സന്തുലന സിദ്ധാന്തം

ഇന്ദ്രൻ

മഞ്ഞളാംകുഴി അലി മാര്‍ക്‌സിസ്റ്റായിരുന്നു. കുറച്ചുകാലംമുമ്പ് ലീഗായി. സീറ്റ് കിട്ടാഞ്ഞ് മറുകണ്ടം ചാടിയതല്ല. സി.പി.എം.കാര്‍ തന്നെ ഉന്തിത്തള്ളി ലീഗാക്കിയതാണ്. അഞ്ചുകൊല്ലം മുമ്പ് ഒരു പത്രത്തില്‍ സി.പി.എം. ആഭ്യന്തരയുദ്ധത്തെ ബാധിക്കുന്ന ചില റോക്കറ്റുകള്‍ വിട്ടതായിരുന്നു സഖാവ് അലി, ജനാബ് അലിയാകുന്നതിന്റെ തുടക്കം. അതിന് മുമ്പുതന്നെ, മലപ്പുറത്തെ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്നൊരു പേരുണ്ടായിരുന്നു അലിക്ക്. അലി ജര്‍മനിയിലും ബര്‍ലിനിലുമൊന്നും പോയതല്ല പ്രശ്‌നം. വി.എസ്. അച്യുതാനന്ദന്റെ സ്ഥിരം ആതിഥേയന്‍ ആയി എന്നതാണ് പ്രശ്‌നം. പുറത്താക്കപ്പെടാന്‍ കാരണം വേറെ വേണോ?
പത്രത്തില്‍ അച്യുതാനന്ദനെ അനുകൂലിച്ച് പറഞ്ഞതെന്ത് എന്ന് അലി മറന്നിരിക്കാം. ആളുകള്‍ എപ്പഴേ മറന്നു. പക്ഷേ, പാര്‍ട്ടി ഒന്നും മറക്കില്ല. ആളുകളും പാര്‍ട്ടിയും മറന്നാലും അലി മറക്കാത്ത ഒന്നുണ്ട്. അലി വെറും കീടം ആണ് എന്ന് പാര്‍ട്ടി സെക്രട്ടറി പ്രസംഗിച്ചത് അലി മറക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ എച്ചില് തിന്നാനാണ് അലി പോകുന്നതെന്ന് വേറൊരു സി.പി.എം. നേതാവ് പറഞ്ഞു. ഇത്രയും പറഞ്ഞാല്‍ അലിയല്ല, ആര്യാടനായാലും ലീഗില്‍ ചേര്‍ന്നുപോകും.

ആള്‍ബലമുള്ള ആളാണ് അലി. അതുകൊണ്ട് മത്സരിക്കാന്‍ ലീഗ് സീറ്റ് നല്‍കി. മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു. പക്ഷേ, മന്ത്രിസ്ഥാന ഓഹരിവെപ്പില്‍ ലീഗ് നേതാക്കളുടെ കളി വേറെയായി. സിനിമപോലെ രാഷ്ട്രീയവും സ്വപ്നങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റാണ് .ആര്‍ക്കെല്ലാം എന്തെല്ലാം സ്വപ്നങ്ങള്‍ കൊടുക്കുന്നു. മന്ത്രിസഭ ഉണ്ടാക്കിവന്നപ്പോള്‍ സ്ഥാനം തികഞ്ഞില്ല. പോട്ടെ അലീ, ഒരു കൊല്ലത്തിനകം നമുക്ക് എം.കെ. മുനീറിനെ രാജ്യസഭയിലെക്കോ ഐക്യരാഷ്ട്രസഭയിലെക്കോ മറ്റോ ഉന്തിപ്പറഞ്ഞയയ്ക്കാം. എന്നിട്ട് തീര്‍ച്ചയായും മാക് അലിയെ മന്ത്രിയാക്കാം എന്ന് ഒരു അഡീഷണല്‍ ഉറപ്പ് കൊടുത്താല്‍ നീട്ടിക്കിട്ടുന്ന പ്രശ്‌നമായിരുന്നു അത്. ഇപ്പം കിട്ടണം, ഇല്ലെങ്കില്‍ ഞാന്‍ പോയി വീണ്ടും മാര്‍ക്‌സിസ്റ്റാവും എന്ന് ഭീഷണിപ്പെടുത്തുന്ന ടൈപ്പല്ല അലി. പിന്നെ എന്തെല്ലാം സ്ഥാനങ്ങള്‍ കിടക്കുന്നു ഓഫര്‍ ചെയ്യാന്‍….. യു.ഡി.എഫിലാണോ അതിന് പഞ്ഞം.

രാഷ്ട്രീയവും ലാഭചേതത്തിന്റെ കളിയാണ്. അഞ്ചാം മന്ത്രിക്കച്ചവടത്തിന്റെ ഒരു ഓഡിറ്റ് മുസ്‌ലിംലീഗ് കണക്കപ്പിള്ളമാര്‍ നടത്തട്ടെ. എന്താണ് കിട്ടിയത്? എന്താണ് പോയത്? മാക് അലിക്ക് കിട്ടി. വിളപ്പില്‍ ശാലയുടെ തീരാത്ത തലവേദന. ലീഗിന് യാതൊന്നും കിട്ടിയില്ല. അല്ല എമ്പാടും കിട്ടി, ചീത്തപ്പേരാണെന്നുമാത്രം. പുതിയ മന്ത്രിക്ക് കിട്ടിയത് ലീഗിന്റെ കൈയില്‍ നേരത്തേ ഉള്ള വകുപ്പ് മാത്രം. ചീഞ്ഞ മാലിന്യവും കീടങ്ങളും നിറഞ്ഞ വകുപ്പ്. കേട്ടാല്‍ അറയ്ക്കുന്ന വര്‍ഗീയം പറയാനുള്ള തൊലിക്കട്ടി മാന്യന്മാര്‍ക്കുമുണ്ടാക്കി എന്നത് വിവാദത്തിന്റെ വലിയ നേട്ടമാണ്.പാണക്കാട് ശിഹാബ് തങ്ങളോ സി.എച്ച്. മുഹമ്മദ് കോയയോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ധനനഷ്ടവും മാനനഷ്ടവും ഒരേസമയം ഉണ്ടാക്കിവെക്കുന്ന കച്ചവടത്തിന് ലീഗ് നില്‍ക്കുമായിരുന്നോ ആവോ.
എല്ലാം സഹിക്കാം. ഇപ്പോഴിതാ സന്തുലനം എന്നൊരു ഭീകരസാധനം എടുത്തെറിഞ്ഞിരിക്കുന്നു ലീഗിന് നേര്‍ക്ക്. ഇന്നേവരെ കേട്ടിട്ടില്ല അങ്ങനെയൊന്ന്. അച്യുതാനന്ദന്‍ എടുത്തെറിത്ത ആ കുന്തം അലിയുടെ നെഞ്ചത്ത് ചെന്നുതറച്ചു. പഴയ അനുചരനോട് അത്രയെങ്കിലും സ്‌നേഹം കാട്ടാതെ പറ്റില്ലല്ലോ.

സന്തുലനം എന്നത് സങ്കീര്‍ണമായ ഒരു രാഷ്ട്രീയ സിദ്ധാന്തമാണ്. മന്ത്രിമാരുടെ എണ്ണത്തിലെ മതാനുപാതവും ജനസംഖ്യയിലെ മതാനുപാതവും ഒത്തുപോവണം എന്നതാണ് സിദ്ധാന്തത്തിന്റെ ചുരുക്കം. ശതമാനം കൂടിയാലും കുറഞ്ഞാലും സന്തുലനം തകിടം മറിയും. മനുഷ്യര്‍ പലതരമാണ്. ആണാണ്, പെണ്ണാണ്, പാവങ്ങളാണ്, പണക്കാരാണ്, കര്‍ഷകരാണ്, കച്ചവടക്കാരാണ്, പഠിച്ചവരാണ്, പാമരരാണ്, സാക്ഷരരാണ്, നിരക്ഷരരാണ്, ബുദ്ധിജീവികളാണ് മന്ദബുദ്ധികളാണ്….. അങ്ങനെ നൂറ് ദ്വന്ദ്വങ്ങളുണ്ട്. ഭരണകൂടം ജനങ്ങളെ ഈ നിലയിലെല്ലാം കണ്ടേ തീരൂ. കാണാന്‍ പാടില്ലാത്തത് മതത്തിന്റെയും ജാതിയുടെയും പേരില്‍ മാത്രമാണ്. പക്ഷേ, സന്തുലനം വേണ്ടത് മതത്തിന്റെയും ജാതിയുടെയും കാര്യത്തില്‍ മാത്രവും. അതാണ് സന്തുലനത്തിന്റെ ഗുട്ടന്‍സ്.
അമ്പത് ശതമാനം പെണ്ണുങ്ങള്‍ നാട്ടിലുണ്ട്. പക്ഷേ, മന്ത്രിമാരില്‍ അര ശതമാനമാണ് പെണ്‍ പ്രാതിനിധ്യം. ആര്‍ക്കുമില്ല പരാതി. രാജ്യത്ത് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ളവരുടെ ശതമാനം അമ്പതോ അറുപതോ ആകട്ടെ. മന്ത്രിസഭയിലോ പാര്‍ലമെന്റിലോ പൊടിയിട്ട് നോക്കിയാല്‍ കാണില്ല ഒരു അസ്സല്‍ ദരിദ്രനെ. സമ്പന്നനെ വിശ്വസിക്കാം, അവന്‍ ദരിദ്രന്റെ താത്പര്യം സംരക്ഷിച്ചുകൊള്ളും. പക്ഷേ, ഹിന്ദുവിനെ വിശ്വസിച്ചുകൂടാ, മുസ്‌ലീമിനെ വിശ്വസിച്ചുകൂടാ, ക്രിസ്ത്യാനിയെ വിശ്വസിച്ചുകൂടാ….. അവന്‍ അവന്റെ മത താത്പര്യമേ നോക്കൂ. ഇതാണ് സന്തുലന സിദ്ധാന്തത്തിന്റെയും ഇക്കണ്ട വേവലാതിയുടെയുമെല്ലാം അടിസ്ഥാനം.

ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ ന്യൂനപക്ഷം ഭൂരിപക്ഷവും ഭൂരിപക്ഷം ന്യൂനപക്ഷവുമാണ്. അച്യുതാനന്ദന്റെ പാര്‍ട്ടി രൂപവത്കരിച്ച ആദ്യമന്ത്രിസഭയില്‍ മുസ്‌ലിം ഒന്നേ ഉണ്ടായിരുന്നുള്ളൂ എന്ന് അമ്പത്തേഴില്‍ ആരും പരാതിപ്പെട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ സന്തുലനമുണ്ടോ എന്നാരും അന്വേഷിക്കാറില്ല. നൂറുപേര്‍ ജോലിചെയ്യുന്ന ഓഫീസില്‍ തൊണ്ണൂറ്റൊമ്പതും ആണുങ്ങളായാല്‍ അതില്‍ അപാകം തോന്നില്ല. മറിച്ചായാലോ? ബോക്‌സ് വാര്‍ത്ത വന്നേക്കും. ഒരു ഓഫീസിലെ ഹിന്ദു പ്രാതിനിധ്യം 99 ശതമാനമായാലും സന്തുലനംതെറ്റി എന്നാരും പറയില്ല. നേരെ തിരിച്ചായാല്‍ ആകെ തകിടം മറിയും.
സാമുദായിക സന്തുലനം തകിടംമറിഞ്ഞ് മന്ത്രിസഭ ഇടിഞ്ഞുപൊളിഞ്ഞ് തലയില്‍ വീഴുമെന്ന് ഭയന്നാവണം ഒരു പാര്‍ട്ടി തലസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിക്കളഞ്ഞു. ദേശീയ പാര്‍ട്ടിയാണ്. സന്തുലനത്തില്‍ തലതൊട്ടപ്പന്മാരാണ്. ഈ പാര്‍ട്ടി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നുണ്ട്. സന്തുലനത്തിന്റെ മാതൃകയാവും ഇവരുടെ മന്ത്രിസഭകളെന്നാവും വിചാരം. തൊട്ടടുത്ത കര്‍ണാടകത്തില്‍ ജനസംഖ്യയില്‍ പതിനൊന്നുശതമാനം മുസ്‌ലീങ്ങളാണ്- മുസ്‌ലിം മന്ത്രിമാരുടെ ശതമാനം വട്ടപ്പൂജ്യം. സന്തുലനത്തിന്റെ ആഗോള തലസ്ഥാനമാണ് ഗുജറാത്ത്. എട്ടുശതമാനം മുസ്‌ലീങ്ങളുണ്ട്- ഇല്ല അവിടെയും മുസ്‌ലിം മന്ത്രി. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൊത്തത്തിലെടുത്താല്‍ ഗോവയില്‍ മരുന്നിന് സൂക്ഷിച്ച ഒരാളൊഴിച്ചാല്‍ ഒരിടത്തുമില്ല ക്രിസ്ത്യന്‍-മുസ്‌ലിം മന്ത്രിമാരെന്ന് ഒരു ബ്ലോഗറായ ഭൈരവന്‍ കണ്ടെത്തിയിട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ ബി.ജെ.പി. സംസ്ഥാനകമ്മിറ്റി തിരുത്തട്ടെ.
** **

രാജി വെക്കാനും പാര്‍ട്ടിയെ തള്ളിപ്പറയാനുമൊക്കെ പുറപ്പെടുമ്പോള്‍ കുറച്ച് ദീര്‍ഘവീക്ഷണം കൂടി കൈയില്‍ കരുതണം. കേരളത്തില്‍ ഇടതുമുന്നണി വിടുന്നവര്‍ക്ക് യു.ഡി.എഫും യു.ഡി.എഫ്. വിടുന്നവര്‍ക്ക് ഇടതുമുന്നണിയുമേ അഭയം നല്‍കാറുള്ളൂ. ഒന്നില്‍ നിന്ന് രാജിവെച്ച ഉടന്‍, ചെകുത്താനെ ഭയന്ന് ഞാനിതാ കടലില്‍ ചാടുകയാണെന്നുപറയാം. പക്ഷേ, യു.ഡി.എഫില്‍ ചേരുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്ന് പറയുകയും ഉടനെച്ചെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവുകയും ചെയ്യുന്നതില്‍ ശ്ശി പന്തികേട് ഇല്ലാതില്ല.
എന്തായാലും നെയ്യാറ്റിന്‍കരയില്‍ സന്തുലനം നിലനിര്‍ത്താന്‍ സി.പി.എം. തയ്യാറായി. ഒരു സമുദായാംഗത്തെ നേരിടാന്‍ അതേ സമുദായക്കാരനെ സ്ഥാനാര്‍ഥിയാക്കിയത് വോട്ട് കിട്ടാന്‍വേണ്ടി ആണെന്നാരും തെറ്റിദ്ധരിക്കരുത്. വേറെ സമുദായക്കാരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ സമുദായങ്ങള്‍ തമ്മിലുള്ള മത്സരം നടക്കുമല്ലോ. അതുവേണ്ട. എണ്ണം കൂടുതലുള്ള വേറെ ജാതി നെയ്യാറ്റിന്‍കര ഇല്ല താനും. അത് സി.പി.എമ്മിന്റെ കുറ്റമല്ലല്ലോ. ഞങ്ങള്‍ ജാതിക്ക് എതിരാണ്, ജാതിവോട്ടിന് എതിരാണ് എന്നെല്ലാം പണ്ട് പറയാറുണ്ട്. വെറുതെയാണ്. ഇപ്പോള്‍ വളരെ സത്യസന്ധമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഒളിവും മറവും വേണ്ട. മതേതര പുരോഗമന കമ്യൂണിസ്റ്റ് നേതാവിന് പെരുന്നയിലേക്ക് പാഞ്ഞുചെല്ലാനും തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങി ചാനലുകാരെ കാണാനും ഒരു തടസ്സവുമില്ല. സത്യസന്ധതയില്‍ വിട്ടുവീഴ്ച പാടില്ല.
** **

നെയ്യാറ്റിന്‍കര കണ്ടുതുടങ്ങിയതുകൊണ്ട് കോണ്‍ഗ്രസ് കപ്പലിലെ ഗുസ്തിക്ക് താത്കാലിക വിരാമം പ്രഖ്യാപിച്ചിട്ടുണ്ട്. കര കടന്നാല്‍ വീണ്ടും തിരശ്ശീല പൊക്കുന്നതായിരിക്കും. കുറച്ചായി ഗുസ്തി ഇല്ലാഞ്ഞതുകൊണ്ട് മാംസപേശികള്‍ക്കൊക്കെ തുരുമ്പ് പിടിച്ചുതുടങ്ങിയിരുന്നു. അതുകൊണ്ടാണ് പിറവാനന്തരം എണ്ണയിട്ട് തുടങ്ങിയത്. പുതിയ ഒരു എല്ലിന്‍കഷണം കിട്ടിയിട്ടുണ്ട്. ഇതിന് മുമ്പ് ആരും ഉന്നയിച്ചിട്ടില്ലാത്ത പുതുമയുള്ള മില്യന്‍ ഡോളര്‍ ചോദ്യമാണ് അത്. കോണ്‍ഗ്രസ് പ്രസിഡന്റാണോ മുഖ്യമന്ത്രിയാണോ മേലെ? കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യം പോലെ ഉത്തരം കിട്ടാത്ത ഈ ചോദ്യം ഇനി അവശിഷ്ട ഭരണകാലത്ത് കോണ്‍ഗ്രസ്സുകാരെ യുദ്ധസജ്ജമാക്കുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Go Top