കൈവിട്ട കളികള്‍

ഇന്ദ്രൻ

നവനവങ്ങളായ ആശയങ്ങളാണ് ലോകത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അത് പോലീസിനും ബാധകമാണ്. കുറ്റാന്വേഷണത്തില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടായി ? ഇക്കാലത്ത് കൊന്നും കൊള്ളയടിച്ചും രക്ഷപ്പെടുന്നവര്‍ അപൂര്‍വം. ഹൈടെക് ആണ് പോലീസും. മുന്തിയ ടെക്‌നോളജി, മുന്തിയ പോലീസ്.
പക്ഷേ, കേസന്വേഷണം ഹൈടെക് ആണെങ്കിലും അതുകഴിഞ്ഞുള്ള പരിപാടികളെല്ലാം ലോടെക്തന്നെ. ലോക്കപ്പിനകത്തായാലും പുറത്തായാലും പീഡനത്തിന് പഴയ ടെക്‌നിക്കേ സാധിക്കുന്നുള്ളൂ. അക്രമാസക്തരാ യ ആള്‍ക്കൂട്ടത്തെ നേരിടാന്‍ ലാത്തിയും തോക്കുമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ടിയര്‍ഗ്യാസും ഈയിടെ ഗ്രനേഡും ഇറങ്ങി. തീര്‍ന്നു. ലാത്തിയടിയുടെയും വെടിയുടെയും സുഖം ഇതിനൊന്നുമില്ലതാനും. കൈത്തരിപ്പ് തീര്‍ക്കാന്‍ പിന്നെ വേറെവല്ലതും ചെയ്യേണ്ടി വരും. ശാസ്ത്രം പുരോഗമിച്ചിട്ടൊന്നും വലിയ പ്രയോജനമില്ല. ലക്ഷം ആളുകള്‍ അക്രമാസക്തരായി വരുമ്പോള്‍ ഒരു ഗ്രനേഡ് എറിഞ്ഞാല്‍ ലക്ഷംപേരും റോഡില്‍വീണ് 24 മണിക്കൂര്‍ നേരത്തേക്ക് ഉറങ്ങിപ്പോകുന്ന വിദ്യയൊന്നും എന്താണ് ആരും കണ്ടുപിടിക്കാത്തത്? സിറിയയില്‍ പ്രയോഗിച്ചതരം രാസായുധം കിട്ടിയേക്കും. പക്ഷേ, കടന്നകൈ ആയിപ്പോകും. ഒബാമ ഇടപെട്ടുകളയും.
നിരാശപ്പെടേണ്ട. ടിയര്‍ ഗ്യാസിനെയും ഗ്രനേഡിനെയും വെല്ലുന്ന പുത്തന്‍ പ്രയോഗങ്ങള്‍ പോലീസ് കണ്ടെത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ആനയറയില്‍നിന്ന് കിട്ടുന്നവിവരം. സമരരംഗത്തെ കൈയാങ്കളി ഇതാദ്യമല്ല. എന്തെല്ലാം കണ്ടിരിക്കുന്നു ഈ കേരളം. സ്വാതന്ത്ര്യം കിട്ടിയശേഷമാണ് നാം ശരിക്കും സമരം ചെയ്യാനും പോലീസ് വെടിവെക്കാനും പഠിച്ചത്. കേരളത്തില്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നടന്നതിലേറെ പോലീസ് വെടിവെപ്പും മരണവും കമ്യൂണിസ്റ്റ് ഭരണത്തിന് എതിരെനടന്ന വിമോചനസമരത്തിനിടെ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ബെഞ്ചില്‍ കിടത്തി തുടയില്‍ ദണ്ഡുകൊണ്ട് ഉരുട്ടുക എന്ന അതിനൂതനമായ വിദ്യയാണ് പ്രയോഗിച്ചത്. ലോക്കപ്പിനകത്ത് സമ്പൂര്‍ണസ്വാതന്ത്ര്യമുള്ളതുകൊണ്ട് ആളെ സിദ്ധികൂടാത്ത എന്ത് വിദ്യയും പ്രയോഗിക്കാം. ഇത്തരം ആശയങ്ങള്‍ ആര് കണ്ടുപിടിച്ചു, ആരാണ് ആദ്യം പ്രയോഗിച്ചത് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കാന്‍ സംവിധാനമില്ല എന്നതാണ് സങ്കടം.

ആനയറ മോഡ് ഓഫ് മോബ് കണ്‍ട്രോളിലേക്ക് വരാം. സാധാരണ പോലീസുകാര്‍ക്ക് ഈ പണി ചെയ്യാന്‍ പറ്റില്ല. പൊതുനിരത്തില്‍ ടി.വി.ചാനലുകള്‍ കണ്‍മിഴിച്ച് നില്‍ക്കെ ഈ കൈക്രിയ സാധിക്കണമെങ്കില്‍ പ്രത്യേക തരം സാഡിസരോഗം കലശലായി വേണം. സമരക്കാര്‍ക്ക് എതിരെ നാളെ കൂട്ടത്തോടെ ഈ അറ്റകൈ പ്രയോഗം നടത്തിക്കൂടെന്നില്ല. സമരക്കാര്‍ ഈ വിദ്യ തിരിച്ചുപ്രയോഗിച്ചേക്കും എന്നതുമാത്രമാണ് അപകടസാധ്യത. ഇതിന് പ്രതിരോധം ഇല്ലെന്നല്ല. ഉണ്ട്. ക്രിക്കറ്റുകളിക്കാര്‍, ബാറ്റ് ചെയ്യുമ്പോള്‍ കാലിന് മാത്രമല്ല സംരക്ഷണം ഏര്‍പ്പെടുത്താറ്. കേന്ദ്രാവയവത്തെ സംരക്ഷിക്കുന്നതിന് പ്രത്യേക പാഡ് ഉണ്ട്. ചില കളിക്കാര്‍ അലങ്കാരമായി അത് പാന്റ്‌സിന് പുറത്ത് ആളുകള്‍ കാണുന്ന തരത്തില്‍തന്നെ കെട്ടാറുണ്ട്. ലാത്തിത്തല്ല് നേരിടാന്‍ ഹെല്‍മെറ്റ്, കാലില്‍ പാഡ് എന്നിവയ്ക്ക് പുറമേ കൈക്രിയ തടയാന്‍ കേന്ദ്രാവയത്തിനുള്ള പാഡും ഭാവിയില്‍ സംഘടനകള്‍ വിതരണം ചെയ്യേണ്ടിവരുമെന്ന് വേണം കരുതാന്‍.
സെക്രട്ടേറിയറ്റ് ഉപരോധം പാളീസായശേഷം സമരത്തിന്റെ രൂപം മാറുമെന്നുള്ള വാഗ്ദാനമാണ് ആനയറയില്‍ പാലിച്ചതെന്ന് തോന്നുന്നു. കരിങ്കൊടി വീശല്‍, തെരുവില്‍ തടയല്‍ എന്നിവയ്ക്കുശേഷം മൂന്നാമത്തേതാണ് ചീമുട്ടയേറ്. കേള്‍ക്കുമ്പോള്‍ തമാശതോന്നും. അതിന്റെ പ്രയാസം പാര്‍ട്ടിക്കേ അറിയൂ. കാശുകൊടുത്താല്‍ എത്ര ലോഡ് മുട്ട വേണമെങ്കിലും കിട്ടും. പത്ത് ചീഞ്ഞ മുട്ട കിട്ടാനുള്ള ബുദ്ധിമുട്ട് അത് ശേഖരിക്കാന്‍ നടന്നാലേ അറിയൂ. ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ ഓര്‍ഡര്‍ കൊടുത്താല്‍ അവര്‍ സാധനം സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്പപ്പോള്‍ ചീയിച്ച് തരുമായിരിക്കും. മുഖ്യമന്ത്രിയുടെ ടൂര്‍ പ്രോഗ്രാംനോക്കി ലോഡ് വിട്ടാല്‍ മതിയാകും.

മുഖ്യമന്ത്രി രാജിവെക്കുന്നില്ലെങ്കില്‍ സമരത്തിന്റെ രൂപം ഒന്നുകൂടി മാറുമെന്ന് ഇടതുനേതാക്കള്‍ പറഞ്ഞത് നമ്മള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. മൂന്നാം ഘട്ടമോ നാലാം ഘട്ടമോ ആയിട്ടാണ് ചീമുട്ട പ്രയോഗിച്ചത്. അടുത്ത ഘട്ടത്തില്‍ എറിയുന്നത് പാലും ഐസ് ക്രീമും ബോംബുമൊന്നും ആവില്ലെന്ന് ഉറപ്പ്. ചീമുട്ടയേക്കാള്‍ ദുര്‍ഗന്ധവും അറപ്പും ഉളവാക്കുന്ന സാധനമായിരിക്കുമെന്ന് ഉറപ്പ്. അതാണ് ആശങ്ക. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ സംഭവിക്കാത്തതായി യാതൊന്നുമില്ല.

* * * *

സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിയെ കിട്ടാതിരുന്നത് സര്‍ക്കാര്‍ വേണ്ടത്രസമ്മര്‍ദം ചെലുത്താതിരുന്നതുകൊണ്ടാണെന്ന് ഇടതുപക്ഷത്തിന് ആക്ഷേപമുണ്ട്.
സത്യമാണ് കേട്ടോ. സര്‍ക്കാര്‍ ഒരു കത്തയച്ചു ചീഫ് ജസ്റ്റിസിന്. സിറ്റിങ് ജഡ്ജിയെ പുറംപണിക്ക് നിയോഗിക്കേണ്ടെന്ന് മറുപടി അയച്ചു. വീണ്ടും സര്‍ക്കാര്‍ കത്തുകൊടുത്തു. വീണ്ടുംകിട്ടി നിഷേധ മറുപടി.

ഇങ്ങനെയാണോ ഉത്തരവാദിത്വബോധമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് ? ആദ്യത്തെ കത്ത് തന്നെ ഒരുവക്കീല്‍ നോട്ടീസായി രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയയ്‌ക്കേണ്ടതായിരുന്നു. ഇത് കൈപ്പറ്റി നാലുനാള്‍ക്കകം, ഹൈക്കോടതി ഒരു സിറ്റിങ് ജഡ്ജിയെ വിട്ടുതന്നില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടി എടുക്കുമെന്ന് മിസൈല്‍പോലെ രേഖവിടണം. അതുനടന്നില്ലെങ്കില്‍ നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടി ഏകകണ്ഠമായ പ്രമേയത്തില്‍ ഹൈക്കോടതിയോട് സംഗതി ആവശ്യപ്പെടാമായിരുന്നു. എന്നിട്ടും വഴങ്ങിയില്ലെങ്കില്‍, മുഖ്യമന്ത്രി ഹൈക്കോടതിക്കുമുന്നില്‍ മരണംവരെ ഉപവാസം പ്രഖ്യാപിക്കണം. മുഖ്യമന്ത്രി മരണംവരെ ഉപവാസം തീരുമാനിച്ചിരുന്നെങ്കില്‍ പ്രതിപക്ഷനേതാവും പാര്‍ട്ടി സെക്രട്ടറിയും എല്ലാം മറന്ന്, ഉപവാസം ഉദ്ഘാടനം ചെയ്യാന്‍ പാഞ്ഞെത്തുമായിരുന്നല്ലോ. സര്‍വകക്ഷി നിവേദനം, രാപകല്‍ സമരം, ഉപരോധം, ചീമുട്ട തുടങ്ങിയ എന്തെല്ലാം സമ്മര്‍ദതന്ത്രങ്ങള്‍ സര്‍ക്കാറിന് തുടര്‍ന്ന് ഉപയോഗിക്കാമായിരുന്നു. മുഖ്യമന്ത്രി
സ്വന്തം കസേര സംരക്ഷിക്കാന്‍ വേണ്ടിത്തന്നെയാണ് ഇതൊന്നും ചെയ്യാതിരുന്നത്. സംശല്യ. സ്റ്റാന്‍ഡിങ്ങും വോക്കിങ്ങും ഒന്നും പറ്റില്ല, സിറ്റിങ് തന്നെ വേണമെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് പലരും ചോദിക്കുന്നുണ്ട്. അറിയില്ലാ ? 60 കഴിഞ്ഞ് ഗൗണ്‍ അഴിക്കുമ്പോഴേക്ക് അവര്‍ക്ക് അള്‍ഷിമേഴ്‌സ് എന്നും മറ്റുംവിളിക്കുന്ന രോഗംപിടിപെടും. നിയമവും വകുപ്പുമൊക്കെ മറന്നുപോകും. തീര്‍ന്നില്ല, നിഷ്പക്ഷത, സത്യസന്ധത, നീതിബോധം തുടങ്ങിയ ഗുണങ്ങള്‍ അറുപത് കഴിഞ്ഞാല്‍ നരച്ചമുടി കൊഴിയുംപോലെ വീണുപോകും. പിന്നെ സദാസമയം ‘ഉമ്മന്‍ചാണ്ട്യായ നമഹ’ എന്ന് ജപിച്ചുകൊണ്ടേയിരിക്കും. ഇതാണ് സിറ്റിങ്ങില്‍ പിടിമുറുക്കാന്‍ കാരണം. മനസ്സിലായാ ?

* * * *

ഒരു വൈസ് ചാന്‍സലര്‍ക്ക് അതിനുള്ള യോഗ്യതയില്ല എന്ന് ചീഫ് സെക്രട്ടറി കണ്ടുപിടിക്കുകയും ചാന്‍സലര്‍ക്ക് കത്തെഴുതുകയും ചെയ്തത്രെ. ചീഫ് സെക്രട്ടറിയോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ. ചീഫ് സെക്രട്ടറി തടസ്സം പറഞ്ഞിട്ടും ഒരാള്‍ വൈസ് ചാന്‍സലറായെങ്കില്‍ ആ ആള്‍ യോഗ്യന്‍തന്നെ, വേറെ തെളിവുവേണ്ട. ചാന്‍സലര്‍ വിചാരിച്ചാലും ചിലരെ തടയാന്‍പറ്റില്ല. അതുതന്നെ അവരുടെ യോഗ്യത. യോഗ്യത സംബന്ധിച്ച പഴഞ്ചന്‍ ആശയങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നവര്‍ക്ക് ചീഫ് സെക്രട്ടറിയാകാന്‍ യോഗ്യതയുണ്ടോയെന്നാണ് ഇനി സംശയിക്കേണ്ടത്.

ചീഫ് സെക്രട്ടറിയുടെ അതേ ഗണത്തില്‍പ്പെട്ട ഒരു വിദ്യാഭ്യാസ സെക്രട്ടറി ഈയിടെ പ്ലസ് ടു അധ്യാപകരെ യോഗ്യതനോക്കിയേ നിയമിക്കാവൂ എന്നൊരു ഉത്തരവിറക്കി. വിവരം കിട്ടിയയുടനെ മന്ത്രിസഭയുടെ അടുത്തയോഗം ആ ഉത്തരവ് റദ്ദാക്കി. പ്ലസ് ടു പഠിപ്പിക്കാനും യോഗ്യത നോക്കണംപോലും. യോഗ്യത എന്നൊരുവാക്ക് ഇനിയാരും ഇവിടെ ഉച്ചരിച്ചുപോകരുത്.

Leave a Reply

Your email address will not be published. Required fields are marked *

Go Top