വിവരക്കേടവകാശ നിയമം

ഇന്ദ്രൻ

പാര്‍ലമെന്റ് നിയമം പാസാക്കി അഞ്ചെട്ട് കൊല്ലം കഴിഞ്ഞപ്പോഴാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് പെട്ടെന്ന് ഒരുള്‍വിളി തോന്നിയത്. മുമ്പാണെങ്കില്‍, ‘ഉണ്ടിരിക്കുന്ന നായര്‍ക്ക് ഒരു ഉള്‍വിളി തോന്നിയത്’ എന്നാണ് എഴുതേണ്ടത്. ഇപ്പോഴങ്ങനെ എഴുതിക്കൂടാ. എന്‍.എസ്.എസ്സുകാര്‍ മാനനഷ്ടക്കേസുമായി വന്നാല്‍ പൊല്ലാപ്പാകും. ശരി, വിവരാവകാശ കമ്മീഷണര്‍മാക്ക് ഉള്‍വിളിയുണ്ടായി. രാഷ്ട്രീയപ്പാര്‍ട്ടികള്‍ പൊതുഅധികാരകേന്ദ്രമാണ്, അവകളെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തുല്യമായി പരിഗണിക്കേണ്ടതാണ്. വില്ലേജ് ഓഫീസും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. വിവരം ചോദിച്ചാല്‍ വിവരം കൊടുക്കണം. ഇല്ലെങ്കില്‍ വിവരമറിയും. 2013 മെയ് രണ്ടാം തിയ്യതി എത്ര രൂപയാണ് വില്ലേജ് ഓഫീസില്‍ ഭൂനികുതി പിരിച്ചത് എന്ന് ചോദിച്ചാല്‍ മറുപടി കൊടുത്തേ തീരൂ. അതാണ് നിയമം. വിവരാവകാശ കമ്മീഷന്റെ പുതിയ ഉത്തരവനുസരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍, മെയ് രണ്ടിന് കോണ്‍ഗ്രസ് കമ്മിറ്റി എത്ര രൂപയാണ് പിരിവെടുത്തത്, അതിലെത്ര രൂപയാണ് പുട്ടടിക്കാന്‍ ചെലവാക്കിയത് എന്ന് സി.പി.എമ്മിന്റെ ഏരിയാ സെക്രട്ടറി ചെന്നുചോദിച്ചാല്‍ മറുപടി കൊടുത്തേ പറ്റൂ. വിവരം കൊടുക്കാന്‍ മുപ്പത് ദിവസം എടുക്കാം, പക്ഷേ, കൊടുത്തേ പറ്റൂ.

ആദ്യത്തെ ഒരു ഞെട്ടലില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സംഗതിയുടെ കിടപ്പ് മുഴുവനായി പിടികിട്ടിയിരുന്നില്ല. ചില കൂട്ടര്‍ ചാടിക്കേറി കമ്മീഷന്‍ ഉത്തരവിനെ സ്വാഗതം ചെയ്യുകപോലും ചെയ്തു. സമാജ്‌വാദി പോലുള്ള പാര്‍ട്ടികള്‍ ഉത്തരവിനെ സ്വാഗതം ചെയ്തത് കാര്യം അറിയാഞ്ഞിട്ടാണ് എന്നും കരുതിക്കൂടാ. വലിയ വ്യത്യാസമുണ്ട്. കള്ളപ്പണം കോടികള്‍ വിദേശബാങ്കില്‍ നിക്ഷേപിച്ച ഒരാള്‍ക്ക് വില്ലേജ് ഓഫീസില്‍ പോയി ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കാന്‍ മടിക്കേണ്ടതില്ല. നാട്ടില്‍ അഞ്ചുരൂപ സമ്പാദ്യമോ നിക്ഷേപമോ ഇല്ലാത്ത ആള്‍ ആരെ പേടിക്കാനാണ്? സമാജ്‌വാദികള്‍ക്ക് കണക്കും ഇല്ല കണക്കപ്പിള്ളയും ഇല്ല. എഴുതിയ രേഖയല്ലേ വിവരാവകാശ നിയമപ്രകാരം ചോദിക്കാന്‍ പറ്റൂ. നേതാവിന്റെ വീട്ടിലും ഓഫീസിലും ഫാം ഹൗസിലും ചാക്കില്‍ കെട്ടിവെച്ച കാശിന്റെ കണക്ക് ചോദിച്ചാല്‍ കൊടുക്കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയില്ല. അതിന് സി.ബി.ഐ.യോ മറ്റോ ആളെ അയയ്‌ക്കേണ്ടിവരും. അത്തരം പാര്‍ട്ടികള്‍ക്ക് ഒരു നിയമത്തെയും പേടിക്കാനില്ല. അതല്ലല്ലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാര്യം.

കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ത്തന്നെ കൈ കുറച്ച് പൊള്ളിയിട്ടുണ്ട്. പാര്‍ട്ടിയുടെ വരുമാനക്കണക്കുകള്‍ ആദായ നികുതി വകുപ്പിന് കൊടുക്കണമെന്ന വ്യവസ്ഥ പണ്ടേ ഉണ്ട്. കൊടുത്ത കണക്കൊന്നും നാട്ടുകാര്‍ക്ക് കിട്ടുമായിരുന്നില്ല. വിവരാവകാശനിയമം വന്നതോടെ അത് കിട്ടുമെന്നായി. 20,000 രൂപയില്‍ കൂടുതല്‍ ആരില്‍ നിന്നെങ്കിലും സംഭാവന വാങ്ങിയാല്‍ അതിന്റെ കണക്കുകൊടുക്കണം. അതൊന്നും മറച്ചുവെക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 20,000 രൂപയില്‍ കൂടുതല്‍ വാങ്ങിയിട്ടേ ഇല്ല എന്നെഴുതിയാല്‍ മതി. മുഴുവന്‍ തുകയും സമാഹരിച്ചത് അഞ്ചുരൂപയുടെ കൂപ്പണ്‍ വിറ്റിട്ടാണ് എന്നുപറഞ്ഞാല്‍ ഇന്‍കം ടാക്‌സുകാര്‍ കമാ എന്ന് മിണ്ടില്ല. കേരളത്തിലാണെങ്കില്‍ ബക്കറ്റ് പിരിവ് വഴി കിട്ടിയതാണ് എന്നെഴുതായാലും മതി. പക്ഷേ, നിക്ഷേപങ്ങളുടെ കണക്ക് കൊടുത്തേ പറ്റൂ. പാര്‍ട്ടികള്‍ക്ക് വിദേശ ബാങ്കില്‍ പണമിടാന്‍ പറ്റില്ല. മുതലാളിത്തത്തെ എതിര്‍ക്കുന്ന പാര്‍ട്ടിക്കും വേണമെങ്കില്‍ ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കാം. ഇന്‍കം ടാക്‌സ് വകുപ്പിന് അത് പ്രശ്‌നമല്ല. പക്ഷേ, വിവരാവകാശക്കാരന്‍ ഇത് പുറത്തുകൊണ്ടുവന്നാല്‍ വഴിയേ പോകുന്ന വിമര്‍ശകര്‍ മുഴുവന്‍ പാര്‍ട്ടിയുടെ മേക്കിട്ടുകേറും. അത് കുറച്ച് അനുഭവിച്ചുകഴിഞ്ഞതുകൊണ്ടാവും നിയമം ഇങ്ങോട്ടും വരുന്നു എന്ന് കേട്ടപ്പോള്‍ത്തന്നെ സി.പി.എം. ജനറല്‍സെക്രട്ടറി സമയം പാഴാക്കാതെ അതിനെതിരെ ചാടിയിറങ്ങിയത്.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള പങ്കിനെ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണ് കമ്മീഷന്റെ പുതിയ ഉത്തരവ് എന്നാണ് പ്രകാശ് കാരാട്ട് എഴുതിയത്. ആള്‍ അടിമുടി മാന്യനായതുകൊണ്ടാണ് ഇങ്ങനെ എഴുതിയത്. വിവരാവകാശ കമ്മീഷന്റെ വിവരക്കേട് കൊണ്ടാണ് ഈ ഉത്തരവ് എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ മലയാളം. അതില്‍ കഴമ്പില്ല എന്ന് പറഞ്ഞുകൂടാ. ഏത് പൗരന്‍ വന്ന്‌ചോദിച്ചാലും ഫയല്‍തുറന്ന് കാണിക്കേണ്ട സര്‍ക്കാര്‍ ഓഫീസ് അല്ല രാഷ്ട്രീയപ്പാര്‍ട്ടിഓഫീസ്. സര്‍ക്കാര്‍ ഓഫീസിന്റെ സുതാര്യത വേറെ, പാര്‍ട്ടികളുടെ സ്വകാര്യത വേറെ. അതുകാരണം പൊതുവായ ഒരേ നിയമം കൊണ്ട് പാര്‍ട്ടി ഓഫീസിനെയും സര്‍ക്കാര്‍ ഓഫീസിനെയും വരിഞ്ഞുകെട്ടാന്‍ പറ്റില്ല. കവുങ്ങുകേറാന്‍ ഉപയോഗിക്കുന്ന തളപ്പുകൊണ്ട് തെങ്ങും പനയും കേറണമെന്ന് വാശിപിടിക്കാന്‍ പറ്റില്ല. പൊതുയോഗത്തില്‍ പറയുന്നത് കാക്കത്തൊള്ളായിരം നാട്ടുകാര്‍ക്ക് കേള്‍ക്കാന്‍ ഉള്ളതാണ്. അതല്ല പാര്‍ട്ടി യോഗത്തില്‍ പറയുക. രണ്ടിടത്തും ഒന്നുതന്നെ പറയാന്‍ മഹാത്മാഗാന്ധി പുനര്‍ജനിച്ചുവരണം. ജിന്നയുടെ പ്രസംഗത്തിന്റെ ടേപ്പ് ചോദിച്ചാല്‍ ആകാശവാണി കൊടുക്കണം. ആരോ ചോദിച്ചല്ലോ. പക്ഷേ, പാര്‍ട്ടി ഓഫീസില്‍ ആരെയോ പെരുമാറ്റദൂഷ്യക്കേസില്‍ കുടുക്കാന്‍ വെച്ച രഹസ്യക്ക്യാമറയിലെ ദൃശ്യങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ പാര്‍ട്ടിയുടെ ഓഫീസ് പൂട്ടുകയേ ഉള്ളൂ.

പ്രകാശ് കാരാട്ടിന് വേറെ ഒരു പ്രശ്‌നവുമുണ്ട്. ബൂര്‍ഷ്വാപാര്‍ട്ടിക്കാര്‍ക്കും മാധ്യമക്കാര്‍ക്കും മനസ്സിലാവില്ല, തിരഞ്ഞെടുപ്പ്- വിവരാവകാശ കമ്മീഷനുകള്‍ക്കും മനസ്സിലാവില്ല. സി.പി.എം. മറ്റ് പാര്‍ലമെന്ററി പാര്‍ട്ടികളെ പോലെയല്ല. അതൊരു വിപ്ലവപ്പാര്‍ട്ടിയാണ്. എപ്പോഴാണ് വിപ്ലവത്തിലേക്ക് നീങ്ങുക എന്ന് പറയാനാവില്ല. ഭൗതികസാഹചര്യങ്ങള്‍ അനുയോജ്യമായാല്‍ പാര്‍ലമെന്റിനെത്തന്നെ ഇടിച്ചുതാഴെയിട്ട് വിപ്ലവത്തിന് ഇറങ്ങേണ്ട പാര്‍ട്ടിയാണിത്. അത് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ ചിലപ്പോള്‍ അണിയറയില്‍ നടത്തേണ്ടിയും വന്നേക്കും. അതൊന്നും വിവരാകാശവിവരക്കേടുകാര്‍ ചോദ്യം ചോദിക്കുന്നതിനനുസരിച്ച് എഴുതിക്കൊടുക്കാന്‍ പറ്റില്ല. തല പോയാലും പറ്റില്ലതന്നെ.

നിയമം വ്യാഖ്യാനിച്ച കമ്മീഷന് പാര്‍ട്ടികളെപ്പറ്റി വ്യക്തമായ ധാരണയില്ലെന്ന് പറഞ്ഞതില്‍ കാമ്പുണ്ട്. പാര്‍ട്ടികളെ തുല്യപ്പെടുത്തേണ്ടത് സര്‍ക്കാര്‍ ഓഫീസുകളുമായല്ല. നിയമത്തില്‍ത്തന്നെ അതിന് വേറെ വകുപ്പുണ്ട്. വ്യവസായസ്ഥാപനങ്ങള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും ചില സംരക്ഷണങ്ങള്‍ ഉണ്ട്. അവരുടെ കച്ചവടം പൊളിക്കുന്ന രഹസ്യങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടില്ല. സോപ്പ് ഉണ്ടാക്കാന്‍ എന്തെല്ലാമാണ് ഉപയോഗിക്കുന്നത് എന്ന് വെളിപ്പെടുത്തിയാല്‍ സോപ്പുകച്ചവടം പൊട്ടും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഈ വകുപ്പാണ് ബാധകമാകേണ്ടത്. അവരുടെ കച്ചവടവും പൊളിച്ചുകൂടാ. കച്ചവടസ്ഥാപനങ്ങളുമായാണ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സാദൃശ്യമെന്ന് പറഞ്ഞാല്‍ പിണങ്ങരുത്. അവരുടെ രഹസ്യങ്ങള്‍ പുറത്തുകൊടുത്താല്‍, ജനാധിപത്യം പൊളിയില്ലായിരിക്കും പക്ഷേ, പാര്‍ട്ടികള്‍ പൊളിയും. അതുകൊണ്ട് ജനാധിപത്യം നിലനിര്‍ത്താന്‍ കമ്മീഷന്‍ ഉത്തരവ് തിരുത്തുകയാണ് നല്ലത്.

ജീവിക്കുമോ മരിക്കുമോ എന്നറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വിവരാവകാശനിയമം. നിയമം അസല്‍നിയമം തന്നെ. പക്ഷേ, അത് ഇവിടെ വേണ്ട-നോട്ട് ഇന്‍ മൈ ബാക്‌യാഡ് എന്ന് പറയാറില്ലേ, അതുതന്നെ. എനിക്ക് നിയമം ബാധകമാക്കരുത്. ബാക്കി നാട്ടിലെ കാക്കത്തൊള്ളായിരം സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണം. ബില്‍ ഒപ്പുവെച്ച രാഷ്ട്രപതിയുടെ ഓഫീസുതന്നെ ആദ്യമേ പറഞ്ഞു. രാഷ്ട്രപതിക്ക് ഇത് ബാധകമല്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസും പറഞ്ഞു ചീഫ് ജസ്റ്റിസിനും ബാധകമല്ല എന്ന്. പട്ടാളവും പോലീസും തുടക്കത്തിലേ ഇതിനെ എതിര്‍ത്തിട്ടുണ്ട്. ഇപ്പോഴിതാ തള്ളയും തന്തയും പരിതപിക്കുന്നു, ഇങ്ങനെയൊരു മുടിയനായ പുത്രനെ സൃഷ്ടിച്ചുപോയല്ലോ പടച്ചോനേ… ഇതിങ്ങനെ തിരിഞ്ഞുകടിക്കുന്ന സാധനമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇതിന് ജന്മം നല്‍കുമായിരുന്നില്ലല്ലോ. ഇനി ശ്വാസം മുട്ടിച്ചുകൊല്ലുകതന്നെ. വേറെ വഴിയില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Go Top