തിരിച്ചുവരുന്ന ധൂര്‍ത്തപുത്രന്മാര്‍ (പുത്രിയും)

ഇന്ദ്രൻ

കളി തുടങ്ങാന്‍ റഫറി വിസിലടിച്ചശേഷം കളിക്കാര്‍ ടീം മാറുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ചില കക്ഷികള്‍ മുന്നണി മാറി മറുപക്ഷത്ത് ചേരുന്നത്. മുമ്പും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, ചേരുന്നതിന് ഊക്കന്‍ കാരണങ്ങള്‍ നിരത്താറുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നും വേണമെന്നില്ല. ആര്‍.എസ്.പി.യുടെയും സി.എം.പി.യുടെയുമൊക്കെ മാറ്റം നോക്കുക.
രാജ്യത്ത് സോഷ്യലിസം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. വിട്ടതെന്ന് സി.എം.പി.ക്ക് പറയാമായിരുന്നു. അല്ലെങ്കില്‍, കോണ്‍ഗ്രസ് അംബാനിമാരുടെ പോക്കറ്റിലായതുകൊണ്ടാണെന്ന് പറയാമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കള്ളം പറഞ്ഞെന്ന് ആരും പറയുകയുമില്ല. ചോദിച്ച സീറ്റ് കിട്ടാഞ്ഞിട്ടാണ് കൂറുമാറുന്നതെങ്കിലും കനപ്പെട്ട വല്ല ന്യായവും പറയുന്നതാണൊരു ഗമ. ആര്‍.എസ്.പി.ക്കും പറയാമായിരുന്നു റവല്യൂഷണറി സോഷ്യലിസം സംബന്ധിയായ വല്ലതും. കാലം മാറി. തത്ത്വങ്ങള്‍ക്കും ആദര്‍ശത്തിനുമൊന്നും മാര്‍ക്കറ്റില്ല. ഇപ്പോള്‍ പൊതുവേ സത്യസന്ധന്മാരായിരിക്കുന്നു നേതാക്കള്‍. ഉള്ളത് ഉള്ളതുപോലെ പറയും. എ പക്ഷം സീറ്റ് തന്നില്ല, അതുകൊണ്ട് ബി പക്ഷത്ത് ചേര്‍ന്നു. ആ ഹോട്ടലില്‍നിന്ന് ഊണ് കിട്ടിയില്ല, അതുകൊണ്ട് ഈ ഹോട്ടിലില്‍ക്കേറി കഴിച്ചു എന്ന ലാഘവത്തിലാണ് സംഗതി നടക്കുന്നത്.

സി.എം.പി.യോട് കടുത്ത അവഗണനയായിരുന്നു യു.ഡി.എഫില്‍. കഴിഞ്ഞ മൂന്നുവര്‍ഷമായി മന്ത്രിസ്ഥാനമില്ല. അത് പോട്ടെ, പാര്‍ട്ടിക്ക് എം.എല്‍.എ. ഇല്ലാത്തതുകൊണ്ടാണതെന്ന് സമ്മതിക്കാം. എങ്കില്‍ അതിന് കോംപന്‍സേറ്ററിയായി കൂടുതല്‍ സ്ഥാനങ്ങള്‍ തരേണ്ടേ? സംസ്ഥാനം മുഴുക്കെ ബോര്‍ഡും കോര്‍പ്പറേഷനുകളും ഉണ്ടാക്കിവെച്ചിരിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്?

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് 14 കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും 40 ബോര്‍ഡ് അംഗത്വവും ഉണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ മൂന്ന് ചെയര്‍മാന്‍ സ്ഥാനവും ഒമ്പത് ബോര്‍ഡ് അംഗത്വവുമേ കിട്ടിയുള്ളൂ. സി.എം.പി.ക്ക് ചോദിച്ച സ്ഥാനമൊന്നും കിട്ടിയില്ലെങ്കിലും പാര്‍ട്ടിയുടെ ഏക അവയിലബ്ള്‍ ബുദ്ധിജീവിയും ആസൂത്രകനുമായ സി.പി.ജോണിന് മൂന്ന് സ്ഥാനങ്ങള്‍ കൊടുത്തു. സി.എം.പി.യുടെ അക്കൗണ്ട് സീറോ ബാലന്‍സ് ആയിരുന്നതുകൊണ്ട് ഉദാരവത്കൃത പാര്‍ട്ടിയായ ലീഗ് സ്വന്തം അക്കൗണ്ടില്‍നിന്ന് എടുത്താണത്രെ അത് കൊടുത്തത്. നാട്ടുകാര്‍ക്ക് ഓര്‍മയില്ലാഞ്ഞിട്ടാണ്, സി.എം.പി.യും മുസ്ലിംലീഗും തമ്മില്‍ കഴിഞ്ഞ ജന്മത്തിലേ രക്തബന്ധമുണ്ട്. സി.എം.പി. എന്ന പാര്‍ട്ടി ജനിച്ചതുതന്നെ മുസ്ലിംലീഗ് കാരണമാണ്. സി.പി.എമ്മിലിരുന്ന് എം.വി.രാഘവന്‍ ബദല്‍രേഖ ചമച്ചത് എന്തിനായിരുന്നു? ലീഗുമായി സി.പി.എമ്മിന് ഒരു ബന്ധവും ആശാസ്യമല്ല എന്ന് തിരുമേനി പറഞ്ഞതിനെതിരെ, ബന്ധമാകാം എന്ന് പറഞ്ഞതിനാണ് എം.വി.ആര്‍. പുറത്തായതും പുതിയ പാര്‍ട്ടി ജനിച്ചതും.

ലീഗുകാര്‍ പക്ഷേ ഇതെല്ലാം മറന്നു. ക്രൂരവും പൈശാചികവുമായി അഴീക്കോട് സീറ്റ് എടുത്ത് മുസ്ലിം ലീഗ് സ്വന്തം പോക്കറ്റിലിട്ടു. സി.എം.പി. ഉണ്ടായ കാലംമുതല്‍ സ്ഥാപകനേതാവ് എം.വി.ആര്‍. മത്സരിച്ച സീറ്റാണ്. സി.എം.പി.യുടെ ഏക ഷുവര്‍ സീറ്റ്, മലപ്പുറത്ത് ഇഷ്ടംപോലെ ഷുവര്‍ സീറ്റുകളുള്ള മുസ്ലിം ലീഗ് കൈവശപ്പെടുത്തിയത് ഇടതുമുന്നണി ആര്‍.എസ്.പി.യോട് കൊല്ലത്ത് കാട്ടിയതിലും വലിയ അനീതിയായിരുന്നു.

15 കൊല്ലംമുമ്പ് കൈവിട്ടുപോയ സീറ്റിന്റെ പേരില്‍ ആര്‍.എസ്.പി.ക്ക് മുന്നണി വിടാമെങ്കില്‍ നിയമസഭാസീറ്റിന്റെ പേരില്‍ സി.എം.പി.ക്കും മുന്നണി വിടാം. തര്‍ക്കമില്ല. സി.എം.പി.പോയ വകയില്‍ ഒഴിവാകുന്ന ബോര്‍ഡും കോര്‍പ്പറേഷനുകളുമെല്ലാം പുതിയ കൂട്ടാളികളായ ആര്‍.എസ്.പി.ക്ക് കൈമാറിക്കളയാം എന്ന് യു.ഡി.എഫ്. യജമാനന്മാര്‍ ധരിക്കുന്നുണ്ടെങ്കില്‍ അത് നടപ്പില്ല. സ്ഥാനമുള്ളവരൊന്നും പോകില്ല, പോയവരൊന്നും സ്ഥാനമുള്ളവരല്ല. അതുകൊണ്ട് ഒഴിവുകളൊന്നും ഉണ്ടാവില്ല.

എത്ര മണ്ഡലങ്ങളില്‍ ജയിപ്പിക്കാന്‍ കഴിയും എന്ന ഒറ്റ പ്രാചീന പ്രാകൃത മാനദണ്ഡംവെച്ചാണ് യു.ഡി.എഫ്. ഇപ്പോഴും ഘടകകക്ഷികളുടെ കനം നോക്കുന്നത്. ആഗോളീകരണത്തിന്റെ ഇക്കാലത്ത് പുതിയ മാനദണ്ഡങ്ങള്‍ കണ്ടെത്താത്തത് കോണ്‍ഗ്രസ്സിന്റെ പാപ്പരത്തം തന്നെ. യു.ഡി.എഫില്‍നിന്ന് കിട്ടിയതൊക്കെ ധൂര്‍ത്തടിച്ച് പാപ്പരായ ഒരു പാര്‍ട്ടിയല്ല സി.എം.പി. ആയിരം കോടി രൂപയുടെ ആസ്തിയുള്ള സ്ഥാപനങ്ങള്‍ സി.എം.പി.ക്ക് ഉണ്ടെന്ന് മനസ്സിലായില്ലല്ലോ കോണ്‍ഗ്രസ്സിന്, കഷ്ടം. മന്ത്രിയുമില്ല, എം.എല്‍.എ.യുമില്ലാതെയാണ് ഇത്രയും ഉണ്ടാക്കിയത്. അതുകൂടി ഉണ്ടായിരുന്നെങ്കില്‍ ആസ്തിബലത്തില്‍ സി.പി.എമ്മിനെ തോല്‍പ്പിച്ചേനേ. നാട്ടില്‍ ആളും നിയമസഭയില്‍ സീറ്റും ഇല്ലെന്നത് ഒരു കുറവല്ല. കാല്‍നൂറ്റാണ്ടുമുമ്പ് സി.പി.എമ്മില്‍നിന്ന് ആശയപരമായി വിക്ഷേപണംചെയ്യപ്പെട്ട ചെറിയ പാര്‍ട്ടിയാണ്. കാലത്തിനൊത്ത് മാറ്റിച്ചിന്തിച്ചതുകൊണ്ട് ആള്‍ബലം കുറഞ്ഞെങ്കിലും ധനബലം കൂടി. അച്ഛനെ ധിക്കരിച്ച് നാടുവിട്ടുപോയ മുടിയനായ പുത്രന്മാര്‍ പട്ടിണിയായി ഗതിയില്ലാതെ വീട്ടിലേക്ക് തിരിച്ചുവന്നതുപോലെയല്ല സി.എം.പി. മാതൃപേടകത്തിലേക്ക് തിരിച്ചുവരുന്നത്. 200ലേറെ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരവുമായാണ് മടക്കം. ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് ചാടിയ പ്രേമചന്ദ്രന്റെ വിപ്ലവപ്പാര്‍ട്ടിക്ക് ശൗര്യമുള്ള നാവ് കാണുമായിരിക്കും. പക്ഷേ, അവര്‍ക്ക് ബാങ്കുണ്ടോ സൊസൈറ്റിയുണ്ടോ നാല് വിഷപ്പാമ്പെങ്കിലുമുണ്ടോ?

പാര്‍ട്ടിയില്‍ പണ്ട് ഒന്നിച്ചുണ്ടായിരുന്ന കാലത്ത് പഠിപ്പിച്ചുകൊടുത്ത കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയ ശിഷ്യന്മാരാണ് സി.എം.പി.ക്കാര്‍. അതിനൊത്ത പരിഗണനയും അംഗീകാരവും ഇനി ഇടതുപക്ഷത്ത് കിട്ടുമായിരിക്കും. 14 കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമുണ്ടായിരുന്ന സ്ഥാനത്ത് 24, നാല്പത് ബോര്‍ഡ് അംഗത്വം കിട്ടിയേടത്ത് 75, പോട്ടെ കുറഞ്ഞാലും അറുപതെങ്കിലും ഇനി എന്നെങ്കിലും ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ കിട്ടും. പണ്ട് തല്ലാന്‍ പോയതിന്റെയും കൊല്ലാന്‍ പോയതിന്റെയും വെടിവെച്ചതിന്റെയുമൊന്നും കഥയൊന്നും ഇനി ആരും പുറത്തെടുക്കേണ്ട. പാനൂരിലെ മുന്‍ സംഘപരിവാറുകാരെ ഒപ്പം കൂട്ടാമെങ്കില്‍ രാഘവന്റെ അനുയായികള്‍ക്ക് പാര്‍ട്ടിസ്ഥാനങ്ങള്‍വരെ നല്‍കാം.

ഇടതുമുന്നണിയെ ശക്തിപ്പെടുത്താന്‍ നീങ്ങിയ പാര്‍ട്ടികളില്‍ മറ്റൊന്ന് വിപ്ലവനായിക ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. 94ാം വയസ്സില്‍ ഒരു പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിച്ച വേറെ ആരുണ്ട് ചരിത്രത്തില്‍? പക്ഷേ, ഇനി വയ്യ. ജീവിതസായാഹ്നത്തില്‍ പറ്റിയ ചെറിയ തെറ്റുമതി ജീവിതം മുഴുക്കെ ചെയ്ത ശരികള്‍ കാന്‍സലായിപ്പോകാന്‍. പഴയ സോവിയറ്റ് യൂണിയനിലും ചൈനയിലുമൊക്കെയാണെങ്കില്‍ ഇത്തരം തെറ്റുകാരെ പഴയ ഫോട്ടോകളില്‍ നിന്നുപോലും എടുത്തുമാറ്റിക്കളയാറുണ്ട്. ഇവിടെ അത്രത്തോളമൊന്നുമില്ല. സ്മാരകമന്ദിരം ഇല്ലാതെ പോകുമെന്നുമാത്രം. പി.വി.കുഞ്ഞിക്കണ്ണനെപ്പോലുള്ളവര്‍ക്ക് സംഭവിച്ചത് അതാണ്. ബുര്‍ഷ്വാപാര്‍ട്ടികളില്‍ ഫണ്ടുപിരിവ് ഉണ്ടാകാറുണ്ട്, സ്മാരകം ഉണ്ടാകാറില്ല എന്നതാണ് വ്യത്യാസം. കെ. കരുണാകരന്‍ അവസാനം തിരിച്ചുവന്നതുകൊണ്ട് അത്യാവശ്യം ഫണ്ടുപിരിവൊക്കെ ഉണ്ടായി. മുന്‍കാല സി.പി.എം. നേതാക്കള്‍ക്ക് ഇപ്പോഴെങ്കിലും തിരിച്ചുപോയാല്‍ ഭാവിയില്‍ ഫണ്ടുപിരിവും സ്മാരകവും ഉറപ്പാക്കാം.

മുന്നണിമാറി വന്നവര്‍ക്ക് കിട്ടുന്ന സ്വീകരണം പതിറ്റാണ്ടുകളായി മുന്നണിയുടെ പറമ്പില്‍ ഷെഡ്ഡുകെട്ടി താമസിക്കുന്നവര്‍ക്ക് കിട്ടില്ല. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായെന്ന് പറഞ്ഞതുപോലെ വര്‍ഗീയക്കറ ഇല്ലാതാക്കാന്‍വേണ്ടി കുളിച്ച് കുളിച്ച് ഒടുവില്‍ തൊലിയുമില്ല, മാംസവുമില്ല എന്ന അവസ്ഥയില്‍ എല്ലും തോലുമായ പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. എന്തൊരു ക്രൂരത. 1992 മുതല്‍ തുടങ്ങിയതാണ് ഈ നില്‍പ്പ്. മുന്നണിയിലെടുക്കാമെന്ന് ഇപ്പോഴെങ്കിലും പറഞ്ഞല്ലോ, ഭാഗ്യം. സുഭാഷ് ചന്ദ്രബോസ് ഉണ്ടാക്കിയ പാര്‍ട്ടിയാണ് ഫോര്‍വേഡ് ബ്ലോക്ക്. ഫാസിസ്റ്റ് ചെറ്റ എന്ന് സുഭാഷിനെ വിളിച്ചിട്ടുണ്ട് കമ്യൂണിസ്റ്റുകാര്‍. പക്ഷേ, വേറെതരം ഫാസിസങ്ങളെ നേരിടാന്‍ കമ്യൂണിസ്റ്റുകാരുടെ ഒപ്പം നിന്നല്ലേ പറ്റൂ. അതുകൊണ്ടാണ് അവര്‍ നിന്നത്. അവര്‍ക്ക് ബര്‍ത്തും സീറ്റും ഇല്ലെങ്കിലും സ്റ്റാന്‍ഡിങ്ങിനുള്ള ഇടമെങ്കിലും കിട്ടുമെന്ന് കരുതാം.

ശേഷം കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനുശേഷം ശാന്തമായി ചിന്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top