ശാസ്ത്രത്തിന്റെ ഒരു പോക്ക്‌

ഇന്ദ്രൻ

 

ഏഴായിരം വര്‍ഷംമുമ്പ് ഇന്ത്യയില്‍ ഗ്രഹാന്തരയാത്രയ്ക്കുള്ള വിമാനങ്ങളുണ്ടായിരുന്നുവത്രേ. തൊഗാഡിയയോ മറ്റോ ആണ് പറഞ്ഞിരുന്നതെങ്കില്‍ ഇടത്തെ ചെവിയില്‍ക്കൂടി കേട്ട് വലത്തേതിലൂടെ ബഹിര്‍ഗമിപ്പിച്ചുകളയാമായിരുന്നു. പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പലായി അപകടംകൂടാതെ വിരമിച്ച ആനന്ദ് ജെ. ബോധാസ് ആണ് രഹസ്യം വെളിപ്പെടുത്തിയത്. ഹസ്തരേഖാശാസ്ത്ര കോണ്‍ഗ്രസ്സിലായിരുന്നു സംഭവമെങ്കിലും സഹിക്കാമായിരുന്നു. ഒറിജിനല്‍ ശാസ്ത്രകോണ്‍ഗ്രസ്സിലാണ് സംഭവം.വിമാനവും ഗ്രഹാന്തരയാത്രയ്ക്കുള്ള റോക്കറ്റും (വിമാനവും റോക്കറ്റും ചേര്‍ന്ന ഒറ്റവാഹനമായിരുന്നോ എന്ന് ബോധാസ് എന്ന നല്ല ബോധമുള്ള ആ സാര്‍ വിശദീകരിച്ചില്ല) പണ്ടേ ഉണ്ടായിരുന്നുവെന്ന് വിവരവും വിദ്യാഭ്യാസവുമുള്ള ഒരാള്‍ പറഞ്ഞാല്‍ ഉടനെ അയാള്‍ക്ക് വട്ടാണ് എന്ന് പറയുകയല്ല നമ്മള്‍ ചെയ്യേണ്ടത്. അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് അതിന്റെ മറ്റ് സാധ്യതകള്‍ പഠിക്കണം. ഇടയ്ക്ക് പറയട്ടെ, ബോധാസിന്റേത് ഒറിജിനല്‍ കണ്ടുപിടിത്തമല്ല എന്നൊരു വിശദീകരണവും ഉണ്ടായിട്ടുണ്ട്. ഈ ടൈപ്പ് വിമാനങ്ങള്‍ പ്രാചീന ഈജിപ്തിലും തെക്കേ അമേരിക്കയിലും ഉണ്ടായിരുന്നതായി ആ രാജ്യങ്ങളിലെ ചില ബോധാസുകള്‍ അവകാശപ്പെട്ടിരുന്നതായി ചില ലേഖനങ്ങളില്‍ കാണാനുണ്ട്. അതെല്ലാം സീരിയസ്സായി എടുത്ത് ചില ശാസ്ത്ര അജ്ഞന്മാര്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തി ഒക്കെ വെറും ഗുണ്ടുകളാെണന്ന് കണ്ടെത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അത് പോകട്ടെ.

ബോധാസും ഈ ശാസ്ത്രകോണ്‍ഗ്രസ്സിലെ മറ്റുള്ളവരും അടിയന്തരമായി ചെയ്യേണ്ത് ശാസ്ത്രകണ്ടുപിടിത്തങ്ങളുടെ ചരിത്രം പുനര്‍രചിക്കുകയാണ്. സഞ്ചരിക്കാന്‍ വാഹനമോ റോഡോ ആശയവിനിമയത്തിന് ഫോണോ വയര്‍െലസ്സോ ഇല്ലാത്ത ആ പ്രാചീനകാലത്ത് പൈട്ടന്ന് ചിലര്‍ കൂടി വിമാനമുണ്ടാക്കിയങ്ങ് പറപ്പിക്കുകയില്ലല്ലോ. കണ്ടുപിടിത്തങ്ങള്‍ ഇടിത്തീപോലെ വന്നുവീഴുകയല്ല ഉണ്ടാവുക. ഓരോന്നോരോന്നായി കണ്ടുപിടിച്ച് അവിടേക്കെത്തുകയാണ്. സൈക്കിളോ കാറോ ബസ്സോ ട്രെയിനോ ഇല്ലാതെ നേരേ കേറി റോക്കറ്റ് കണ്ടുപിടിക്കുകയാണോ 7000 വര്‍ഷംമുമ്പത്തെ സ്‌റ്റൈല്‍? സാധ്യതയില്ല. ലോകത്തെങ്ങും പറക്കാന്‍വേണ്ടിയാവും വിമാനം ഉണ്ടാക്കിയിരിക്കുക. അപ്പോള്‍ മറ്റിടങ്ങളിലും ഉണ്ടാവണം വിമാനത്താവളങ്ങളും മറ്റും മറ്റും. അവരും നമ്മളോളം വികസിതരായിരിക്കാനാണ് സാധ്യത. വിമാനത്താവളവും റോക്കറ്റ് ലോഞ്ചറും വിവരവിനിമയ സംവിധാനവും ഇല്ലാതെ വിമാനത്തിലെ പൈലറ്റുമാരും യാത്രികരുമുണ്ടാകില്ല. വിമാനസംഹിത എഴുതിയെന്ന് പറയുന്ന മഹര്‍ഷി ഭരദ്വാജ് ഇന്ത്യ എന്നാവില്ല, ഭാരതം എന്നാവും പ്രയോഗിച്ചിരിക്കുക. അന്നത്തെ ലോകത്തിന് ഭാരതം എന്നായിരുന്നു പേരെന്ന് നാളെ ആരെങ്കിലും കണ്ടുപിടിച്ചുകൂടായ്കയില്ല.
ശാസ്ത്രചരിത്രകാരന്മാര്‍ എഴുതിയത് വിശ്വസിച്ചാല്‍ നമ്മള്‍ വിമാനം പറപ്പിച്ച് പിന്നെയും കാലം കഴിഞ്ഞാണ് ഇരുമ്പ് കണ്ടുപിടിച്ചത്, അഞ്ഞൂറുവര്‍ഷമെങ്കിലും കഴിഞ്ഞാണ് ചക്രം കണ്ടെത്തിയത്. കൃഷിചെയ്യാന്‍ തുടങ്ങിയത് അതിനും ശേഷമാണ്. വൈദ്യുതിയുടെ ആദ്യ കണ്ടുപിടിത്തം വിമാനം പറത്തി മൂവായിരം വര്‍ഷം കഴിഞ്ഞാണ്… പടുവങ്കത്തങ്ങള്‍തന്നെ. ഒക്കെ മാറ്റണം. വിമാനം കണ്ടുപിടിക്കുന്നതിന് ഒരായിരം വര്‍ഷംമുമ്പ് ടെലിഫോണും ഇന്റര്‍നെറ്റും ടെലിവിഷനും മറ്റും മറ്റും നാം കണ്ടുപിടിച്ചിരിക്കാം. അതെപ്പോഴെല്ലാം ആയിരുന്നു എന്ന് കണ്ടുപിടിച്ച് റെക്കോഡാക്കുകയാണ് ഇനി നമ്മുടെ പണി. നമ്മുടെ അയല്‍വാസിശത്രുവിനെ അവഗണിച്ചുകളയരുത്. ഈ വിഷയത്തില്‍ അവര്‍ ഒട്ടും മോശമല്ല. ജിന്നുകള്‍ അനന്തമായ ഊര്‍ജത്തിന്റെ സ്രോതസ്സുകളാണെന്ന് ഒരു പാകിസ്താന്‍ ശാസ്ത്ര അജ്ഞന്‍ എഴുതിയതായി വായിച്ചു. നമ്മുടെ പാരമ്പര്യേതര ഊര്‍ജമന്ത്രാലയം ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ടോ എന്തോ…
ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ചില വിദ്വാന്മാരെ ചില രാജ്യത്തെ വിശ്വാസക്കമ്മിറ്റിക്കാര്‍ തല്ലിക്കൊന്നതായി രേഖയുണ്ട്. നമ്മുടെ വിമാനത്തില്‍ കയറ്റി ആ കമ്മിറ്റിക്കാരെ അടുത്ത ഗ്രഹത്തിലേക്ക് ഒരു ട്രിപ്പിന് കൊണ്ടുപോയിരുന്നുവെങ്കില്‍ അവര്‍ക്ക് ഭൂമിയുടെ ആകൃതി കാട്ടിക്കൊടുക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് ഫലമില്ല.
മനുഷ്യന്റെ ബുദ്ധിയും ചിന്തയും അവന്‍ ജീവിക്കുന്ന കാലത്തുതന്നെയെങ്കിലും നിര്‍ത്താന്‍ കഴിയുന്ന വല്ല യന്ത്രവും കണ്ടുപിടിച്ചിരുന്നെങ്കില്‍ ഇന്ന് ഈ പ്രശ്‌നമൊന്നും ഉണ്ടാവുമായിരുന്നില്ല.
****
മതത്തിന്റെ പേരില്‍ ആരെന്ത് അക്രമം ചെയ്താലും ന്യായീകരിക്കുന്നവരെയും മതഭ്രാന്തന്മാര്‍ എന്ന് വിളിക്കാം. ഒന്നുമറിയാത്ത നൂറുകണക്കിന് കൊച്ചുമക്കളെ വെടിവെച്ചുവീഴ്ത്തി സ്വയം വെടിവെച്ച് മരിച്ചവര്‍ വിചാരിച്ചിരിക്കും അവര്‍ നേരേ സ്വര്‍ഗത്തില്‍ പോവുമെന്ന്. ഇവരേക്കാള്‍ നിഷ്ഠുരനായ ഒരു ഭീകരനാണ് ദൈവം എന്നാവും ഈ അധമജീവികളുടെ സങ്കല്പം. പെഷവാര്‍ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ ഇവിടെ ആളുണ്ടായി. പോകട്ടെ, ഫെയ്‌സ്ബുക്കില്‍ കേറാന്‍മാത്രം നിലവാരം പുലര്‍ത്തുന്ന മതഭ്രാന്തന്മാരാണ്; സഹിക്കാം. ഇപ്പോഴിതാ, പാരീസില്‍ മാധ്യമസ്ഥാപനത്തില്‍ നടന്ന ക്രൂരമായ കൂട്ടക്കൊലയെ ന്യായീകരിക്കാന്‍ മാത്രമല്ല, കൊലയാളികള്‍ക്ക് പാരിതോഷികം നല്‍കാനും തയ്യാറായി രംഗത്തുവന്നിരിക്കുന്നു. പാരീസ് കൊലയാളികള്‍ക്ക് 51 കോടി രൂപ പ്രഖ്യാപിച്ചത് ലഷ്‌കര്‍ തൊയ്ബക്കാരനല്ല. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതാവാണ്. സംഗതി ഗൗരവമുള്ളതാണ്. ഇത് ഇയാളുടെ ആദ്യത്തെ ഭ്രാന്തുപ്രദര്‍ശനമല്ല. നേരത്തേ കാര്‍ട്ടൂണിസ്റ്റിനെ കൊല്ലാനും 51 കോടി പ്രഖ്യാപിച്ചിരുന്നു ഇയാള്‍. എന്നിട്ടും പാര്‍ട്ടി നേതാവായി തുടരുന്നു. മഹാനായ അംബേദ്കറുടെ പേര് മുട്ടിനുമുട്ടിന് ഉരുവിടുന്ന പാര്‍ട്ടിയാണ് ബി.എസ്.പി. ലോകത്തിലെ ഏറ്റവും അഹിംസാത്മക മതങ്ങളിലൊന്നായ ബുദ്ധമതം സ്വീകരിച്ച അംബേദ്കറെ പിന്തുടരുന്നവരുടെ പാര്‍ട്ടിയിലെ നേതാവാണ് കൂട്ടക്കൊലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ഇല്ല. ഇയാള്‍ പാരീസില്‍ കൂട്ടക്കൊലയില്‍ പങ്കെടുത്ത് തിരിച്ചുവന്നാല്‍പോലും ഈ കക്ഷി അക്രമിയെ തള്ളിപ്പറയില്ല. കാരണം, ഈ മഹാന്റെ നിയന്ത്രണത്തില്‍ വലിയൊരു വോട്ടുബാങ്കുണ്ട്. വോട്ടുബാങ്ക് കൈവശമുണ്ടെങ്കില്‍ എന്തും ചെയ്യാം. കൂട്ടക്കൊലകള്‍ക്കെതിരെപ്പോലും ഇപ്പോള്‍ മിണ്ടാട്ടമില്ലാതാകുന്നുണ്ട്. വോട്ടുബാങ്ക് മാനേജര്‍മാര്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ? യുദ്ധമാണ് സമാധാനം, അടിമത്തമാണ് സ്വാതന്ത്ര്യം, അജ്ഞതയാണ് കരുത്ത് ഇത്രയേ ജോര്‍ജ് ഓര്‍വല്‍ പറഞ്ഞിട്ടുള്ളൂ. കൂട്ടക്കൊലയാണ് ദൈവവിശ്വസം എന്നുകൂടി ചേര്‍ക്കാം.
****
കൂട്ടയോട്ടത്തിന്റെ സൈക്കോളജി എന്താെണന്ന് പിടികിട്ടുന്നില്ല. അടുത്തകാലത്ത് തുടങ്ങിയതാണ് ഈ അസുഖം. വെറുതേ ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാമെന്നതിനപ്പുറം വലിയ പ്രയോജനമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാലും സാരമില്ല ഓടട്ടെ, വേറെ വലിയ ഉപദ്രവമൊന്നുമില്ലല്ലോ എന്ന് വിചാരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ സംഭവം പരിധി ലംഘിച്ചിരിക്കുന്നു.
കൂട്ടയോട്ടം വലിയ ചെലവൊന്നുമില്ലാത്ത ഏര്‍പ്പാടാണെന്നായിരുന്നല്ലോ വിചാരിച്ചിരുന്നത്. ഏറിവന്നാല്‍, ഓടിത്തളരുന്നവര്‍ക്ക് ഒരു സോഡയോ നാരങ്ങാവെള്ളമോ കൊടുക്കണം. തീര്‍ന്നു, വേറെ ബാധ്യതകളില്ല. അത് നമ്മുടെ തെറ്റുധാരണ. വലിയ ചെലവുള്ള ഏര്‍പ്പാടാണിത് എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. പത്തുകോടി രൂപയാണ് ദേശീയ ഗെയിംസിന്റെ കൂട്ടയോട്ടത്തിന്റെ തുക. മുഖ്യചടങ്ങുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ കാശില്ലെന്ന് പറയുന്നതിനിടെയാണ് ഈ ഓട്ടം. വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറഞ്ഞതുപോലെ, കൂട്ടയോട്ടം ടെന്‍ഡര്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ ഇവന്റ് മാനേജര്‍മാര്‍ക്ക് കിട്ടിയതോടെ മറ്റ് മാധ്യമങ്ങള്‍ അങ്ങനെയൊന്ന് നാട്ടില്‍ നടക്കുന്നതിന്റെ ലക്ഷണംതന്നെ കണ്ടതായി നടിക്കുന്നില്ലത്രെ. അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന മാനേജര്‍മാര്‍ക്ക് കോമണ്‍സെന്‍സ് കാണില്ല. ഓരോ ജില്ല ഓരോ മാധ്യമത്തിന് നറുക്കിട്ട് കൊടുത്തിരുന്നെങ്കില്‍ സംഗതി പൊടിപൊടിച്ചേനെ. ആര്‍ക്കും പരിഭവവും ഉണ്ടാകില്ല. ഇനി രക്ഷപ്പെടാന്‍ ഒരു വഴിയേ ഉള്ളൂ. ഗെയിംസിന് മുമ്പുള്ള റിപ്പോര്‍ട്ടിങ്ങിനും ഗെയിംസ് റിപ്പോര്‍ട്ടിങ്ങിനും ഓരോ കിടിലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സഹകരിക്കുന്നവര്‍ക്ക് കൊടുത്താല്‍ മതി. ഓ, അതിലൊന്നും പ്രശ്‌നമില്ലെന്നേ… യുവജനോത്സവത്തിനുപോലും ഇപ്പോഴിത് പതിവായല്ലോ. പിന്നെയെന്താ പ്രശ്‌നം?
nprindran@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Go Top