കൊന്നവരും കൊല്ലിച്ചവരും

ഇന്ദ്രൻ

കൊന്നവരെ പിടിച്ചു, കൊല്ലിച്ചവരെയാണ് ഇനി കണ്ടെത്താനുള്ളത് എന്ന് മാസംമുമ്പ് പോലീസ് മേധാവി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ മനസ്സിലായിരുന്നു പോലീസിന്റെ പോക്ക് അത്ര ശരിയല്ലെന്ന്. കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങള്‍ ലംഘിക്കുന്നത് രാഷ്ട്രീയപ്രേരിതമായ ഉദ്ദേശ്യങ്ങളോടെയാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നുംവേണ്ട. വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ചോറുണ്ടുജീവിക്കുന്ന ആര്‍ക്കുമത് മനസ്സിലാകും. കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയക്കൊലയല്ല ഒഞ്ചിയത്തേത്. കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞദശകത്തില്‍ തന്നെ അത് അറുപതിലേറെ വരും. ഇതില്‍ ഏതിലെങ്കിലും കൊല്ലിച്ചവരെ പിടികൂടിയിട്ടുണ്ടോ നിങ്ങള്‍ ദുഷ്ടപ്പോലീസേ? ആചാര്യനായ കെ. കരുണാകരന്റെ പോലീസിനുണ്ടായിട്ടില്ലാത്ത ധൈര്യം ശിശുവായ തിരുവഞ്ചൂരിന്റെ പോലീസിന് ഉണ്ട് എന്ന് സമ്മതിച്ചുതന്നാല്‍ തീര്‍ന്നുകഥ.

കൊല്ലിച്ചവരെ പിടിക്കുക എന്നത് അരാഷ്ട്രീയ കൊലക്കേസുകളില്‍ സംഭവിച്ചേക്കും. ബാങ്ക് വായ്പ കിട്ടാത്തതിന് ആരെങ്കിലും ആത്മഹത്യചെയ്താല്‍ ബാങ്ക് മാനേജരെ പിടിച്ച് ജയിലിലിടുന്ന പോലീസ് ലോകത്തുതന്നെ കേരളത്തിലേ കാണൂ. രാഷ്ട്രീയക്കേസില്‍ അത് അപകട മേഖലയിലേക്കുള്ള അതിക്രമിച്ചുകയറലാണ്. കൊന്നവരെ പിടിച്ചാല്‍ത്തന്നെ തല പോകാം. പിന്നെയല്ലേ കൊല്ലിച്ചവരെ പിടിക്കുന്നത്. കൊല്ലിച്ചവര്‍ നാട്ടിലെ യോഗ്യന്മാര്‍ മുതല്‍ ഭരിക്കുന്ന മേധാവികള്‍ വരെ ആരും ആവാം. ഇന്നലെ ആഭ്യന്തരമന്ത്രിയായ ആളും കാണും, നാളെ ആഭ്യന്തര മന്ത്രിയാകാന്‍ ഇടയുള്ള ആളും പെട്ടേക്കും. എന്തിന് വയ്യാവേലി വലിച്ചുകാലിലിടുന്നു?

ഇലയ്ക്കും മുള്ളിനും കേടുവരാത്ത ഒരു കൊലക്കേസ് അന്വേഷണ സമ്പ്രദായമാണ് കണ്ണൂരില്‍ കാലങ്ങളായി നില നില്ക്കുന്നത്. കൊല നടത്തേണ്ടവര്‍ക്ക് കൊല നടത്താം. കൊന്നവരെ പിടിക്കണമെന്നില്ല. തെളിവും തൊണ്ടിയും സാക്ഷികളെയും അന്വേഷിച്ച് പോലീസ് പരക്കം പായേണ്ട. സംശയമുള്ളവരെ പിടികൂടി ശാസ്ത്രീയമായി പീഡിപ്പിച്ച് ജീവച്ഛവമാക്കേണ്ട. കൊല്ലിച്ചവര്‍ തന്നെ കൊന്നവരുടെ പേര് പറയുകയാണെങ്കില്‍ അതില്‍പ്പരം വിശ്വാസ്യതയുള്ള കുറ്റാന്വേഷണ സമ്പ്രദായം സ്‌കോട്‌ലന്‍ഡ്‌യാര്‍ഡില്‍ പോലും കാണില്ല. ആര്‍ക്കുമില്ല പരാതി. കണ്ണൂരിലെ സുധാകരന്‍ കോണ്‍ഗ്രസ്സുകാരും ഈ സമ്പ്രദായമാണ് സ്വീകരിച്ചിരുന്നതെന്നാണ് മുന്‍കോണ്‍ഗ്രസ്സുകാരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൊന്നവര്‍ തന്നെയാവും ജയിലിലായത് എന്ന് ധരിച്ച് കൊല്ലപ്പെട്ടവന്റെ പാര്‍ട്ടി ഹാപ്പി, കൊന്നവന്‍ ഹാപ്പി, പോലീസ് ഹാപ്പി, കൊല്ലിച്ചവനും ഹാപ്പി, വീട്ടില്‍ ഇഷ്ടംപോലെ കാശെത്തുന്നതുകൊണ്ട് കൊലക്കേസില്‍ അകത്തായവനും ഹാപ്പി. മാര്‍ക്‌സിയന്‍ പാര്‍ട്ടിയും ഗാന്ധിയന്‍ പാര്‍ട്ടിയും ആര്‍ഷഭാരത സംസ്‌കാരപ്പാര്‍ട്ടിയും ഹാപ്പി. ഇത്രയും സുന്ദരമായ വ്യവസ്ഥ തകിടം മറിക്കുകയാണ് ‘കേരളം കണ്ട ഏറ്റവും കുടിലബുദ്ധിയായ മുഖ്യമന്ത്രി’ ഉമ്മന്‍ചാണ്ടിയും ശിഷ്യന്‍ തിരുവഞ്ചൂരും ചെയ്യുന്നത്.

കൊല ചെയ്യപ്പെട്ടവന് കൊലയാളിയുടെ പേര് പറയാന്‍ പറ്റാത്തത് ഒരു വിധത്തില്‍ നോക്കുമ്പോള്‍ ആശ്വാസമാണ്. മരണത്തോട് അടുത്തെത്തിനില്‍ക്കുന്നവര്‍ പറയുന്നതുപോലും വിശ്വസിക്കാന്‍ പറ്റില്ല. കൊല്ലാന്‍ വന്നവരുടെയല്ല, കൊല്ലാന്‍ പറഞ്ഞയച്ചവരുടെ പേരാവും ചിലപ്പോള്‍ അവര്‍ ആദ്യം പറയുക. എതിര്‍കക്ഷിയുടെ സംസ്ഥാന സെക്രട്ടറിയുടെ പേരാണ് പറയുന്നതെങ്കിലോ? പിന്നെ അതുമായി കെട്ടിവലിയേണ്ടേ? സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടക്കില്ലേ? അതുകൊണ്ടാണ് സാറേ കണ്ണൂര്‍ സ്റ്റൈലിലെ കൊല ഒറ്റവെട്ടിലും രണ്ടുവെട്ടിലുമൊന്നും ഒതുക്കിനിര്‍ത്താത്തത്. 25 വെട്ട്, അമ്പത് വെട്ട്, എഴുപത്തഞ്ച് വെട്ട് എന്നിങ്ങനെ 25-ന്റെ പെരുക്കങ്ങളായാണ് വെട്ടുക. ഉദ്ദേശ്യം മരണം ഉറപ്പുവരുത്തുക എന്നതുമാത്രം.

ജീവനുള്ള മനുഷ്യരെ 52 വെട്ടുവെട്ടി എന്നും മറ്റും വിലപിച്ച് കവിതയെഴുതുന്നത് കൊള്ളാം. രാഷ്ട്രീയ പ്രേരിതമായ കവിതയാണ് ഇതെല്ലാം. ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സാഹിത്യം. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത് ? ഒറ്റവെട്ടിന് ആള്‍ മരിക്കും. ഒഞ്ചിയം പ്രസംഗങ്ങളില്‍ പറയുന്നതുപോലെ തല തെറിച്ചിരിക്കും പൂങ്കുല പോലെ. പിന്നെ വെട്ടുന്നതൊക്കെ മൃതദേഹത്തിലാണ്. മൃതദേഹം നമ്മള്‍ ദഹിപ്പിക്കാറില്ലേ ? അത് ക്രൂരതയായിപ്പോയി എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതിനപ്പുറം പോയി തത്ത്വചിന്താപരമായി ഒന്നാലോചിച്ചാല്‍ എന്താണ് ഈ കൊലയിലൊക്കെ ഇത്ര വികാരം കൊള്ളാനും പ്രതിഷേധിക്കാനുമുള്ളത്? നാലായിരം മനുഷ്യര്‍ വര്‍ഷംതോറും റോഡില്‍ കൊല്ലപ്പെടുന്ന നാടല്ലേ ഇത്. മോട്ടോര്‍ സൈക്കിളില്‍ പോകുന്ന ആളെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊല്ലുന്നു. കൊന്നില്ലായിരുന്നെങ്കില്‍ ഇതേ ആള്‍ അടുത്ത ജങ്ഷനില്‍ ബസ്സിടിച്ച് മരിക്കില്ല എന്നതിന് എന്താണ് ഉറപ്പ്? അതുംപോകട്ടെ, എന്നെങ്കിലും മരിക്കാത്ത ആരുണ്ട് ഈ ഭൂഗോളത്തില്‍? കൊലയാളി വിചാരിച്ചാല്‍ മരണം നേരത്തേയാക്കാനേ കഴിയൂ. അതിനെ ക്രൂരം, പൈശാചികം എന്നൊന്നും വിശേഷിപ്പിക്കേണ്ട കാര്യമില്ല. വേണമെങ്കില്‍ ദൗര്‍ഭാഗ്യകരം എന്നുപറയാം. കൊല്ലിച്ചു എന്നാരോപിച്ച് മാന്യന്മാരായ നേതാക്കളെ മുന്നറിയിപ്പ് നല്‍കാതെ അറസ്റ്റ് ചെയ്യുന്നതിനെയാണ് കാടത്തം, ക്രൂരം, പൈശാചികം, മൃഗീയം എന്നെല്ലാം വിശേഷിപ്പിക്കേണ്ടത്.

നിയമാനുസൃതമായ എന്ത് അന്വേഷണത്തിനും വഴങ്ങുന്ന പാര്‍ട്ടിയുടെ നേതാവിനെയാണ് തിരുവഞ്ചൂര്‍ പോലീസ് കാടത്തംനിറഞ്ഞ രീതിയില്‍ കോഴിക്കോട്ട് വഴിയില്‍ തടഞ്ഞ് അറസ്റ്റ് ചെയ്തത്. പോലീസ് ഒന്ന് ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ മോഹനന്‍ സ്റ്റേഷനില്‍ ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാവുമായിരുന്നു. കണ്ണൂരില്‍ പി. ജയരാജന്‍ എത്ര മാന്യമായാണ് അത് ചെയ്തത്. ആദ്യത്തെ നോട്ടീസിന് കുറച്ചുദിവസം കഴിഞ്ഞാണെങ്കിലും ഹാജരായില്ലേ? മുട്ടുവേദനയില്ലായിരുന്നെങ്കില്‍ ഒരു മാസം കഴിഞ്ഞെങ്കിലും രണ്ടാമത്തെ ചോദ്യം ചെയ്യലിന് ഹാജരാവുമായിരുന്നു. ചാനലില്‍ പ്രസംഗിക്കുന്നതിന് ഈ ആള്‍ക്ക് മുട്ടുവേദന തടസ്സമല്ലേ എന്നാരോ പത്രത്തില്‍ എഴുതിക്കണ്ടു. തടസ്സമല്ല. ചാനലിലും യോഗത്തിലും നാവില്‍ വരുന്നത് പറയാം. പോലീസിനോട് സംസാരിക്കുമ്പോള്‍ ബുദ്ധിപൂര്‍വമായി മറുപടി പറയാന്‍ മുട്ടുവേദന തടസ്സമാകും. ആയുര്‍വേദമാണ്, കര്‍ക്കടകത്തിലേ ചികിത്സ നടക്കൂ. അത് കഴിഞ്ഞ് വരാതിരിക്കില്ല. ഈ രീതിയില്‍ കേസന്വേഷണവുമായി സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കേ മോഹനനെ അറസ്റ്റ് ചെയ്തത് കാടത്തംനിറഞ്ഞ രീതിയിലാണ് എന്ന് എളമരം കരീം പറഞ്ഞത് തെറ്റല്ല.

കൊലക്കേസിലെ പ്രതിയെ പിടിച്ചതിന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് കേരള ചരിത്രത്തില്‍ ആദ്യസംഭവം ആണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ്സുകാര്‍ രംഗത്തുവന്നത് കാണാതിരുന്നുകൂടാ. കൊലയ്‌ക്കെതിരെ സംസ്ഥാന ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത കക്ഷിയല്ലേ, എങ്ങനെ പറയാതിരിക്കും. കൊലയ്‌ക്കെതിരെയല്ല, പണ്ട് പനിക്കെതിരെയും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കെ. സുധാകരനാണ് ക്വട്ടേഷന്‍ ഗുണ്ടകളെ അയച്ച് ഇ.പി. ജയരാജനെ കൊല്ലാന്‍ ശ്രമിച്ചതെന്ന വെളിപ്പെടുത്തല്‍ സി.പി.എം. ഭരണകാലത്ത് നടത്തിയിരുന്നെങ്കില്‍ ഇതുപോലൊരു അറസ്റ്റിനും ഹര്‍ത്താലിനും സാധ്യതയുണ്ടായിരുന്നു. അത് നടന്നില്ല. സി.പി.എമ്മിന് ഇതില്‍ പുതുമയൊന്നുമില്ല. കോഴിക്കോട്ട് മുമ്പൊരിക്കല്‍ രാത്രി ആരോ പാര്‍ട്ടി ഓഫീസിന്റെ പറമ്പില്‍ കടന്ന് ജനലിലൂടെ എത്തിനോക്കിയതിന് ജില്ലാ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട് നമ്മുടെ പാര്‍ട്ടി. തീര്‍ച്ചയായും അതിനേക്കാള്‍ ഗൗരവമുള്ള സംഭവം തന്നെ ഇത്.

ആകപ്പാടെ ഒരു അനൗചിത്യമേ കാണുന്നുള്ളൂ. കോഴിക്കോട്ടെ ജില്ലാ നേതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രം ഹര്‍ത്താലിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ പോരായിരുന്നു. പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ സഖാവ് കുഞ്ഞനന്തനെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് പാനൂര്‍ ഏരിയയില്‍ ഹര്‍ത്താല്‍ നടത്തിയില്ല? കണ്ണൂര്‍ ജില്ലാസെക്രട്ടേറിയറ്റ് അംഗമായ ഒരു കാരായിയെ അറസ്റ്റുചെയ്തത്, ആര്‍.എസ്.എസ്സുകാര്‍ ചെയ്തത് എന്ന് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്ന ഫസല്‍ വധക്കേസിലാണ്. എന്നിട്ടും പാര്‍ട്ടി കണ്ണൂരില്‍ ജില്ലാ ഹര്‍ത്താല്‍ നടത്തിയില്ല. പല ഏരിയയിലെ വേറെ കാരായിമാരെയും അറസ്റ്റ് ചെയ്തിരുന്നു.ഒരു ഹര്‍ത്താലും നടന്നില്ല. ഘട്ടംഘട്ടമായുള്ള അറസ്റ്റിന്റെ താളത്തില്‍ നമുക്ക് ഹര്‍ത്താലും ഘട്ടംഘട്ടമായി നടത്താമായിരുന്നു. വിവിധ ഏരിയകളില്‍, പിന്നെ ജില്ലയില്‍, പിന്നെ സംസ്ഥാനത്തിലും.

ജനങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. പ്രതിപക്ഷത്തെ ഏറ്റവും പ്രമുഖ പാര്‍ട്ടി ജില്ലാതലത്തില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനൊപ്പം നില്‍ക്കാന്‍ പ്രതിപക്ഷത്തെ മറ്റൊരു പാര്‍ട്ടിയെയും കണ്ടില്ല. ചെറിയ പാര്‍ട്ടികളായതുകൊണ്ട് നമ്മുടെ കണ്ണില്‍ പെടാത്തതാണോ എന്നറിയില്ല. ഒരു മുന്നണിയിലെ ഒരു കക്ഷി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മറ്റൊരു പാര്‍ട്ടിയും പങ്കെടുക്കുന്നില്ലെങ്കില്‍ ഇതും കുലംകുത്തുക എന്ന ക്രിയയുടെ നിര്‍വചനത്തില്‍ പെടുന്ന പ്രവൃത്തി തന്നെയാണ്. പ്രതിപക്ഷമുന്നണി എന്ന വിശേഷണത്തിനുള്ള അര്‍ഹത തന്നെ ഇവര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഒരു മുന്തിയ പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതിയുടെ പക്ഷത്ത് നില്‍ക്കാത്തവരെ പ്രതിപക്ഷം എന്നുവിളിക്കാമോ ?

Leave a Reply

Your email address will not be published. Required fields are marked *

Go Top