രാഹുലിന് പ്ലാസ്റ്റിക് സര്‍ജറി

ഇന്ദ്രൻ

കോണ്‍ഗ്രസ്സുമായുള്ള സി.പി.ഐ.യുടെ കേരള മുന്നണിബന്ധം അവിഹിതമൊന്നും ആയിരുന്നില്ല. അത് നാലാള്‍ അറിഞ്ഞ് മുന്നണി രജിസ്റ്ററാക്കിയ ബന്ധമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയിലെ ബന്ധം രജിസ്റ്റര്‍ചെയ്തിരുന്നില്ല. അതും അവിഹിതമല്ല. കാരണം, സോവിയറ്റ് രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണ് കോണ്‍ഗ്രസ്സിന്റെകൂടെ കൂടിയത്

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയശേഷം തുടങ്ങിയതാണ് മൗഢ്യം. എന്താണ് സംഭവിച്ചത് എന്ന് പിടികിട്ടിയില്ല. ഗാന്ധിയന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നും ജൂനിയര്‍മോസ്റ്റ് ഗാന്ധി പ്രധാനമന്ത്രിയാകും എന്നുമായിരുന്നു വിശ്വാസം. മാധ്യമ, രാഷ്ട്രീയ നിരീക്ഷകര്‍, അഭിപ്രായ വോട്ടെടുപ്പുകാര്‍, എക്‌സിറ്റ് പോളുകാര്‍ തുടങ്ങിയ വിശ്വസിക്കാന്‍ കൊള്ളാത്ത കക്ഷികള്‍ ആര്‍ഷഭാരതപാര്‍ട്ടിക്കാര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്നും ഗുജറാത്തില്‍നിന്നുള്ള ഗാന്ധിവിരുദ്ധന്‍ പ്രധാനമന്ത്രിയായേക്കുമെന്നും പ്രവചിച്ചിരുന്നുവെന്നത് സത്യം. രാഹുല്‍ജി എങ്ങനെ വിശ്വസിക്കാനാണ്. പാര്‍ട്ടിയിലെ വിശ്വസ്തന്മാരൊന്നും ഇങ്ങനെ സംഭവിക്കുമെന്ന് പറഞ്ഞിട്ടില്ല. വോട്ടെണ്ണിയപ്പോള്‍ ആകപ്പാടെ അബദ്ധായി. പാര്‍ട്ടിയില്‍ ആശയക്കുഴപ്പായി, തമ്മില്‍ത്തല്ലായി… പിന്നെ ഒരു കാര്യം സമയം പാഴാക്കാതെ വേഗമങ്ങട് ചെയ്തു. പാര്‍ട്ടി എങ്ങനെ തോറ്റു എന്ന് കണ്ടെത്താന്‍ കമ്മിറ്റിയെ നിയമിച്ചു. അതിന്റെ ദേശീയതല എക്‌സ്പര്‍ട്ട് എ.കെ. ആന്റണിജി ഡല്‍ഹിയില്‍ത്തന്നെ ഉള്ളതുകൊണ്ട് സംഗതി എളുപ്പമായി. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ചേര്‍ന്ന് ചെയ്ത പണിയാണിത്. നരേന്ദ്രമോദി എന്തോ മഹാ അവതാരമാണെന്ന് അവര്‍ ജനത്തെ തെറ്റിദ്ധരിപ്പിച്ചുകളഞ്ഞു, അതാണ് തോല്‍ക്കാന്‍ കാരണം. ആന്റണിജിയെ വിശ്വസിച്ചല്ലേ പറ്റൂ. രാഹുലിന്റെ കുഴപ്പംകൊണ്ടല്ല തോല്‍വി എന്ന് ആന്റണി സര്‍ട്ടിഫിക്കറ്റ് കൊടുത്തതാണ്. പക്ഷേ, എന്തുചെയ്യാം, രാഹുലിന്റെ മൗഢ്യം മാറിയില്ല.

ഇനി എന്തുചെയ്യണമെന്ന് ആലോചിച്ച് ആറുമാസം ഇരുന്നപ്പോഴാണ് ഇനിയും ഇങ്ങനെ ഇരുന്നുകൂടാ എന്ന് ബോധ്യപ്പെട്ടത്. പരീക്ഷയില്‍ തോറ്റ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉപദേശം കൊടുക്കുന്ന ടൈപ്പ് കൗണ്‍സലര്‍മാരെ രാഹുല്‍ജിയെ സഹായിക്കാന്‍ അയച്ചതായി കേള്‍ക്കുന്നുണ്ട്. കേരളത്തില്‍നിന്നാവാം അയച്ചത്. ഇവിടെ ഇപ്പോള്‍ കുട്ടികളാരും പരീക്ഷയില്‍ തോല്‍ക്കാത്തതുകൊണ്ട് കൗണ്‍സലര്‍മാര്‍ക്ക് പണിയില്ലല്ലോ. ഒടുവില്‍ തീരുമാനിച്ചു, പാര്‍ട്ടി നേതൃത്വത്തിലുള്ളവര്‍ വിഷയം തുറന്ന് ചര്‍ച്ചചെയ്യണമെന്ന്. അതിന് കാരണമുണ്ട്. ചിലകൂട്ടര്‍ വിവരമില്ലാത്ത കൂട്ടരാണെന്ന് വ്യക്തംരാഹുല്‍ജിയാണ് പരാജയത്തിന് കാരണം എന്ന് പരസ്യവേദികളില്‍ തുറന്നടിക്കുകയുണ്ടായി. അത് മോശമല്ലേ? എല്ലാവരെയും വിളിച്ചുകൂട്ടി അഭിപ്രായം ചോദിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ പരസ്യതുറന്നുപറച്ചിലെങ്കിലും നിലയ്ക്കുമല്ലോ. ഒക്ടോബറില്‍ ആ പരിപാടി തുടങ്ങി. സംഭവമിതാ തീരാറായി.
പാര്‍ട്ടിനേതാക്കള്‍ മുമ്പൊന്നും കാണാത്തതരത്തില്‍, ചര്‍ച്ചയില്‍ സത്യം പറയുന്നത് സകലരെയും അത്ഭുതപ്പെടുത്തിയത്രെ. സത്യം പറയല്‍ പാര്‍ട്ടിയില്‍ പതിവുള്ളതല്ലല്ലോ. സ്തുതികേള്‍ക്കാനാണ് തലപ്പത്തുള്ളവര്‍ക്ക് താത്പര്യം എന്ന് മനസ്സിലായാല്‍ പിന്നെ എല്ലാവരും ആ വഴിക്കുപോകും. പാര്‍ട്ടി ഭരിക്കുമ്പോള്‍ അപ്രിയസത്യം അത്രയ്ക്കങ്ങട് പറഞ്ഞുകൂടാ എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയുകയും ചെയ്യാം. ഇപ്പോള്‍ ഭാഗ്യവശാല്‍ എങ്ങും ഭരണഭാരം ഇല്ലാത്തതുകൊണ്ട് നേതാക്കള്‍ നിര്‍ഭയം സത്യം പറഞ്ഞത്രെ. ചര്‍ച്ചകള്‍ തുടങ്ങി കുറച്ചുനേരം കഴിഞ്ഞാല്‍, ഇനി നിങ്ങള്‍ ചര്‍ച്ച നടത്തൂ, ഞാന്‍ ഇപ്പോള്‍ വരാം എന്നും പറഞ്ഞ് സ്ഥലം വിടുകയായിരുന്നത്രെ രാഹുല്‍ജിയുടെ പതിവ്. വൈസ് പ്രസിഡന്റ് ഇല്ലാതെന്ത് ചര്‍ച്ച ചെയ്യാന്‍ എന്നും പറഞ്ഞ് ബാക്കിയുള്ളവരും സ്ഥലംകാലിയാക്കും. ഇത്തവണ അങ്ങനെയായിരുന്നില്ല ചര്‍ച്ച. രാഹുല്‍ മുഴുവന്‍സമയം ചര്‍ച്ച കേട്ടു. തന്നെക്കുറിച്ച് പറഞ്ഞതും ക്ഷമയോടെ കേട്ടു. ആള് കൊള്ളാല്ലോ എന്നാണ് പ്രതിനിധികള്‍ ഇപ്പോള്‍ പറയുന്നതത്രെ. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ രാഹുലിനോട് തോന്നിയ വിരോധം, അമര്‍ഷം, പുച്ഛം എല്ലാം ഇതോടെ നന്നേ കുറഞ്ഞത്രെ.

നമുക്ക് നേതാവ് രാഹുല്‍തന്നെ മതി. (മറ്റെ പെങ്കൊച്ച് ലവലേശം വഴങ്ങുന്നില്ല) പക്ഷേ, ഒരു കാര്യംണ്ട്. രാഹുല്‍ അപ്പടി മാറണം. അടിമുടി മാറണം. പേര് മാറണമെന്നില്ല. ബാക്കി സകലതും മാറണം. ഇതാണത്രെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന പ്രധാന പോയന്റ്. രാഹുല്‍ സംസ്ഥാനങ്ങളില്‍ മിന്നല്‍പര്യടനം നടത്തുന്ന സമ്പ്രദായം ആര്‍ക്കും അത്ര പിടിക്കുന്നില്ല. തട്ടുകടയില്‍ പാഞ്ഞുകേറുന്നതിനെക്കുറിച്ച് ആരും കുറ്റം പറഞ്ഞതായി റിപ്പോര്‍ട്ടില്ല. സംസ്ഥാനങ്ങളില്‍ പോയാല്‍ ജനമനസ്സറിയാനും നേതാക്കളുമായി സംസാരിക്കാനും സമയം കാണണമെന്ന് പലരും പറഞ്ഞു. എന്തിനെങ്കിലും ഇറങ്ങിത്തിരിച്ചാല്‍ തിരിച്ചതിനേക്കാള്‍ സ്?പീഡില്‍ പിന്തിരിയുന്ന സ്വഭാവം പുള്ളിക്കാരന്‍ മാറ്റണമെന്നാണ് ചില നേതാക്കള്‍ പറഞ്ഞത് (വേറെ എന്തെല്ലാം പണികിടക്കുന്നു, ഇവര്‍ക്കതുവല്ലതും അറിയുമോ!). പാര്‍ലമെന്റില്‍ എല്ലാ ദിവസവും മുന്നില്‍നിന്ന് നയിക്കണം, ചര്‍ച്ചകളില്‍ ആഞ്ഞടിക്കണം, നരേന്ദ്രമോദിയെ വിറപ്പിക്കണം, ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയകുശാഗ്രബുദ്ധി പ്രകടിപ്പിക്കണം, ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജനപ്രീതിനേടണം, മഹാത്മാഗാന്ധിയുടെ അത്ര ആരാധന പിടിച്ചുപറ്റണം, രാജീവ് ഗാന്ധിയെപ്പോലെ പുത്തന്‍ ആശയങ്ങള്‍ കണ്ടെത്തണം, അംബേദ്കറെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ആശ്രയമാകണം, കാറല്‍മാര്‍ക്‌സ് ആവണം, ശ്രീബുദ്ധനാവണം… തുടങ്ങിയ നിരവധി ക്രിയാത്മക പ്രായോഗിക നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി.
രാഹുല്‍ജി എല്ലാം ഏറ്റിട്ടുണ്ട്. ഇപ്പം ശര്യാക്കിത്തരാം. സമ്പൂര്‍ണമായ ഒരു പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപവും ഭാവവും മാറ്റിയെടുക്കാനാണ് പരിപാടി. അതുടനെ ചെയ്യും. പിന്നെയൊരു വരവുണ്ട്. വരുന്നേടത്തുവെച്ച് കാണാം നമുക്ക്.
****
തെരുവില്‍ അവിഹിതബന്ധങ്ങളെപ്പറ്റിയുള്ള വക്കാണംപോലെ ഇടതുമുന്നണിയിലെ പൂര്‍വകാല ബന്ധചര്‍ച്ച പുരോഗമിക്കുന്നുണ്ടോ എന്നൊരു സംശയം. അറിയാത്തത് പലതും ജനം അറിയുന്നു ഇപ്പോള്‍. കേള്‍ക്കാത്തത് പലതും കേള്‍ക്കുന്നു. നിവൃത്തിയുണ്ടെങ്കില്‍ ഈ ചര്‍ച്ച ഒരു അഡ്ജസ്റ്റുമെന്റില്‍ അവസാനിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഐക്യത്തിന് നല്ലതെന്ന് തോന്നുന്നുണ്ട് ജനത്തിന്.
കോണ്‍ഗ്രസ്സുമായുള്ള സി.പി.ഐ.യുടെ കേരള മുന്നണി ബന്ധം അവിഹിതമൊന്നുമായിരുന്നില്ല. അത് നാലാള്‍ അറിഞ്ഞ് മുന്നണി രജിസ്റ്ററാക്കിയ ബന്ധമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥയിലെ ബന്ധം രജിസ്റ്റര്‍ചെയ്തിരുന്നില്ല. അതും അവിഹിതമല്ല. കാരണം, സോവിയറ്റ് രക്ഷിതാക്കളുടെ അനുമതി വാങ്ങിയാണ് കോണ്‍ഗ്രസ്സിന്റെകൂടെ കൂടിയത്. ഇന്ത്യയില്‍ എന്തിനാണ് ഒരു പ്രതിപക്ഷം എന്ന് ചോദിക്കുന്ന കൂട്ടരായിരുന്നല്ലോ സോവിയറ്റ് പാര്‍ട്ടി തലവന്മാര്‍. പില്‍ക്കാലത്ത് ഇന്ദ്രജിത് ഗുപ്തയെ കേന്ദ്ര ആഭ്യന്തരമന്ത്രിയാക്കിയതും പരസ്യമായാണ്. സി.പി.എം. സോമനാഥ്ജിയെ പാര്‍ട്ടിക്കുപ്പായം അഴിപ്പിച്ച് ലോക്‌സഭാ സ്?പീക്കറാക്കിയത് വിഹിതമോ അവിഹിതമോ? ജനതാ ടിക്കറ്റില്‍ മത്സരിച്ച ജനസംഘം നേതാക്കളെ ജയിപ്പിച്ചത് വിഹിതമോ അവിഹിതമോ? ചോദ്യങ്ങള്‍ ഇരുപക്ഷവും തുടര്‍ന്നാല്‍ കേട്ടുനില്‍ക്കുന്നവര്‍ ഇടപെട്ടേക്കും. ഇരുപത്തഞ്ച് വയസ്സില്ലാത്തവരാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും. പഴയ കഥകള്‍ അധികമൊന്നും അവര്‍ക്കറിയില്ല. എന്തിന് വെറുതേ മലര്‍ന്നുകിടന്ന് മേലോട്ട് തുപ്പുന്നു? ജനകീയ ജനാധിപത്യം, ദേശീയ ജനാധിപത്യം, പെറ്റി ബൂര്‍ഷ്വ, ബൂര്‍ഷ്വ ഭൂവുടമ പാര്‍ട്ടി, കോംപ്രഡോര്‍ ബൂര്‍ഷ്വാപാര്‍ട്ടി തുടങ്ങി ആളുകള്‍ക്ക് മനസ്സിലാവാത്ത വിഷയങ്ങളും ആക്ഷേപങ്ങളും പരസ്?പരം ഉന്നയിച്ചാല്‍ പോരേ?
****
സമരത്തില്‍ അഡ്ജസ്റ്റ്‌മെന്റ് പാടില്ലെന്നാണ് സി.പി.ഐ. പക്ഷം. ഒരാവശ്യം ഉന്നയിച്ച് സമരം തുടങ്ങിയാല്‍ രണ്ടിലൊന്നായാലേ സി.പി.ഐ. സമരം നിര്‍ത്തൂ. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്നും പറഞ്ഞ് പണ്ടൊരു സമരം തുടങ്ങിയാണ് സര്‍വ സി.പി.ഐ.ക്കാര്‍ക്കും തൊഴിലായത്. പിന്നീട് സ്വന്തമായൊരു സമരവും ചെയ്തിട്ടില്ലാത്തതുകൊണ്ട് അഡ്ജസ്റ്റ്‌മെന്റിന്റെ ആവശ്യം വന്നില്ല.
സി.പി.എമ്മുകാര്‍ അങ്ങനെയല്ല. ഭരണത്തിലുള്ളവരുമായി അഡ്ജസ്റ്റ്‌ചെയ്ത് സമരം നിര്‍ത്തിക്കളയുന്നു. ഈ ആരോപണംതന്നെ ഒരു സി.പി.എം.സി.പി.ഐ. അഡ്ജസ്റ്റ്‌മെന്റാണെന്ന് കരുതുന്നവരും കാണും. സമരം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ വല്ല എല്ലിന്‍തുണ്ടും എറിഞ്ഞുകൊടുക്കും. അതില്‍ ചാടിപ്പിടിച്ച് സമരം അവസാനിപ്പിക്കും. അതാണ് അഡ്ജസ്റ്റ്‌മെന്റ്. അത് ചെയ്തില്ലെങ്കില്‍ സമരം പുലിവാല്‍ സമരമാവും. സെക്രട്ടേറിയറ്റ് വളയല്‍ നിര്‍ത്താന്‍ 24 മണിക്കൂറിലധികം വേണ്ടിവന്നില്ല. സമരം നിര്‍ത്തരുതെന്ന് സി.പി.ഐ.യും പറഞ്ഞിട്ടില്ല. പിന്നെ, സ്വന്തമായി സമരം ചെയ്യാത്ത സി.പി.ഐ.ക്കാര്‍ക്ക് അതൊന്നും ചിന്തിക്കേണ്ട ആവശ്യം വരില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top