നീ സുരേഷ്‌ഗോപി കളിക്കേണ്ട എന്നാണ് ബഹുമാനപ്പെട്ട ഒരു ജനപ്രതിനിധി പോലീസ് സ്റ്റേഷനില്‍ ഇടിച്ചുകയറിച്ചെന്ന് ഉദ്യോഗസ്ഥനോട് കല്പിച്ചത്. എന്തൊരു അര്‍ഥവത്തായ ആജ്ഞ….. ജനനന്മയ്ക്ക് വേണ്ടി സത്യത്തിന്റെ പക്ഷത്തുനിന്ന് രാഷ്ട്രീയപ്രഭുക്കള്‍ക്കെതിരെയും പൊരുതുന്ന പരമവിഡ്ഢിയായ ഉദ്യോഗസ്ഥരാണ് സുരേഷ്‌ഗോപിയുടെ പല കഥാപാത്രങ്ങളുമെന്ന് ഏത് എം.പി.ക്കും അറിയാം. അതിവിടെ വേണ്ട എന്നാണ് മഹാത്മാഗാന്ധിയുടെ പാര്‍ട്ടിയുടെ എം.പി. പറഞ്ഞത്. എസ്.ഐ. ജനപ്രതിനിധിയെ ഷിറ്റ് എന്ന് വിളിച്ചതായി പത്രങ്ങളിലൊന്നും കണ്ടില്ല.
മണല്‍ കൊണ്ടുപോകുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി ലോക്കപ്പിലാക്കി എന്നതാണ് സംഭവം. സംഗതി മോശമായിപ്പോയി. മണല്‍കൊണ്ടുപോകുന്ന ആള്‍ എന്ന് ബോധപൂര്‍വം എഴുതിയതാണ്. ഇപ്പോള്‍ ആരും അങ്ങനെ എഴുതാറില്ല. മണല്‍കടത്തുകാരന്‍, മണല്‍മാഫിയ എന്നൊക്കെ വേണം എഴുതാന്‍. വീടിന് രണ്ടാംനില പണിയാന്‍ ഏതാനും ലോഡ് മണലിന് അഡ്വാന്‍സ് കൊടുത്ത് ഇരിക്കുകയാണ് ഈയുള്ളവന്‍. അതിനിടയില്‍ മണല്‍ മാഫിയ എന്നും മറ്റും എഴുതി വീടുപണി കുളമാക്കാന്‍ വയ്യ. അല്ലെങ്കില്‍ത്തന്നെ സാമൂഹികപ്രാധാന്യമുള്ള ഒരു ഉപജീവനമല്ലേ മണല്‍ കടത്ത്? തോണിയില്‍ പോയി മീന്‍പിടിക്കുന്നതുപോലെയേ ഉള്ളൂ തോണിയില്‍പോയി മണല്‍ കോരുന്നതും. മീന്‍പിടിത്തമാണ് ഹിംസാത്മകം, മണല്‍കോരല്‍ തീര്‍ത്തും അഹിംസാത്മകമാണ്. മണലിന് വെള്ളത്തില്‍ കിടന്നാലെന്ത്, സിമന്റുമായി ഒട്ടിച്ചേര്‍ന്ന് കോണ്‍ക്രീറ്റില്‍ കിടന്നാലെന്ത്?
പോകട്ടെ, എം.പി.യുടെ സുരേഷ്‌ഗോപി വിരുദ്ധ പ്രകടനത്തിലേക്ക് മടങ്ങാം. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഓരോ ദിവസവും രാപ്പകല്‍ ആരെയെല്ലാം പോലീസ് ലോക്കപ്പിലാക്കുന്നു. ക്വട്ടേഷന്‍ സംഘം വന്ന് ഒരാളെ പിടിച്ചുകൊണ്ടുപോയെന്നുകേട്ടാല്‍ എം.പി. കാറെടുത്ത് പായുന്നതില്‍ തെറ്റില്ല. എത്രയും വേഗം ടിയാനെ മോചിപ്പിച്ചില്ലെങ്കില്‍ ജീവനെടുത്തെന്ന് വരാം. പോലീസ് പിടിച്ചാല്‍ അത്രയും സാഹസം വേണ്ടതില്ല. തിരുവഞ്ചൂരിന്റെ പോലീസ്, നമ്മുടെ സ്വന്തം പോലീസ്. എന്നിട്ടും എം.പി. രോഷാകുലനായി വിറകൊണ്ടു. നമ്മള്‍ ഭരിക്കുമ്പോള്‍ നമ്മുടെ സ്വന്തം മണല്‍കടത്തുകാരനെ പോലീസ് പിടികൂടുകയോ? കേസ് മണല്‍ കടത്തായാലും ശരി, സ്ത്രീപീഡനമായാലും ശരി, തനി മോഷണമായാലും ശരി ഭരണകക്ഷിക്കാരനെ പിടിക്കാന്‍ പാടില്ല എന്നതാണ് ശാശ്വത തത്ത്വം.
വല്ല വിവരമില്ലാത്ത ഡൂപ്ലിക്കേറ്റ് സുരേഷ് ഗോപിമാരും ഭരണകക്ഷിക്കാരനെ പിടിച്ചെന്നിരിക്കട്ടെ. അതിന് വ്യവസ്ഥാപിതമായ പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്. മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി. സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ ആളുകളെ വെച്ചിരിക്കുന്നത് രസീതടിച്ച് പണം പിരിക്കാന്‍ മാത്രമല്ല. വല്ല കോണ്‍ഗ്രസ്സുകാരനെയോ എന്നെങ്കിലും കോണ്‍ഗ്രസ്സിന് വോട്ടുചെയ്യാനിടയുള്ള ആരെയെങ്കിലുമോ പോലീസ് പിടിച്ചാല്‍ സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞ് ഉടന്‍ വിടുവിക്കലാണ് ഇവരുടെ പ്രഥമ ചുമതല. വെറും വിളികൊണ്ട് പ്രയോജനമില്ലെങ്കില്‍ ഡി.സി.സി. പ്രസിഡന്റിനെക്കൊണ്ടോ ജില്ലയിലെ ആഭ്യന്തരമന്ത്രിയെക്കൊണ്ടോ വിളിപ്പിക്കണം. വഴങ്ങുന്നില്ലെങ്കില്‍ ചില്ലറ സ്ഥലംമാറ്റ-വിജിലന്‍സ് ഭീഷണികള്‍ പ്രയോഗിക്കണം. ഒരുവിധപ്പെട്ട സുരേഷ്‌ഗോപിമാരെല്ലാം വഴിക്കുവരും.
ഇവിടെ എം.പി. പ്രോട്ടോക്കോള്‍ നോക്കാതെ പോലീസ് സ്റ്റേഷനിലേക്ക് കുതിച്ച് പഴയ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ഭാവപ്രകടനങ്ങളോടെ എസ്.ഐ.യെ വിരട്ടുകയാണ് ചെയ്തത്. പാര്‍ലമെന്റില്‍ പോയി കാര്യംപറയാന്‍ ജനം തിരഞ്ഞെടുക്കുന്ന ആളാണ് എം.പി. എന്നാണ് സങ്കല്പം. സ്റ്റേഷനില്‍ പോയി കാര്യംപറയാന്‍ എം.പി. വേണ്ട. പക്ഷേ, പോലീസ് സ്റ്റേഷനിലെ അഭിനയത്തിനാണ് കൈയടി കിട്ടുക. മറ്റു ജില്ലകളിലെ പോലെയല്ല, കണ്ണൂരില്‍ കൈയടി കുറച്ചുകേമമാണ്. പരമ്പരാഗത ജനസേവന രാഷ്ട്രീയത്തിന് വലിയ മാര്‍ക്കറ്റില്ല. ഡിവൈ.എസ്.പി.യെ ടി.വി.യില്‍ ലൈവ് ആയി ചീത്തവിളിക്കുന്ന നാടാണ്. ഇത് അത്രത്തോളം പോയില്ല. എന്തായാലും, ലോക്‌സഭയില്‍ നല്ല രണ്ടുവാക്ക് പറഞ്ഞുവെന്ന ആക്ഷേപം ബഹുമാനപ്പെട്ട ജനപ്രതിനിധിയെക്കുറിച്ച് ആര്‍ക്കുമില്ല.
കോടിയേരിയുടെ പോലീസും തിരുവഞ്ചൂരിന്റെ പോലീസും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ബഹു. എം.പി. യുടെ അഭിപ്രായം. അത്രയൊന്നും പ്രശംസ തിരുവഞ്ചൂര്‍ പ്രതീക്ഷിച്ചതല്ല. ആഭ്യന്തരവകുപ്പ് ഏറ്റെടുത്തിട്ട് അധികം നാളായിട്ടില്ല. അതുകൊണ്ട് ചെറിയ ഒരു സുരേഷ്‌ഗോപിത്തരം തിരുവഞ്ചൂരിനും കാണും. ക്രമസമാധാനപാലനം പോലീസിന്റെ ചുമതലയാണ് എന്ന തെറ്റിദ്ധാരണയിലാവും മന്ത്രി. പഴഞ്ചന്‍ കാഴ്ചപ്പാടുകള്‍ മാറാത്തതിന്റെ കുഴപ്പമാണ്. ആഭ്യന്തരവകുപ്പ് കൈവശമുള്ള പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ് ക്രമസമാധാനപാലനം. ഏത് കേസില്‍ ആരെ പിടിക്കണം, എവിടെ ലാത്തിച്ചാര്‍ജ് നടത്തണം, ആരെ പിടികൂടി തല്ലി എല്ലൊടിക്കണം എന്നെല്ലാം നിര്‍ദേശം നല്‍കാന്‍ പ്രാദേശിക ആഭ്യന്തരമന്ത്രിമാരെ നിയോഗിക്കേണ്ടതുണ്ട്. സ്വന്തം ഗ്രൂപ്പില്‍പ്പെട്ട വിശ്വസ്തനെയാണ് ആ പണിക്ക് നിയോഗിക്കേണ്ടത്.
കോടിയേരിക്ക് ആ പ്രശ്‌നമുണ്ടായിരുന്നില്ല. പാര്‍ട്ടിക്ക് അതിനെല്ലാം സ്ഥിരം സംവിധാനമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജില്ലതോറും ഡി ഫാക്‌റ്റോ ആഭ്യന്തരമന്ത്രിമാരെ നിയോഗിച്ചുകാണില്ല. അതിന്റെ കുഴപ്പമാവണം കണ്ണൂരിലുണ്ടായത്. ക്രമേണ പഠിച്ചാല്‍ മതി.
സി.പി.എം. കാര്‍ നടപ്പാക്കിയതിനെക്കാള്‍ വലിയ അധികാര വികേന്ദ്രീകരണമാണിത്. ഇത് ഒരു ഘട്ടം കൂടി കഴിഞ്ഞാല്‍ പണ്ട് മാര്‍ക്‌സ് ആചാര്യന്‍ പറഞ്ഞതുപോലെ സ്റ്റേറ്റ്തന്നെ കൊഴിഞ്ഞുവീഴും. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി. വരെയുള്ള തസ്തികകളില്‍ ആഭ്യന്തരവകുപ്പ് ചാര്‍ത്തിക്കിട്ടിയ പാര്‍ട്ടിയുടെ തടിയും വണ്ണവും വിഷമുള്ള നാക്കും ഉള്ള പ്രവര്‍ത്തകരെ നിയോഗിക്കും. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേ ഇപ്പോള്‍ പാര്‍ട്ടിക്കാരെ ശമ്പളവും പെന്‍ഷനും കൊടുത്ത് നിയമിക്കുന്നുള്ളൂ. പോലീസില്‍ അത് പാടില്ലെന്ന് ഭരണഘടനയിലില്ല. അത് നടപ്പായാല്‍ പിന്നെ ഐ.പി.സി.യും ക്രിമിനല്‍ കോഡുമൊന്നും ആവശ്യമില്ല. കോടതിയുടെ തന്നെ ആവശ്യമില്ല. ശിക്ഷയും പാര്‍ട്ടിപ്പോലീസിന് വിധിക്കാവുന്നതേയുള്ളൂ.
* * *
കോണ്‍ഗ്രസ്സുകാരെ അങ്ങനെയൊരുരംഗത്തും ജയിക്കാന്‍ അനുവദിച്ചുകൂടാ. കണ്ണൂര്‍ എം.പി.യുടെ അസാധാരണ പ്രകടനത്തിന്റെ പിറ്റേന്നുതന്നെ കൊല്ലത്തെ ഇടത് എം.എല്‍.എ. പൊതുവേദിയില്‍ ജില്ലാകളക്ടറെ കണക്കറ്റ് അധിക്ഷേപിച്ചു. അസഭ്യവര്‍ഷം എന്നാണ് പത്രങ്ങള്‍ എം.എല്‍.എ.യുടെ ഡയലോഗിനെ വിശേഷിപ്പിച്ചത്.
പൊതുവേദിയിലാണെങ്കിലും അല്ലെങ്കിലും എം.എല്‍.എ.യ്ക്ക് കളക്ടറെ ധൈര്യമായി പുലഭ്യം പറയാം. സ്റ്റേഷനില്‍ച്ചെന്ന് എസ്.ഐ.യെ പുലഭ്യം പറഞ്ഞാല്‍ വരുന്നതുവരട്ടെ എന്നും വെച്ച് കൈനീട്ടി തിരിച്ചൊന്നു തന്നെന്നിരിക്കും. കലക്ടറെ അസഭ്യം പറയുന്നതിന് ഒട്ടും ഭയപ്പെടേണ്ടതില്ല. ഒരക്ഷരം ഒരു കളക്ടറും തിരിച്ചുപറയില്ല. കളക്ടറോട് പറഞ്ഞതിന്റെ പാതി അസഭ്യം ഏതെങ്കിലും മന്ത്രിയോട് പറഞ്ഞാല്‍ വിവരമറിയും. ആ എം.എല്‍.എ.യുടെ നിലവാരമുള്ള മന്ത്രിമാര്‍ നാട്ടില്‍ സുലഭമാണ്. കളക്ടറുടെ ഓഫീസിലെ പ്യൂണിനെ പുലഭ്യം പറഞ്ഞാല്‍ യൂണിയന്‍കാരെങ്കിലും ഉണ്ടാകും ചോദിക്കാന്‍. കളക്ടര്‍ക്ക് വേണ്ടി ചോദിക്കാന്‍ ആരും ഉണ്ടാവില്ല. കളക്ടറോട് പറഞ്ഞതിന്റെ പത്തിലൊന്ന് കലക്ടര്‍ പഞ്ചായത്ത് അംഗത്തോട് പറഞ്ഞാല്‍ ഐ.എ.എസ്. പദവി അതോടെ തീരും.
ജനപ്രതിനിധികള്‍ ദൈവങ്ങളാണ്. അവരെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. ജനാധിപത്യം ഒരു ഭരണരീതിയല്ല അതൊരു സംസ്‌കാരമാണ് എന്ന് ഏത് വിവരദോഷിയാണ് പറഞ്ഞത്?
* * *
നൂറുകോടി രൂപയില്‍ നോട്ടമിട്ടാണ് രാഷ്ട്രീയക്കാര്‍ മലയാളത്തിന് ശ്രേഷ്ടപദവി കിട്ടാന്‍ ഇരന്നുനടക്കുന്നതെന്ന് ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ പറയുന്നു. അതിനായി രാഷ്ട്രപതിയെക്കൊണ്ട് കള്ളം പറയിച്ചു എന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ട്. നൂറുകോടി കിട്ടാന്‍ ആളെക്കൊല്ലാന്‍ തന്നെ മടിക്കാത്തവരാണ് ഏറെ. വെറുതെ കള്ളം പറഞ്ഞാല്‍ നൂറുകോടി കിട്ടുമെങ്കില്‍ ഒന്നല്ല നൂറുകള്ളം പറയാം. എന്താണ് എം.ജി.എസ്. സാറിന് അതില്‍ ഇത്ര വിരോധമെന്ന് മനസ്സിലാകുന്നില്ല.
19-ാം നൂറ്റാണ്ടിനപ്പുറം ചരിത്രമില്ലാത്ത ഭാഷയ്ക്ക് 2000 വര്‍ഷം പ്രായമുണ്ടെന്ന കള്ളമാണ് രാഷ്ട്രപതിയെക്കൊണ്ട് നമ്മുടെ ഭരണക്കാര്‍ പറയിച്ചത്. അത് തെളിയിച്ചാണ് ശ്രേഷ്ടപദവി ഉണ്ടാക്കാന്‍ നോക്കുന്നത്. നോക്കണേ എത്ര നിര്‍ദോഷമായ കള്ളം. എല്ലാ ദിവസവും പ്രായത്തെക്കുറിച്ച് കള്ളം പറയുന്ന മനുഷ്യരുണ്ട്. പറയുന്നവര്‍ക്കും ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ക്കും സുഖം തോന്നിക്കുന്ന ഒരു കള്ളമാണത്. അവര്‍ വയസ്സ് കുറച്ചു പറയുന്നു, ഇവിടെ മലയാളത്തിന്റെ വയസ്സ് കൂട്ടിപ്പറയുന്നു എന്ന വ്യത്യാസമേയുള്ളൂ എന്നോര്‍ക്കണം. പത്തൊമ്പതാം നൂറ്റാണ്ടിനപ്പുറം മലയാളമില്ലായിരുന്നു എന്നത് സത്യമല്ല. അന്നത്തെ മലയാളത്തിന് തമിഴ് എന്നായിരുന്നു പേരെന്നത് മാത്രമാണ് പ്രശ്‌നം. വേറെ പ്രശ്‌നമില്ല.