യൂത്ത്‌ ആദര്‍ശ ഭ്രമം

ഇന്ദ്രൻ

മുന്‍ കാലങ്ങളില്‍ യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ ആണ്ടുതോറും അനുഷ്ഠിച്ചു വരാറുള്ള കര്‍മമായിരുന്നു ക്യാമ്പു കൂടല്‍ എന്നത്‌. തിരുവനന്തപുരത്തെ വേളിയും മറ്റും ആഗോള പ്രശസ്തിനേടിയത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ക്യാമ്പുകള്‍ വഴിയാണ്‌ എന്നു കേട്ടിട്ടുമുണ്ട്‌. കുറച്ചായി ഈ അനുഷ്ഠാനം മുടങ്ങിക്കിടപ്പായിരുന്നു. ഗ്രൂപ്പു യോഗം കഴിഞ്ഞിട്ട്‌ ഉണ്ണാനും ഉറങ്ങാനും വരെ നേരമില്ല. പിന്നെയെങ്ങനെ ക്യാമ്പ്‌ കൂടാനാണ്‌. കരുണാകരനും കൂട്ടരും പോയതുകൊണ്ട്‌ അങ്ങനെ ഒരു ഗുണമെങ്കിലുമുണ്ടായി. യൂത്ത്‌ കോണ്‍ഗ്രസ്‌ 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമൊരു സംസ്ഥാന ക്യാമ്പ്‌ നടത്തി.

ഭക്ഷണം, ഉറക്കം എന്നിവപോലെ, ക്യാമ്പിലെ സുപ്രധാനമായ അജന്‍ഡയാണ്‌ പ്രമേയം പാസ്സാക്കല്‍. പഴയ കാലത്തെ ക്യാമ്പുകളില്‍ പാസ്സാക്കിയ പ്രമേയങ്ങളെന്തൊക്കെ ആയിരുന്നുവെന്ന്‌ എ.കെ. ആന്റണിയോടോ വയലാര്‍ രവിയോടോ മറ്റോ ചോദിച്ചാല്‍ അറിയാനാവും. സൂര്യനു കീഴിലുള്ള ഏതാണ്ട്‌ എല്ലാ വിഷയങ്ങളെക്കുറിച്ചും അക്കാലത്ത്‌ പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്‌. രാജ്യത്ത്‌ സോഷ്യലിസം വരുത്തുക, ഇന്ത്യയില്‍ കോണ്‍ഗ്രസ്സിനെ ആജീവനാന്ത ഭരണ കക്ഷിയാക്കുക, കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണം നടപ്പാക്കുക, അഴിമതി, അക്രമം, വര്‍ഗീയത, സി.പി.എം. തുടങ്ങിയ ദുഷ്പ്രവണതകള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ്‌ സംഘടനയുടെ ലക്ഷ്യങ്ങളെന്ന്‌ പ്രമേയം വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകുമായിരുന്നു. പ്രമേയങ്ങള്‍ കുറെ ഏറിപ്പോയതുകൊണ്ടാണോ എന്തോ, ഇല്ലാതാവുന്നത്‌ ദുഷ്പ്രവണതകളാണോ അതല്ല യൂത്ത്‌കോണ്‍ഗ്രസ്‌ തന്നെയാണോ എന്ന സംശയമുണര്‍ന്നു. അതുകൊണ്ടായിരിക്കാം കുറച്ചായി പ്രമേയങ്ങളില്ലായിരുന്നു.

സംസ്ഥാനത്തെ അഴിമതിക്കാരുടെ ലിസ്റ്റ്‌ ഉണ്ടാക്കും എന്നും മറ്റും തീരുമാനങ്ങളെടുക്കുമ്പോള്‍ കേരളീയര്‍ ഞെട്ടിപ്പോകാത്തത്‌ ഇതുകൊണ്ടാണ്‌. ഇതിനേക്കാള്‍ വലിയ എന്തെല്ലാം പ്രമേയങ്ങളും തീരുമാനങ്ങളും കേരളീയര്‍ കണ്ടിരിക്കുന്നു. അഴിമതിക്കാര്‍പോലും ഈ തീരുമാനം കേട്ട്‌ ഞെട്ടിയില്ല. കേരളത്തിലെ അഴിമതിക്കാരുടെ ലിസ്റ്റ്‌ യൂത്ത്‌കോണ്‍ഗ്രസ്സിന്റെ കൈയില്‍ ഇപ്പോള്‍ത്തന്നെ ഉണ്ടെന്ന്‌ മറ്റാര്‍ക്കും അറിയാതെ പോയാലും അഴിമതിക്കാര്‍ക്ക്‌ അറിയാം. ഈ ലിസ്റ്റ്‌ നോക്കിയല്ലേ രസീത്ബുക്കുമായി നേതാക്കന്മാര്‍ പണപ്പിരിവിന്‌ ഇറങ്ങാറുള്ളത്‌. അഴിമതിക്കാര്‍ മനസ്സുവെക്കാതെ എങ്ങനെയാണ്‌ യൂത്ത്‌കോണ്‍ഗ്രസ്സിനു ക്യാമ്പുകളും പ്രകടനങ്ങളും നടത്താനാവുക?

മുഖ്യമന്ത്രി സമുദായ നേതാക്കളെ അങ്ങോട്ടുചെന്നു കാണുന്നതില്‍ യൂത്ത്‌ കോണ്‍ഗ്രസ്സിനു പ്രയാസമുണ്ട്‌ . അങ്ങോട്ടു ചെല്ലുന്നത്‌ ആദര്‍ശവുമായി പൊരുത്തപ്പെടുന്നതല്ല. ഇങ്ങോട്ടു വരുത്തുന്നതാണ്‌ ആദര്‍ശം. ഇതുസംബന്ധിച്ച്‌ എന്തുകൊണ്ടോ പ്രമേയമൊന്നുമുണ്ടായില്ല. പണ്ടാണെങ്കില്‍ ഉടന്‍ പ്രമേയം ഉണ്ടാകുമായിരുന്നു. സമുദായ സംഘടനകളിലൊന്നും കോണ്‍ഗ്രസ്സുകാര്‍ അംഗങ്ങളാവരുതെന്ന്‌ അന്ന്‌ പ്രമേയം പാസ്സാക്കിയിരുന്നതാണ്‌. പോയ്‌പ്പോയ ആദര്‍ശസുന്ദരമായ സോഷ്യലിസ്റ്റ്‌ സുവര്‍ണകാലം എന്നു പറഞ്ഞാല്‍ മതിയല്ലോ. ഏതാണ്ട്‌ നാളെയോ മറ്റന്നാളോ സൂര്യനുദിക്കുമ്പോഴേക്ക്‌ ഒപ്പം സോഷ്യലിസവും ഉദിക്കും എന്ന്‌ വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്‌. കോണ്‍ഗ്രസ്സുകാര്‍ ലയണ്‍സ്‌-റോട്ടറി ക്ലബ്ബുകളില്‍ അംഗങ്ങളാകരുത്‌ എന്നുപോലും പ്രമേയം പാസ്സാക്കിയിരുന്നു അക്കാലത്ത്‌.

അഴിമതിക്കാരെ ഉന്മൂലനം ചെയ്യും, ജാതിയെയും മതത്തെയും അകറ്റി നിര്‍ത്തും, മതമേധാവികളുടെ മീശമുറിക്കും എന്നെല്ലാം പ്രമേയം പാസ്സാക്കിയെന്നു കേട്ടപ്പോള്‍ തന്നെ യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ സമനിലയും യാഥാര്‍ഥ്യബോധവും നഷ്ടപ്പെട്ടുവോ എന്ന്‌ തോന്നിത്തുടങ്ങിയിരുന്നു. വളരെ വേഗം അതിനു സ്ഥിരീകരണം ലഭിക്കുകയും ചെയ്തു. മൂന്നുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്നും യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ക്ക്‌ സ്ഥാനാര്‍ഥിത്വം നല്‍കണമെന്നും ഈ സമയത്ത്‌ ആവശ്യപ്പെടുന്നത്‌ ചില്ലറ ബുദ്ധിമോശമൊന്നുമല്ലല്ലോ. രക്തസാക്ഷിത്വത്തോളം വരുന്ന ആത്മഹത്യാപ്രവണത തന്നെ. കഴിഞ്ഞ മൂന്നു തവണ മത്സരിച്ചവരെ അടുത്ത തവണയും നിര്‍ബന്ധിച്ച്‌ സ്ഥാനാര്‍ഥികളാക്കണമെന്നാണ്‌ അല്‍പമെങ്കിലും യാഥാര്‍ഥ്യബോധമുള്ളവര്‍ ആവശ്യപ്പെടേണ്ടിയിരുന്നത്‌. എന്തുചെയ്യും, ആദര്‍ശത്തിനും ചികിത്സയില്ലല്ലോ.

യൂത്ത്‌കോണ്‍ഗ്രസ്‌ക്യാമ്പില്‍ വിദ്യാഭ്യാസ കച്ചവടത്തെക്കുറിച്ച്‌ വലുതായൊന്നും പറയാതിരുന്നത്‌ നന്നായി. പ്രത്യേകിച്ച്‌, സ്വാശ്രയ പ്രൊഫഷണല്‍ കോളേജിലെ ഫീസ്‌ കുറയ്ക്കണമെന്നാവശ്യപ്പെട്ട്‌ മറ്റവന്മാര്‍ സമരം തുടങ്ങിയ ഈ സമയത്ത്‌. മുമ്പൊക്കെ സ്വാശ്രയകോഴ്‌സേ വേണ്ട എന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇപ്പോള്‍ അത്‌ വിട്ടിട്ടുണ്ട്‌. ഫീസ്‌ കുറയ്ക്കണമെന്നേ ഇപ്പോള്‍ പറയുന്നുള്ളൂ. യൂത്ത്‌ കോണ്‍ഗ്രസ്സുകാര്‍ കഴിയുന്നതും ആ ഭാഗത്തേക്ക്‌ നോക്കരുത്‌. 33കൊല്ലം മുമ്പ്‌ ഒരു മെയ്‌മാസത്തിലാണ്‌ സ്വകാര്യ-സര്‍ക്കാര്‍ കോളേജുകളിലെ ഫീസ്‌ ഏകീകരിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ്‌-ഐക്യമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചതും നാട്ടില്‍ കൊടുങ്കാറ്റുണ്ടായതും. പള്ളിയും പട്ടക്കാരും ഇളകിയിട്ടും യൂത്ത്‌ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും വഴങ്ങിയിരുന്നില്ല.

ഏത്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ എന്നോ? ആളുകള്‍ക്കൊന്നും വലിയ മാറ്റമൊന്നുമില്ല. എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും എം.എം.ഹസ്സനും വി.എം.സുധീരനുമെല്ലാം നയിക്കുന്ന കോണ്‍ഗ്രസ്‌ തന്നെ. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം വിപ്ലവകാരികളാണെന്ന്‌ ജനങ്ങള്‍ തെറ്റിദ്ധരിച്ചത്‌ അന്നാണ്‌. ആ തെറ്റിദ്ധാരണ മാറ്റിയെടുത്ത്‌ പള്ളിയെയും എന്‍.എസ്‌.എസ്സിനെയും എസ്‌.എന്‍.ഡി.പി.യെയുമൊക്കെ കാര്യം ബോധ്യപ്പെടുത്താന്‍ കാലം കുറെയെടുത്തു. ഇനി ആ കാര്യത്തില്‍ വെറുതെ തലയിട്ട്‌ വിപ്ലവംപറഞ്ഞ്‌ അബദ്ധത്തില്‍ ചെന്നു ചാടേണ്ട.

എസ്‌.എഫ്‌.ഐ.-ഡി.വൈ.എഫ്‌.ഐ. ക്കാരുടെ പ്രശ്നം വേറെയാണ്‌. എന്തിലെങ്കിലുമൊക്കെ തലയിട്ട്‌ വിപ്ലവം തെളിയിക്കേണ്ടത്‌ അത്യാവശ്യമായിട്ടുണ്ട്‌. അല്ലെങ്കില്‍ സഖാക്കള്‍ എങ്ങോട്ടുപോയി എന്തുചെയ്യും എന്നൊന്നും ഉറപ്പിക്കാന്‍ പറ്റില്ല. സഖാക്കളെ കൂട്ടത്തോടെ രക്തസാക്ഷികളാക്കാന്‍ ചിലര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്‌. ബുദ്ധിയുള്ളതും ഇല്ലാത്തതുമായ കുറെ ജീവികള്‍ അവര്‍ക്കൊപ്പം കൂടിയിട്ടുമുണ്ട്‌. എം.എന്‍.വിജയന്റെ കൂടെപ്പോയി രക്തസാക്ഷിയാകുന്നതിലും ഭേദം സ്വാശ്രയസമരത്തില്‍ ചേര്‍ന്ന്‌ അടിവാങ്ങി രക്തമൊലിപ്പിക്കുന്നതാണ്‌.

അവാര്‍ഡിന്റെ പേര്‌, അത്‌ കിട്ടുന്ന ആളുകളുടെ സ്വഭാവത്തിനൊത്ത്‌ മാറ്റണമെന്ന്‌ വാദിക്കുന്നത്‌ കുറച്ച്‌ കടന്ന കൈയാണ്‌. സക്കറിയയ്ക്ക്‌ കൊടുക്കേണ്ടിയിരുന്നത്‌ ‘ജനപക്ഷ’ അവാര്‍ഡ്‌ അല്ല, ‘കോളപക്ഷ’ അവാര്‍ഡ്‌ ആണെന്ന്‌ പ്രമേയം പാസ്സാക്കാന്‍ വരെ സംഘടനകള്‍ മുന്നോട്ടുവന്നിരിക്കുന്നു.

സക്കറിയ ആഗ്രഹിച്ചതുതന്നെ കോളവിരുദ്ധന്മാര്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിനു ബഹുസന്തോഷമായിട്ടുണ്ടാകും. സാഹിത്യത്തിന്റെ മാര്‍ക്കറ്റിങ്ങിന്‍അത്യന്താപേക്ഷിതമായ ഒന്നാണ്‌ വിവാദം. സോപ്പിന്‌ സിനിമാ നടിയുടെ ചര്‍മഭംഗി കാട്ടിയുള്ള ടെലിവിഷന്‍ പരസ്യം എന്തു ഗുണം ചെയ്യുമോ അത്രയും ഗുണം പത്രത്തിലെ വിവാദം ഗ്രന്ഥകാരന്മാര്‍ക്ക്‌ ചെയ്യും. സോപ്പ്‌നിര്‍മാതാക്കള്‍ ലക്ഷങ്ങള്‍ പരസ്യത്തിന്‌ മുടക്കുമ്പോള്‍ വിവാദനിര്‍മാതാക്കള്‍ കാല്‍കാശ്‌ മുടക്കില്ലാതെ കാര്യം നേടുന്നു. സക്കറിയ ഇച്ഛിച്ചതും വിവാദം കോളവിരുദ്ധ ആദര്‍ശവാദികള്‍ സൃഷ്ടിച്ചതും വിവാദം. സക്കറിയയ്ക്ക്‌ വേറെ ദുരുദ്ദേശ്യമൊന്നുമില്ല കേട്ടോ. പ്ലാച്ചിമടയിലെ ആദിവാസികളോട്‌ അങ്ങേര്‍ക്കൊരു വിരോധവുമില്ല. ആദിവാസി നേതാവ്‌ സി.കെ.ജാനുവിനെ വിളിച്ച്‌ പുസ്തകപ്രകാശനം ചെയ്ത ആള്‍ക്ക്‌ ആദിവാസി വിരോധമോ? ദൈവദോഷം പറയരുതേ..

വ്യാപാരി വ്യവസായി സമിതി നേതാക്കളോട്‌ ചോദിക്കാതെ ഇനി ആരെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്താല്‍, ചെയ്യുന്നവരുടെ മൂക്ക്ചെത്തി ഉപ്പിലിടുമെന്നോ കട തുറന്ന്‌ വില്‍പന നടത്തുമെന്നോ ഒക്കെ കുറെ പ്രസ്താവനകള്‍ പത്രങ്ങളില്‍ കണ്ടിരുന്നു. എങ്കിലും പെട്രോള്‍വില പ്രശ്നത്തില്‍ ബി.ജെ.പി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ പെട്ടിക്കട പോലും ആരും തുറന്നില്ല. വ്യാപാരി വ്യവസായി നേതാക്കള്‍ ഇതിനെക്കുറിച്ച്‌ ‘കട’ എന്നൊരക്ഷരം പറഞ്ഞതായി കേട്ടുമില്ല. ഭാവിയില്‍ ഇങ്ങനെ നാണക്കേടൊഴിവാക്കാന്‍ ഒരു വഴിയേ ഉള്ളൂ. ആരെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നു എന്നു കേട്ടാല്‍ അന്ന്‌ വ്യാപാരി വ്യവസായി സമിതിയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തേക്കണം. തങ്ങള്‍ പറഞ്ഞതുകൊണ്ടാണ്‌ പൂട്ടിയതെന്നെങ്കിലും അവകാശപ്പെടാമല്ലോ. തെളിച്ച വഴിയെ കന്നുകാലി പോകുന്നില്ലെങ്കില്‍ പോയവഴിയെ തെളിക്കുക തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Go Top