കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിക്ക് ദൈവവിധിയുണ്ടെന്ന് മാണിസാര്‍ ധരിച്ചാല്‍
കുറ്റപ്പെടുത്താനൊന്നും പറ്റില്ല. വിവാഹം പോലെ ഒരിക്കലും പിരിയാത്ത ബന്ധമല്ല മുന്നണിബന്ധം എന്ന് മാണിസ്സാര്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ
യു.ഡി.എഫില്‍ ചില മൂത്ത ഇലകള്‍ ഇളകുന്നതായോ കൊഴിഞ്ഞുവീഴാന്‍ പോകുന്നതായോ ഒക്കെയുള്ള അഭ്യൂഹങ്ങള്‍ കുറച്ചായി പ്രചാരത്തിലുണ്ട്. ഒരിലയും ഇളകില്ല എന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ഉറപ്പുപോരാ. ഇല ഇളകാത്ത അവസ്ഥ ഉണ്ടാവുക ഗ്രഹണം ഉണ്ടാകുമ്പോഴാണ്. വി.എസ്.അച്യുതാനന്ദനും കെ.എം.മാണിയും ഗ്രഹണതുല്യമായ അവസ്ഥയില്‍ നേര്‍രേഖയില്‍ വന്നതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും അത് മുന്നണി കാലാവസ്ഥയില്‍ ഇല ഇളകാത്ത അവസ്ഥ ഉണ്ടാക്കിയതായൊന്നും നിരീക്ഷകര്‍ സമ്മതിക്കുകയില്ല.
കാര്യം നേരേ ചൊവ്വെ പറയാമല്ലോ. മര്‍മസ്ഥാനത്ത് മുട്ടിയാല്‍ വീഴുംവിധം ദുര്‍ബലമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷനില എന്ന് എ.കെ.ബാലന്‍ പറയാതെ തന്നെ നമുക്കറിയാം. മുട്ടിനോക്കാത്തതെന്തേ എന്ന് ചോദിച്ചാല്‍ എയ് ഭൂരിപക്ഷം തട്ടിക്കൂട്ടി അധികാരം തട്ടാനൊന്നും നമ്മളില്ല എന്നാവും സി.പി.എമ്മിന്റെ മറുപടി. ഇല്ലയില്ല, അങ്ങനെയൊരു മഹാപാപമൊന്നും സി.പി.എമ്മിനോട് ചെയ്യാന്‍ ആരും ഉദ്ദേശിക്കുന്നില്ല. മുന്നണി തട്ടിക്കൂട്ടുക, അധികാരം തലയിലേറ്റുക തുടങ്ങിയ ബുദ്ധിമുട്ടുകളൊന്നും സി.പി.എം. ഏറ്റെടുക്കേണ്ട കാര്യമേയില്ല. അതെല്ലാം ക്വട്ടേഷന്‍ അടിസ്ഥാനത്തില്‍ ചെയ്യാന്‍ നിരവധിപേര്‍ തയ്യാര്‍. ഒന്നോ ഒന്നൊരയോ കക്ഷികളെ കാലുമാറ്റി മന്ത്രിസഭ വീഴ്ത്തുക, ബദല്‍ മന്ത്രിസഭ ഉണ്ടാക്കുക എന്നീ പണികള്‍ അവര്‍ നടത്തിക്കൊള്ളും. സി.പി.എം. പിന്താങ്ങുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, ഇല്ല, ഉണ്ടില്ല എന്നിങ്ങനെയുള്ള പോസില്‍ ആകാശം നിന്നാല്‍ മതി. മാസം തോറും നോക്കുകൂലി എത്തിക്കേണ്ടിടത്ത് എത്തിച്ചുകൊള്ളും.
അങ്ങനെയെല്ലാം ചെയ്‌തെന്നുകരുതുക. ആരെയാണ് മുഖ്യമന്ത്രിയാക്കുക ? സി.പി.എമ്മിന് തട്ടിക്കൂട്ടുമന്ത്രിസഭയെ നയിക്കാന്‍ പറ്റില്ല. ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല, പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ സദാചാരപോലീസ് അത് സമ്മതിക്കില്ല. പാര്‍ട്ടി പരിപാടി, രാഷ്ട്രീയസദാചാരം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ കേന്ദ്രനേതൃത്വത്തില്‍ നിലനില്‍ക്കുന്ന പാര്‍ട്ടിയാണത്. കാലുമാറുന്നവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് കാലുമാറണം. ശേഷം ബുദ്ധിയുദിക്കുന്നവര്‍ അടുത്ത വോട്ടെടുപ്പ്‌വരെ പുറത്ത് എന്നതാണ് പാര്‍ട്ടി ലൈന്‍. യു.ഡി.എഫിന് അത്തരം പിടിവാശികളൊന്നുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വേലി ചാടി വരാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റും കൊടുക്കാം. അതുവേറെ. ബദല്‍ മന്ത്രിസഭയ്ക്ക് മുഖ്യമന്ത്രിയെ സംഭാവന ചെയ്യാന്‍ സി.പി.എമ്മിന് പറ്റില്ല എന്ന് സാരം.
അതുകൊണ്ടൊന്നും ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല എന്ന് മനസ്സിലാക്കുക. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വഹിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ കരിങ്ങോഴക്കല്‍ മാണി മാണി ഇതാ സദാ സന്നദ്ധനായി നില്‍ക്കുന്നു. ആ നില്‍പ്പ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അനേക പതിറ്റാണ്ടുകളായി ക്ഷമാപൂര്‍വം വിനയപൂര്‍വം എന്നാല്‍, പ്രതീക്ഷാപൂര്‍വം നില്‍ക്കുന്നു. എല്ലാ നില്പുകള്‍ക്കും ഉണ്ട് പരിധി എന്നുമാത്രം എല്ലാവരും ഓര്‍ത്തിരിക്കുന്നത് നന്ന്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിക്ക് ദൈവവിധിയുണ്ടെന്ന് മാണിസാര്‍ ധരിച്ചാല്‍ കുറ്റപ്പെടുത്താനൊന്നും പറ്റില്ല. മാണിസാര്‍ 1965-ല്‍ ആദ്യമായി നിയമസഭയിലേക്ക് ജയിച്ചുകയറിവരുമ്പോള്‍ കോളേജില്‍ കെ.എസ്.യു. കളിക്കുകയായിരുന്നില്ലേ ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ? യു.ഡി.എഫ്.സീനിയോറിറ്റി ലിസ്റ്റില്‍ ആരാണ് ഒന്നാം നമ്പര്‍ ? കോണ്‍ഗ്രസ്സില്‍ തന്നെ നിന്നിരുന്നുവെങ്കില്‍ ഇന്ന് എ.കെ. ആന്റണി ഇരിക്കുന്നതിനും മേലെയൊരു കസേരയിലിരിക്കേണ്ട ആളല്ലേ മാണിസാര്‍ ?
മാണിസ്സാറിന്റെ പാര്‍ട്ടി ചെറുതാണെന്നത് വലിയൊരു കുറവായി കരുതേണ്ട. പാര്‍ട്ടിയേ ചെറുതുള്ളൂ. മാണിസ്സാര്‍ ചെറുതല്ല. അതികായനാണ്. ജനവരിയില്‍ എണ്‍പത് പിന്നിട്ടിരിക്കുന്നു. ഈയിടെയായി ആളുകള്‍ക്ക് എണ്‍പത് കഴിയുമ്പോഴാണ് യുവത്വം വരുന്നത് എന്ന് സംശയിക്കാവുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. നവയൗവനത്തിലാണ് സാര്‍. 38 കൊല്ലം മുമ്പ് മന്ത്രിപ്പണി ചെയ്തുതുടങ്ങിയതാണ്. ഗിന്നസ് ബുക്കില്‍ ചേര്‍ക്കേണ്ട റെക്കോഡുകള്‍ പലതുണ്ട് കൈവശം. ഏറ്റവും കൂടുതല്‍ ദിവസം ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ ഇരുമുന്നണികളിലുമായി മന്ത്രിയായിരുന്നിട്ടുള്ള വേറെ ആരുണ്ട് ഈ ഭൂമി മലയാളത്തില്‍. ഒമ്പതുനിയമസഭകളില്‍ എം.എല്‍.എ., അതില്‍ ആറില്‍ മന്ത്രി. 1965 മുതല്‍ ഒരേ മണ്ഡലം മുറുകെ പുല്‍കിയ ഏകവ്യക്തി. പതിനൊന്നുവട്ടം ബജറ്റ് അവതരിപ്പിച്ച് സംസ്ഥാനത്തെ വട്ടംകറക്കിയ സാമ്പത്തികവിദഗ്ധന്‍, കാറല്‍മാര്‍ക്‌സിന് ശേഷം ഏറ്റവും കേമന്‍ സിദ്ധാന്തമുണ്ടാക്കിയ അധ്വാനവര്‍ഗ അപ്പോസ്തലന്‍, ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ ഏത് മലയാളിസമാജക്കാര്‍ക്കും വാടക കൊടുത്ത് മീറ്റിങ് നടത്താവുന്ന ഹാളില്‍ സ്വീകരണം ഏറ്റുവാങ്ങിയ മഹാന്‍… അങ്ങനെയങ്ങനെ എന്തെല്ലാം…
ആയതിനാല്‍ ആരെങ്കിലും കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്. വലതുവേണം ഇടതുവേണം എന്നിങ്ങനെയുള്ള പിന്തിരിപ്പന്‍ പിടിവാശികളൊന്നുമില്ല മാണിസാറിന്. ചരിത്രത്തോടുള്ള കടമ നിര്‍വഹിക്കാന്‍ സാര്‍ തയ്യാര്‍. ഇനി രണ്ടുമുന്നണികളും ചേര്‍ന്ന് സര്‍വകക്ഷി മന്ത്രിസഭയുണ്ടാക്കി മുഖ്യമന്ത്രിയാക്കിയാല്‍പ്പോലും മാണിസ്സാര്‍ മുഷിയില്ല. യുദ്ധകാലത്തൊക്കെ അങ്ങനെ ചെയ്യാറുള്ളതായി കേട്ടിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി മാണിസ്സാര്‍ ഇടതുമുന്നണിയിലേക്ക് ഉടന്‍ എടുത്തുചാടിക്കളയും എന്ന തെറ്റിദ്ധാരണയൊന്നും ആര്‍ക്കും വേണ്ട. യു.ഡി.എഫിന് ആവശ്യമുള്ള സാവകാശം നല്‍കാം. കൊല്ലമെത്രയായി ക്ഷമിക്കുന്നു. ഇനി കുറച്ചുമാസം കൂടി ക്ഷമിക്കാവുന്നതേ ഉള്ളൂ. സി.പി.എമ്മിനെ പോലെയല്ല കോണ്‍ഗ്രസ് എന്ന് അദ്ദേഹത്തിന് നന്നായറിയാം. സി.പി.എം. ഇന്നുവരെ വേറൊരു പാര്‍ട്ടിക്കാര്‍ക്കും മുഖ്യമന്ത്രിസ്ഥാനം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് അങ്ങനെയല്ല. എത്രകാലമാണ് സി.പി.ഐ.യിലെ അച്യുതമേനോനെ മുഖ്യമന്ത്രിയായി അനുവദിച്ചുകൊടുത്തത്, സി.പി.ഐ.യിലെ പി.കെ.വി.യെയും മുഖ്യമന്ത്രിയാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. ഇനിയൊരു മാണിസ്സാറിനെക്കൂടി മുഖ്യമന്ത്രിയാകാന്‍ അനുവദിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സിനെന്ത് ദോഷമുണ്ടാകാനാണ് ? ഒന്നുമില്ലെങ്കിലും കേരളാ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ട കക്ഷിയല്ലേ ? കമ്യൂണിസ്റ്റായ അച്യുതമേനോനുള്ള പരിഗണനയെങ്കിലും നല്‍കേണ്ടേ മാണിസ്സാറിന് ?
വിവാഹം പോലെ ഒരിക്കലും പിരിയാത്ത ബന്ധമല്ല മുന്നണിബന്ധം എന്ന് മാണിസ്സാര്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കട്ടെ. മനസ്സിലാക്കേണ്ട കാലത്ത് മനസ്സിലാക്കട്ടെ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണ് മുതിര്‍ന്നവരുടെ മൊഴി. ആദ്യം കയ്ക്കും പിന്നെ മധുരിക്കും.