സ്ഥലം എം.പി.യായ കെ. സുധാകരന് അഭിവാദ്യമര്‍പ്പിച്ച് കണ്ണൂരില്‍ പോലീസ് അസോസിയേഷന്‍കാര്‍ ഫ്‌ളക്‌സ്‌ബോര്‍ഡ് സ്ഥാപിച്ചതാണല്ലോ കേരള രാഷ്ട്രീയത്തിലെ ലേറ്റസ്റ്റ് വിവാദം. ബോര്‍ഡ് വെച്ചതുമാത്രമല്ല, ബോര്‍ഡ് എടുപ്പിച്ചതും പുനഃ സ്ഥാപിച്ചതും അതിന്റെ പേരില്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതുമെല്ലാം സസ്‌പെന്‍സ്ത്രില്ലര്‍ സംഭവവികാസങ്ങളായിരുന്നു. ലാത്തിച്ചാര്‍ജോ വെടിവെപ്പോ ലോക്കപ്പ്‌കൊലയോ ഉണ്ടായാലും പോലീസിന് ഇത്ര ന്യൂസ്‌വാല്യു കിട്ടാറില്ല. ഗ്രൂപ്പിസമില്ലാതെ കണ്ണൂര്‍ കോണ്‍ഗ്രസ്സില്‍ കുറിക്കല്യാണം പോലും നടക്കില്ലെന്നിരിക്കെ, ഫ്‌ളക്‌സ്‌ബോര്‍ഡ് കൊണ്ട് ഗ്രൂപ്പുവഴക്ക് പൊലിപ്പിക്കാനായത് കോണ്‍ഗ്രസ്സുകാരില്‍ അഭിമാനവും ചാരിതാര്‍ഥ്യവും ജനിപ്പിച്ചിട്ടുണ്ടാകണം. ഫ്‌ളക്‌സ്‌ബോര്‍ഡും പോലീസുമെല്ലാം അല്പായുസ്സായ വിവാദങ്ങള്‍ മാത്രം, ശാശ്വതമൂല്യമുള്ളത് ഗ്രൂപ്പിസം തന്നെ.
ബൂത്ത് പ്രസിഡന്റുമാര്‍ വരെ കാശ് മുടക്കി തങ്ങളെ അഭിവാദ്യം ചെയ്യുന്ന ബോര്‍ഡ് സ്വയം സ്ഥാപിക്കുന്ന ഇക്കാലത്ത് കോണ്‍ഗ്രസ് പോലീസുകാര്‍ അങ്ങനെയൊന്നും ചെയ്യാറില്ല. കാക്കിയിട്ട കോണ്‍ഗ്രസ്സുകാര്‍ക്ക് പരമാവധി ചെയ്യാന്‍ കഴിയുക മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ അഭിവാദ്യം ചെയ്യുന്ന നാല് ബോര്‍ഡ് സ്ഥാപിക്കലാണ്. അതും സമ്മതിക്കില്ലെന്ന് വന്നാല്‍ എന്തുചെയ്യും? പാര്‍ട്ടി നേതാവ് വരുമ്പോള്‍ ഹാരമണിയിച്ച് സിന്ദാബാദ് വിളിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. മേലുദ്യോഗസ്ഥന്മാരില്‍ അനൂപ് ജോണിനെപ്പോലുള്ള അരസികന്മാര്‍ ഇപ്പോഴുമുണ്ട്. അവര്‍ ചട്ടത്തിന്മേല്‍ കടുംപിടിത്തംപിടിച്ച് അച്ചടക്കനടപടിക്കും മുതിരേണ്ടല്ലോ എന്ന് വിചാരിച്ച് സ്വയം നിയന്ത്രിക്കുന്നുവെന്നേ ഉള്ളൂ.
അരസികന്മാരുടെ കാര്യം പറഞ്ഞപ്പോഴാണ് അതോര്‍ത്തത്. ഈ ഐ.പി.എസ്. സാറന്മാര്‍ക്ക് രാഷ്ട്രീയത്തിന്റെ എ.ബി.സി.ഡി.യൊന്നും നിശ്ചയമില്ല. മുന്തിയ കോളേജില്‍ പഠിച്ച്, ഐ.എ.എസ്.- ഐ.പി.എസ്. പരീക്ഷയും പാസായി നേരേ ഇങ്ങോട്ട് പോരുകയാണ്. നമ്മള്‍ ഇവിടെ ക്ലാസ് കട്ട് ചെയ്തും പാഠപുസ്തകം തോട്ടിലെറിഞ്ഞും ചുമരെഴുതിയും ബസ്സിന് കല്ലെറിഞ്ഞും കഷ്ടപ്പെട്ട് നടന്നകാലത്ത് ഇന്‍ഡീസന്റായി പഠിച്ച് പാസായ കൂട്ടരാണിവര്‍. അവരാണ് ഇപ്പോള്‍ ഇവിടെ വന്ന് ഞങ്ങളെ ഗൗനിക്കാതെ ഭരണം നടത്തിക്കളയാമെന്ന് വ്യാമോഹിക്കുന്നത്. നിയമവും വകുപ്പുമൊക്കെയാണത്രെ അവര്‍ക്ക് വലുത്. എന്തായാലും ഇത്തരക്കാര്‍ അധികം ജില്ലാ അധിപന്മാരായിരിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. അവര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മുറികളിലിരുന്നോട്ടെ. ജില്ലകളില്‍ നല്ല അനുസരണശീലമുള്ള പ്രൊമോഷന്‍കാരെ വെക്കുകയാണ് നല്ലത്.
ജനാധിപത്യത്തില്‍ ജനപ്രതിനിധികള്‍ നയം നിശ്ചയിക്കുകയും ഉദ്യോഗസ്ഥര്‍ അത് നടപ്പാക്കുകയും ചെയ്യുക എന്നതാണത്രേ തത്ത്വം. നമ്മള്‍ പഠിച്ച സ്‌കൂളിലെ മാഷന്മാരാരും ഇതൊന്നും പഠിപ്പിച്ചിട്ടില്ല. പാര്‍ട്ടി ഭരിക്കുക എന്നുപറഞ്ഞാല്‍ അര്‍ഥം പാര്‍ട്ടി നേതാവ് കല്പിക്കുക, ഉദ്യോഗസ്ഥര്‍ അനുസരിക്കുക എന്നാണ്. രാവിലെ ഓഫീസിലെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് സ്ഥലം പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച്, സാറെ ഇന്നേതെല്ലാം ഫയലിലാണ് ഒപ്പുവെക്കേണ്ടത് എന്ന് ചോദിക്കുകയാണ്. ആവശ്യമുള്ള ഫയലുമായി സെക്രട്ടറിയുടെ/ പ്രസിഡന്റിന്റെ/ എം.എല്‍.എ.യുടെ/ എം.പി.യുടെ വീട്ടില്‍ ചെന്ന് കണ്‍സള്‍ട്ട് ചെയ്യുന്നത് ഒരു ശീലമാക്കുന്നത് ആരോഗ്യത്തിനും ജീവിതസന്തോഷത്തിനും അത്യുത്തമമായിരിക്കും. ഒരു സംഗതി പ്രത്യേകം ഓര്‍ക്കണം. സി.പി.എമ്മിനെപ്പോലുള്ള ഏകാധിപത്യ- ജനാധിപത്യവിരുദ്ധ പാര്‍ട്ടിയല്ല, സമ്പൂര്‍ണ ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സി.പി.എമ്മുകാര്‍ ഓരോ ഡിപ്പാര്‍ട്ടുമെന്റും ഭരിക്കാന്‍ ഓരോ സഖാവിനെ നിയോഗിക്കും. അവരെ അനുസരിച്ചാല്‍ മതി ഉദ്യോഗസ്ഥര്‍. സമ്പൂര്‍ണ ജനാധിപത്യപാര്‍ട്ടിയില്‍ അങ്ങനെ ആരെയും നിയോഗിക്കാറില്ല. വാളെടുത്തവരെല്ലാം വെളിച്ചപ്പാടുകളാണ്. വകുപ്പുമന്ത്രിയുടെ ഗ്രൂപ്പ് മനസ്സിലാക്കി, ആ ഗ്രൂപ്പിലെ സ്വാധീനം കൂടുതലുള്ള സ്ഥലത്തെ നേതാവ് ആരെന്ന് കണ്ടെത്തി വേണം കാര്യങ്ങള്‍ ചെയ്യാന്‍. സ്വാധീനമുള്ള നേതാവ് എന്നതിന്റെ ഡഫനിഷന്‍ ശരിക്കും മനസ്സിലാക്കിയിരിക്കണം. ജനസ്വാധീനമുള്ള നേതാവ് എന്നല്ല, മന്ത്രിയിലും ഗ്രൂപ്പിലും സ്വാധീനമുള്ള നേതാവ് എന്നാണ് അതിന്നര്‍ഥം. അതാര് എന്ന് കണ്ടുപിടിക്കാനുള്ള കഴിവില്ലാത്തവര്‍ വല്ല അട്ടപ്പാടിയിലോ അട്ടക്കുണ്ടിലോ പോയി ജോലി ചെയ്യട്ടെ.
മുന്നണികള്‍ മാറി വരുന്നതിന് ഒപ്പം വെളിച്ചപ്പാടന്മാര്‍ക്ക് ശക്തിക്ഷയങ്ങള്‍ സംഭവിക്കും. ചിലര്‍ അഞ്ചുവര്‍ഷത്തെ ഉറഞ്ഞുതുള്ളല്‍ അവസാനിപ്പിച്ച് നടേ പറഞ്ഞ അട്ടപ്പാടി – അട്ടക്കുണ്ട് ബസ്സുകളില്‍ യാത്രയാകും. പുതിയ വാളുകള്‍ വരികയായി, വാള്‍കിലുക്കങ്ങളും തോറ്റംപാട്ടുകളും ആക്രോശങ്ങളും ഉയരുകയായി. ഉദ്ഘാടനങ്ങള്‍, പ്രസംഗങ്ങള്‍, ഡല്‍ഹി യാത്രകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ബദ്ധശ്രദ്ധരായാല്‍ മതി വകുപ്പ് മന്ത്രിമാര്‍. വകുപ്പിലെ സ്ഥലംമാറ്റങ്ങളും ആനുകൂല്യവിതരണവുമെല്ലാം നിര്‍വഹിക്കുന്നതിനുള്ള സംവിധാനം വെളിച്ചപ്പാടന്മാരുടെ സംഘടനകള്‍ രൂപപ്പെടുത്തിക്കൊള്ളും. ഇതൊന്നും ആലോചിച്ച് മന്ത്രിയുടെ ഉറക്കംകളയേണ്ട.
പോലീസിന്റെ കാര്യം മഹാദുരിതമാണ്. എന്‍.ജി.ഒ.മാര്‍ക്കും ഗസറ്റഡ് ഓഫീസര്‍മാര്‍ക്കും മാത്രമല്ല, മാസം തോറും ലക്ഷം ശമ്പളം വാങ്ങുന്ന മുന്തിയ ക്ലാസ് ഉദ്യോഗസ്ഥര്‍ക്കുപോലും രാഷ്ട്രീയ ആഭിമുഖ്യത്തിനനുസരിച്ച് സംഘടനകള്‍ രൂപവത്കരിക്കാം. പോലീസുകാര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമില്ല. പാര്‍ട്ടിയില്ലെന്നും രാഷ്ട്രീയമില്ലെന്നുമെല്ലാം അഭിനയിച്ചുകൊള്ളണം. ഒരു സംഘടനയേ പാടുള്ളൂ, ഇടതുകാരും വലതുകാരും അതില്‍ നിന്നുകൊള്ളണം. ചെങ്കൊടി പാടില്ല, ജാഥ പാടില്ല, മുദ്രാവാക്യംവിളി പാടില്ല. ഇപ്പോള്‍ വന്നുവന്ന് നേതാക്കളെ മണിയടിക്കാന്‍ ഫ്‌ളക്‌സ് ബോര്‍ഡ് വെക്കാനും പാടില്ലെന്നായിരിക്കുന്നു. ഇതിനേക്കാളൊക്കെ ബുദ്ധിമുട്ട് ഭരണം മാറുന്നതിനനുസരിച്ച് സംഘടനയുടെ ഭാരവാഹികളെ സംസ്ഥാനത്തുടനീളം മാറ്റിക്കൊണ്ടിരിക്കാനാണ്. സഖാക്കളുടെ ഭരണം വരുമ്പോള്‍ കാക്കിക്കുള്ളിലെ സഖാക്കളാവും ഭാരവാഹികള്‍. എസ്.എഫ്.ഐ.യില്‍ നിന്ന് നേരെ കാക്കിയിലേക്ക് വരുന്നവരുടെ എണ്ണം കൂടുതലായതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ അനായാസം നടക്കും. ഇവരെ മാറ്റി കാക്കിക്കുള്ളില്‍ വെള്ള ഖദറിട്ടവരെ പ്രതിഷ്ഠിക്കാനാണ് വലിയ ബുദ്ധിമുട്ട്. എണ്ണം തികയാത്തപ്പോള്‍ വേറെ പല വിദ്യകളും പ്രയോഗിക്കേണ്ടിവരും. ചെങ്കൊടിക്കാരുടെ ഒപ്പമെത്തുന്നതില്‍ വിജയിക്കുന്നുണ്ട് ഇപ്പോള്‍ ഖദറുകാരും.
എന്തായാലും പൊതുസമൂഹത്തിന് വേവലാതിപ്പെടേണ്ട. ഇതേ സ്പീഡില്‍ പോയാല്‍ വൈകാതെ പോലീസും ജനവും തമ്മിലുള്ള അന്തരം ഇല്ലാതാവും. ചെങ്കൊടിയാകട്ടെ, മറ്റേതാകട്ടെ റൈഫിളിന്റെ ബയണറ്റില്‍ത്തന്നെ പാറിപ്പറക്കും. ഇടതുപോലീസ് ജാഥ ഇടത്തോട്ടും വലതുജാഥ തിരിച്ചും ഒരേ റോഡില്‍ അടിവെച്ചടിവെച്ച് മുന്നോട്ടുപോകും. പേടിക്കേണ്ട, രണ്ടിലെയും പ്രധാന മുദ്രാവാക്യം ഒന്നുതന്നെയാവും- ഇങ്കിലാബ് സിന്ദാബാദ്.