കൊന്നവര്‍ക്ക് ശിക്ഷ, കൊല്ലിച്ചവര്‍ക്ക്…

ഇന്ദ്രൻ

ഒഞ്ചിയം കൊലയാളികള്‍ക്ക് ശിക്ഷ ലഭിക്കും. കയറോ ജീവപര്യന്തം ചോറോ എന്ന് തീരുമാനമാകുന്നേയുള്ളൂ. തിരഞ്ഞെടുപ്പ് ഫലം പോലെയാണ് ചില വിധികളും. ജയിച്ച സീറ്റിന്റെ എണ്ണംമാത്രം നോക്കി ഒരു കൂട്ടര്‍ക്കും ശതമാനവും വോട്ടുകണക്കും നോക്കി മറ്റേ കൂട്ടര്‍ക്കും ആകാം ആഹ്ലാദപ്രകടനം. ടി.പി. വധക്കേസില്‍ സി.പി.എം. തുറന്നുകാട്ടപ്പെട്ടു എന്ന് മാര്‍ക്‌സിസ്റ്റ് വിരുദ്ധര്‍ക്ക് പാടിനടക്കാം. പാര്‍ട്ടിയെ കുറ്റവിമുക്തമാക്കി എന്ന് പൊളിറ്റ് ബ്യൂറോ മുതല്‍ പി. മോഹനന്‍ വരെയുള്ളവര്‍ക്ക് അവകാശപ്പെടുകയും ചെയ്യാം. ഒപ്പത്തിനൊപ്പം.

കോടതിവിധി വന്നയുടനെ പാര്‍ട്ടി സെക്രട്ടറിയുടെ ലൈവ് ചാനല്‍പ്രവേശം ഉണ്ടായിരുന്നു. ക്യാമറ കണ്ടാല്‍ വെറിപിടിക്കാറാണ് പതിവ്. ‘ചെറിയ പ്രതികരണം മതിയോ വിസ്തരിച്ചുതന്നെ വേണോ’ എന്ന ചോദ്യവും ഹൈ വോള്‍ട്ടേജ് ചിരിയുമായാണ് ഇത്തവണ സഖാവ് പ്രത്യക്ഷപ്പെട്ടത്. സന്തോഷം കരകവിഞ്ഞൊഴുകി, അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിച്ചു. ഒഞ്ചിയം സംഭവം നടന്നയുടനെ അന്നത്തെ ഡി.ജി.പി. പറഞ്ഞത് ഉദ്ധരിക്കുന്നതായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ ആദ്യവാചകം. കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം രാഷ്ട്രീയമല്ല എന്ന് ഡി.ജി.പി. പറഞ്ഞിരുന്നുവല്ലോ (അന്നം തിന്നുന്നവരാരും അങ്ങനെ വിശ്വസിക്കില്ല എന്ന് പ്രതിപക്ഷനേതാവും പറഞ്ഞിരുന്നു. അതുപോകട്ടെ). പാര്‍ട്ടിലൈന്‍, കോടതി അത് ശരിവെച്ചു എന്നാണ് സഖാവ് വിസ്തരിക്കാന്‍ ശ്രമിച്ചത്. ബ്രെയ്ക്കിങ് ന്യൂസില്‍ ചാനലുകള്‍ അബദ്ധംകാട്ടുംപോലെ ചിലപ്പോള്‍ സെക്രട്ടറിക്കും പറ്റാം. ഒഞ്ചിയം കൊല രാഷ്ട്രീയപ്രതികാരം തന്നെയാണ് എന്നാണ് കോടതി പറഞ്ഞത്. പാര്‍ട്ടി നേതാവ് പി. മോഹനനെ കോടതി വെറുതെവിട്ടു എന്നത് തീര്‍ച്ചയായും നല്ലൊരു കച്ചിത്തുരുമ്പാണ്. പിടിവിട്ടുകൂടാ.

ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോ. വേറെ പാര്‍ട്ടിയുണ്ടാക്കി നിരന്തരം തലവേദനയുണ്ടാക്കിയ ഒരു കുലംകുത്തി മരിച്ചു. കൊന്നതുതന്നെ. തെരുവില്‍വന്നുനിന്ന് പാതിരാത്രി സ്വയം വെട്ടിമരിച്ചു എന്ന് പറഞ്ഞിട്ടില്ല. വ്യക്തിപരമായ വിരോധംകൊണ്ട് ചിലര്‍ കൊന്നു. കൊന്നവരില്‍ പാര്‍ട്ടിക്കാര്‍ ഉണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. പാര്‍ട്ടിക്ക് അങ്ങനെ ആളെ കൊല്ലുന്ന പതിവില്ല. ഇനി അഥവാ ആരെങ്കിലും പെട്ടുപോയിട്ടുണ്ടെങ്കില്‍ അതിന് പാര്‍ട്ടിയുമായി ബന്ധമില്ല. പാര്‍ട്ടി അംഗങ്ങള്‍ സ്ത്രീപീഡനക്കേസിലോ അഴിമതിക്കേസിലോ പെട്ടുപോകുന്നതുപോലെ കരുതിയാല്‍ മതി. പാര്‍ട്ടി പറഞ്ഞിട്ടല്ലല്ലോ ആളുകള്‍ പീഡിപ്പിക്കുന്നതും അഴിമതി നടത്തുന്നതും. ഒരു കാര്യമുണ്ട്, സ്ത്രീപീഡനവും അഴിമതിയും പാര്‍ട്ടി സഹിക്കില്ല. അതില്‍ പ്രതിയാകുംമുമ്പുതന്നെ ആളെ പാര്‍ട്ടി പുറത്താക്കും. ഗോപി കോട്ടമുറിക്കലായാലും പി. ശശിയായാലും അതില്‍ വ്യത്യാസമില്ല. അധമകുറ്റകൃത്യമാണ് സ്ത്രീപീഡനം. കൊല ശ്രേഷ്ഠമാണ്. അതില്‍പ്പെട്ടവര്‍ പാര്‍ട്ടിക്കാരാണെങ്കിലും പാര്‍ട്ടിയുമായി വിദൂരബന്ധം മാത്രം ഉള്ളവരായാലും പാര്‍ട്ടി കൈവിടില്ല. പ്രതികള്‍ക്ക് എല്ലാ സഹായവും ഒരുക്കും. വേണമെങ്കില്‍ സുപ്രീംകോടതിയില്‍നിന്നുതന്നെ വക്കീലിനെ കൊണ്ടുവരും. കോടതിയല്ല പടച്ചതമ്പുരാന്‍ ഇറങ്ങിവന്ന് വിധിപറഞ്ഞാലും അവരെ നിരപരാധികളായേ പാര്‍ട്ടിക്ക് കണക്കാക്കാന്‍ പറ്റൂ.

ആകപ്പാടെ ഒരു പ്രശ്‌നമേയുള്ളൂ. പാര്‍ട്ടിക്കാരല്ലെങ്കില്‍ ആര്‍, എന്തിന് ടി.പി.യെ കൊന്നു എന്നതിന് വിശ്വസിക്കാനാവുന്ന ഒരു തിയറി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ വൈദഗ്ധ്യം ഉള്ളവര്‍ പാര്‍ട്ടി ഗവേഷണകേന്ദ്രത്തിലില്ല എന്നുവേണം കരുതാന്‍. ഓരോരുത്തര്‍ ഭാവനയ്ക്കനുസരിച്ച് ഓരോ കഥ മെനഞ്ഞെടുക്കുന്നത് പാര്‍ട്ടിക്ക് ഭൂഷണമല്ല. നാളെ ചരിത്രത്തോട് സമാധാനം പറയാനുള്ളതാണ്. അരഡസന്‍ തിയറികളെങ്കിലും പാര്‍ട്ടിക്കാര്‍ സന്ദര്‍ഭത്തിനൊത്ത് സൃഷ്ടിച്ചിരുന്നു. ഒന്നിനുപോലും തരക്കേടില്ല എന്നുപറയാവുന്ന ഒരു തിരക്കഥ ഉണ്ടായിരുന്നില്ല. അപഥസഞ്ചാരത്തിന് പോയപ്പോള്‍ സംഭവിച്ചതാണെന്ന കഥയിറക്കാന്‍ പാര്‍ട്ടി സെക്രട്ടറി ഒരുവട്ടം ശ്രമിച്ചുനോക്കിയതാണ്. അപഥസഞ്ചാരക്കാരെ 52 വെട്ടുവെട്ടിക്കൊല്ലുന്ന സമ്പ്രദായം കണ്ണൂരിലുമില്ല, സൗദി അറേബ്യയില്‍ പോലുമില്ല എന്നാര്‍ക്കാണ് അറിയാത്തത്. സി.പി.എമ്മിന്റെ കഥകഴിക്കാന്‍വേണ്ടി പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ കോണ്‍ഗ്രസ്സുകാര്‍ കൊട്ടേഷന്‍ ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയതെന്ന ഒരു കഥയായിരുന്നു കേട്ടതില്‍ ഭേദം. നട്ടുനോക്കിയതാണ്, മുളച്ചില്ല. കോണ്‍ഗ്രസ്സുകാരെ അതിനും കൊള്ളില്ല എന്നാര്‍ക്കാണ് അറിയാത്തത്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യു.ഡി.എഫുകാര്‍ ചെയ്തതാണ് എന്നൊരു കഥയുടെ കരട് എഴുതിനോക്കിയതാണ്. കീറിക്കളഞ്ഞു. വലിയ കുലംകുത്തി നെയ്യാറ്റിന്‍കരയില്‍ത്തന്നെ ഉള്ളപ്പോള്‍ എന്തിന് ഒഞ്ചിയംവരെ വരണം?

പാര്‍ട്ടിയുടെ സാഹിത്യകാരന്മാര്‍ സംഘടിതമായി തെളിയിക്കാന്‍ ശ്രമിക്കുന്നത് ഒരൊറ്റ കാര്യം മാത്രം. കൊല നടന്നുകാണും. പക്ഷേ, ഗൂഢാലോചനയൊന്നും നടന്നിട്ടില്ല. നടന്നെങ്കില്‍ത്തന്നെ കോടതി അങ്ങനെ പറഞ്ഞിട്ടില്ല. പറഞ്ഞെങ്കില്‍ത്തന്നെ, അതില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പറഞ്ഞെങ്കില്‍ത്തന്നെ അതിന് മതിയായ തെളിവ് നിരത്തിയിട്ടില്ല. പോരേ? ഇത്രയെല്ലാമായിട്ടും ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കുന്നവരോട് ഇനി ഒന്നേ പറയാനുള്ളൂ. പാര്‍ട്ടി ഡിറ്റക്ടീവുകള്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വരാനുണ്ട്. അത്ര സ്​പീഡ് കാണില്ലായിരിക്കാം. റിപ്പോര്‍ട്ട് വരും. ലേറ്റായാലും ലേറ്റസ്റ്റായി വരും. ക്ഷമിച്ചിരിക്കിന്‍.

* * * *

കൊന്നവരെ പിടിച്ചാല്‍ പോരാ, കൊല്ലിച്ചവരെയും പിടികൂടണം, ചെറിയ മീനിനെ പിടിച്ചാല്‍ പോരാ സ്രാവിനെയും പിടിക്കണം എന്നും മറ്റും വീമ്പിളക്കി ചില മാന്യന്മാര്‍ ഇവിടെ നടന്നിരുന്നു. കൊന്നവരെ പിടിക്കുന്നതുതന്നെ ഇവിടെ വലിയ കാര്യമാണ്. കൊന്നവരും കൊല്ലിച്ചവരും പോലീസും ചേര്‍ന്ന്, വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന പാവത്തെ പിടികൂടി ജയിലിലടയ്ക്കുന്നതാണ് കീഴ്‌വഴക്കം. അത് മാറ്റിയതിന്റെ വില ഇനി എത്രകാലം കൊടുത്തുതീര്‍ക്കേണ്ടിവരും എന്ന് പോലീസുകാര്‍ക്കറിയില്ല. അപ്പോഴാണ് ഓരോരുത്തര്‍ കൊല്ലിച്ചവരെയും പിടിക്കണമെന്ന് പറയുന്നത്.

പതിനഞ്ചുകൊല്ലം മുമ്പാണെങ്കില്‍ കൊന്നവരും കൊല്ലിച്ചവരും സുരക്ഷിതരായിരുന്നു. ഇപ്പോള്‍ കൊന്നവരെ പിടിക്കാമെന്നായി. പണ്ട് നടക്കാത്തത് ഇപ്പോള്‍ സാധ്യമായത് സാങ്കേതികവിദ്യകൊണ്ടാണ്. ഫോണ്‍ ചെയ്തത് ആര്‍ക്കെല്ലാം എന്നേ ഇപ്പോഴും കണ്ടെത്താന്‍ പറ്റൂ. ഫോണില്‍ പറഞ്ഞത് എന്ത് എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന കാലം വരുംവരെ കൊല്ലിച്ചവരെല്ലാം സുരക്ഷിതരാണ്. പക്ഷേ, പണ്ടത്തെ നിരക്കില്‍ കൊല്ലാന്‍ ആളെക്കിട്ടുക പ്രയാസമായിരിക്കും. റേറ്റ് കൂടും.

* * * *

ശ്രീബുദ്ധന്‍ മുതല്‍ മഹാത്മാഗാന്ധി വരെ എന്ന് പറഞ്ഞുകൂടാ… അതിനുശേഷവും നീണ്ടുകിടക്കുന്ന അഹിംസാവാദി സാത്വികരുടെ പരമ്പരയില്‍പ്പെട്ടവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലുള്ളതെന്ന് ഇനിയും ബോധ്യപ്പെടാത്തവരുണ്ടെങ്കില്‍ പുതിയ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുക. കണ്ണൂരില്‍നിന്നുള്ള വാര്‍ത്തകള്‍.

നേരത്തേ പറഞ്ഞ അഹിംസാവാദികളുടെ കൂട്ടത്തില്‍ കൂട്ടാവുന്ന ബി.ജെ.പി.യില്‍പ്പെട്ട കുറേപ്പേര്‍ പാര്‍ട്ടിവിട്ടിരുന്നു. അവര്‍ രൂപംനല്‍കിയ സംഘടനയ്ക്ക് പേരിട്ടത് മഹാത്മാഗാന്ധി വിചാര്‍മഞ്ച് എന്നായിരുന്നില്ല, നരേന്ദ്രമോദി വിചാര്‍മഞ്ച് എന്നായിരുന്നു. ഏതാനും മാസത്തെ നമോജപം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് വഴി ബോധ്യപ്പെട്ടു. ചലോ ചലോ സി.പി.എം.

വിവരമറിഞ്ഞ് കണ്ണൂര്‍ സഖാക്കളുടെ കണ്ണുകളില്‍ സന്തോഷാശ്രു പൊഴിഞ്ഞു. മറക്കുക പൊറുക്കുക, ഇന്‍ക്വിലാബ് സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി അവര്‍ മുന്‍കാല സംഘപരിവാറുകാരെ സ്വീകരിക്കുകയാണ്. എത്ര ചോര അഞ്ചരക്കണ്ടിപ്പുഴയിലൂടെ ഒഴുകിയിരിക്കുന്നു. എത്ര രക്തസാക്ഷിമന്ദിരങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. എത്രപേര്‍ ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുന്നു. എത്ര യുവതികള്‍ വിധവകളായിരിക്കുന്നു.

തലനാരിഴയ്ക്ക് രക്തസാക്ഷിത്വത്തില്‍നിന്ന് രക്ഷപ്പെട്ട പി. ജയരാജന്‍ മുന്‍കാല കൊലയാളിസംഘനേതാക്കളെ സ്വീകരിക്കുന്നതില്‍ മുന്നിലുണ്ട്.

പൂര്‍വവിരോധം തീര്‍ക്കാന്‍ ആളെക്കൊല്ലുന്നവരാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ എന്നുമാത്രം പറയരുത്. പടച്ചോന്‍ പൊറുക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Go Top