ശാസന, ശകാരം, വധം

ഇന്ദ്രൻ

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാറ്റും വെളിച്ചവും കടത്തണമെന്ന് വാദിച്ചവര്‍പോലും ഇത്രത്തോളം പ്രതീക്ഷിച്ചുകാണില്ല. കോണ്‍ഗ്രസ് മോഡല്‍ ജനാധിപത്യം വന്നാലും ഇത്ര വരില്ല. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും സ്ഥാപക ഇറങ്ങിപ്പോക്ക് വിപ്ലവത്തിലെ 32ല്‍ ഒരാളും ദീര്‍ഘകാല പൊളിറ്റ്ബ്യൂറോക്രാറ്റും ആയ ആള്‍ പറഞ്ഞതും ചെയ്തതുമെല്ലാം ശുദ്ധ അബദ്ധപഞ്ചാംഗങ്ങളാണ് എന്ന് ലോകരെ മുയ്‌വന്‍ ചെണ്ടകൊട്ടി തെര്യപ്പെടുത്തിയിരിക്കുന്നു. കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമത്രേ ഈ ചെണ്ടകൊട്ട്. അബദ്ധം ചില്ലറ പറ്റിപ്പോയി എന്ന് അദ്ദേഹം കുമ്പസാരക്കൂട്ടില്‍ നിന്ന് 32 ഏത്തമിട്ട് ഏറ്റുപറഞ്ഞതാണ്. ഒരു മാപ്പപേക്ഷയുടെ കുറവുണ്ടായിരുന്നു. എന്നാലും കുമ്പസാരക്കൂട്ടില്‍ പറഞ്ഞത് അച്ചന്‍ മൈക്ക്‌കെട്ടി മാലോകരെ അറിയിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. കടുംകൈ ആയിപ്പോയി.

കേന്ദ്രകമ്മിറ്റിയംഗം ഹ്രസ്വകാലത്തിനിടയില്‍ കാട്ടിയ വിക്രസുകളുടെ പട്ടികയാണ് പാര്‍ട്ടിപത്രത്തില്‍ പരസ്യപ്പെടുത്തിയത്. വണ്‍, ടു, ത്രീ… ഭാഗ്യവശാല്‍ ഖണ്ഡശ്ശയല്ല. ഒറ്റ ലക്കത്തിലൊതുങ്ങി. പ്രതിയെ ജനമധ്യത്തില്‍ വധിച്ച് പച്ചയോലയില്‍ കിടത്തണം എന്ന വിപ്ലവകരമായ തീരുമാനവും കേന്ദ്രകമ്മിറ്റി തന്നെയാണ് സ്വീകരിച്ചതത്രേ. പരസ്യശാസന പതിവുള്ളതാണ്. പരസ്യശകാരം പതിവുള്ളതല്ല. ശാസന രണ്ട് ഖണ്ഡികയിലൊതുക്കുകയാണ് കീഴ്‌വഴക്കം. പിറ്റേന്നും മനുഷ്യന് റോഡിലിറങ്ങേണ്ടതല്ലേ. കീഴ്‌വഴക്കമില്ലാത്ത രീതിയില്‍ ഓരോരുത്തര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പരിഹാരക്രിയകളും കീഴ്‌വഴക്കമില്ലാത്ത രീതിയില്‍ വേണ്ടിവരുമായിരിക്കും. അതൊരു സാമ്പിള്‍ വെടിക്കെട്ട് മാത്രം. ശരിയായ പടക്കം ഓലപ്പന്തലുകെട്ടി നിര്‍മിക്കുന്നുണ്ട്. തിരികൊളുത്തിയാല്‍ പൊട്ടല്‍ പെട്ടെന്നൊന്നും അവസാനിക്കില്ല. വിജയന്‍മാസ്റ്റര്‍ എന്നൊരു ‘നല്ല അധ്യാപകന്‍’ കുറച്ചുമുമ്പ് ഇങ്ങനെയാരു വെടിക്കെട്ടിന് ഇരയായത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. വ്യാഴവട്ടക്കാലം പാര്‍ട്ടി പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്ന മാഷെ പാര്‍ട്ടിപത്രം നൂറോളം ലേഖനങ്ങളിലൂടെയാണ് പിച്ചിച്ചീന്തിയത്. ഒരാളെ 51 വെട്ടുവെട്ടി കൊല്ലുന്നതിന്റെ വേറൊരു രൂപമാണ് ഒരാളെ നൂറ്റൊന്ന് ലേഖനം എഴുതി കൊല്ലുന്നത്.

സ്ഥാപകനേതാവെന്ന പരിഗണന ഉള്ളതുകൊണ്ടാണ് വി.എസ്സിന് ശിക്ഷ പൂര്‍ണരൂപത്തില്‍ ലഭിക്കാതിരുന്നത്. മുമ്പ് എം.വി. രാഘവനെ പാര്‍ട്ടിക്കകത്തുനിന്ന് കോലായയിലിറക്കി നിര്‍ത്തി സഖാവ് ഇ.എം.എസ്. പൊതുയോഗപരമ്പര നടത്തി കഥ കഴിച്ചിട്ടുണ്ട്. അന്ന് വി.എസ്സും ഉണ്ടായിരുന്നു കൂടെ. അകത്തുമല്ല പുറത്തുമല്ല എന്ന നിലയിലായിരുന്നതുകൊണ്ട് സഹിക്കുകയേ രാഘവനു നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സ്ഥിതി മാറി. വി.എസ്. വധം ആട്ടക്കഥ പാര്‍ട്ടിപത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് ഒരു മുഴംമുമ്പേ വി.എസ്. അതിനുള്ള മറുപടി പരസ്യശാസനയായി എറിഞ്ഞിരുന്നു. വി.എസ്. കേന്ദ്രകമ്മിറ്റിയില്‍ ചെയ്ത പ്രസംഗം അക്ഷരം പ്രതി ബൂര്‍ഷ്വാപത്രത്തില്‍ ഫുള്‍ പേജ് നിരത്തി. വി.എസ്. സ്വന്തം പ്രസംഗം ശത്രുക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്ന് ആരും ആക്ഷേപിച്ചുകണ്ടില്ല. അങ്ങനെ ആക്ഷേപിച്ചാല്‍ അതിന് ഡിറ്റക്ടീവ് അന്വേഷണക്കമ്മിറ്റി, തെളിവെടുപ്പ്, വിചാരണ, റിപ്പോര്‍ട്ടെഴുത്ത് തുടങ്ങി നൂറുകൂട്ടം പണികള്‍ നടത്തേണ്ടിവരും. അല്ലെങ്കില്‍ത്തന്നെ പാര്‍ട്ടിയില്‍ അന്വേഷണക്കമ്മീഷനുകളുടെ എണ്ണം കൂടിക്കൂടി ആളെ ഡെപ്യൂട്ടേഷനില്‍ എടുക്കേണ്ട സ്ഥിതിയാണ്. മുമ്പൊക്കെ വല്ലപ്പോഴും ഒരു വാര്‍ത്ത ചോര്‍ത്തലോ മറ്റോ മാത്രമേ അന്വേഷിക്കേണ്ടിവരാറുള്ളൂ. ഇപ്പോള്‍ ദിവസേന ഓരോ കമ്മീഷനെ നിയോഗിക്കേണ്ട സ്ഥിതിയാണ്. ഇതാ ക്രിമിനല്‍ കേസിലും പാര്‍ട്ടി അന്വേഷണം നടത്തേണ്ടി വന്നിരിക്കുന്നു. ടി.പി. ചന്ദ്രശേഖരനെ വധിച്ചവരില്‍ പാര്‍ട്ടിക്കാരുണ്ടോ എന്നറിയാനാണ് അന്വേഷണം തീരുമാനിച്ചിട്ടുള്ളത്. ഇതിന് ദക്ഷിണാമൂര്‍ത്തിയും വൈക്കം വിശ്വനുമൊന്നും പോരാ. പാര്‍ട്ടിക്ക് പ്രത്യേക െ്രെകംബ്രാഞ്ച് ഉണ്ടാക്കാനാണ് ആലോചന.

പരസ്യശാസനാനന്തര പരസ്യപ്രമേയശകാരം കൂടി വായിച്ച പൊതുജനകഴുതയ്ക്ക് ഒരു സംശയം തോന്നാതിരുന്നില്ല. ഇത്രയും വലിയ അബദ്ധങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്ത വിദ്വാനെ ഇനിയും എന്തുപ്രതീക്ഷിച്ചാണ് പാര്‍ട്ടിയില്‍ പൊറുപ്പിക്കുന്നത്? ഇതിന്റെ പത്തിലൊന്ന് ഉപദ്രവങ്ങള്‍ ചെയ്ത എത്ര പേരെ മുഖംമറച്ച് കഴുമരത്തില്‍ കേറ്റിയിട്ടുണ്ട്. ഓരോ പാര്‍ട്ടി സമ്മേളനവും കഴിയുമ്പോഴും കഴുവിലേറ്റപ്പെട്ടവന്റെ രക്തംകൊണ്ട് ആറാട്ട് നടത്താറാണ് പതിവ്. കെ.പി.ആര്‍., ചാത്തുണ്ണിമാസ്റ്റര്‍, പി.വി. കുഞ്ഞിക്കണ്ണന്‍, ഗൗരിയമ്മ, എം.വി. രാഘവന്‍, ഒ. ഭരതന്‍, പുത്തലത്ത്… പട്ടികയ്ക്ക് നക്ഷത്രമാക്കാവുന്ന ഒരു പേര് കൂടി ചേര്‍ക്കുന്നത് കാണാന്‍ കൊതിച്ചതാണ് സഖാക്കള്‍. നിരാശയാണ് ഫലം.

സാരമില്ല. നമ്മള്‍ വേണ്ടെന്ന് വിചാരിച്ചാലും വി.എസ്. അത് ചെയ്യിക്കാതിരിക്കില്ല. പ്രതീക്ഷ വെടിയേണ്ട ആരും.

** **

സ്വാതന്ത്ര്യദിനത്തില്‍ ഒരു പാര്‍ട്ടിക്ക് ഫ്രീഡം മാര്‍ച്ച് നടത്തണമെന്ന് തോന്നിയാല്‍ അതൊരു കുറ്റമായി കണക്കാക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യമാര്‍ച്ച് നടത്തിയാല്‍ എന്താണ് തരക്കേട്? 2004 മുതല്‍ നാലഞ്ചുകൊല്ലം അവരിത് നടത്തിയതുമാണ്. പ്രത്യേകിച്ച് ഗുണമോ ദോഷമോ ഒന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. 2009ലാണ് അവര്‍ കൈവെട്ട് കേസ് സംഘടിപ്പിച്ചെടുത്തത്. അധ്യാപകന്റെ കൈവെട്ടിയിട്ട് അതിന് ന്യായംപറയാന്‍ ഫ്രീഡം പരേഡ് നടത്തുന്നത് കണ്ടുസഹിക്കാന്‍ പറ്റാഞ്ഞിട്ടാകാം സര്‍ക്കാര്‍ അതങ്ങ് നിരോധിച്ചു. കുറ്റം പറഞ്ഞുകൂടാ. അവര്‍ക്കും നല്ലത് അതുതന്നെയായിരുന്നു. തടികേടായില്ലല്ലോ. എന്നുവെച്ച് ആ പാര്‍ട്ടി ഇനിയൊരിക്കലും ഫ്രീഡം മാര്‍ച്ച് നടത്തിക്കൂടാ എന്നുവന്നാലോ? സംഗതി പിശകാണ്.

പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം കൂടിയാണ് സ്വാതന്ത്ര്യദിനത്തില്‍ ആഘോഷിക്കുന്നത്. അന്ന് പ്രകടനസ്വാതന്ത്ര്യം നിഷേധിക്കുന്നത് പതിവാക്കിയാല്‍ പിന്നെ ഈ പറയുന്ന സ്വാതന്ത്ര്യത്തിന് ഒരര്‍ഥവുമില്ല എന്നുവരും. നാട്ടില്‍ കലാപമുണ്ടാക്കുന്ന പാര്‍ട്ടിയാണ് അതെന്നാണ് രഹസ്യാന്വേഷണക്കാര്‍ പറയുന്നതത്രേ. നിരോധിക്കപ്പെട്ട സിമിയുമായി ബന്ധമുണ്ട്, 28 കൊലപാതകവുമായി ബന്ധമുണ്ട്, അധ്യാപകന്റെ കൈ വെട്ടിയ കൂട്ടരാണ് തുടങ്ങിയ പല വാദങ്ങളും പോലീസ് പറയുന്നുണ്ട്. പാര്‍ട്ടി തത്ത്വസംഹിതയുടെ തെറ്റും ശരിയും നിശ്ചയിക്കുന്നത് പോലീസ് അല്ലല്ലോ. തെറ്റായ കാര്യം പറയാനുള്ള സ്വാതന്ത്ര്യവും നാട്ടിലുണ്ട്. ഗാന്ധിയന്‍ അഹിംസാത്മക പാര്‍ട്ടികള്‍ക്കേ സ്വാതന്ത്ര്യദിനത്തില്‍ ജാഥ നടത്താവൂ എന്നൊന്നും ഭരണഘടനയിലില്ലതാനും. കൈ വെട്ടിയതിന്റെയും തല വെട്ടിയതിന്റെയും കണക്ക് പ്രകടനസ്വാതന്ത്ര്യവുമായി ബന്ധിപ്പിക്കാതിരിക്കുകയാണ് നല്ലത്.

ലേശം വട്ടുള്ളവനെ കാലും കൈയും കെട്ടി തല്ലി മുഴുവട്ടനാക്കരുത്. റഷ്യയില്‍ മഴ പെയ്യുന്നതിന് ഇവിടെ കുട പിടിക്കുന്നവരാണെന്ന് പണ്ടൊരു കൂട്ടരെക്കുറിച്ച് പറയാറുള്ളതുപോലെ ഗുജറാത്തില്‍ കൂട്ടക്കൊല നടന്നതിന് ഇവിടെ കുന്തം മിനുക്കുന്ന കൂട്ടരുണ്ട്. കേരളം ഗുജറാത്താക്കാനും അഫ്ഗാനിസ്താനാക്കാനും നടക്കുന്നവരെ തിരിച്ചറിയുക തന്നെവേണം. പല വേഷം കെട്ടി ഇക്കൂട്ടര്‍ നാട്ടിന്‍പുറത്തും മനുഷ്യരുടെ ഫ്രീഡം ഇല്ലാതാക്കുന്നുണ്ട്. ആര് ആരോട് സംസാരിക്കണം, ആരോട് ചിരിക്കണം, എന്തുവേഷം ധരിക്കണം, മുടി മുറിക്കണോ തല മറയ്ക്കണോ, ആരെ പ്രേമിക്കണം, ആരെ വിവാഹം ചെയ്യണം, ആരുടെ കൂടെ കിടക്കണം  ഇതെല്ലാം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൗരന് ഭരണഘടന നല്‍കുന്നുണ്ട്. ഇതൊന്നുമല്ല ഫ്രീഡം, ജാഥ നടത്തലാണ് ഫ്രീഡം എന്നാരും ധരിച്ചുകൂടാ. ഭ്രാന്തന്മാരെ സദാചാരപോലീസ് എന്ന് വിളിച്ച് നമ്മള്‍ സദാചാരക്കാര്‍ക്കും പോലീസിനും മാനനഷ്ടം ഉണ്ടാക്കരുത്.

** **

എന്തത്ഭുതമേ… എല്‍.ഡി.എഫ്. ഭരിക്കുമ്പോള്‍ കേരളാ പോലീസ് അസോസിയേഷന്റെ കമ്മിറ്റികളെല്ലാം എല്‍.ഡി.എഫ്. പക്ഷത്ത്. മാറി യു.ഡി.എഫ്. വന്നാല്‍ തിരഞ്ഞെടുപ്പ് നടത്തുമ്പോഴേക്ക് എല്ലാവരും യു.ഡി.എഫ്. പക്ഷത്ത്. പോലീസിനെന്നല്ല സര്‍ക്കാര്‍ ഓഫീസിലെ അറ്റന്‍ഡര്‍ക്ക് പോലും രാഷ്ട്രീയം പാടില്ലെന്നാണ് വെപ്പ്. ഇപ്പോള്‍ വന്നുവന്ന് പോലീസ് അസോ. തിരഞ്ഞെടുപ്പ്: എല്‍.ഡി.എഫ്. തോറ്റു, യു.ഡി.എഫിന് വന്‍ജയം എന്നും മറ്റും വാര്‍ത്തവരാന്‍ തുടങ്ങിയിരിക്കുന്നു. എന്തിന് വെറുതെ ചീത്തപ്പേരുണ്ടാക്കുന്നു. പോലീസ് അസോസിയേഷന്‍ ഭാരവാഹികളെ ആഭ്യന്തരമന്ത്രി നാമനിര്‍ദേശം ചെയ്യും എന്നൊരു ചട്ടഭേദഗതി വരുത്തിയാല്‍ ഇരുപക്ഷത്തിനും സന്തോഷമാകും. എന്തുപറയുന്നു ?

Leave a Reply

Your email address will not be published. Required fields are marked *

Go Top