നെത്തോലിയല്ല, സ്രാവാണ് സാര്‍

ഇന്ദ്രൻ

 

ഗൗരവമേറിയ ഒരു താത്ത്വികപ്രശ്‌നം നമ്മുടെ പ്രധാന ദേശീയപാര്‍ട്ടികളില്‍ കലശലായ ഭിന്നിപ്പ് സൃഷ്ടിച്ചിരിക്കുന്നു. ചിലവ പിളര്‍ന്നാലും അദ്ഭുതപ്പെടേണ്ട. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചോ എന്നതാണ് താത്ത്വിക പ്രശ്‌നം. ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഒരു കാര്യമാണ് പി.ജെ.കുര്യന്‍ വലിയ പുള്ളിയാണ്. നെത്തോലി ചെറിയ മീനല്ല എന്ന് പറഞ്ഞതുപോലെ. വലിയ സ്രാവ് ആയതുകൊണ്ടുമാത്രമാണ് അദ്ദേഹം ഇപ്പോഴും രാജ്യസഭയുടെ ഉപാധ്യക്ഷപദവിയിലിരിക്കുന്നത്. അദ്ദേഹത്തെപ്പോലുള്ള പത്തുനാല്പത് പുള്ളികള്‍ , അവര്‍ ചെറിയ നെത്തോലികളായതുകൊണ്ട് മിക്കവാറും ജീവപര്യന്തംവരെ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

അതിനര്‍ഥം അദ്ദേഹം സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ഉറപ്പാണ് എന്നല്ല. അത് കുര്യനും കുര്യന്റെകൂടെ നടന്നവര്‍ക്കും പടച്ചതമ്പുരാനുമേ അറിയൂ. പെണ്‍കുട്ടിക്ക് അറിയില്ലേ എന്ന് ന്യായമായും ചോദിക്കാം. ബുദ്ധിമുട്ടാണ്. രാത്രി അടച്ച മുറിയില്‍ വന്നുംപോയും ഇരുന്ന നാല്പതുപേരെയും ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നുവെങ്കില്‍ അതൊരു അദ്ഭുതം തന്നെയാണ്. തെറ്റുപറ്റാം. ഇത്തരം സംഗതികളില്‍ ചിലര്‍ പ്രകടിപ്പിക്കുന്ന ഓര്‍മശക്തി കണ്ടാല്‍ സത്യമായും കാല്‍തൊട്ട് നമസ്‌കരിക്കാന്‍ തോന്നും. പതിനേഴ് കൊല്ലം മുമ്പ് കുമളി ഗസ്റ്റ്ഹൗസ് പരിസരത്ത് കുര്യനെ കണ്ടത് ഏത് മൂലയില്‍, കൃത്യം എത്രമണിക്ക്, എത്ര നേരം എന്നെല്ലാം ആളുകള്‍ പറയുന്നത് ചാനലുകളില്‍ കാണുന്നുണ്ട്. ഒരു പക്ഷേ, ഇവരെല്ലാം സദാസമയം ഡയറി കൊണ്ടുനടക്കുകയും ഓരോ മണിക്കൂറിലും കാണുന്ന ആളുകളുടെ പേരെഴുതിവെക്കുകയും ചെയ്യുന്നുണ്ടാവണം. പതിനേഴ് കൊല്ലം മുമ്പ് ഭാര്യ മൂത്ത മകനെ പ്രസവിച്ചത് ഉച്ചയ്ക്കാണോ രാത്രിയാണോ എന്ന് ചോദിച്ചാല്‍ ബ്ബ ബ്ബ ബ്ബ പറയും ഇവരധികവും.

അതവിടെ നില്‍ക്കട്ടെ, പീഡനം ആണല്ലോ വിഷയം. പി.ജെ.കുര്യന്‍ വലിയ സ്രാവായതുകൊണ്ടാണ് പത്രത്തിലെ ഫോട്ടോ കണ്ട് പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. സ്രാവായതുകൊണ്ടാണ് ജയിലിലാകാതെ ഇതുവരെ രക്ഷപ്പെട്ടതും. പെണ്‍കുട്ടിക്ക് തെറ്റുപറ്റിക്കൂടേ ? പറ്റാം പറ്റാം പറ്റാം. മറ്റ് പത്തുനാല്‍പതുപേരുടെ കാര്യത്തില്‍ പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ ശിക്ഷിക്കുന്നതിനുള്ള തെളിവായി. കുര്യന്റെ കാര്യത്തില്‍ അലിബികള്‍ അലമ്പുണ്ടാക്കി. പെണ്‍കുട്ടി പറഞ്ഞത് കുര്യന്റെ കാര്യത്തില്‍ മാത്രം പോലീസ് വിശ്വസിച്ചില്ല. പെണ്‍കുട്ടി പറഞ്ഞതല്ല, എന്‍.എസ്.എസ്സിന്റെ സുകുമാരന്‍ നായര്‍ പറഞ്ഞതാണ് ശരി എന്ന് പോലീസ് നിശ്ചയിച്ചു. കണ്ട നീ മിണ്ടാതിരി, കേട്ട ഞാന്‍ പറയട്ടെ എന്ന് പണ്ടാരോ തര്‍ക്കിച്ചതുപോലെ. ഇതാണ് നെത്തോലിയും സ്രാവും തമ്മിലുള്ള വ്യത്യാസം. മുള്ളുണ്ടെങ്കിലും നെത്തോലിയെ കടിച്ചുതിന്നാം. തെളിവിന്റെ വിദൂരമായ സൂചനയെങ്കിലുമുണ്ടെങ്കില്‍ സാധാരണക്കാരെ ബലാത്സംഗക്കേസില്‍ പ്രതിയാക്കാം. 100 ശതമാനം തെളിവുണ്ടായാല്‍പ്പോലും കേന്ദ്രമന്ത്രിയെ പ്രതിയാക്കിയാല്‍ വിവരമറിയും. പിന്നെയല്ലേ ഇരയുടെ മൊഴി മാത്രം കേട്ട് പ്രതിയാക്കാന്‍. അലിബി കിട്ടിയത് രക്ഷ.

ആര്‍ഷഭാരത സംസ്‌കാര ആദര്‍ശപാര്‍ട്ടി സ്വന്തം നേതാക്കള്‍ക്കെതിരെ ആക്ഷേപം വന്നപ്പോള്‍ പോലും ഇങ്ങനെ പ്രതിസന്ധിയില്‍ പെട്ടിട്ടില്ല. പാര്‍ട്ടി പ്രസിഡന്റായിരുന്ന ഗഡ്കരിക്കെതിരെ റെയ്ഡ് നടന്നേ ഉള്ളൂ. പ്രസിഡന്റായി രണ്ടാം വട്ടം പട്ടാഭിഷേകം നടത്തുമ്പോഴാണ് പിടിച്ചിറക്കി വേഷം അഴിച്ചെടുത്ത് വഴിയാധാരമാക്കിയത്. മുമ്പും ഒരു ദേശീയ പ്രസിഡന്റിനെ ഈവിധം തെരുവാധാരമാക്കിയിട്ടുണ്ട്. പാവം ബി.ലക്ഷ്മണന്‍, ചില്ലറയെന്തോ വാങ്ങിച്ചതിന് ഏതോ കാട്ടിലേക്കയച്ചിരിക്കുകയാണ്. ഇപ്പോഴിതാ, ലവലേശം രാഷ്ട്രീയപ്രേരണയില്ലാത്ത ശുദ്ധ മതേതര പാര്‍ട്ടിയാണ് ഭജപ എന്ന് തെളിയിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സുകാരനും ക്രിസ്തുമതക്കാരനുമായ കുര്യന് വേണ്ടിയാണ് ഹിന്ദുത്വപാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. കുര്യനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണ് എന്ന് പാര്‍ട്ടിക്കുറപ്പ്. രാഷ്ട്രീയപ്രേരണ കൊണ്ട് കുര്യനെ എതിര്‍ക്കുകയും ജാഥ നടത്തി തല്ലുവാങ്ങുകയും ചെയ്യുന്നവരില്‍ പാര്‍ട്ടിയുടെ കേരളഘടകക്കാരും പെടുന്നു. കുര്യനാരാണ് മോന്‍…. കോണ്‍ഗ്രസ്സില്‍ നല്ല വക്കീലന്മാരില്ലാഞ്ഞിട്ടാണോ ? ബി.ജെ.പി.യുടെ മുന്തിയ നേതാവിനെയാണ് കേസുകെട്ടേല്പിച്ചത്. ഇതിനാണ് ദീര്‍ഘവീക്ഷണം എന്ന് പറയുന്നത്. അതിന്റെ പേരിലാണ് ബി.ജെ.പി. കുര്യനെ അനുകൂലിക്കുന്നത് എന്നൊന്നും വാദിക്കുന്നില്ല. കോടതിയില്‍ വാദിക്കാനുള്ള ഫീസേ കുര്യന്‍ജി ജെയ്റ്റ്‌ലിക്ക് കൊടുത്തുകാണൂ. ബി.ജെ.പി.യെ വിലയ്ക്ക് വാങ്ങാനൊന്നും കുര്യന് ആവില്ലല്ലോ.

തരംകിട്ടിയാല്‍ ഏത് കോണ്‍ഗ്രസ്സുകാരനെയും കേസില്‍കുടുക്കി ജയിലിലാക്കാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സി.പി.എം. എന്നല്ലേ പൊതുധാരണ ? സി.പി.എം. അത്തരമൊരു പാര്‍ട്ടിയല്ല. നിയമവും വകുപ്പും നോക്കിയേ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയും കേസെടുക്കൂ. പാര്‍ട്ടി മെമ്പറും പ്രഗല്ഭ അഭിഭാഷകനുമായ ജി.ജനാര്‍ദനക്കുറുപ്പ് ‘എന്റെ ജീവിതം’എന്ന ആത്മകഥയില്‍ സൂര്യനെല്ലിക്കേസിന്റെ കഥ പറയുന്നുണ്ട്. പത്രപ്രവര്‍ത്തക ലീലാമേനോനൊപ്പം വന്നാണ് പെണ്‍കുട്ടിയുടെ കുടുംബം അവളുടെ അനുഭവം വിവരിച്ചത്. പലവട്ടം ചോദ്യം ചെയ്ത് അവള്‍ പറഞ്ഞത് സത്യമാണെന്നുറപ്പിച്ചാണ് അദ്ദേഹം കുര്യനെതിരെ കേസെടുക്കണമെന്ന നിലപാടെടുത്തത്. കുറുപ്പിന്റെ ഉറപ്പൊന്നും അന്ന് പാര്‍ട്ടിയിലും ഭരണത്തിലും വിലപ്പോയില്ല. കുര്യന്‍ കേസില്‍ പ്രതിയാകേണ്ട എന്ന് തീരുമാനിക്കപ്പെട്ടു. അതിനുപറ്റിയ അന്വേഷണറിപ്പോര്‍ട്ടും ഉണ്ടായിരുന്നു. പി.ശശിയും എം.കെ.ദാമോദരനും ഇ.കെ.നായനാരും പറഞ്ഞതൊന്നും ഇപ്പോള്‍ ബാധകമല്ല. ആര്‍ക്കും മൊഴിമാറ്റാം. കുര്യനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം.വനിതകള്‍ പോലീസിന്റെ അടി വാങ്ങുന്നുണ്ട്.
കുര്യനെ പ്രതിയാക്കാന്‍ പുതിയ തെളിവൊന്നും ആരും കൊണ്ടുവന്നിട്ടില്ല. പീഡനക്കേസ്സില്‍ ഇര പറയുന്നതാണ് അവസാനവാക്കെന്ന വ്യവസ്ഥ ചേര്‍ക്കാന്‍ പോകുകയാണ് കേന്ദ്രത്തിലെ സര്‍ക്കാര്‍ . രാജ്യസഭയില്‍ അത് ചര്‍ച്ച ചെയ്യുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ കുര്യനുതന്നെ അധ്യക്ഷത വഹിക്കാനായേക്കും. ഇര ചൂണ്ടിക്കാട്ടിയിട്ടും കേസില്‍ പ്രതിയാകാതിരുന്ന കുര്യന്‍ .
പടച്ചോനേ, എന്തെല്ലാം അദ്ഭുതങ്ങളാണ് സംഭവിക്കുന്നത് !

***

കോഴിക്കോട്ടെ ഐസ്‌ക്രീം കേസില്‍ എത്രയായിരുന്നു ഇരകള്‍ ? എണ്ണമറ്റത് എന്നേ നമുക്ക് പറയാനാവൂ. അവരേറെയും മൊഴി നല്‍കിയിട്ടും നമ്മുടെ വിനീതനായ ജനനേതാവ് കേസില്‍ പ്രതിയായില്ല. മൊഴി, മറുമൊഴി, മൊഴിമാറ്റം, തേന്‍മൊഴി തുടങ്ങിയ പല വിധ സംഗതികള്‍ ഒപ്പിച്ചെടുക്കുന്നതിനു വേണ്ടി ചെലവഴിച്ച പണത്തിന് അന്തവും കുന്തവുമില്ല. നല്ലൊരു മന്‍ശ്യനെ പീഡകനായി കിട്ടിയതുകൊണ്ട് കുറേ ഇരകള്‍ക്ക് ജീവിതം പച്ചപിടിപ്പിക്കാനായി. പണം കൊടുക്കാനും മൊഴിമാറ്റാനും സാക്ഷികളെ വാങ്ങാനും പോലീസിനെ പോക്കറ്റിലാക്കാനും ജഡ്ജിയെ സ്വാധീനിക്കാനും എല്ലാം കൂട്ടുനിന്ന ബന്ധു കാലുമാറി ശത്രുവായിട്ടും ഇപ്പോഴും കക്ഷിയെ കുടുക്കിലാക്കാനായിട്ടില്ലെന്നതാണ് കക്ഷിയുടെ പവറ്. പണം ഇമ്മിണി തിന്നിക്ക്ണ് പെണ്ണുങ്ങള്. പണം പോയാലെന്താ, പവറ് ബാക്കിയുണ്ടല്ലോ. അതുമതി.

മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സിനെ പോലെയല്ല. ഡീസെന്റ് പാര്‍ട്ടിയാണ്. ജനം പറഞ്ഞാലൊന്നും കേസെടുക്കാന്‍ പറ്റില്ലെന്നൊക്കെ ഇപ്പോള്‍ കുളൂസ് പറയുന്നുണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചുമ്മാ പറയുകയാ. ജനത്തിന്റെ ലൈന്‍ മാറുന്നുണ്ടെന്ന് തോന്നിയാല്‍ കൈവെടിയും കുര്യനെ. നമുക്ക് കുര്യനൊന്നുമല്ല കേട്ടോ വലുത്. കുര്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനൊന്നുമല്ലല്ലോ ജയിലില്‍ പോകേണ്ടിവരിക. തടി കേടാവും എന്ന് തോന്നിയാല്‍ കോണ്‍ഗ്രസ്സുകാര് അവരുടെ വഴിക്കുപോകും. നിയമം നിയമത്തിന്റെ വഴിക്കുപോകും എന്ന് കോണ്‍ഗ്രസ്സുകാര്‍ പറയാറുള്ളത് ഇതിനാണ്. കുറച്ചുചൂടൊക്കെ ഡല്‍ഹി നേതൃത്വവും സഹിക്കും. ചൂടുകൂടി ശരീരം പൊള്ളുമെന്ന് തോന്നിയാല്‍ ഉടനെ വഴിയില്‍ കളയും കോണ്‍ഗ്രസ്സുകാര്‍. പണ്ട് ഇന്ദിരാഗാന്ധിയെത്തന്നെ വഴിയില്‍ കളഞ്ഞ കൂട്ടരാണ്.
രേഖയും തെളിവും മൊഴിയുമൊന്നും മുസ്‌ലിം ലീഗിനെ ബാധിക്കില്ല. നേതാവ് ചെയ്തതെന്ത് എന്ന് അണികള്‍ക്കും നാട്ടുകാര്‍ക്കുമറിയാം. അതിനിപ്പോ എന്താ വേണ്ടത് എന്നൊരു ചോദ്യമേ പാര്‍ട്ടിക്കുള്ളൂ. ഇതൊക്കെ പണ്ടേ ഉള്ളതല്ലേ എന്ന് മനസ്സില്‍ ന്യായം പറഞ്ഞ് അവര്‍ ഉറച്ചുനില്‍ക്കുന്നു. ആകാശം ഇടിഞ്ഞുവീഴുമെന്ന് പറഞ്ഞാലും അവര്‍ നേതാവിനെ കൈയൊഴിയില്ല. ഇതിനാണ് പാര്‍ട്ടിക്കൂറ്, ആദര്‍ശം, സത്യസന്ധത, നന്ദി എന്നൊക്കെ പറയുന്നത്. കണ്ട് പഠിക്കട്ടെ മറ്റുപാര്‍ട്ടിക്കാരെല്ലാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top