ചാരക്കേസ് കുമ്പസാരമൊഴി

ഇന്ദ്രൻ

ചെറിയാന്‍ ഫിലിപ്പ് പഴയ ചാരക്കേസില്‍ പുതിയ മാപ്പുസാക്ഷിയാണ്. മൊഴിനല്‍കിക്കഴിഞ്ഞു. മാപ്പുസാക്ഷിയുടെ മൊഴി വെറും മൊഴിയല്ല, കുമ്പസാരമാണ്. ചാരക്കേസ് വിവാദം കെ. കരുണാകരനെ താഴെയിറക്കാന്‍വേണ്ടി ഉപയോഗപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ താനും പങ്കാളിയായിരുന്നു എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ കുമ്പസാരമൊഴി. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്ക് വന്ന ഒരു കെ.പി.സി.സി. ഭാരവാഹിയുടെ വാടക വീട്ടിലായിരുന്നു ഗൂഢാലോചന. വേറെ ആരൊക്കെ ഉണ്ടായിരുന്നുവെന്നോ? വ്യക്തമല്ല. എന്തായാലും എക്കാലത്തെയും എ ഗ്രൂപ്പ് രണ്ടാമന്‍ ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നു. കരുണാകരനാണ് ഗൂഢാലോചനയുടെ ഇരയെങ്കില്‍ എ.കെ.ആന്റണിയാണ് അതിന്റെ ഗുണഭോക്താവ്. ആന്റണി വാടകവീട്ടിലെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയായിരുന്നെന്ന് ചെറിയാന്‍ ഫിലിപ്പ് പറയുന്നില്ല. ആന്റണി നേരിട്ട് പങ്കെടുക്കേണ്ട കാര്യമില്ല. ചെറിയാന്‍ ഫിലിപ്പ് പങ്കെടുത്താല്‍ ആന്റണി പങ്കെടുത്തതുപോലെയാണ്. ഇരുമെയ്യാണെങ്കിലും ഒറ്റയായിരുന്നു.

വാടകവീട്ടിലെ ഗൂഢാലോചനയിലൂടെയല്ല ചാരക്കേസ് ജനിച്ചത്. ചാരക്കേസ് എങ്ങനെയോ ഉണ്ടായി. അത് വേറെ ഗൂഢാലോചനയാണ്. ചാരക്കേസില്‍ കെ. കരുണാകരന്‍ പ്രതിയല്ല. വിവാദത്തിലാണ് പ്രതി. രാജന്‍കേസും അങ്ങനെത്തന്നെയായിരുന്നു. അതിലും കരുണാകരന്‍ പ്രതിയല്ല. രണ്ടിലും ശിക്ഷ കരുണാകരനായിരുന്നു എന്നത് സത്യം. അതെന്തുകൊണ്ടെന്ന് പടച്ചോനോട് ചോദിക്കണം. രാജന്‍കേസിലും കരുണാകരന്‍ ഇറങ്ങിയപ്പോള്‍ കേറിയത് എ.കെ.ആന്റണിയാണ്. ശുദ്ധനാസ്തികന് ദൈവം തുണ. അന്ന് വാടകവീട്ടില്‍ ഗൂഢാലോചനയൊന്നും വേണ്ടിവന്നില്ല. അതിനുമുമ്പുതന്നെ കരുണാകരന്‍ രാജികൊടുത്തു. ശേഷം ഹിസ്റ്ററി.

കേസ് പലതുമുണ്ടാകും. കേസ് എങ്ങനെ വിവാദമാക്കി മാറ്റാം എന്നതിലാണ് രാഷ്ട്രീയവൈദഗ്ധ്യം വേണ്ടത്. ചാരക്കേസ് കുമ്പസാരമൊഴിയില്‍ ചെറിയാന്‍ ഇങ്ങനെ പറയുന്നു”ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും തൊങ്ങലുംവെച്ച് കരുണാകരനെതിരെ കഥകള്‍ പ്രചരിപ്പിച്ചത് ”. കാര്യത്തിന്റെ കിടപ്പ് മനസ്സിലായല്ലോ. പൊടിപ്പും തൊങ്ങലുമാണ് മാധ്യമപ്രവര്‍ത്തകരുടെ സംഭാവന. വിവാദം ചെറിയാന്‍ ഫിലിപ്പിന്റെ വകയായിരുന്നു. അതിനെക്കുറിച്ചായിരുന്നു ഗൂഢാലോചന. അതിന് ഉമ്മന്‍ചാണ്ടിയും ആന്റണിയുമൊന്നും പോര. ചെറിയാന്‍ ഫിലിപ്പ് തന്നെവേണം.

പത്രക്കാര്‍ മനസ്സില്‍കാണുന്നത് മരത്തില്‍ കാണുന്ന ആളാണ് ചെറിയാന്‍. ഓരോരോ പത്രത്തിനും അതിന്റെ സ്വഭാവത്തിനൊത്ത് വ്യത്യസ്തലീഡും ഇന്‍ട്രോയും ഹെഡ്ഡിങ്ങുംസഹിതം വാര്‍ത്ത ഉണ്ടാക്കിക്കൊടുക്കാന്‍ ചെറിയാന്‍ മിടുക്കനാണ്. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കുംവേണ്ടി പ്രസ്താവനയും പ്രമേയവും എഴുതി പത്തുമുപ്പതുകൊല്ലം വേസ്റ്റാക്കാതെ വല്ല ബൂര്‍ഷ്വാപത്രത്തിലും കേറിയിരുന്നെങ്കില്‍ മുഖ്യപത്രാധിപരായി ആജീവനാന്തം ഗൂഢാലോചന നടത്താന്‍ പറ്റുമായിരുന്നു. സമഗ്രസംഭാവനയ്ക്കുള്ള ഡസന്‍കണക്കിന് മാധ്യമഅവാര്‍ഡുകള്‍ വെക്കാന്‍ അലമാര നാലെണ്ണം പണിയേണ്ടിയും വരുമായിരുന്നു. ഈ അറുപതാം വയസ്സില്‍ ഇനി അതൊന്നും ഓര്‍ത്തിട്ട് കാര്യമില്ല.

ചെറിയാന്‍ ഫിലിപ്പിന്റെ കുമ്പസാരത്തെക്കുറിച്ച് എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊന്നും ക മ എന്ന് മിണ്ടിയിട്ടില്ല. വാടകവീട്ടില്‍ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് വലിയ ഓര്‍മയൊന്നും അവര്‍ക്കുണ്ടാകാന്‍ തരമില്ല. കരുണാകരനെതിരെ എത്രഗൂഢാലോചനകള്‍ എവിടെയെല്ലാംവെച്ച് നടത്തിയിരിക്കുന്നു. വാടകവീട്ടിലാണോ ഗസ്റ്റ്ഹൗസിലാണോ എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിലാണോ കോണ്‍ഗ്രസ് ഓഫീസിലാണോ സ്റ്റാര്‍ഹോട്ടലിലാണോ എന്നെല്ലാം എങ്ങനെ ഓര്‍ക്കാനാണ്. ബാറില്‍ ഇരുന്ന് ഗൂഢാലോചന നടത്തി എന്നാരെങ്കിലും ആരോപിച്ചാലേ അവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കുകപോലും ചെയ്യാതെ ഠപ്പേന്ന് നിഷേധിക്കാന്‍ പറ്റൂ. ചെറിയാന്‍ഉമ്മന്‍എ.കെ. ഗൂഢാലോചന നടക്കാന്‍ ഒട്ടും ഇടയില്ലാത്ത ഏകസ്ഥലം അതായിരിക്കും. വേറെ ചില കോണ്‍ഗ്രസ്സുകാര്‍ അവിടെയേ അത് നടത്താറുള്ളൂ എന്നത് വേറെക്കാര്യം. ചെറിയാന്‍ ഫിലിപ്പിന് ഒരു ഗുണമുണ്ട്. ഏത് ഗൂഢാലോചനയില്‍ ആരെല്ലാം പങ്കെടുത്തു, എന്തെല്ലാം അഭിപ്രായം പറഞ്ഞു, എന്ത് തീരുമാനമാണ് ഉണ്ടായത് എന്നെല്ലാം അദ്ദേഹത്തിന് കൃത്യമായി അറിയാം. ഗൂഢാലോചനകളുടെ മിനുട്‌സ് സൂക്ഷിക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. ഗൂഢാലോചനയ്ക്ക് മിനുട്‌സോ എന്ന് ചോദിക്കരുത്. മിക്കദിവസത്തെയും പ്രധാന അജന്‍ഡ കരുണാകരവിരുദ്ധ ഗൂഢാലോചനയായിരുന്നു. ഇതിന്റെയെല്ലാം തീരുമാനങ്ങള്‍ എങ്ങനെ ഓര്‍മിക്കാനാണ്? ഉമ്മന്‍ചാണ്ടിക്കൊക്കെ ഗൂഢാലോചന നടത്തി ചായയുംകുടിച്ച് പോയാല്‍ മതി. ചെറിയാന് അതുപോര. കോണ്‍ഗ്രസ് ഗൂഢാലോചനകളുടെ വിനീത ചരിത്രകാരനാണ് അദ്ദേഹം. 1984ല്‍ കേരള രാഷ്ട്രീയത്തിന്റെ കാല്‍നൂറ്റാണ്ട് ചരിത്രം എഴുതിയതുമുതലുള്ള ഒരസുഖമാണ് അത്. ഭാവി ചരിത്രരചനയ്ക്കായി അദ്ദേഹം എല്ലാം കുറിച്ചുവെക്കും.

കുമ്പസാരത്തിന് സഹായകമായ ഒരു പരിഷ്‌കാരം ഈയിടെയായി നടപ്പായതായി പത്രവാര്‍ത്ത ഉണ്ടായിരുന്നു. പള്ളികളിലെ കുമ്പസാരമുറി എയര്‍കണ്ടീഷന്‍ചെയ്ത് തുടങ്ങിയിട്ടുണ്ടത്രെ. അത് കാലത്തിന് യോജിച്ച പരിഷ്‌കാരമാണ്. മുമ്പൊക്കെ ഒരു മിനിറ്റോ മറ്റോ പറഞ്ഞാല്‍ തീരുന്ന പാപങ്ങളാണ് മനുഷ്യര്‍ ചെയ്യാറുള്ളത്. ഇപ്പോള്‍ മണിക്കൂറുകള്‍ പറഞ്ഞാല്‍ തീരില്ല. വിയര്‍ത്ത് നാശമാകും. ചെറിയാന്‍ ഫിലിപ്പിന് പക്ഷേ, ആ പ്രശ്‌നമില്ല. അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കുമ്പസാരക്കൂട് പണ്ടേ എയര്‍കണ്ടീഷന്‍ ചെയ്തതാണ്. അദ്ദേഹത്തിന്റെ ‘കാല്‍നൂറ്റാണ്ട്’ ചരിത്രത്തിന്റെ 1995 പതിപ്പില്‍ പറഞ്ഞത് കേട്ടാലും ” കൊട്ടാരസദൃശമായ ഓഫീസുകളാണ് (കേരളത്തില്‍) മിക്ക പാര്‍ട്ടികള്‍ക്കുമുള്ളത്. ഒരുകോടി രൂപ വിലമതിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എ.കെ.ജി.മന്ദിരം ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസാണ്…” ഇതിലും മെച്ചപ്പെട്ട വേറെ കുമ്പസാരക്കൂട് കിട്ടില്ലെന്ന് ഉറപ്പ്.

ഉമ്മന്‍ചാണ്ടിയും ആന്റണിയും മൗനം ഭൂഷണമാക്കുന്നതിന്റെ അര്‍ഥം കേരളീയര്‍ക്കറിയാം. ചെറിയാന്‍ ഫിലിപ്പ് പഴയ ഗൂഢാലോചനാ മിനുട്‌സ്ബുക്ക് എടുത്ത് നിവര്‍ത്തി വല്ല ആത്മകഥയോ മറ്റോ എഴുതിത്തുടങ്ങിയാല്‍ കേരളം കിടുങ്ങും. കുറേ ചളി ചെറിയാന്റെ മേലും പതിക്കുമായിരിക്കാം. സാരമില്ല. നിലത്ത് കിടക്കുന്നവന് ഉറക്കത്ത് കട്ടിലില്‍നിന്ന് വീഴും എന്ന പേടിവേണ്ട. ചെറിയാന്‍ ഫിലിപ്പിന് ഇനി നഷ്ടപ്പെടാനില്ല. അല്ലെങ്കിലും മാപ്പുസാക്ഷിയെ കോടതി ശിക്ഷിക്കാറില്ല. ജനകീയകോടതി ഒരിക്കലും ശിക്ഷിക്കില്ല. ആന്റണി ഉമ്മന്‍ ആദര്‍ശാലുക്കളുടെ സ്ഥിതി അതല്ല.

* * *

പലവട്ടം പറഞ്ഞിട്ടുള്ള പാര്‍ട്ടി പെരുമാറ്റച്ചട്ടങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നതില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് പ്രയാസമുണ്ട്. ചില നേതാക്കന്മാര്‍ റോഡിലിറങ്ങി കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയുമെല്ലാം ചെയ്യുന്ന കാര്യങ്ങളെ വിമര്‍ശിക്കുന്നു. ഈയിടെയായി കോണ്‍ഗ്രസ്സില്‍ പൊതുകാര്യപ്രസക്തനാവാന്‍ കെ. മുരളീധരന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണെങ്കിലും അദ്ദേഹവും ഉന്നയിക്കുന്നു വിമര്‍ശങ്ങളും ആരോപണങ്ങളും.

കോണ്‍ഗ്രസ് ഭരണഘടനയും കീഴ്‌വഴക്കവും കെ. മുരളീധരന് അറിയാത്തതല്ല. കെ.പി.സി.സി. പ്രസിഡന്റ്, മുഖ്യമന്ത്രി, പ്രധാനപ്പെട്ട മന്ത്രിമാര്‍ എന്നിവരെ വാനോളം പുകഴ്ത്തുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുപുറത്ത് പൊതുയോഗത്തിലും ചാനലിലും പത്രത്തിലുമെല്ലാം പറയുന്നതിനുള്ള പൂര്‍ണസ്വാതന്ത്ര്യം എല്ലാ അംഗങ്ങള്‍ക്കും വയറുനിറയെ ഉണ്ടായിരിക്കും. സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയല്ലേ ഇത് ? ഭയങ്കരസ്വാതന്ത്ര്യമാണ് അംഗങ്ങള്‍ക്കെല്ലാം. എന്നാല്‍, കേട്ടാല്‍ എതിര്‍പക്ഷക്കാര്‍ കൈയടിക്കാനിടയില്ലാത്ത അഭിപ്രായങ്ങള്‍ അവിടെയും ഇവിടെയും ചെന്ന് പറയുന്നതിന് വിലക്കുണ്ട്. അത് പാര്‍ട്ടിവേദിയില്‍ വേണം പറയാന്‍. വേദിയില്‍ത്തന്നെ പറയുന്നതിനുമുമ്പ്, വേഷംമാറിയ പത്രലേഖകര്‍, ചാനല്‍ മൈക്കുകുറ്റിക്കാര്‍ എന്നിവര്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തണം. പാര്‍ട്ടിവേദി എന്നതിന്റെ അര്‍ഥം മനസ്സിലായല്ലോ. എല്ലാ വാതിലുകളും ജനലുകളും അടച്ചുപൂട്ടിയതും ക്ഷണിക്കപ്പെട്ട അംഗങ്ങള്‍മാത്രം പങ്കെടുക്കുന്നതുമായ യോഗങ്ങളാണ് പാര്‍ട്ടിവേദി. ഇഷ്ടംപോലെ അഭിപ്രായം പറയാം. അംഗങ്ങള്‍ ചായകുടിക്കുകയോ മൊബൈലില്‍ ആരെയെങ്കിലും വിളിക്കുകയോ എസ്.എം.എസ്. അടിക്കുകയോ ചെയ്യുന്ന തിരക്കിലായിരിക്കുമെന്നതിനാല്‍ എന്ത് പ്രസംഗിക്കുന്നതിനും ആരും മടിക്കേണ്ട. ആരും കേള്‍ക്കില്ല.

താന്‍ അംഗമായ പാര്‍ട്ടിവേദി ആറുമാസമായി യോഗം ചേര്‍ന്നിട്ടില്ലാത്തതുകൊണ്ടാണ് തനിക്ക് അഭിപ്രായം പുറത്ത് പറയേണ്ടിവന്നതെന്ന് കെ. മുരളീധരന്‍ പറയുകയുണ്ടായി. ആറുമാസമൊക്കെ ഒരു വലിയ കാര്യമായി കണക്കാക്കുന്നത് ശരിയല്ല. ഇന്നലെനടന്ന സംഭവമൊന്നുമല്ലല്ലോ മുരളീധരന്‍ പറയാന്‍ ഉദ്ദേശിച്ചത്. പത്തുപതിനെട്ടുകൊല്ലംമുമ്പ് നടന്ന ചാരക്കേസാണ് വിഷയം. അതിനെക്കുറിച്ച് 2013ലോ പതിന്നാലിലോ ചേരുന്ന എക്‌സിക്യൂട്ടീവ്‌യോഗത്തില്‍ സംസാരിച്ചാല്‍ പോരേ? കുറ്റാരോപണ വിമുക്തനായ കെ. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല എന്നതിനാല്‍ പ്രായശ്ചിത്തമായി മകന്‍ കെ. മുരളീധരന് തത്സ്ഥാനം കൊടുക്കണം എന്നാവശ്യപ്പെടുന്ന പ്രമേയമൊന്നും യോഗം അംഗീകരിക്കാന്‍ പോകുന്നില്ലല്ലോ. പിന്നെന്തേ ഇത്ര ധൃതി !

Leave a Reply

Your email address will not be published. Required fields are marked *

Go Top