സി.പി.എം. സഹായിച്ച് കേരള യു.ഡി.എഫ്. മന്ത്രിസഭ വലിയ അരിഷ്ടതയൊന്നും കൂടാതെ മുന്നോട്ട് പോവുകയായിരുന്നു. മന്ത്രിസഭയുടെ പ്രവര്‍ത്തനം അന്വേഷിക്കാനൊന്നും ജനത്തിനോ മാധ്യമങ്ങള്‍ക്കോ നേരമില്ല. വാര്‍ത്ത സൃഷ്ടിക്കുന്നതുമുഴുവന്‍ പ്രതിപക്ഷമാണ്. തലകുത്തി മറിഞ്ഞാലും അടുത്തടുത്ത് രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ്. മുന്നണി ജയിക്കുന്ന പതിവില്ല. മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കാലത്തും അത് സാധിക്കാറില്ല. ഇത്തവണ രണ്ടിടത്തും വെറും ജയമല്ല ജയിച്ചത്-തകര്‍പ്പന്‍ ജയംതന്നെ. അതോടെ ജയലഹരി തലയില്‍ ഇരച്ചുകയറി. അതിനിടയിലതാ വീണുകിട്ടുന്നു ഭീകര രാഷ്ട്രീയകൊലപാതകം. അതിന്റെ പൊട്ടലും ചീറ്റലും തീയും ചൂടും പുകയും കാരണം ജനത്തിന് വേറൊന്നും കാണാനേ കഴിഞ്ഞിരുന്നില്ലെന്നത് സത്യം.
കൊലയും അറസ്റ്റും ഗൂഢാലോചനക്കഥകളും കൊലവെറി പ്രസംഗങ്ങളുമെല്ലാം കെട്ടിയാടുന്നതിന്റെ തിരക്കില്‍ അണിയറയില്‍ പല സംഭവങ്ങള്‍ ജോറായി നടക്കുന്നുണ്ടായിരുന്നു. വ്യത്യസ്തയിനം മാഫിയകള്‍ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണല്ലോ കേരളം. കാറ്റുള്ളപ്പോള്‍ തൂക്കണമെന്ന് പറഞ്ഞതുപോലെ, പ്രതിപക്ഷവും പത്രങ്ങളുമെല്ലാം വേറെ പണിയില്‍ തല പൂണ്ടുകിടക്കുമ്പോള്‍ വേണമല്ലോ നമ്മള്‍ തഞ്ചത്തില്‍ വല്ലതും മുക്കുകയോ നക്കുകയോ വിഴുങ്ങുകയോ ഒക്കെ ചെയ്യേണ്ടത്. ഇത്തരം സുവര്‍ണാവസരം പിന്നെ കിട്ടിയെന്നുവരില്ല. ബുദ്ധിമാന്മാര്‍ സമയം പാഴാക്കിയില്ലെന്നാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വെളിവാക്കുന്നത്. നെല്‍വയല്‍ നികത്തല്‍ ഒരുഭാഗത്ത്, നീര്‍ത്തടം വില്‍ക്കല്‍ വേറൊരു ഭാഗത്ത്, പാട്ടഭൂമി എസ്റ്റേറ്റുകാര്‍ക്ക് തീറെഴുതിക്കൊടുക്കല്‍ ഇനിയുമൊരു ഭാഗത്ത്…. വേറെ എന്തെല്ലാം അരങ്ങേറിയെന്ന് അറിയാനിരിക്കുന്നതേ ഉള്ളൂ.പി.സി.ജോര്‍ജിന് നമ്മള്‍ പ്രത്യേകമൊരു സലാം കൊടുക്കേണ്ടതുണ്ട്. അദ്ദേഹം ഒച്ചയും ബഹളവും ഉണ്ടാക്കി ഗണേഷ്‌കുമാറിനെ പൂശാന്‍ പുറപ്പെട്ടില്ലായിരുന്നില്ലെങ്കില്‍ നമ്മള്‍ ഇപ്പോഴും കൊടി സുനി, കുഞ്ഞനന്തന്‍, കാരായി, കൂരായി എന്നും പറഞ്ഞിരിക്കുകയേ ഉള്ളൂ. നെല്ലിയാമ്പതിയില്‍ നടക്കുന്ന ഗംഭീരസംഭവങ്ങള്‍ ആരും അറിയാതെ പോകുമായിരുന്നു. മലയിടിച്ചലോ മറ്റോ ഉണ്ടായില്ലെങ്കില്‍ തിരിഞ്ഞുനോക്കാത്ത സ്ഥലമാണ്. നിറയെ എസ്റ്റേറ്റുകള്‍, എല്ലാം സര്‍ക്കാര്‍ വക വനം 99 കൊല്ലത്തേക്ക് പാട്ടത്തിനെടുത്ത് തുടങ്ങിയവ. വനം വകുപ്പിന്റെ കെടുകാര്യസ്ഥത. കൈയില്‍ കിട്ടുന്ന ഭൂമിയൊന്നും കാലാവധി കഴിഞ്ഞാലും ആരും അങ്ങനെയങ്ങ് സര്‍ക്കാറിന് തിരിച്ചേല്പിക്കാറില്ല. ഉശിരന്മാരായ ചില ഉദ്യോഗസ്ഥര്‍ വനംവകുപ്പില്‍ കുറച്ചുള്ളതുകൊണ്ട് കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാറിന് നല്‍കേണ്ടിവരുമെന്ന ദുരവ സ്ഥ അവിടെ ഉണ്ടായി. കൊടിയ അനീതിതന്നെ. എസ്റ്റേറ്റ് ഉടമകള്‍ സംഘടിച്ചു ശക്തരായി. പി.സി.ജോര്‍ജിനെപ്പോലെ സിങ്കക്കുട്ടികള്‍ക്ക് പണിയായി. സിനിമക്കാരന്‍ മന്ത്രിയുടെ ഭാഗത്ത് ഇത്ര ബുദ്ധിയില്ലായ്മ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. പാവപ്പെട്ട ഒരു തൊടുപുഴക്കാരന്റെ വെറും 278 ഏക്രവരുന്ന എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്ന് സുഗ്രീവാജ്ഞ പുറപ്പെടുവിച്ചാല്‍ അനുസരിക്കേണ്ടതല്ലേ വെറുമൊരു സിനിമാമന്ത്രി മാത്രമായ കണേശകുമാരന്‍ ? ചീഫ് വിപ്പിനെ വിലവെക്കേണ്ടേ? വനംവകുപ്പുകാര്‍, പരിസ്ഥിതിക്കാര്‍, നിയമവകുപ്പുകാര്‍ തുടങ്ങിയ വകതിരിവില്ലാത്തവര്‍ പറയുന്നതുകേട്ടുനടക്കുന്നയാള്‍ക്ക് എങ്ങനെ കേരള കോണ്‍ഗ്രസ് എന്നവകാശപ്പെടാന്‍ ധൈര്യം വരുന്നു? പിള്ളകുമാരന്റെ കാര്യം കട്ടപ്പുകയാകുന്ന ലക്ഷണം പരക്കെ കാണാനുണ്ട്.
അച്ഛന്‍ പുത്രനിഗ്രഹത്തിന് നില്‍ക്കുന്നതോ പി.സി.ജോര്‍ജ് നാടുനീളെ അമറി നടക്കുന്നതോ മാത്രമല്ല ഗണേശന്റെ പ്രശ്‌നം. അച്ഛന്റെ ഫോണ്‍വിളിക്കേസ്സിലും പിന്നെ ഗണേശന്‍ ഉണ്ടാക്കിയ അധികപ്രസംഗ വിവാദത്തിലുമെല്ലാം ബദ്ധശത്രുവായിരുന്ന വി.എസ്. അച്യുതാനന്ദനിപ്പോള്‍ ഗണേശന്റെ പക്ഷം പറയുന്നു. ഇനി ഗണേശന്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണ്.
എന്തായാലും, ശകുനം നന്നെന്ന് കേട്ട് പുലരുംവരെ കക്കരുതെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ഒഞ്ചിയം ബഹളത്തിന്റെ തിരക്കിനിടയില്‍ വിദ്യാഭ്യാസവകുപ്പിലും റവന്യൂവകുപ്പിലും വ്യവസായവകുപ്പിലും വേറെ ഏതെല്ലാമോ വകുപ്പുകളിലും പിടിപ്പത് പണി നടക്കുകയായിരുന്നു. ഇനി എട്ടുകോളം ഹെഡ്ഡിങ്ങുകള്‍ അവിടെ നിന്നാവും തുരുതുരാ വരിക. കാത്തിരിക്കുക, അക്ഷമരായി.
* * * * * * * * * *
എന്താണ് മാധ്യമസിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തന രീതി? ഓരോ ദിവസവും വൈകുന്നേരമാകും മുമ്പ് അവരില്‍ ഒരാള്‍ സി.പി.എമ്മിന് എതിരായി ഒരു വാര്‍ത്ത വളരെ ശ്രദ്ധാപൂര്‍വം നിര്‍മിച്ചെടുക്കുന്നു. മുഴുവന്‍ ഭാവന തന്നെ, സത്യത്തിന്റെ ഒരു കണംപോലും കാണില്ല. സൃഷ്ടി പൂര്‍ത്തിയായാല്‍ ഉടനെ സിന്‍ഡിക്കേറ്റില്‍ അംഗത്വമുള്ള മറ്റ് ബൂര്‍ഷ്വാ മാധ്യമ വൈതാളികന്മാരെ വിളിച്ചുചേര്‍ക്കുന്നു. താന്‍ നിര്‍മിച്ച വ്യാജവാര്‍ത്ത അവര്‍ക്കെല്ലാം പകര്‍ന്നുനല്‍കുന്നു. അവരും അവരുടേതായ എരിവും പുളിയും പാകത്തിന് ചേര്‍ത്ത് വാര്‍ത്ത വര്‍ണശബളവും ഭാവനാപൂര്‍ണവുമാക്കുന്നു. തുടര്‍ന്ന് ബ്രെയ്ക്കിങ് ന്യൂസ്, ന്യൂസ് ഫ്‌ളാഷ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെയുള്ള അര്‍ഥശൂന്യ പാക്കറ്റുകളില്‍ പൊതിഞ്ഞ് വായനക്കാര്‍ക്ക് നല്‍കുന്നു. വൈകുന്നേരം മുതലാളിയുടെ അടുത്തുപോയി അതിനുള്ള കൂലി വാങ്ങി വീട്ടില്‍ പോകുന്നു.
ഇങ്ങനെയെല്ലാമാണെന്ന് ധരിച്ച പൊതുജനത്തെ പാര്‍ട്ടിപത്രം വമ്പിച്ച ആശയക്കുഴപ്പത്തിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. മാധ്യമസിന്‍ഡിക്കേറ്റ് എന്ന സങ്കല്പം അപ്പടി പൊളിഞ്ഞിരിക്കുകയാണ്. ഒഞ്ചിയത്തെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിന്റെ വിവരങ്ങളറിയാന്‍ പത്രപ്രവര്‍ത്തകന്മാര്‍ രാവും പകലും പോലീസ് ഉദ്യോഗസ്ഥരെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നത്രെ. ഒരു ഡിവൈ.എസ്.പി.യെ മാത്രം മൂവായിരം തവണ മാധ്യമലേഖകന്മാര്‍ വിളിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്രയും തവണ അന്വേഷണസംഘത്തിലെ ഒരംഗത്തെ മാത്രം വിളിച്ചതാണ്. അപ്പോള്‍പ്പിന്നെ സംഘത്തലവന്റെയൊക്കെ സ്ഥിതി എന്തായിരിക്കും. വെറുതെയല്ല, സംഘം നേതാവായ വിന്‍സെന്‍ പോള്‍ അമേരിക്കയിലേക്ക് കടന്നതും പിന്നത്തെ തലവനായ അനൂപ് കുരുവിള കടക്കാന്‍ അവധിയെടുത്തതും. മാധ്യമശല്യം സഹിക്കാഞ്ഞിട്ടുതന്നെയാവണം. നിഷ്പക്ഷനായ അന്വേഷകന്‍ എന്ന് പാര്‍ട്ടിപത്രത്തിന്റെ സര്‍ട്ടിഫിക്കറ്റുള്ള ഓഫീസര്‍ക്കാണ് മൂവായിരം മാധ്യമവിളികള്‍ വന്നത്. എങ്കില്‍, നിഷ്പക്ഷതയൊട്ടും ഇല്ലാത്ത യു.ഡി.എഫ്. ശിങ്കിടികളായ ഉദ്യോഗസ്ഥന്മാരുടെ സ്ഥിതിയെന്തായിരിക്കും !
കേസ് അന്വേഷണം സംബന്ധിയായ വാര്‍ത്തകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത് എന്ന് ഏതെങ്കിലും മാധ്യമപാഠപുസ്തകത്തില്‍ ഉള്ളതായി അറിവില്ല. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിലോ പോള്‍പോട്ടിന്റെ കംബോഡിയയിലോ കാണുമായിരിക്കും. മാധ്യമപ്രവര്‍ത്തകരെല്ലാം ജനശ്രദ്ധയാകര്‍ഷിച്ച കേസ്സുകളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ നിന്നുതന്നെയാണ് ശേഖരിക്കാറുള്ളത്. പാര്‍ട്ടിപത്രത്തിന്റെ ലേഖകനും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ പലവട്ടം വിളിച്ചതായി രേഖയുണ്ട്. വാര്‍ത്ത ചോദിക്കാനാവില്ല. എം.വി. ജയരാജന്‍ ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനോട് ലോകം മുഴുവന്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞ പ്രത്യേക കാര്യത്തിന്റെ വിശദാംശങ്ങള്‍ അറിയാനാവണം. മാധ്യമസിന്‍ഡിക്കേറ്റുകാരെ പിടിച്ചുനിര്‍ത്തി ചെയ്യേണ്ട ഒന്നാണല്ലോ ആ കമ്പി പ്രയോഗം.
സുകുമാരക്കുറുപ്പിന്റെ കേസ്സും ചാരക്കേസ്സും ഒക്കെ പോകട്ടെ, അതൊക്കെ പഴയ സംഗതികളാണ്. തിരുവനന്തപുരത്തെ ഒരു കൊലപാതകത്തിന്റെ പേരില്‍ അവിടത്തെ ദലിത് സംഘടനാപ്രവര്‍ത്തകന്മാര്‍ക്കെതിരെ പാര്‍ട്ടിപത്രവും ബൂര്‍ഷ്വാപത്രങ്ങളും ഒറ്റ അച്ചില്‍ വാര്‍ത്തെടുത്ത വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിച്ചത് ആരില്‍ നിന്നുകിട്ടിയ വിവരമായിരുന്നു എന്ന് ഇതുവരെ പാര്‍ട്ടിപത്രം വെളിപ്പെടുത്തിയിട്ടില്ല. ഒടുവില്‍ മലപ്പുറത്തെ ഇരട്ടക്കൊലവരെ എത്രയെത്ര കേസ്സുകള്‍. തീര്‍ച്ചയായും വാര്‍ത്തയുടെ സ്രോതസ് വെളിപ്പെടുത്തരുത് എന്നൊരു മാധ്യമതത്ത്വമുണ്ട്. (പാര്‍ട്ടിക്കെതിരായ വാര്‍ത്തയാണെങ്കില്‍ സ്രോതസ് മാത്രമല്ല, ലേഖകന്മാരുടെ പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, അച്ഛന്റെ പേര്…. എല്ലാം പത്രദ്വാരാ വെളിപ്പെടുത്താം). ഫോണ്‍ വിളിക്കാതെ വാര്‍ത്ത ശേഖരിക്കാന്‍ പാര്‍ട്ടിപത്രം പ്രയോഗിക്കുന്ന വിദ്യ എന്തെന്ന് വെളിപ്പെടുത്തിയിരുന്നെങ്കില്‍ മാധ്യമ ലോകത്തിനുള്ള വലിയൊരു സേവനമാകുമായിരുന്നു.
* * *
സൈബര്‍ നിയമങ്ങള്‍, മൊബൈല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി തുടങ്ങിയ സംഗതികളില്‍ ഉണ്ടായ വന്‍മാറ്റങ്ങള്‍ അറിയാതെ പത്രങ്ങള്‍ പല അബദ്ധങ്ങളും കാട്ടുന്നതായി ആക്ഷേപമുണ്ട്. പത്രസ്വാതന്ത്ര്യം, പൊതുതാത്പര്യം, അറിയാനുള്ള അവകാശം തുടങ്ങിയ യമണ്ടന്‍ സംഗതികള്‍ എടുത്തുകാട്ടി പോലീസിനെയും സര്‍ക്കാറിനെയും പേടിപ്പിച്ച് തടിരക്ഷിക്കാമെന്നതാണ് ആശ്വാസം.
ക്വട്ടേഷന്‍ ടീമുകളില്‍ ചേരുന്നവരെ പുതിയ നിയമങ്ങള്‍ അറിയിക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ പ്രത്യേകശ്രമം നടത്തണം. സിംകാര്‍ഡ് മാറ്റിയതുകൊണ്ടോ പുതിയ കണക്ഷന്‍ എടുത്തതുകൊണ്ടോ മാത്രമൊന്നും രക്ഷപ്പെടില്ല. ഫോണ്‍ ഓഫാക്കിയ ശേഷം പോയി കൊല നടത്തിയാലും 15 നമ്പറുകള്‍ എടുത്ത് വെവ്വേറെ വിളിച്ചാലുമൊന്നും രക്ഷപ്പെടില്ല എന്ന് ഒഞ്ചിയം കേസ് അന്വേഷണം തെളിയിച്ചുകഴിഞ്ഞു.
തച്ചോളി ഒതേനന്റെ കാലത്തെ ആയുധങ്ങളും അന്നത്തെ മനസ്സും ഇപ്പോഴും കൊണ്ടുനടക്കുന്നവര്‍ അത്യാധുനിക ഫോണും കാറും ഉപയോഗിക്കുന്നതിന്റെ വൈരുദ്ധ്യാധിഷ്ഠിതം തിരിച്ചുകിട്ടണമെങ്കില്‍ ട്രെയ്‌നിങ് ആവശ്യമാണ്. പാര്‍ട്ടി മേലധികാരികള്‍ ശ്രദ്ധിച്ചാലും.