അജാഗളസ്‌തനം

ഇന്ദ്രൻ

ഗവര്‍ണര്‍ പദവി കൊണ്ടുള്ള പ്രയോജനമെന്ത്‌ എന്ന്‌ ആ സ്ഥാനത്തിരുന്നവര്‍ക്കും കേന്ദ്രത്തിലെ ഭരണകക്ഷിയുടെ നേതാക്കള്‍ക്കുമല്ലാതെ ആര്‍ക്കും ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. മന്ത്രിസ്ഥാനം കിട്ടാതെ പോയവര്‍ക്ക്‌ നല്‌കുന്ന ഇടക്കാലാശ്വാസമോ മന്ത്രിയാകാനുള്ള ആരോഗ്യം നഷ്ടപ്പെട്ടവര്‍ക്കുള്ള അവശപെന്‍ഷനോ ആണതെന്ന ധാരണയാണ്‌ പൊതുവെ സമൂഹത്തിലുള്ളത്‌.

കേന്ദ്രഭരണക്കാരുടെ സംസ്ഥാനത്തെ കാര്യസ്ഥനാണ്‌ ഗവര്‍ണര്‍. കേന്ദ്രവും സംസ്ഥാനവും രു കക്ഷിയാണ്‌ ഭരിക്കുന്നതെങ്കില്‍ ഗവര്‍ണര്‍ക്ക്‌ അത്യാവശ്യമായ ആയുര്‍വേദ ചികിത്സകളിലും മറ്റുവിനോദങ്ങളിലും മുഴുവന്‍സമയം ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്‌. അതല്ലെങ്കില്‍ ചില്ലറ ബുദ്ധിമുട്ടുകളുണ്ട്‌. ഇന്‍ഫോര്‍മറുടെ പണിയാണ്‌ പ്രധാനമായി ചെയ്യേണ്ടിവരിക. മുഖ്യമന്ത്രിയോടോ ചീഫ്‌ സെക്രട്ടറിയോടോ വിളിച്ചുചോദിച്ചാല്‍ കേന്ദ്രന്‌ കുറെ വിവരമൊക്കെ കിട്ടും. ശരിയാണ്‌, പക്ഷേ, ക്രമസമാധാനം തകര്‍ന്നാല്‍ അവര്‍ മിണ്ടില്ല. അവരുടെ പിടിപ്പുകേടുകൊണ്ടാണല്ലോ അതുസംഭവിക്കുന്നത്‌. ഗവര്‍ണര്‍ വേണം ഉടനെ ആ വിവരം കേന്ദ്രത്തിലെ യശ്‌മാനെ അറിയിക്കാന്‍. സംസ്ഥാനം ഭരിക്കുന്ന നികൃഷ്ടനെ ഉടനെ തലയ്‌ക്കൊരു കിഴുക്ക്‌ കൊടുത്ത്‌ പിരിച്ചുവിടാം. അതിന്‌ ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ വേണമെന്ന്‌ നിര്‍ബന്ധമൊന്നുമല്ല. റിപ്പോര്‍ട്ടുണ്ടെങ്കില്‍ ധൈര്യമായി പിരിച്ചുവിടാം. അതില്ലെങ്കിലും പിരിച്ചുവിടാം. ഇവിടെ ക്രമസമാധാനത്തിന്‌ ഒരു കുഴപ്പവുമില്ല, മന്ത്രിസഭയെ പിരിച്ചുവിടേണ്ട എന്ന്‌ ഇക്കാലം വരെ ഒരു ഗവര്‍ണറും വാശിപിടിച്ചതായി ചരിത്രമില്ല. കാരണം ഗവര്‍ണറെ സംസ്ഥാനസര്‍ക്കാറല്ല കേന്ദ്രനാണ്‌ നിയമിക്കുന്നതും ചെല്ലും ചെലവും നല്‍കുന്നതും. കേന്ദ്രനാണ്‌ അടുത്ത ടേംകൂടി സൗജന്യവെപ്പുംകുടിയും വിമാനയാത്രയും രാജകീയജീവിതവും തരാക്കിത്തരേണ്ടത്‌. ഗവര്‍ണര്‍ക്ക്‌ സൗകര്യവുമാകും.

ഇന്‍ഫോര്‍മര്‍ എന്നത്‌ അത്ര മാന്യമായ പണിയായല്ല കണക്കാക്കപ്പെടുന്നത്‌. ഇന്‍ഫോര്‍മര്‍ എന്നതിന്‌ ചാരന്‍ എന്ന്‌ പര്യായവുമുണ്ട്‌. പക്ഷേ ഗവര്‍ണറെ കേന്ദ്രത്തിന്റെ ചാരനെന്നൊക്കെ വിശേഷിപ്പിക്കുന്നത്‌ രാജ്യദ്രോഹവും ഭരണഘടനാവിരുദ്ധവുമൊക്കെയായിപ്പോകും. പൊല്ലാപ്പിനൊന്നും വയ്യ. അതുകൊണ്ട്‌ നമുക്ക്‌ ആ പണിയെ ഭരണഘടനാപരമായ ചുമതലാനിര്‍വഹണം എന്നുവിളിക്കാം. സംസ്ഥാനവും കേന്ദ്രവും വിരുദ്ധകക്ഷികളുടെ കൈയിലാണെങ്കിലേ ആ പണിയും ചെയ്യേണ്ടതുള്ളൂ. അല്ലെങ്കില്‍ സ്വസ്ഥം കൃഷി ഗൃഹഭരണം. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ അല്‌പമൊന്നു സൂക്ഷിക്കണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണെങ്കില്‍ എന്തുചെയ്യണമെന്ന്‌ കേന്ദ്രത്തില്‍ നിന്ന്‌ നിര്‍ദ്ദേശം വരും. അതുപോലെ ചെയ്‌താല്‍ മതി. വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലോ ? പ്യൂണിനറിയാം ആരെയാണ്‌ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടതെന്ന്‌. എല്ലാം മുറ പോലെ നടന്നുകൊള്ളും.

ഗവര്‍ണറുടെ തസ്‌തികയേ ആവശ്യമില്ല എന്നും മറ്റും ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ്‌ സഖാക്കള്‍ അഭിപ്രായപ്പെട്ടതായി പറഞ്ഞുകേള്‍ക്കുന്നുണ്ട്‌. ലാവ്‌ലിന്‍ കേസ്സില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെ പോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയെന്നു കേട്ടപ്പോഴുള്ള ക്രോധത്തില്‍ പറഞ്ഞുപോയതാകണം. സഖാക്കള്‍ ക്ഷമിക്കിന്‍. നിവൃത്തികേട്‌ കൊണ്ടാവും ഗവര്‍ണര്‍ അങ്ങനെ ചെയ്‌തത്‌. കേന്ദ്രത്തിലെ ഭരണം പ്രകാശ്‌ കാരാട്ടിന്റെ “ദാര്യത്തില്‍ മായാവതിയോ ജയലളിതയോ കര്‍ണാടകത്തിലെ ഗൗഡദേവരോ ആണ്‌ നിര്‍വഹിക്കുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ ? ഇപ്പോള്‍ ചെയ്‌തതുപോലുള്ള കടുംകൈ ഗവര്‍ണര്‍ ചെയ്യുമായിരുന്നില്ല. അപ്പോള്‍ കോണ്‍ഗ്രസ്സുകാരും യു.ഡി.എഫുകാരുമായിരുന്നു ഗവര്‍ണറുടെ ചോരയ്‌ക്ക്‌ വേണ്ടി പല്ലും നഖവും നീട്ടിയിട്ടുണ്ടാവുക.

വിവേചനാധികാരമുള്ള ഉദ്യോഗങ്ങളാണ്‌ അഡ്വക്കറ്റ്‌ ജനറലിന്റേതുപോലെ ഗവര്‍ണറുടെയും. എ.കെ.ജി സെന്ററില്‍ നിന്നുവിളിച്ചുപറഞ്ഞതനുസരിച്ചാണ്‌ അഡ്വക്കറ്റ്‌ ജനറല്‍ പിണറായിക്ക്‌ അനുകൂലമായി മന്ത്രിസഭയ്‌ക്ക്‌ ഉപദേശം നല്‍കിയതെന്നും കേന്ദ്രത്തില്‍ നിന്ന്‌ മന്‍മോഹന്‍സിങ്ങോ മറ്റോ ആവശ്യപ്പെട്ടിട്ടാണ്‌ ഗവര്‍ണര്‍ പിണറായിക്കെതിരായ തീരുമാനമെടുത്തതെന്നുമൊക്കെ ചില വിവരദോഷികള്‍ പ്രചരിപ്പിക്കുന്നുണ്ട്‌. എ.ജി.യെ പാര്‍ട്ടി നേതാക്കള്‍ ഫോണ്‍ ചെയ്‌തിരുന്നുവെന്ന്‌ തെളിയിക്കാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്തിയ സി.ബി.ഐ.ക്കാരുടെ ബുദ്ധി അപാരമാണ്‌. ഫോണ്‍ ചെയ്‌ത്‌ നിര്‍ബന്ധിച്ചാലേ എ.ജി. ഇങ്ങനെയൊരു ഉപദേശം നല്‍കൂ എന്നുധരിച്ചവരുടെ തലയ്‌ക്ക്‌്‌ വെളിവുകുറവാകണം. ഗവര്‍ണറെപ്പറ്റിയും എ.ജി.യെപ്പറ്റിയും എന്തുകുറ്റം പറഞ്ഞാലും ക്ഷമിക്കാം. അവര്‍ സാമാന്യബുദ്ധിപോലും ഇല്ലാത്ത ആളുകളാണെന്നുമാത്രം പറഞ്ഞേക്കരുത്‌. ഇത്തരം സന്നിഗ്‌ദഘട്ടങ്ങളില്‍ എന്തുചെയ്യണമെന്നറിയാത്ത കോഞ്ഞാണന്മാരെയാണോ എ.ജി.യും ഗവര്‍ണറുമൊക്കെയായി നിയമിക്കുന്നത്‌ ? ഗവര്‍ണര്‍ക്ക്‌ വിവേചനാധികാരം ഉണ്ടെന്നൊക്കെ പറയുന്നതിന്റെ മലയാളം ഇതുതന്നെയാണ്‌. യജമാനനെയും ശത്രുവിനെയും തിരിച്ചറിയല്‍തന്നെയാണ്‌ ഏറ്റവും വലിയ വിവേചനബുദ്ധി.

മുഖ്യമന്ത്രിക്ക്‌ മുകളിലൊരു എക്‌സിക്യൂട്ടീവ്‌ ഹെഡ്ഡിന്റെ ആവശ്യമൊന്നുമില്ല. മന്ത്രിസഭയെ സത്യപ്രതിജ്ഞക്ക്‌ വിളിക്കാനും സത്യവാചകം ചൊല്ലിക്കൊടുക്കാനും രാഷ്‌ട്രപതി ആരെയെങ്കിലും നിയോഗിച്ചാല്‍ മതിയാകും. റിട്ട. ജഡ്‌ജിമാര്‍ ധാരാളമുണ്ടല്ലോ. അതിന്‌ ഗമ പോരെന്നുണ്ടെങ്കില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനെ ഏല്‌പ്പിച്ചാല്‍ മതി. ബഹു.ജഡ്‌ജിക്ക്‌ മാസമൊരു മണിക്കൂര്‍ ചെയ്യേണ്ട പണിയേ ഗവര്‍ണറുടെ എല്ലാ ചുമതലകളും കൂടിയാല്‍ ഉണ്ടാകൂ. വലിയ കാശും ലാഭം. എന്നുവെച്ച്‌ ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളില്‍ താല്‌ക്കാലിക വിരോധത്തിന്റെ പേരില്‍ നമ്മള്‍ ചെന്നുവീഴുന്നത്‌ ആലോചിച്ചുമതി. ഇന്ന്‌ ഞാന്‍ നാളെ നീ എന്ന മഹാതത്ത്വം മറന്നേക്കരുത്‌. എല്ലാ കാലത്തും എ.ജി. നമ്മുടേതും ഗവര്‍ണര്‍ അവരുടേതും ആവുകയില്ല. എന്നെങ്കിലും നമ്മുടെ മാവും പൂക്കാതിരിക്കുമോ ?

*****

ജനാധിപത്യം നേരാംവണ്ണം നടക്കണമെങ്കില്‍ ഗവര്‍ണര്‍ പദവി ആടിന്റെ കഴുത്തില്‍ തൂങ്ങുന്ന മറ്റേസാധനം പോലെയായിരിക്കണമെന്നാണ്‌ ചില നിയമപണ്ഡിതന്മാര്‍ വാദിക്കുന്നത്‌. ഗവര്‍ണര്‍ എന്തുചെയ്യണമെന്ന്‌ സംസ്ഥാനമന്ത്രിസഭ പറയും. സംസ്ഥാനമന്ത്രിസഭ എന്തുപറയണമെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ പറയും. അഡ്വക്കറ്റ്‌ ജനറല്‍ എന്തുപറയണമെന്ന്‌ പാര്‍ട്ടി സെക്രട്ടറി പറയും. എന്തൊരു മാതൃകാ ജനാധിപത്യം !

ഈ രാജ്യത്തെ ഏത്‌ മഹാന്റെ പേരിലും പോലീസിന്‌ കേസ്സെടുക്കാം. റോഡരുകില്‍ മൂത്രമൊഴിച്ചുവെന്നതുമുതല്‍ റോഡരുകില്‍ ബോംബ്‌ വെച്ചുവെന്നുവരെയുള്ള എന്തുകേസ്സും ചാര്‍ജ്‌‌ ചെയ്യാം. അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയാല്‍ ജയിലിലടക്കും. അതെത്രകാലവും തുടരാം. അങ്ങനെ അഞ്ചും പത്തും കൊല്ലം ജയിലില്‍ ജയിലില്‍ കിടന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്‌. ഭരണകൂടത്തിന്റെ കൊടുംക്രൂരതയ്‌ക്ക്‌ വിധേയരായവര്‍ക്ക്‌ അഞ്ചുപൈസ നഷ്ടപരിഹാരം കൊടുക്കാന്‍ പോലും ഈ നാട്ടില്‍ വ്യവസ്ഥയില്ല.

പക്ഷേ അത്തരം ആപ്പ ഊപ്പയൊന്നുമല്ല ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും. അവര്‍ക്കെതിരെ അഴിമതിക്കേസ്‌ എടുക്കാന്‍തന്നെ സര്‍ക്കാറിന്റെ മൂന്‍കൂട്ടിയുള്ള അനുവാദം വേണം. സി.ബി.ഐ.യെപ്പോലൊരു സ്ഥാപനം കേസ്‌ അന്വേഷിച്ച്‌ കുറ്റക്കാരാണെന്ന്‌ കണ്ടാല്‍ കേസ്സെടുക്കാമോ? പറ്റില്ല. ഗവണ്മെന്റിന്റെ അനുമതി വേണം, ഗവര്‍ണറുടെ അനുമതി വേണം. ഗവര്‍ണര്‍ മന്ത്രിസഭയ്‌ക്ക്‌ വഴങ്ങണം. മന്ത്രിസഭ പാര്‍ട്ടിക്ക്‌ വഴങ്ങണം. ആര്‍ക്കെതിരെയാണോ കേസ്‌ എടുക്കേണ്ടത്‌ ആ ആള്‍തന്നെ തീരുമാനിക്കുന്നു തനിക്കെതിരെ കേസ്‌ എടുക്കാന്‍ അനുമതി നല്‍കണമോ വേണ്ടയോ എന്ന്‌. ഇതാണ്‌ മഹത്തായ ജനാധിപത്യമെന്ന്‌ വി.ആര്‍.കൃഷ്‌ണയ്യറല്ല, ബി.ആര്‍. അംബേദ്‌ക്കര്‍ പറഞ്ഞാലും അംഗീകരിക്കാന്‍ അധികംപേരെ കിട്ടിയെന്നുവരില്ല.

ഒരേ കക്ഷിതന്നെ തുടര്‍ന്നും ഭരിക്കുന്ന അവസ്ഥയുണ്ടായാല്‍ മന്ത്രിമാര്‍ക്കോ അവര്‍ കല്‌പ്പിച്ചതനുസരിച്ച്‌ ക്രമക്കേട്‌ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കോ എതിരെകേസ്സുമെടുക്കാനാവില്ല. അന്വേഷണമേല്‍പ്പിച്ചത്‌ കോടതിയാണെങ്കില്‍പ്പോലും പാര്‍ട്ടിനേതൃത്വം വഴങ്ങില്ല. രാജ്യത്തെ മറ്റെല്ലാ കേസ്സിലും വിധി പറയുന്നത്‌ കോടതിയാണ്‌, ഇവിടെ വിധി പറയുന്നത്‌ പാര്‍ട്ടിയാണ്‌. നേതാവ്‌ ജയിലില്‍ പോകുന്നത്‌ തടയാനല്ല, കോടതിയില്‍പോകന്നത്‌ തടയാനാണ്‌ ഈ പ്രക്ഷോഭമെല്ലാം എന്നോര്‍ക്കണം.
******
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും സാമ്രാജ്യത്വവാദികളുടെ മൂടുതാങ്ങികള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. മുഖ്യമന്ത്രി മൂന്നുപോയന്റുകളാണ്‌ പറഞ്ഞത്‌. ഗവര്‍ണറുടെ നിലപാടില്‍ അത്ഭുതപ്പെടേണ്ടതില്ല. പല സംസ്ഥാനഗവര്‍ണര്‍മാരും ഇങ്ങനെ ചെയ്‌തിട്ടുണ്ട്‌. വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ടെന്ന്‌ സുപ്രീംകോടതി സമ്മതിച്ചിട്ടുമുണ്ട്‌. ഈ മൂന്നുസംഗതികളില്‍ ആര്‍ക്കാണ്‌ അഭിപ്രായവ്യത്യാസമുള്ളത്‌ ?

പാര്‍ട്ടിപത്രം പക്ഷേ ഇതിനെ ഇങ്ങനെയല്ല കാണുന്നത്‌. ഗവര്‍ണറെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി എന്നാണ്‌ വാര്‍ത്തയുടെ തലവാചകം തന്നെ. അതുതീര്‍ച്ചയായും പാര്‍ട്ടിയച്ചടക്കത്തിന്റെ ലംഘനംതന്നെ. പക്ഷേ, മന്ത്രിമാര്‍ പറയുന്നത്‌ അവരാരും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രിയുമായി അഭിപ്രായവ്യത്യാസമൊന്നുമില്ല എന്നുമാണ്‌. മുഖ്യമന്ത്രി ഗവര്‍ണറെയും മന്ത്രിമാര്‍ മുഖ്യമന്ത്രിയെയും ന്യായീകരിക്കുന്നെങ്കില്‍ അതിനര്‍ഥം മന്ത്രിമാരും ഗവര്‍ണറെ ന്യായീകരിക്കുന്നു എന്നുതന്നെ. രണ്ടും കൂടി ഒരേ സമയം പറ്റല്ലല്ലോ. എന്തായാലും കക്ഷത്ത്‌ വെച്ചത്‌ വീഴാതെ കൈയുയര്‍ത്തി ഉത്തരത്തിലുള്ളതെടുക്കുന്ന വിദ്യ ഇതുവരെ കണ്ടുപിടിച്ചതായറിയില്ല. എല്‍.ഡി.എഫ്‌ മന്ത്രിമാര്‍ക്ക്‌ അതുപറ്റുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Go Top