങ്ങരുതല്ലോ. ലോകചരിത്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പാകെ പൂര്‍ണരൂപത്തില്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെയും അവസാനത്തെയും ബജറ്റും ഇതുതന്നെ.
ഇത്രയുമായസ്ഥിതിക്ക് പന്തളം സുധാകരന്‍ പറഞ്ഞതുതന്നെയാണ് ശരി. വിശ്രമം നല്ലതാണ്. ഈ പ്രായത്തില്‍ ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനിച്ച്് അവകാശാവധിതന്നെ ചോദിച്ചുവാങ്ങാം. ക്രിക്കറ്റ് കളിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഔട്ടാകാതെ റിട്ടയേഡ് ഹേ(ര്‍)ട്ട് ആയി പവലിയനിലേക്ക് മടങ്ങാം. ആറുമാസമാക്കണമെന്നില്ല, അടുത്ത തിരഞ്ഞെടുപ്പുവരെ ആയിക്കോട്ടെ.
****
നാട്ടിന്‍പുറത്തും ചിലപ്പോള്‍ അയല്‍പക്കത്തും കശപിശയും തമ്മില്‍ത്തല്ലും ഉണ്ടായാല്‍ കാരണവന്മാരാണ് ഇടപെട്ട്, ‘പോടാ പിള്ളേരെ, അടിയും പിടിയുമൊന്നും വേണ്ട, നമുക്ക് കാര്യം പറഞ്ഞുതീര്‍ക്കാം’ എന്ന് പറയാറുള്ളത്. ചെറുപ്പക്കാര്‍ സെറ്റ് ആദ്യമൊന്ന് മൂളുകയും മുരളുകയും ചെയ്യുമെങ്കിലും പതിയെ വഴങ്ങും. ഇതല്ല നിയമസഭയിലെ സ്ഥിതി. അവിടെ റിവേഴ്‌സിലാണ് കളി.
മുഖ്യമന്ത്രി, കെ.എം. മാണി, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ കാരണവന്മാരുടെ നേതൃത്വത്തിലാണ് വെറ്ററന്‍സ് മീറ്റ് നടന്നത്. പ്രായമേറുന്നതിനനുസരിച്ച് അപക്വതയുടെ ഡിഗ്രി കൂടുന്ന ഏകയിടം നിയമസഭയാണ് സെവന്റി പ്ലസ്. കേരളം ഒരു സീനിയര്‍ സിറ്റിസണ്‍ സ്റ്റേറ്റ് ആയിക്കഴിഞ്ഞ സ്ഥിതിക്ക് ഇത് അഭിമാനകരംതന്നെ. വിട്ടുകൊടുക്കരുത്.
എല്ലാറ്റിന്റെയും നേതൃത്വം കാരണവന്മാര്‍ക്കുതന്നെ വേണം. യു.ഡി.എഫ്. പക്ഷത്തായാലും എല്‍.ഡി.എഫ്. പക്ഷത്തായാലും യുവതലമുറക്കാര്‍ തീരേ പോരാ. പി.സി. ജോര്‍ജിനെ ആ വഴിക്കൊന്നും കണ്ടതുമില്ല. ഗുരുക്കന്മാര്‍ ഇത്രയൊക്കെ ചെയ്യുമ്പോള്‍ യുവാക്കളുടെ മുഖത്ത് ചെറിയ കുറ്റബോധമൊക്കെ ഉണ്ടായിരുന്നതായും തോന്നി. തോന്ന്യാസത്തിന് മുമ്പില്‍നിന്ന കാരണവന്മാരോട് ‘പോട് അമ്മാവാ, പോയി വിശ്രമിക്ക്, ഞങ്ങള് നോക്കിക്കോളാം’ എന്നുപറയാന്‍ അവര്‍ക്കായില്ലെന്നുമാത്രം.
പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടാത്ത ഒരു നിയമസഭയും ഉണ്ടായിട്ടില്ലെങ്കിലും ഈ ലവലില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇനി നാളെ 33 ശതമാനം സ്ത്രീസംവരണം വന്നാലും സംഗതികള്‍ ഒട്ടും പിന്നാക്കം പോകില്ലെന്നതിന് സൂചന ലഭ്യമാണ്. യു.ഡി.എഫ്. വനിതകള്‍ പക്ഷേ, കാലത്തിനൊത്ത് ഉയരുന്നില്ല. ശിവന്‍കുട്ടിമാര്‍ക്ക് മാത്രമല്ല, ശിവദാസന്‍നായന്മാര്‍ക്കും ശോഭനമായ ഭാവി കാണാനുണ്ട്.