എന്തൊരു കരുതല്‍ !

ഇന്ദ്രൻ

ക്ലിക്കാവുന്ന മുദ്രാവാക്യങ്ങളുണ്ട്; ദുശ്ശകുനമായി മാറുന്നവയുമുണ്ട്. മുഷ്ടിചുരുട്ടി അലറുന്ന മുദ്രാവാക്യത്തെക്കുറിച്ചല്ല പറയുന്നത്. കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി പോലുള്ള ഭംഗിവാക്കുകളെക്കുറിച്ചാണ്. എന്തൊരു അസംബന്ധ വാക്യമാണതെന്ന് ഓര്‍ത്താല്‍ ചിരി നിര്‍ത്താന്‍ കഴിയില്ല. പക്ഷേ, സംഗതി ക്ലിക്കായി. വാക്യത്തിന്റെ പേറ്റന്റ് മറ്റാരുടേതോ ആണെന്നും കോപ്പിറൈറ്റ് ലംഘനത്തിന് കേസില്ലാത്തത് എന്തോ ഭാഗ്യമാണെന്നും പറയുന്നത് കേട്ടിട്ടുണ്ട്. എന്തോ ആവട്ടെ, സംഗതി ക്ലിക്കായല്ലോ അതുമതി. ഇത്തരം ഓരോ മുദ്രാവാക്യങ്ങള്‍ ഉണ്ടാവേണ്ടത് കച്ചവടം മെച്ചപ്പെടുത്താന്‍ ആവശ്യമാണ്. കച്ചവടത്തിന്റെ കൂട്ടത്തില്‍ രാഷ്ട്രീയവും പെടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുദ്രാവാക്യനിര്‍മാണത്തിന് ലോകോത്തര എഴുത്തുകാരുടെയും പരസ്യവാചക നിര്‍മാതാക്കളുടെയും സേവനം ഉപയോഗപ്പെടുത്തുന്നവരാണ് ദേശീയ നേതാക്കള്‍.

കേരളത്തിലെ പാര്‍ട്ടികള്‍ക്കൊന്നും ആ ലവലില്‍ പോകാന്‍ കഴിയില്ല. അവര്‍ പാര്‍ട്ടി ആസ്ഥാനത്തെ ബുജികളെ പണിയേല്‍പ്പിക്കുകയാണ് പതിവ്. യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ത്തിയ മുഖ്യ മുദ്രാവാക്യം ഈ ഗണത്തില്‍പ്പെടും. ‘വികസനവും കരുതലും’. ആംഗലത്തില്‍നിന്നാണ് അതിന്റെ ഒറിജിനല്‍ വന്നത്- ഡെവലപ്‌മെന്റ് ആന്‍ഡ് കെയര്‍. ഇംഗ്ലീഷുകൂടി കേട്ടാലേ പല മലയാളംവാക്കിന്റെയും അര്‍ഥം പിടികിട്ടൂ. യു.ഡി.എഫിന്റെ മാനിഫെസ്റ്റോയില്‍ ബ്രാക്കറ്റില്‍ കൊടുത്തത് വായിച്ചവര്‍ക്ക് സംശയമുണ്ടായി. വികസനം, ഡെവലപ്‌മെന്റാണ് എന്നതില്‍ തര്‍ക്കമില്ല. കരുതല്‍ എന്താണ് പടച്ചോനെ? കെയര്‍ ആണോ കരുതല്‍? അതെന്തോ ആവട്ടെ… യു.ഡി.എഫിന് വോട്ട് ചെയ്തവരാരും അത് അന്വേഷിച്ചിട്ടില്ല. വോട്ട് ചെയ്യാത്തവരും അന്വേഷിച്ചിട്ടില്ല. ജനനത്തില്‍ത്തന്നെ ചത്തുപോയ ഒരു മുദ്രാവാക്യമായിരുന്നു അതെന്ന് ചുരുക്കം.

എങ്കില്‍പിന്നെ, ഇപ്പോഴെന്തിനാണ് അത് വീണ്ടും എഴുന്നള്ളിച്ച് കൊണ്ടുവരുന്നത് എന്നാരും ചോദിച്ചുപോകും. ഇന്നലെ ചത്ത ചില മുദ്രാവാക്യങ്ങള്‍ ഇന്ന് എഴുന്നേറ്റുവരും, ദുശ്ശകുനങ്ങളായി. യു.ഡി.എഫ്. ഭരണത്തില്‍ ഏറ്റവും പ്രസക്തമായ വാക്കാണ് ‘കരുതല്‍’ എന്നുവന്നിരിക്കുന്നു. കരുതല്‍ ഇല്ലായ്മ എന്ന് ചേര്‍ക്കണമെന്നേയുള്ളൂ. തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് ജയിച്ചതെങ്കിലും പിറവം നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പോടെ ടോപ്ഗിയറില്‍ ഓടിയ യു.ഡി.എഫ്. വണ്ടി ഓട്ടംനിര്‍ത്തി. ഇപ്പോഴത് റിവേഴ്‌സ് ഗിയറിലും ആണ്. ഡ്രൈവര്‍തന്നെയാണ് വണ്ടിയുടെ ഗിയര്‍ റിവേഴ്‌സിലാക്കിയത്. വേറെ ആരെയും പഴിച്ചിട്ട് കാര്യമില്ല.
കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന രമേശ് ചെന്നിത്തലയെക്കൊണ്ട് നിയമസഭയിലേക്ക് നോമിനേഷന്‍ കൊടുപ്പിച്ചുകൊണ്ടാണ് കരുതല്‍ പ്രക്രിയ ഉദ്ഘാടനംചെയ്തത്. എന്തൊരു ബുദ്ധിയായിരുന്നു! ഒരു നായര്‍ മുഖ്യമന്ത്രിയാകാനുള്ള വിദൂരസാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാല്‍ മുന്നണിക്ക് വോട്ടുചെയ്യുന്നവരാണ് ഭൂരിപക്ഷ സമുദായക്കാരെന്ന മുന്‍കരുതലായിരുന്നു സംഗതിയുടെ പിന്നില്‍. ചെന്നിത്തല മുഖ്യമന്ത്രിയുമായില്ല, ഉപനുമായില്ല. ലവലേശം ഉണ്ടായിരുന്ന ഐക്യവും ഭരണമികവും സല്‍പേരും ഉപമുഖ്യമന്ത്രി വിവാദത്തോടെ കാശിക്കുപോയി. പോട്ടെ.

എത്ര കരുതലോടെയാണ് മുഖ്യമന്ത്രി സുതാര്യത ഉപമുഖ്യ മുദ്രാവാക്യമായി കൊണ്ടുനടന്നതെന്നോര്‍ത്തുനോക്കൂ. സുതാര്യത- എത്ര സുന്ദരമായ പദം. ലോകം സുന്ദരമായതിനെ കേള്‍ക്കാന്‍ കൊള്ളാത്ത നാണക്കേടാക്കി മാറ്റുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് നാം. സുതാര്യതയ്ക്കാണ് ഇതില്‍ ഒന്നാംസ്ഥാനം. സൗരോര്‍ജം ലോകത്തിന്റെ ഭാവിപ്രതീക്ഷയാണ്. ഇപ്പോള്‍ അതൊരു തെറിവാക്കായിട്ടുണ്ട്- ‘ഐസ്‌ക്രീം’ പോലെ. വീടിനുമുകളില്‍ സൗരോര്‍ജപാനല്‍ വെച്ചവര്‍ ആളുകാണാതിരിക്കാന്‍ ടാര്‍പോളിനിട്ട് മറച്ചാലോ എന്ന് ആലോചിക്കുകയാണ്. വൈദ്യുതി കിട്ടിയില്ലെങ്കിലും സാരമില്ല, നാണക്കേടില്ലല്ലോ. കാര്യക്ഷമതയുടെ ലോകമാതൃകയായ ജപ്പാന്റെ, കേരളത്തിലെ പ്രതീകം റോഡിലെ ജപ്പാന്‍കുഴികളാണ്. അറിഞ്ഞാല്‍ അവര്‍ ഹരാകിരി നടത്തി സ്വന്തം ജീവനൊടുക്കും. അത്ര അഭിമാനികളാണ് അവര്‍. ശരിക്കും അവര്‍ വാളുമായി വന്ന് കുത്തിക്കീറേണ്ടത് നമ്മുടെ കുടലാണ്.

സ്റ്റാച്യു ജങ്ഷനിലെ പലചരക്കുകടയില്‍ നില്‍ക്കുമ്പോഴാണ് വീട്ടിലെ വിളക്ക് കത്തുന്നില്ലെന്ന് ഓര്‍മ വരുന്നതെങ്കില്‍ കെ.എസ്.ഇ.ബി.യില്‍ പോകുന്നതിലും സൗകര്യം കേറി ഒരു നിവേദനം എഴുതി മുഖ്യമന്ത്രിയെ ഏല്‍പ്പിക്കലാണ്. മുഖ്യമന്ത്രിയുടെ മുറിയില്‍ വീഡിയോ ക്യാമറ വെച്ചതിലെ കരുതലിന്റെ അടുത്തുവരില്ല മറ്റൊന്നും. മുഖ്യമന്ത്രിയുടെ കസേരയില്‍ ഭ്രാന്തന്‍ വന്നിരുന്നത് നാട്ടുകാര്‍ക്കെല്ലാം കാണാനും അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസ് ചാനലിന്റെ ടാം റേറ്റിങ് കൂട്ടാനും കഴിഞ്ഞു. ഭ്രാന്തനുപകരം തോക്കും കൊണ്ടൊരു തീവ്രവാദി വരാതിരുന്നത് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായതുകൊണ്ട് മൂപ്പര് വേണ്ടെന്നുവെച്ചതാകാനേ തരമുള്ളൂ.

ഏറ്റവും കരുതലോടെ ഓഫീസ് ജീവനക്കാരെ തിരഞ്ഞെടുത്തതിന് ഐക്യരാഷ്ട്രസഭ അവാര്‍ഡ് ഏര്‍പ്പെടുത്തിയാല്‍ അതും നമുക്കായിരിക്കുമെന്ന് ഉറപ്പ്. എന്‍ട്രി അയയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസുകാര്‍ക്ക് സമയം കിട്ടുമോ എന്നേ നോക്കേണ്ടൂ. കേന്ദ്ര കാബിനറ്റ് മന്ത്രിക്കുള്ളതിന്റെ ഇരട്ടിയാളുകള്‍ ഇവിടെ ഓരോ മന്ത്രിക്കുമുണ്ടെങ്കിലും പിടിപ്പത് പണിയാണ് എല്ലാവര്‍ക്കും. നാല് കാശുണ്ടാക്കാന്‍ നടക്കുന്ന സകലരെയും സഹായിക്കാനുള്ള ചുമതല അവരുടേതല്ലേ. വികസനവും കരുതലും എന്ന് എഴുതിയത് വെറുതെയാണോ? വനിതാ വികസനത്തിന്റെ പോര്‍ട്ട്‌ഫോളിയോയും പേഴ്‌സണല്‍ സ്റ്റാഫിനെ ഏല്പിച്ചതായാണ് ഒടുവില്‍ കേള്‍ക്കുന്ന വിവരം. സത്യമാണോ എന്നുറപ്പില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാന്യന്മാരെല്ലാം പ്രതിസന്ധിയിലാണ്. അവരാരും ജോലി മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്ന് പറയുന്നുണ്ടാവില്ല. സെക്രട്ടേറിയറ്റ് കാന്റീനിലാണ് പണി എന്ന് പറഞ്ഞാലേ കൂടുതല്‍ ചോദ്യമൊന്നും ചോദിക്കാതെ പോകാനനുവദിക്കൂ എന്നതാണ് കാരണം.

മൊബൈല്‍ഫോണ്‍ വേണ്ട എന്ന് തീരുമാനിച്ചതിലെ കരുതല്‍ അല്പമൊന്ന് പിശകിയോ എന്ന സംശയം മുഖ്യമന്ത്രിക്കുണ്ട്. ഫോണ്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഫോണ്‍ ഉണ്ടായിട്ടും വലിയ വിശേഷമൊന്നുമില്ല. അതും വല്ല ജോപ്പനെയും ഏല്പിച്ചാലല്ലാതെ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പണി നടത്താനാവില്ല. എപ്പോഴും ഫോണ്‍ അറ്റന്‍ഡ് ചെയ്തുകൊണ്ടിരുന്നാല്‍ നിവേദനം വാങ്ങുക, വല്ലതും തിന്നുക, കുടിക്കുക, ഉറങ്ങുക തുടങ്ങിയ പണികളും ജോപ്പന്മാരെ ഏല്പിക്കേണ്ടിവരില്ലേ ? അതും ബുദ്ധിമുട്ടാണ്. ആകപ്പാടെ നോക്കുമ്പോള്‍ ഉണ്ടായാലും പാട്, ഇല്ലെങ്കില്‍ പെടാപ്പാട് എന്ന നിലയായിരിക്കുന്നു.

* * *

കരണക്കുറ്റിക്ക് അടി കിട്ടേണ്ട വര്‍ത്തമാനമാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ നടത്തിയതെന്ന അഭിപ്രായം പ്രതിപക്ഷനേതാവിനുണ്ടായിരുന്നു. തിരുവഞ്ചൂര്‍ എന്താണ് പറഞ്ഞത് എന്ന് പത്രങ്ങളിലൊന്നും കണ്ടില്ല. അതെന്തോ ആവട്ടെ, പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തെ സകല മാന്യന്മാരും സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിച്ചുകളഞ്ഞു.
കരണക്കുറ്റിക്ക് ഓരോന്ന് കൊടുക്കേണ്ടവരുടെ പട്ടിക പൊതുജനം മനസ്സില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് സഖാവ് വി.എസ്. ഈ പരാമര്‍ശം നടത്തിയത്. കരണക്കുറ്റി അടിയുടെ പ്രായോഗികവശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ജനത്തിന് നലേ്കണ്ടതായിരുന്നു. അത് കിട്ടിയില്ല.

സംസാരത്തിന്റെ നിലവാരത്തെ കരണക്കുറ്റിപ്രഹരത്തിന്റെ മാനദണ്ഡമാക്കുന്നത് ശാസ്ത്രീയമല്ല. ചെയ്തികളുടെ നിലവാരം വേണം പരിഗണിക്കാന്‍. എങ്കില്‍ അധികം പേര്‍ക്ക് കരണക്കുറ്റിയില്‍ ഗുഡ്‌സര്‍വീസ് എന്‍ട്രി കിട്ടുന്നതില്‍ നിന്നൊഴിഞ്ഞുനില്ക്കാന്‍ പറ്റില്ല. മാത്രവുമല്ല, ‘ഒരാള്‍ക്ക് ഒരടി, എല്ലാവര്‍ക്കും അടി’ എന്ന സോഷ്യലിസ്റ്റ് തത്ത്വവും ശരിയല്ല. ഓരോരുത്തര്‍ക്കും അവരുടെ നിലവാരമനുസരിച്ചുവേണം കൊടുക്കാന്‍. ദിവസവും അയ്യഞ്ചുകിട്ടേണ്ടവരും കാണും, വല്ലപ്പോഴും ഒന്നുകിട്ടേണ്ടവരും കാണും. ഇതിന്റെ റെയ്റ്റ് തീരുമാനിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചാലും ദോഷം വരില്ല. പൊതുജനത്തിന് ഉടന്‍ മനസ്സമാധാനം ആവശ്യമാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ വഴിയോരത്ത് ഓരോരുത്തരുടെയും കോലം കെട്ടിത്തൂക്കി അതിന്റെ കരണത്ത് പ്രതീകാത്മകമായി അടി കൊടുക്കാവുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go Top