കൃഷ്ണയ്യരുടെ മോഡി

ഇന്ദ്രൻ

 

നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാനുള്ള വോട്ടെടുപ്പിന്റെ ഉദ്ഘാടനം വന്ദ്യവയോധികനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരെക്കൊണ്ട് നിര്‍വഹിപ്പിക്കാനായതില്‍ മോഡിത്വവിശ്വാസികള്‍ ആനന്ദനൃത്തം ചവിട്ടുന്നതായി ഗുജറാത്ത്, ഡല്‍ഹി പ്രവിശ്യകളില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്. ചെങ്കോട്ടയിലേക്കുള്ള ഫ്‌ളൈറ്റിന് മോഡിജിക്ക് പാര്‍ട്ടിടിക്കറ്റ് കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി മൂന്നുമാസം കൊണ്ടൊരു തരംഗം വളര്‍ത്തിയെടുക്കണം. അതിനാണ് സഖാവ് ജസ്റ്റിസ് തുടക്കമിട്ടിട്ടുള്ളത്. നീതിയുടെ പ്രതീകം, ശുദ്ധ മതേതരത്വവാദി, മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍ എന്നീ ദോഷങ്ങള്‍ക്ക് പുറമേ ആറുപതിറ്റാണ്ട് പഴക്കമുള്ള കമ്യൂണിസ്റ്റ് എന്ന കൊടും ദോഷവുമുള്ള സ്വാമിയെത്തന്നെ മോഡിയനുകൂല തരംഗനിര്‍മിതിക്ക് തുടക്കമിടാന്‍ ലഭിച്ചത് ചില്ലറ കാര്യമല്ല. രാഷ്ട്രപതിയാകാന്‍ കുപ്പായമിട്ട് നിരാശനായ ആളെന്ന നക്ഷത്രദോഷം അപകടമുണ്ടാക്കുമോ എന്നൊരു ശ ങ്ക ഇല്ലാതില്ല. അത് സാരമില്ലെന്ന് ജ്യോത്സ്യസമ്മതംകിട്ടിക്കാണണം.

ദേശീയ മാധ്യമങ്ങളില്‍ തരംഗം തുടങ്ങിക്കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ പ്രകടമാണ്. തങ്ങളാണ് രാജ്യം എന്ന് തെറ്റിദ്ധരിച്ചിട്ടുള്ള കുറേ ചാനല്‍ പ്രഭുക്കന്മാര്‍ അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി എന്ന് നെറ്റിയില്‍ ബോര്‍ഡ്‌വെച്ച് വോട്ടുപിടിത്തം തുടങ്ങിക്കഴിഞ്ഞു. രാജ്യസ്‌നേഹം കവിഞ്ഞൊഴുകുന്ന ദേശീയ-ആഗോള ധനാഢ്യന്മാര്‍ ഇതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതായി സൂചനയുണ്ട്. എന്തായാലും പൊതുതിരഞ്ഞെടുപ്പ് മത്സരത്തിനുള്ള വിശാലമായ ഗ്രൗണ്ടില്‍ ഇപ്പോള്‍ ഒരു ടീമേ പന്തുതട്ടിക്കളിക്കുന്നുള്ളൂ, അത് മോഡിയുടെ ടീം ആണ്. മത്സരം തുടങ്ങാന്‍ വിസില്‍ അടിച്ചിട്ടില്ലെങ്കിലും മോഡി ഗോളടിക്കുന്നുണ്ട്. മറ്റേ ടീം ഇതുവരെ ക്യാപ്റ്റന്‍ ആരെന്നുപോലും തീരുമാനിച്ചിട്ടില്ല. റഫറി വരുംമുമ്പ് കളി തീരുമോ എന്ന ഭയം ഇല്ലാതില്ല.
ദേശീയതലത്തിലെ ഉത്സാഹക്കമ്മിറ്റിയുടെ ഭാഗമാണ് കൃഷ്ണയ്യര്‍ എന്നാരും തെറ്റിദ്ധരിക്കരുത്. കേരളത്തില്‍ വേറെ എണ്ണപ്പെട്ട വന്ദ്യവയോധികന്മാര്‍ ഇല്ലാത്തതുകൊണ്ട് സദുദ്ദേശ്യസംഘങ്ങള്‍ ഓരോ പ്രസ്താവന ടൈപ്പ് ചെയ്‌തെടുത്ത് നേരം പുലരുമ്പോള്‍ ജസ്റ്റിസിന്റെ വീട്ടിലെത്തി ഒപ്പ് വാങ്ങിക്കാറുണ്ടെന്നത് ശരിയാണ്. ജനാധിപത്യം ശക്തിപ്പെടുത്തുക, ദാരിദ്ര്യം ഇല്ലാതാക്കുക, മദനിക്ക് നീതിനല്‍കുക, കൊതുകുശല്യം തീര്‍ക്കുക, ഉമ്മന്‍ചാണ്ടി രാജിവെക്കുക തുടങ്ങി ആര്‍ക്കും എപ്പോഴും പറയാവുന്ന സംഗതികളാവും ഇങ്ങനെ എഴുതിക്കൊണ്ടുവരാറുള്ളത് എന്നതുകൊണ്ട് ഒപ്പിടണമോ വേണ്ടയോ എന്ന് കാര്യമായി ആലോചിക്കേണ്ടിവരാറില്ല. അതിനുള്ള രാസഘടകങ്ങള്‍ മസ്തിഷ്‌കത്തില്‍ ഇപ്പോള്‍ അധികമൊന്നുമില്ലതാനും. മോഡിജിയുടെ കാര്യം അങ്ങനെയല്ല. എന്തുകൊണ്ട് മോഡി പ്രധാനമന്ത്രിയാകണം എന്നുള്ളതിന്റെ കാരണങ്ങള്‍ വണ്‍, ടു, ത്രീ എന്നിങ്ങനെ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഇത് വായിച്ചുകഴിഞ്ഞപ്പോഴാണ് നരേന്ദ്രമോഡിക്കുതന്നെ പ്രധാനമന്ത്രിയാകാനുള്ള തന്റെ യോഗ്യതയെക്കുറിച്ച് ഉറപ്പുണ്ടായതെന്ന് അഹമ്മദാബാദില്‍നിന്ന് റിപ്പോര്‍ട്ടുണ്ട്.

സമീപകാലത്ത് ഏറ്റവുമധികം കേട്ടിട്ടുള്ളത് മോഡിയുടെ വ്യവസായവികസന നയങ്ങളെക്കുറിച്ചാണ്. ഗുജറാത്തില്‍ പണവുമായി ചെന്നാല്‍ മതി, വ്യവസായം തുടങ്ങാനുള്ള ഒത്താശ സര്‍ക്കാറില്‍നിന്ന് ലഭിക്കും. കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്ര എളുപ്പമാണുപോലും അവിടെ വ്യവസായം തുടങ്ങല്‍. ആവോ. അതുകുറേ ശരിയാണെന്ന് വ്യവസായികള്‍ തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് നമ്മള് എതിരുപറയേണ്ട കാര്യമില്ല. പക്ഷേ, കൃഷ്ണയ്യര്‍ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പറഞ്ഞത് വേറെ ചില കാര്യങ്ങളാണ്. മോഡി സോഷ്യലിസ്റ്റാണ്, ഗാന്ധിയനാണ്, സ്വരാജ് സ്ഥാപിക്കുന്നയാളാണ്… എല്ലാം സഹിക്കാം.മോഡി മതേതരത്വവാദിയാണ് എന്നുംകൂടി പറഞ്ഞുകളഞ്ഞു കൃഷ്ണയ്യര്‍ജി. മോഡിക്കുതന്നെയും സംശയം. എന്നെക്കുറിച്ചുതന്നെയാണോ പടച്ചോനെ ഇപ്പറയുന്നതെല്ലാം…

2002-ല്‍ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പൗരസംഘത്തിന്റെ തലവനായിരുന്നു കൃഷ്ണയ്യര്‍. കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നരേന്ദ്രമോഡിക്കാണെന്ന് വ്യക്തമാക്കിയിരുന്നു കമ്മീഷന്‍. ‘മുഖ്യമന്ത്രിയും ഗവണ്മെന്റും ചേര്‍ന്ന് നടപ്പാക്കിയ സംഘടിത കുറ്റകൃത്യമായിരുന്നു ഈ കലാപം’ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീട്ടില്‍ ചെന്നൊപ്പിടുവിക്കുന്ന പ്രസ്താവനകള്‍ പോലെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളും എന്നുവേണം കരുതാന്‍. ആരോ എഴുതുന്നു, വായിച്ചും വായിക്കാതെയും ആരെല്ലാമോ ഒപ്പുവെക്കുന്നു.
കൃഷ്ണയ്യര്‍ കാലുമാറി മോഡിപക്ഷത്തേക്ക് ചാഞ്ഞതാണ് എന്ന് കരുതേണ്ട. മോഡിയുടെ ഗുണഗണങ്ങള്‍ കൃഷ്ണയ്യര്‍ പണ്ടേ കണ്ടറിഞ്ഞതാണ്. ഗുജറാത്ത് വോട്ടര്‍മാര്‍ രണ്ടാംവട്ടം മോഡിക്ക് ഭൂരിപക്ഷം നല്‍കിയപ്പോള്‍ കൃഷ്ണയ്യര്‍ പ്രവചിച്ചത് കേട്ട് ബി.ജെ.പി.ക്കാര്‍ പോലും അന്തംവിട്ടിരിക്കണം. ‘താങ്കള്‍ ഗവണ്മെന്റിനെ അഴിമതിമുക്തമാക്കി. സംസ്ഥാനത്തിന് മദ്യാസക്തിയില്‍നിന്ന് ഒഴിവുനല്‍കി. താങ്കള്‍ യഥാര്‍ഥ നേതാവുതന്നെ. സമയമാകുമ്പോള്‍ ആര്‍ജവമുള്ള സോഷ്യലിസ്റ്റ്, മതേതര മദ്യവിരുദ്ധ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ താങ്കള്‍ രാജ്യത്തെ നയിക്കൂ.’ എന്നാണദ്ദേഹം എഴുതിയത്. അഴിമതിമുക്തമായ ഒരു സര്‍ക്കാര്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കിയത് അന്നാണ്. മോഡി മുഖ്യമന്ത്രിയാകും മുമ്പ് മദ്യനിരോധനമുണ്ട് ഗുജറാത്തില്‍. സാധനം ഏത് റോഡോരത്തും കിട്ടും എന്നുമാത്രം. മദ്യമുക്തി പോലെയാണോ അഴിമതിമുക്തി എന്നറിയില്ല.

ഗുജറാത്തില്‍ സോളാര്‍ വൈദ്യുതി പരക്കെ ഉണ്ടാക്കുന്നു എന്നതാണത്രെ മോഡിയുടെ മറ്റൊരു യോഗ്യത. സൗരോര്‍ജം നല്ലകാര്യംതന്നെ. പക്ഷേ ആണവനിലയം വേണ്ടെന്ന് മോഡി പറഞ്ഞതായി അറിവില്ല. ആണവനിലയം വേണ്ടെന്ന് പറഞ്ഞാലും അണുബോംബ് വേണ്ടെന്ന് പറയില്ല എന്നുറപ്പ്.
ചെയ്തുപോയ പല അബദ്ധങ്ങളും തിരുത്താനേ പറ്റില്ല. ഗുജറാത്ത് കലാപത്തിലെ ദുരിതങ്ങള്‍ കണ്ട് മടങ്ങുകയായിരുന്ന പ്രധാനമന്ത്രി വാജ്‌പേയി ദുഃഖിതനായിരുന്നുവെന്നും മോഡിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയേ തീരൂ എന്ന തീരുമാനത്തില്‍ എത്തിയിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന ജസ്വന്ത് സിങ് പറഞ്ഞതായി മുന്‍ സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. അന്ന് വാജ്‌പേയിയെ തടയിട്ടത് എല്‍.കെ. അദ്വാനിയായിരുന്നുവത്രെ. അതിന്റെ ഫലമാവാം ഇന്ന് അദ്വാനി അനുഭവിക്കുന്നത്, ആര്‍ക്കറിയാം.
മോഡി പ്രധാനമന്ത്രിയാകാന്‍ നേര്‍ച്ചനേരുന്നു ഒരു ഇടതുപക്ഷ ബുദ്ധിജീവി. മോഡി അധികാരത്തില്‍ വരികയാണെങ്കില്‍ ഉടന്‍ രാജ്യം വിടാന്‍ ടിക്കറ്റ് ഇപ്പോഴേ ബുക്ക് ചെയ്തിരിക്കുന്നു സോഷ്യലിസ്റ്റ് ബുദ്ധിജീവി അനന്തമൂര്‍ത്തി. ഒന്നുകില്‍ മോഡി അല്ലെങ്കില്‍ അമേരിക്ക!?

* * * *

വിവാദം ഉണ്ടാക്കാന്‍ പറ്റാത്തതായി ഒരു വിഷയവും ലോകത്തില്ല. ദേ പുതിയത്, ആഗോള പൗരന്‍ ശശി തരൂരിന്റെ വക ലേറ്റസ്റ്റ്. സ്വാമി വിവേകാനന്ദന്‍ മദ്യം കഴിക്കുമായിരുന്നുവത്രെ. കേട്ടത് പാതി കേള്‍ക്കാത്തത് പാതി, ആരാധകസംഘം ഉടനിറങ്ങി ശശി തരൂരിന്റെ കഥകഴിക്കാന്‍.
സ്വമിജി മദ്യപിച്ചതായി ഏതെങ്കിലും ഒരു പുസ്തകത്തില്‍ ആരെങ്കിലും എഴുതിയതായി തെളിയിക്കാമോ എന്ന വെല്ലുവിളിയുമായി പത്രലേഖനത്തിലൂടെ ഒരു സന്ന്യാസി ഇറങ്ങിയിട്ടുണ്ട്. ആറേഴുമാസം മുമ്പ് ഫ്രണ്ട്‌ലൈന്‍ വാരിക ഇറക്കിയ വിവേകാനന്ദ സ്‌പെഷലിലെ ഒരു ലേഖനം സ്വാമിജിയുടെ പാശ്ചാത്യയാത്രകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചാണ്. മകരന്ദ് ആര്‍. പരഞ്ച്‌പേ എഴുതിയ ഗവേഷണപ്രബന്ധംപോലെ വിസ്താരമുള്ള ലേഖനത്തില്‍ കൊല്‍ക്കത്ത അദൈ്വതാശ്രമം പ്രസിദ്ധപ്പെടുത്തിയ മേരി ലൂയിസ് ബര്‍ക്കിന്റെ ആറ് വാള്യങ്ങളുള്ള വിവേകാനന്ദ ഇന്‍ ദ വെസ്റ്റ് – ന്യൂ ഡിസ്‌കവറീസ് എന്ന പുസ്തകം ഉദ്ധരിക്കുന്നുണ്ട്. അതില്‍ വിവാദകാര്യം സ്ഥിരീകരിക്കുന്നുണ്ട്.
സാധാരണ മനുഷ്യനായി ജീവിക്കുകയും അസാധാരണ മനുഷ്യനായി ചിന്തിക്കുകയും പ്രവര്‍ത്തിക്കകുയും ചെയ്തു സ്വാമിജി. കാമവും ധനവും ത്യജിക്കാനേ താന്‍ പ്രതിജ്ഞയെടുത്തിട്ടുള്ളൂ എന്ന് അദ്ദേഹം പറയാറുള്ളതായി ലേഖനത്തില്‍ പറയുന്നുണ്ട്. അതെന്തോ ആകട്ടെ, അകിട് നിറയെ പാലുള്ളപ്പോള്‍ നമ്മളെന്തിന് കുത്തിചോര നക്കണം?

Leave a Reply

Your email address will not be published. Required fields are marked *

Go Top