സുതാര്യം സരിതാര്യം

ഇന്ദ്രൻ

ഭരണം സുതാര്യമാക്കുന്ന പ്രക്രിയ അതിന്റെ മൂര്‍ധന്യഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനപ്പുറം പോകാന്‍ ഇനി ഇടംകാണുന്നില്ല. സുതാര്യത മൂക്കുമ്പോള്‍ ഒപ്പം സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങളും നടപ്പാക്കേണ്ടതുണ്ടല്ലോ. ഇപ്പോള്‍ അതാണ് കണ്ടത്. മാനുഷരെല്ലാരുമൊന്നുപോലെ എന്നതാണ് സമത്വത്തിന്റെ ഏറ്റവും മുന്തിയ അവസ്ഥ. മുഖ്യമന്ത്രിയുടെ ഓഫീസിലും മാനുഷരെല്ലാരുമൊന്നുപോലെയാണ്. കയറിവരുന്ന പൗരന്‍ ഋഷിയാവട്ടെ, നരകംപൂകിയ വീരപ്പന്റെ പുതുരൂപം ആകട്ടെ, ഇരിക്കാം, സംസാരിക്കാം, കാര്യംനേടാം, പോകാം. സഹായത്തിന് പി.എ.മാരുണ്ടാകും. മുഖ്യമന്ത്രിയുടെ മുറിയിലേ വെബ് ക്യാമറ ഉള്ളൂ, പി.എ.മാരുടെ മുറികളിലില്ല.

2010 ജനവരി പത്തിന് സകലപത്രങ്ങളിലും വന്ന വാര്‍ത്ത ഇപ്പോള്‍ എല്ലാവരും ഓര്‍ക്കുന്നുണ്ട്, പ്രതിഭാശാലികളായ ദമ്പതിമാരെക്കുറിച്ചുള്ളതാണ്. ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്‍, ഭാര്യ സരിത എസ്. നായര്‍. രണ്ടുപേരും അക്കാലത്ത് സോളാര്യത്തിലേക്ക് കടന്നിട്ടില്ല. വേറെ ഒരു മേഖലയിലാണ് പ്രതിഭതെളിയിച്ചുകൊണ്ടിരുന്നത്. ദേശസാത്കൃത ബാങ്കുകളില്‍നിന്ന് അതിവേഗം വായ്പവാങ്ങിക്കൊടുക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് കണ്‍സള്‍ട്ടന്റ് എന്നായിരുന്നു ബിജുവിന്റെ വേഷം. ദമ്പതികള്‍ പ്രമുഖനായ ഒരു കെട്ടിടനിര്‍മാതാവില്‍നിന്ന് തട്ടിയത് കോടികള്‍. പരാതിയെത്തുടര്‍ന്ന് പോലീസ് രണ്ടിനെയും അറസ്റ്റുചെയ്‌തെന്നായിരുന്നു വാര്‍ത്ത. അന്ന് ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ടീമിനെ ഉണ്ടാക്കി അന്വേഷണം തുടങ്ങിയതാണ്. വ്യാജ ബാങ്ക്‌രേഖകള്‍ ഉണ്ടാക്കിയാണ് ശ്രേഷ്ഠദമ്പതികള്‍ ആളുകളെ വീഴ്ത്താറുള്ളതെന്ന് അന്നുതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് പത്രത്തിലുണ്ട്. ബിജുവിന്റെ മുന്‍ ഭാര്യ രശ്മി മരിച്ചതാണോ കൊന്നതാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നതാണ് പോലീസ് പുറത്തുവിട്ട മറ്റൊരു രഹസ്യം. രണ്ടിനെയും രണ്ടാഴ്ച റിമാന്‍ഡ് ചെയ്‌തെന്നും വാര്‍ത്ത പറയുന്നു.

തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം ഇവരുടെ വിളയാട്ടമായിരുന്നു കേരളത്തിലും തമിഴ്‌നാട്ടിലും. കേസുകള്‍ എത്രയെന്നോ അറസ്റ്റുകള്‍ എത്രയെന്നോ ഇവര്‍ക്കുതന്നെ നിശ്ചയമില്ലാത്ത അവസ്ഥയെത്തിയിട്ടുണ്ടാകണം. ഇതേ ദമ്പതികളാണ് നമ്മുടെ തലസ്ഥാനത്ത് ഭരണത്തിന്റെ ഇടനാഴികളില്‍ പുതിയമേഖലകള്‍ കീഴടക്കിയത്. ബാങ്ക് വായ്പയുടെ ഇടനിലത്തട്ടിപ്പില്‍നിന്ന് കുറേക്കൂടി അത്യന്താധുനികമായ മേഖലകളിലേക്ക് അവര്‍ നീങ്ങിയിരുന്നു. അധികംപേര്‍ക്ക് അറിയാത്ത സൗരോര്‍ജം, കാറ്റാടി പോലുള്ള സംഗതികള്‍. പാരമ്പര്യേതര ഊര്‍ജതട്ടിപ്പുകളായതുകൊണ്ട് ഈ രംഗത്ത് അവര്‍ക്ക് മത്സരിക്കാന്‍ എതിരാളികളില്ലെന്ന സൗകര്യമുണ്ടായിരുന്നു. രണ്ട് സംസ്ഥാനങ്ങളില്‍ വലവീശി കോടികള്‍ കൈയിലാക്കിയപ്പോഴേ പരാതിയും അറസ്റ്റുമൊക്കെ ഉണ്ടായുള്ളൂ.

സരിത നായര്‍ ആളത്ര ശരിയല്ല എന്ന് താന്‍ മുഖ്യമന്ത്രിയോട് സ്വകാര്യമായി പറഞ്ഞെന്നാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് ചാനലില്‍ വെളിപ്പെടുത്തിയത്. അത് പറയാന്‍ പി.സി. ജോര്‍ജ് വേണ്ട. തലസ്ഥാനത്തെ ഏത് പോലീസുകാരനും അറിയേണ്ടതാണ്. പക്ഷേ, മുഖ്യമന്ത്രി അറിഞ്ഞില്ല. അവളുടെ അറസ്റ്റിനുശേഷം മാത്രമാണ് പി.സി. ജോര്‍ജ് പറഞ്ഞത് എന്നാണ് മുഖ്യമന്ത്രിയുടെ പരിഭവം. മുമ്പേ പറഞ്ഞിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന് സാരം. മുമ്പാണോ ശേഷമാണോ എന്ന് ജോര്‍ജിന് അത്ര ഉറപ്പുപോര. എന്തിന് പി.സി. ജോര്‍ജ് വരണം ഇത് പറയാന്‍ ? മുഖ്യമന്ത്രിയോട് പറയേണ്ടത് പോലീസ് ഇന്റലിജന്‍സല്ലേ? ഇത്രയും കേസും പരാതിയുമുള്ള ഒരാണും പെണ്ണും വന്ന് മുഖ്യമന്ത്രിയെത്തന്നെ പറ്റിച്ചുപോകുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ മാത്രം ഗുണംകൊണ്ടാവില്ല, പോലീസിനും കൊടുക്കണം ഒരു വിശിഷ്ടസേവനമെഡല്‍. എല്ലാം തുറന്ന പുസ്തകമായതുകൊണ്ട് ഒന്നും പറയേണ്ട എന്നവര്‍ തീരുമാനിച്ചുകാണും. പി.എ.മാരെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെന്തിന് പി.എ.മാര്‍ കൂടെക്കൊണ്ടുനടക്കുന്ന സോളാര്യക്കാരുടെ ഗുണവും ദോഷവും തിരക്കണം?

പാര്‍ലമെന്റ് നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പത്രം ഒരാളെ നിയോഗിച്ചാല്‍, പോലീസിന്റെ ഏറ്റവും താഴെക്കിടയില്‍ ഒരു തസ്തികയില്‍ കേറാന്‍, പാസ്‌പോര്‍ട്ട് വാങ്ങാന്‍… എല്ലാം വേണം സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട്. മന്ത്രിമാരുടെ പി.എ. ആയി മന്ത്രിയേക്കാള്‍ അധികാരം കൈയാളാന്‍ യാതൊന്നും വേണ്ട. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരെ ആരാണ് തിരഞ്ഞെടുക്കുന്നത് എന്ന് അറിഞ്ഞുകൂടാ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു. മുഖ്യമന്ത്രിയാണോ മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരെ നിയോഗിക്കുന്നത്? അവരുടെ ഗുണദോഷങ്ങളെക്കുറിച്ച് പാര്‍ട്ടിയുണ്ടോ വല്ലതും അറിയുന്നു. അറിയില്ല, ആരോ ലിസ്റ്റുണ്ടാക്കുന്നു, മന്ത്രിമാര്‍ നിയമിക്കുന്നു. ശമ്പളവും പെന്‍ഷനും ഉറപ്പ്. കിമ്പളവും ആവാം വേണമെന്നുണ്ടെങ്കില്‍. നിയമിച്ചവരുടെ നടപടികള്‍ ആരും അന്വേഷിക്കുന്നില്ല. കേസിലും അറസ്റ്റിലും ചെന്നുപെടുന്നതുവരെ മന്ത്രിയും പാര്‍ട്ടിയും അവരെ പേറിക്കൊള്ളുമെന്നതുകൊണ്ട് ഒന്നും പേടിക്കാനില്ല.

പി.സി. ജോര്‍ജ് ഉള്ളതുകൊണ്ട് പക്ഷേ, നമുക്ക് ധൈര്യമായിരിക്കാം. മുന്നണിയില്‍ ഒരു ശത്രുവെങ്കിലും ഉണ്ടാകണമെന്നേ ഉള്ളൂ ജോര്‍ജിന്. ഗണേശ്കുമാര്‍ ഉള്ളകാലത്തോളം അതിനും പഞ്ഞമില്ല. ഒരുവിധപ്പെട്ട എല്ലാ സ്ത്രീവിഷയങ്ങളും ഗണേശിലെത്തുമെന്നുള്ളതുകൊണ്ട് ജോര്‍ജ് ഹാപ്പി. എല്ലാ വിഴുപ്പും പുറത്തിട്ട് അലക്കാം. സര്‍വത്ര സുതാര്യം.

* * *

വീട്ടിലെത്താനുള്ള ലാസ്റ്റ് ബസ്സിന് പാഞ്ഞിട്ട് അത് കിട്ടാതെപോയാലുള്ള പ്രയാസം അനുഭവിച്ചവര്‍ക്കേ അറിയൂ. ലാല്‍ കിഷന്‍ അഡ്വാണിക്ക് രണ്ടായിരത്തി നാലിലെ ബസ് കിട്ടുമായിരുന്നു. ആക്‌സിലറേറ്റര്‍ ഒന്ന് ചെറുതായി അമര്‍ത്തിയാല്‍ മതിയായിരുന്നു. പക്ഷേ, ആള്‍ മാന്യനായതുകൊണ്ട് ചെയ്തില്ല. മൂന്നുനാല് വയസ്സെങ്കിലും കൂടുതലുള്ള വാജ്‌പേയ് ആവട്ടെ പ്രധാനമന്ത്രി എന്ന് സമ്മതംമൂളി. നെഹ്രു-സര്‍ദാര്‍ പട്ടേല്‍ സ്റ്റൈലില്‍ ആഭ്യന്തരം കൈയിലുള്ള ഉപപ്രധാനമന്ത്രിയായി കാര്യങ്ങള്‍ കൈകാര്യംചെയ്യാം. വാജ്‌പേയ് കവിത വായിച്ചും കവിത പ്രസംഗിച്ചും മുന്നില്‍ നിന്നോട്ടെ. ഭരണം മൊത്തത്തില്‍ തിളങ്ങിയതുകൊണ്ട് രണ്ടാംവട്ടം ഉറപ്പല്ലേ എന്നോര്‍ത്ത് ക്ഷമിച്ചു.

രണ്ടാംവട്ടം ഉണ്ടായില്ല. ആ ബസ് പോകട്ടെ. ലാസ്റ്റ് ബസ് കൂടെക്കൂടെ എന്നാരോ പറഞ്ഞതുപോലെ ഇനിയുമുണ്ടല്ലോ അവസരം. നോക്കണേ രാജ്യത്തിന്റെ ഓരോരോ നിര്‍ഭാഗ്യങ്ങള്‍. അഞ്ചുവര്‍ഷം തിളങ്ങിയ വാജ്‌പേയിക്കില്ലാത്ത രണ്ടാംവട്ടം, അഞ്ചുവര്‍ഷം മൗനവ്രതം അനുഷ്ഠിച്ച മൗനമോഹന്‍സിങ്ങിന് ജനം നല്‍കി. എന്നിട്ടും അഡ്വാണിജി അപാരമായ ക്ഷമയോടെ കാത്തിരുന്നു. ഇനി മതേതരത്വത്തിന്റെ ചെറിയ മെയ്ക്കപ്പിന്റെ കുറവ് ഉണ്ടാകരുതല്ലോ എന്ന് വിചാരിച്ച് പോകാവുന്നതിന്റെ പരമാവധി പോയി. എം.എ. ജിന്ന ആള്‍ യോഗ്യനായിരുന്നു, മതേതരനേതാവായിരുന്നു എന്നൊക്കെ പ്രസംഗിച്ചു. വെളുക്കാന്‍ തേച്ചത് പാണ്ടായോ ആവോ. പാര്‍ട്ടിയിതാ വോട്ട്കമ്പം തലയില്‍ക്കേറി അഡ്വാണിജിയെ തഴഞ്ഞിരിക്കുന്നു. വയസ്സ് 85 തികഞ്ഞ സീനിയര്‍മോസ്റ്റ് നേതാവിനെ അല്ലേ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ആര്‍ഷഭാരത സംസ്‌കാരപ്രകാരം നിര്‍ദേശിക്കേണ്ടത്?

ഒരു നാളെങ്കിലും പ്രധാനമന്ത്രിയാകുക എന്ന ജീവിതാഭിലാഷം ഏതെല്ലാം നിസ്സാരന്മാര്‍ എത്ര നിഷ്‌നപ്രയാസം നേടിയിട്ടുണ്ടെന്നാലോചിച്ചാല്‍ ആര്‍ക്കാണ് സങ്കടം സഹിക്കാന്‍ കഴിയുക? നെഹ്രുവും ശാസ്ത്രിയും ഇന്ദിരയുമൊക്കെ പോകട്ടെ, മൊറാര്‍ജിയും ചരണ്‍സിങ്ങും ചന്ദ്രശേഖറും വാജ്‌പേയിയും അവിടെ നില്‍ക്കട്ടെ… ദേവഗൗഡയും ഗുജ്‌റാളും വരെ ഇരുന്ന കസേര… ഇനി ഒരു പോരാട്ടത്തിന് ബലമില്ല, ഒറ്റയാന്‍ പോരിന് ഒട്ടുമില്ല. ജയ് ശ്രീറാം !

Leave a Reply

Your email address will not be published. Required fields are marked *

Go Top