വിനാശകാലേ അനുകൂലബുദ്ധി

ഇന്ദ്രൻ

സദ്ബുദ്ധിയുദിക്കുക ഏതുകാലത്താണ്, ഏതുപ്രായത്തിലാണ് എന്നൊന്നും പറയാനാവില്ല. സഖാവ് വി.എസ്. അച്യുതാനന്ദന്റെ കാര്യംതന്നെയെടുക്കൂ. പത്ത് വര്‍ഷത്തോളമായി അദ്ദേഹം പാര്‍ട്ടിക്കാര്യങ്ങളിലെല്ലാം വിപരീതദിശയിലായിരുന്നു നടപ്പ്. പാര്‍ട്ടി നേതൃത്വം മുന്നോട്ടുനടക്കുമ്പോള്‍ വി.എസ്. പിറകോട്ടുനടക്കും, പാര്‍ട്ടി തെക്കോട്ടെടുക്കുമ്പോള്‍ വി.എസ്. വടക്കോട്ടെടുക്കും. നല്ല രസമായിരുന്നു. എത്രകാലമെന്നുവെച്ചാണ് ഇങ്ങനെ കാഴ്ചക്കാരെ ഫ്രീയായി രസിപ്പിച്ച് തെക്കുവടക്ക് നടക്കുക?

മതിയായി. ഇനി പാര്‍ട്ടി തെളിക്കുന്ന വഴിയേതന്നെ സഞ്ചരിക്കും. വഴിപിഴയ്ക്കില്ല. നീണ്ടകാലം ഒരേവഴിക്ക് പോയതാണ് പാര്‍ട്ടിയും വി.എസ്സും. ലവലേശം വ്യത്യാസം ഉണ്ടായിരുന്നില്ല രണ്ടും തമ്മില്‍. മുഷ്‌കും മുരടത്തവും അരഡിഗ്രി കൂടുതലേ ഉണ്ടായിട്ടുള്ളൂ, പുന്നപ്ര-വയലാര്‍ പോരാളിക്ക്. പക്ഷേ, ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്ത് അദ്ദേഹം പ്രതിപക്ഷനേതാവായി തിളങ്ങി. സദാചാരത്തിന്റെ ഗ്രാഫ് താഴ്ന്ന കാലമായിരുന്നല്ലോ അത്. പ്രതിപക്ഷനേതാവ് മര്യാദരാമന്മാരുടെയും നേതാവായി. പിടിപ്പത് പണിയായിരുന്നു രാവും പകലും. ഭൂമാഫിയാവിരുദ്ധ പ്രക്ഷോഭം, സ്ത്രീപീഡനവിരുദ്ധ പ്രക്ഷോഭം, അഴിമതിവിരുദ്ധ പ്രക്ഷോഭം, ആഗോളീകരണവിരുദ്ധ പ്രക്ഷോഭം, എ.ഡി.ബി.വിരുദ്ധ പ്രക്ഷോഭം, സ്മാര്‍ട്ട് സിറ്റി തരികിട വിരുദ്ധ പ്രക്ഷോഭം, ദളിതുഭൂമി പ്രക്ഷോഭം, പോലീസ്മര്‍ദനവിരുദ്ധ പ്രക്ഷോഭം, ക്ഷോഭം, ക്ഷോഭം, ക്ഷോഭം… വിവാദത്തിനും ചര്‍ച്ചയ്ക്കും വിഷയംകിട്ടാന്‍ ചാനലുകള്‍ ആര്‍ത്തിപിടിച്ച് പാഞ്ഞുതുടങ്ങിയ കാലം. യു.ഡി.എഫ്. ഭരണത്തിനെതിരെ തുരുതുരാ വെടിവെക്കുന്നതിനൊപ്പം ഇടയ്ക്ക് ഒരോവെടി സ്വന്തം പാര്‍ട്ടി നേതൃത്വത്തിന്റെ മൂല്യച്യുതിക്കുനേരേക്കൂടി വിട്ടപ്പോള്‍ കൈയടി തുരുതുരെയായി. കൈയടിയില്‍ വീഴാത്ത മനുഷ്യനുണ്ടോ.

തിരഞ്ഞെടുപ്പില്‍ സീറ്റുകൊടുക്കാതെ പ്രശ്‌നക്കാരനെ പുറത്തുകളയാനായി ശ്രമം. വെളുക്കാന്‍ തേച്ചത് പാണ്ടായി. പാര്‍ട്ടികേന്ദ്രന്‍ ഇടപെട്ട് സീറ്റ് കൊടുപ്പിച്ചതോടെ പിടിച്ചാല്‍ കിട്ടാതായി വി.എസ്സിന്റെ പോക്ക്. ജനപിന്തുണയുടെ ഗ്രാഫ് റോക്കറ്റുപോലെ കുത്തനെ ടോപ്പിലേക്ക്. തിരഞ്ഞെടുപ്പില്‍ വന്‍തരംഗം. വാഗ്ദാനങ്ങളുടെ പെരുമഴകൂടി കൊടുത്താണ് വോട്ടുപിടിച്ചിരുന്നത്. സത്യപ്രതിജ്ഞയുടെ പിറ്റേന്ന് സോഷ്യലിസം നടപ്പാക്കും എന്നോ മറ്റോ മാത്രമേ പറയാന്‍ ബാക്കിവെച്ചിരുന്നുള്ളൂ. പക്ഷേ, പ്രതീക്ഷിച്ചപോലെ പ്രസംഗംമാത്രമേ ഉണ്ടായുള്ളൂ. കാര്യമൊന്നും നടന്നില്ല. ഗ്രാഫ് മെല്ലെമെല്ലെ താഴോട്ടുവന്നെങ്കിലും ഇടയ്‌ക്കോരോ ഗുണ്ടുകള്‍ പൊട്ടിച്ചിരുന്നതുകൊണ്ട് പത്രത്തില്‍ തലവാചകത്തിന് ക്ഷാമമുണ്ടായില്ല. പാര്‍ട്ടിയിലെ പോര് പൊലിപ്പിച്ചുനിര്‍ത്തി. വീണു എന്നുതോന്നും. പക്ഷേ, വീഴില്ല. പൂച്ചയ്ക്ക് ഒമ്പത് ജന്മമേ പറഞ്ഞിരുന്നുള്ളൂ. ഈ പൂച്ച പിന്നിട്ടത് ഒമ്പതാണോ അമ്പതാണോ എന്നേ സംശയം ഉണ്ടായുള്ളൂ. അഞ്ചുവര്‍ഷം ഭരിച്ചിട്ടും റോഡിലിറങ്ങിയാല്‍ ജനം കല്ലെറിയുകയില്ല എന്ന അവസ്ഥ ഉണ്ടായത് ചില്ലറ കാര്യമാണോ. രണ്ടാംവട്ടവും പാര്‍ട്ടി, സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ പുറപ്പെട്ടതുകൊണ്ട് രക്ഷപ്പെട്ടു. പണ്ടേപ്പോലെ ഫലിച്ചില്ലെങ്കിലും ഒരു മിനിതരംഗം ഒപ്പിച്ചെടുക്കാനായി. യു.ഡി.എഫിന് ദയനീയവിജയം. പിന്നീടിതാ മൂന്നുവര്‍ഷമായി ഭരിക്കാന്‍ ചക്രശ്വാസം വലിക്കുന്നു. പ്രതിപക്ഷത്തുള്ളതിനേക്കാള്‍ വക്രബുദ്ധി ഭരണനായകര്‍ക്കുള്ളതുകൊണ്ട് കഷ്ടിച്ച് ഭരിച്ചുപോകുകയാണ്. രണ്ടുസീറ്റ് ഭൂരിപക്ഷംകൊണ്ട് തുടങ്ങിയ ഭരണത്തിനിപ്പോള്‍, പ്രതിപക്ഷാനുഗ്രഹംകൊണ്ട് അഞ്ചുസീറ്റ് ഭൂരിപക്ഷമുണ്ട്. ഇനി പ്രതിപക്ഷത്തെ പേടിക്കേണ്ട, സ്വന്തം മുന്നണിക്കാരെ പേടിച്ചാല്‍ മതി.

ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിട്ടുണ്ട്. സീറ്റിന്റെ കാര്യം ലേശം ബുദ്ധിമുട്ടാണ്. 15 കൊല്ലംമുമ്പ് പ്രധാനമന്ത്രിപദവി കൈയാളാന്‍ വിളിക്കപ്പെട്ട പാര്‍ട്ടിയാണ്. ഇന്ന് ആരും ലോക്സഭയിലേക്ക് ഒരു സീറ്റ് തരുന്നില്ല, കാലുപിടിച്ച് കേണിട്ടും. 1951-ല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ വലിയ പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. പ്രതിപക്ഷനേതാവ് എ.കെ.ജി. 1980-ലെ 37 സീറ്റായിരുന്നു റെക്കോഡ്. പിന്നെ താഴോട്ടാണ് വീണത്. പ. ബംഗാളില്‍ പ്രതീക്ഷയില്ല. ഇന്നസെന്റിനെ നിര്‍ത്തിയിട്ടായാലും ഇന്ദ്രന്‍സിനെ നിര്‍ത്തിയിട്ടായാലും കുറച്ച് സീറ്റുപിടിച്ചില്ലെങ്കില്‍ ദേശീയപ്പാര്‍ട്ടിയെന്ന പദവിതന്നെ ഇല്ലാതാവും. എം.പി.മാരില്ലെങ്കില്‍ വരുമാനത്തിന് പിന്നെ പാട്ടപ്പിരിവേ ഗതിയുള്ളൂ. എം.പി.മാരെ പിഴിഞ്ഞാണ് പാര്‍ട്ടി ജീവിക്കുന്നത്. ഏറ്റവും വിനാശകരമായ കാലമാണ്. ചുമരില്ലെങ്കില്‍ ചിത്രമെഴുതാന്‍ പറ്റില്ല. കാരാട്ട് മാത്രമല്ല, വി.എസ്സും വഴിയാധാരമാകും. അതുകൊണ്ട് സീറ്റുപിടിക്കണം. വി.എസ്. വിചാരിച്ചാല്‍ വോട്ടുപിടിക്കാന്‍ പറ്റില്ലായിരിക്കാം. പക്ഷേ, വോട്ട് കുറപ്പിക്കാം. ഇത്തവണ അതുവേണ്ട. അതിനുള്ള മാധ്യസ്ഥ് കാരാട്ട് ഉണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തനാളില്‍ ടി.പി. വധക്കേസ് പാര്‍ട്ടി കമ്മീഷന്‍ അന്വേഷണറിപ്പോര്‍ട്ടെന്നും മറ്റും പറഞ്ഞ് കൊലയാളിയെ പുറത്താക്കുന്നതുകണ്ട് അന്തംവിട്ട ജനത്തിന് ഇപ്പോഴേ ഗുട്ടന്‍സ് പിടികിട്ടിയുള്ളൂ. ഇതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിരിക്കുന്നു. രമയും ആര്‍.എം.പി.ക്കാരും അവരുടെ വഴിക്ക്, നാം നമ്മുടെ വഴിക്ക്. വി.എസ്സിന്റെ വക പുതിയ പൊല്ലാപ്പുകള്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുന്നു. പത്രങ്ങള്‍, ചാനലുകള്‍, പാര്‍ട്ടിവിരുദ്ധര്‍, ചാനല്‍ചര്‍ച്ചാജീവികള്‍ എന്നിവര്‍ക്കുണ്ടായ നിരാശയ്ക്കും ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നു.

****

പിണറായിയെയും പാര്‍ട്ടിയിലെ കണ്ണൂര്‍ കോക്കസിനെയും ഒരരിക്കാക്കാന്‍ ശിഷ്ടജീവിതം ഉഴിഞ്ഞുവെച്ചതാണ്, ബ.കു.നാ. എന്ന് പാര്‍ട്ടിപത്രം വിളിക്കുന്ന നാറാത്ത് ലോക്കല്‍ മുച്ചിലോട്ട് ബ്രാഞ്ച് മുന്‍ മെമ്പര്‍ സ്വസ്ഥം കൃഷി കുഞ്ഞനന്തന്‍നായര്‍. അങ്ങേര്‍ക്കും അപ്രതീക്ഷിതമായി സദ്ബുദ്ധി ഉദിച്ചതാണ് പാര്‍ട്ടിക്കാരെപ്പോലും ഞെട്ടിച്ചത്. കാരണം, പുള്ളിക്കാരന്‍ എഴുതിയ ആത്മകഥയുടെ ആമുഖപ്രസ്താവനയില്‍ പറഞ്ഞിരുന്നത്, ‘സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും അമ്യൂസ്മെന്റ് പാര്‍ക്കുകളുമായി ഒരു ജനതയെ ചതിക്കുഴിയില്‍പ്പെടുത്തുന്ന കച്ചവടരാഷ്ട്രീയത്തിനെതിരെ വരാനിരിക്കുന്ന തലമുറകളുടെ പോരാട്ടം വിജയംകാണുമെന്ന് എനിക്കുറപ്പുണ്ട്’ എന്നാണ്. പുതിയ നല്ലനടപ്പില്‍ വല്ല കുതന്ത്രവുമുണ്ടോ എന്നുപോലും ചിലര്‍ക്ക് ശങ്കയുണ്ട്. ഉണ്ടാവില്ല. ക്യാപ്റ്റന്‍ വെടിനിര്‍ത്തിയാല്‍ ശിപ്പോയിയും വെടിനിര്‍ത്തണമല്ലോ.ഇതിനേക്കാളെല്ലാം കണ്ണുനിറയ്ക്കുന്നതായിരുന്നു സഖാവ് ഗൗരിയമ്മ ചെങ്കൊടി ഏറ്റുവാങ്ങിയ രംഗം. തീരേ വയ്യാഞ്ഞിട്ടാണ്, പറ്റിയിരുന്നെങ്കില്‍ സഖാവ് എം.വി.ആര്‍.കൂടി ചെങ്കൊടി ഏറ്റുവാങ്ങുമായിരുന്നു. എന്തായാലും പാര്‍ട്ടിയുടെ മേല്‍ത്തറ ശക്തിപ്പെടുന്നുണ്ട്. തര്‍ക്കമില്ല. അടിത്തറയുടെ കാര്യം പിന്നെനോക്കാം. വിനാശകാലമാണോ അല്ലയോ എന്നതവിടെ നില്‍ക്കട്ടെ,

****

സി.പി.എമ്മിന് തിരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ വരുന്ന സര്‍ക്കാറിനെക്കുറിച്ചൊരു ചിന്തപോലുമില്ല. തികഞ്ഞ നിസ്സംഗത. വോട്ടെണ്ണലിനുശേഷം ആരാണ് അധികാരത്തില്‍വരിക?
ആരെങ്കിലുമാവട്ടെ എന്നമട്ട്. സി.പി.എം. മൂന്നാംമുന്നണിയുണ്ടാക്കുമോ?
അത് അപ്പോള്‍ നോക്കാം എന്നമട്ട്. 2004-ലും 2009-ലും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ബദല്‍ സര്‍ക്കാര്‍ സാധ്യതകളെക്കുറിച്ച് വ്യക്തമായ പ്രതീക്ഷകളും നയങ്ങളുമുണ്ടായിരുന്നു. ഇക്കുറി സര്‍ക്കാര്‍ എന്നൊരു വാക്കില്ല മാനിഫെസ്റ്റോയില്‍. ഭരണത്തില്‍ വരില്ല എന്നുറപ്പുള്ളതുകൊണ്ട് ഒരു ഗുണമുണ്ടായി. മികച്ച മാനിഫെസ്റ്റോ ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. നടപ്പാക്കാന്‍ കഴിയാതെപോകുമോ എന്നൊന്നും നോക്കേണ്ടല്ലോ. ഇത് ചില അസൂയാലുക്കളുടെ അഭിപ്രായമാണ്. മറ്റ് പാര്‍ട്ടികള്‍ നിലപാടെടുക്കാത്ത വിഷയങ്ങളില്‍ കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് പാര്‍ട്ടി. വിഭിന്ന ലൈംഗികതയെ അംഗീകരിക്കുന്ന മാനിഫെസ്റ്റോ വ്യവസ്ഥയാണ് ഒന്ന്. വധശിക്ഷ ഇല്ലായ്മചെയ്യും എന്ന വാഗ്ദാനമാണ് മറ്റൊന്ന്. ഭരിച്ചാലും ഇല്ലെങ്കിലും നിലപാട് വേണമല്ലോ; അതുണ്ട്.

ലോകത്തെവിടെയെങ്കിലും കമ്യൂണിസ്റ്റ് ഭരണം വധശിക്ഷ ഇല്ലായ്മ ചെയ്തിട്ടുണ്ടോ എന്ന് ഗവേഷണം നടത്തിയേ കണ്ടെത്താന്‍ കഴിയൂ. സാധ്യത കുറവാണ്. വിപ്ലവത്തിനുശേഷവും ചോരപ്പുഴയാണ് ഒഴുകാറുള്ളത്.കേരളംപോലുള്ള പ്രദേശങ്ങളില്‍ വധശിക്ഷ നടപ്പാക്കാന്‍ പാര്‍ട്ടിക്കോടതി മതി. മാനിഫെസ്റ്റോയിലെ വാഗ്ദാനം നടപ്പായാലും ഇല്ലെങ്കിലും പാര്‍ട്ടിവക വധശിക്ഷ അവസാനിപ്പിച്ചുകൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ജയിലില്‍ ആരാച്ചാരന്മാര്‍ നടത്തിയ വധശിക്ഷയുടെ എത്ര ഇരട്ടി വധശിക്ഷ പാര്‍ട്ടിക്കോടതികള്‍ നടപ്പാക്കിയിട്ടുണ്ട് ഇതുവരെ എന്നതിന് കണക്കില്ല. കൊലയാളികളെ തൂക്കിക്കൊല്ലില്ല എന്ന് പറഞ്ഞതുശരി. അവരെ ജയിലില്‍ ചെന്ന് പാര്‍ട്ടി രക്തഹാരമണിയിക്കും എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, ഭാഗ്യം. മറ്റേ കോടതി നാളെ സഖാക്കളെ ജയിലില്‍ തൂക്കിക്കൊല്ലാതിരിക്കാനാണ് പാര്‍ട്ടി വധശിക്ഷ വേണ്ടെന്ന് പറയുന്നത് എന്ന് കരുതുന്നവരുണ്ട്. അതില്‍ കാര്യമില്ല. ഒരുവിധപ്പെട്ട രാഷ്ട്രീയക്കൊലയൊന്നും അപൂര്‍വത്തില്‍ അപൂര്‍വം ആവില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൊല്ലാന്‍ പേടിക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

Go Top